തരൂരിന്റെ നയവും തന്ത്രവും

ഇന്ദ്രൻ

ശശി തരൂര്‍ മുന്തിയ നയതന്ത്രജ്ഞനാണ് എന്നാണ് കേട്ടിരുന്നത്. രാഷ്ട്രീയക്കാരേക്കാളേറെ നയവും തന്ത്രവും ഉള്ളവരാണ് നയതന്ത്രജ്ഞര്‍. ഐക്യരാഷ്ട്ര സഭയിലുള്ളവരെല്ലാം നയതന്ത്രജ്ഞരാണ് എന്നാണ് പരിമിതമായി നയതന്ത്രജ്ഞാനമുള്ള നാം മനസ്സിലാക്കിയിരുന്നത്. അങ്ങനെയല്ല. ആണവനിലയത്തിന്റെ ഹെഡ്ഓഫീസിലെ സുപ്രണ്ട് ആണവശാസ്ത്രജ്ഞനാണ് എന്ന് ധരിക്കുന്നതുപോലെയാണത്രെ ഇത്. എന്തായാലും ലോകത്തിന്റെ ഏറ്റവും ഉയര്‍ന്ന നയതന്ത്ര ഉദ്യോഗത്തിനു ശശി തരൂരിനെയാണ് നമ്മള്‍ മത്സരിപ്പിച്ചത്. അദ്ദേഹം ഐക്യരാഷ്ട്രസഭാ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു. തോറ്റതോടെ, ഐക്യരാഷ്ട്രസഭയില്‍ 28 വര്‍ഷമായുള്ള ഉദ്യോഗമങ്ങ് ഗോപിയായി. കൂടിയ ശമ്പളം കിട്ടിയിരുന്ന ഉദ്യോഗമാണ് നമ്മുടെ അത്യാഗ്രഹം കൊണ്ട് കളഞ്ഞുകുളിച്ചത്. നഷ്ടപരിഹാരം കൊടുത്തല്ലേ പറ്റൂ. അതാണ് നമ്മളിന്ന് അനുഭവിക്കുന്നത്, ഗുണത്തിനായാലും ദോഷത്തിനായാലും.

രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തന്ത്രപരമായി കൈകാര്യം ചെയ്തില്ലെങ്കില്‍ വീണുടഞ്ഞുപോകും. നയവും തന്ത്രവും കുറച്ചൊന്നും പോരാ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍. ഗുരുതരമായ തര്‍ക്കങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ലവലേശം മുഷിപ്പില്ലെന്ന് അഭിനയിച്ച് എത്രകാലം വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാന്‍ കഴിയണം. ചര്‍ച്ച പരാജയപ്പെട്ടു എന്ന് ഇരുകൂട്ടര്‍ക്കും തോന്നരുത്. എന്നാല്‍ ചര്‍ച്ച തുടങ്ങിയേടത്തുനിന്ന് ഒരിഞ്ചുനീങ്ങുകയുമില്ല. അതങ്ങനെ അനന്തകാലത്തേക്ക് നീട്ടിക്കൊണ്ടുപോകുന്നവരാണ് നയതന്ത്രജ്ഞര്‍. പക്ഷേ, എന്തോ, പേരുകേട്ടഈ നയതന്ത്രജ്ഞന് ഇന്ത്യയില്‍ ലാന്‍ഡ് ചെയ്തതിനു ശേഷം തരിമ്പ് നയവും തന്ത്രവും കാണാനില്ല. തൊട്ടതെല്ലാം വിവാദപ്പൊട്ടാസ്സായി ചിതറിവീഴുകയാണ്.

ഐക്യരാഷ്ട്രസഭയില്‍ ശശി തരൂരിനു കാര്യമായ നയതന്ത്രമൊന്നും ചെയ്യേണ്ടിവന്നിട്ടില്ലെങ്കിലും കുര്‍ട് വാള്‍ഡ്‌ഹൈം മുതല്‍ കോഫി അണ്ണന്‍വരെയുള്ളവര്‍ സേ്ഫാടനാത്മകപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതു നേരിട്ടു കണ്ടിരിക്കണം. എല്ലാം കണ്ടുപഠിച്ചുകാണുമെന്ന വിശ്വാസത്തിലാവണം മന്‍മോഹന്‍ജിയും സോണിയാജിയും കോഫി അണ്ണന്‍ ഒഴിഞ്ഞ സ്ഥാനത്തേക്ക് ശശി അണ്ണനെ മത്സരിപ്പിച്ചത്. അണ്ണന്‍ നയതന്ത്രത്തിന്റെ പതിനെട്ടടവുകളും ക്ലാസ് മുറിയിലിരുന്ന് കാണാതെ പഠിച്ചതാണ്. വിഷയത്തില്‍ പലപല ഡിഗ്രികളുമുണ്ട്. പക്ഷേ, കറസ്‌പോണ്ടന്‍സ് കോഴ്‌സ് വഴി നീന്താന്‍ പഠിച്ചതുപോലെയായി ശശിയണ്ണന്റെ നയതന്ത്രപഠനം. നയതന്ത്രത്തിലും തിയറി വേറെ പ്രാക്ടീസ് വേറെ. രാഷ്ട്രീയത്തിലെ നയതന്ത്രം ടെക്സ്റ്റ്ബുക്ക് വായിച്ചുപഠിക്കാന്‍ പറ്റില്ല. അതു പഠിക്കാന്‍ സെന്റ് സ്റ്റീഫന്‍സും പോരാ ഫെ്‌ളച്ചര്‍ സ്‌കൂളും പോരാ.

അണ്ണനു നയവും ഇല്ല തന്ത്രവും ഇല്ല എന്നു ജനം ഇപ്പോള്‍ പറയാന്‍ കാരണം മാസത്തില്‍ ഒന്ന് എന്ന ക്രമത്തില്‍ വിവാദങ്ങള്‍ ഉണ്ടാകുന്നതുകൊണ്ടാണ്. അഞ്ചര പതിറ്റാണ്ട് ജീവിതത്തിനിടയിലൊന്നും ഉണ്ടാക്കാന്‍ കഴിയാത്തത്ര വിവാദമാണ് അഞ്ചര മാസത്തെ ഇന്ത്യാവാസത്തിനിടയ്ക്ക് ഉണ്ടാക്കിയത്. ശശി തരൂരിന്റെ പഠിപ്പും യോഗ്യതയുമുള്ളവര്‍ കേന്ദ്രമന്ത്രിസഭയില്‍ വേറെ അധികമില്ല. വെറും പഠിപ്പായിരുന്നെങ്കില്‍ വേണ്ടില്ലായിരുന്നു. മഹാഭാരതം മുതല്‍ ജവാഹര്‍ലാല്‍ നെഹ്രുവരെയുള്ള വിഷയങ്ങളെക്കുറിച്ച് ഒരു ഡസന്‍ യമണ്ടന്‍ പുസ്തകങ്ങള്‍ എഴുതിവിട്ടിട്ടുണ്ട്. നിരക്ഷരകുക്ഷികളായ മന്ത്രിമാര്‍ വിചാരിച്ചാല്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല. അതിനുള്ള വിവരവും അവര്‍ക്കില്ല. വിവരക്കേടും ഇല്ല. അമേരിക്കയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ കൈ നെഞ്ചത്താണ് വെക്കുകയെന്ന് അറിയുന്ന ആള്‍ക്കല്ലേ ഇന്ത്യയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ അങ്ങനെ ചെയ്യണമെന്ന് സദസ്യരോട് ആവശ്യപ്പെട്ടു വിവാദക്കുളത്തിലിറങ്ങാന്‍ പറ്റൂ. ഇന്ത്യയിലേക്കുള്ള തരൂരിന്റെ തിരിച്ചുവരവ് നാലാളറിഞ്ഞത് അങ്ങനെയാണ്. പറയുമ്പോള്‍ മുഴുവന്‍ പറയണമല്ലോ, ആ വകയില്‍ കോടതിയില്‍ നാലു കേസും ഉണ്ടായി.

പോക്കറ്റിലെ കാശ് കൊടുത്ത് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചാലും വിവാദമുണ്ടാകുമെന്ന പാഠം പഠിച്ചത് ഡല്‍ഹിയില്‍ താമസിച്ചപ്പോഴാണ്. തിരുവനന്തപുരത്ത് വോട്ടു പിടിക്കുമ്പോഴൊഴിച്ച് ജീവിതകാലം മുഴുവന്‍ സ്റ്റാര്‍ ഹോട്ടലിലേ താമസിച്ചിട്ടുള്ളൂ. മന്ത്രിയായാല്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കരുതെന്ന് ഭരണഘടനാകിത്താബിലൊന്നും കണ്ടിരുന്നുമില്ല. പൊതുജനമെന്ന കഴുതയെ ഇംഗ്ലീഷില്‍ കന്നാലിയെന്ന് വിളിച്ചതിനാണ് അടുത്ത വിവാദം ഉണ്ടായത്. മന്‍മോഹന് ഇംഗ്ലീഷ് അറിയുന്നതുകൊണ്ട് തരൂരിന്റെ പണിപോയില്ല. സൗദി അറേബ്യയെ ഇന്ത്യ-പാക് പ്രശ്‌നത്തില്‍ മധ്യസ്ഥരാകാന്‍ ക്ഷണിച്ചെന്നു പറഞ്ഞായിരുന്നു അടുത്ത വലിയ വെടിക്കെട്ട്. ചില്ലറ വെടികള്‍ വേറെ മുറയ്ക്കുനടക്കുന്നുമുണ്ടായിരുന്നു. ഒരു മന്ത്രി ഒരു വര്‍ഷം ഇത്ര വിവാദമേ ഉണ്ടാക്കാവൂ എന്ന് ഭരണഘടനയിലൊന്നും പറഞ്ഞിട്ടില്ലെന്നതു ശരിയാണ്. എന്നാലും വേണ്ടേ ചില കൈയും കണക്കുമൊക്കെ?

ഒടുവിലത്തേതാണ് കിടിലന്‍ വിവാദം. ചില്ലറ നയോം പോരാ തന്ത്രോം പോരാ ഈ ജാതിയൊന്ന് ഉണ്ടാക്കിയെടുക്കാന്‍. ലക്ഷണമൊത്ത വിവാദം എന്നു പറഞ്ഞാല്‍ ഇതാണ് സാധനം. കനകവുമുണ്ട് കാമിനിയുമുണ്ട്. കളിയുമുണ്ട് കാര്യവുമുണ്ട്. റൊമാന്‍സുമുണ്ട് സസ്‌പെന്‍സുമുണ്ട്. പോരാത്തതിനു സ്റ്റണ്ടുമുണ്ട്. ബോക്‌സ്ഓഫീസ് ഇനമാണ്. 1500 കോടി മുടക്കി കേരളത്തില്‍ ഫാക്ടറിയും വ്യവസായവുമുണ്ടാക്കാന്‍ ആരെയും കിട്ടാത്തതുകൊണ്ടാവണം ക്രിക്കറ്റ് കളി എന്ന അത്യന്താധുനിക വ്യവസായത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. അമേരിക്കയിലൊക്കെ കാണുന്ന ടൈപ്പ് ചൂതാട്ട കേന്ദ്രങ്ങള്‍ ജില്ല തോറും ഓരോന്നു തുടങ്ങുകയായിരുന്നു ഒന്നുകൂടി ഭേദമെന്ന് കരുതുന്നവരുമുണ്ട്. ക്രിക്കറ്റും ചൂതാട്ടവും തമ്മിലുള്ളവ്യത്യാസം ഇതെഴുതുന്ന ആള്‍ക്ക് പറഞ്ഞാലും മനസ്സിലാകില്ല. എങ്ങനെയായാലും കേരളത്തെ വികസിപ്പിക്കാതിരിക്കാന്‍ പറ്റില്ല. വികസനത്തില്‍ തന്റെ പങ്ക് ഉറപ്പിക്കുന്നതിനാണ് കൊച്ചി ടീമില്‍ പുത്തനച്ചി കുറച്ച് ഓഹരി തരാക്കിയത്. ആരോ ചെയ്തുകൊടുത്ത സഹായമാണ്. തരൂരിന് അതിലൊരു പങ്കുമില്ല. ആളുകള്‍ അറിഞ്ഞുതരുന്നത് വേണ്ടെന്നു പറയുന്ന ദുശ്ശീലം ആ മഹദ് വനിതയ്ക്കു തീരെ ഇല്ലെന്നും കേള്‍ക്കുന്നു.

അണ്ണന്‍ നടേ പറഞ്ഞതു താന്‍ ഇന്ത്യയില്‍ പുതിയ രാഷ്ട്രീയസംസ്‌കാരമുണ്ടാക്കിക്കളയും എന്നാണ്. സംസ്‌കാരത്തിന്റെ തുടക്കം ജോറായെങ്കിലും കണ്ടേടത്തോളം വലിയ പുതുമയൊന്നുമില്ല കേട്ടോ. എന്നാല്‍ വേഷത്തില്‍ പുതുമ കുറച്ചുണ്ടുതാനും. ഖദറും പാളസ്സാറും പഴഞ്ചന്‍ ഹിന്ദുസ്ഥാനിയും കൊണ്ടുള്ള കോടി സംസ്‌കാരം കണ്ടും കേട്ടും മടുത്തിരുന്നു ജനം. വടിവൊത്ത ഓക്‌സ്‌ഫെഡ് ഇംഗ്ലീഷില്‍ സാഹിത്യത്തിന്റെ അകമ്പടിയോടെ ക്രിക്കറ്റ് ബാറ്റുമേന്തി സ്റ്റൈലായങ്ങനെ വരട്ടെ പുതിയ കോടി സംസ്‌കാരം. ഇതിനിടയില്‍ മന്ത്രിപ്പണി സംസ്‌കരിക്കപ്പെടുമോ എന്നുനോക്കിയാല്‍ മതി.

****

പാവം തച്ചങ്കരി. ജീവിതത്തിലാദ്യമായി ഒരു ചെറിയ കുറ്റം ഓര്‍ക്കാതെ ചെയ്തുപോയി. അതിനു സസ്‌പെന്‍ഷനും കിട്ടി. വിദേശത്തു പോകുമ്പോള്‍ വിവരം സര്‍ക്കാറിനെ അറിയിച്ച് സമ്മതം വാങ്ങിയില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ സര്‍വീസ് നിയമം നോക്കിയാണ് ജീവിക്കുന്നതെങ്കില്‍ കാര്യം പോക്കാവും. അറ്റകൈക്ക് അഞ്ചുരൂപ കടംവാങ്ങണമെങ്കില്‍പ്പോലും സര്‍ക്കാറിന്റെ പെര്‍മിഷന്‍ വേണമെന്ന ചട്ടമുണ്ടത്രെ. ജീവിക്കാന്‍ സമ്മതിക്കില്ലെങ്കിലെന്തുചെയ്യും. ഇത്തരം നിസ്സാര കുറ്റങ്ങള്‍ ചെയ്തുള്ള ശീലമേ ഇല്ലാത്ത ആളാണ് അദ്ദേഹം. ചെയ്യുന്നുണ്ടെങ്കില്‍ കൊടിയതേ ചെയ്യാറുള്ളൂ.

നാലു വര്‍ഷത്തിനിടയില്‍ നടത്തിയ വിദേശസഞ്ചാരങ്ങള്‍, ഉണ്ടാക്കിയ വിവാദങ്ങള്‍, ഇടപെട്ട പ്രശ്‌നങ്ങള്‍, നടത്തിയ ഇടപാടുകള്‍, ലഭിച്ച അച്ചടക്കനോട്ടീസുകള്‍, ലോക്കപ്പ് പീഡനക്കേസുകള്‍, അതിജീവിച്ച നടപടികള്‍, സ്ഥലംമാറ്റങ്ങള്‍, സ്ഥാനക്കയറ്റങ്ങള്‍…….. ഇവയുടെയെല്ലാം കണക്കുനോക്കിയാല്‍ തച്ചങ്കരി ആളൊരു പെരുന്തച്ചനാണെന്ന് ആര്‍ക്കും ബോധ്യമാകും. വഴിയേ പോകുന്ന ടി.എം. ജേക്കബ്ബിനു വരെ ഞോണ്ടാവുന്ന ഐ.ജി. പോസ്റ്റ് പോലുള്ള തുക്കടാ സ്ഥാനത്ത് ഇരിക്കേണ്ട ആളല്ല ഈ പെരുത്തച്ചന്‍കീരി. രാഷ്ട്രീയമായിരുന്നു ഒന്നുകൂടി നല്ല മേച്ചില്‍പ്പുറം. അങ്ങോട്ടുകടന്നാല്‍ വെച്ചടി വെച്ചടി കേറ്റമായിരിക്കുമെന്നുറപ്പ്. സാംസ്‌കാരികനായകനാകാനുള്ള ശേഷിശേമുഷികളുമുണ്ട്. ഇടതുപക്ഷത്തുനില്ക്കണമെന്നില്ല, കേരളാ കോണ്‍ഗ്രസ് ആയാലും മതി. നിയമസഭാതിരഞ്ഞെടുപ്പിന് അധികം കാലമില്ല. ഇപ്പോള്‍ നോട്ടമിട്ടാല്‍ സാധിക്കാവുന്ന കാര്യമേ ഉള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Go Top