എല്ലാ കൊലയും കൊലയല്ല

ഇന്ദ്രൻ

പോലീസ്‌ നിയമത്തില്‍ കാര്യമായ മാറ്റം വരുത്തുന്നതിനുള്ള ബില്‍ കേരള നിയമസഭയിലവതരിപ്പിട്ടുണ്ട്‌. ബില്‍ പാസ്സായാല്‍പ്പിന്നെ പോലീസ്‌ കസ്റ്റഡിയില്‍ ചെന്നുപെടുന്നതിനെക്കുറിച്ച്‌ യാതൊന്നും പേടിക്കേണ്ട. കസ്റ്റഡിയിലെടുത്തതിന്‌ കൃത്യമായ രേഖയുണ്ടാകും. കിട്ടുന്ന അടിക്കും കണക്കുണ്ടാകും. ആരൊക്കെ കസ്റ്റഡിയിലുണ്ട്‌ എന്ന്‌ ആര്‌ ചോദിച്ചാലും മേല്‍വിലാസസഹിതം പറഞ്ഞുതരാനുള്ള വ്യവസ്ഥകളൊക്കെ ഉള്‍ക്കൊള്ളുന്നതാണത്രെ കരട്‌ നിയമം. വിശദാംശങ്ങള്‍ പത്രക്കാര്‍ ശ്രദ്ധിക്കാത്തതാവും. കസ്റ്റഡിയിലുള്ളവര്‍ക്ക്‌ വിശ്രമിക്കാന്‍ കിടക്ക കട്ടില്‍, രാവിലെ സ്‌ടോങ്ങ്‌ ബെഡ്‌കോഫീ, പുട്ട്‌ കടല ബൂള്‍സൈ ബ്രെയ്‌ക്‌ഫാസ്റ്റ്‌, ചോദ്യം ചെയ്യുന്നതിനിടയില്‍ ഫ്രഷ്‌ ആയിരിക്കാന്‍ മണിക്കൂറിലൊന്നെന്ന തോതില്‍ കട്ടന്‍കാപ്പി തുടങ്ങിയവ അനുവദിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടാകാം. ഇപ്പോഴില്ലെങ്കില്‍ കരട്‌ ബില്‍ സെലക്‌റ്റ്‌ കമ്മിറ്റിയില്‍ പോയി കരട്‌ നീക്കി വരുമ്പോഴെങ്കിലും ഉണ്ടാകും.

എന്തായാലും ഇങ്ങനെയൊരു നിയമമില്ലാത്തതാണ്‌ കേരളാപോലീസിന്റെ പ്രധാന ന്യൂനതയെന്ന്‌്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‌ ബോധ്യപ്പെട്ടല്ലോ, ഭാഗ്യം. എന്നാല്‍, ചിലര്‍ക്കെല്ലാം നിയമസഭയില്‍ ബില്ലവതരിപ്പിച്ചത്‌ അത്ര നല്ലൊരു നാളിലല്ല എന്ന അഭിപ്രായമുള്ളതായി കേള്‍ക്കുന്നുണ്ട്‌. അരുതാത്ത എന്തെല്ലാമോ തലേന്ന്‌ ഒരു പോലീസ്‌ സ്റ്റേഷനില്‍ സംഭവിച്ചുവത്രെ. ചില നല്ല കാര്യങ്ങള്‍ ചെയ്യുന്ന സമയത്തോ തലേദിവസമോ ഞെട്ടിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടാകും. ശകുനം, ലക്ഷണം തുടങ്ങിയ ശാസ്‌ത്രമേഖലകളില്‍ പ്രാവീണ്യം നേടാത്തവര്‍ക്ക്‌ ഇതെന്തൊരു അപശകുനം എന്നുതോന്നിയേക്കും. ഏതേത്‌ സംഭവമാണ്‌ ശകുനം, ഏതേതാണ്‌ ദുശ്ശകുനം എന്ന്‌ ശകുനശാസ്‌ത്രപ്രവീണര്‍ക്കേ അറിയൂ. നമുക്ക്‌്‌ മനസ്സിലാകില്ല. പ്രത്യക്ഷത്തില്‍ കാണാന്‍ കൊള്ളാത്ത ചിലതിനെയൊക്കെ രാവിലെ കണി കണ്ടാല്‍ നല്ല ഫലമാണല്ലോ ഉണ്ടാവുക. അങ്ങനെ പ്രത്യക്ഷത്തില്‍ മോശമായ ഒരു സംഗതി പോലീസ്‌ ബില്‍ അവതരിപ്പിക്കുന്ന ദിവസം രാവിലെ ഇറങ്ങിയ പത്രങ്ങളിലൊക്കെ ഉണ്ടായിരുന്നു. ചില ബൂര്‍ഷ്വാ പത്രങ്ങളില്‍ ദുര്‍വാര്‍ത്ത എട്ടുകോളം മുഴുത്ത വെണ്ടക്കയായിരുന്നു. വാര്‍ത്താമൂല്യം കമ്പ്യൂട്ടറൈസ്‌ഡ്‌ മെഷിനില്‍ തൂക്കിനോക്കി നിശ്ചയിക്കുന്ന പാര്‍ട്ടിപത്രത്തില്‍ അവസാനത്തെപേജില്‍ അവസാനത്തെ കോളത്തിന്റെ അറ്റത്ത്‌ കൊടുത്തിരുന്നു. പത്രമൊന്ന്‌ ഇളകിയാല്‍ പേജിന്‌ പുറത്തുവീണുപോകുന്നത്ര അറ്റത്തായിരുന്നു അതിന്റെ കിടപ്പ്‌്‌. സംഭവം നിസ്സാരം…പാലക്കാട്ടെ ഒരു കൊലക്കേസ്‌ പ്രതി പോലീസ്‌ കസ്റ്റഡിയില്‍ മരിച്ചു, അത്രന്നെ.

മനുഷ്യരെവിടെയെല്ലാം മരിച്ചുവീഴുന്നു. പടച്ചവനെ പ്രാര്‍ഥിക്കുമ്പോള്‍ പോലും മരിക്കാറുണ്ട്‌ മനുഷ്യന്‍. പോലീസ്‌ സ്റ്റേഷനിലും മരിക്കാം. അതിന്‌ പോലീസിനെ കുറ്റപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. ഏറ്റവും കൂടുതല്‍ മനുഷ്യര്‍ മരിക്കുന്നത്‌ ആസ്‌പത്രിയിലല്ലേ ? അതിന്റെ പേരില്‍ ആസ്‌പത്രി നടത്തിപ്പുകാരുടെ പേരില്‍ കേസ്സെടുക്കാറുണ്ടോ ? മാത്രവുമല്ല കേരളത്തില്‍ ലോക്കപ്പ്‌ മര്‍ദ്ദനം പാടെ ഉന്മൂലനം ചെയ്‌തുകഴിഞ്ഞതുമാണ്‌. ലോക്കപ്പ്‌ മര്‍ദ്ദനം എന്ന്‌ വാക്കിന്റെ അര്‍ഥംതന്നെ മാറിപ്പോയിരിക്കുന്നു. ലോക്കപ്പിലുള്ള ഡി.വൈ.എഫ്‌.ഐ.ക്കാര്‍ പോലീസിനെ മര്‍ദ്ദിക്കുന്നതിനെയാണ്‌ ഇപ്പോള്‍ ലോക്കപ്പ്‌ മര്‍ദ്ദനം എന്നുവിളിക്കുന്നത്‌. കാലത്തിനൊത്ത്‌ ഭാഷയും മാറണമല്ലോ.

പാലക്കാട്ട്‌ കസ്റ്റഡിയില്‍ മരിച്ച ആളൊരു നിഷ്‌ഠൂരനാണ്‌. പണ്ടം മോഷ്ടിക്കാന്‍വേണ്ടി ഒരു വീട്ടമ്മയെ കഴുത്തറത്ത്‌ കൊന്നവനാണ്‌. വെറും വീട്ടമ്മയല്ല, തനിക്ക്‌ ഇടക്കാലത്ത്‌ ജോലി തന്ന വീട്ടമ്മയെ. കേട്ടാല്‍ നടുങ്ങുന്ന ക്രൂരത. ആ നിഷ്‌ഠൂരത സഹിക്കാഞ്ഞാവണം പോലീസുകാരില്‍ ചിലര്‍ പ്രതിയുടെ മേല്‍ അവരെക്കൊണ്ടാവുന്ന നിഷ്‌ഠൂരതകള്‍ കാട്ടിയത്‌. മോഷ്ടാക്കള്‍ വീട്ടമ്മയോട്‌ കാട്ടിയ നിഷ്‌ഠൂരതയാണോ വലുത്‌ അതല്ല പോലീസുകാര്‍ ആ നിഷ്‌ഠൂരനോട്‌ കാട്ടിയ നിഷ്‌ഠൂരതയാണോ വലുത്‌ എന്നത്‌ സംബന്ധിച്ച്‌ തര്‍ക്കമുണ്ട്‌. നിഷ്‌ഠൂരന്റെ ശരീരത്തില്‍ 62 പരിക്കുകള്‍ ഉണ്ടായിരുന്നു. അവന്റെ ശരീരത്തിലെ മുഴുവന്‍ നട്ടും ബോള്‍ട്ടും ഊരിക്കളഞ്ഞിരുന്നു. പോലീസുകാരുടെ ധാര്‍മികരോഷത്തിന്റെ തോത്‌ മനസ്സിലായല്ലോ. തെളിവുണ്ടാക്കാനോ കുറ്റം സമ്മതിപ്പിക്കാനോ തൊണ്ടി കണ്ടെടുക്കാനോ ഒന്നും ഇക്കാലത്ത്‌ പോലീസ്‌്‌ ആരെയും തല്ലിക്കൊല്ലാറില്ല. അതിന്റെ ആവശ്യമില്ല. വിമാനത്തില്‍ പടക്കം വെച്ച മുന്‍ കേന്ദ്രപോലീസുകാരനെ നാടന്‍പോലീസ്‌ എത്ര സമര്‍ഥമായാണ്‌ പിടികൂടിയത്‌. ഒന്നോ രണ്ടോ കൊടുത്താല്‍ കിളി പാടും പോലെ പറയുന്നവനാണ്‌ കസ്‌്‌റ്റഡിയില്‍ മരിച്ചുവീണത്‌.

കള്ളന്മാര്‍ വീട്ടമ്മയെ കൊന്നത്‌ വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണെന്ന്‌ വ്യാഖ്യാനിച്ചത്‌ പോലീസ്‌ അന്വേഷകര്‍തന്നെയാണ്‌. ആളെ തിരിച്ചറിഞ്ഞപ്പോള്‍ രക്ഷപ്പെടാന്‍ ചെയ്‌തതായിരുന്നുവത്രെ. ആവോ… ഇതിനെയാണോ ആത്മരക്ഷാര്‍ഥമുള്ള കൊലപാതകം എന്ന്‌ വിളിക്കുക ? പോലീസുകാര്‍ക്ക്‌ ഈ ന്യായം പോലുമില്ല. കയ്യബദ്ധമായിരുന്നു എന്നുപോലും വിശ്വസിക്കാത്തവരുണ്ട്‌ നാട്ടില്‍, അതുവേറെ കഥ. പോലീസ്‌ ഉടനടി നീതി നടപ്പാക്കിയല്ലോ എന്നുകരുതുന്നവര്‍ വേറെയുണ്ട്‌. വീട്ടമ്മയെ കൊന്നത്‌ ഇയാള്‍ തന്നെയാണ്‌ എന്നുറപ്പായോ ? ഓ..അങ്ങനെയൊക്കെ നോക്കിയാല്‍ ആരെയും ശിക്ഷിക്കാന്‍ പറ്റില്ല സാറേ… വാദത്തിനും വിചാരണക്കുമൊക്കെ എവിടെയാ സാറേ നമുക്ക്‌ സമയം ?

പൊതുവെ പ്രതിപക്ഷക്കാര്‍ ഏറ്റവും സന്തോഷിക്കുക പോലീസ്‌ കസ്റ്റഡിയിലൊരു മരണം നടന്നാലാണ്‌്‌. ഒരാഴ്‌ച അലക്കാനുള്ള സാധനം അതില്‍നിന്നുകിട്ടും. കസ്റ്റഡിമരണം വിറ്റ്‌ രാഷ്‌ട്രീയലാഭം ഉണ്ടാക്കിക്കളയാമെന്ന ദുഷ്ടവിചാരമൊന്നുമല്ല കേട്ടോ അത്‌. പാരാവാരത്തോളം വിശാലമായ മനുഷ്യസ്‌നേഹവും എവറസ്റ്റോളം ഉയരമുള്ള മനുഷ്യാവകാശബോധവുമാണ്‌ അവരുടേത്‌. ഇരിപ്പ്‌ പ്രതിപക്ഷത്താവുമ്പോള്‍ മാത്രമേ ഇതുണ്ടാകാറുള്ളൂ എന്നുമാത്രം. ഇത്തവണ പക്ഷേ അതും പറ്റില്ല. പ്രതിയെ പീഡിപ്പിച്ചുകൊന്നത്‌ ശരിയായില്ലെന്നുപറഞ്ഞാല്‍ ജനം എതിരായേക്കുമോ ? റിസ്‌കെടുക്കാന്‍ പറ്റില്ല. സഹതാപതരംഗം പോലീസിന്‌ അനുകൂലമാണ്‌. അതുകൊണ്ട്‌ നമ്മളൊരക്ഷരം മിണ്ടിയില്ല. അടിയന്തരപ്രമേയമില്ല, മുദ്രാവാക്യമില്ല, ബഹളമില്ല, കളത്തിലിറങ്ങിയുള്ള കളരിയഭ്യാസമില്ല, വാക്കൗട്ടുമില്ല. എല്ലാ കൊലയും കൊലയല്ല. പോലീസുകാര്‍ക്കെതിരായ കൊലക്കേസ്സില്‍ കോടതി വിധി പറഞ്ഞ ശേഷം കസ്റ്റഡിമരണത്തിനെതിരെ വോക്കൗട്ട്‌ നടത്തുന്ന കാര്യം ഉമ്മന്‍ചാണ്ടിസാര്‍ ആലോചിക്കുന്നുണ്ട്‌. തെളിവുംവിധിയും ഇല്ലാതെ അങ്ങേര്‌ യാതൊന്നും ചെയ്യില്ല. അടിമുടി നീതിമാനാണ്‌.

ഈയിടെയായി പോലീസ്‌ കര്‍മകുശലതയുടെ പാരമ്യത്തിലാണ്‌ നില്‍ക്കുന്നത്‌. കോഴിക്കോട്ട്‌ ഹോട്ടല്‍ മൂത്രപ്പുരയില്‍ വീഡിയോ ക്യാമറ വെച്ച കേസ്സില്‍ ഒരുവനെ അടിച്ച്‌ കില്‍ബാണീസ്‌ ഇളക്കുകയുണ്ടായി പോലീസ്‌. ക്യാമറ വെച്ചവനെയല്ല, അതിനെക്കുറിച്ച്‌ ചോദിച്ചവനെയാണെന്നുമാത്രം. ആരെയായാലെന്ത്‌ ? തല്ലിയല്ലോ അതുമതി. ഇടുക്കിയില്‍ ചോദ്യക്കടലാസ്സില്‍ അനാശാസ്യം എഴുതിയ അധ്യാപകനെ പിടികിട്ടാഞ്ഞപ്പോള്‍ അയാളുടെ മകനെപിടികൂടി തല ചുമരിലിടിച്ചും തല്ലിയും നാശമാക്കി. എത്രയെത്ര സംഭവങ്ങള്‍… നിയമം മാറ്റിയതുകൊണ്ടൊന്നും വലിയ ഫലമുണ്ടാകുമെന്നുതോന്നുന്നില്ല. കാലദോഷമോ ജാതകദോഷമോ ആണ്‌. ചേര്‍ത്തലയിലെ പൂച്ചാക്കല്‍ പോലീസ്‌ സ്റ്റേഷന്‌ ഇതേ പ്രശ്‌നമുണ്ടായപ്പോള്‍ എന്താണ്‌ ചെയ്‌തത്‌ ? ജ്യോത്സ്യന്‍ വന്ന്‌ കവിടി നിരത്തി പരിഹാരക്രിയകള്‍ക്ക്‌ കുറിപ്പെഴുതി. ഫലമുണ്ടാകാതിരിക്കില്ല. സംസ്ഥാനാടിസ്ഥാനത്തില്‍ പ്രശ്‌നം തുടര്‍ച്ചയായുണ്ടാകുന്നെങ്കില്‍ നല്ലൊരു ജ്യോത്സ്യനെ കണ്ടെത്തി ഐ.ജി.റാങ്കില്‍ നിയമിക്കുന്നതിനെ കുറിച്ചാലോചിക്കാവുന്നതാണ്‌.

****
ഇങ്ങനെയൊക്കെയാണെങ്കിലും പോലീസിന്‌ കാര്യക്ഷമതയില്ലെന്ന്‌ ആരും പറയില്ല. അടുത്ത കാലത്ത്‌ നടന്ന ഏറ്റവും വലിയ സൈബര്‍ ക്രൈം എന്തെന്ന്‌ ചോദിച്ചാല്‍, സഖാവ്‌ പിണറായി വിജയന്റേതെന്ന പേരില്‍ കൂറ്റനൊരു ബംഗ്ലാവിന്റെ ഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതാണ്‌ എന്ന്‌ കേരളാപോലീസ്‌ പറയും. സംഭവം സംബന്ധിച്ച്‌ പിണറായി പോലീസില്‍ പരാതിപ്പെട്ടതുന്യായം. വ്യാജചിത്രം സൃഷ്ടിച്ചവനെ പിടികൂടിയതും ന്യായം. അവിടെക്കൊണ്ടും നിന്നില്ല. ചിത്രം ഇ മെയ്‌ലില്‍ ഫോര്‍വേഡ്‌ ചെയ്‌ത ഒരുത്തനെ പോലീസ്‌ പിടികൂടിയത്‌ ആയിരം കോടി രൂപ കളളനോട്ടടിച്ചവനെ പിടികൂടുന്നതിനേക്കാള്‍ വീരസാഹസികമായാണ്‌. വിമാനത്താവളങ്ങളിലെല്ലാം ലുക്‌ഔട്‌ നോട്ടീസ്‌ പതിച്ചു. പിടിച്ചുജയിലിടുകതന്നെ ചെയ്‌തു. ഇനിയാരെയെല്ലാമാണ്‌ പിടികൂടുകയെന്ന്‌ അറിയില്ല.

സംഗതി ഇന്റര്‍നെറ്റിലല്ല പത്രത്തിലാണ്‌ സംഭവിച്ചതെന്ന്‌ വിചാരിക്കുക. ഒരു സിന്‍ഡിക്കേറ്റ്‌ പത്രം ഇതേ വീടിന്റെ ഫോട്ടോ ഇതേ അടിക്കുറിപ്പോടെ പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കില്‍ എന്തായിരുന്നു സംഭവിക്കുക ? ഒന്നും സംഭവിക്കില്ല. പിണറായി വിജയന്‍ ഒരു വക്കീല്‍ നോട്ടീസ്‌ അയക്കുമായിരുന്നു. പത്രം കടുകുമണി വലുപ്പത്തില്‍ ഒരു തിരുത്തുകൊടുക്കുമായിരുന്നു. സംഗതി അവിടെ തീരും. ഈ വ്യാജഫോട്ടോ അച്ചടിച്ച പത്രം ഒരാള്‍ക്ക്‌ വായിക്കാന്‍ കൊടുത്തവനെ പിടിച്ച്‌ ജയിലിലടച്ചാല്‍ എങ്ങനെയിരിക്കും ? ഇപ്പോള്‍ സംഭവിച്ചത്‌ അതാണ്‌. വ്യാജവാര്‍ത്ത ഫോര്‍വേഡ്‌ ചെയ്‌ത ആയിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്‌. അവരെയെല്ലാം പിടികൂടൂമോ എന്നറിയില്ല. ചെയ്‌താല്‍ നന്നാവും. ജയില്‍നിറക്കാന്‍ സി.പി.എം. സമരം നടത്തേണ്ടിവരില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top