പാര്‍ട്ടി സ്വതന്ത്രര്‍ എന്ന നാമത്തില്‍ അറിയപ്പെടുന്നതും അതിവേഗം വംശനാശം സംഭവിക്കുന്നതുമായ വിചിത്രവര്‍ഗത്തില്‍ പെട്ട ആളായിരിരുന്നു ഡോ സെബാസ്റ്റ്യന്‍ പോള്‍. പാര്‍ട്ടി സ്വതന്ത്രന്‍ എന്ന പ്രയോഗം, വിരോധം തോന്നുമാറുക്തി വിരോധാഭാസമായിടും എന്ന അലങ്കാരത്തിലാണ് പെടുക. പാര്‍ട്ടിയിലുള്ളവന്‍ സ്വതന്ത്രനാവുന്ന പ്രശ്‌നം ഉദിക്കുന്നില്ല. സ്വതന്ത്രന് പാര്‍ട്ടിയുണ്ടാകാനും പറ്റില്ല. പിന്നെയെന്ത് പാര്‍ട്ടി സ്വതന്ത്രന്‍ ? പാര്‍ട്ടി മേമ്പ്ര്മാരല്ലാത്ത ചിലരെ ചില ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളാക്കേണ്ടി വരും. പഞ്ചായത്തെന്നോ പാര്‍ലമെന്റെന്നോ ഉളള വ്യത്യാസം ഇക്കാര്യത്തിലില്ല. കൊടിയും വടിയുമൊക്കെ കൊടുക്കും. പക്ഷേ പാര്‍ട്ടിയുടെ ചിഹ്നം കൊടുക്കില്ല. പാര്‍ട്ടിയുടെ സൗഭാഗ്യചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രവുമായി മത്സരിച്ചാല്‍ പച്ച തൊടില്ല എന്നുറപ്പുള്ളേടത്താണ് മിക്കപ്പോഴും ഇത്തരക്കാരെ നിര്‍ത്തുക. ഇവരാണ് പാര്‍ട്ടി സ്വതന്ത്രര്‍. ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന് തെറിച്ചുവീഴുന്ന ചിലരെയും ഇങ്ങനെ സ്വതന്ത്രവേഷം കെട്ടിച്ച് അടിമകളാക്കാറുണ്ട്. ജാതിയോ മതമോ നോക്കി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് പാര്‍ട്ടിയുടെ ആദര്‍ശത്തിന് നിരക്കില്ല എന്നറിയാമല്ലോ. ജയിക്കാന്‍ വേണ്ടി ഇത്തരം തരം താണ പണികള്‍ ചെയ്യുക ജീര്‍ണിച്ച ബൂര്‍ഷ്വാപാര്‍ട്ടികളാണ്. പിന്നെ ഡോ സെബാസ്റ്റ്യന്‍ പോളിനെയും ടി.കെ.ഹംസയെയും ലോനപ്പന്‍ നമ്പാടനെയും ആലപ്പുഴയില്‍ ഡോ മനോജിനെയും ടി.കെ.ജലീലിനെയും ചെറിയാന്‍ ഫിലിപ്പിനെയും പോലുള്ളവരെ സ്ഥാനാര്‍ഥികളാക്കിയതെന്തിന് എന്ന്, പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും അറിഞ്ഞുകൂടാത്തവര്‍ ചോദിച്ചേക്കും. ജയിക്കാനോ ഭരിക്കാനോ ഉള്ള അത്യാഗ്രഹം കൊണ്ടല്ല പാര്‍ട്ടി അങ്ങനെ ചെയ്യാറുള്ളത്. മനസ്സിലാക്കുക, ബൂര്‍ഷാവൈതാളിക എതിരാളികള്‍ തോല്‍ക്കാന്‍ വേണ്ടിയാണ് ഇത്തരക്കാരെ പാര്‍ട്ടി നിര്‍ത്താറുള്ളത്്്
.
അങ്ങനെ ജയിക്കുന്നവരില്‍ അപൂര്‍വം ചിലര്‍ ഒരു വ്യാമോഹരോഗത്തില്‍ പെട്ടുപോകാറുമുണ്ട്. ജാതിയും മതവുമൊന്നും നോക്കിയല്ല, അങ്ങയെപ്പാലൊരു മഹാപ്രതിഭ ഇല്ലെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു കാലിത്തൊഴുത്ത് പോലെ ദരിദ്രമായിപ്പോകുമെന്നും മറ്റും പറഞ്ഞുപറഞ്ഞ് ഒടുവില്‍ സ്ഥാനാര്‍ഥിതന്നെ അത് വിശ്വസിക്കുന്ന നില വരും. അത്തരം വ്യാമോഹങ്ങളൊന്നുമില്ലാത്ത മിക്ക സ്വതന്ത്രരും ചുരുങ്ങിയ കാലം കൊണ്ട് സ്വതന്ത്രവേഷം ഉപേക്ഷിച്ച് അച്ചടക്കമുള്ള പാര്‍ട്ടിയംഗമായി മാറാറുണ്ട്. പാര്‍ട്ടി സ്വതന്ത്രനെന്നത് ഒരു ഇടക്കാല വേഷം മാത്രമാണെന്ന് അവര്‍ക്കറിയാം. അതറിയാത്തവര്‍ക്ക് പിന്നീട് പാര്‍ട്ടിയുണ്ടാവില്ല, ആ വേഷമേ ഉള്ളൂ എന്ന നില വരും. മറ്റൊരു ഇനം വ്യാമോഹമാണ് ഡോ പോളിനെ പിടികൂടിയത്. ആളൊരു മാധ്യമവിശാരദനാണ്. സമ്മതിച്ചു. ആട്ടെ, അത്തരം വിശാരദന്മാര്‍ എന്താണ് ചെയ്യേണ്ടത് ? സ്വതന്ത്രവേഷം തിരഞ്ഞെടുപ്പിലേ വേണ്ടൂ, പാര്‍ട്ടി മാധ്യമത്തിലെത്തിയാല്‍ അതഴിച്ച് ചുമരില്‍ കൊളുത്തിയിടണം. ഏത് വേഷത്തേക്കാളും പ്രധാനം പാര്‍ട്ടിവേഷമാണ് എന്നറിയണം. ആസ്ഥാന മാധ്യമ വിശാരദന്മാരുടെ പണി മാധ്യമസിന്‍ഡിക്കേറ്റ് പോലുള്ള ക്ഷുദ്രജീവികളൈ നേരിടുകയാണ്. ട കത്തിയെങ്കില്‍ അത്, ഠ കത്തിയെങ്കില്‍ അത് – പ്രാകൃതായുധങ്ങളുമായി സദാ പാര്‍ട്ടിയുടെ കോലായയില്‍ നിലയുറപ്പിക്കണം. പുറത്ത് നിന്നുള്ള ശത്രുക്കളെ മാത്രമല്ല, അകത്തുള്ളവര്‍ ആരെങ്കിലും അനുസരണക്കേട് കാട്ടുകയോ കാട്ടുമെന്ന് സംശയം തോന്നുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവരെയും തല്‍ക്ഷണം കൈകാര്യം ചെയ്യണം. രാവിലെ പത്രം വായിച്ച ഉടനെ പണി തുടങ്ങിക്കൊള്ളണം. ഫോണില്‍ കൊടുക്കേണ്ടവര്‍ക്ക് അങ്ങനെയും കൊടുക്കാം. പാര്‍ട്ടി സഹയാത്രികനല്ലേ വല്ലതുമൊക്കെ പറഞ്ഞോട്ടെ എന്നുള്ള ഔദാര്യമൊന്നും വേണ്ട. പാര്‍ട്ടിയുടെ വായ്പ്പാട്ടില്‍ ഒറ്റ സ്വരമേ പാടുള്ളൂ. തന്റെ സ്വരം വേറിട്ട് കേള്‍ക്കണമെന്ന് ആരും ആഗ്രഹിക്കരുത്. അത്തരക്കാരെ പിടിച്ച് ഉടന്‍ നാക്കരിയണം, കൈവെട്ടണം. വേറിട്ട ചാനലില്‍ മാധ്യമവിചാരം നടത്താന്‍ ഏല്പ്പിച്ചിട്ടും, വേറിടാത്ത പാര്‍ട്ടിപത്രത്തില്‍ എഡിറ്ററാക്കിയിട്ടുമൊന്നും പഠിക്കേണ്ടത് പഠിച്ചില്ല ഡോ പോള്‍. എടോ ഗോപാലകൃഷ്ണന്മാരുടെ അസുഖമാണ് ഡോ പോളുമാരെയും പിടികൂടാറുള്ളത്. തങ്ങള്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തകന്മാരാണെന്നും നാട് നന്നാക്കലാണ് തങ്ങളുടെ ചുമതലയെന്നും അവര്‍ ധരിച്ചുകളയും. അതിനല്ലല്ലോ അവരെ വലിയ സ്ഥാനങ്ങളില്‍ കൊണ്ടുപോയിരുത്തുന്നത്. സ്വതന്ത്ര പാര്‍ട്ടിപ്രവര്‍ത്തനത്തേക്കാള്‍ വലുതല്ല സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം. ചിലപ്പോള്‍ ക്രൈം മാഗസീനുകാരന്റെ ഓഫീസ് ആക്രമിക്കേണ്ടിവരും, ചിലപ്പോള്‍ ബൂര്‍ഷ്വാമാധ്യമക്കാരനെ വെള്ള പുതച്ചു കിടത്തേണ്ടി വരും, ചിലപ്പോള്‍ മാധ്യമസിന്‍ഡിക്കേറ്റിനെ തച്ചുതകര്‍ക്കേണ്ടിവരും. അപ്പോള്‍ അതിനെ ന്യായീകരിച്ച് ലേഖനം നിര്‍മിക്കുകയാണ് വേണ്ടത്. അല്ലാതെ അതില്‍ പ്രതിഷേധിക്കാനും പ്രസ്താവനയിറാനും നടക്കുകയല്ല. കളി മാറും.
പാര്‍ട്ടിയുടെ മാധ്യമചാവേര്‍ ആകാനൊന്നും താനില്ലെന്നാണ് ഡോ പോള്‍ പറഞ്ഞത്. പാര്‍ട്ടിമാധ്യമത്തില്‍ അത്തരക്കാര്‍ ഉണ്ടെന്നൊരു തെറ്റിദ്ധാരണയാണ് ഇതുണ്ടാക്കുക. ഒരു ലക്ഷ്യത്തിന് വേണ്ടി ജീവന്‍ വെടിയുന്നവനാണ് ചാവേര്‍. വെറുതെ മാധ്യമോപജീവികളെ പൊലിപ്പിക്കരുത്. അവരാരും ജീവന്‍ വെടിയുകയില്ല, ജീവിച്ചുപോവുകയേ ഉള്ളൂ. കിട്ടുന്നത് വാങ്ങി പറഞ്ഞ പണി ചെയ്യും. മുത്തൂറ്റ് പോള്‍ , വിന്‍സെന്റ് പോള്‍, സെബാസ്റ്റ്യന്‍ പോള്‍ പരമ്പരയില്‍ പോളിങ് കൂടി വരുമ്പോള്‍ ഏറ്റവുമേറെ ചര്‍ച്ച ചെയ്യപ്പെടുന്ന പദമാണ് ഇവിടെ ഉചിതം. പൊതുമരാമത്ത് കരാര്‍ പരസ്യങ്ങളില്‍ മാത്രം മുമ്പ് കണ്ടിരുന്ന പദം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഒരു ഉപജാപക സംഘത്തിന്റെ സ്വാധീനത്തിലാണെന്ന കണ്ടുപിടുത്തത്തിനും പാറ്റന്റ്് കിട്ടുമെന്ന് തോന്നുന്നില്ല. നാടുവാഴി അറിയാതെ ഗൂഡാലോചന നടത്തി അധികാരം പ്രയോഗിക്കുന്നവരാണ് ഉപജാപകര്‍. ഇവിടെ അതിന്റെ ആവശ്യമൊന്നുമില്ല. നാടുവാഴിക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്്. അതനുസരിച്ച് പ്രവര്‍ത്തിക്കുയേ സംഘത്തിലുള്ളവര്‍ ചെയ്യേണ്ടൂ. ഒരേസമയം ഉപജാപകനും ക്വട്ടേഷന്‍ സംഘാംഗവുമാകാന്‍ പ്രയാസമുണ്ട്. പാര്‍ട്ടിമാധ്യമത്തിലെ ഈ സംഘാഗങ്ങള്‍ക്ക് ബ്രാഞ്ച് മെമ്പറേക്കാള്‍ ആവേശവും അത്രതന്നെ വിവരവും ഉള്ളതുകൊണ്ട് വഴിയേ പോകുന്ന സകലരുടെയും ചെപ്പക്കുറ്റിക്ക് അടിക്കുമെന്നേ ഉള്ളൂ. അങ്ങനെ പാര്‍ട്ടി യശ്മാനന് ഓരോ ദിവസവും എമ്പാടും ശത്രുക്കളെ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. വേറെ ഉപദ്രവമൊന്നുമില്ല. ****
ചൈനയില്‍ അങ്ങനെ ചെയ്തില്ലേ ഇങ്ങനെ ചെയ്തില്ലേ എന്ന് ഇവിടത്തെ കമ്യൂണിസ്റ്റുകാരെ ഞോണ്ടുക ബൂര്‍ഷ്വകളുടെ പതിവ് വിനോദമാണ്. ഒരു കാര്യത്തില്‍ സി.പി.എം. ചൈനീസ് പാര്‍ട്ടിയെ കടത്തിവെട്ടിയത് ഈ ബുദ്ധിജീവികളൊന്നും കണ്ടില്ല, കണ്ടവരൊന്നും മിണ്ടിയില്ല. പാര്‍ട്ടി നേതാക്കളും ഭരണസ്ഥാനങ്ങളിലിരിക്കുന്ന പാര്‍ട്ടി അംഗങ്ങളും തങ്ങളുടെ സമ്പാദ്യത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന് ചൈനീസ് പാര്‍ട്ടി തീരുമാനിക്കും മുമ്പ് നമ്മുടെ സി.പി.എം. തീരുമാനിച്ചു. ചില്ലറ കാര്യമാണോ ഇത് ?
ഇതിന്റെ പേരില്‍ അഭിനന്ദിച്ചില്ലെന്നത് പോകട്ടെ, അതും പാര്‍ട്ടിയെ ബാധിച്ച ജീര്‍ണതയുടെ ലക്ഷണമായി വ്യാഖ്യാനിക്കുകയാണ് വിരുദ്ധന്മാര്‍ ചെയ്തത്. സമ്പാദിക്കുകയെന്നത്് സഖാക്കള്‍ സംസ്കാരമാക്കി മാറ്റിയെന്നുവരെ അവര്‍ പരിഹസിച്ചു. അഴിമതിയുടെയും സ്വത്ത് സമ്പാദ്യത്തിന്റെയും മേഖലയില്‍ ചൈനീസ് പാര്‍ട്ടി എവിടെയെത്തിയെന്നതിനെക്കുറിച്ചൊന്നും അവര്‍ക്ക് പറയാനില്ല. കുറച്ചുകാലത്തിനിടയില്‍ 9000 പാര്‍ട്ടി ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന് കണ്ടെത്തിയതായി പാര്‍ട്ടി രേഖയില്‍ പറയുന്നുണ്ടെന്നാണ് ചൈന ഡെയ്‌ലി ഏതാനും ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തത്. ’78 നും 2003 നുമിടയില്‍ അഴിമതിക്കാരായ 4000 പാര്‍ട്ടി ഉദ്യോഗസ്ഥര്‍ അയ്യായിരം കോടി ഡോളറുമായി വിദേശത്തേക്ക് ഒളിച്ചോടിയെന്ന് വാണിജ്യവകുപ്പിന്റെ റിപ്പാര്‍ട്ടില്‍ പറയുന്നതായും ആ റിപ്പോര്‍ട്ടിലുണ്ട്. യാഥാര്‍ഥ തുക ഇതിന്റെ പല മടങ്ങ് വരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നതായും രണ്ടായിരത്തി മൂന്നിന് ശേഷം ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം 8.8 ലക്ഷം വരുമെന്നും ആ പത്രത്തിലുണ്ട്. ബൂര്‍ഷ്വാ പത്രമല്ലെന്നത് ആശ്വാസം. ചൈനയുടെ നാലയലത്ത് നമ്മെ എത്തിക്കാനുള്ള കഴിവ് ഇവിടത്തെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുമില്ല എന്ന് വ്യക്തം. കോണ്‍ഗ്രസ്സാര്‍ വിചാരിച്ചാലേ വല്ലതും നടക്കൂ്.
****
ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവരുടെ എണ്ണം കുറക്കാനുളള എല്ലാ ശ്രമങ്ങളെയും എതിര്‍ത്തുപരാജയപ്പെടുത്തണം. അറുപതുവര്‍ഷമായി നമ്മള്‍ പരിശ്രമിക്കുന്നതും അവരുടെ എണ്ണം കൂട്ടാനാണല്ലോ. പരമാവധി ആളുകളെ ദരിദ്രരാക്കി നിലനിര്‍ത്തുകയാണ് ദേശീയ നയം. ബി.പി.എല്‍ രേഖക്ക് കീഴില്‍ പട്ടിണി കിടക്കുന്നവരുടെ എണ്ണം അമ്പത് ശതമാനമാക്കാന്‍ ദേശീയ പാര്‍ട്ടികള്‍ കഠിനശ്രമം നടത്തുന്നുണ്ട്. ഗരീബി ഹഠാവോയും ദാരിദ്ര്യനിര്‍മാര്‍ജനവും അന്ത്യോദയയും ഐ.ആര്‍.ഡി.പി.യുമെല്ലാം നടപ്പാക്കിയത് ദരിദ്രരുടെ എണ്ണം കൂട്ടാന്‍ വേണ്ടിയാണല്ലോ. കേരളത്തില്‍ അറുപത് വര്‍ഷത്തില്‍ പാതി വീതം രണ്ടുമുന്നണികളും ഓഹരി വെച്ചാണ് ഭരിച്ചത്. അത് ദരിദ്രര്‍ കുറയാതിരിക്കാന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്. സെല്‍ ഫോണ്‍ ഉള്ളവരെ ബി.പി.എല്‍ ആയി കണക്കാക്കാനാവില്ലെന്ന് ഏതോ ജനദ്രോഹിയായ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് കൊടുത്തതായി റിപ്പോര്‍ട്ടുണ്ട്. സെല്‍ഫോണ്‍ ഉപയോഗിക്കുന്ന ഭിക്ഷക്കാര്‍ വരെയുള്ള രാജ്യത്ത് ഇത്തരമൊരു നിര്‍ദ്ദേശം ഒരു കാരണവശാലും സ്വീകരിക്കരുത്. ഇപ്പോള്‍ 13.37 ശതമാനമാളുകളേ കേരളത്തില്‍ ബി.പി.എല്‍ ആയുള്ളൂ എന്നൊരു കള്ളറിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് 23 ശതമാനമാക്കി ഉയര്‍ത്താനുള്ള ഏര്‍പ്പാട് ചെയ്തുകഴിഞ്ഞു. ചുരുങ്ങിയത് 35 ശതമാനമാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോര, ക്രമേണ എല്ലാവരെയും ദാരിദ്ര്യരേഖയ്ക്ക് കീഴില്‍ കൊണ്ടുവരണം. ടാറ്റ ബിര്‍ല അംബാനി പോലുള്ള ദുഷ്ടന്മാരെ മാത്രമേ രേഖയ്ക്ക് മുകളില്‍ നടക്കാന്‍ സമ്മതിക്കാവൂ. അവരും അതിനെ ചോദ്യം ചെയ്യുമോ എന്നറിയില്ല.