ചില അധികപ്രസംഗങ്ങള്‍

ഇന്ദ്രൻ

മാഡത്തിന്റെ പ്രസംഗമെഴുത്തുകാര്‍ക്ക്‌ അപായകരമായ തോതില്‍ രക്തസമ്മര്‍ദ്ദം ഉയരുന്നത്‌ മാഡം ഐക്യരാഷ്‌ട്രസഭയിലോ ബ്രിട്ടീഷ്‌ പാര്‍ലമെന്റിലോ പ്രസംഗിക്കാന്‍ പോകുമ്പോഴല്ല, കേരളത്തില്‍ വരുമ്പോഴാണ്‌. ലണ്ടനിലും വാഷിങ്‌ടണിലുമൊക്കെ സോണിയാജിക്ക്‌ എന്തും പ്രസംഗിക്കാം. ആരും കേള്‍ക്കാനും പോകുന്നില്ല, കേട്ടാല്‍ ഓര്‍ക്കാനും പോകുന്നില്ല. പ്രസംഗം സായാഹ്നപത്രങ്ങള്‍ പോലും റിപ്പോര്‍ട്ട്‌ ചെയ്യുകയുമില്ല. ഇവിടെയതല്ല സ്ഥിതി. ദൃശ്യമാധ്യമങ്ങളില്‍ തത്സമയസംപ്രേഷണം, അച്ചടിയില്‍ എട്ടുകോളം. ഒരക്ഷരം പിശകിയാല്‍ വിവാദം. ചുമ്മാതല്ല മാഡം കഴിയുന്നേടത്തോളം ഇങ്ങോട്ട്‌്‌ വരാത്തത്‌.

സായ്‌പ്‌്‌ പാര്‍ട്ടി രൂപവല്‍ക്കരിച്ച കാലം തൊട്ട്‌ ഇന്നോളം ഒരു കോണ്‍ഗ്രസ്‌ പ്രസിഡന്റിനും ഉണ്ടായിട്ടില്ലാത്ത ധര്‍മസങ്കടമാണ്‌ ഇന്നത്തെ പ്രസിഡന്റ്‌ മദാമ്മയുടേത്‌. എല്ലാ സംസ്ഥാനങ്ങളിലും പോയി പ്രസംഗിക്കാന്‍ ബാധ്യസ്ഥരാണ്‌ പാര്‍ട്ടി പ്രസിഡന്റുമാര്‍. ഒരു പ്രസംഗം തയ്യാറാക്കിവെച്ചാല്‍ ഒരു സീസണില്‍ ഏത്‌ സംസ്ഥാനത്തും അതുചില്ലറ മാറ്റങ്ങളോടെ അടിച്ചുവീശാം. അപകടമൊന്നുമുണ്ടാകില്ല. അതാണ്‌ പൊതുരീതി. മാഡം പ്രസിഡന്റിന്‌ അതുപറ്റില്ല. ഓരോ സംസ്ഥാനത്ത്‌ പ്രസംഗിക്കുമ്പോഴും ആദ്യം അവിടെ ആരാണ്‌ ഭരിക്കുന്നത്‌ എന്ന്‌ നോക്കണം. സ്വന്തം പാര്‍ട്ടി പ്രതിപക്ഷത്ത്‌ നിന്ന്‌ സമരം ചെയ്യുകയാണോ അതല്ല പ്രതിപക്ഷത്ത്‌ നിന്നുകൊണ്ട്‌ ഭരണത്തെ താങ്ങുകയാണോ അതുമല്ല രണ്ടുതോണിയിലും കാലുവെച്ച്‌ തുഴയുകയാണോ എന്ന്‌ നോക്കണം. തീര്‍ന്നില്ല, ഈ സംസ്ഥാനത്തെ ഭരണകക്ഷി കേന്ദ്രത്തില്‍ തങ്ങളുടെ ഭരണത്തെ അകത്തുനിന്ന്‌ പിന്താങ്ങുകയാണോ പുറത്തുനിന്ന്‌ പിന്താങ്ങുകയാണോ അകത്തുനിന്ന്‌ പാരവെക്കുകയാണോ പുറത്തുനിന്ന്‌ ബോംബ്‌ വെക്കുകയാണോ എന്നെല്ലാം നോക്കണം. എന്നിട്ട്‌ വേണം സംസ്ഥാനഭരണത്തെ പുകഴ്‌ത്തണമോ ഇകഴ്‌ത്തണമോ അതല്ല ഭരണത്തെക്കുറിച്ച്‌ ഒന്നും മിണ്ടാതിരിക്കണമോ എന്ന്‌ തീരുമാനിക്കാന്‍. ഇരുപത്തെട്ട്‌ സംസ്ഥാനങ്ങളിലും ഇപ്പോളും പാര്‍ട്ടി അവശേഷിക്കുന്നതുകൊണ്ടുള്ള പ്രശ്‌നമാണ്‌ ഇത്‌. പരമാവധി സംസ്ഥാനങ്ങളില്‍ പാര്‍ട്ടിതന്നെ ഇല്ലാതാക്കാന്‍ തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും കഴിയുന്നില്ല. പ്രകാശ്‌ കാരാട്ടിനൊന്നും ഇത്‌ മനസ്സിലാവില്ല. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ ഭരണത്തെ പിന്താങ്ങണം എവിടെച്ചെന്നാലും കോണ്‍ഗ്രസ്സിനെ ശകാരിക്കണം, അങ്ങനെ രണ്ടുകാര്യങ്ങളേ അദ്ദേഹത്തിന്‌ ഓര്‍ത്തുവെക്കേണ്ടതുള്ളൂ. പോകാനും പ്രസംഗിക്കാനും രണ്ടുമൂന്നു സംസ്ഥാനങ്ങളേ ഉള്ളൂ എന്ന സൗകര്യവുമുണ്ട്‌.

പറഞ്ഞുവന്നത്‌ മറ്റൊന്നുമല്ല. കേരളത്തില്‍ മാഡം വന്നുചിലതെല്ലാം പറഞ്ഞതിന്റെ പേരില്‍ സഖാക്കള്‍ പിണറായി വിജയന്റെയും മറ്റു ചില സഖാക്കളുടെയും രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്‌. പിണറായിക്ക്‌്‌ ഈയിടെയായി അത്‌ അകാരണമായി ഉയര്‍ന്നുപൊങ്ങുകയും നാവിന്റെ മേല്‍ ദു:സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്‌ എന്നത്‌ പരിഗണിച്ച്‌ അവഗണിക്കാവുന്നതാണ്‌. കേരളത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റിന്‌ കേരളത്തില്‍ പ്രവര്‍ത്തകരുടെ കൈയടി വാങ്ങാന്‍ വേണ്ടി ചിലതു പറയാതെ പറ്റില്ലല്ലോ. അതും പാടില്ലെന്ന്‌ പറയുന്നത്‌ കുറെ കഷ്ടമാണ്‌. കേരളത്തിലെ ഭരണത്തിന്‌ ദോഷമുള്ളതുകൊണ്ടൊന്നുമല്ല സോണിയാജി കുറ്റവും കുറവും പറഞ്ഞത്‌. അല്ലെങ്കിലും, എന്താണ്‌ സോണിയ ഇത്ര മോശമായി പറഞ്ഞത്‌ ? പിന്തുണയ്‌ക്കുന്നതുകൊണ്ട്‌ എല്ലാം സഹിക്കണമെന്നില്ല, കേരളത്തില്‍ എന്തുമാകാമെന്ന്‌ കരുതേണ്ട എന്നിങ്ങനെ ഒരര്‍ഥവുമില്ലാത്ത ചില ചില്ലറ ഡയലോഗുകള്‍ മാത്രം. ഉമ്മന്‍ചാണ്ടിയോ രമേശ്‌ ചെന്നിത്തലയോ ആണ്‌ ഇത്‌ പറഞ്ഞിരുന്നതെങ്കില്‍ പിണറായി ചൊടിക്കുമായിരുന്നോ ? ഇല്ല. അവരിങ്ങനെ എന്തെല്ലാം ഓരോദിവസവും നൂറ്റൊന്ന്‌ വട്ടം ആവര്‍ത്തിക്കുന്നു. എങ്കില്‍ സോണിയയോട്‌ ചൊടിക്കുന്നതെന്തിന്‌ ? ഓരോ സംസ്ഥാനത്തും ചെന്ന്‌ എന്ത്‌ പറയണം എന്ന സങ്കീര്‍ണപ്രശ്‌നം പരിഹരിക്കാനും ആസ്ഥാനപ്രസംഗമെഴുത്തുകാര്‍ക്ക്‌ ആശ്വസമേകാനും വേണ്ടി സോണിയാജി തന്റെ പ്രസംഗം തയ്യാറാക്കുന്ന പണി അതത്‌ സംസ്ഥാനത്തെ പി.സി.സി പ്രസിഡന്റിനെത്തന്നെയാണിപ്പോള്‍ ഏല്‍പ്പിക്കുന്നത്‌. അപ്പോള്‍പിന്നെ പ്രസംഗത്തെക്കുറിച്ച്‌ പാര്‍ട്ടി സംസ്ഥാനപ്രസിഡന്റിനെങ്കിലും നല്ല മതിപ്പായിരിക്കുമല്ലോ. അത്രയേ ഇവിടെയും സംഭവിച്ചിട്ടുള്ളു. സഖാവ്‌ പിണറായി ഇത്രയും രോഷം കൊള്ളേണ്ട കാര്യമൊന്നും ഇതിലില്ല.

അല്ലെങ്കിലും ഇതിലൊന്നും വലിയ കാര്യമില്ല. കേന്ദ്രത്തില്‍ സോണിയാജിയുടെ ഭരണത്തെപ്പോലെ മോശം ഭരണം വേറെയില്ല. എങ്കിലും ഞങ്ങള്‍ പിന്തുണ തുടരും. കേരളത്തിലെയും ബംഗാളിലെയും ഭരണം പോലെ കിരാതമായ ഭരണം വേറെയില്ല. എങ്കിലും കേന്ദ്രത്തില്‍ നിങ്ങളുടെ പിന്തുണ വേണ്ട എന്ന്‌ ഞങ്ങള്‍ പറയുന്ന പ്രശ്‌നവുമില്ല. രണ്ടും രണ്ടുവഴിക്ക്‌ പോകും. ഇടയ്‌്‌ക്ക്‌ കടുപ്പത്തില്‍ നാലുപ്രസംഗം നടത്തിയില്ലെങ്കില്‍ മാധ്യമങ്ങള്‍ എങ്ങനെ കഴിഞ്ഞുകൂടൂം, മാധ്യമങ്ങളിലില്ലെങ്കില്‍ തങ്ങളെങ്ങനെ കഴിഞ്ഞുകൂടും ? അതുകൊണ്ട്‌ ഇങ്ങനെചിലത്‌ പ്രസംഗിക്കുമെന്നല്ലാതെ വേറെ സാഹസമൊന്നും ആരും പ്രതീക്ഷിക്കുകയേ വേണ്ട.
*******
കെ.പി.സി.സി.യോടും യു.ഡി.എഫിനോടും കേന്ദ്രമന്ത്രിസഭ ഇതുപോലൊരു ചതി ചെയ്യാന്‍ പാടില്ലായിരുന്നു. കേരളത്തില്‍ ഇടതുമുന്നണി ഭരണം തുടങ്ങിയിട്ട്‌ വര്‍ഷം രണ്ടാവാനായെങ്കിലും നേരാംവണ്ണം ഒരു ബന്ദര്‍ത്താല്‍ നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കാരണം കിട്ടാഞ്ഞിട്ടല്ല, അതുധാരാളമുണ്ടായിരുന്നു. ചിക്കുന്‍ഗുനിയയ്‌ക്കെതിരെ ഒന്നു നടത്താന്‍ മുണ്ടുംമടക്കിക്കുത്തി ഇറങ്ങിയതായിരുന്നു.സമ്മതിച്ചില്ല ഇവിടത്തെ മാധ്യമങ്ങളും ഉപദേശികളും. എന്ത്‌ ചെയ്യാന്‍ പുറപ്പെട്ടാലും ഉപദേശവുമായി ഇറങ്ങുന്ന കുറെക്കൂട്ടരുണ്ടല്ലോ, അവരെക്കൊണ്ട്‌ ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ്‌ അന്ന്‌ അതില്‍നിന്ന്‌ തലയൂരിയത്‌.

പിന്നീടാണിപ്പോള്‍ വിലക്കയറ്റത്തിനെതിരെ ഒന്ന്‌ നടത്താന്‍ ഒരുമ്പെട്ടത്‌. മാധ്യമങ്ങളല്ല, ദേവേന്ദ്രന്‍ താനിറങ്ങിവന്നാലും പിന്‍വലിക്കില്ല എന്ന്‌ ഉറപ്പിച്ചാണ്‌ ഇതിന്‌ ഇറങ്ങിപ്പുറപ്പെട്ടത്‌. വല്ലാത്ത ജനമാണ്‌ കേരളത്തിലേത്‌. ഭരിക്കുന്നവര്‍ ചെയ്‌തുകൂട്ടുന്ന അതിക്രമങ്ങള്‍ ഏറിയാല്‍ കുറ്റപ്പെടുത്തുക ഭരിക്കുന്നവരെയല്ല, പ്രതിപക്ഷത്തെയാണ്‌. ഇവിടെയൊരു പ്രതിപക്ഷമില്ലേ, ഉറങ്ങുകയാണോ ഉമ്മന്‍ചാണ്ടി എന്നെല്ലാം ചോദിച്ച്‌ അവര്‍ കോക്രികാട്ടും. ഭരണം നന്നായില്ലെങ്കിലും സാരമില്ല, പ്രതിപക്ഷം നന്നാവണം എന്ന മട്ടിലാണ്‌ അവരുടെ സംസാരം.
പ്രതിപക്ഷം എന്ത്‌ ചെയ്യാനാണ്‌ ? പ്രകടനം നടത്തി റോഡ്‌ തടസ്സപ്പെട്ടാലും വാഹനം തടഞ്ഞാലും അങ്ങനെയെന്ത്‌ ചെയ്‌താലും ജനം വെറുക്കും. മാത്രവുമല്ല ഇതിനെല്ലാം ആളും വേണ്ടേ ? പ്രവര്‍ത്തകന്മാര്‍ക്ക്‌ എന്തെല്ലാം പണി കിടക്കുന്നു ചെയ്‌തുതീര്‍ക്കാന്‍. പ്രകടനം നടത്താനും മന്ത്രിമാരെ തടഞ്ഞ്‌ പോലീസിന്റെ അടിവാങ്ങാനും തമിഴ്‌നാട്ടില്‍ നിന്ന്‌ ആളുകളെക്കൊണ്ടുവരാനാകുമോ എന്നാലോചിക്കേണ്ടതാണ്‌. ആളും പണവും അടിയും ലാത്തിച്ചാര്‍ജും ഒന്നും വേണ്ടാത്ത ഒരു സമരമേയുള്ളൂ- ഹര്‍ത്താല്‍. അതാണിപ്പോള്‍ പ്രഖ്യാപിച്ചത്‌. പിന്‍വലിക്കുന്ന പ്രശ്‌നമേയില്ല.

വിലക്കയറ്റത്തിനെതിരെ അതുനടത്താന്‍ ഓങ്ങി നില്‌ക്കുന്ന സമയത്താണ്‌ കേന്ദ്രന്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിച്ചത്‌്‌. എന്തൊരു നല്ല മുഹൂര്‍ത്തം. കേന്ദ്രന്റെ ബുദ്ധി മുന്തിയ ബുദ്ധിതന്നെ.

******
വിഭാഗീയത എന്ന കൊടും രോഗത്തിനുള്ള രസായന ചികിത്സ ഫലപ്രദമായെന്ന്‌ ചികിത്സിച്ച വൈദ്യനും രോഗിയും ഏകകണ്‌ഠമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നമ്മളും അത്‌ വിശ്വസിക്കുകയേ തരമുള്ളൂ. സ്വിച്ച്‌ ഓഫാക്കിയാല്‍ ലൈറ്റ്‌ കെടുന്നതുപോലെ അവസാനിക്കുന്നതല്ല സംഗതി. മരുന്നും മന്ത്രവുമായി വര്‍ഷമെത്രയായി നടക്കുന്നു ഡല്‍ഹിയിലെ പ്രകാശന്‍ വൈദ്യരും സഹ പോളിറ്റ്‌ ബ്യൂറോക്രാറ്റുകളും. മറ്റുരോഗചികിത്സയില്‍ നിന്ന്‌ ഒരു പ്രധാനവ്യത്യാസം ഇക്കാര്യത്തിലുണ്ട്‌. രോഗി, ചികിത്സകന്‍ എന്ന ദ്വന്ദം പലപ്പോഴും ഇക്കാര്യത്തില്‍ ഉണ്ടാകില്ല. രോഗിതന്നെ ചിലപ്പോള്‍ ചികിത്സകനാകും, ചികിത്സകന്‍ ചിലപ്പോള്‍ രോഗിയുമാകും. ചിലരെക്കണ്ടാലും കേട്ടാലും അവര്‍ രോഗിയാണോ ചികിത്സകനാണോ എന്ന്‌ തിരിച്ചറിയില്ല. കേരളത്തില്‍ വിജയന്‍പിണറായി രോഗിയാണോ ചികിത്സകനാണോ ? അദ്ദേഹത്തെ എന്തായാണ്‌ പോളിറ്റ്‌ ബ്യൂറോ കാണുന്നതെന്ന്‌ അദ്ദേഹത്തിന്‌ ഇപ്പോഴും ഉറപ്പില്ല. ഇവിടെ കോട്ടയം സമ്മേളനത്തോടെ വിഭാഗീയതാരോഗം തീര്‍ക്കാന്‍ കൊണ്ടുപിടിച്ച്‌ മരുന്നും മന്ത്രവുംവടിയും കയറുമായി നടന്നത്‌ വിജയന്‍വൈദ്യരാണ്‌. ഈ ചികിത്സകനെ കുറച്ച്‌ മാസം മുമ്പ്‌ പോളിറ്റ്‌ ബ്യൂറോവില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്‌തത്‌ വിഭാഗീയതാരോഗത്തിന്റെ പേരിലായിരുന്നു. ആര്‍ക്കൊപ്പം ? ആജീവനാന്ത ക്രോണിക്‌ വിഭാഗീയതാരോഗിയായ വി.എസ്സിനൊപ്പം. അപ്പോള്‍ ആരാണ്‌ രോഗി, ആരാണ്‌ ചികിത്സകന്‍?

ചിലതരം ആസ്‌പത്രികളില്‍ – ഏത്‌ തരം എന്നുചോദിക്കരുത്‌- നീണ്ടകാലമായി ചികിത്സയിലുള്ള, രോഗത്തില്‍ നിന്ന്‌ കുറെയെല്ലാം കരകയറിയ രോഗികളെ മറ്റുരോഗികളെ കൈകാര്യം ചെയ്യാനും ചില്ലറ ബലപ്രയോഗചികിത്സ നടത്താനുമൊക്കെ ചുമതലപ്പെടുത്താറുണ്ട്‌. അതുതന്നെയാവും പാര്‍ട്ടിയിലും സംഭവിക്കുന്നത്‌. ഫലപ്രദമായ രീതി തന്നെ.

ചികിത്സ ഫലിച്ചുതുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്‌. കോട്ടയം പൊതുസമ്മേളനത്തിന്റെ അവസാനം എന്താണ്‌ സംഭവിച്ചത്‌ ? പത്രസമ്മേളനത്തില്‍ വി.എസ്സിനോട്‌ ചോദിച്ചു. മഴ പെയ്‌തപ്പോള്‍ പ്രസംഗം നിര്‍ത്തി. പിന്നീട്‌ എന്താണ്‌ സംഭവിച്ചത്‌ എന്ന്‌ കണ്ടില്ല എന്ന്‌ മറുപടി. കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ചാനലുകളില്‍ കണ്ടത്‌ വി.എസ്‌. കണ്ടില്ല. ആവശ്യമുള്ളതേ കാണുന്നുള്ളൂ എന്നത്‌ തന്നെയാണ്‌ ചികിത്സ ഫലിച്ചതിന്റെ ലക്ഷണം. വേണ്ടാത്തത്‌ കാണുന്നത്‌ വിഭാഗീയതയുടെ ലക്ഷണമാണ്‌. ഇനിയൊന്നും പേടിക്കാനില്ല. എല്ലാം ശുഭം ശാന്തം. ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top