അര സീറ്റ്‌ ഒരു യുദ്ധം

ഇന്ദ്രൻ

ചില മുന്നണിക്കാര്‍ അവരുടെ ഐക്യം കണ്ണിലെ കൃഷ്‌ണമണി പോലെ സൂക്ഷിക്കാറുണ്ട്‌. അതുപണ്ട്‌, കണ്ണുള്ള കാലത്ത്‌. അധികാരം തലയില്‍ കയറിയാല്‍ ചിലപ്പോള്‍ കണ്ണും കാണില്ല ചെവിയും കേള്‍ക്കില്ല. പിന്നെയെന്ത്‌ കൃഷ്‌ണമണി !

പൊന്നാനി സീറ്റ്‌ ഇടതുമുന്നണിയ്‌ക്ക്‌ ഒരു മുഴുവന്‍ സീറ്റല്ല. അര സീറ്റാണ്‌. പഴയ കണക്കനുസരിച്ചാണെങ്കില്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്‌ തോല്‍ക്കുന്ന സീറ്റ്‌. ഇതാണ്‌ പോക്കെങ്കില്‍ ഇത്തവണ അത്‌ കൂടാനേ തരമുള്ളൂ. ചെറിയൊരു പ്രതീക്ഷ വരാന്‍ കാരണം മന്ത്രി ഇ.അഹ്‌മദ്‌ ഈ സീറ്റ്‌ ഉപേക്ഷിച്ച്‌ മലപ്പുറത്തേക്ക്‌ കടന്നതുകൊണ്ടാണ്‌. ഭൂകമ്പം വരുന്നത്‌ മുന്‍കൂട്ടിയറിയാന്‍ കഴിയുന്ന ചില ജീവികളുള്ളതായി കേട്ടിട്ടുണ്ട്‌. അത്തരം രാഷ്‌ട്രീയക്കാരുമുണ്ട്‌. കഴിഞ്ഞ തവണ അഹ്‌മദ്‌ മഞ്ചേരി വിട്ട്‌ പൊന്നാനിക്ക്‌ പറന്നത്‌ അങ്ങനെയാണ്‌. ഇത്തവണ തിരിച്ചുപറക്കുന്നത്‌ കണ്ടപ്പോഴാവണം ഇടതുപക്ഷത്ത്‌ പൂതിയുണര്‍ന്നത്‌. അഹ്‌മദ്‌ പോകാന്‍ വേറെ വല്ല കാരണവും കാണും.

അങ്ങനെയാണ്‌ സ്വതന്ത്രസ്ഥാനാര്‍ഥി വേണമെന്ന്‌ ഇടതുമുന്നണി തീരുമാനിച്ചത്‌. വോട്ടെടുപ്പുവരെ ഒരു സ്വാതന്ത്ര്യവുമില്ലാത്ത സ്ഥാനാര്‍ഥിയെയാണ്‌ സ്വതന്ത്രസ്ഥാനാര്‍ഥി എന്നുവിളിക്കുക. ജയിക്കുന്നതുവരെ ഏതുസ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ അടിമയായിരിക്കും. ആടാന്‍ പറഞ്ഞാല്‍ ആടും, ചാടാന്‍ പറഞ്ഞാല്‍ ചാടും. എന്നാല്‍ യു.ഡി.എഫുകാര്‍ വടകര, ബേപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ മുമ്പ്‌ മത്സരിപ്പിച്ച തരം ‘കോലീബി ‘ സ്വതന്ത്രനല്ല ഇടതുസ്വതന്ത്രന്‍. ഭൂരിപക്ഷമതക്കാരുടെ വോട്ട്‌ ലക്ഷ്യംവെച്ചുള്ള ഒരു അവസരവാദതട്ടിപ്പാണ്‌ യു.ഡി.എഫുകാരുടേത്‌. നമ്മുടേത്‌ ന്യൂനപക്ഷക്കാരുടെ വോട്ടുമാത്രം ലക്ഷ്യംവെച്ചുള്ള ഒരു മതേതര മൂല്യാധിഷ്‌ഠിത അടവുതന്ത്രമാണ്‌.

രണ്ടത്താണിയെ താന്‍ കണ്ടിട്ടേ ഇല്ലെന്നാണ്‌ പിണറായി പറഞ്ഞത്‌. ഇടതു മതേതര പ്രസ്ഥാനങ്ങളുടെ നാലയലത്ത്‌ വല്ലപ്പോഴുമെങ്കിലും വന്ന ഒരാളെ പിണറായി കാണാതിരിക്കില്ല. രണ്ടത്താണി ഏഴയലത്തും വന്നിട്ടില്ല എന്നുറപ്പ്‌. ജയിക്കാന്‍ പാര്‍ട്ടിതന്നെ വേണമെന്നില്ല ഇക്കാലത്ത്‌. അതുകൊണ്ടാണ്‌ കഴിഞ്ഞതവണ പുന്നപ്ര വയലാറിന്റെ നാട്ടിലെന്ന പോലെ ഇത്തവണ പൊന്നാനിയില്‍ മതപ്രഭാഷകനെ സ്ഥാനാര്‍ഥിയാക്കിയത്‌‌. സ്ഥാനാര്‍ഥിയേതായാലും വോട്ടുള്ള മതമായാല്‍ മതി എന്നതാണ്‌ പുതിയ തത്ത്വം. എന്തുകാര്യം, എന്തെല്ലാം ചെയ്‌താലും സി.പി.ഐ.ക്ക്‌ സംശയം തീരില്ല. സ്ഥാനാര്‍ഥിയെകാണാന്‍ അവര്‍ ഇസ്‌മയിലിനെ അയച്ചു. പയ്യന്‍ പെണ്ണുകണ്ട്‌ തൃപ്‌തിപ്പെട്ടാല്‍ അവന്റെ സഹോദരിമാര്‍ പോയി നോക്കിവേണമല്ലോ മഹിളയ്‌ക്ക്‌ കോങ്കണ്ണും മുടന്തുമൊന്നുമില്ല എന്നുറപ്പിക്കാന്‍. അതിനാണ്‌ ഇസ്‌മയില്‍ പോയത്‌. രണ്ടത്താണിയുടെ സ്‌മൈല്‍ ഇസ്‌മയിലിന്‌ ഇഷ്ടപ്പെട്ടില്ല. വിവാഹാനന്തരം മതിലുചാടാന്‍ സാധ്യതയുണ്ടെന്ന സൂചനയും ലഭിച്ചു. അങ്ങനെയാണ്‌ വേറെ ആളെ തിരയാന്‍ തീരുമാനിച്ചത്‌‌.

സി.പി.ഐ.ക്കാരുടെ ആശങ്ക അസ്ഥാനത്താണെന്ന്‌ പറഞ്ഞുകൂടാ. കഷ്ടപ്പെട്ട്‌ വോട്ടുപിടിച്ച്‌ ഒരു സര്‍വതന്ത്രസ്വതന്ത്രനെ പാര്‍ലമെന്റിലെത്തിച്ചിട്ട്‌ എന്തുകാര്യം? സ്ഥാനാര്‍ഥി പ്രചാരണത്തിന്‌ നാലുകാശ്‌ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തുചെലവാക്കില്ല. മുഴുവന്‍ നമ്മള്‍ പിരിച്ചുകൊടുക്കണം. പാര്‍ട്ടിചിഹ്നത്തിലല്ല മത്സരിക്കുന്നതെങ്കില്‍ ജയിച്ചാല്‍ ആള്‍ സര്‍വതന്ത്രസ്വതന്ത്രനാവും. ഏത്‌ കക്ഷിയിലേക്കും ചാടാം. രണ്ടത്താണി സ്വതന്ത്ര എം.പി.യായാല്‍ പത്തുരൂപ ലെവി തരില്ല, പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അംഗമാകില്ല. പാര്‍ലമെന്റില്‍ വോട്ടുചെയ്യാന്‍ പാര്‍ട്ടി വിപ്പ്‌ കൊടുത്താല്‍ തുപ്പിക്കളയും. റോഡില്‍കണ്ടാല്‍ കൊഞ്ഞനം കാട്ടിയെന്നുമിരിക്കും. പണ്ട്‌ എം.എസ്‌.എഫ്‌ ആയിരുന്ന ആള്‍ ഇനിയും മുസ്ലിം ലീഗ്‌ ആകില്ല എന്നുറപ്പുമില്ല.

ഇന്ത്യയില്‍ ദേശീയജനാധിപത്യമാണോ ജനകീയജനാധിപത്യമാണോ വേണ്ടത്‌ എന്ന ചോദ്യംപോലെ, ശരിയായ വിപ്‌ളവപാത മെയ്‌ഡ്‌ ഇന്‍ ചൈനയോ അതോ മെയ്‌ഡ്‌ ഇന്‍ സോവിയറ്റ്‌ യൂണിയനോ എന്ന ചോദ്യം പോലെ, കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ പുനരേകീകരണം ഉടനെ വേണമോ ഇരുപത്തഞ്ചാം നൂറ്റാണ്ടില്‍ മതിയോ എന്ന ചോദ്യം പോലെ….. അല്ലെങ്കില്‍ അതിനേക്കാളെല്ലാം ഗൗരവംകൂടിയ ഭൂഗോളപ്രശ്‌നമാണ്‌ പൊന്നാനിയില്‍ രണ്ടത്താണി വേണമോ എ.പി.കുഞ്ഞാമു വേണമോ എന്നത്‌. സീറ്റ്‌ അരയായാലും ഫുള്ളായാലും അതില്‍ വിട്ടുവീഴ്‌ചയില്ല. വരുന്നേടത്തുകാണാം.

ആകപ്പാടെ ഒരു പ്രശ്‌നമേ ഉള്ളൂ. പൊന്നാനി, മലപ്പുറം,തൃശ്ശൂര്‍, കോഴിക്കോട്‌ പ്രദേശങ്ങളില്‍ മാന്യന്മാരൊന്നും റോഡിലിറങ്ങുന്നില്ല. സി.പി.ഐ.ക്കാരെ പേടിച്ചാരും വഴിനടപ്പീല. കണ്ടാല്‍ പിടിച്ചുകൊണ്ടുപോയി സ്ഥാനാര്‍ഥിയാക്കിക്കളയും. ഒടുവില്‍ വെളിയംതന്നെ സ്വതന്ത്രനാകേണ്ടിവരുമോ എന്തോ…
+++

ഒരു പാര്‍ട്ടിയുടെ കൈയിലുള്ള സീറ്റിനെ സിറ്റിങ്‌ സീറ്റ്‌ എന്നുവിളിക്കും. സ്ഥിരമായി നിന്നുജയിക്കുന്നത്‌ മാത്രമല്ല സിറ്റിങ്‌ സീറ്റ്‌. സ്ഥിരമായി മത്സരിച്ച്‌ മലര്‍ന്നടിച്ചുവീഴുന്ന സീറ്റിനെയും സിറ്റിങ്‌ സീറ്റ്‌ എന്നാണ്‌്‌ വിളിക്കുന്നത്‌. യഥാര്‍ഥത്തില്‍ വിളിക്കേണ്ടത്‌ ഫാളിങ്‌ സീറ്റ്‌ എന്നാണ്‌. തൃശ്ശൂര്‍ സി.പി.ഐ.യുടെ സിറ്റിങ്‌ സീറ്റ്‌, പൊന്നാനി അവരുടെ ഫാളിങ്‌ സീറ്റ്‌.

സിറ്റിങ്‌ സീറ്റും കൈവിടില്ല, ഫാളിങ്‌ സീറ്റും കൈവിടില്ല കക്ഷികള്‍. മുന്നണി വീതംവെപ്പ്‌ പ്രകാരം ഒരു സീറ്റ്‌ ഒരു കക്ഷിക്ക്‌ പതിച്ചുകൊടുത്താല്‍ ആ നാട്ടിലെ വോട്ടര്‍മാര്‍ക്ക്‌ ആ ജന്മം വേറൊരു കക്ഷിയെ പരീക്ഷിച്ചുനോക്കാന്‍ അവസരം കിട്ടുകയില്ല. ഇങ്ങനെ സീറ്റുകള്‍ പതിച്ചുകൊടുക്കുന്നതിന്റെ മാനദണ്ഡമെന്താണെന്ന്‌ പാര്‍ട്ടികള്‍ക്ക്‌ അറിയുമായിരിക്കും, എന്തായാലും വോട്ടര്‍മാര്‍ക്കറിയില്ല.

സി.പി.എം പതിനാല്‌ സീറ്റ്‌ എടുക്കുന്നു, സി.പി.ഐ.ക്ക്‌ നാല്‌ കൊടുക്കുന്നു, ജനതാദളിന്‌ ഒന്നു കൊടുത്തെന്നും ഇല്ലെന്നും പറയുന്നു. അത്‌ എല്‍.ഡി.എഫിലെ കണക്ക്‌. യു.ഡി.എഫിലുമുണ്ട്‌ ശാശ്വതമായ ചില കണക്കുകള്‍. പാര്‍ട്ടികളുടെ ശക്തിയെക്കുറിച്ച്‌ എന്ത്‌ സ്ഥിതിവിവരക്കണക്കാണ്‌ ഇവരുടെ കൈവശമുള്ളത്‌ ? അഭിപ്രായ സര്‍വെ നടത്തിയിട്ടോ, ഒറ്റയ്‌ക്ക്‌ നേടിയ വോട്ടിന്റെ കണക്ക്‌ നോക്കിയിട്ടോ അല്ല അതൊന്നും തീരുമാനിക്കുന്നത്‌. തല്ലിക്കൊല്ലുമെന്നുപറഞ്ഞാലും ഇവരാരും ഒറ്റയ്‌ക്ക്‌ മത്സരിക്കില്ല. ശക്തി തെളിഞ്ഞുപോകും. സ്വാതന്ത്യം കിട്ടിയ കാലത്തോ കേരളം ഉണ്ടായ കാലത്തോ മറ്റോ കിട്ടിയ വോട്ടിന്റെ കണക്ക്‌ കാട്ടിയാണ്‌ ഇവര്‍ സീറ്റുകള്‍ പേശിവാങ്ങുന്നത്‌. അന്നത്തെക്കാള്‍ പതിന്മടങ്ങ്‌ ശക്തിയിപ്പോള്‍ ഉണ്ടെന്നാണ്‌ ഓരോകക്ഷിയുടെയും അവകാശവാദം. തമിഴ്‌നാട്ടില്‍നിന്ന്‌ സീറ്റുകള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നതുകൊണ്ടുമാത്രം, കക്ഷികള്‍ പഴയ സീറ്റുകളില്‍ മത്സരിക്കാന്‍ സമ്മതിക്കുന്നു.

കൂരിരുട്ടില്‍ അവില്‍ പങ്കുവെക്കുംപോലെ വിഷമകരമാണ്‌ ആ സീറ്റ്‌ പങ്കുവെപ്പ്‌. കക്ഷികള്‍ യോജിച്ചൊരു തീരുമാനമെടുക്കട്ടെ. ഇരുപത്തഞ്ചുവര്‍ഷത്തിലൊരിക്കലെങ്കിലും എല്ലാ കക്ഷികളും തനിച്ചുമത്സരിച്ച്‌ ഓരോരുത്തര്‍ക്കും വോട്ട്‌ എത്രയുണ്ടെന്നുനോക്കട്ടെ. ആ വോട്ടിന്റെ അനുപാതത്തിലാകട്ടെ സീറ്റ്‌ വിഭജനം. ഇങ്ങനെയൊരു വോട്ടെടുപ്പ്‌ നടത്തിയാല്‍ ചില കക്ഷികള്‍ക്ക്‌ വംശനാശം സംഭവിച്ചേക്കുമെന്ന പ്രശ്‌നമുണ്ട്‌. അത്തരം കക്ഷികളില്‍പ്പെട്ട നേതാക്കള്‍ക്ക്‌ നിശ്ചിതകാലം ലോക്‌സഭയുടെ വിസിറ്റേഴ്‌സ്‌ ഗാലറിയില്‍ വന്നിരിക്കാന്‍ ടി.എ.-ടി.എ കൊടുത്താലും ജനത്തിന്‌ വിരോധമുണ്ടാകില്ല.

+++
യു.ഡി.എഫില്‍ ആരും സീറ്റ്‌ എടുക്കാറുമില്ല കൊടുക്കാറുമില്ല എന്നാണ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞത്‌. പിന്നെയെങ്ങനെയാണാവോ കൃത്യം നിര്‍വഹിക്കുന്നത്‌. സീറ്റുകള്‍ മേലോട്ടെറിയക, താഴെ വീഴുമ്പോള്‍ ചാടിപ്പിടിച്ചെടുക്കുക എന്നതാവാം രീതി. അങ്ങനെ കരുത്തുതെളിയിച്ചാവും കോണ്‍ഗ്രസ്‌ ഇരുപതില്‍ പതിനേഴ്‌സീറ്റ്‌ കാലം കുറെയായി കൈവശം വെച്ചുകൊണ്ടിരിക്കുന്നത്‌. അകത്തുള്ളവര്‍ക്കേ അതിന്റെ സ്ഥിതിയറിയൂ.

എടുക്കലും കൊടുക്കലും ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടിയിലാണ്‌ ജോറായി നടക്കുന്നത്‌. രാജ്യത്താകമാനമുള്ള പത്തഞ്ഞൂറ്‌ ലോക്‌സഭാസീറ്റില്‍ മത്സരിക്കാനുള്ള ടിക്കറ്റ്‌ ഹൈക്കമാന്‍ഡ്‌ ലോക്കറില്‍ ആണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. സമയമാകുമ്പോള്‍ മദാംമാലാഖ കിങ്കരന്മാരുടെ അകമ്പടിയോടെ വന്ന്‌ ലോക്കര്‍ തുറക്കും. ടിക്കറ്റുകള്‍ ഓരോന്നായി എടുത്ത്‌ മദാം പേരുവിളിക്കും. പുറത്ത്‌ വന്‍ആള്‍ക്കൂട്ടം എനിക്കുതാ എനിക്കുതാ എന്ന്‌ അലമുറയിട്ടുകൊണ്ടിരിക്കുകയാണ്‌. ഓരോ സംസ്ഥാനത്തിനും ഓരോ പ്രത്യേകദിവസം നിശ്ചയിച്ചിട്ടുണ്ട്‌. എന്നിട്ടും ഡല്‍ഹിയില്‍ ട്രാഫിക്‌ ബ്ലോക്ക്‌ ഒഴിവാക്കാന്‍ കഴിയുന്നില്ല.

ആരുടെ പേര്‌ എന്ത്‌ മാനദണ്ഡമനുസരിച്ചാണ്‌ വിളിക്കുന്നത്‌ എന്ന്‌ ഇന്നുവരെ ശരിക്കറിയാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ കരുതുന്നത്‌ നറുക്കിട്ടാണ്‌ മദാം ഇതെല്ലാം തീരുമാനിക്കുന്നതെന്നാണ്‌. വേറെ ചിലര്‍ പറയുന്നത്‌ ജാതകം നോക്കിയാണ്‌ എന്നാണ്‌. ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തിയിട്ടാണ്‌ എന്നു ധരിച്ചവരും ബന്ധുബലം നോക്കിയാണ്‌ എന്ന്‌ ധരിച്ചവരും ഉണ്ട്‌. അതൊന്നുമല്ല, കൊടുക്കാന്‍കഴിയുന്ന തുകയുടെ ക്വട്ടേഷന്‍ സീല്‌ ചെയ്‌ത കവറില്‍ സ്വീകരിച്ച ശേഷമാണ്‌ സ്‌ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത്‌ എന്ന്‌ കരുതുന്നവരും കാണും. ഓരോരുത്തര്‍ക്കും അവരുടെ ബുദ്ധിക്കനുസരിച്ച്‌ അനുമാനിക്കാവുന്നതേ ഉള്ളൂ. വേറെ ഒരു ബലവും ഇല്ലാത്തവര്‍ക്ക്‌ കാലുതടവുക, പരദൂഷണം പറയുക, മുഖസ്‌തുതി പറയുക, ആളുകളെക്കൊണ്ട്‌ ടെലഗ്രാം അയപ്പിക്കുക, കശുവണ്ടിയോ ചെമ്മീനോ വാങ്ങി എ.ഐ.സി.സി ഓഫീസിലെ ക്ലര്‍ക്ക്‌ മുതലുള്ളവര്‍ക്ക്‌ നല്‍കുക തുടങ്ങിയ താരതമ്യേന ചെലവുകുറഞ്ഞ രീതികളില്‍ ഏര്‍പ്പെടാവുന്നതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top