മാധ്യമഭീമന്റെ വരവ്‌

ഇന്ദ്രൻ

ആഗോള മാധ്യമഭീമന്‍ റുപര്‍ട്ട്‌ മര്‍ഡോക്‌ വേഷപ്രച്ഛന്നനായോ മറ്റോ കേരളത്തില്‍ പ്രവേശിച്ചതായാണ്‌ വാര്‍ത്ത. പ്രവേശിച്ച ഉടനെ ഒരു ദൃശ്യമാധ്യമം കൈവശപ്പെടുത്തുകയും ചെയ്‌തത്രെ. ഏതെങ്കിലും ചെറുഭീമന്‍ വന്നൊരു തീപ്പെട്ടിക്കമ്പനി വാങ്ങിയാല്‍പ്പോലും തല്‍ക്ഷണം വിവരം അറിയേണ്ടവരാണ്‌ ഭരണാധികാരികള്‍. ഇലയിളകിയാല്‍ അറിയാന്‍ രഹസ്യപ്പോലീസ്‌ സംവിധാനമുള്ള ഭരണാധിപനായ പിണറായി വിജയന്‍പോലും വിവരം അറിഞ്ഞില്ലത്രെ. അറിഞ്ഞിരുന്നെങ്കില്‍ മര്‍ഡോക്‌ വിവരമറിയുമായിരുന്നു. ഒന്നുകില്‍ ചെക്ക്‌പോസ്റ്റില്‍ തടയും അല്ലെങ്കില്‍ പിടിച്ച്‌ ലോക്കപ്പിലാക്കും. അതല്ലെങ്കില്‍ വഴിതടയലോ

ഉപരോധമോ പിക്കറ്റിങ്ങോ ഹര്‍ത്താല്‍തന്നെയോ നടത്തുമായിരുന്നു. ഒന്നും നടന്നില്ല. ഇനി പറഞ്ഞിട്ട്‌ കാര്യമില്ല.
പറഞ്ഞിട്ട്‌ കാര്യമില്ലെങ്കിലും പറയാതിരിക്കാന്‍ പറ്റില്ല. മര്‍ഡോക്‌ ഭീമനെതിരെ ഇവിടെയാരെങ്കിലും ഒരക്ഷരം മിണ്ടിയോ എന്ന്‌ സഖാവ്‌ പിണറായി ചോദിച്ചത്‌ കേട്ടിരിക്കുമല്ലോ. വലിയ പ്രതികരണക്കാരാണല്ലോ കേരളീയര്‍ എന്ന്‌ കുത്തുകയും ചെയ്‌തു പിണറായി. കോവളത്ത്‌ കുളിക്കാനല്ല മര്‍ഡോക്‌ വന്നത്‌. കൃത്യമായ സാനമ്രാജ്യത്വ അധിനിവേശ അജന്‍ഡ അദ്ദേഹത്തിനുണ്ട്‌.
ഇപ്പോള്‍ത്തന്നെ കാക്കത്തൊള്ളായിരം ചാനലുകളും പത്രങ്ങളും കൈവശമുള്ള ആള്‍ ഇവിടെവന്ന്‌ ഒരു ചാനലിന്റെ മൂന്നുകഷണങ്ങളിലൊന്ന്‌ കൈവശത്തിലാക്കണമെങ്കില്‍ തീര്‍ച്ചയായും ഗൂഡ അജന്‍ഡ ഉണ്ടായിരിക്കണം. സാനമ്രാജ്യത്വഅധിനിവേശത്തിന്‌ എതിരെ ലോകത്ത്‌ വെല്ലുവിളി ഉയരുന്നത്‌ ഇപ്പോള്‍ കേരളത്തില്‍ നിന്നുമാത്രമാണെന്ന്‌ എതു മര്‍ഡോക്കിനാണ്‌ അറിയാത്തത്‌.
കേരളത്തിലുള്ള, അമേരിക്കയുടെ ഉറക്കം കെടുത്തുന്ന എന്തോ ഒന്നിലാണ്‌ സായിപ്പിന്റെ കണ്ണ്‌ എന്ന്‌ പാര്‍ട്ടിപത്രത്തിലെ വിശകലനലേഖനത്തില്‍ വ്യക്തമാക്കിയ സ്ഥിതിക്ക്‌ കൂടുതല്‍ സംശയിക്കാനുമില്ല. കേരളത്തിലെ ഒന്നിനെ വാര്‍ത്തകള്‍ വളച്ചൊടിച്ച്‌ തകര്‍ക്കാന്‍ ഇവിടെ മാധ്യമസിന്‍ഡിക്കേറ്റുകാര്‍ വേണ്ടത്രയുണ്ട്‌. അതിന്‌ മര്‍ഡോക്‌ വേണ്ട. സീരിയല്‍, പാട്ട്‌, ഡാന്‍സ്‌, റിയാലിറ്റിഷോ തുടങ്ങിയവ വളച്ചൊടിച്ച്‌ ഇടതുപക്ഷത്തെ തകര്‍ക്കാന്‍തന്നെയാവും മര്‍ഡോക്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ ചാനല്‍ വിലയ്‌ക്ക്‌ വാങ്ങിയത്‌. നേര്‌ നേരത്തേ അറിയിക്കുന്ന പണിയേറ്റെടുത്തവരാരും മര്‍ഡോക്കിന്റെ ആഗമനവിവരം മുന്‍കൂട്ടി നമ്മെ അറിയിച്ചില്ല. എന്‍.ജി.ഒ. യൂണിയന്‍ സമ്മേളനത്തില്‍ പിണറായിസഖാവ്‌ പ്രസംഗിച്ചപ്പോഴേ നമ്മളത്‌ അറിഞ്ഞുള്ളൂ. എന്നിട്ട്‌ അവരിപ്പോള്‍ ചോദിക്കുന്നത്‌ മീഡിയസിന്‍ഡിക്കേറ്റ്‌ മര്‍ഡോക്കിനെ എന്തുകൊണ്ടെതിര്‍ത്തില്ല, പത്രപ്രവര്‍ത്തകസംഘടന എന്തുകൊണ്ട്‌ തടഞ്ഞില്ല എന്നൊക്കെയാണ്‌. സാമ്രാജ്യത്വ അധിനിവേശത്തെ എതിര്‍ക്കാന്‍ കമ്യുണിസ്റ്റ്‌ പാര്‍ട്ടികളേക്കാള്‍ ഉത്തരവാദിത്വം പത്രപ്രവര്‍ത്തകസംഘടനയ്‌ക്കാണല്ലോ. സി.ഐ.എ. ഏജന്റുമാരായ മാധ്യമസംഘടനക്കാര്‍ മര്‍ഡോക്കിന്റെ ബദ്ധവൈരികളാണെന്ന്‌ ആര്‍ക്കാണറിയാത്തത്‌. ഇതൊക്കെയാണെങ്കിലും, മര്‍ഡോക്കിനെ മര്‍ഡര് ‍ചെയ്യുന്നതിന്‌ മുമ്പ്‌ അദ്ദേഹത്തിന്റെ പക്ഷം കൂടിയൊന്നു പരിഗണിക്കണമെന്ന്‌ സഖാക്കളോട്‌ ഒരപേക്ഷയുണ്ട്‌. നിങ്ങള്‍ വിചാരിക്കുന്നതുപോലെ അത്ര നീചനൊന്നുമല്ല അങ്ങേര്‌. എങ്ങനെയോ കുറെ മാധ്യമസ്ഥാപനങ്ങള്‍ കൈയില്‍ വന്നുപോയെന്നേ ഉള്ളൂ. അമേരിക്കക്കാരനാണെന്ന ഒരു ചീത്തപ്പേരും അങ്ങേര്‍ക്കുണ്ട്‌. അയ്യോ അബദ്ധമാണേ….. ഏഷ്യയുടെ തെക്കുകിഴക്കെ മൂലയില്‍കിടക്കുന്ന മൂന്നാംലോകമായ ഓസ്‌ട്രേലിയയിലെ പൗരനായിരുന്നു. രാജ്യസ്‌നേഹംപോലുള്ള പ്രാകൃതവികാരങ്ങളൊന്നുമില്ലാത്ത ആളായതുകൊണ്ട്‌ പൗരത്വം മാറ്റിയെന്നേ ഉള്ളൂ. അമേരിക്കയിലെ പത്രത്തിന്റെ ഉടമസ്ഥന്‍ അമേരിക്കന്‍ പൗരനായിരിക്കണമെന്ന ഒരു പിന്തിരിപ്പന്‍ നിയമമവിടെയുണ്ട്‌ എന്നതുമാത്രമാണ്‌ കാരണം.

വാങ്ങാന്‍പറ്റിയ മുന്തിയ മാധ്യമസ്ഥാപനങ്ങള്‍ ഇന്ത്യന്‍ അങ്ങാടിയില്‍ വേണ്ടത്ര ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഇന്ത്യന്‍ പൗരത്വവുമെടുക്കുമായിരുന്നു. മലയാളിയുടെ സ്ഥാപനം കൈയടക്കിക്കളഞ്ഞുവെന്ന്‌ വിലപിക്കുന്ന ഇടതുപക്ഷഉപദേശീയതാവാദികള്‍ മറ്റൊരു കാര്യം ഓര്‍ക്കണം. പണമുണ്ടാക്കുന്ന കാര്യത്തിലല്ലാതെ മറ്റൊന്നിലും അദ്ദേഹത്തിന്‌ ഒരു പിടിവാശിയും ഇല്ല. ചൈനയില്‍ പത്തുപതിനഞ്ചുകൊല്ലം മുമ്പ്‌ പത്രം വില്‍ക്കാനുണ്ടോ പത്രം എന്ന്‌ വിളിച്ചുചോദിച്ചുനടക്കുന്നതിനിടയില്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായത്തിന്‌ വന്ന ചൈനക്കാരിയാണ്‌ മര്‍ഡോക്കിന്റെ മൂന്നാമത്തെ ഭാര്യ. അന്ന്‌ ഇങ്ങോട്ട്‌ വരാനാണ്‌ അങ്ങേര്‍ക്ക്‌ തോന്നിയിരുന്നതെങ്കിലോ? കുത്തകമുതലാളിയെന്ന്‌ ഉറച്ചുവിളിക്കാന്‍ യോഗ്യതയുള്ള ആ സാനമ്രാജ്യത്വഅധിനിവേശക്കാരന്‍ സാനമ്രാജ്യത്വത്തിന്റെ മൂടുതാങ്ങികള്‍ ഭരിക്കുന്ന ഇന്ത്യയിലൊന്നുംവരാതെ തീവ്രവാദികളായ മാവോയിസ്റ്റ്‌ കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന ചൈനയില്‍ കച്ചോടത്തിന്‌ പോയതെന്തുകൊണ്ടാണെന്നുമാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല. മര്‍ഡോക്‌ കമ്യുണിസം തകര്‍ക്കുമെന്ന പേടിയൊന്നും ചൈനക്കാര്‍ക്ക്‌ കാണില്ല. അത്‌ തങ്ങള്‍തന്നെ ചെയ്യുന്നുണ്ടല്ലോ, എന്തിന്‌ മര്‍ഡോക്‌ എന്നാവും വിചാരം. ചൈനയിലെ ഏറ്റവും വലിയ വിദേശ വാര്‍ത്താസംപ്രേഷകന്‍ മര്‍ഡോക്കാണ്‌. വിദേശികള്‍ വാര്‍ത്തയില്‍ കൈവെക്കരുതെന്ന ഇന്ത്യയിലേതുപോലത്തെ നിയമമൊന്നും അവിടെയില്ല.
അവിടത്തെ കമ്യു.പാര്‍ട്ടിനേതാക്കളുടെ വലിയ സുഹൃത്തും നേതാക്കളുടെ മക്കളുടെ വ്യവസായപങ്കാളിയും മര്‍ഡോക്‌ എന്ന മര്‍ദകന്‍തന്നെ. പീപ്പിള്‍സ്‌ ഡെയ്‌ലിക്ക്‌ ഇന്റര്‍നെറ്റ്‌ സൈറ്റ്‌ ഉണ്ടാക്കിക്കൊടുത്തത്‌ മര്‍ഡോക്‌ നിയോഗിച്ച വിദഗ്‌ധരാണ്‌. മര്‍ഡോക്കിന്റെ ആവശ്യം പാര്‍ട്ടി അനുസരിക്കും പാര്‍ട്ടിയുടെ ആവശ്യം മര്‍ഡോക്കും അനുസരിക്കും. ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ…. ബി.ബി.സി. മാവോവിരുദ്ധലേഖനമെഴുതിയപ്പോള്‍ മര്‍ഡോക്‌ ആ ചാനല്‍ ചൈനയില്‍അറുത്തുകളഞ്ഞു. ദലൈലാമയെ ലോകമെങ്ങും അധിക്ഷേപിച്ചുനടന്നു മര്‍ഡോക്‌. ബെയ്‌ജിങ്ങിനടുത്ത്‌ ബെയ്‌ചിസി ജില്ലയില്‍ പരമ്പരാഗത ചൈനാസ്റ്റൈലിലുള്ള കൂറ്റന്‍ ഭവനം മര്‍ഡോക്കിനുണ്ട്‌. മക്കളെ മന്‍ഡാറിന്‍ഭാഷ പഠിപ്പിക്കാന്‍ ടീച്ചറെ നിയോഗിച്ചിരുന്നു മര്‍ഡോക്‌. എന്തൊരു നല്ല മന്‍ഷ്യന്‍. അങ്ങേരെപ്പറ്റിയാണോ അപഖ്യാതി പറഞ്ഞുപരത്തുന്നത്‌.

ചൈനീസ്‌ പാര്‍ട്ടിയുടെ തലയിലുള്ള രേഖ കേരളപാര്‍ട്ടിയുടെ കാലിനടിയില്‍ക്കുടി പടച്ചോന്‍ വരച്ചില്ല. അതിന്‌ ആരെ പഴിക്കാന്‍. ഇനിയും വൈകിയിട്ടില്ലെന്നതുമാത്രമാണ്‌ ഒരു സമാധാനം. ചൈനീസ്‌ പാത നമ്മുടെ പാത എന്നൊരു മുദ്രാവാക്യമുണ്ടാക്കിയാല്‍ പല കാര്യത്തിലും പ്രയോജനപ്പെടും.
*******
ഇക്കുറി പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം വേണ്ടെന്നുവെച്ചത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യം ഉയരുകയുണ്ടായി. മഴ കുറവായതുകൊണ്ടാവണം. ശീതകാലസമ്മേളനം, വര്‍ഷകാലസമ്മേളനം, വേനല്‍ക്കാലസമ്മേളനം….കാലാവസ്ഥ നോക്കി ജനപ്രതിനിധിസഭ സമ്മേളിക്കുക ! …ഈ ഐ.ടി. യുഗത്തില്‍… എന്തൊരു പ്രാകൃതാവസ്ഥ.
ലോക്‌സഭാ സമ്മേളനദിവസങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണത്രെ. അതിലൊട്ടും വേവലാതിപ്പെടേണ്ടതില്ല. സ്വാതന്ത്ര്യം കിട്ടിയ കാലത്ത്‌ ഉണ്ടാക്കിയത്ര നിയമങ്ങള്‍ ഇപ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കേണ്ട കാര്യമില്ലല്ലോ. നിയമനിര്‍മാണസഭയും അതിനനുസരിച്ച്‌ കുറച്ച്‌ സമ്മേളിച്ചാല്‍മതിയാകും. യോഗംചേരലും ഇറങ്ങിപ്പോകലുമാണല്ലോ പ്രധാനപണി. അതിനായി വര്‍ഷംമുഴുവന്‍ സമ്മേളിക്കേണ്ടതുമില്ല.
ഒരു തവണ ഇറങ്ങിപ്പോയാല്‍ അടുത്ത വര്‍ഷമേ തിരിച്ചുവരൂ എന്നൊരു കീഴ്‌വഴക്കം ഉണ്ടാക്കിയാല്‍ കുറെ സമാധാനം കിട്ടും. ചോദ്യംചോദിക്കലാണ്‌ വേറെ ഒരു പണി. അതിനിപ്പോള്‍ പാര്‍ലമെന്റ്‌ വേണമെന്നേ ഇല്ല. വിവരാവകാശനിയമപ്രകാരം എഴുതിക്കൊടുത്താലും മതി. പാര്‍ലമെന്റ്‌ കൂടിയാലും ഇല്ലെങ്കിലും അംഗങ്ങളുടെ സിറ്റിങ്‌ ഫീ കുറയില്ലെന്നൊരു വ്യവസ്ഥ കൊണ്ടുവന്നാല്‍ ഏകകണ്‌ഠമായി പാസ്സാക്കിയെടുക്കാം.
ഒരു വിശ്വാസവോട്ട്‌ മറികടക്കാന്‍ ചെലവാക്കിയ കാശിന്റെ കണക്ക്‌ ജനത്തിന്‌ അറിയില്ല. അറിയാതിരിക്കുകയാണ്‌ നല്ലത്‌. ഒരു തവണകൂടി സമ്മേളിച്ചാല്‍ ഇനിയും കുറെ പോക്കറ്റിലാക്കാമെന്ന അത്യാര്‍ത്തിയും ചിലര്‍ക്കുകാണും. അതുനടപ്പില്ല. ഇലക്ഷന്‌ മുമ്പത്തെ ഒരു കൊല്ലക്കാലം സമ്മേളനമേ വേണ്ട എന്നൊരു ഓര്‍ഡിനന്‍സിറക്കുകയാണ്‌ അടിയന്തരമായി വേണ്ടത്‌. സമാധാനമായി പത്ത്‌ കരാറൊപ്പിടുകയെങ്കിലും ചെയ്യാമല്ലോ.

*********
ശത്രു മിത്രത്തിന്റെ ഫലം ചെയ്യും എന്ന്‌ പഴഞ്ചൊല്ലുള്ളതായി അറിയില്ല. ഇല്ലെങ്കില്‍ ഇനി ഉണ്ടാക്കിയാലും മതി. ഓരോരോ സംസ്‌്‌ഥാനത്ത്‌ മാറിമാറി ഭീകരര്‍ ബോംബുകള്‍ പൊട്ടിക്കുമ്പോള്‍ ബി.ജെ.പി.ആസ്ഥാനത്ത്‌ പൊട്ടുന്നത്‌ ചിരിയാണ്‌. ഈ തിരഞ്ഞെടുപ്പുകാലത്ത്‌ ഇങ്ങനെ പരമ്പരബോംബ്‌ പൊട്ടിക്കാന്‍ മാത്രം ബുദ്ധിയുള്ള ഇസ്‌ലാമിക തീവ്രവാദിയെ കാണുകയാണെങ്കില്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍ തോന്നുന്നുണ്ടാവാം അവര്‍ക്ക്‌.
കശ്‌മീരില്‍ അമ്പലത്തിന്‌ മുപ്പത്‌ ഹെക്‌ടര്‍ ഭൂമി കൊടുത്തതിന്റെ പേരില്‍ ഒരു സംസ്ഥാനത്തിന്‌ തീക്കൊളുത്തിയ തീവ്രവാദികളെ വേണം ആദ്യം നമസ്‌കരിക്കാന്‍. ഇത്തരം ശത്രുക്കള്‍ കുറച്ചുണ്ടെങ്കില്‍ പിന്നെ മിത്രങ്ങള്‍ അധികം വേണമെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top