കേരളത്തില്‍ ഹര്‍ത്താലുകള്‍ എളുപ്പം വിജയിക്കുന്നതിന്റെ കാരണം മുഖ്യമന്ത്രി വി.എസ്.പറഞ്ഞിട്ടുണ്ട്. ഹര്‍ത്താല്‍ എന്നുകേള്‍ക്കുമ്പോള്‍ത്തന്നെ ആളുകള്‍ വീട്ടിലിരിക്കുന്നതാണ് കാരണം. ഇനി ഇങ്ങനെയൊരു വിഡ്‌ഢിത്തം വേറെ ആരും പറയാതിരിക്കാനാണ് ആഗസ്‌ത് ഇരുപതിന് കളിയുടെ റൂളൊന്നുമാറ്റിയത്. മുഖ്യമന്ത്രി പറഞ്ഞതുകേട്ട് പുറത്തിറങ്ങിയവര്‍ ഫലം അനുഭവിച്ചു. മുമ്പെല്ലാം ബന്ദെന്ന് കേട്ടാലാണ് പുറത്തിറങ്ങാതിരുന്നത്. കുറച്ചുകാലമായി ഹര്‍ത്താല്‍ എന്നുകേട്ടാലും ഇറങ്ങാറില്ല. ഇനി പണിമുടക്കെന്ന് കേട്ടാല്‍ ഇറങ്ങരുതാരും പുറത്ത്. അടുത്ത ഘട്ടത്തില്‍, നാളെ പ്രതിഷേധപ്രകടനം ഉണ്ടാവും എന്നു പത്രത്തില്‍ കണ്ടാല്‍ ഉടനെ സി.ഡി.യും ചിക്കനും വാങ്ങി വീട്ടിലേക്ക് പോകണം ജനം. ക്രമേണ ശീലിച്ചാല്‍മതി.
ഹര്‍ത്താലും ബന്ദും ഇല്ലാതാക്കാന്‍ സാമൂഹികബോധമില്ലാത്ത കുറെ
മധ്യവര്‍ഗബൂര്‍ഷ്വാകളും ബൂര്‍ഷ്വാകോടതിയുമെല്ലാം കൊണ്ടുപിടിച്ച് ശ്രമിച്ചുവരികയായിരുന്നു. ഹര്‍ത്താലും നിരോധിച്ചുകളയാമെന്നായിരുന്നു കോടതി ധരിച്ചിരുന്നത്; ഇനിയതൊന്നുകാണട്ടെ. ജനങ്ങളെ വീട്ടുതടങ്കലിലാക്കാനും കണ്ണീരുകുടിപ്പിക്കാനും ബന്ദോ ഹര്‍ത്താലോതന്നെ വേണമെന്നത് ബഹു.കോടതിയുടെ ബഹുതെറ്റിദ്ധാരണയായിരുന്നു. അതിന് വെറും പൊതുപണിമുടക്കുമതി എന്നവര്‍ മനസ്സിലാക്കട്ടെ.
കാല്‍നൂറ്റാണ്ടിനിടയില്‍ രണ്ടുഡസന്‍ പൊതുപണിമുടക്കുകളെങ്കിലും നടന്നിട്ടുണ്ട്‌് കേരളത്തില്‍. അന്നൊന്നും ആരും ആരെയും വഴിയില്‍തടയാറില്ല. കേന്ദ്രത്തില്‍ ബി.ജെ.പി. ഭരിക്കുമ്പോഴും കേരളത്തില്‍ യു.ഡി.എഫ് . ഭരിക്കുമ്പോഴും ഇടതുപക്ഷസംഘടനകള്‍ പൊതുപണിമുടക്ക് നടത്തിയിട്ടുണ്ട്. ആ ഭരണങ്ങളോട് കാട്ടിയ ഔദാര്യമൊന്നും കഴിഞ്ഞ മാസം വരെ ഇടതുപക്ഷത്തിനൊപ്പം കേന്ദ്രത്തില്‍ കിടപ്പറ പങ്കിട്ട യു.പി.എ.സര്‍ക്കാര്‍ അര്‍ഹിക്കുന്നില്ല. കൂടെക്കിടക്കുമ്പോഴും യു.പി.എ.യുടെ സാമ്പത്തികനയങ്ങള്‍ ഇതൊക്കെത്തന്നെയായിരുന്നില്ലേ എന്നും അന്ന് എന്തേ ബന്ദും പൊതുപണിമുടക്കും നടത്താതിരുന്നത് എന്നും ചോദിക്കുന്നവരുണ്ട്. ഇടതുപിന്തുണയോടെ ഭരിക്കുമ്പോള്‍ നടപ്പാക്കുന്ന ആഗോളീകരണം പോലെയല്ല ഇപ്പോഴത്തെ ആഗോളന്‍. ഇത് വിഷമേറിയ ഇനമാണ്. പ.ബംഗാളില്‍ ബുദ്ധദേവനും കേരളത്തില്‍ പിണറായി-വി.എസ്.-ഐസക്കാദികളും നടപ്പാക്കുന്ന ആഗോളന്റെ ചേട്ടനാണ് അവന്‍. അവനെ വെറുതെവിടാന്‍ പാടില്ല. പണിമുടക്കുനാളിലെ കേരളത്തിലെയും പ.ബംഗാളിലെയും കാലിയായ റോഡുകളും പൂട്ടിയ പീടികകളും കണ്ട് മന്‍മോഹന്‍സിങ്ങും ജോര്‍ജ് ബുഷും കിടുങ്ങിപ്പോയത്രെ. കിടുങ്ങട്ടെ.
അമേരിക്കന്‍ സാനമ്രാജ്യത്വത്തെ നേരിടാന്‍ പഴയ തന്ത്രങ്ങളൊന്നും പോരാ. പിച്ചാത്തി എടുക്കും എന്നുപറഞ്ഞാല്‍ എടുക്കുന്നത് വെട്ടുകത്തിയാകണം. പണിമുടക്കെന്ന് പറഞ്ഞ് ബന്ദെടുത്തുകുത്തണം. സ്വകാര്യവാഹനവും തടയുമെന്ന് മുന്‍കൂട്ടിപ്പറഞ്ഞാല്‍ ആളുകള്‍ പുറത്തിറങ്ങുകയില്ല. പൊതുപണിമുടക്ക് എന്നേ പറയാവൂ. നേതാക്കളെ വിശ്വസിച്ച് ജനം പുറത്തിറങ്ങും. പുറത്തിറങ്ങുന്നത് ആഗോളീകരണ -സാനമ്രാജ്യത്വ ഏജന്റന്മാരും യു.ഡി.എഫുകാരുമാകുമല്ലോ. അവരുടെ വാഹനം തടഞ്ഞ് കാറ്റൂരിവിടുകയും കല്ലെടുത്ത് തലയ്‌ക്ക് കുത്തുകയും ചെയ്യാം. എങ്കിലേ ജോര്‍ജ് ബുഷ് പാഠം പഠിക്കൂ.
നാട്ടുകാരെ മുഴുവന്‍ വഴി തടഞ്ഞ് പണിമുടക്കിച്ചിട്ടും പാര്‍ട്ടിപത്രത്തിന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും ഓഫീസ് കെട്ടിടം നിര്‍മിക്കുന്ന തൊഴിലാളികള്‍ പണിമുടക്കിയില്ല എന്നൊരു ക്രൂരവാര്‍ത്ത ചില സാനമ്രാജ്യത്വപത്രങ്ങളിലുണ്ട്.. കെട്ടിടംപണി ഒരു മിനിറ്റുപോലും മുടക്കാതിരുന്നത് സാനമ്രാജ്യത്വ ആഗോളീകരണശക്തികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‌കാനാണ്. അവരെ തകര്‍ക്കാനുള്ള ആറ്റംബോംബിന്റെ നിര്‍മാണം ഒരു നിമിഷംപോലും നിര്‍ത്തിവെക്കരുതല്ലോ.
മാധ്യമഭീകരത മാധ്യമക്രൂരതയായി മാറിയ സംഗതി സി.ഐ.ടി.യു. സംസ്ഥാനക്കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരിച്ച മകനെക്കാണാനാവാതെ റെയില്‍വേസ്റ്റേഷനില്‍ അലമുറയിടുന്ന അമ്മയെ ചാനലിലും പത്രത്തിന്റെ ഒന്നാംപേജിലും പ്രദര്‍ശിപ്പിക്കുക, വിവാഹപ്പാര്‍ട്ടിയുടെ വാഹനം ആക്രമിച്ചെന്ന വാര്‍ത്തയ്‌ക്ക് മൂന്നുകോളം തലക്കെട്ട് കൊടുക്കുക, രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞത് വെണ്ടയ്‌ക്കയാക്കുക, അമ്മയെ ആസ്‌പത്രിയിലാക്കി മരുന്നുവാങ്ങാന്‍ മറ്റൊരാളുടെ സ്‌കൂട്ടറിന് പിറകില്‍ കയറിയ കുട്ടി അക്രമം കണ്ടുകരയുന്നതിന്റെ കളര്‍ ചിത്രം ചക്കവലുപ്പത്തില്‍ കൊടുക്കുക, സമരക്കാരുടെ ചവിട്ടേറ്റുവീണ ആളുടെ ഫോട്ടോ കൊടുക്കുക, ടെലിഫോണ്‍ ബൂത്തിലെ പെണ്‍കുട്ടിയെ മുറിയില്‍ അടച്ചുപൂട്ടിയത് വാര്‍ത്തയാക്കുക തുടങ്ങിയ കൊടുംക്രൂരതകളാണ് മാധ്യമങ്ങള്‍ കാട്ടിയത്. സര്‍വസാധാരണമായ നൂറുകണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് കാട്ടുകയായിരുന്നു അവര്‍. ഇതെല്ലാം കണ്ടാല്‍ ജനത്തിന് എന്താണ് തോന്നുക ? ഈ ദുഷ്‌ടത്തരമെല്ലാം ചെയ്യുന്ന ഇവിടത്തെ രാഷ്ട്രീയഭീകരന്മാരെക്കാള്‍ ഭേദം ആഗോളീകരണ ഭീകരരാണ് എന്ന് ധരിക്കില്ലേ ? മാധ്യമക്രൂരതതന്നെയിത്.
പണിമുടക്കം 24 മണിക്കൂര്‍ ഉണ്ടായിരുന്നുവെങ്കിലും ജനത്തിന്റെ വാരിക്കു കുത്തുന്ന ഏര്‍പ്പാട് ഉച്ചയോടെ അവസാനിപ്പിച്ചിരുന്നു. തലേന്ന് വാങ്ങിയ മീനും ചിക്കനും വീട്ടിലെ അടുപ്പില്‍ വെന്തുരുകുന്നത് ഓര്‍മവന്നപ്പോഴാണ് പൊതുജനത്തെ ഉരുക്കുന്ന പണി നിര്‍ത്തി സമരസഖാക്കള്‍ സ്ഥലം വിട്ടതെന്ന് ചിലര്‍ അപഖ്യാതി പറയുന്നുണ്ട്. അതായിരുന്നില്ല കാര്യം. ലോഡ്‌ജ ുകളില്‍ പാര്‍ക്കുന്ന അന്യദേശക്കാരായ അനേകമനേകമാളുകള്‍ ഹര്‍ത്താല്‍ദിവസത്തില്‍ പട്ടിണികിടക്കുകയായിരുന്നു പതിവ്. നമ്മള്‍ വീട്ടില്‍ കുടുംബത്തോടൊപ്പം വിഭവസമൃദ്ധമായ ഊണ് കഴിച്ച് ഏമ്പക്കമിടുമ്പോള്‍ മറ്റേ ഗതികിട്ടാ തൊഴിലാളിവര്‍ഗത്തിന് വല്ലവന്റെയും സ്‌കൂട്ടറിന് പിറകില്‍ കയറി ഏതെങ്കിലും വണ്ടിക്കടയില്‍ കട്ടന്‍കാപ്പിയെങ്കിലും ഉണ്ടോ എന്ന് തിരയാന്‍ സൗകര്യം നല്‍കിയതാണ്. എന്നിട്ട് ഈ ദയാദാക്ഷിണ്യത്തെക്കുറിച്ച് ഒരു വരി ഈ ക്രൂരമാധ്യമങ്ങള്‍ എഴുതിയോ ?
**********
മരിച്ച മകനെ കാണാന്‍ അമ്മയ്‌ക്ക് പോകേണ്ടിവരുമെന്നറിഞ്ഞല്ല പൊതുപണിമുടക്ക് പ്രഖ്യാപിച്ചതെന്ന് പറഞ്ഞ എം.എം ലോറന്‍സിനെ ലവലേശം മനുഷ്യസ്‌നേഹമില്ലാത്ത ഭീകരനായി ചിത്രീകരിക്കുന്നുണ്ട് പലരും. അതില്‍ വലിയ കാര്യമൊന്നുമില്ല. സമരം മൂലം മരിച്ചതല്ല കൊച്ചുമോന്‍. സമരം വിജയിപ്പിക്കാന്‍ വേണ്ടി ആരെയെങ്കിലും കൊന്നെന്നുകേട്ടാല്‍പ്പോലും കൂസലുണ്ടാവില്ല ലോറന്‍സിന്. പിന്നെയല്ലേ ഒരമ്മയുടെ കണ്ണീര്‍ !
പാര്‍ട്ടിവളര്‍ത്താന്‍ എത്രയെത്ര ജീവനുകള്‍ ഇക്കാലത്തിനിടയില്‍ കുരുതികൊടുത്തിട്ടുണ്ടെന്നറിയുമോ ? അരനൂറ്റാണ്ടിന്നിടയില്‍ നടത്തിയ ബന്ദുകളില്‍ മരിച്ചവരെത്ര, സമരങ്ങളില്‍ കൊലയ്‌ക്ക് കൊടുത്തവരെത്ര, കൊന്നവരെത്ര? രാഷ് ട്രീയപ്പക തീര്‍ക്കാന്‍ വെട്ടിക്കൊന്ന നിരപരാധികളെത്ര… ഈ കണക്കെല്ലാം പാര്‍ട്ടി ഓഫീസിലെ ഏതെങ്കിലും കണക്കപ്പിള്ളയുടെ കൈയില്‍ കാണാന്‍ സാധ്യതയുണ്ട്. സമരം വിജയിപ്പിക്കാന്‍ വേണ്ടി ബസ്സിടിച്ചുനിര്‍ത്തി യാത്രക്കാരെ തീകൊളുത്തിക്കൊന്നിട്ടുണ്ട് ഈ പ്രബുദ്ധകേരളത്തിലെന്ന് പൊതുജനക്കഴുതയ്‌ക്ക് ഓര്‍മയുണ്ടോ എന്തോ…
അന്യന്റെ വേദന കണ്ടും മകന്‍ മരിച്ച അമ്മയുടെ കണ്ണീര് കണ്ടും മനസ്സലിയുന്ന സെന്റിമെന്റല്‍ പൈങ്കിളിയല്ല ലോറ. പിഴിഞ്ഞാല്‍ വെള്ളംകിട്ടാത്ത വിപ്ലവ കാരിരുമ്പാണ്. അന്യന്റെ വേദനയെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യാന്‍ കഴിയണമെങ്കില്‍ ചില്ലറ കാരിരുമ്പൊന്നുമായാല്‍പ്പോരാ. ഇത്തരം മനുഷ്യരെ വിശേഷിപ്പിക്കാന്‍ പറ്റിയ പേരുകള്‍ സഖാവ് പിണറായി വിജയന്റെ സ്റ്റോക്കില്‍ ധാരാളമുണ്ട്. അതില്‍ ഒന്നാണ് തിരുവമ്പാടി ബിഷപ്പിനെതിരെ പ്രയോഗിച്ചത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതെത്ര നിരുപദ്രവ’ജീവി.’
**************
സര്‍ക്കാര്‍ ഓഫീസ് ആക്രമിക്കുക, ഉദ്യോഗസ്ഥരെ അടിച്ചുശരിപ്പെടുത്തുക തുടങ്ങിയ വിപ്ലവപ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രം ചെയ്യുക എന്നതാണ് നിലനില്‍ക്കുന്ന കീഴ്‌വഴക്കം. സി.പി.എം. ഇനി ഇരുപത്തഞ്ചുകൊല്ലം ഭരണകക്ഷിയായിരിക്കണം എന്നാണ് ഡി.വൈ.എഫ്.ഐ.യുടെ മോഹം. അതിലൊരു കുഴപ്പമുണ്ട്. കീഴ്‌വഴക്കം തുടരുകയാണെങ്കില്‍ ഈ ഇരുപത്തഞ്ചുവര്‍ഷക്കാലം ഡി.വൈ.എഫ്.എ.ക്ക് ഒരു ബസ് കത്തിക്കാനോ ഒരു ജലവകുപ്പ് ഓഫീസ് ആക്രമിച്ച് ഫര്‍ണിച്ചറും ഫയലും കത്തിക്കാനോ കഴിയാതെ പോകും. ഒരു ബസ്സിന് കല്ലെറിയാന്‍ പോലും കഴിയാത്ത ഒരു തലമുറ വളരുകയെന്നുവെച്ചാല്‍ എന്തൊരു ദുരന്തമായിരിക്കുമെന്ന് ഓര്‍ത്തുനോക്കുക.
ഇതൊഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ആദ്യത്തെ രംഗമാണ് കോഴിക്കോട്ട് കണ്ടത്. ജപ്പാന്‍ കുടിവെള്ളത്തിന്റെ പേരില്‍ റോഡ് കുളമാക്കിയെന്ന് ആക്ഷേപിച്ച് ജലവിതരണവകുപ്പിന്റെ ഓഫീസ്‌് ഡിഫി യുവാക്കള്‍ അടിച്ച് കുളമാക്കി. റോഡ് ഈ കോലത്തിലുള്ളത് കോഴിക്കോട്ട് മാത്രമാണെന്നാവും ഡിഫിക്കാര്‍ ധരിച്ചത് എന്നുതോന്നുന്നു. സത്യത്തില്‍ അടി തിരുവനന്തപുരത്തെ മന്ത്രിയാപ്പീസുകളില്‍ നിന്നാണ് തുടങ്ങേണ്ടിയിരുന്നത്.
വകുപ്പുമന്ത്രിയോട് പറഞ്ഞ് പ്രശ്‌നം പരിഹരിപ്പിച്ചാല്‍ പോരായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ട്. എന്തൊരു അസംബന്ധചോദ്യം. അതുമതിയെങ്കില്‍പ്പിന്നെ മന്ത്രിമാര്‍പോരേ ? വിപ്ലവയുവജനസംഘടന വേണോ ? ഭരിക്കുമ്പോളാണ് ഏറ്റവും വിപ്ലവകരമായ സമരം ചെയ്യാന്‍ കഴിയുകയെന്ന് ഇപ്പോളാണ് തിരിച്ചറിഞ്ഞത്. സഹായത്തിന് പോലീസ് കൂടെയുണ്ടാവും. ഹര്‍ത്താലിനിടയിലാണോടാ ……..മോനെ സ്‌കൂട്ടറോടിക്കുന്നത്? കേറെടാ ജീപ്പില്‍ എന്ന് പോലീസിനെക്കൊണ്ട് പറയിപ്പിക്കാം. വണ്ടിയോടിച്ച് സമരക്കാരെ പ്രകോപിപ്പിച്ചുവെന്ന് കേസെടുക്കാനും വകുപ്പുണ്ടാക്കാം. ഇതിനാണ് ഭരണവും സമരവും എന്ന് ആചാര്യന്‍ പണ്ട് പറഞ്ഞത്. **********
ബന്ദിലെ അക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പിണറായി വിജയന്‍ മൗനം പാലിച്ചെന്ന് മാധ്യമറിപ്പോര്‍ട്ട്.
എവിടത്തെ ബന്ദ്, ജമ്മു കശ്‌മീരിലെയോ ? എന്നുചോദിച്ചില്ലല്ലോ. ഭാഗ്യം….
***********
പണിമുടക്കുദിവസം മന്ത്രിമാര്‍ പോലീസ് ജീപ്പുകളുടെ സംരക്ഷണത്തോടെ മോട്ടോര്‍ സൈക്കിളിന്റെ പിന്നിലിരുന്ന് സഞ്ചരിച്ചെന്ന് വാര്‍ത്ത.
എങ്കില്‍ മന്ത്രിമാരും പോലീസ്‌ജീപ്പില്‍ കയറിയാല്‍ പെട്രോള്‍ ലാഭിക്കാമായിരുന്നല്ലോ എന്ന് നിരക്ഷരജനം.
അപ്പോഴെങ്ങനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫോട്ടോ എടുക്കാന്‍ കഴിയും ? മാധ്യമങ്ങളോട് ക്രൂരത കാട്ടാമോ ?