പഴയകാലത്ത്, നന്നേ ക്ഷോഭജനകമായ എന്തെങ്കിലും പ്രശ്‌നത്തെച്ചൊല്ലി സമരം ചെയ്യുമ്പോള്‍ മാത്രമാണ് പ്രകടനക്കാരും പ്രക്ഷോഭകരും അക്രമാസക്തരാകാറുള്ളത്. ഇപ്പോഴതല്ല സ്ഥിതി. ഒരു തഞ്ചംകിട്ടിയാല്‍ ഏതുപ്രകടനവും അക്രമാസക്തമാകും. വല്ലപ്പോഴും മാത്രമാണ് ഒരു കളക്ടറേറ്റ്‌മാര്‍ച്ച് അല്ലെങ്കില്‍ ഒരു പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അക്രമാസക്തമാകാതെ അവസാനിക്കാറുള്ളത്. സദാ അക്രമത്തില്‍ ആസക്തരാകുക എന്നതാണ് നോര്‍മല്‍ അവസ്ഥ.
വളരെ കുറച്ചുകാലത്തിനിടയില്‍ പടര്‍ന്നുപിടിച്ചതാണ് രോഗം. ടെലിവിഷന്‍ പ്രേക്ഷകര്‍ എല്ലാദിവസവും ഇത് കാണുന്നുണ്ട്. അല്ലെങ്കില്‍, അവര്‍ കണ്ട് ആസ്വദിക്കുന്നതിന് വേണ്ടി
ദൃശ്യമാധ്യമങ്ങള്‍ അത് എല്ലാദിവസവും അവതരിപ്പിക്കുന്നു എന്നുവേണം പറയാന്‍. ജനങ്ങള്‍ക്ക് വേണ്ടിയാണ് പാവപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തകര്‍ അകാരണമായി അക്രമാസക്തരാകാറുള്ളതും പോലീസിന്റെ പൊരിഞ്ഞ തല്ല് വാങ്ങാറുള്ളതും. അതുജനം ഓര്‍ക്കാറില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് തല്ല് വാങ്ങുന്നത് എന്നു ധരിക്കരുത്. രാവും പകലും ടി.വി.ക്ക് മുന്നിലിരിക്കുന്ന ജനത്തിന് വിനോദം പകരാനാണ് അവര്‍ കഷ്‌ടപ്പെട്ട് തല്ലുവാങ്ങുന്നത്. ഫ്രീ ഓഫ് കോസ്റ്റ്. ചാനലുകള്‍ക്കും ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ചെലവൊന്നുമില്ല.
പ്രകടനം അല്ലെങ്കില്‍ മാര്‍ച്ച് നീങ്ങുമ്പോള്‍ ഏത് ഘട്ടത്തിലാണ് അക്രമാസക്തരാകേണ്ടത് എന്ന് മുന്‍കൂട്ടി തീരുമാനിക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. പലരുടെയും ധാരണ പോലീസിനെക്കാണുമ്പോളാണ് പ്രകടനക്കാര്‍ അക്രമാസക്തരാവുക എന്നാണ്. ആനയെപ്പോലെയുള്ള ബുദ്ധിയില്ലാത്ത ജീവികള്‍ക്ക് മാത്രമാണ് കാരണമൊന്നുമില്ലാതെ മദമിളകുക. പ്രകടനക്കാര്‍ക്ക് മദമിളകണമെങ്കില്‍ ടെലിവിഷന്‍ ക്യാമറക്കാര്‍ സ്ഥലത്തുണ്ടാകണം എന്ന് നിര്‍ബന്ധമാണ്. പ്രകടനം പത്തുമണിക്ക് ഗാന്ധിമൈതാനത്ത് നിന്നാരംഭിക്കുന്നതും കൃത്യം പത്തരയ്‌ക്ക് പോസ്റ്റ് ഓഫീസ് കവലയിലെത്തുമ്പോള്‍ അക്രമാസക്തരാകുന്നതുമാണ് എന്ന് ക്യാമറാമാന്മാരുടെ അറിവിനായി പത്രക്കുറിപ്പ് ഇറക്കുന്ന കാലം ഒട്ടും അകലെയല്ല.
പതിനായിരങ്ങള്‍ പങ്കെടുക്കുന്ന വന്‍പ്രകടനങ്ങള്‍ അക്രമാസക്തമാകുന്ന സമ്പ്രദായം ഇപ്പോഴില്ല. ജാഥയ്‌ക്ക് പോകാന്‍ അത്രയും ആളുകളെ കിട്ടുന്ന പാര്‍ട്ടികള്‍ പ്രതിപക്ഷത്തില്ല എന്നതാവാം ഒരു കാരണം. അക്രമാസക്തമാകുന്ന ജാഥയില്‍ പത്തോ ഇരുപത്തഞ്ചോ ആളുകളേ പാടുള്ളൂ. അപ്പോള്‍ പോലീസിന് വളഞ്ഞിട്ട് തല്ലാന്‍ വളരെ സൗകര്യമായിരിക്കും, ആര്‍ക്കും കിട്ടാതെപോവുകയുമില്ല. ഓഫീസിന് കാവല്‍നി’ുന്ന പോലീസുകാരുടെ മേക്കിട്ട് കയറുക എന്നതാണ് കാര്യപരിപാടിയിലെ ആദ്യഇനം. പ്രത്യേകിച്ച് പ്രകോപനമൊന്നും വേണ്ട. ആരെയും തല്ലുകയില്ല എന്ന് പ്രതിജ്ഞയെടുത്ത പോലീസുകാരനെക്കൊണ്ടും കൈമെയ് മറന്ന് തല്ലിക്കും. പ്രതിപക്ഷത്തിരിക്കുമ്പോള്‍ തല്ല് വാങ്ങുന്നതിന് ചാവേറുകളെപ്പോലെ കുറെപ്പേരെ വളര്‍ത്തിയെടുക്കുന്നുണ്ട്. പ്രത്യേകം ഇനങ്ങളടങ്ങിയ സ്‌പെഷല്‍ തീറ്റയും എണ്ണകുഴമ്പാദികളും പാര്‍ട്ടി ഇവര്‍ക്കേര്‍പ്പാട് ചെയ്യും. പ്രതിഫലം പണമായി മാത്രമല്ല നല്‌കുക. പാര്‍ട്ടി സ്ഥാനങ്ങളില്‍ സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി ഭരണത്തിലിരുന്ന കാലത്ത് ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പെല്ലാം മാറ്റി ശരീരം കൊളസ്‌ട്രോള്‍ മോചിതമാക്കുന്നതിന് കൂടിയുള്ളതാണ് പ്രക്ഷോഭങ്ങള്‍. ഒരു കയറ്റത്തിന് ഒരു ഇറക്കം എന്ന് പറഞ്ഞതുപോലെ ഓരോ അടിക്കുമുണ്ട് ഒരു സുഖചികിത്സാകാലം.
ആന്റണി-ഉമ്മന്‍ചാണ്ടി സര്‍ക്കാറുകളുടെ കാലത്ത് ഇടതുവിദ്യാര്‍ഥി -യുവജനസംഘടനകള്‍ കാഴ്‌ചവെച്ച തെരുവുനാടകങ്ങളുടെ നാലയലത്ത് വരുന്നതല്ല പ്രതിപക്ഷക്കാരുടെ ഇപ്പോഴത്തെ ഷോകള്‍ എന്നാണ് പ്രേക്ഷകരുടെ പൊതുവായ അഭിപ്രായം. സംശയമുള്ളവര്‍ക്ക് വേണമെങ്കില്‍ ഒരു എസ്.എം.എസ്. വോട്ടെടുപ്പ് നടത്തിനോക്കാവുന്നതാണ്. കമ്മീഷന്‍ തരാന്‍ മൊബൈല്‍കമ്പനികള്‍ സദാസന്നദ്ധമായുണ്ട്. റോഡില്‍ കെട്ടിപ്പിടിച്ചുകിടന്ന് തല്ലുവാങ്ങിക്കാന്‍ ശേഷിയുള്ള നാലു പെണ്‍പുലികള്‍ ഈ പ്രതിപക്ഷപാര്‍ട്ടികളിലൊന്നുമില്ല. തല്ലുകൊണ്ട സഹപ്രവര്‍ത്തകയെ, സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ നായികയെ എന്ന പോലെ പൊക്കിയെടുത്ത് ക്യാമറകള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ ശേഷിയുള്ള ആണൊരുത്തനും ഇല്ല ഈ പാര്‍ട്ടികളില്‍. വെറുതെ തല്ലുവാങ്ങാന്‍ മാത്രമറിയാം. എന്ത് പ്രയോജനമാണ് ഇതുകൊണ്ട് കിട്ടുന്നത് എന്നുമാത്രം അറിയില്ല. ഗീതയില്‍ പറഞ്ഞതുപോലെ ഫലം ഇച്ഛിക്കാതെ തല്ലുവാങ്ങുന്ന ജ്ഞാനികളാവാം, ദൈവത്തിനേ രക്ഷിക്കാന്‍ കഴിയൂ.
ബാരിക്കേഡില്‍ ചെന്ന് ഉന്തുക, കല്ലെറിയുക, തല്ലുവാങ്ങുക തുടങ്ങിയ രംഗങ്ങള്‍ എത്രയാണെന്നു വെച്ചാണ് ജനംകണ്ടുകൊണ്ടേ ഇരിക്കുക എന്ന പ്രശ്‌നമുണ്ട്. പ്രേക്ഷകരുടെ മടുപ്പുമാറ്റുന്നതിന് നവംനവങ്ങളായ ഐറ്റംനമ്പറുകള്‍ അവതരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് നമ്മുടെ ഗാന്ധിയന്‍ പാര്‍ട്ടി. ചാനല്‍ക്യാമറാമാന്മാരെയും പത്രഫോട്ടോഗ്രാഫര്‍മാരെയും മുന്‍കൂട്ടി വിവരമറിയിച്ച ശേഷം പാഞ്ഞുചെന്ന് സി.ഐ.യുടെ തൊപ്പി തട്ടിയെറിയുകയാണ് പുതിയ നമ്പറുകളിലൊന്ന്. ജാഥയ്‌ക്കിടയിലൂടെ നടന്നുപോയ ഭിക്ഷക്കാരിയെ ഓടിച്ചിട്ട് മുതുകത്ത് ചവിട്ടിയ സംഘപരിവാര ആര്‍ഷഭാരതസാംസ്‌കാരികനോളം വരില്ല ഈ യൂത്തന്‍ പ്രകടനം. എന്നാലും പ്രോത്സാഹജനകമാണ്. ഇനിയും വര്‍ഷം മൂന്നുണ്ടല്ലോ ബാക്കി. മനസ്സുവെച്ചാല്‍ ഇതിനേക്കാള്‍ മുന്തിയ പ്രകടനം കാഴ്‌ചവെക്കാന്‍ കഴിയും, ശ്രമിക്കണമെന്നുമാത്രം.
വല്ലപ്പോഴും ഇന്ത്യ സന്ദര്‍ശിക്കാറുള്ള കേന്ദ്ര പ്രവാസി മന്ത്രിയും മുന്‍കാല ആഭ്യന്തരമന്ത്രിയുമായ വയലാര്‍ രവിക്ക് സമാധാനകാംക്ഷികളും മഹാഗാന്ധിയന്മാരും ആയ യൂത്ത് കോണ്‍ഗ്രസ്സുകാരെ പോലീസ് കണ്ണില്‍ച്ചോരയില്ലാതെ മര്‍ദിക്കുന്ന വിവരമറിഞ്ഞ് ലണ്ടനിലോ വാഷിങ്‌ടണിലോ കിടന്നുറങ്ങാന്‍ കഴിഞ്ഞില്ല. നേരേ ഇങ്ങോട്ട് എയര്‍ഡാഷ് ചെയ്‌തു. ഒരു കാര്യം അദ്ദേഹം ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്. ഇവിടെ അഞ്ചുകൊല്ലം കൂടുമ്പോള്‍ മന്ത്രിസഭ മാറുമെന്നകാര്യം പോലീസുകാര്‍ മറക്കരുത്. മൂന്നുകൊല്ലം കഴിഞ്ഞാല്‍ യു.ഡി.എഫ്. അധികാരത്തില്‍ വരും. അറിഞ്ഞില്ലേ ? വയലാര്‍ജിയായിരിക്കും മുഖ്യമന്ത്രി. കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ഇന്നത്തെപ്പോലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വെവ്വേറെ ആളായിരിക്കില്ല. നമ്മള്‍തന്നെയായിരിക്കും രണ്ടുകസേരയിലും ചാഞ്ഞുകിടക്കുക. ഇന്നത്തെ പോലീസ് മര്‍ദനത്തിന് ശിക്ഷനല്‌കണമോ മാപ്പ് നല്‌കണമോ എന്നുതീരുമാനിക്കുന്നത് അന്ന് ഡിഫിക്കാരെ മര്‍ദിക്കുന്നത് കണ്ട് മാര്‍ക്കിട്ടിട്ടായിരിക്കും. ഓര്‍ത്തോ…
**********
കോണ്‍ഗ്രസ്സിനെ ദേശീയതലത്തില്‍ അടിയന്തരമായി പുനരുജ്ജീവിപ്പിക്കുന്നതിന് ഹൈക്കമാന്‍ഡ് പ്രത്യേകം സമിതിയെ നിയോഗിച്ചിരിക്കുന്നു. ഇത്തരം എമര്‍ജന്‍സി ഓപ്പറേഷനുകളില്‍ വിദഗ്‌ധന്‍ നമ്മുടെ അഭിവന്ദ്യ എ.കെ. ആന്റണിയാണ് എന്ന് അറിയാത്തവരില്ല. പത്തുനാല്‌പതുവര്‍ഷമായി തുടങ്ങിയ രോഗത്തിന് ഒരു വര്‍ഷം കൊണ്ട് പ്രതിവിധി കാണണമെന്ന് പറയുന്നത് കുറച്ച് കടന്ന ഡിമാന്‍ഡ് ആണെന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും ആന്റണിക്ക്‌് വലിയ പ്രതീക്ഷയാണ്. എന്തെങ്കിലും ഇന്ദ്രജാലം കണ്ടെത്താന്‍ കഴിയാതിരിക്കില്ല.
ഏത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ കഥ കഴിഞ്ഞാലും ഉടനെ ചെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താറുള്ളത് ആന്റണിഡോക്ടറാണ്. എന്തുകൊണ്ട് ആള്‍ ക്ലോസ് ആയി എന്നറിയുന്ന ആള്‍ക്കാണത്രെ ക്ലോസാകാതിരിക്കാന്‍ എന്തുചെയ്യണം എന്ന് കണ്ടെത്താന്‍ കഴിയുക. വൈദ്യശാസ്‌ത്രത്തില്‍ അങ്ങനെയുണ്ടോ എന്നറിയില്ല. എന്തായാലും കോണ്‍ഗ്രസ്സില്‍ അങ്ങനെയാണ്. അവസാനശ്വാസം ഇപ്പോള്‍ വലിക്കും എന്ന മട്ടില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ എന്തുചെയ്യണം എന്ന് നിര്‍ദേശിക്കാന്‍ കഴിയുക പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതില്‍ വൈദഗ്‌ദ്‌ധ്യം നേടിയ പോലീസ് സര്‍ജന് തന്നെയാവണം.
കേരളത്തില്‍ അഞ്ചുകൊല്ലം പ്രതിപക്ഷനേതാവായും പിന്നെ മൂന്നരക്കൊല്ലം മുഖ്യമന്ത്രിയായും ഇരുന്ന ശേഷമാണ് ആന്റണി ഡല്‍ഹിക്ക് സ്ഥലംവിട്ടത്. കോണ്‍ഗ്രസ്സിന് പുനരുജ്ജീവിപ്പിച്ച് ഒളിമ്പിക്‌സില്‍ ഓടാനുള്ള ആരോഗ്യം ഉണ്ടാക്കിക്കൊടുത്തല്ലേ അദ്ദേഹം പോയത് . കോണ്‍ഗ്രസ്സില്‍ മറ്റാര്‍ക്കും അറിയാത്ത ഒരപൂര്‍വ ഒറ്റമൂലിയുടെ പ്രയോഗംകൊണ്ടാണ് കോണ്‍ഗ്രസ്സിവിടെ തളരാത്ത വീര്യവുമായി ഉണര്‍ന്നുനില്‍ക്കുന്നത്. തീര്‍ച്ചയായും ഒരു കൊല്ലംകൊണ്ട് ആ അവസ്ഥ രാജ്യംമുഴുവനും ഉണ്ടാക്കാനാവണം സോണിയാജി ആഗ്രഹിക്കുന്നത്. അതിന് പക്ഷേ, ആന്റണിയുടെ സേവനം അത്ര അത്യാവശ്യമായിരുന്നോ എന്നേ സംശയമുള്ളൂ.
**********
ആവശ്യത്തിലേറെ തിന്നുന്ന ആര്‍ത്തിപ്പണ്ടാരങ്ങളായ ഇന്ത്യക്കാരും ചൈനക്കാരും ലോകത്ത് ഭക്ഷ്യക്ഷാമമുണ്ടാക്കിയതിന് ശേഷം ആവശ്യത്തിലേറെ കാറും ബൈക്കുമോടിച്ച് പെട്രോള്‍വിലയും അനുദിനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെപോയാല്‍ പാവപ്പെട്ട അമേരിക്കക്കാര്‍ എങ്ങനെയാണ് കഴിഞ്ഞുകൂടുക ?
ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്ന് യു.എസ്. സര്‍ക്കാര്‍ ഇന്ത്യാഗവണ്മെന്റിന് കഴിഞ്ഞ ദിവസം ഉപദേശം നല്‍കുകയുണ്ടായി. അന്താരാഷ്ട്രവിപണിയില്‍ എത്ര വില വര്‍ധിക്കുന്നുവോ അത്ര വിലയേ്‌ക്ക ഇന്ത്യക്കാര്‍ക്കും പെട്രോള്‍ നല്‍കാന്‍ പാടുള്ളൂ. ഒരു വിധത്തിലുമുള്ള സബ്‌സിഡിയും നല്‍കാന്‍പാടില്ല. വില കുറച്ചുകൊടുത്താല്‍ ഇന്ത്യക്കാര്‍ പെട്രോള്‍ കുടിച്ചുവറ്റിച്ച് ലോകത്തെ നശിപ്പിക്കും.
അമേരിക്കക്കാര്‍ക്ക് ഇപ്പോഴും ഇന്ത്യക്കാരെ മനസ്സിലായിട്ടില്ല. അവര്‍ ഈ വിദ്യയൊക്കെ പഠിക്കുന്നതിന് എത്രയോ കാലം മുമ്പേ ഈ വിദ്യ നടപ്പാക്കിയവരാണ് ഇന്ത്യാഗവണ്മെന്റിലുള്ളത്. അന്താരാഷ്ട്രവിപണിയില്‍ ഇരുപത്തിമൂന്നുരൂപയ്‌ക്ക് വി’ുന്ന പെട്രോള്‍ ആണ് മുപ്പതുരൂപയിലേറെ നികുതി കൂട്ടിച്ചേര്‍ത്ത് അമ്പത്തിമൂന്നുരൂപയ്‌ക്ക് ഇവിടെവില്‍ക്കുന്നത്. ഇരുപത്തിനാല് രൂപയ്‌ക്ക് വാങ്ങുന്ന ഡീസലിന് നികുതി ചേര്‍ത്ത് വില മുപ്പത്തെട്ടാക്കിയിട്ടുണ്ട്. പോരെ ? എത്ര കഷ്‌ടപ്പെട്ടാണ് ഞങ്ങളിവിടെ എണ്ണവില ആകാശത്തോളം ഉയരത്തില്‍ പിടിച്ചുനിര്‍ത്തിയിരിക്കുന്നത്. ഇത്രയും നികുതി ചേര്‍ത്ത് പെട്രോള്‍ ഉപഭോഗം കുറയ്‌ക്കാന്‍ അമേരിക്കന്‍ സര്‍ക്കാറിനാകുമോ ? ഒരു ഡോളര്‍ കൊടുത്താണ് ഒരു ലിറ്റര്‍ പെട്രോള്‍ അമേരിക്കക്കാര്‍ വാങ്ങുന്നത്. വിനിമയനിരക്ക് നോക്കിയാല്‍ ഏതാണ്ട് ഇന്ത്യയില്‍ വില്‍ക്കുന്ന വില. പക്ഷേ, അമേരിക്കയില്‍ ഒരു പേക്ക് സിഗരറ്റിന് കൊടുക്കണം അതിന്റെ നാലിരട്ടി.
നമ്മള്‍ മറ്റൊന്നുകൂടി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ കുഴിച്ചെടുക്കുന്ന പെട്രോളും വില്‍ക്കുന്നത് അന്താരാഷ്ട്ര വിലയിലാണ്. വില കൂട്ടിക്കൂട്ടി ഉപഭോഗം കുറയ്‌ക്കാന്‍ ഇതിലപ്പുറം എന്തുചെയ്യാനാകും? പെട്രോള്‍ നികുതിയില്‍ നല്ലൊരു പങ്ക് കേന്ദ്രത്തിനാണ് പോകുന്നത്. അതൊട്ടും കുറയ്‌ക്കാതെയാണ് സംസ്ഥാനങ്ങളോട് നികുതി കുറയ്‌ക്കാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിലപ്പുറമൊന്നും വയ്യ അമേരിക്കന്‍സാറന്മാരേ…