കോ യമ്പത്തൂരിലേക്ക് പോയ കോടിയേരി ബാലകൃഷ്‌നനല്ല കോയമ്പത്തൂരില്‍ നിന്ന് മടങ്ങിയ കോടിയേരി ബാലകൃഷ്‌നന്‍. പറയുമ്പോള്‍ മുഴുവന്‍ പറയണമല്ലോ, കോയമ്പത്തൂരിലേക്ക് പോയ പിണറായി വിജയനോ വി.എസ്. അച്യുതാനന്ദനോ അല്ല കോയമ്പത്തൂരില്‍ നിന്ന് മടങ്ങിയതും.
പിണറായിയില്‍ നിന്ന് കോടിയേരിയിലേക്ക് അകലമെത്രയുണ്ട് എന്ന് ചോദിച്ചാല്‍ തലശ്ശേരിക്കാര്‍ പറയും പത്തുപന്ത്രണ്ടുകിലോമീറ്ററേ ഉള്ളൂ എന്ന്. കോയമ്പത്തൂരിന് മുമ്പോ ശേഷമോ എന്ന് ചോദിക്കരുത്. അവര്‍ പ്രകോപിതരായേക്കും, സൂക്ഷിക്കുക. കോടിയേരിയും പിണറായിയും തമ്മിലുള്ള അകലം കൂടുകയുമില്ല, കുറയുകയുമില്ല. അതു കഴിഞ്ഞ യുഗത്തിലുണ്ടായിരുന്ന അത്രതന്നെയായിരിക്കും വരുന്ന കാലത്തും.
സ്ഥാനമോഹം എന്നൊരു വാക്ക് കമ്യൂണിസ്റ്റുകാരുടെ നിഘണ്ടുവിലില്ല. വിഭാഗീയതയെക്കാള്‍ നികൃഷ്ടമായ സംഗതിയാണ് സ്ഥാനമോഹം. താന്‍ പൊളിറ്റ് ബ്യൂറോ അംഗമാകുമെന്ന് തലേന്ന് സ്വപ്‌നം കണ്ടതായി ആരെങ്കിലും ആരോടെങ്കിലും അബദ്ധത്തില്‍ പറഞ്ഞുപോയാല്‍ മതി, ഉടന്‍ പേരുവെട്ടും. അത്ര സ്‌ട്രിക്‌റ്റാണ് കാര്യങ്ങള്‍. അതുകൊണ്ട്, എം.എ.ബേബിയോ പാലോളിയോ കോടിയേരിയോ ആ സ്ഥാനം ആഗ്രഹിച്ചുവെന്നോ പട്ടിക വായിച്ചുകേട്ടപ്പോള്‍ ഇതിലൊരാളുടെ മുഖം വിളര്‍ത്തുവെന്നോ മാധ്യമസിന്‍ഡിക്കേറ്റുകാര്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അതാരും ഗൗരവമായിട്ടെടുക്കേണ്ട. സ്ഥാനംകിട്ടാത്തവര്‍, ആ ബാധ്യത തന്റെ തോളില്‍വന്നില്ലല്ലോ എന്ന് സന്തോഷിക്കുകയാണ് ചെയ്യുക, ചെയ്യേണ്ടത്.
കോയമ്പത്തൂരില്‍ വായിച്ച പട്ടിക ആരുണ്ടാക്കിയതാണ്? വോട്ടെടുപ്പാണോ നടക്കാറുള്ളത്?പാര്‍ട്ടിയുടെ ചരിത്രത്തില്‍ എന്നെങ്കിലും വോട്ടെടുപ്പിലൂടെ പൊളിറ്റ് ബ്യൂറോ അംഗത്തെ തിരഞ്ഞെടുത്തതായി അറിവില്ല. ലോകത്തേതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അങ്ങനെ തിരഞ്ഞെടുത്തിട്ടുണ്ടോ എന്നും ഉറപ്പില്ല. വോട്ടെടുപ്പ് ജനാധിപത്യവിരുദ്ധമാണെന്ന് പാര്‍ട്ടി കരുതുന്നതായി ധരിക്കേണ്ട. ആര്‍ക്കും മത്സരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, മത്സരിക്കില്ല, കൊന്നാലും മത്സരിക്കില്ല. ഏറിയാല്‍ സംസ്ഥാനസെക്രട്ടറിസ്ഥാനം വരെ മത്സരമൊക്കെ സഹിച്ചേക്കും. ഏത് സ്ഥാനത്ത് ആര് ത്യാഗം ചെയ്യണം എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുക. നിലവിലുള്ള പൊളിറ്റ് ബ്യൂറോ തീരുമാനിക്കും അടുത്ത പൊളിറ്റ് ബ്യൂറോയില്‍ ആരെല്ലാം ഉണ്ടാകണം എന്ന്. അബദ്ധത്തില്‍ ആരുടെ പേരും വിട്ടുപോകില്ല. മറ്റൊരു ഗുണവും ഉണ്ട്-ഒരിക്കല്‍ പൊളിറ്റ് ബ്യൂറോവില്‍ അംഗമായ ആള്‍ക്ക് മരിക്കുന്നതു വരെ അംഗമായി തുടരാം. ഒട്ടും വയ്യാതായാല്‍ ഒഴിവാകാന്‍ പാര്‍ട്ടി അനുവദിച്ചേക്കും. പക്ഷേ, അതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ നല്‍കേണ്ടതുണ്ട്. തനിക്ക് വയ്യാതായെന്ന് താനല്ല തീരുമാനിക്കേണ്ടത്, പൊളിറ്റ് ബ്യൂറോ ആണ്. ആര്‍. ഉമാനാഥിനും ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനും വിരമിക്കാന്‍ അനുമതി കിട്ടി. ജ്യോതിബസുവിന് കിട്ടിയത് സോപാധികജാമ്യം മാത്രം. വര്‍ഷത്തിലൊരിക്കലെങ്കിലും യോഗത്തില്‍ വന്ന് ഒപ്പിടണം. വേറെ രണ്ടംഗങ്ങളുടെ പേര് പുതിയ കമ്മിറ്റിയില്‍ ചേര്‍ക്കാന്‍ പറ്റിയില്ല, ഒരു നിവൃത്തിയുമില്ല. രണ്ടുപേരും അന്തരിച്ചുപോയി.
കേരളത്തില്‍ നിന്ന് പുതുതായി ആരാണ് പൊളിറ്റ് ബ്യൂറോ അംഗമാകുക എന്നത് സംബന്ധിച്ച് മാധ്യമസിന്‍ഡിക്കേറ്റുകാര്‍ അഭ്യൂഹങ്ങളിലേര്‍പ്പെടുകയുണ്ടായി. അവരാരും കോടിയേരിയുടെ പേര് പറഞ്ഞില്ല. പാര്‍ട്ടിയെക്കുറിച്ച് ഇവര്‍ക്ക് ഒരു ചുക്കും അറിയില്ല എന്നതിന് വേറെ തെളിവ് വേണ്ട. കേന്ദ്രക്കമ്മിറ്റിയിലെ സീനിയോറിറ്റിയനുസരിച്ച് എം.എ. ബേബിയാണ് പൊളിറ്റ് ബ്യൂറോവിലെത്തുക എന്നവര്‍ ധരിച്ചുപോയി. സീനിയോറിറ്റി നോക്കാന്‍ ഡെപ്യൂട്ടി താസില്‍ദാറുടെ പോസ്റ്റാണോ പൊളിറ്റ് ബ്യൂറോ അംഗത്വം?
അപ്പോള്‍ എന്തടിസ്ഥാനത്തിലാണ് കോടിയേരിയെ പൊളിറ്റ് ബ്യൂറോവിലെടുക്കാന്‍ തീരുമാനിച്ചത്? വോട്ടെടുപ്പുമില്ല, നറുക്കെടുപ്പുമില്ല, സീനിയോറിറ്റിയുമില്ല. കാടാമ്പുഴ ഭഗവതി പാര്‍ട്ടിസ്ഥാനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാറുള്ളതായി തെളിവുമില്ല. ബുദ്ധിജീവിയും സംഗീത-സാഹിത്യാസ്വാദകനുമൊക്കെയായ എം.എ. ബേബി എന്തുകൊണ്ട് പരിഗണിക്കപ്പെട്ടില്ല? ബേബിയെ ഫുള്‍ടൈം പൊളിറ്റ് ബ്യൂറോ മെമ്പര്‍ ആക്കി ഡല്‍ഹിയില്‍ നിയോഗിച്ചിരുന്നെങ്കില്‍ ഒരേ സമയം കേരളത്തിലെ വിദ്യാഭ്യാസവും പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയും രക്ഷപ്പെടും എന്നോര്‍ക്കാഞ്ഞിട്ടാണോ? അതാവില്ല കാര്യം. ആംഗലം മണിമണിയായി പേശുന്ന രണ്ടുപേരിപ്പോള്‍ത്തന്നെ പൊളിറ്റ് ബ്യൂറോവിലുണ്ട്‌്. മൂന്നാമതൊരാള്‍ വേണ്ട. ബേബിയും കൂടിവന്നാല്‍ ചാനലുകാര്‍ക്ക് പണിയാകും, യെച്ചൂരിക്ക് പണിയില്ലാതെയുമാകും. മാത്രവുമല്ല, ഇംഗ്‌ളീഷ് അറിയുന്നവരുടെ എണ്ണംകൂടിയാല്‍ പിന്നെ പൊളിറ്റ് ബ്യൂറോവിലെ ചര്‍ച്ച അവസാനിക്കില്ല. ഒന്നുരണ്ടുപേരൊഴികെ ബാക്കിയുള്ളവര്‍ യെസ്, നോ എന്നൊക്കെ പറഞ്ഞാല്‍മതി. അധികം സംസാരിക്കുന്നത് വിപ്‌ളവം വൈകിക്കുകയേ ഉള്ളൂ.
കണ്ണൂര്‍ ലോബിയിലെ പുതിയ താരോദയം എല്ലാവരും ശ്രദ്ധിക്കുക, കേട്ടതിലേറെ ഇനി കേള്‍ക്കാനിരിക്കുന്നു. ചില താരങ്ങള്‍ ഉദിച്ച ഉടനെ തിളങ്ങുന്നത് ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണാം. ചിലവ ഇല്ലാതായാലും വെളിച്ചം കുറെക്കാലം കാണും. താരമില്ല, വെളിച്ചം മാത്രം.
രാഷ്‌്‌ട്രീയ സംഘടനകളില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് ചില രീതികള്‍ ലോകമെങ്ങും നടപ്പിലുണ്ട്. കുറച്ച് പഴഞ്ചന്‍ ആണ് രീതിയെന്ന് സമ്മതിക്കാം. അംഗങ്ങള്‍ വോട്ടിനിട്ട് തീരുമാനിക്കും ആരാണ് നമ്മെ നയിക്കേണ്ടതെന്ന്. ജനാധിപത്യം എന്ന പഴഞ്ചന്‍ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം ഇതുതന്നെയാണ് സമ്പ്രദായം. മെച്ചപ്പെട്ട വേറൊരുരീതി കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടുമാത്രമാണിത് തുടരുന്നത്.
പ്രതിഭാശാലികള്‍ ഉദയം ചെയ്യുന്ന പ്രസ്ഥാനങ്ങളില്‍ ജനാധിപത്യം വേണമെന്നില്ല. നവംനവങ്ങളായ ആശയങ്ങള്‍ അവിടെ ഉദയംചെയ്യും. കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ കുറെക്കാലമായിത്തന്നെ വോട്ടെടുപ്പുജനാധിപത്യം എന്ന പ്രാകൃതസമ്പ്രദായമില്ല. മണിയടി, സേവപിടിത്തം, ഗ്രൂപ്പ് ഓഹരിവെപ്പ്, കുതികാല്‍വെട്ട് തുടങ്ങിയ രീതികളാണ് നിലവിലുള്ളത്. ഇപ്പോഴിതാ രാഹുല്‍ഗാന്ധി എന്ന താരത്തിന്റെ ഉദയത്തോടെ പുതിയ രീതി വരികയായി. ടാലന്റ് സര്‍ച്ച് എന്നാണിതിന് പേര്. ജനാധിപത്യത്തില്‍ ടാലന്റുകളെ കണ്ടെത്തുക വോട്ടര്‍മാരാണ്. വോട്ടര്‍മാര്‍ക്ക് അതിനുള്ള ശേഷിയില്ലെങ്കില്‍ എന്തുചെയ്യും? നേതാക്കള്‍ ഇന്റര്‍വ്യുനടത്തി ഭാരവാഹികളെ തീരുമാനിക്കും. നേതാക്കളെ തിരഞ്ഞെടുക്കാനുള്ള കഴിവുപോലും ഇല്ലാത്തവരുടെ നേതാവാകേണ്ടിവന്ന രാഹുലിന്റെ നിര്‍ഭാഗ്യത്തിന് ആരെപ്പഴിക്കാനാണ്.
ലോകവിഡ്‌ഢിദിനത്തിലാണ് ഇതിനുള്ള ഇന്റര്‍വ്യൂ കേരളത്തില്‍ നടന്നത്. ദിനമെന്തായാലും ഒരു കാര്യം ബുദ്ധിപൂര്‍വമാണ് ചെയ്‌തത്. എഴുത്തുപരീക്ഷ നടത്തിയില്ല. ചോദിച്ചതെന്ത്, മറുപടി പറഞ്ഞതെന്ത് എന്നുള്ളതിനൊന്നും രേഖയില്ല. ഇന്റര്‍വ്യൂബോര്‍ഡിന്റെ നിഗമനങ്ങളെ മറികടക്കാന്‍ നമ്മുടെ പതിവ് മണിയടി സേവാ പ്രതിഭ ഉപയോഗപ്പെടുത്തിയാല്‍ മതിയാകും എന്നര്‍ഥം.. എഴുത്തുപരീക്ഷയായിരുന്നെങ്കില്‍ കഷ്ടപ്പെട്ടുപോയേനെ. അല്ലെങ്കിലും, എഴുതിയാല്‍ രക്ഷപ്പെടുമായിരുന്നെങ്കില്‍ വല്ല പി.എസ്.സി. പരീക്ഷയും എഴുതി സ്ഥലം വിടുമായിരുന്നല്ലോ. ഈ വയ്യാവേലിക്ക് വരുമായിരുന്നോ?
ആറുവര്‍ഷംമുമ്പ് കര്‍ണാടക നിയമസഭയില്‍ നിന്ന് വ്യവസായപ്രമുഖന്‍ വിജയ് മല്ലയ്യ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങളിലും രാഷ്‌ട്രീയവൃത്തങ്ങളിലും കാര്യമായ ചര്‍ച്ചയായിരുന്നു. മുതലാളിമാര്‍ പാര്‍ലമെന്റിന്റെ പവിത്രസ്ഥാനങ്ങള്‍ കൈയടക്കുകയോ ആരവിടെ… എന്നെല്ലാമായിരുന്നു സോഷ്യലിസ്റ്റുകളുടെ ആക്രോശങ്ങള്‍. ഇത്തവണത്തെ രാജ്യസഭാതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരു ആക്രോശവുമില്ല.
മുതലാളിമാര്‍ മത്സരിക്കാഞ്ഞതുകൊണ്ടല്ല ആക്രോശമൊന്നും ഉണ്ടാകാതിരുന്നത്. കാലം മാറിയതുകൊണ്ടാവണം. വിജയ് മല്ലയ്യയെപ്പോലുള്ളവര്‍ പാര്‍ലമെന്റ് എന്തോ വലിയ സംഗതിയാണെന്ന് തെറ്റിദ്ധരിച്ചാണ് അങ്ങോട്ട് പാഞ്ഞുചെന്നത്. ഒരു ജനതാപാര്‍ട്ടിയുടെ നേതാവായി സ്വയം അവരോധിച്ച ശേഷം കര്‍ണാടക മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ടപ്പോഴാണ് അദ്ദേഹത്തിന് രാജ്യസഭയില്‍ച്ചെന്ന് ജനങ്ങളുടെ കാര്യം പറഞ്ഞേ തീരൂ എന്ന ചിന്തയുണ്ടായത്. ഇത്തരം വിഡ്‌ഢിത്തത്തിനൊന്നും അംബാനിമാരെക്കിട്ടില്ല. ഇത്തവണ റിലയന്‍സ് കമ്പനിയുടെ മൂന്ന് ഉദ്യോഗസ്ഥന്മാരാണ് രാജ്യസഭയിലേക്ക് കടന്നത്. അംബാനിയുടെ കാര്യം നോക്കാന്‍ അംബാനിതന്നെ ചെല്ലണമെന്നില്ല. ശമ്പളക്കാരായ ഉദ്യോഗസ്ഥര്‍ നോക്കിക്കൊള്ളും.
റിലയന്‍സ് പോലുള്ള കുത്തകസ്ഥാപനങ്ങളുടെ റീട്ടെയ്‌ല്‍ കടകള്‍ക്കെതിരേ ആഞ്ഞടിക്കാന്‍ ജനതാദള്‍ തീരുമാനിച്ചതായി വാര്‍ത്തയുണ്ട്. ആഞ്ഞടിക്കുന്നുണ്ടെങ്കില്‍ വൈകിക്കേണ്ട, ഇപ്പോള്‍ അടിച്ചില്ലെങ്കില്‍ പിന്നെ അടിക്കാന്‍ കഴിയാതെപോയേക്കും. മുലായത്തിന്റെയോ ലാലുവിന്റെയോ പാര്‍ട്ടിയില്‍ ലയിച്ചാല്‍പ്പിന്നെ ആഞ്ഞടിക്കാന്‍ അവരുടെ അനുമതി വേണ്ടിവരും. അംബാനിയുടെ ഉദ്യോഗസ്ഥരെ രാജ്യസഭയിലെത്തിച്ച കൂട്ടായ്‌മയില്‍ ഇരുപാര്‍ട്ടികളുമുണ്ടായിരുന്നു. ജാര്‍ഖണ്ഡില്‍ ലാലുപക്ഷം പരസ്യമായാണ് റിലയന്‍സ് ഉദ്യോഗസ്ഥനെ പിന്തുണച്ചത്. മുലായത്തിന്റെ വലംകൈ ആയ അമര്‍സിങ് അനില്‍ അംബാനിയുടെയും വലംകൈയാണെന്ന് അറിയാത്തവരില്ല. അനുമതി കിട്ടാന്‍ പ്രയാസമാകും. അതിന്റെ പേരില്‍ പാര്‍ട്ടി പിളര്‍ത്തേണ്ടിവരും, പൊല്ലാപ്പാവും.