അനന്തരം എല്ലാം ശുഭം

ഇന്ദ്രൻ

വി.എസ്‌. അച്യുതാനന്ദന്‍ ഇനിയെന്തുചെയ്യും എന്ന കാര്യത്തില്‍ വി.എസ്സിനേക്കാള്‍ പരിഭ്രാന്തി മീഡിയ സിന്‍ഡിക്കേറ്റുകാര്‍ക്കാണ്‌ എന്നുതോന്നുന്നു. കോട്ടയം പാര്‍ട്ടി സമ്മേളനത്തില്‍ ഔദ്യോഗികപക്ഷം പാര്‍ട്ടി ‘മൃഗീയ ‘മായി പിടിച്ചെടുത്തുകഴിഞ്ഞാല്‍ വി.എസ്‌. പാര്‍ട്ടിപിളര്‍ത്തുമോ ? മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച്‌ സന്യാസത്തിന്‌ പോകുമോ ? നിരവധിയാണ്‌ ചോദ്യങ്ങള്‍. എല്ലാം മുറ പോലെ നടക്കും. ‘പത്രക്കാര്‍ ധൃതികൂട്ടി അലമ്പുണ്ടാക്കരുത്‌’ എന്നേ ഇക്കാര്യത്തിലും വി.എസ്സിന്‌ പറയാനുള്ളൂ.

സിന്‍ഡിക്കേറ്റുകാര്‍ക്കും ഒരു കാര്യത്തില്‍ സംശയമില്ല. മലപ്പുറമല്ല കോട്ടയം. മലപ്പുറത്ത്‌ വി.എസ്‌ പക്ഷം പിണറായിയുടെ ചിറകരിയും എന്നായിരുന്നു നാട്ടില്‍ കേട്ട പാട്ട്‌. പാര്‍ട്ടി നേതൃത്വം മുന്നോട്ട്‌ വെക്കുന്ന പാനലിന്‌ എതിരെ മത്സരമുണ്ടാകുമെന്നും വി.എസ്‌ പക്ഷം പിണറായിയുടെ വൈതാളികരെ ഒന്നൊന്നായി വെട്ടിവെട്ടിനിരത്തുമെന്നും ആയിരുന്നു ‘പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും അറിയാത്ത’ മീഡിയ സിന്‍ഡിക്കേറ്റുകാര്‍ ചാനലിലും കടലാസ്സിലും ചെണ്ടകൊട്ടി പ്രചരിപ്പിച്ചിരുന്നത്‌. എന്നിട്ടെന്തായി ? ചിലരെല്ലാം മത്സരിച്ചുവെന്നത്‌ സത്യം. ചിലരെല്ലാം വെട്ടിയെന്നതും സത്യം. പക്ഷേ, പിണറായിയുടെ ചിറകൊന്നും അരിഞ്ഞില്ല, ഒരു പൂട പോലും കൊഴിഞ്ഞില്ല.

കോട്ടയമാകുമ്പോഴേക്ക്‌്‌ സ്ഥിതി മാറിയിരിക്കുന്നു. മീഡിയ സിന്‍ഡിക്കേറ്റിനും വിവരംവെച്ച ലക്ഷണമാണുള്ളത്‌. മൂന്നുകൊല്ലം മുമ്പ്‌ ‘ഒരു ചുക്കും അറിയാത്തവര്‍’ക്ക്‌ ഇപ്പോള്‍ പാസ്‌ മാര്‍ക്ക്‌ കൊടുക്കാന്‍ പിണറായിമാഷ്‌ തയ്യാറാണ്‌. കോട്ടയത്ത്‌ തീപാറുമെന്നോ കൊടുങ്കാറ്റടിക്കുമെന്നോ ആരും എഴുതുന്നില്ല. പിണറായി പക്ഷം മൃഗീയ ഭൂരിപക്ഷം നേടിക്കഴിഞ്ഞുവെന്നും വി.എസ്സിന്റെ ഒച്ച പൊങ്ങില്ലെന്നും സംസ്ഥാനക്കമ്മിറ്റിയില്‍ കയറണമെങ്കില്‍ തന്നെ പി.ബി.കാരണവരുടെ ഇടപെടല്‍ ആവശ്യമായേക്കുമെന്നുമാണ്‌ ഇപ്പോഴത്തെ വാര്‍ത്ത. മീഡിയ സിന്‍ഡിക്കേറ്റ്‌ തന്നെ കാലുമാറി പിണറായി പക്ഷത്ത്‌ ചേര്‍ന്നോ എന്ന്‌ മാധ്യമങ്ങളെപ്പറ്റി ഒരു ചുക്കും അറിയാത്തവര്‍ ചോദിക്കാന്‍ ഇടയുണ്ട്‌.

എന്തായാലും, സിന്‍ഡിക്കേറ്റുകാരെ വിശ്വസിക്കുകയാണെങ്കില്‍ ഒന്നുറപ്പിക്കാം, കോട്ടയത്ത്‌ ചോരയൊഴുകും. കുറച്ച്‌ പിടച്ചിലും കരച്ചിലും ഉണ്ടാവുകയും ചെയ്യും. വി.എസ്‌ പക്ഷത്തിന്റെ ചിറകരിയുമ്പോഴാണ്‌ ചോരയൊഴുകുക. ഇത്തിരി മാത്രം. ചിറകരിയുമ്പോള്‍ ഏതുകോഴിയാണ്‌ കരയാതിരിക്കുക ? ഇതെല്ലാം കഴിഞ്ഞാലും മീഡിയ സിന്‍ഡിക്കേറ്റുകാര്‍ ചോദ്യം തുടരും. വി.എസ്‌ ഇനി എങ്ങോട്ട്‌, ചാടുമോ, ഓടുമോ? ചിറകില്ലാത്ത കോഴി ചാടിയതായോ പറന്നതായോ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ചൊവ്വാഗ്രഹത്തിലൂടെ സ്‌്‌ത്രീ നടന്നെന്ന്‌ എഴുതിയാലും ശരി ഇതുനടക്കില്ല. ചുട്ട കോഴിയെ പറപ്പിക്കുന്ന കാലവും കഴിഞ്ഞു. അതുകൊണ്ട്‌ മീഡിയ സിന്‍ഡിക്കേറ്റുകാര്‍ ഉറപ്പിക്കുക. കോട്ടയം സമ്മേളനത്തിന്‌ ശേഷം വി.എസ്‌ പക്ഷം ഒന്നുംചെയ്യാന്‍ പോകുന്നില്ല. പക്ഷം അനങ്ങാത്ത രോഗത്തിന്‌ പക്ഷാഘാതം എന്നു പറയും. ചുരുണ്ടുകൂടി കിടക്കുകയേ നിവൃത്തിയുള്ളു.

മൂന്നാറിലെ വി.എസ്സിന്റെ ഇടപെടല്‍ കൊണ്ട്‌, ഒപ്പമുണ്ടായിരുന്ന ഇടുക്കിക്കമ്മിറ്റി ഒടക്കി മറുകണ്ടം ചാടി. കളമശ്ശേരി സൈബര്‍സിറ്റി ഭൂമി പ്രശ്‌നത്തോടെ എറണാകുളവും തഥൈവ. ചാടാന്‍ ഓരോ കാരണം കാത്തിരുന്നവര്‍ക്ക്‌ വി.എസ്‌ അത്‌ ഉദാരമായി നല്‌കി എന്നേയുള്ളു. ഇനിയാര്‍ക്കെങ്കിലും ചാടണോ ? ഒരു വാക്ക്‌ പറഞ്ഞാല്‍ മതി, കാരണം വി.എസ്‌ കണ്ടെത്തിത്തരും. ഇനിയെവിടെയെങ്കിലും തലയ്‌ക്കകം ശൂന്യമായ വല്ലവരും കൂടെ അവശേഷിപ്പുണ്ടെങ്കില്‍ കോട്ടയത്ത്‌ നിന്ന്‌ മടങ്ങുന്ന വഴിക്ക്‌ അവരും വണ്ടിയുടെ റൂട്ട്‌ മാറ്റും. അതുകൂടി കഴിഞ്ഞാല്‍ പിന്നെ വി.എസ്സിനൊപ്പം ഏരിയ കമ്മിറ്റിക്ക്‌ മേല്‍പ്പോട്ടുള്ളവര്‍ ആരുമുണ്ടാകില്ല. ശല്യവുമുണ്ടാകില്ല. പിന്നെയുള്ളത്‌ താഴെയുള്ള ജനമാണ്‌. പൊതുജനം. പണ്ട്‌ പറഞ്ഞ ആ മൃഗം തന്നെ. ഇടയ്‌ക്ക്‌ ഓരോ മൂന്നാര്‍ ടൈപ്പ്‌ നാടകങ്ങള്‍ ഉണ്ടാക്ക്‌ിയാല്‍ അവരും കുറെക്കാലത്തേക്ക്‌ അടങ്ങിക്കോളും. അല്ലെങ്കില്‍, ഇനി കാലം അധികമൊന്നുമില്ലല്ലോ. മൂന്നുകൊല്ലമൊക്കെ വിരല്‍ ഞെടിക്കുമ്പോഴേക്ക്‌ കടന്നുപോയ്‌ക്കൊള്ളും. ആരും വേവലാതിപ്പെടേണ്ട.
*********

അപ്രിയം പ്രതീക്ഷിച്ചുതന്നെയാണ്‌ നിലപാടുകള്‍ എടുക്കുന്നതെന്ന്‌ സഖാവ്‌ പിണറായി ഒരു ചടങ്ങില്‍ പറയുകയുണ്ടായി. ഏത്‌ ചടങ്ങ്‌ എന്ന്‌ ചോദിക്കരുത്‌. മീഡിയ സിന്‍ഡിക്കേറ്റില്‍പ്പെട്ട ഒരു ബൂര്‍ഷ്വാ മാധ്യമത്തിന്റെ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങായിരുന്നു അത്‌. പുരസ്‌കാരമാണോ എന്നുചോദിച്ചാല്‍ പുരസ്‌കാരംതന്നെ. ആണോ എന്നുറപ്പിച്ച്‌ ചോദിച്ചാല്‍ സംശയമായി. നല്ല കാര്യങ്ങള്‍ ചെയ്‌തതിന്‌ നല്‌കുന്നതിനെയാണ്‌ പുരസ്‌കാരം പുരസ്‌കാരം എന്നുവിളിക്കുക. ഇപ്പോള്‍ പിണറായി വിജയന്‌ കിട്ടിയത്‌ 2007 ല്‍ ഏറ്റവും കൂടുതല്‍ വാര്‍ത്ത ഉണ്ടാക്കിയതിനൂള്ള പുരസ്‌കാരമാണ്‌. തീര്‍ച്ചയായും വാര്‍ത്താവ്യവസായത്തില്‍ പണിയെടുക്കുന്നവര്‍ക്ക്‌ വാര്‍ത്ത ഉണ്ടാക്കിത്തരുന്ന ആളുകളെ വലിയ ഇഷ്ടമാണ്‌. കാരണം അവരാണല്ലോ മാധ്യമപ്രവര്‍ത്തകന്റെ ഉപജീവനമാര്‍ഗം.

നല്ല കാര്യങ്ങളേ വാര്‍ത്തയാകൂ എന്നില്ല. ന്യൂസ്‌ വാല്യുവിന്റെ നിര്‍വചനം എന്ത്‌ എന്ന്‌ പിണറായിയുടെ സ്വന്തം ചാനലായ കൈരളി ടി.വി.യുടെ മാനേജിങ്‌ ഡയറക്‌റ്റര്‍ ജോണ്‍ ബ്രിട്ടാസ്‌ ഈയിടെ കൃത്യമായി പറഞ്ഞിട്ടുണ്ട്‌്‌. വ്യക്തിയുടെ നന്മക്ക്‌ ന്യൂസ്‌ വാല്യുവുമായി ബന്ധമില്ല. വീരപ്പന്‌ മരിച്ചപ്പോഴാകട്ടെ ജീവിച്ചിരുന്നപ്പോഴാകട്ടെ കിട്ടിയ വാര്‍ത്താപ്രാധാന്യം ജീവിതത്തിലുടനീളം നന്മ മാത്രം ചെയ്‌ത ബാബാ ആംതെക്ക്‌ കിട്ടുകയുണ്ടായില്ല. നന്മ വേറെ, ന്യൂസ്‌ വാല്യു വേറെ. രാഷ്ട്രീയപ്രവര്‍ത്തനം വേറെ ന്യൂസ്‌ മേക്കിങ്ങ്‌ വേറെ.

സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ പണി ന്യൂസ്‌ ഉണ്ടാക്കലല്ല. അതിന്‌ ഇവിടെ വേറെ ആളുണ്ട്‌. സി.പി.എം സിക്രട്ടറിയുടെ എന്നല്ല ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെയും പണി ന്യൂസ്‌ മേക്കിങ്‌ അല്ല. വാര്‍ത്തയില്‍ കൂടുതല്‍ പ്രത്യക്ഷപ്പെട്ടത്‌ നല്ല കാര്യങ്ങള്‍ ചെയ്‌തത്‌ കൊണ്ടാണെങ്കില്‍ സംഗതി വ്യത്യസ്‌തമാണ്‌. അപ്പോഴും പുരസ്‌കാരം നല്‍കേണ്ടത്‌ നല്ലതുചെയ്‌തതിനാണ്‌, ന്യൂസ്‌ ഉണ്ടാക്കിയതിനല്ല. 2007ല്‍ പിണറായി വിജയന്‍ ചെയ്‌ത നല്ല കാര്യങ്ങളെന്തെല്ലാമാണ്‌ ? എവിടെയെങ്കിലും പാവപ്പെട്ടവന്റെ എന്തെങ്കിലും പ്രശ്‌നം ഉന്നയിച്ച്‌ സമരം നയിച്ചുവോ,ലമര്‍ദ്ദനം ഏറ്റുവാങ്ങിയോ, വെടിയുണ്ടക്ക്‌ നേരെ വിരിമാറ്‌ കാട്ടിയോ, ഒരു ദിവസത്തേക്കെങ്കിലും ഉപവാസം കിടന്നോ, എന്തെങ്കിലും ഒരു തത്ത്വത്തിന്‌ വേണ്ടി പാര്‍ട്ടിയിലോ മുന്നണിയിലോ പോരാടിയോ ?

ഇല്ലേയില്ല. പക്ഷേ പിണറായി വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ലാവ്‌ലില്‍ കേസ്സ്‌ അന്വേഷണത്തിന്റെ പേരില്‍, പാര്‍ട്ടിയില്‍ മുഖ്യമന്ത്രിക്കെതിരെ പടനയിച്ചതിന്‌, പാര്‍ട്ടിയിലെ ഗ്രൂപ്പ്‌ പോരിന്‌, പാര്‍ട്ടിയുടെ പോളിറ്റ്‌ ബ്യൂറോവില്‍ നിന്ന്‌ സസ്‌പെന്റെ ചെയ്യപ്പെട്ടതിന്‌, വിമാനത്തില്‍ അബദ്ധത്തില്‍ വെടിയുണ്ട കൊണ്ടുപോയതിന്‌, അറുപതുലക്ഷം, ഒരു കോടി, രണ്ടുകോടി വിവാദങ്ങളുടെ പേരില്‍, ബിഷപ്പിനെ നികൃഷ്ടജീവി എന്ന്‌്‌ വിളിച്ചതിന്‌, പത്രാധിപരെ പൊതുയോഗത്തില്‍ എടോ എന്ന്‌ വിളിച്ചതിന്‌, മകനെ വിദേശത്ത്‌ പഠിക്കാന്‍ അയച്ചതിന്റെ പേരില്‍….ഇവയിലേതെങ്കിലുമോ എല്ലാം കൂടിച്ചേര്‍ന്നാലോ പുരസ്‌കാരത്തിന്‌ യോഗ്യതയാകുമോ എന്നറിയില്ല.

അപ്രിയം പ്രതീക്ഷിച്ചാണ്‌ നിലപാടുകള്‍ എടുക്കുന്നത്‌ എന്നത്‌ ശരി. പക്ഷേ, അറിഞ്ഞ്‌ തരുന്ന പുരസ്‌കാരം നിഷേധിച്ചിട്ട്‌ പുതിയ അപ്രിയം എന്തിനുണ്ടാക്കണം ? ഉണ്ടാക്കിയതുതന്നെ ധാരാളമുണ്ടല്ലോ. പുരസ്‌കാരം മാധ്യമസിണ്ടിക്കേറ്റ്‌ വകയാണെങ്കിലും സാരമില്ല വാങ്ങിക്കളയാം.

*******
ഇരു കമ്യു.പാര്‍ട്ടികളുടെയും നേതാക്കള്‍ പാര്‍ട്ടിതിരഞ്ഞെടുപ്പുകളും സമ്മേളനങ്ങളുമായി പരക്കം പായുകയാണ്‌. മന്ത്രിസഭായോഗം നടത്താന്‍തന്നെ സമയം കിട്ടാതെപോകുന്നു. അതല്ല മുഖ്യപ്രശ്‌നം. ജനപിന്തുണയും പാര്‍ട്ടിയുടെ ശക്തിയും സംബന്ധിച്ച്‌്‌ ചില പാര്‍ട്ടിനേതാക്കള്‍ക്ക്‌ വിഭ്രാന്തികള്‍ ഉണ്ടാകുന്നുണ്ടോ എന്ന്‌ സംശയിക്കണം. വെറുതെ എപ്പോഴും നെഞ്ചുന്തിനടക്കുന്നത്‌ ആരോഗ്യത്തിന്‌ നന്നല്ല. സദാ സമയം നാലുചുറ്റും പാര്‍ട്ടിപ്രവര്‍ത്തകരാണ്‌. എങ്ങും ചെങ്കൊടി, ദീപശിഖ, റെഡ്‌ വളണ്ടിയര്‍മാര്‍, കൂറ്റന്‍ പ്രകടനങ്ങള്‍…. നാളെ വിപ്‌ളവം തുടങ്ങിക്കളയാം, അധികാരം പിടിച്ചുകളയാം എന്നും മറ്റും തോന്നിത്തുടങ്ങിയാലോ ? ആകെ ബുദ്ധിമുട്ടാകില്ലേ ? അതുകൊണ്ടാണ്‌ സി.പി.ഐ. അനിയന്‌ യാഥാര്‍ഥ്യബോധമുണ്ടാക്കാന്‍ വേണ്ടി സി.പി.എം വലിയേട്ടന്‍ ഇടക്കിടെ ഓരോ കിഴുക്ക്‌ തലയ്‌ക്ക്‌ കൊടുക്കുന്നത്‌. ചെറിയ ഷോക്ക്‌ ചികിത്സ എന്നുകരുതിയാല്‍ മതി.

പത്താള്‍ ഇല്ലാത്ത പാര്‍ട്ടിയാണ്‌ സി.പി.ഐ എന്ന്‌ സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ തുറന്നടിച്ചത്‌ ഇതിന്റെ ഭാഗമാണ്‌. കേരളനിയമസഭയില്‍ 17 അംഗങ്ങളും സംസ്ഥാനത്തെ മൂന്നാം റാങ്കും ഉള്ള ഊക്കന്‍ പാര്‍ട്ടി. ഒരു കാലത്ത്‌ സോവിയറ്റ്‌ യൂണിയന്‍, കിഴക്കന്‍ യൂറോപ്പ്‌ എന്നിവിടങ്ങളില്‍ ഭരണവും സര്‍വസ്വേഛാധിപത്യവും ഉണ്ടായിരുന്ന പാര്‍ട്ടിയെക്കുറിച്ചാണ്‌ ഇപ്പോള്‍ പത്താള്‍ ഇല്ല എന്ന്‌ ജയരാജന്‍ പറഞ്ഞത്‌. തീര്‍ച്ചയായും ഇടതുകമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മറ്റേ കമ്യു.പാര്‍ട്ടിയെ പരിഹസിക്കാന്‍ പറ്റിയ ഏറ്റവും നല്ല വിഷയം ഇതുതന്നെ. ശക്തിയുടെ കാര്യത്തില്‍ സി.പി.എമ്മിന്‌ തങ്ങളുടെ രണ്ടുകാലിലെയും മന്തിനെക്കുറിച്ച്‌ നല്ല അഭിമാനമാണ്‌. മറ്റവന്‌ മന്ത്‌ ഒരു വിരലിലേ ഉള്ളു, നാണക്കേട്‌. ഇരുപത്തെട്ട്‌ സംസ്ഥാനമുള്ളതില്‍ ഒരിടത്ത്‌ പോലും ഭരണത്തില്‍ വരാന്‍ കഴിയാത്ത പാര്‍ട്ടിക്ക്‌, മൂന്നിടത്ത്‌ പലരെക്കൂട്ടിയാണെങ്കിലും അധികാരത്തില്‍ വരുന്ന പാര്‍ട്ടിയോട്‌ തെല്ലൊരു ബഹുമാനമെങ്കിലും വേണ്ടേ ? ജയരാജന്‍ പറഞ്ഞതുതന്നെ ശരി, മറ്റവന്‍മാര്‍ക്ക്‌ ബോധമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top