വെളിപാടുകള്‍, വെളിവില്ലായ്‌മകള്‍

ഇന്ദ്രൻ

പോലീസ്‌ പിടിച്ചുകൊണ്ടുപോയ പാര്‍ട്ടി പ്രവര്‍ത്തകരെ വിടുവിക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌ എന്നറിയാത്ത പാര്‍ട്ടിയാണ്‌ സി.പി.ഐ. എന്ന്‌ വിശ്വസിക്കാന്‍ പ്രയാസമുണ്ട്‌. കേരളമുണ്ടായ ശേഷമുള്ള അമ്പതുവര്‍ഷത്തിനിടയില്‍ കൃത്യം പാതി ഇരുപത്തഞ്ചുകൊല്ലം ഭരണത്തിലിരുന്ന പാര്‍ട്ടിയാണിത്‌. എന്നിട്ടും ആ പണി മനസ്സിലായിട്ടില്ലെങ്കില്‍, മൂന്നുവട്ടം ഒരേ ക്ലാസ്സില്‍ തോല്‍ക്കുന്ന പണ്ടത്തെ സ്‌കൂള്‍ കുട്ടികളോട്‌ പറയാറുള്ളതുപോലെ, ഇനി ടി.സി. വാങ്ങുകയാണ്‌ നല്ലത്‌.

കെ.കരുണാകരന്‍, എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പോലീസ്‌ വകുപ്പ്‌ കൈകാര്യം ചെയ്യുമ്പോഴും സി.പി.ഐ. പ്രതിപക്ഷത്തിരുന്ന്‌ സമരം നടത്തിയിട്ടുണ്ട്‌. ആളുകുറവാണെന്നത്‌ കൊണ്ട്‌ ആര്‍ക്കും പാര്‍ട്ടിയെക്കുറിച്ച്‌ ബഹുമാനക്കുറവുണ്ടാകരുത്‌ എന്നുകരുതി പരമാവധി കൊസ്ര ഉണ്ടാക്കാറുണ്ട്‌, തല്ല്‌ വാങ്ങാറുമുണ്ട്‌. പക്ഷേ, അന്നൊന്നും പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറിയ്‌ക്ക്‌ പോലീസ്‌ സ്റ്റേഷനിലേക്ക്‌ പാഞ്ഞുചെല്ലേണ്ടിവന്നിട്ടില്ല. ഡി.സി. ഓഫീസില്‍ നിന്നൊരു ഫോണ്‍വിളി മതിയായിരുന്നു കേസ്സൊഴിവാക്കാന്‍. കാലം മാറി. ഒരു വിധമാണെങ്കില്‍ വെളിയം മതി ഒരു പോലീസ്‌ സ്റ്റേഷനൊക്കെ വിറപ്പിക്കാന്‍. അദ്ദേഹത്തെക്കൊണ്ടും ആകാഞ്ഞിട്ടാകണമല്ലോ രണ്ടു മന്ത്രിമാരെ സ്റ്റേഷനിലേക്ക്‌ സമണ്‍ ചെയ്യേണ്ടിവന്നത്‌.

സമരത്തിന്റെയും ഭരണത്തിന്റെയും പലപല അഭ്യാസങ്ങളിലൂടെ കടന്നുപോയ പാര്‍ട്ടിയാണത്‌. അമ്പത്തേഴില്‍ തുടങ്ങിയതാണ്‌ ഭരണത്തിന്റെ കളി. സമരത്തിന്റെ കളി ജനിച്ചകാലം മുതലുണ്ട്‌ രണ്ടും മിക്‌സ്‌ ചെയ്യാറില്ല. ഒന്നുകില്‍ ഭരണം അല്ലെങ്കില്‍ സമരം. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്നപോലെ. രണ്ടും ഒരേ സമയം വേണ്ട. മറ്റവന്മാരാണ്‌ ഭരണവും സമരവും ഒപ്പം ആകാം എന്ന്‌ പറഞ്ഞത്‌. അറുപത്തേഴില്‍ രണ്ടുകൂട്ടരും ചേര്‍ന്നുഭരിക്കുമ്പോള്‍ ഇതിനെച്ചൊല്ലി കുറെ ഒച്ചയും ബഹളവും ഉണ്ടായിരുന്നു. കേരളത്തില്‍ ഭരണം, ഒഴിവുസമയത്ത്‌ കേന്ദ്രവിരുദ്ധസമരം എന്നാക്കി ലൈന്‍. ഭരണവും ഒപ്പം സി.പി.എമ്മിനെതിരെ സമരവും എന്ന ലൈനും പിന്തുടര്‍ന്നു. തുടര്‍ന്നാണ്‌ സി.പി.എം. മര്യാദയില്ലാതെ മൊഴിചൊല്ലിയത്‌. കിടപ്പ്‌ കോണ്‍ഗ്രസ്സിനൊപ്പമാക്കി. പിന്നെ നീണ്ടകാലം ഭരണം മാത്രമായിരുന്നു പണി. സമരം എന്നൊരു വാക്ക്‌ ഉരിയാടാറില്ല. എന്ത്‌ മര്യാദക്കാരായിരുന്നു എന്നോര്‍ത്താല്‍ അത്ഭുതം തോന്നും. അടിയന്തരാവസ്ഥയില്‍ കരുണാകരന്റെ പോലീസ്‌ ഹുംകൃതി പലതും കാട്ടിയിട്ടും പാര്‍ട്ടി മിണ്ടിയില്ല, ജാഥ നടത്തിയില്ല, പോലീസുകാരിയുടെ ചെകിട്ടത്തടിച്ചില്ല, പാര്‍ട്ടി സെക്രട്ടറി പോലീസ്‌ സ്‌റ്റേഷന്റെ മുന്നിലൂടെ നടക്കാറുപോലുമില്ല.

ഇപ്പോഴത്തെ സംഗതിയിലേക്ക്‌ മടങ്ങാം. പാര്‍ട്ടി സെക്രട്ടറി വിളിച്ചാലും മന്ത്രിമാര്‍ പോലീസ്‌ സ്റ്റേഷനില്‍ ചെല്ലാമോ എന്നൊരു ചോദ്യം ഭരണഘടനാവിദഗ്‌ദ്ധന്മാര്‍ എന്ന നാട്യത്തില്‍ ചിലര്‍ ചോദിക്കുന്നുണ്ട്‌. പാര്‍ട്ടി സെക്രട്ടറി ഏത്‌ നരകത്തിലേക്ക്‌ വിളിച്ചാലും പോകുക എന്നതാണ്‌ പാര്‍ട്ടി വഴക്കം. പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന്‌ വിളി വരുമ്പോള്‍ പാര്‍ട്ടിമന്ത്രിമാര്‍ നോക്കേണ്ടത്‌ പാര്‍ട്ടിഭരണഘടനയാണ്‌. അല്ലാതെ മറ്റേ ബൂര്‍ഷ്വാഭരണഘടനയല്ല. രണ്ടുഘടന ലംഘിച്ചാലും മന്ത്രിപ്പണി പോകും. പാര്‍ട്ടി ഭരണഘടനയോ സെക്രട്ടറിയുടെ ആജ്ഞയോ ലംഘിച്ചാല്‍ മണിക്കൂര്‍ കൊണ്ട്‌ വിവരമറിയും. മറ്റേതിന്റെ കാര്യത്തില്‍ കുറച്ച്‌ സാവകാശം കിട്ടും. അത്‌ വലിയ വ്യത്യാസമാണല്ലോ.

വെളിയത്തേക്കാള്‍ വലിയ വെളിവുള്ള സമരക്കാരും ഭരണക്കാരുമായിരുന്നു എ.കെ.ജി.യും അഴീക്കോടന്‍ രാഘവനും എം.എന്‍.ഗോവിന്ദന്‍നായരും അച്യുതമേനോനും പി.കെ.വാസുദേവന്‍ നായരുമെല്ലാം. പാര്‍ട്ടി ഭരിക്കുമ്പോള്‍ അവരും സമരങ്ങളില്‍ ചെന്നുചാടിയിട്ടുണ്ട്‌. പാര്‍ട്ടിമന്ത്രിമാരെ സ്റ്റേഷന്‍വളപ്പിലേക്ക്‌ വിളിച്ചുവരുത്തിയ ചരിത്രമില്ല. വെളിയത്തെപ്പോലെ വെളിവുള്ള ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍, അതിക്രമിച്ചുകയറി ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന്‌ മന്ത്രിമാരുടെ പേരില്‍ കേസ്സെടുത്തിരുന്നുവെങ്കില്‍ കളി മാറുമായിരുന്നു. സംഭവിക്കില്ല, കാരണം പോലീസുകാരാകാന്‍ പി.എസ്‌.സി പരീക്ഷയെങ്കിലും പാസ്സാകണം, സി.പി.ഐ. ആകാന്‍ അതുവേണ്ടല്ലോ.

പ്രക്ഷോഭം നടത്തുമ്പോഴും അണികളെ അറസ്റ്റ്‌ ചെയ്യുമ്പോഴും പാര്‍ട്ടി നേതാക്കളും മന്ത്രിമാരും സംഭവസ്ഥലത്തെത്തുക സ്വാഭാവികമാണെന്ന്‌്‌ മുഖ്യമന്ത്രി സി.പി.ഐ.യെ ന്യായീകരിച്ചിട്ടുണ്ട്‌്‌. ഭാഗ്യം. മുഖ്യമന്ത്രിക്ക്‌ ന്യായീകരിക്കാന്‍ പറ്റിയ ഒരു നടപടി സി.പി.ഐ.യുടെ ഭാഗത്ത്‌ നിന്നുണ്ടായല്ലോ. ഒന്നര വര്‍ഷത്തിനിടയില്‍ പ്രതിസന്ധികളിലെല്ലാം വി.എസ്സിനൊപ്പം നിന്നതിന്‌ അവര്‍ക്കുള്ള പ്രതിഫലം മുഖ്യമന്ത്രി മൂന്നാറില്‍ നല്‍കിയതാണ്‌. അതിന്റെ ഫലം മുന്നണി പ്രവര്‍ത്തനത്തില്‍ കാണാനുമുണ്ട്‌. ഇപ്പോഴത്തെ വെളിപാട്‌ ആ ബോധോദയത്തില്‍ നിന്നാകാം. എന്തായാലും ഇനി സഖാക്കള്‍ ലോക്കപ്പിലായാല്‍ വെളിയം വെറുതെ രാജേന്ദ്രനെയൊന്നും വിളിക്കേണ്ട. മുന്നണിയുടെ അനിഷേധ്യനേതാവായ സഖാവ്‌ വി.എസ്സിനെ വിളിച്ചാല്‍ മതി. പറന്നുവരും സ്റ്റേറ്റ്‌ കാറില്‍. അതിനൊരു ചാന്‍സ്‌ കിട്ടാന്‍ കാത്തിരിക്കുകയാണ്‌ മുഖ്യമന്ത്രി.

സമരം ചെയ്യുമ്പോള്‍ പോലീസിനെ തല്ലുക പണ്ട്‌ പ്രതിപക്ഷക്കാര്‍ മാത്രം ചെയ്‌തിരുന്ന കാര്യമാണ്‌. ഭരണക്കാര്‍ സമരം ചെയ്യുമ്പോള്‍ പോലീസുകാര്‍ക്ക്‌ ചായ വാങ്ങിക്കൊടുക്കാറാണ്‌ പതിവ്‌. ടെലിവിഷന്‍ വന്നതോടെ സ്ഥിതി മാറി. ഭരണമുന്നണിയിലെ പെണ്ണുങ്ങളും പോലീസിന്റെ ചെകിട്ടത്തടിക്കുന്നു. പോലീസ്‌ സ്റ്റേഷന്‌ മുന്നിലെ സമരം ആഭ്യന്തരമന്ത്രി പോലീസിന്റെ ചെകിട്ടത്ത്‌ അടിച്ചുകൊണ്ട്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌ ടി.വി.യില്‍ കാണാന്‍ നമുക്ക്‌ വൈകാതെ യോഗമുണ്ടായേക്കും. പെണ്ണുങ്ങള്‍ ഇപ്പോള്‍ പെണ്‍പോലീസിന്റെ ചെകിടത്തേ അടിച്ചിട്ടുള്ളൂ. അടുത്ത സമരത്തില്‍ എസ്‌.ഐ – സി.ഐ. തുടങ്ങിയ ആണ്‍പോലീസിന്റെ ചെകിടത്ത്‌്‌ അടിക്കുന്നതായിരിക്കും. വീട്ടിലെ സഖാവിനെ അടിച്ചുകൊണ്ട്‌ സഖി അതിനുള്ള പരിശീലനം ഇപ്പോള്‍ തുടങ്ങിക്കാണണം. ഇതിന്‌ തന്നെയാണ്‌ സ്‌ത്രീശാക്തീകരണം എന്ന്‌ പറയുന്നത്‌ സഖാവേ..
സഖാക്കളേ മുന്നോട്ട്‌…..

***********

പണ്ട്‌ ബ്രാഹ്മണന്മാര്‍ കടല്‍ കടന്നുപോകാറില്ല. പോയാല്‍ മതം നഷ്ടപ്പെടും എന്നായിരുന്നു ഭയം. കമ്യൂണിസ മതത്തില്‍ അങ്ങനെയൊന്നും പറയുന്നില്ല. കമ്യൂണിസം തന്നെ കടല്‍കടന്നുവന്നതാണ്‌. പിന്നെയെങ്ങനെ കടല്‍കടന്നാല്‍ കമ്യൂണിസമില്ലാതാകം. മുതലാളിത്ത ബ്രിട്ടന്‍-അമേരിക്ക എന്നിവിടങ്ങളില്‍ പോകാതെ, മാര്‍ക്‌സിസ്‌ററുകാരുടെ മക്കള്‍ക്ക്‌ ചൈന, ക്യൂബ, ഉത്തരകൊറിയ എന്നീ കമ്യൂണിസ്റ്റ്‌ സ്വര്‍ഗങ്ങളിലോ വെനസ്യൂലയിലോ എങ്കിലും പോയിപഠിച്ചുകൂടേ എന്നാരെങ്കിലും ചോദിച്ചാല്‍ അതില്‍ തരിമ്പ്‌ ന്യായമുണ്ടെന്ന്‌ വാദത്തിന്‌ വേണ്ടി സമ്മതിച്ചുതരാം. ക്യൂബക്കാരും കൊറിയക്കാരുമൊക്കെ തരം കിട്ടിയാല്‍ കേരളത്തില്‍ വയനാട്ടിലോ അട്ടപ്പാടിയിലോ വന്ന്‌ പഠിക്കാന്‍ തരംനോക്കിയിരിക്കുകയാണ്‌. അതുകൊണ്ട്‌ അങ്ങോട്ട്‌ പോകാന്‍ നോക്കേണ്ട. തീര്‍ച്ചയായും ചൈനയിലേക്ക്‌ പോകാം. നമ്മുടെ സ്വാശ്രയത്തേക്കാള്‍ മുന്തിയ വിദ്യാഭ്യാസക്കച്ചവടം ചൈനയിലുണ്ട്‌. പക്ഷേ, ഒരു കുഴപ്പമുണ്ട്‌. അവന്മാര്‍ കാര്യമായി പഠിപ്പിക്കുന്നത്‌ വൈദ്യമാണ്‌. നല്ല മുന്തിയ മുതലാളിത്തകച്ചവടതന്ത്രങ്ങളാണ്‌ നാം പഠിക്കേണ്ടത്‌. എം.ബി.എ പഠിക്കാന്‍ മുതലാളിത്ത രാജ്യത്തില്‍തന്നെ പോകണം. അമേരിക്കയില്‍ നിന്ന്‌ മൂക്ക്‌ മുട്ടെ കടം വാങ്ങിവേണം നാം അവറ്റകളെ പാപ്പരാക്കാന്‍ എന്ന്‌ പണ്ട്‌ വി.കെ.എന്‍ എഴുതിയത്‌ പോലെ, മുതലാളിത്ത കച്ചവട ടെക്‌നിക്‌ പഠിച്ചുവേണം നാം മുതലാളിത്തത്തിന്റെ കഥ കഴിക്കാന്‍. ഇതൊന്നും ലവലേശം മനസ്സിലാക്കാതെയാണ്‌ ഇവിടെ ചിലര്‍ പിണറായി വിജയന്റെ മകന്‍ ബ്രിട്ടനില്‍ എം.ബി.എ. പഠിക്കാന്‍ പോയതിനെക്കുറിച്ച്‌ നട്ടാല്‍പൊടിക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്നത്‌.

ഗാന്ധിജി, നെഹ്‌റു, ജ്യോതിബസു, പ്രകാശ്‌ കാരാട്ട്‌ തുടങ്ങിയവര്‍ക്ക്‌ വിദേശത്ത്‌ പോയി പഠിക്കാമെങ്കില്‍ എന്തുകൊണ്ട്‌ സഖാവ്‌ പിണറായിയുടെ മകന്‌ പോയിക്കൂടാ എന്ന എം.എ.ബേബിയുടെ ചോദ്യം ആലോചനാമൃതമാണ്‌. സോമനാഥ്‌ ചാറ്റര്‍ജിയുടെ പേര്‌ വിട്ടുപോയതായിരിക്കും. ഇവരെല്ലാം മുന്തിയ സാമ്പത്തികനിലയുള്ള കുടുംബങ്ങളില്‍ ജനിച്ചവരാണ്‌. ഏറ്റവും താഴെക്കിടയിലുള്ള കുടുംബത്തില്‍ ജനിച്ച കെ.ആര്‍.നാരായണന്‌ എങ്ങനെ ഹരോള്‍ഡ്‌ ലാസ്‌കിയുടെ വിദ്യാര്‍ഥിയാകാന്‍ ബ്രിട്ടനിലെത്താന്‍ കഴിഞ്ഞു എന്നാരും ചോദിച്ചതായി കേട്ടില്ല. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കെ.ആര്‍.നാരായണന്‌ കിട്ടിയ സൗകര്യം ഇന്ന്‌ സ്വതന്ത്രമഹാഭാരതത്തിലെ ഒരു ദലിത്‌ വിദ്യാര്‍ഥിക്കും കിട്ടാത്തതെന്ത്‌ എന്നുമാരും ചോദിക്കുന്നില്ല.

കമ്യൂണിസ്‌റ്റ്‌ പുത്രന്മാരെ മാത്രമല്ല, അച്ഛന്മാരെയും വിദേശത്തയച്ചു പഠിപ്പിക്കാനാണ്‌ പാര്‍ട്ടി സംവിധാനമുണ്ടാക്കേണ്ടത്‌. പാര്‍ട്ടിയംഗങ്ങളുടെ മക്കളെ ഇംഗ്ലീഷ്‌ മിഡിയത്തില്‍ ചേര്‍ക്കരുതെന്ന്‌ തീരുമാനമെടുത്ത പാര്‍ട്ടി, നേതാവിന്റെ മക്കളെ ബ്രിട്ടനിലയച്ചുപഠിപ്പിക്കുന്നതിനെ ന്യായീകരിക്കുന്നേടത്തോളം വളര്‍ന്നത്‌ നല്ല ലക്ഷണം തന്നെയാണ്‌. ലോകത്ത്‌ നടക്കുന്ന മാറ്റങ്ങള്‍ മക്കള്‍ പറഞ്ഞുതന്നെയാണ്‌ പല അച്ഛന്മാരും അറിയുന്നത്‌. അച്ഛന്മാര്‍ക്ക്‌ അതൊന്നും നേരിട്ട്‌ കണ്ടാല്‍ത്തന്നെ മനസ്സിലാകില്ല. അവിടെ എത്രതവണ ദിവസം വൈദ്യുതി മുടങ്ങുന്നു, എത്ര ദിവസം മാസത്തില്‍ ഹര്‍ത്താല്‍ നടക്കുന്നു, കോളേജില്‍ എത്രദിവസം പഠിപ്പുമുടക്ക്‌ നടന്നു, കോളേജ്‌ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എത്രകുട്ടികള്‍്‌ക്ക്‌ കത്തിക്കുത്തേറ്റു, പരീക്ഷയും റിസള്‍റ്റും എത്രവര്‍ഷം വൈകി, എത്ര ഡിഗ്രിസര്‍ട്ടിഫിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ കെട്ടിക്കിടന്നു എന്നെല്ലാം മനസ്സിലാക്കാമല്ലോ. സര്‍ക്കാര്‍ ചെലവുവഹിച്ചാലും വിരോധമില്ല നേതാക്കളുടെ മക്കളെയെല്ലാം വിദേശത്ത്‌- സാമ്രാജ്യത്വ ബ്രിട്ടനില്‍ തന്നെ- അയച്ചുപഠിപ്പിക്കണം. ആ നാടും രക്ഷപ്പെടും, ഈ നാടും രക്ഷപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

Go Top