അച്യുതവിജയന്മാരുടെ നല്ലനടപ്പുജാമ്യം അഞ്ചുമാസമേ നീണ്ടുനിന്നുള്ളൂ. പൊതുവെ രണ്ടുവര്‍ഷമെങ്കിലും നീണ്ടുപോകേണ്ടതാണ്. ഓരോ പാര്‍ട്ടിയില്‍ ഓരോ രീതിയാണ്. കോണ്‍ഗ്രസ് പോലുളള ബൂര്‍ഷ്വാപാര്‍ട്ടികളില്‍ ഇത്തരം ശിക്ഷകളില്ല. പാര്‍ട്ടിക്കകത്തെ ദുര്‍നടപ്പ് എത്രകാലം വേണമെങ്കിലും തുടരാം. എന്നെങ്കിലും അതിന് ശിക്ഷയായി നല്ലനടപ്പ് വിധിച്ചാല്‍ പിന്നെ ആ ആള്‍ പാര്‍ട്ടിയില്‍ തിരിച്ചുവരില്ല. പോയ പോക്കാണ്.
വിപ്ലവപാര്‍ട്ടി അതിന്റെ ദുര്‍നടപ്പുകാരോട് കരുണാമയമായ രീതിയിലാണ് പെരുമാറുക. ഇത് ദുര്‍നടപ്പിന്റെ ശൈലിയെക്കൂടി ആശ്രയിച്ചിരിക്കുന്നു. എം.വി. രാഘവന്‍, കെ.ആര്‍.ഗൗരി തുടങ്ങിയ കൂട്ടരോട് ഒട്ടും കരുണ കാണിച്ചുകൂടെന്ന കാര്യത്തില്‍ ഇന്നത്തെ രണ്ട് നല്ലനടപ്പുകാര്‍ക്കും യോജിപ്പായിരുന്നു. അവര്‍ കളത്തിന് പുറത്തുചാടാനും മടിക്കില്ലെന്ന് തോന്നിയതുകൊണ്ടാണത്. അത്തരക്കാരെ കിട്ടുന്ന ആദ്യചാന്‍സിന് കളത്തിന് പുറത്താക്കും. അച്യൂതവിജയന്മാര്‍ ആ കൂട്ടത്തില്‍പെടില്ല. ഗുരുക്കളുടെ നെഞ്ചത്ത് കേറുമെന്നേ ഉള്ളൂ, പുറത്ത് കളത്തിന് കടക്കില്ല.
ക്ലാസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട കുരുത്തംകെട്ടവന്മാര്‍ അടുത്ത പിരിയഡിലെ മാഷ് വരുംമുമ്പ് സീറ്റില്‍ ചാടിക്കയറിയിരിക്കുന്ന സന്തോഷത്തിലാണ് രണ്ടുപേരും പോളിറ്റ് ബ്യൂറോകസേരയില്‍ ചാടിയിരുന്നത്. കേറുംമുമ്പ്, ഇനി മേലില്‍ പോക്രിത്തരമൊന്നും കാണിക്കില്ലെന്ന് പ്രകാശന്‍ഹേഡ്‌മാഷ് എഴുതിവാങ്ങിയോ എന്ന് പത്രറിപ്പോര്‍ട്ടുകളിലൊന്നും കണ്ടില്ല. സിന്‍ഡിക്കേറ്റന്മാര്‍ ചോദിച്ചുംകാണില്ല. ഇനിയെങ്ങനെയാവും കളി എന്നാരുകണ്ടു ? അഞ്ചുമാസം രണ്ടുപേരും നല്ലപിള്ളമാരായിരുന്നു. പിണറായി വിജയന്റെ പ്രസംഗത്തിന് എന്തൊരു മാര്‍ദ്ദവം. സംസാരിക്കുന്നത് മഹാത്മാഗാന്ധിയാണോ എന്നുപോലും സംശയിച്ചുപോകും. മഞ്ഞപ്പത്രങ്ങളോട് പോലും പഴയ വൈരമില്ല. മുമ്പ് ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറഞ്ഞതുപോലെ, എന്തൊരു ഇരുത്തംവന്ന നേതാവ്. അച്യുതാനന്ദന് പക്ഷേ, അങ്ങനെ ഇരിക്കാന്‍ പറ്റിയെന്ന് വരില്ല. മന്ത്രിസഭായോഗം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ കാത്തുനില്‍ക്കുന്ന ഭീകരന്മാര്‍ പെന്നും കടലാസ്സും വീഡിയോക്യാമറയുമായി പാഞ്ഞടുക്കും. പറയരുതെന്ന് വിചാരിച്ചതെന്തോ അതും പറയിച്ചിട്ടേ അവര് പോകൂ. ഭാഗ്യവശാല്‍ കുറച്ചായി ഹാരിസണ്‍, മര്‍കിസ്റ്റണ്‍ തുടങ്ങിയ സായ്‌പന്മാരുടെയും പി.ജെ.ജോസഫ്, രാജുനാരായണസ്വാമി തുടങ്ങിയ നാടന്മാരുടെയും കാര്യങ്ങളേ പറയാനുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടുനില്‍ക്കുകയായിരുന്നു.
ഇനി എന്താ പരിപാടി ? വിഭാഗീയത പൂര്‍വാധികം ശക്തിയായി തുടരും. കളിയിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേ ഉണ്ടാകൂ. പാര്‍ട്ടി അംഗത്വശീട്ട് കാണിച്ച് അകത്ത് കയറുന്നവര്‍ക്കേ പ്രദര്‍ശനം കാണാനാവൂ. ഓപണ്‍എയര്‍ സ്റ്റേഡിയത്തില്‍ കളിക്കുക ബൂര്‍ഷ്വാ ഏര്‍പ്പാടാണ്. അതിനിനി നമ്മളില്ല. കാര്യം ശരി, ഇക്കുറി ശിക്ഷ ഭാഗ്യവശാല്‍ നല്ലനടപ്പിലൊതുങ്ങി. അടുത്ത തവണ സസ്‌പെന്‍ഷന്‍ പാര്‍ട്ടി സിക്രട്ടറിസ്ഥാനത്ത് നിന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ആകില്ലെന്ന് ആരറിഞ്ഞു. അതിനും മടിക്കില്ല പ്രകാശന്‍. ഈ നല്ലനടപ്പു പോലാകില്ല ആ നടപ്പ്. നടപ്പ് പെരുവഴിയിലാകും. തിരിച്ചുവരവുണ്ടാകില്ല.
***************
നമ്മുടെ അയല്‍സംസ്ഥാനത്തെ മുഖ്യന്‍ കരുണാനിധി ലജ്ജിച്ച് തലതാഴ്‌ത്തിയിരിക്കുകയാണ് ഒക്‌റ്റോബര്‍ ഒന്നു മുതല്‍. അടുത്ത കാലത്തൊന്നും തല പോക്കുന്ന ലക്ഷണമില്ല. വഴിയെ പോകുന്ന അണ്ടനും അടകോടനും ജയലളിതയുമെല്ലാം ചോദിക്കുന്നത് ഒരു ബന്ദ് നടത്താന്‍ കഴിയാത്തവന്‍ എന്തിനാണ് നാട് ഭരിക്കുന്നത് എന്നാണ്. പോടാ, കേരളാവില്‍ ബന്ദ് എപ്പടി എന്റു കേട്ട് പഠിച്ച് വാടാ എന്നാണ് എല്ലാവരും ഉപദേശിക്കുന്നത്.
തിന്നാനും കുടിക്കാനുമുള്ള സാധനങ്ങള്‍ മുഴുവന്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമെങ്കിലെന്താണ്, കോടതിയുടെ കണ്ണുവെട്ടിക്കാനുള്ള വിദ്യകള്‍ തമിഴന്‍ നമ്മളെക്കണ്ടു പഠിക്കണം. മാസത്തില്‍ ഒന്നെന്ന നിരക്കില്‍ നമ്മളെത്ര നടത്തിയതാണ് ബന്ദ്. കോടതി തന്നെ സമ്മതിച്ചതാണ് കേരളത്തോട് കളിക്കാനിനി നമ്മളില്ലെന്ന്. പഞ്ചസാരക്കുപ്പിക്ക് മേല്‍ കടുക് എന്നെഴുതിയാല്‍ തിരിച്ചുപോകുന്ന ഇറുമ്പിനെപ്പോലെ ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ ബന്ദ് കണ്ടാലും മിണ്ടാതിരിക്കുകയേ ഉള്ളൂ നമ്മുടെ കോടതികള്‍.
പിരിച്ചുവിടുമെന്നും മറ്റും സുപ്രിം കോടതി പറഞ്ഞപ്പോള്‍ നിരാഹാരം കിടക്കുകണ് പാവം കരുണാനിധി ചെയ്‌തത്. പട്ടിണി കിടന്നതും വെറുതെ, ഇടയില്‍ എഴുനേറ്റ് പോയതും വെറുതെ. കോടതി വിധി വന്ന ഉടനെ ബന്ദ് പിന്‍വലിക്കുകയും പകരം പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്യാനുള്ള ബുദ്ധിയുണ്ടായില്ല മുത്തുവേലിന്. അറിയുന്നവരോട് ചോദിക്കേണ്ടേ, പറഞ്ഞുകൊടുക്കാമായിരുന്നു.