ഇനി താമസിക്കരുത്. ചട്ടുകം അടുപ്പത്ത് വെക്കുക, സകല വരട്ടുതത്ത്വവാദികളെയും എണ്ണയിലിട്ട് ഉടലോടെ വരട്ടുക തന്നെ.
നേരും നെറിയും തിരിച്ചറിയാന്‍ ഇത്തരമോരോ വിവാദം വേണം. എ.ഡി.ബി.യെക്കുറിച്ച് എന്തെല്ലാം കള്ളക്കഥകളായിരുന്നു വരട്ടുതത്ത്വവാദികള്‍ പ്രചരിപ്പിച്ചിരുന്നത്. ഒടുവിലിപ്പോള്‍ മന സ്സിലായതെന്താണ്? എ.ഡി.ബി. ഒരു ഭീകരനേ അല്ല. ചെറിയ മട്ടിലൊരു പുരോഗമനവാദിയാണോ എന്നുപോലും സംശയിക്കണം.
നിസ്സംശയം തെളിഞ്ഞ രണ്ടു കാര്യങ്ങള്‍ കൂടി പറയാം. ഒന്ന്, വായ്പ തന്ന് നമ്മെ കടക്കെണിയില്‍ വീഴ്ത്തിയ ശേഷം കൈകൊട്ടി പൊട്ടിച്ചിരിക്കാനും തുള്ളിച്ചാടാനും ലക്ഷ്യമിട്ട് വരുന്നവരാണ് ദുഷ്ടസാമ്രാജ്യത്വവാദികള്‍. പക്ഷേ, എ.ഡി.ബി. അത്തരമൊരു ചീപ്പ് പാര്‍ട്ടിയല്ല. രണ്ട്, ദുഷ്ട സാമ്രാജ്യത്വവാദികളുടെ മുന്നില്‍ തലേക്കെട്ടഴിച്ച് അരയില്‍ കെട്ടി ഓച്ഛാനിച്ചു നിന്ന് നക്കാപ്പിച്ച വാങ്ങുന്ന പാര്‍ട്ടിയല്ല സി.പി.എം. അപ്പണിക്ക് കോണ്‍ഗ്രസ്സുകാരെയോ ലീഗുകാരെയോ നോക്കിയാല്‍ മതി.
സഖാവ് ഇ.കെ. നായനാര്‍ സ്വര്‍ഗത്തിലിരുന്ന് സന്തോഷാശ്രു പൊഴിക്കുന്നുണ്ടാകണം. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നല്ല മനസ്സോടെ കൊണ്ടുവന്നതാണ് എ.ഡി.ബി.ക്കാരെ. ബുദ്ധിയും വിവരവും ഇല്ലാത്ത കോണ്‍ഗ്രസ്സുകാര്‍ സെക്രട്ടേറിയറ്റില്‍ കയറി സായ്പന്മാരുടെ ചെകിട്ടത്ത് അടിക്കുകയോ റോഡിലൂടെ പോകുമ്പോള്‍ അവരുടെ തലയില്‍ കരിഓയില്‍ ഒഴിക്കുകയോ ചെയ്തുകളയാനുള്ള സാധ്യതയുണ്ടായിരുന്നു. മുഖ്യമന്ത്രി നായനാര്‍ വളരെ തന്ത്രപൂര്‍വമാണ് ആ സാധ്യത കൈകാര്യം ചെയ്തത്. എ.ഡി.ബി.ക്കാരെ സ്വീകരിക്കാന്‍ ചെല്ലുമ്പോള്‍ എ.കെ. ആന്റണിയെയും കൂടെ കൂട്ടി. അതാണ് ബുദ്ധി. താന്‍ അഞ്ചുകൊല്ലം ഭരിച്ചാല്‍ അതു കഴിഞ്ഞ് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കുന്ന പ്രശ്നമില്ലെന്ന് നായനാര്‍ക്ക് നല്ല ഉറപ്പായിരുന്നു. പിന്നെ ആന്റണിയാകും മുഖ്യമന്ത്രി എന്നും ഉറപ്പ്. ആന്റണിയെ കൂടെ കൂട്ടിയപ്പോള്‍ അതു കൂടിയുണ്ടായിരുന്നു മനസ്സില്‍.
ചെറിയ ഒരു കൈപ്പിഴ നായനാര്‍ക്കും പറ്റാതിരുന്നില്ല. ആന്റണി ഭരിക്കുമ്പോള്‍ അച്യുതാനന്ദനാകും പ്രതിപക്ഷ നേതാവ് എന്ന് ഓര്‍ത്തതേ ഇല്ല. ഓര്‍ത്തിരുന്നെങ്കില്‍ ആന്റണിക്കൊപ്പം വി.എസ്സിനെയും സായ്പന്മാരുടെ അടുത്ത് കൊണ്ടുപോകുമായിരുന്നു. അദ്ദേഹം മറക്കാതെ കവാത്തെടുക്കുന്നതും കാണാമായിരുന്നു. എങ്കില്‍ ആന്റണിയുടെ ഭരണ കാലത്തു തന്നെ പ്രശ്നങ്ങളൊക്കെ തീരുമായിരുന്നു. എ.ഡി.ബി.യുമായുള്ള കരാര്‍ ഇപ്പോഴത്തെപ്പോലെ തലയില്‍ മുണ്ടിട്ട് പോയി ഒപ്പിടേണ്ടിവരുമായിരുന്നില്ല. ഒപ്പിടാന്‍ ഡല്‍ഹിക്ക് പോകുമ്പോള്‍ അച്യുതാനന്ദനെക്കൂടി വിളിക്കുകയും ചെയ്യാമായിരുന്നു. വിളിച്ചാല്‍ വരാത്ത കഠിനമനഃസ്ഥിതിക്കാരനൊന്നുമല്ല അദ്ദേഹം. ജിമ്മിന് വിളിച്ചപ്പോള്‍ പോയില്ലേ?
ഭരണത്തിലെത്തുന്നതിനു മുന്‍പുതന്നെ കേരളത്തില്‍ എന്തെല്ലാം ചെയ്യണമെന്ന് സെമിനാര്‍ ചര്‍ച്ച നടത്തി തീരുമാനിച്ചിരുന്നു സി.പി.എം. 2005 ഡിസംബറില്‍ തലസ്ഥാനത്ത് അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് മാമാങ്കം ഇതിനുള്ളതായിരുന്നു. അന്ന് സഖാവ് സീതാറാം യെച്ചൂരി കൃത്യം കൃത്യമായി പറഞ്ഞതാണ് വിദേശവായ്പയുടെ നയം. വായ്പ ആര് തന്നാലും വാങ്ങും, ഉപാധി ആര് വെച്ചാലും സ്വീകരിക്കില്ല. ഒരു സ്ഥാപനവും സ്വകാര്യവത്‌കരിക്കില്ല. ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ല. ജനക്ഷേമപദ്ധതിയൊന്നും ഉപേക്ഷിക്കില്ല- ഇത്രയും കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല. ഇപ്പോള്‍ തെളിഞ്ഞതെന്ത്? വായ്പതരാന്‍ എ.ഡി.ബി. ഉപാധി വെച്ചില്ലെന്ന് മാത്രമല്ല, വായ്പ വാങ്ങാന്‍ സി.പി.എം. വെച്ച ഉപാധി എ.ഡി.ബി. അപ്പടി സ്വീകരിക്കുകയും ചെയ്തു. അമ്പട കേമ.
സി.പി.എം. അധികാരത്തില്‍ കേറിയ ശേഷം സായ്പന്മാരെ ഫോണ്‍വിളിച്ചോ മറ്റോ വിരട്ടിയാണ് ഈ വിധം സമ്മതിപ്പിച്ചതെന്ന് ധരിച്ചേക്കരുത്. പ്രതിപക്ഷത്തിരുന്നുകൊണ്ടാണ് സി.പി.എം. സായ്പിനെ അടിയറവ് പറയിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോഴാണല്ലോ സഖാവ് പിണറായി കേരള മാര്‍ച്ച് നടത്തിയത്. അത് കോഴിക്കോട്ടെത്തിയപ്പോള്‍ത്തന്നെ യു.ഡി.എഫ്. മാത്രമല്ല, എ.ഡി.ബി.യും ഞെട്ടിവിറച്ചിരുന്നു. പ്രതിപക്ഷത്താവുമ്പോള്‍ ഇതാണ് ഉശിരെങ്കില്‍ ഭരണത്തിലെത്തിയാല്‍ എന്താവും വീറ്, വെച്ചേക്കില്ല എന്ന് സായ്പിന് ഉറപ്പായി. അങ്ങനെയാണ് ഉപാധികള്‍ മുഴുവന്‍ എടുത്ത് മധ്യധരണ്യാഴിയില്‍ കളഞ്ഞത്. “ഉപാധികളും വ്യവസ്ഥകളും എല്ലാം ചര്‍ച്ച ചെയ്തു കഴിഞ്ഞു. വായ്പ വാങ്ങാമെന്നു തന്നെയാണ് തീരുമാനം” എന്ന് പിണറായി വിജയന്‍ കേരള മാര്‍ച്ച് കോഴിക്കോട്ടെത്തിയപ്പോള്‍ പറഞ്ഞതാണ്. തീരുമാനം അന്നേ ആയതാണ് എന്നര്‍ഥം. പോയി ധൈര്യമായി കരാര്‍ ഒപ്പുവെച്ചോളൂ എന്ന് പാലോളി സെക്രട്ടറിയോട് പറഞ്ഞത് വെറുതെയല്ല.
കഴിഞ്ഞ ദിവസം ഇടതുമുന്നണി യോഗം ചേര്‍ന്ന് ഘടകകക്ഷികളുടെ ഏകകണ്ഠമായ എതിര്‍പ്പോടെ ആഹ്ലാദപുരസ്സരമാണ് വായ്പവാങ്ങാന്‍ തീരുമാനമെടുത്തത്. വിദേശ വായ്പയേ വേണ്ട എന്ന് വാശിയുള്ള വരട്ടുതത്ത്വവാദികളാണ് ഘടകകക്ഷികളെല്ലാം. സി.പി.ഐ.യും ജനതാദളും ആര്‍.എസ്.പി.യും മാത്രമല്ല മുഖ്യമന്ത്രിയും വായ്പയ്ക്കെതിരാണ്. അനുകൂലം രണ്ടുപേര്‍ മാത്രം-പാലോളിയും തോമസ് ഐസക്കും. സി.പി.എം. സെക്രട്ടേറിയറ്റ് വിരട്ടിയതുകൊണ്ടാണ് എല്ലാവരും വഴങ്ങിയതെന്നാരും തെറ്റിദ്ധരിക്കരുത്. വായ്പ വാങ്ങിയാല്‍ സാമ്രാജ്യത്വമൂലധനം കേരളത്തില്‍ ആധിപത്യം സ്ഥാപിക്കും. സി.ഐ.എ. വരും. പിശാച് വരും. വേറെയെന്തെല്ലാമോ സംഭവിക്കും. വാങ്ങേണ്ട എന്ന് തീരുമാനിച്ചാല്‍ പാലോളിയും ഐസക്കും പോകേണ്ടിവരും. അതാവും വലിയ ദുരന്തം. അതു കേരളത്തിന് സഹിക്കാന്‍ പറ്റില്ല. അതുകൊണ്ട് വായ്പ വാങ്ങാന്‍ തീരുമാനിച്ചു എന്നാണ് വെളിയം പറഞ്ഞത്. വെളിയം വലിയ തമാശയും പറയും.
എന്തായാലും ഒരു കാര്യം സി.പി.എം. നേതൃത്വം സമ്മതിച്ചിട്ടുണ്ട്. എ.ഡി.ബി. കാര്യത്തില്‍ സംഭവിച്ചത് ഇനിയുണ്ടാവില്ല. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഒരു തീരുമാനവും എടുക്കില്ല. എല്ലാ വിഷയങ്ങളും മുന്നണിയില്‍ ചര്‍ച്ചയ്ക്ക് വെക്കും. എല്ലാവരുടെയും എതിര്‍പ്പോടെ ഏകകണ്ഠമായി പാസ്സാക്കും.
************************
വെടിയുണ്ട വിവാദം മാധ്യമപ്രവര്‍ത്തകര്‍ വഴിയിലുപേക്ഷിച്ച് വേറെ വിഷയത്തില്‍ കേറിപ്പിടിച്ചേക്കുമോ എന്ന് പാര്‍ട്ടിക്ക് ആശങ്കയുണ്ട്. അതുപാടില്ല. അവരെ ഇടയ്ക്കിടെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കാന്‍ പാര്‍ട്ടി പത്രത്തില്‍ വേണ്ടതായ ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. തങ്ങളെ ക്കൊണ്ടാകുന്നത് നേതാക്കള്‍ ചെയ്യുന്നുമുണ്ട്.
തോക്കില്ലായിരുന്നെങ്കില്‍ പിണറായി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ല എന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഒരു സ്കൂപ്പ് വാര്‍ത്തയാണ് അത്. പിണറായിയെ കൊല്ലാന്‍ ആരോ വന്നെന്നും അവരെ സുരേഷ്ഗോപി സ്റ്റൈലില്‍ അദ്ദേഹം കൈകാര്യം ചെയ്തെന്നും ആണല്ലോ ഇതിനര്‍ഥം. പാര്‍ട്ടി പത്രത്തിലും കണ്ടില്ല, മാധ്യമസിന്‍ഡിക്കേറ്റുകാരുടെ കടലാസുകളിലും കണ്ടില്ല ഇങ്ങനെയൊരു വാര്‍ത്ത. പാര്‍ട്ടി പത്രമോ പാര്‍ട്ടി പത്രത്തേക്കാള്‍ പിണറായി പത്രമായി മാറിയ മുന്‍കാല ക്രൈസ്തവ വര്‍ഗീയ പത്രമോ ഇതിന്റെ വിശദ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമായിരിക്കും.
ഇനിയൊരു പക്ഷേ, പിണറായിയുടെ കൈയില്‍ തോക്കുണ്ടെന്ന് അറിഞ്ഞതുകൊണ്ട് ആര്‍.എസ്.എസ്. കാപാലികരൊന്നും ധൈര്യപ്പെട്ടില്ല എന്നാവുമോ കോടിയേരി പറഞ്ഞതിന് അര്‍ഥം? അങ്ങനെയുമാകാമല്ലോ. ഇ.എം.എസ്സിനു വായിക്കാന്‍ പുസ്തകം പോലും പാര്‍ട്ടിയാണ് വാങ്ങിക്കൊടുക്കാറുള്ളതെന്നു കേട്ടിട്ടുണ്ട്. തീര്‍ച്ചയായും പിണറായിക്ക് തോക്ക് വാങ്ങിക്കൊടുത്തതും പാര്‍ട്ടിയാവും. എങ്കില്‍ പിന്നെ ആര് വാങ്ങി, എപ്പോള്‍ വാങ്ങി, എവിടെ നിന്ന് വാങ്ങി, എത്ര വില കൊടുത്തു വാങ്ങി, ബില്ലെവിടെ, വാറ്റ് നികുതി അടച്ചിരുന്നോ എന്നു തുടങ്ങി കോണ്‍ഗ്രസ്സുകാര്‍ ദിവസേന ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റയടിക്ക് മറുപടി കൊടുക്കാവുന്നതേയുള്ളൂ. കൂടെ ഒന്നുകൂടി ചെയ്യാം. വേറെ ആര്‍ക്കെല്ലാം തോക്ക് വാങ്ങിക്കൊടുത്തിട്ടുണ്ട് എന്നുകൂടിയങ്ങ് പ്രസിദ്ധപ്പെടുത്തിയേക്കാം. കേരളത്തില്‍ തോക്കുകൊണ്ട് സംരക്ഷിക്കേണ്ട ഏക തടി പിണറായിലേതാണ് എന്ന് തീരുമാനിക്കാന്‍ വഴിയില്ല. മുന്‍കൂട്ടി പറഞ്ഞാലുള്ള ഗുണം നാളെ വേറെ ഒരാള്‍ക്ക് ഉണ്ട മാറ്റാന്‍ മറന്നാലും വിവാദമൊഴിവാക്കാമെന്നതാണ്.
*************************
അവസാനമായി ഇതൊരു മറവിയുടെ പ്രശ്നമാണെന്ന് സമ്മതിച്ചിട്ടും പിണറായിക്ക് മാപ്പുകൊടുക്കാന്‍ സമ്മതിക്കുന്നില്ല കോണ്‍ഗ്രസ്സുകാര്‍. ഉണ്ടപോലുള്ള രാജ്യരക്ഷാപ്രാധാന്യമുള്ള സംഗതികള്‍ മറക്കുന്നത് സഹിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് വയ്യ. ചെറിയ കാര്യങ്ങളായിരുന്നെങ്കില്‍ അവര്‍ പൊറുത്തേനെ.
ഉദാഹരണത്തിന്, ഇന്ദിരാഗാന്ധിയുടെ കാലത്ത് പ്രതിപക്ഷത്തുള്ള ബൂര്‍ഷ്വാകള്‍ വലിയ ആനക്കാര്യമാണെന്ന മട്ടില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു- കേന്ദ്രമന്ത്രി ജഗ്ജീവന്റാം പത്തു വര്‍ഷമായി ആദായനികുതി കൊടുക്കുന്നില്ല. പാര്‍ലമെന്റില്‍ എന്തൊരു ബഹളം. ഒടുവില്‍ ഇന്ദിരാഗാന്ധി എഴുന്നേറ്റ് നിന്ന് കാര്യം പറഞ്ഞു. ജഗ്ജീവന്റാം നികുതിയടയ്ക്കാന്‍ മറന്നുപോയതാണ്. പിന്നെ ഒച്ചയുമില്ല, അനക്കവുമില്ല. രാഷ്ട്രകാര്യങ്ങള്‍ നോക്കുന്നതിനിടയില്‍ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ എവിടെ സമയം? അതുപോലെയാണോ അഞ്ചുണ്ട?