സീറ്റ് വാണിഭം

ഇന്ദ്രൻ

സീറ്റ് വാണിഭം

വിപ്ലവം നടക്കുംവരെയുള്ള ഇടക്കാലാശ്വാസമായിട്ടാണ്
മുമ്പ് കമ്യൂ.പാര്‍ട്ടികള്‍ പാര്‍ലമെന്ററി 
വ്യതിയാനത്തെ കണ്ടിരുന്നത്. കാലം 
മാറിയില്ലേ. വിപ്ലവം ഈ ജന്മത്ത് നടക്കില്ല എന്ന്
തീരുമാനമായ സ്ഥിതിക്ക് പലതും 
ആലോചിക്കേണ്ടതുണ്ട്. ഇത് ആഗോളീകരണ 
കാലവുമാണ്

ടിക്കറ്റ് എന്നാണ് ഈ സാധനത്തിന് കോണ്‍ഗ്രസ്സുകാര്‍ പറയുന്ന പേര്. നല്ല ഭാവനാവൈഭവമുള്ള കൂട്ടരാണവര്‍. പാര്‍ട്ടിസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കിട്ടുന്ന ചാന്‍സിനാണ് ഈ അര്‍ഥപൂര്‍ണമായ പേരുള്ളത്. കാശുകൊടുക്കാതെ എവിടെയെങ്കിലും ടിക്കറ്റ് കിട്ടുമോ? സിനിമാതിയേറ്ററിലും ട്രെയിനിലുമൊക്കെയാണെങ്കില്‍ ക്യൂനില്‍ക്കാന്‍ ഉന്തുകയും തള്ളുകയുമൊക്കെ വേണം. അഞ്ചുകൊല്ലം ലോക്‌സഭാംഗമായിരിക്കാനുള്ള ടിക്കറ്റാവുമ്പോള്‍ ഉന്തുംതള്ളും അക്രമാസക്തമാകും. കാശിനേക്കാള്‍ കൂടിയ പലതും വിലകൊടുക്കേണ്ടിവന്നേക്കാം മൂല്യരഹിത ബൂര്‍ഷ്വാപാര്‍ട്ടികളില്‍. ബ്രാക്കറ്റ് ഉള്ളതായാലും ഇല്ലാത്തതായാലും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യകളില്‍ ടിക്കറ്റില്ല. പാര്‍ട്ടി തീരുമാനിക്കും ആര് മത്സരിക്കണമെന്ന്. ആള്‍ അതിന് വഴങ്ങിയേ തീരൂ. രക്തസാക്ഷിത്വത്തോളം വരില്ലെങ്കിലും സംഗതി അതിനടുത്തുനില്‍ക്കുന്ന ത്യാഗമാണ്.

വിപ്ലവം നടക്കുംവരെയുള്ള ഇടക്കാലാശ്വാസമായിട്ടാണ് മുമ്പ് കമ്യൂ.പാര്‍ട്ടികള്‍ പാര്‍ലമെന്ററി വ്യതിയാനത്തെ കണ്ടിരുന്നത്. കാലം മാറിയില്ലേ. വിപ്ലവം ഈ ജന്മത്ത് നടക്കില്ല എന്ന് തീരുമാനമായ സ്ഥിതിക്ക് പലതും ആലോചിക്കേണ്ടതുണ്ട്. ഇത് ആഗോളീകരണ കാലവുമാണ്. പിടിച്ചുനില്‍ക്കണമെങ്കില്‍, മറ്റേ സഖാവ് പറഞ്ഞതുപോലെ കട്ടന്‍കാപ്പി, പരിപ്പുവട മെനുവില്‍നിന്ന് മാറിയേ തീരൂ. ബൂര്‍ഷ്വാപാര്‍ട്ടികള്‍പോലും ഇത്ര സ്?പീഡില്‍ മാറിയിട്ടില്ല. അവിടെ ടിക്കറ്റിനുവേണ്ടിയുള്ള ഉന്തും തള്ളും അതിരൂക്ഷമായതുകൊണ്ട് അവരുടെ കണ്ണുവെട്ടിച്ച് പേമെന്റ് സീറ്റ് തരപ്പെടുത്തുക ദുഷ്‌കരമാണ്. മാത്രവുമല്ല, അവിടെ ഹൈക്കമാന്‍ഡ് ആണ് ടിക്കറ്റ് വിതരണം ഹോള്‍സെയിലായി നടത്തുന്നത്. അവര്‍ അറിയാതെ ഇല ഇളകില്ല. പേമെന്റാണ് എന്ന് ഹൈക്കമാന്‍ഡുകാര്‍ അറിഞ്ഞാല്‍ അവര്‍ വിഹിതം ചോദിക്കും. കാശ് അങ്ങോട്ടുകൊടുക്കുകയും വേണ്ട, ഇങ്ങോട്ട് കിട്ടുകയും ചെയ്യുന്ന മധുരമനോഹര അവസ്ഥയാണ് അവിടെ ഇപ്പോഴുള്ളത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലാതെ പാര്‍ട്ടി പാപ്പരാവുന്നതുവരെ അത് മാറുന്ന പ്രശ്‌നമില്ല.
അല്ലെങ്കിലും ആകപ്പാടെ നോക്കുമ്പോള്‍ ഈ പേമെന്റ് സീറ്റ് സമ്പ്രദായത്തില്‍ എന്താണിത്ര അപകടമുള്ളത് എന്ന് മനസ്സിലാവുന്നില്ല. മാര്‍ക്ക് മാത്രമല്ല മാനദണ്ഡം എന്ന് വിദ്യാഭ്യാസവാണിജ്യരംഗത്ത് തീരുമാനിച്ചില്ലേ? പണം കൊടുത്താല്‍ മരണംവരെ ഡോക്ടറോ എന്‍ജിനീയറോ ആകാമെങ്കില്‍ അഞ്ചുകൊല്ലം മാത്രം പാര്‍ലമെന്റംഗമായിരിക്കുന്നത് അപരാധമാണോ? കേരളത്തിന് പുറത്ത് മുമ്പേതന്നെ രാജ്യസഭാ സീറ്റ് നല്‍കിപ്പോന്നത് ലേലം വിളിച്ചാണ്. ഇവിടെ സ്വകാര്യമായാണ് അത് ചെയ്യുന്നത് എന്നാശ്വസിച്ചുകൂടേ ജനത്തിന്? ദേശീയതലത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസായ അജോയ് ഭവനില്‍ നിത്യച്ചെലവുകള്‍ക്കുതന്നെ വകയില്ല. ആരെങ്കിലും രണ്ട് സീറ്റ് വിറ്റ് ഒന്നോരണ്ടോ കോടി കൊണ്ടുവന്നുതന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പുകാലത്ത് നേതാക്കളുടെ വണ്ടിക്കൂലി ആരുകൊടുക്കും? അംബാനിമാരും മിത്തലുമാരും ചെലവിന് പണംനല്‍കുന്ന ബുര്‍ഷ്വാപാര്‍ട്ടികള്‍ക്ക് ഈ പങ്കപ്പാടൊന്നും മനസ്സിലാവില്ല.
സീറ്റ് വാണിഭത്തിന് സൈദ്ധാന്തിക ന്യായീകരണം വേണമെങ്കില്‍ അതും ചുട്ടെടുക്കാവുന്നതേ ഉള്ളൂ. ബഹുവര്‍ഗ ജനാധിപത്യ പാര്‍ട്ടിയായി നമ്മള്‍ മാറുമ്പോള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണം. സ്വാശ്രയ കോളേജ് ഉടമകള്‍, ഹോട്ടല്‍ മുതലാളിമാര്‍, ബാര്‍ നടത്തിപ്പുകാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ജനപ്രതിനിധിസഭകളില്‍ പ്രാതിനിധ്യം വേണം. അവര്‍ക്ക് ജാഥയില്‍ പോകാനും പോസ്റ്റര്‍ ഒട്ടിക്കാനുമൊന്നും സമയം കിട്ടില്ല. യോഗ്യതകളില്‍ ഇളവുകൊടുത്ത് കുറച്ച് സീറ്റുകള്‍ അവര്‍ക്ക് നല്‍കുന്നത് വലിയ തെറ്റാണോ?

ജയിക്കില്ലെന്നുറപ്പുള്ള തിരുവനന്തപുരം പോലുള്ള സീറ്റില്‍ മത്സരിക്കാന്‍ ബുദ്ധിയുള്ളവരാരെങ്കിലും കോടികള്‍ നല്‍കുമോ എന്ന് ബുദ്ധികുറഞ്ഞ ജനം സംശയിച്ചേക്കാം. തിരഞ്ഞെടുപ്പിലെ പകല്‍ക്കളിയേ നമ്മള്‍ കാണാറുള്ളൂ. രാത്രിക്കളി വേറെ ഉണ്ട്. തോല്‍ക്കുന്നതും രാഷ്ട്രീയത്തില്‍ ലാഭകരമായ ഏര്‍പ്പാടാണ്. അത് പണ്ടും അങ്ങനെയായിരുന്നു. അന്ന് സ്ഥാനാര്‍ഥിയായാല്‍ ജീപ്പും കാറും മറ്റും മുറതെറ്റിച്ച് കിട്ടുമായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നല്ലവിലയ്ക്ക് വില്‍ക്കാം. അതായിരുന്നു അക്കാലത്തെ കച്ചവടത്തിലെ ലാഭം. ഇപ്പോള്‍ കിട്ടാത്തതായി ഒന്നുമില്ല. സ്ഥാനാര്‍ഥിയായാല്‍ പണം പിരിക്കാം. കഴിവിനൊത്ത് പിരിക്കാം. പാര്‍ട്ടിക്ക് അഞ്ചുകോടി കൊടുത്താലും കുഴപ്പമില്ല. ആറുകോടി സ്വയം പിരിച്ചെടുക്കാന്‍ പറ്റണമെന്നുമാത്രം. കച്ചവടത്തില്‍ ആര്‍ക്കുമില്ല നഷ്ടം. തിരഞ്ഞെടുപ്പില്‍ തോറ്റശേഷം മാളിക പണിതവരുണ്ടെന്നും കേള്‍ക്കുന്നു.
സീറ്റ് വിറ്റുവെന്ന ആരോപണം കേട്ടപ്പോള്‍ത്തന്നെ കമ്മീഷനെ നിയോഗിച്ച് കുറ്റവാളികളെ കണ്ടെത്തി സൈബീരിയയ്ക്ക് അയച്ചില്ലേ, സി.പി.ഐ.യിലല്ലാതെ വേറെ ഏത് പാര്‍ട്ടിയില്‍ ഇത്ര നീതിനടക്കും എന്നാണ് പാര്‍ട്ടിയിലെ അവശിഷ്ട ബുദ്ധിജീവി ബിനോയ് വിശ്വം ചോദിച്ചത്. സ്ഥാനാര്‍ഥിയുടെ പേര് പറഞ്ഞപ്പോള്‍ത്തന്നെ, പാര്‍ട്ടി ഓഫീസില്‍ ചായ കൊണ്ടുവരുന്ന പയ്യനുപോലും ഇടപാടിന്റെ സ്വഭാവം മനസ്സിലായിരുന്നുവെന്നാണ് സഖാക്കള്‍ സ്വകാര്യമായി പറയുന്നത്. പാവം ബിനോയ് വിശ്വന് മാത്രം മനസ്സിലായില്ല. ആദര്‍ശവാദിയായതുകൊണ്ട് അങ്ങനെയൊന്ന് സ്വപ്നത്തില്‍പ്പോലും കരുതിക്കാണില്ല. തിരുവനന്തപുരം സീറ്റ് പാര്‍ട്ടിയുടേതാണ്. മത്സരിക്കാന്‍ ആളില്ല. വോട്ടെണ്ണുമ്പോള്‍ എട്ടുമണിക്കുതന്നെ തോല്‍ക്കുമെന്നുറപ്പായിരുന്നല്ലോ. ബെന്നറ്റെങ്കില്‍ ബെന്നറ്റ് എന്നേ കരുതിയുള്ളൂ ബിനോയ്. ബെന്നറ്റിന്റെ പേരിനെ ചോദ്യംചെയ്താല്‍, എന്നാല്‍, ബിനോയ് മത്സരിക്കട്ടെ എന്ന് പറഞ്ഞേക്കുമോ എന്ന ഭയവും കാണാം. അതാവാം ബിനോയ് മൗനംപാലിക്കാന്‍ കാരണം.
ആകെ മുങ്ങിയാല്‍ കുളിരില്ല. കൈക്കൂലി, അഴിമതി, സീറ്റ് വില്‍പ്പന തുടങ്ങിയ ഏര്‍പ്പാടുകളൊന്നുമില്ലാത്ത തങ്കപ്പെട്ട മനുഷ്യരുടെ പാര്‍ട്ടിയാണ് സി.പി.ഐ. എന്നൊരു തെറ്റിദ്ധാരണ മുമ്പുണ്ടായിരുന്നു. എം.എന്‍., അച്യുതമേനോന്‍ കാലത്തുണ്ടായതാണ്. വെളിയം, ചന്ദ്രപ്പന്‍ കാലംവരെ അത് നിലനിന്നു. തുടര്‍ന്നിരുന്നെങ്കില്‍ പാര്‍ട്ടി മുടിഞ്ഞുപോയേനെ. ഇനി പ്രശ്‌നമില്ല. ‘മുടി’ സമൃദ്ധം, പാര്‍ട്ടി മുടിയില്ല. ഇടതുവലത് പാര്‍ട്ടികള്‍ തമ്മിലിപ്പോള്‍ വലിയ വ്യത്യാസമില്ലെന്ന് തെളിഞ്ഞസ്ഥിതിക്ക് പുനരേകീകരണം ഇനി വൈകിക്കേണ്ടതില്ല.

***

സീറ്റ് കിട്ടാഞ്ഞാല്‍ മറുകണ്ടം ചാടുന്ന ഏര്‍പ്പാടിന് ദി പിണറായി ബുക്ക് ഓഫ് പൊളിറ്റിക്കല്‍ ഡിക്ഷ്ണറിയില്‍ എന്താണ് പേരിട്ടിരുന്നത് എന്ന് കേട്ടതാണല്ലോ. തലേന്നുവരെ പാര്‍ട്ടി ഓഫീസിന്റെ മുന്നിലെ റോഡില്‍ക്കൂടി നടന്നിട്ടില്ലാത്തവര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വരുന്ന പ്രതിഭാസത്തിന് ആ ഡിക്ഷ്ണറിയില്‍ എന്താണ് പേരെന്ന് വ്യക്തമല്ല. കുറച്ച് കടുപ്പംകുറഞ്ഞ പേരാവാനേ തരമുള്ളൂ. പണ്ട് അപൂര്‍വം ചിലരാണ് പിന്‍വാതില്‍ വഴി ചാടിവരാറെങ്കില്‍ ഇപ്പോള്‍ അതല്ല സ്ഥിതി. പിന്‍വാതിലില്‍ വലിയ തിരക്കാണ്. അത്തരക്കാര്‍ക്കെല്ലാം മുന്‍വാതില്‍ വഴി കേറാം. ലോക്‌സഭാ സ്ഥാനാര്‍ഥികളില്‍ ഏതാണ്ട് പാതി അത്തരക്കാരായിരുന്നു.
ഇത്തരം കാര്യങ്ങള്‍ ഡീസന്റ് ആയി മാനേജ് ചെയ്യാന്‍ വലതന്മാര്‍ക്ക് അറിഞ്ഞുകൂടാ. തിരുവനന്തപുരത്ത് എല്ലാം നാട്ടില്‍ പാട്ടാക്കി വഷളാക്കി. വലിയ ജനാധിപത്യക്കാരാണുപോലും. എല്ലാം റോഡിലിറങ്ങി വിളിച്ചുപറയും. കൊച്ചിയില്‍ അങ്ങനെ വല്ല പ്രശ്‌നവുമുണ്ടായോ? പല കഥയും കേള്‍ക്കുന്നുണ്ട് എന്നൊരു സീനിയറാശാന്‍ പറഞ്ഞശേഷം ആരെങ്കിലും വല്ല കഥയും പറഞ്ഞോ. ഇല്ല, ആശാനും പിന്നെ മിണ്ടിയില്ല. മിണ്ടിയാല്‍ ആ ആളിന്റെ കഥ കഴിയുമായിരുന്നു. ഇപ്പോള്‍ എല്ലാം ശാന്തം.
നാണംകെട്ടും പണം നേടിയാല്‍ നാണക്കേട് തീര്‍ക്കാന്‍ പണം മതിയാകുമെന്നാണ് പണ്ടേയുള്ള ന്യായം. ആ ന്യായത്തില്‍ മാറ്റമൊന്നുമില്ല. അത് ആഗോളീകരണ ന്യായമാണ്. സംഗതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണെങ്കില്‍ ചെറിയ വ്യത്യാസമുണ്ടാകുമെന്ന് മാത്രം. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നാണക്കേട് പാതി തീരും എന്നതാണ് വ്യത്യാസം.

***

കെ.എം. മാണിസാറിന്റെ മനഃപ്രയാസത്തിന്റെ ആഴം അളക്കാന്‍ ആര്‍ക്കും കഴിയില്ല. സംസ്ഥാനം ധനപ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് വീണുകൊണ്ടിരിക്കുന്നതാണ് പ്രശ്‌നമെന്നാരും ധരിച്ചേക്കരുതേ. അത് അതിന്റെ വഴിക്കുപോകും. കൂടിയാല്‍ ട്രഷറി പൂട്ടും. അത്രയേ ഉള്ളൂ. അതൊന്നുമല്ല മാണിസാറിന്റെ പ്രശ്‌നം. മാണിസാറിനെ സകലരും മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. ഇടതുവലത് വ്യത്യാസമില്ല ക്ഷണത്തിന്. ഒടുവില്‍ ഹിന്ദുത്വവാദി ബി.ജെ.പി.യുടെ പത്രവും ക്ഷണിച്ചു. ഇനിയിപ്പോള്‍ മാവോവാദികളോ മറ്റോ മാത്രമേ ക്ഷണിക്കാന്‍ ബാക്കിയുള്ളൂ. പക്ഷേ, മാണിസാറിന് മുഖ്യമന്ത്രിയാകാന്‍ കഴിയുന്നില്ല.
ഒന്നുകില്‍ കോണ്‍ഗ്രസ്സുകാര്‍ കനിയണം. അല്ലെങ്കില്‍ ഇടതുപക്ഷം കനിയണം. ഇടതുപക്ഷത്തേക്ക് ചാടുമെന്ന് പേടിപ്പിച്ചാലേ കോണ്‍ഗ്രസ്സുകാര്‍ വഴങ്ങൂ. പക്ഷേ, അച്യുതാനന്ദന്‍ ഉള്ള കാലത്തോളം അത് നടപ്പില്ല. വഴി ബ്ലോക്കാക്കി പുള്ളിക്കാരന്‍ വണ്ടി ഇട്ടിട്ടുണ്ട്. ഇനി മാണി മറുകണ്ടം ചാടിയാല്‍ ചെളിയില്‍ വീഴും. ഒരിക്കല്‍ക്കൂടി വി.എസ്. തെളിയിച്ചിരിക്കുന്നു, പ്രതിപക്ഷ നേതാവാണ് ഭരണപക്ഷത്തിന്റെ രക്ഷകന്‍.

nprindran@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Go Top