അന്ത്യശാസനം

ഇന്ദ്രൻ

ആഭ്യന്തരവകുപ്പിലെ ഭരണനടപടിക്രമങ്ങള്‍ മുഖ്യമന്ത്രിക്ക്‌ ഇനിയും പിടികിട്ടിയില്ലെന്നു വേണം മനസ്സിലാക്കാന്‍. പോലീസ്‌ ഭരണത്തിനു സി.പി.എമ്മില്‍ പ്രത്യേക സംവിധാനമുണ്ട്‌. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയായിരുന്നിട്ടുപോലും ഇ.കെ. നായനാര്‍ അനാവശ്യമായി പോലീസ്‌ ഭരണത്തില്‍ ഇടപെട്ടിരുന്നില്ല. പോലീസ്‌ കാര്യം വല്ലതും ചോദിച്ചാല്‍ ” അതെല്ലാം അതാ ആ മുറിയില്‍ ഒരുത്തനിരിക്കുന്നുണ്ട്‌- ഓനോട്‌ പറഞ്ഞാല്‍ മതി” എന്നാണ്‌ നായനാര്‍ പറയാറുള്ളത്‌. പിന്നെയെന്തിന്‌ ആഭ്യന്തര വകുപ്പ്‌ കൈവശമില്ലാത്ത മുഖ്യമന്ത്രി അച്യുതാനന്ദന്‍ ആഭ്യന്തര ഭരണത്തെക്കുറിച്ച്‌ ഇങ്ങനെ വേവലാതിപ്പെടണം. മറ്റു വകുപ്പുകള്‍ പോലെയല്ല ആഭ്യന്തര വകുപ്പ്‌. കേരളത്തിലുടനീളമുള്ള നൂറുനൂറു പോലീസ്സ്റ്റേഷനുകളില്‍ ഏതെല്ലാം കേസില്‍ ആരെയെല്ലാം പ്രതിചേര്‍ക്കണം, ആരെയെല്ലാം അറസ്റ്റുചെയ്യണം, ലോക്കപ്പിലിടണം, തല്ലണം, കൊല്ലണം, എവിടെയെല്ലാം റെയ്ഡ്‌ ചെയ്യണം എന്നിങ്ങനെ നൂറുനൂറു കാര്യങ്ങള്‍ തീരുമാനിക്കാനുണ്ടാകും. എല്ലാം തീരുമാനിക്കാന്‍ ഒരു ആഭ്യന്തര മന്ത്രിക്ക്‌ കഴിയുമോ? അതിനാണ്‌ പാര്‍ട്ടി ആസ്ഥാനത്ത്‌ സംവിധാനമുണ്ടാക്കിയിരിക്കുന്നത്‌. ആഭ്യന്തരമന്ത്രി തീരുമാനിക്കേണ്ട കാര്യംപോലും ചിലപ്പോള്‍ പാര്‍ട്ടി തീരുമാനിക്കേണ്ടി വന്നേക്കാം. ആഭ്യന്തരമന്ത്രി ഔട്ട്‌ഓഫ്‌ റെയ്ഞ്ച്‌ ആയാല്‍ എന്തുചെയ്യും? പാര്‍ട്ടി സെക്രട്ടേറിയറ്റില്‍പ്പോലും സ്ഥലത്തുള്ള അംഗങ്ങള്‍ യോഗംചേര്‍ന്ന്‌ തീരുമാനിക്കേണ്ട സന്ദര്‍ഭം വരാറുണ്ട്‌. അവൈലബ്ല് സെക്രട്ടേറിയറ്റ്‌ പോലെ ചിലപ്പോള്‍ അവൈലബ്ല് ആഭ്യന്തരമന്ത്രി തീരുമാനമെടുത്തേക്കും. അതാര്‌ എന്ന്‌ മുഖ്യമന്ത്രി അറിയേണ്ട കാര്യമില്ല. ഡി.ജി.പി. അറിഞ്ഞാല്‍ മതി.

അതുപോലെയാണ്‌ ശാസനയുടെ കാര്യവും. പാര്‍ട്ടിയില്‍ ശാസനയുണ്ട്‌. പരസ്യശാസനയുണ്ട്‌, രഹസ്യ ശാസനയുമുണ്ട്‌. സര്‍ക്കാര്‍ സര്‍വീസില്‍ ആ സമ്പ്രദായമില്ല. പോലീസ്‌ മേധാവി നിസ്സഹായനാണ്‌. ശാസിക്കുകയല്ല, മുഖ്യമന്ത്രി പരസ്യമായി ചൂരല്‍കൊണ്ടടിച്ചാല്‍പ്പോലും സഹിക്കുകയേ നിവൃത്തിയുള്ളൂ. ഇത്‌ സിനിമയൊന്നുമല്ലല്ലോ, രാജിക്കത്ത്‌ മുഖത്തെറിഞ്ഞുകൊടുത്ത്‌ ഇറങ്ങിപ്പോകാന്‍. മുഖ്യമന്ത്രിയുടെ സ്റ്റെയില്‍ പക്ഷേ, ജനത്തിനു ക്ഷ പിടിച്ചു. ആറുമാസമായി എ.കെ. ആന്റണിയായി ഇരിക്കുകയായിരുന്നല്ലോ. ശാസന പക്ഷേ, ഉദ്യോഗസ്ഥരില്‍ മാത്രമായി ചുരുക്കുന്നത്‌ ശരിയല്ലെന്ന അഭിപ്രായമാണ്‌ പൊതുവേ ഉള്ളത്‌. എന്തുകൊണ്ട്‌ ആഭ്യന്തരമന്ത്രിയെ തന്നെ വിളിച്ചുവരുത്തി ശാസിച്ചുകൂടാ? ആകാശം ഇടിഞ്ഞുവീഴുമോ എന്നറിയണമല്ലോ. അകത്ത്‌ വിളിച്ച്‌ ശാസിച്ചശേഷം മുഖ്യമന്ത്രി പുറത്തുവന്ന്‌ ചാനലുകള്‍ക്കു മുന്നില്‍ ശാസനാ നടപടിയുടെ മിമിക്രി അവതരിപ്പിക്കുന്നതിനേക്കാള്‍ നല്ലത്‌ ശാസനാ നടപടി തന്നെ ചാനല്‍ ക്യാമറകള്‍ക്കുമുന്നില്‍ നടത്തുകയാണ്‌. ഭരണം സുതാര്യമാക്കി എന്ന്‌ അവകാശപ്പെടുകയും ചെയ്യാം.

ആറുമാസം കഴിഞ്ഞ്‌ വട്ടപ്പൂജ്യമായി ഇറങ്ങിപ്പോകുന്നതിലും നല്ലത്‌ ജനങ്ങള്‍ക്കുമുന്നില്‍ പഴയ ഇമേജോടെ ഇറങ്ങിപ്പോകുകയാണ്‌ എന്ന്‌ ചിലര്‍ കരുതുന്നു. ആകാം. കരുതട്ടെ. ഡി.ജി.പി.ക്കുള്ള ശാസന ഡി.ജി.പി.ക്കുള്ളതല്ലെന്നും അത്‌ പാര്‍ട്ടിക്കുള്ള അന്ത്യശാസനയാണെന്നും തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ പാര്‍ട്ടിക്കുണ്ട്‌. ശേഷം രംഗങ്ങള്‍ ഉടനെ.

* * * * *

തിരുവമ്പാടിയിലെ എല്‍.ഡി.എഫ്‌. സ്ഥാനാര്‍ഥിയുടെ വിജയം സാങ്കേതികം മാത്രമാണെന്ന്‌ പ്രതിപക്ഷത്തുള്ളവര്‍ ആശ്വസിക്കുന്നുണ്ട്‌. ആശ്വസിക്കട്ടെ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെന്നപോലെ സാങ്കേതികമല്ലാതെ തോറ്റാല്‍ വേറെ വല്ല ആശ്വാസവാക്കും കണ്ടെത്തണമെന്നേയുള്ളൂ. അതിന്‌ ഒരിക്കലും പഞ്ഞമുണ്ടാകാറില്ല.

സാങ്കേതികമല്ലാത്തതായ ഒരു വിജയവുമില്ല. തിരഞ്ഞെടുപ്പിലാണെങ്കില്‍ പിന്നെ പറയാനുമില്ല. നിയമസഭയില്‍ മൂന്നിലൊന്നുപോലും സീറ്റില്ലാത്ത കക്ഷിയുടെ നേതാവ്‌ മറ്റു കക്ഷികളും ഒപ്പമുണ്ട്‌ എന്നുപറഞ്ഞ്‌ മുഖ്യമന്ത്രിയാകുന്നത്‌ മുന്നണി എന്ന സാങ്കേതികത്വത്തില്‍ തൂങ്ങിയാണ്‌. നൂറ്റിനാല്‍പതില്‍ അറുപത്തൊമ്പത്‌ സീറ്റ്‌ കിട്ടിയ കക്ഷി ചിലപ്പോള്‍ പ്രതിപക്ഷത്തിരിക്കും. എഴുപത്തൊന്ന്‌ സീറ്റ്‌ കിട്ടിയ മുന്നണിയിലെ അഞ്ചുസീറ്റുള്ള കക്ഷിയുടെ നേതാവ്‌ മന്ത്രിയായി ഞെളിഞ്ഞുനടക്കും. അതും സാങ്കേതികത്വമാണ്‌. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വോട്ടര്‍മാര്‍ എതിര്‍ത്തു വോട്ടുചെയ്താലും ഒരാള്‍ക്ക്‌ ജയിക്കാം. വോട്ടര്‍മാര്‍ക്ക്‌ തന്നോടുള്ളതിനേക്കാള്‍ വെറുപ്പ്‌ വേറെ ആരോടെങ്കിലും വേണം എന്നേയുള്ളൂ. ഈ സമ്പ്രദായവും സാങ്കേതികം തന്നെയാണ്‌. തിരുവമ്പാടിയില്‍ എല്‍.ഡി.എഫ്‌. 246 വോട്ടിന്‌ ജയിച്ചതും സാങ്കേതികം തന്നെ.

ഒരു വോട്ടിന്റെ ഭൂരിപക്ഷമേ ഉള്ളൂവെങ്കിലും ആ കാരണത്താല്‍ നിയമസഭയില്‍ ടിയാന്റെ വോട്ടിനു വിലകുറയുകയില്ല. നാല്‍പത്തേഴായിരത്തി അറുന്നൂറ്റെഴുപത്തൊന്നു വോട്ടിന്‌ ജയിച്ചുവന്ന ആലത്തൂരിലെ എം. ചന്ദ്രനേക്കാള്‍ അലവന്‍സ്‌ ഒരു പൈസ കുറയില്ല വെറും എണ്‍പത്തഞ്ചുവോട്ടിന്‌ ജയിച്ചെത്തിയ നെടുമങ്ങാട്ടെ മാങ്കോട്‌ രാധാകൃഷ്ണന്‌. അങ്ങനെയൊക്കെയാണ്‌ ജയത്തിന്റെ സാങ്കേതികത്വം. പരിഭവിച്ചിട്ട്‌ കാര്യമില്ല.

വിജയിക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കിയില്ലെങ്കില്‍ തോല്‍ക്കും. അറുപതുശതമാനത്തിലേറെ ന്യൂനപക്ഷമത വോട്ടുള്ള മണ്ഡലത്തില്‍ എഴുപത്തേഴിനുശേഷം രണ്ടിലേതെങ്കിലുമൊരു മതത്തില്‍പ്പെട്ട സ്ഥാനാര്‍ഥിയെ മാത്രമേ രണ്ടുപക്ഷത്തുമുള്ള മതേതര മുന്നണികള്‍ സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളൂ. അതുമൊരു വിജയ സാങ്കേതികവിദ്യയാണ്‌. വര്‍ഗീയ പ്രീണനം, മതേതരത്വം തുടങ്ങിയ തത്ത്വങ്ങള്‍ വേദിയില്‍ പറയുകയല്ലാതെ പ്രാവര്‍ത്തികമാക്കാന്‍ നോക്കിയേക്കരുത്‌.

മുമ്പൊന്നുമില്ലാത്ത ചില സാങ്കേതികതകള്‍ തിരഞ്ഞെടുപ്പില്‍ പ്രാധാന്യം നേടിവരുന്നുണ്ട്‌. അതിലൊന്നാണ്‌ എതിര്‍ സ്ഥാനാര്‍ഥിയുടെ അതേ പേരുള്ള ആരെയെങ്കിലും ചില്വാനം കൊടുത്തോ കൊടുക്കാതെയോ സ്ഥാനാര്‍ഥിയാക്കി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയെന്നത്‌. നിരക്ഷരത ഇല്ലായ്മ ചെയ്തതിന്റെ ചില ദൂഷ്യവശങ്ങളാണ്‌. നിരക്ഷരരെ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റില്ല. അവര്‍ ചിഹ്നം നോക്കിയേ കുത്തൂ. സാക്ഷരനെ എളുപ്പം പറ്റിക്കാം. എല്ലാം അറിയുന്നവനെന്ന നാട്യവുമായാണ്‌ നടപ്പ്‌. യു.ഡി.എഫ്‌. സ്ഥാനാര്‍ഥി ഉമ്മര്‍മാസ്റ്ററാണ്‌ എന്നു തെറ്റിദ്ധരിച്ച്‌ വേറെ രണ്ട്‌ ഉമ്മര്‍മാര്‍ക്ക്‌ വോട്ടുകുത്തിയ രണ്ടായിരത്തോളം പേര്‍ നവസാക്ഷരരായ ദരിദ്രരായിരിക്കും എന്ന്‌ ധരിക്കേണ്ട. മിക്കവാറും അവര്‍ ബിരുദധാരികളൊക്കെ ആകാന്‍ സാധ്യതയുണ്ട്‌. ഇലക്ട്രോണിക്‌ യന്ത്രമായതുകൊണ്ട്‌ കിണഞ്ഞു ശ്രമിച്ചാലും വോട്ട്‌ അസാധുവാക്കാന്‍ കഴിയില്ല. അല്ലായിരുന്നെങ്കില്‍ ഇവരുടെ വോട്ട്‌ അസാധുവായിക്കൊള്ളുമായിരുന്നു. കൂടുതല്‍ സാക്ഷരമന്ദബുദ്ധി വോട്ടര്‍മാരുള്ള മുന്നണിയുടെ സ്ഥാനാര്‍ഥി അതിന്റെ ശിക്ഷയനുഭവിക്കാതെ നിവൃത്തിയില്ല. ഇതു വെറുമൊരു സാങ്കേതിക പ്രശ്നമല്ല.

തിരുവമ്പാടിയിലെ സാങ്കേതികവിജയം തന്നെയാണ്‌ എന്തുകൊണ്ടും ഉപകാരപ്രദമായത്‌. ഇടതുമുന്നണി ഇരുപതിനായിരം വോട്ടിനോ മറ്റോ ആണ്‌ ജയിച്ചിരുന്നതെങ്കില്‍ കെ. കരുണാകരനെ കാണുമ്പോള്‍ പിണറായി വിജയന്‍ ആലുവാ മണപ്പുറത്ത്‌ കണ്ട പരിചയം പോലും നടിക്കുമായിരുന്നില്ല. ഭൂരിപക്ഷം നാമമാത്രമായതുകൊണ്ട്‌ എന്‍.സി.പി.ക്കും ജമാഅത്തെ ഇസ്‌ലാമിക്കും പി.ഡി.പി.ക്കും മാത്രമല്ല തിരുവമ്പാടിയില്‍ വോട്ട്‌ പിടിക്കാന്‍ നടന്ന മിമിക്രിക്കാരന്‌ പോലും വിജയത്തില്‍ പങ്ക്‌ അവകാശപ്പെടാം. എന്‍.സി.പി.ക്കും വിജയത്തില്‍ പങ്കുണ്ടെന്ന്‌ പിണറായിക്കും അവരുള്ളതുകൊണ്ടാണ്‌ വോട്ട്‌ കുറഞ്ഞതെന്ന്‌ വെളിയത്തിനും അവകാശപ്പെടാം. ഭരണത്തിലുള്ള ജനവിശ്വാസത്തിന്റെ പ്രകടനമാണെന്ന്‌ ഭരണക്കാര്‍ക്കും ഭരണത്തിനെതിരായ അവിശ്വാസപ്രകടനമാണെന്ന്‌ പ്രതിപക്ഷക്കാര്‍ക്കും അവകാശപ്പെടാം. ഇങ്ങനെ എല്ലാവര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ്‌ ഇതിന്‌ മുമ്പൊന്നും കേരളത്തില്‍ നടന്നിട്ടേയില്ല.

* * * * * *

ആറുമാസം മുമ്പ്‌ അയ്യായിരത്തെണ്ണൂറ്‌ വോട്ടിന്‌ ജയിച്ച മുന്നണി തിരുവമ്പാടിയില്‍ ഇത്തവണ എത്രവോട്ടിനായിരുന്നു ജയിക്കേണ്ടിയിരുന്നത്‌? കൃത്യം പറയുക പ്രയാസമാണ്‌. എങ്കിലും ഒന്നു കണക്കുകൂട്ടിനോക്കാം. ഒരൊറ്റ സുപ്രധാന സംഭവമേ കക്ഷിബന്ധങ്ങളുടെ കാര്യത്തില്‍ അതിന്‌ ശേഷം സംഭവിച്ചിട്ടുള്ളൂ. ഊക്കനൊരു ദേശീയകക്ഷി യു.ഡി.എഫ്‌. വിട്ട്‌ ഇടതുമുന്നണിക്കൊപ്പം പോയി – ഡി.ഐ.സി. കക്ഷിക്ക്‌ തിരുവമ്പാടിയില്‍ എത്രവോട്ട്‌ കാണുമെന്നാണ്‌ ധാരണ? എത്ര കുറഞ്ഞാലും പതിനായിരം വോട്ട്‌ എന്ന എം.പി. ഗംഗാധരന്റെ കണക്ക്‌ വലിയ അതിശയോക്തിയാണെന്ന്‌ പറഞ്ഞ്‌ തള്ളാം. എന്നാലും…. പാതിയെങ്കിലും കാണുമോ? ശരി പാതി എന്നെടുക്കാം. യു.ഡി.എഫില്‍ നിന്ന്‌ അയ്യായിരം കുറച്ച്‌ അത്രയും എല്‍.ഡി.എഫ്‌. പക്ഷത്തേയ്ക്ക്‌ കൂട്ടുക. അപ്പോള്‍ ഭൂരിപക്ഷം പതിനായിരമാകും. പഴയ അയ്യായിരം കൂടി കൂട്ടിയാല്‍ ഭൂരിപക്ഷം പതിനയ്യായിരം. കൂടുതല്‍ പോള്‍ ചെയ്തതിലുള്ള ഒരു നല്ലപങ്ക്‌, സദ്ദാം വക ചില്ലറ, ഒരു ഡസന്‍ മന്ത്രിമാര്‍ നടത്തിയ കുടുംബയോഗം വക ചില്ലറ, ഭരണത്തിലിരുന്ന്‌ കാര്യം നടത്തിത്തരുന്ന ജനപ്രതിനിധി വേണോ അതല്ല, പ്രതിപക്ഷത്തിരുന്നു കൂവാന്‍ ഒരാള്‍ മതിയോ എന്ന പ്രസക്തമായ ചോദ്യം വക ചില്ലറ….. പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്‌ലീം ലീഗ്‌ മുഖപത്രവും ചെയ്ത സേവന വഴി ചില്ലറ, എല്ലാറ്റിനും പുറമെ ആറു മാസത്തെ കിടിലന്‍ ഭരണം കൊണ്ട്‌ കിട്ടേണ്ട….. എത്രയോ അത്ര ആയിരം. എല്ലാം കൂട്ടിച്ചേര്‍ത്താല്‍ ഭൂരിപക്ഷം ഇരുപതിനായിരത്തിന്‌ മേല്‍ കടക്കണം. നാല്‍പതിനായിരത്തിനടുത്ത്‌ വരെ പോയി മുട്ടാം. നിര്‍ഭാഗ്യവശാല്‍ 246 ആയിപ്പോയി.

ഇതിന്റെ പേരില്‍ എല്‍.ഡി.എഫിന്റെ ജനപിന്തുണ നഷ്ടപ്പെട്ടു എന്ന്‌ പറഞ്ഞുനടക്കുകയൊന്നും വേണ്ട പ്രതിപക്ഷക്കാര്‍. അച്യുതാനന്ദന്‍ രാജിവെക്കണമെന്നാരും പ്രസ്താവനയിറക്കിയതായി കേട്ടില്ല. ആശ്വാസം. സര്‍ക്കാറിന്റെ ജനപിന്തുണ നഷ്ടപ്പെട്ടിട്ടൊന്നുമില്ല. തിരുവമ്പാടിയില്‍ നഷ്ടപ്പെട്ടത്‌ പോലെ സംസ്ഥാനത്തുടനീളം എല്ലാ സീറ്റിലും അയ്യായിരം വോട്ടു നഷ്ടപ്പെട്ടു എന്നു തന്നെ കരുതുക. എങ്കില്‍ പോലും നിയമസഭയിലെ ഭൂരിപക്ഷം നഷ്ടപ്പെടുകയൊന്നുമില്ല. കഴിഞ്ഞ തവണ ആറായിരത്തില്‍ താഴേ ഭൂരിപക്ഷത്തിന്‌ എല്‍.ഡി.എഫ്‌. ജയിച്ച ഇരുപത്തിനാല്‌ സീറ്റേ കുറയുകയുള്ളൂ. 98 ല്‍ നിന്ന്‌ 24 മാറ്റിയാല്‍ തന്നെ എഴുപത്തിനാല്‌ സീറ്റ്‌ അപ്പോഴുമുണ്ട്‌ കൈയില്‍. ധൈര്യമായി മുന്നോട്ട്‌ പോകാം. ബാക്കി അടുത്ത ആറുമാസം കൊണ്ടു ശരിപ്പെടുത്താം. ലാല്‍സലാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top