സഖാവ്‌ സദ്ദാം, ജനാബ്‌ സദ്ദാം

ഇന്ദ്രൻ

തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്ന ദിവസം കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്ചെന്നിത്തല പത്രത്തിലെഴുതിയ ലേഖനത്തില്‍ ഒരു വിഷയമേ പരാമര്‍ശിച്ചിട്ടുള്ളൂ- സദ്ദാം ഹുസൈനോടുള്ള സി.പി.എമ്മിന്റെ പ്രേമം വ്യാജമാണ്‌. ഇറാഖില്‍ കമ്യൂണിസ്റ്റുകാര്‍ സദ്ദാമിന്റെ ശത്രുക്കളാണ്‌. സദ്ദാമിനെ അറസ്റ്റ്‌ ചെയ്തപ്പോഴും വധശിക്ഷയ്ക്ക്‌ വിധിച്ചപ്പോഴുമെല്ലാം ആഹ്ലാദം കൊണ്ട്‌ തുള്ളിച്ചാടിയവരാണ്‌ കമ്യൂണിസ്റ്റുകാര്‍. അതുകൊണ്ട്‌ തിരുവമ്പാടിയിലെ അവരുടെ സദ്ദാം പ്രേമത്തെ ആരും മുഖവിലയ്ക്കെടുക്കരുതേ എന്നാണ്‌ ചെന്നിത്തല കരഞ്ഞ്‌ അപേക്ഷിച്ചിരിക്കുന്നത്‌.

തിരുവമ്പാടിയിലെ സ്ഥാനാര്‍ത്ഥിലിസ്റ്റില്‍ സദ്ദാം ഹുസൈന്റെ പേരില്ല. പൊന്നുരുക്കുന്നേടത്ത്‌ പൂച്ചയുടെ കാര്യം പറഞ്ഞതുപോലെ, എങ്ങോ ജയിലില്‍ കഴിയുന്ന സദ്ദാം ഹുസൈന്‌ തിരുവമ്പാടിയിലെന്താണ്‌ കാര്യം എന്ന്‌ സംശയിക്കരുത്‌. കാര്യമുണ്ട്‌. പതിനഞ്ചു വര്‍ഷം മുമ്പ്‌ ഇറാഖ്‌-അമേരിക്ക യുദ്ധം നടക്കുമ്പോഴാണ്‌ കേരളത്തിലെ ഒടുവിലത്തെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്‌ നടന്നത്‌. കുവൈത്ത്‌ എന്ന കൊച്ചുകുരുവിയുടെ കഴുത്ത്‌ ഞെരിച്ച്‌ കൊല്ലാന്‍ നോക്കുകയും അവിടത്തെ മലയാളികളെ മുഴുവന്‍ ആട്ടിയോടിക്കുകയും ചെയ്ത കിരാതനാണെങ്കിലും അമേരിക്ക ഇടപെട്ടതോടെ കേരളീയര്‍ സദ്ദാമിന്റെ ആരാധകരായി മാറിയിരുന്നു. തന്ത്രശാലികളില്‍ വെച്ച്‌ തന്ത്രശാലിയായ ഇ.എം.എസ്‌. അന്ന്‌ സദ്ദാമിന്‌ പിന്തുണ പ്രഖ്യാപിച്ചതുകൊണ്ടാണ്‌ ജില്ലാകൗണ്‍സിലുകള്‍ ഒന്നടങ്കം ഇടതുപക്ഷം തൂത്തുവാരിയതെന്നൊരു വിശ്വാസം പ്രാബല്യത്തിലുണ്ട്‌.

ഒരു ചക്ക വീണപ്പോള്‍ മുയല്‍ ചത്തെന്ന്‌ വെച്ച്‌ എപ്പോഴും മുയല്‍ ചാവത്തൊന്നുമില്ല എന്ന്‌ രമേശ്‌ സ്വയം ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ കഠിനമായ ആശങ്കയുണ്ട്‌. സദ്ദാമിന്റെ പേര്‌ പറഞ്ഞ്‌ ഇത്തവണ ഇടതുമുന്നണി തിരുവമ്പാടിയില്‍ ജയം കൊയ്തുകളഞ്ഞേക്കുമോ? എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്ന്‌ തോന്നുമോ എന്ന്‌ പണ്ടാരോ ചോദിച്ചതുപോലെ, രമേശ്‌ ചെന്നിത്തലയെ കണ്ടാല്‍ സദ്ദാമിനെ പേടിച്ചു നടക്കുകയാണ്‌ എന്ന്‌ ആരും ധരിച്ചേക്കരുതേ….. രമേശിന്‌ ആ വക സംശയമൊന്നുമില്ല. കമ്യൂണിസ്റ്റുകാര്‍ സദ്ദാമിന്റെ ബദ്ധവൈരികളാണ്‌. സദ്ദാം വീണപ്പോഴും പ്രതിമ വീണപ്പോഴുമെല്ലാം ആനന്ദനൃത്തം ചവിട്ടിയവരാണ്‌. കേരളത്തിലെ മുസ്‌ലിങ്ങള്‍ ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റുകാരെ വിശ്വസിക്കുകയില്ല എന്ന്‌ രമേശിന്‌ ഉറപ്പാണ്‌.

ഒരു ചോദ്യം ആരുടേയും നാവിന്‍തുമ്പത്ത്‌ വരും. സദ്ദാം ഹുസൈനും കേരള മുസ്‌ലിങ്ങളും തമ്മിലെന്താണ്‌ ബന്ധം. തിരുവമ്പാടിയില്‍ സദ്ദാമിനെന്ത്‌ കാര്യം? മുസ്‌ലിം ലീഗിന്റെ അഖിലലോക പ്രസിഡന്റോ മറ്റോ ആണോ സദ്ദാം ഹുസൈന്‍? ആത്മീയനേതാവാണോ? പാളയം പള്ളി ഇമാമിനെങ്കിലുമുള്ള പ്രാധാന്യം മുസ്‌ലിം ലോകത്ത്‌ സദ്ദാമിനുണ്ടോ? ഇനി അതൊന്നും ഇല്ലെങ്കിലും സാരമില്ല, സദ്ദാ ഹുസൈന്‌ വധശിക്ഷ നല്‍കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കുന്നത്‌ തിരുവമ്പാടിയില്‍ നിന്ന്‌ ജയിച്ചു പോകുന്ന ജോര്‍ജ്‌ എം. തോമസോ ഉമ്മര്‍ മാസ്റ്ററോ ആണോ? ഒന്നുമല്ല. ഏക ബന്ധം സദ്ദാമും മുസ്‌ലിം ആണെന്നത്‌ മാത്രമാണ്‌. അങ്ങനെ നോക്കിയാല്‍ സദ്ദാം മാത്രമല്ല മുസ്‌ലിം. സദ്ദാമിനെ തൂക്കിക്കൊല്ലാന്‍ വിധിച്ച ജഡ്ജിയും മുസ്‌ലിം ആണ്‌. സദ്ദാം കഥ കഴിക്കാന്‍ നോക്കിയ കുവൈത്തും ഇറാനുമെല്ലാം മുസ്‌ലിം രാഷ്ട്രങ്ങളാണ്‌. ഇറാഖിനുള്ളില്‍ സദ്ദാമിന്റെ കിങ്കരന്മാര്‍ കൊന്നുകുഴിച്ചുമൂടിയവരെല്ലാം മുസ്‌ലിങ്ങളാണ്‌. ഒരു ഘടകമേ സദ്ദാമിന്‌ അനുകൂലമായുള്ളൂ. സദ്ദാമിന്റെ ഇപ്പോഴത്തെ ശത്രു നമ്മുടെയും ശത്രുവാണ്‌, വര്‍ത്തമാനത്തിലെങ്കിലും. കേരളത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകനാകണമെങ്കില്‍ അമേരിക്കയ്ക്കെതിരെ ഒരു ഡയലോഗ്‌ വിടണം. അതു നിര്‍ബന്ധമാണ്‌. പിന്നീട്‌ ജലദോഷത്തിന്‌ ചികിത്സയ്ക്ക്‌ അങ്ങോട്ട്‌ പോകുന്നതില്‍ ഒട്ടും വിരോധമില്ലെങ്കിലും.

തിരുവമ്പാടിയില്‍ മൂന്നിലൊരു വോട്ടര്‍ മുസ്‌ലിം ആണെന്നതാണത്രെ ഈ പ്രശ്നത്തിനെല്ലാം കാരണം. നേതാക്കളുടെ പ്രചാരണം കേട്ടാല്‍ തോന്നുക മുസ്‌ലിങ്ങള്‍ക്ക്‌ ഇന്നാട്ടിലെ പ്രശ്നങ്ങളിലൊന്നും ഒരു താത്‌പര്യവുമില്ല എന്നാണ്‌. തിരുവമ്പാടിയില്‍ നാളികേരത്തിനെന്താണ്‌ വില എന്നവര്‍ അന്വേഷിക്കാറേ ഇല്ല. ഇറാഖിലെന്തു നടക്കുന്നു, മലേഷ്യയിലെന്തു നടക്കുന്നു, ബെയ്‌റൂട്ടിലെന്തു നടക്കുന്നു എന്നേ നോട്ടമുള്ളൂ. പഴയ കാലത്തെ ചില കമ്യൂണിസ്റ്റുകാരെ പോലെ അവര്‍ ഇന്റര്‍നാഷണല്‍ ജീവികളാണ്‌. സഖാക്കളേ റഷ്യയിലെന്തു സംഭവിച്ചു, ചൈനയിലെന്ത്‌ സംഭവിച്ചു. ക്യൂബയിലെന്തു സംഭവിച്ചു, പോളണ്ടിലെന്ത്‌ സംഭവിച്ചു എന്നു ചോദിച്ചുകൊണ്ടേ ഇരിക്കും.

ഇതെല്ലാമാണെങ്കിലും ഒരു പ്രശ്നമില്ലാതില്ല. തിരുവമ്പാടിയില്‍ മൂന്നിലൊന്നേ മുസ്‌ലിം വോട്ടുള്ളൂ. ഏതാണ്ട്‌ അത്രതന്നെ ക്രിസ്ത്യ‍ന്‍ വോട്ടുമുണ്ട്‌. വലിയ ബുദ്ധി കാണിച്ചിട്ട്‌ വെളുക്കാന്‍ തേച്ചത്‌ പാണ്ഡാവുമോ എന്ന ശങ്ക ഇല്ലാതില്ല. സദ്ദാം – മുസ്‌ലിം ന്യായം മറ്റു മതക്കാര്‍ എങ്ങനെ കാണുന്നുവെന്ന്‌ ഒരു ഉറപ്പുമില്ല. മുസ്‌ലിം ലീഗ്‌ മുഖപത്രത്തിന്‌ പറ്റിയ അമളിയും മുന്നിലുണ്ട്‌. “ഇടതു മുന്നണി സ്ഥാനാര്‍ഥി സാമ്രാജ്യത്വ വിരുദ്ധനാണെന്ന്‌ ഇടതുമുന്നണിക്ക്‌ അവകാശപ്പെടാം. പക്ഷേ, ബുഷും ബ്ലെയറും ജോര്‍ജും തമ്മില്‍ രക്തത്തിന്റെ നിറത്തില്‍ മാത്രമല്ല, ചിന്തയിലും മനോഭാവത്തിലും സമാനതകളില്ലെന്ന്‌ തീര്‍ത്തുപറയാന്‍ ആര്‍ക്കുകഴിയും?” എന്നൊരു വാചകം മുഖപ്രസംഗത്തില്‍ കാച്ചിവിട്ടു. ഇഷ്ടംപോലെ വ്യാഖ്യാനത്തിന്‌ വകുപ്പുണ്ട്‌. പക്ഷേ, സ്ഥാനാര്‍ഥിയുടെ മതം പറഞ്ഞെന്ന ആക്ഷേപത്തിനാണ്‌ കൂടുതല്‍ പ്രചാരം കിട്ടുക. വെളുക്കാന്‍ തേച്ചതായിരുന്നു…..

രാഷ്ട്രീയക്കാരുടെ ന്യായമനുസരിച്ച്‌ മുസ്‌ലിങ്ങള്‍ അല്ലാത്തവര്‍ക്ക്‌ സദ്ദാമിന്റെ കാര്യത്തില്‍ താത്‌പര്യം തോന്നേണ്ടതില്ല. അങ്ങനെ വരുമ്പോള്‍ എന്താണ്‌ ചെയ്യേണ്ടത്‌? ബുദ്ധിജീവികള്‍ അതിനും വഴി കാണുകയുണ്ടായി. മണ്ഡലത്തിന്റെ മതാടിസ്ഥാനത്തിലുള്ള ഭൂപടം കടലാസ്സിലല്ലെങ്കില്‍ മനസ്സിലുണ്ടാക്കി. മുസ്‌ലിം പ്രദേശമാണോ എന്നു നോക്കിയേ സദ്ദാം ശീട്ട്‌ പുറത്തെടുക്കൂ. ഭൂപടം നോക്കിയേ പ്രസംഗ-മൈക്ക്‌ പ്രചാരണ-പോസ്റ്റര്‍ തൊഴിലാളികളും പ്രവര്‍ത്തിച്ചുള്ളൂ. നമ്മള്‍ അസ്സല്‍ മതേതരക്കാരായതുകൊണ്ട്‌ ഇതിലൊന്നും കാപട്യം ഒട്ടും ഇല്ല. മതം വിട്ടൊരു കാര്യവും തിരഞ്ഞെടുപ്പുകാലത്ത്‌ ചിന്തിക്കാനേ പാടില്ല. മതമേതായാലും ശരി വോട്ട്‌ നന്നായാല്‍ മതി.

*************************

ഏറെയൊന്നും ശ്രദ്ധിക്കപ്പെടാത്ത ഒരു വെബ്‌സൈറ്റ്‌ ഉണ്ട്‌. ഇരുപതാം നൂറ്റാണ്ടിലെ മഹാത്മാക്കളേയും കൊലയാളികളെയും പരിചയപ്പെടുത്തുന്ന സൈറ്റ്‌ ആണിത്‌. http://www.moreorless.au.com/ -രാഷ്ട്രങ്ങളുടെ നേതൃത്വം വഹിച്ചുകൊണ്ട്‌ ആയിരങ്ങളേയും പതിനായിരങ്ങളേയും കൊന്നൊടുക്കിയവരാണ്‌ കൊലയാളികളുടെ പട്ടികയിലുള്ളത്‌. മിക്ക പേരുകളും നമുക്ക്‌ സുപരിചിതം- ഹിറ്റ്‌ലറും സ്റ്റാലിനും ഫ്രാങ്കോയും മുസ്സോളിനിയും പോള്‍പോട്ടും എല്ലാം മരിച്ചു മണ്ണടിഞ്ഞവര്‍. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ അധികം പേരില്ല ആ പട്ടികയില്‍. ഉള്ള ഒരാള്‍ ഏറെ സുപരിചിതന്‍- സദ്ദാം ഹുസൈനാണത്‌.

ഓരോരുത്തരുടേയും സമ്പൂര്‍ണ കൊലപാതകചരിത്രം ഇതോടൊപ്പം കൊടുത്തിട്ടുണ്ട്‌. സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുമ്പോള്‍ തികൃതിലെ പ്രാദേശിക കമ്യൂണിസ്റ്റ്‌ നേതാവിനെ വധിക്കാന്‍ ശ്രമിച്ചുകൊണ്ടാരംഭിക്കുന്ന ജീവചരിത്രമാണ്‌ സദ്ദാമിന്റേത്‌. മൊത്തം കൊല എത്ര എന്നത്‌ സംബന്ധിച്ച കണക്ക്‌ കൃത്യമല്ല. ഏതാണ്ട്‌ ഇരുപതു ലക്ഷം വരുമത്രെ.ഇതൊരു അമേരിക്കന്‍ നുണക്കഥയാണെന്ന്‌ തോന്നിയേക്കാം. ആവണമെന്നില്ല. കൊലയാളികളുടെ മുപ്പത്താറു ഉപവിഭാഗത്തില്‍ ഒന്ന്‌ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കുള്ളതാണ്‌. 1954 ലെ ഹാരി ട്രൂമാന്‍ തൊട്ട്‌ ജോര്‍ജ്‌ ബുഷ്‌ വരെ പട്ടികയിലുണ്ട്‌. ഏറ്റവും നീണ്ട വിവരണം സ്വാഭാവികമായും ജോര്‍ജ്‌ ബുഷിനെ കുറിച്ചുള്ളതാണ്‌. സ്ഥാപനങ്ങളുടെ പേരില്‍ ഒരു കൂട്ടക്കൊലയേ ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. അത്‌ ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ്‌ നടത്തിയതാണ്‌.(കൂട്ട) കൊലയാളികളുടെ പട്ടികയില്‍ ഇന്ത്യക്കാരാരുമില്ല. മഹാത്മാക്കളുടെ പട്ടികയില്‍ രണ്ട്‌ ഇന്ത്യക്കാരുണ്ട്‌. മഹാത്മാഗാന്ധിയും പണ്ഡിറ്റ്‌ നെഹ്‌റുവും. എന്ത്‌ പ്രയോജനം? നിയോജക മണ്ഡലങ്ങളില്‍ ചെന്ന്‌ മഹാത്മാക്കളുടെ പേരുപറഞ്ഞാല്‍ കിട്ടുന്നവോട്ടും കിട്ടാതാവും. വോട്ട്‌ കിട്ടാന്‍ മറ്റേ യോഗ്യന്മാരുടെ പേരുതന്നെ പോസ്റ്ററിലും ലേഖനങ്ങളിലും ചേര്‍ക്കണം. മഹാത്മാക്കള്‍ പരിഭവിച്ചിട്ട്‌ കാര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top