ജുഡീഷ്യല്‍ അന്വേഷണ പീഡനം

ഇന്ദ്രൻ

ജുഡീഷ്യല്‍ അന്വേഷണം എപ്പോഴാണ്‌ നടത്തേണ്ടതെന്ന്‌ നിയമസഭ പാസ്സാക്കിയ നിയമത്തില്‍ പറയുന്നുണ്ട്‌. പോലീസ്‌ സ്റ്റേഷനില്‍ എഫ്‌.ഐ.ആര്‍. എഴുതേണ്ടത്‌ എപ്പോഴാണ്‌ എന്ന വ്യക്തമാക്കുന്ന നിയമം വേറെയുണ്ട്‌. ചില കാലങ്ങളില്‍ ചില ഭരണാധികാരികള്‍ ഏത്‌ എപ്പോഴാണ്‌ ചെയ്യേണ്ടതെന്ന്‌ എന്നറിയാതെ വശംകെടും. ബഹുമുഖ്യമന്ത്രി അച്യുതാനന്ദന്‍ സംഗതിവശാല്‍ ഇപ്പോഴങ്ങനെയൊരു വശക്കേടിലാണ്‌.

പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ സംഭവിച്ചതെന്ത്‌ എന്നറിയാതെ സര്‍ക്കാറും ജനങ്ങളും കുഴങ്ങുമ്പോള്‍ നടത്തേണ്ട അന്വേഷണമാണ്‌ ജുഡീഷ്യല്‍ അന്വേഷണം എന്ന്‌ അതുസംബന്ധിച്ച നിയമത്തില്‍ പറയുന്നുണ്ട്‌. കോണ്‍സ്റ്റബിളോ ഏറ്റവും മേലെയുള്ള ഡി.ജി.പി. പോലുമോ അന്വേഷിച്ചാലൊന്നും പോരെന്ന്‌ സര്‍ക്കാറിന്‌ തോന്നുമ്പോഴാണല്ലോ ജസ്റ്റിസിനെ തന്നെ നിയോഗിക്കുന്നത്‌. സര്‍വീസില്‍ ഉള്ളതോ പിരിഞ്ഞതോ ആയ ഒരു ന്യായാധിപന്‍ ബന്ധപ്പെട്ട ആളുകളെ മുഴുവന്‍ വിളിച്ചുവരുത്തി അവര്‍ പറയുന്ന ഓരോ വാക്കും സ്വയം എഴുതിയെടുത്ത്‌ നിയമവും വകുപ്പുമെല്ലാം വിശദമായി പരിശോധിച്ച്‌ വിസ്തരിച്ച്‌ എഴുതിത്തയ്യാറാക്കി നിയമസഭയ്ക്ക്‌ മുമ്പില്‍ റിപ്പോര്‍ട്ട്‌ വെക്കേണ്ട ഒന്നാണ്‌ ജുഡീഷ്യല്‍ അന്വേഷണം. തത്സമയം വേറെ കേസ്‌ ജസ്റ്റിസ്‌ പരിഗണിക്കണമെന്ന്‌ പോലുമില്ല. സംഗതി അത്ര സീരിയസ്സാണെന്നര്‍ഥം. ചെലവുള്ള സംഗതിയുമാണ്‌. അഞ്ചോ പത്തോ ലക്ഷം രൂപമുതല്‍ കോടികള്‍ തന്നെ ചെലവായെന്നിരിക്കും. ശമ്പളം, കാര്‍, സെക്രട്ടറി, ക്ലാര്‍ക്ക്‌, പ്യൂണ്‍ ആദിയായ ചെലവുകള്‍ അനിവാര്യം.

വലിയ ഗൗരവമുള്ള കാര്യങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞ പത്തുകൊല്ലക്കാലത്ത്‌ കേരള സര്‍ക്കാര്‍ പുകച്ചു കളഞ്ഞ കോടികള്‍ എത്ര? അന്വേഷണം കൊണ്ട്‌ ഫലമെന്ത്‌ കിട്ടി? അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഒരിക്കലും തുറക്കാത്തവിധം ഭദ്രമായി പൊതിഞ്ഞുകെട്ടി സൂക്ഷിക്കാന്‍ വാങ്ങിവെച്ച അലമാറകളുടെ ചെലവെത്ര? അത്‌ കണ്ടെത്താന്‍ അന്വേഷണക്കമ്മീഷന്‍ വേറെ വേണ്ടിവരും. പൊതുപ്രാധാന്യമുള്ള വിഷയത്തിനേ ഈ ഇനം അന്വേഷണം പാടുള്ളൂ എന്ന്‌ നിയമത്തില്‍ പറയുന്നുണ്ട്‌. പക്ഷേ, പൊതുപ്രാധാന്യം തീരുമാനിക്കുന്നത്‌ കോടതിയല്ല, സര്‍ക്കാറാണ്‌. അങ്ങനെയൊരു വകുപ്പില്ലായിരുന്നുവെങ്കില്‍ കോണ്‍സ്റ്റബിള്‍ അന്വേഷിക്കേണ്ട മാനഭംഗ – പീഡനശ്രമങ്ങള്‍ ബഹു.ജസ്റ്റിസ്സുമാരുടെ ചുമലിലിടാന്‍ കോടതി അനുവദിക്കുമായിരുന്നില്ലല്ലോ.

പീഡിപ്പിക്കപ്പെട്ട വ്യക്തിയാണ്‌ നീതി കിട്ടാന്‍ വേണ്ടി അന്വേഷണത്തിന്‌ മുറവിളി കൂട്ടുക എന്നൊന്നും ധരിക്കേണ്ട. കുറ്റം ആരോപിക്കപ്പെട്ട ആള്‍ക്കു തന്നെ അതിന്‌ മുറവിളി കൂട്ടാം. ഉയര്‍ന്ന ഐ.എ.എസ്‌. ഉദ്യോഗസ്ഥയെ മാനഭംഗപ്പെടുത്തിയ വിദ്വാന്‌ തന്നെയാണ്‌ തന്റെ സല്‍സ്വഭാവത്തെക്കുറിച്ച്‌ സാധാരണ കോണ്‍സ്റ്റബിള്‍ അന്വേഷിച്ചാലൊന്നും പോരാ ജസ്റ്റിസ്‌ തന്നെ അന്വേഷിക്കണം എന്ന തോന്നലുണ്ടായത്‌. രാജ്യമാകെ നോക്കിയാലും ഇതു പോലൊരു കേസ്സില്‍ പോലീസ്‌ അന്വേഷണമല്ലാതെ ജുഡീഷ്യല്‍ അന്വേഷണം നടത്തിയ ചരിത്രമില്ല. നീലന്‍കേസ്സില്‍ നായനാര്‍ക്ക്‌ പറ്റിയ പിശക്‌ ജോസഫ്‌ കേസില്‍ തനിക്ക്‌ പറ്റാതിരിക്കാന്‍ സഖാവ്‌ വി.എസ്‌. മുന്‍കരുതല്‍ എടുത്തിട്ടുണ്ട്‌. പോലീസ്‌ കേസ്സും ജുഡീഷ്യല്‍ അന്വേഷണവും ഒപ്പം വേണ്ട എന്നാണ്‌ അന്ന്‌ കോടതി പറഞ്ഞത്‌. ജോസഫ്‌ കേസ്സില്‍ ആ പ്രശ്നം ഉണ്ടാകില്ല. ഐ.ജി. അന്വേഷിച്ച്‌ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന്‌ പറഞ്ഞ കേസ്സാണെങ്കില്‍ തന്നെയെന്ത്‌? വിമാനവിവാദത്തില്‍ എഫ്‌.ഐ.ആറില്ല, പെറ്റിക്കേസു പോലുമില്ല. സാധാരണ പൗരന്മാരാരെങ്കിലുമാണ്‌ ഇത്‌ പോലൊരു കേസ്സില്‍ പെട്ടിരുന്നതെങ്കില്‍ അന്വേഷിക്കാന്‍ വനിതാ ഐ.ജി.യും ഉണ്ടാകില്ല, ജുഡീഷ്യന്‍ കമ്മീഷനുമുണ്ടാകില്ല. ലോക്കപ്പും ജയിലും തന്നെ വിധി.

ഈ നാടിന്‌ തീര്‍ത്താല്‍ തീരാത്ത കടപ്പാടുള്ള ഒരു മനുഷ്യന്‍ കുറെ വര്‍ഷം മുമ്പ്‌ സമാനമായ ഒരു കേസ്സില്‍ പ്രതിയായിരുന്നു. പഞ്ചാബിലെ ഭീകരപ്രവര്‍ത്തനം സ്വന്തം നെഞ്ചൂക്ക്‌ കൊണ്ട്‌ അവസാനിപ്പിച്ച്‌ രാജ്യത്തെ രക്ഷിച്ചത്‌ അവിടത്തെ ഐ.ജി.യായിരുന്ന കെ.പി.എസ്‌. ഗില്‍ ആണെന്ന്‌ കരുതുന്നവരുണ്ട്‌. ഈ ഗില്‍ ഒരു വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടയില്‍ ഒരു ഉദ്യോഗസ്ഥയോട്‌ കാട്ടിയ മര്യാദകേടിന്‌ 17 കൊല്ലം കോടതി കയറിയിറങ്ങേണ്ടിവന്നു. ജോസഫ്‌ കാട്ടിയെന്ന്‌ പറയുന്നതിനേക്കാള്‍ നിസ്സാരം എന്നു വേണമെങ്കില്‍ പറയാം. ഐ.ജി.യുടെ അന്വേഷണവും ഉണ്ടായില്ല, ജുഡീഷ്യല്‍ അന്വേഷണവും ഉണ്ടായില്ല. ജയിലില്‍ കിടക്കേണ്ടിവന്നില്ലെന്നത്‌ അദ്ദേഹത്തിന്റെ മഹാഭാഗ്യം എന്നേ പറയാന്‍പറ്റൂ. 1988 ജൂലായില്‍ നടന്ന സംഭവത്തിന്റെ അവസാന വിധിയുണ്ടായത്‌ 2005 ജൂലായിലാണ്‌. പിഴയും കോടതിച്ചെലവുമായി രണ്ടരലക്ഷം അദ്ദേഹത്തിന്‌ അടയ്ക്കേണ്ടിവന്നിട്ടുണ്ട്‌. ഒരു കരുണയും അദ്ദേഹത്തിന്‌ കിട്ടിയില്ല. ഇവിടെ പിഴയൊന്നും അടയ്ക്കുന്നില്ലെന്ന്‌ മാത്രമല്ല, ജോസഫിനെ രക്ഷിക്കാനുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ചെലവ്‌ നികുതിദായകന്‍ വഹിക്കുകയും വേണം. ജനാധിപത്യത്തിന്റെ ആഡംബരമനുഭവിക്കാന്‍ പൗരന്‍ വലിയ വില കൊടുത്തല്ലേ പറ്റൂ. ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷനില്‍ നളിനി നെറ്റോയ്ക്കുണ്ടായ അനുഭവമറിയുന്ന ഒരു വനിതയും ഇനിയൊരു കമ്മീഷന്‌ മുന്നില്‍ ഇതുപോലൊരു കേസ്സില്‍ പോയി നില്‍ക്കുകയില്ല. ഏതു സ്ത്രീപീഡനക്കേസിലും അനുവദിക്കുന്ന സ്വകാര്യ വിചാരണപോലും ആ കേസ്സില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അനുവദിച്ചില്ല. പരാതിക്കാരിയെ കടിച്ചുകീറാന്‍ പീഡകന്റെ വേട്ടനായ്ക്കള്‍ അവിടെ ഊഴം കാത്തുനില്‍ക്കുകയായിരുന്നു.

ജോസഫിന്‌ സംഗതി എളുപ്പമാണ്‌. ചെന്നൈക്കാരി അമ്മൂമ്മ പോലീസ്‌ സ്റ്റേഷനില്‍ച്ചെന്ന്‌ അപമാനിതയാകാന്‍ പോലും തയ്യാറായിട്ടില്ല. അവര്‍ ജുഡീഷ്യല്‍ കമ്മീഷന്‌ മുമ്പില്‍ വരാനേ ഇടയില്ല. ജി.ശശിധരന്‍ കമ്മീഷന്‍ പോലെ നല്ലൊരു കമ്മീഷനാണെങ്കില്‍ ആറുമാസത്തിനകം മന്ത്രിസ്ഥാനത്ത്‌ തിരിച്ചെത്താന്‍ ഒരു പ്രയാസവുമുണ്ടാവില്ല. നീതി ജയിക്കട്ടെ…..

മണിക്കൂര്‍ തോറും സ്ത്രീപീഡനം നടക്കുന്ന ഈ നാട്ടില്‍ നാളെ ഏത്‌ പീഡനക്കേസ്‌ പ്രതിക്കാണ്‌ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൂടാത്തത്‌? നിയമത്തിന്‌ മുന്നില്‍ എല്ലാ പീഡകരും തുല്യര്‍. തുല്യനീതി ആവശ്യപ്പെട്ട്‌ ക്രിമിനല്‍ കേസ്സ്‌ പ്രതികള്‍ക്ക്‌ കോടതിയെ സമീപിക്കാവുന്നതേയുള്ളൂ. ആയിരം അന്വേഷണക്കമ്മീഷനുകള്‍ വിരിയട്ടെ.

**************************************

വി.എസ്‌. അച്യുതാനന്ദന്റെ അവസ്ഥ ആരിലും അനുകമ്പ ഉണര്‍ത്തുന്നതാണ്‌. പ്രതിപക്ഷ നേതാവായി വിലസിയ അഞ്ചുവര്‍ഷക്കാലത്ത്‌ എത്ര കേസ്സുകളില്‍ അദ്ദേഹം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു എന്ന്‌ അദ്ദേഹത്തിന്‌ തന്നെ ഇന്ന്‌ പറയാന്‍ കഴിയില്ല. യു.ഡി.എഫ്‌. ഭരണകാലത്ത്‌ 75 പെണ്‍വാണിഭക്കേസ്സുകളെങ്കിലും ഉണ്ടായിട്ടുണ്ടെന്ന്‌ സി.പി.എം. പറയുന്നുണ്ട്‌. ഇതിലേതിലെല്ലാം ജുഡീ. എന്‍ക്വയറി ആവശ്യപ്പെട്ടുവെന്നറിയണമെങ്കില്‍ നിയമസഭയില്‍ പ്രത്യേകം നോട്ടീസ്‌ കൊടുത്ത്‌ ചോദ്യം ചോദിക്കേണ്ടിവരും. കിളിരൂര്‍, കതിരൂര്‍, ചതിരൂര്‍ തുടങ്ങി സകലമാന ഊരുകളിലും ഉണ്ടായ പീഡനങ്ങളിലെല്ലാം അന്വേഷണം ആവശ്യപ്പെട്ടിരുന്നതാണ്‌.

കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ഹോസ്പിറ്റലില്‍ പൊള്ളലേറ്റ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അദ്ദേഹം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്‌. ചിറ്റൂര്‍ എം.എല്‍.എ. അച്യുതന്‌ എതിരെ ഉണ്ടായ ആരോപണത്തെക്കുറിച്ച്‌ ജുഡീ. അന്വേഷണം സി.പി.എമ്മിന്റെ വനിതാസംഘടന ആവശ്യപ്പെട്ടിട്ടുണ്ട്‌. അച്യുതനെ യു.ഡി.എഫ്‌. സര്‍ക്കാര്‍ കുറ്റവിമുക്തനാക്കിയത്‌ ആഭ്യന്തരവകുപ്പിലെ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട്‌ അന്വേഷണം നടത്തിച്ചിട്ടാണ്‌. ഇതിനേക്കാളൊക്കെ ഭയാനകമായ ബലാത്സംഗം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്നതായി അദ്ദേഹം 2002 ആഗസ്ത്‌ 18 ന്‌ പാലക്കാട്ട്‌ പത്രസമ്മേളനം നടത്തി വെളിപ്പെടുത്തിയിട്ടുണ്ട്‌. ജയിലിലുള്ള മകനെ കാണാന്‍ വന്ന അമ്മയെ അഞ്ച്‌ ജയില്‍ ജീവനക്കാര്‍ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത തീയതിയും സമയവും ചെയ്തവരുടെ പേരുകളും അദ്ദേഹം പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി. ആന്റണി മന്ത്രിസഭയിലെ രണ്ടുമന്ത്രിമാര്‍ക്കെതിരെ ലൈംഗികപീഡനാരോപണം ഉന്നയിച്ച വനിത, തന്റെ ജീവന്‌ ഭീഷണിയുള്ളതിനാല്‍ കേസ്സില്‍ നിന്ന്‌ പിന്‍വാങ്ങി ആശ്രമ ജീവിതം നയിക്കുവാന്‍ പോകുകയാണ്‌ എന്നാണ്‌ പിന്നീട്‌ പറഞ്ഞത്‌. ആന്റണി സര്‍ക്കാര്‍ വനിതാകമ്മീഷന്‍ പിരിച്ചുവിട്ടത്‌ ഈ കേസ്സില്‍ മന്ത്രിമാരെ രക്ഷിക്കാനാണെന്നു പറഞ്ഞു നടന്നിരുന്നതും വി.എസ്‌. തന്നെയായിരുന്നു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍.

അധികാരം കൈയില്‍ വന്നപ്പോള്‍ ജുഡീ. അന്വേഷണം പ്രഖ്യാപിക്കേണ്ടിയിരുന്നത്‌ ഈ സംഭവങ്ങളിലാണ്‌. എന്തു ചെയ്യാം അതൊന്നും കഴിയില്ല, ആ നിലയ്ക്ക്‌ പി.ജെ. ജോസഫ്‌ വിവാദത്തിലെങ്കിലും ഒരു ജുഡീ. അന്വേഷണം പ്രഖ്യാപിച്ചുകളയാം എന്നദ്ദേഹത്തിന്‌ തോന്നിയാല്‍ കുറ്റം പറയാനാവില്ല. അന്ന്‌ പ്രതികളെ ശിക്ഷിക്കാന്‍, ഇന്ന്‌ പ്രതിയെ രക്ഷിക്കാന്‍, ആ വ്യത്യാസമേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Go Top