ജീവിതത്തില്‍ സുനിശ്ചിതമായി ഒന്നേ ഉള്ളൂ. അതു മരണമാണ്. എന്നാല്‍, ഇത്രയും അനിശ്ചിതത്വം ഉണ്ടാക്കുന്ന മറ്റൊന്നുണ്ടോ? അതുമില്ല. പെറ്റുവീണ ഉടനെ മരിക്കാം, നൂറ്റൊന്നാം വയസ്സിലും ആവാം. ഒരു സാധുമനുഷ്യനോട് ഇത്രാം തിയ്യതി ഇത്രമണിക്ക് മരിക്കും എന്ന് ബുദ്ധി കുറവുള്ള വല്ല ജ്യോത്സ്യനും പറഞ്ഞെന്നിരിക്കട്ടെ. എന്താണു സംഭവിക്കുക? ആ മനുഷ്യന്‍ വല്ല ക്ഷേത്രത്തിലും പോയി ‘മരിക്കരുതേ’ എന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നാല്‍ അതു യുക്തിസഹമായ കാര്യം തന്നെ-യുക്തിവാദികള്‍ സമ്മതിക്കില്ലെങ്കിലും. മരിച്ചു പോകുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുന്നതില്‍ ഒട്ടും യുക്തിയില്ല. പക്ഷേ, അങ്ങനെ ചെയ്തവരും ഉണ്ടാവാം. മരണം ആസന്നമാണെന്നുറപ്പായാല്‍ ഉണ്ടാകുന്ന വെപ്രാളത്തില്‍ മനുഷ്യന്‍ എന്തു ചെയ്യുമെന്ന് പറയാനൊക്കില്ലല്ലോ. സുനിശ്ചിതമായ മരണം അനിശ്ചിതമായി നില്‍ക്കുന്നതു തന്നെയാണ് നല്ലത് എന്നുറപ്പ്.
വെറുതെ മരണത്തെപ്പറ്റിയെന്തിനു ചിന്തിക്കുന്നു എന്ന് തോന്നിയേക്കാം. ചിലരുടെ വെപ്രാളങ്ങള്‍ കാണുമ്പോള്‍ മരണത്തെ ഭയന്ന് മനുഷ്യന്‍ കാട്ടുന്ന വെപ്രാളമാണ് ഓര്‍മ വരുന്നത്. ചിലര്‍ക്ക് അധികാരനഷ്ടം മരണതുല്യമാണ്. ഇതാ മരണം ആസന്നമായി എന്നു വന്നാല്‍ ആരും ഒരേ സമയം മൃത്യുഞ്ജയ പൂജയ്ക്ക് രസീതാക്കുകയും അതേ സമയം പോയി ഫുരിഡാന്‍ വാങ്ങി ഒരു ഗ്ലാസ് ബ്രാന്‍ഡിയിലൊഴിച്ച് കഴിക്കുകയും ചെയ്യില്ല. രണ്ടിലൊന്നേ ചെയ്യൂ. ഈ യുക്തി പതനം ആസന്നമായ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് ബാധകമല്ല; രണ്ടും ഒരേ സമയം ചെയ്യുകയാണ് അവര്‍.
നാലേമുക്കാല്‍ വര്‍ഷമായിട്ടും ചെയ്യണമെന്ന് തോന്നാതിരുന്ന ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ തിടുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് യു.ഡി.എഫ്. ഭരണാധികാരികള്‍. ഖജാനയില്‍ പൂച്ച പെറ്റു കിടക്കുകയായിരുന്നു കഴിഞ്ഞ ദിവസം വരെ. ഇപ്പോള്‍ പണമെവിടെ നിന്നാണ് വരുന്നതെന്ന് ഒരു നിശ്ചയവുമില്ല. കോടികളുടെ ക്ഷേമപദ്ധതികള്‍ ഒഴുകുകയാണ്. രണ്ടുരൂപയുടെ എന്തെങ്കിലും ആനുകൂല്യം കിട്ടിയാല്‍ വോട്ട് തിരിച്ചുകുത്തുന്നവരാണല്ലോ പൊതുജനം എന്ന കഴുത. ആനുകൂല്യ വിതരണമേളയായിട്ടുണ്ട് ഭരണം.
പതനം മരണം പോലെ അനിവാര്യമാണെന്ന് നമുക്ക് പറയാം. ചെന്നിത്തലയ്ക്ക് അതു പറ്റില്ല. അതു പറയാനല്ല അദ്ദേഹത്തെ കെ.പി.സി.സി. പ്രസിഡന്റാക്കിയത്. മൂന്നു മാസത്തിനകം രാഷ്ട്രീയരംഗത്ത് വലിയ മാറ്റങ്ങള്‍ വരുമെന്നും എല്‍.ഡി.എഫ് തകരുമെന്നും യു.ഡി.എഫ്. ഭരണത്തില്‍ തിരിച്ചുവരുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. എങ്ങനെ, എന്തുകൊണ്ട് എന്നൊന്നും ആരും ചോദിക്കരുത്. കഥയില്‍ മാത്രമല്ല, പക്ഷിശാസ്ത്ര പ്രവചനത്തിലും ചോദ്യം പാടില്ല.
ഓര്‍ക്കാപ്പുറത്ത് എറിഞ്ഞുകിട്ടുന്ന ചില്ലറ ആനുകൂല്യങ്ങള്‍ ജനങ്ങളില്‍ ഭരണത്തെക്കുറിച്ച് അചഞ്ചല വിശ്വാസം ഉണ്ടാക്കുമായിരിക്കും. പിണറായി വിജയന്റെ വികസന മാര്‍ച്ചിലേക്കൊന്നും പിന്നെ ആളുകള്‍ നോക്കുക പോലുമില്ല. നഷ്ടപ്പെട്ട ജനവിശ്വാസം മൂന്നുമാസം കൊണ്ടു വീണ്ടെടുക്കാനുള്ള അഖണ്ഡതീവ്രയജ്ഞമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതു നടക്കട്ടെ. എന്നുവെച്ച് മഹാത്മാഗാന്ധിമാരാകാനൊന്നും നമുക്കു പറ്റില്ലല്ലോ. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പലതും പറയും. അതു കേട്ടിരുന്നാല്‍ ജൂണ്‍ കഴിഞ്ഞാല്‍ നമ്മള്‍ തെരുവാധാരമാകുകയേ ഉള്ളൂ. ഇപ്പോള്‍ വേണം കര്‍മനിരതരാകാന്‍. പുതിയ നിയമനങ്ങള്‍, കരാറുകള്‍, ധാരണാപത്രങ്ങള്‍, ഒത്തുതീര്‍പ്പുകള്‍, ഭേദഗതികള്‍, വര്‍ധനകള്‍, കിഴിവുകള്‍, പോക്കുകള്‍, വരവുകള്‍…. മൂന്നുമാസം ഉണ്ണാനും ഉറങ്ങാനും നേരം കിട്ടില്ല മനുഷ്യന്.
അതിനിടയിലാണ് മുഖ്യമന്ത്രി ഒരു മഹാവങ്കത്തം ചെയ്യാന്‍ പുറപ്പെടുകയാണെന്ന വിവരം മന്ത്രി കെ.കെ. രാമചന്ദ്രനു കിട്ടിയത്. തന്റെ പോക്കറ്റില്‍ കിടന്ന ആരോഗ്യവകുപ്പെടുത്ത് പുതിയ മന്ത്രി സുജനപാലിനു കൊടുക്കാന്‍ പോകുകയാണെന്നായിരുന്നു വിവരം. പെറ്റത് കാളയായാലും കയറെടുക്കാതെ പറ്റില്ല. ഉടനെ രാജിക്കത്ത് എഴുതിക്കൊടുത്തു? മുഖ്യമന്ത്രിക്ക് ദുരുദ്ദേശ്യമൊന്നും കാണില്ല. വെപ്രാളത്തില്‍ ഓരോന്നു ചെയ്തുപോകുന്നതാണ്. എ. സുജനപാലിനെ പോലെയൊരാള്‍ക്ക് മൂന്നു മാസം കൊണ്ട് ഭരിച്ചു നേരെയാക്കാന്‍ പറ്റുന്ന വകുപ്പാണോ ആരോഗ്യം? പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ നൂറുനൂറു സ്ഥാപനങ്ങള്‍, ആയിരക്കണക്കിന് ഡോക്ടര്‍മാര്‍….ആരെയെല്ലാം എങ്ങോട്ടെല്ലാം മാറ്റാന്‍ കഴിയും, മാറ്റാതിരിക്കാന്‍ കഴിയും എന്നു പഠിക്കാന്‍ തന്നെ വേണം മൂന്നു മാസം. മാറ്റാന്‍ റെയ്റ്റ് വേറെ, മാറ്റാതിരിക്കാന്‍ റെയ്റ്റ് വേറെ. ഓരോ മണ്ഡലത്തിലും ഇതു കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ഏജന്റുമാര്‍ വേണം. അതു വീതിക്കാന്‍ സ്വീകാര്യമായ അനുപാതം കണ്ടെത്തണം. വാങ്ങേണ്ടതു മുഴുവന്‍ വാങ്ങിയെന്നും കൊടുക്കേണ്ടതു കൊടുത്തുവെന്നും ഉറപ്പുവരുത്താന്‍ വിപുലമായ കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് സംവിധാനം വേണം. മരുന്നു വാങ്ങലും വില്‍ക്കലും വേറെ. ഇതെല്ലാം സുജനപാലിനെ ഏല്‍പിച്ചു കൊടുക്കുകയോ? കക്ഷിയാണെങ്കില്‍ ചില്ലറ ആദര്‍ശത്തിന്റെ അസുഖമുള്ള ബുദ്ധിജീവിയാണെന്ന് കേള്‍ക്കുന്നുമുണ്ട്. മൂന്നു മാസത്തേക്ക് മന്ത്രിയായി എന്നതൊഴിച്ച് വേറെ ചീത്തപ്പേരൊന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. (സര്‍ക്കാറിലെ താഴെക്കിട തസ്തികകളിലേക്കേ മൂന്നുമാസത്തെ പ്രൊവിഷണല്‍ നിയമനം പതിവുള്ളൂ. മന്ത്രിസ്ഥാനത്ത് പതിവുള്ളതല്ല.) വി.എം. സുധീരന്‍ മുന്‍പ് ചെയ്തതുപോലെ, കാല്‍ക്കാശ് മുടക്കാതെ ട്രാന്‍സ്‌ഫര്‍ നേടുന്നതുപോലുള്ള ദുശ്ശീലങ്ങള്‍ ഡോക്ടര്‍മാരെ പഠിപ്പിച്ചു കൂടായ്‌കയുമില്ല. രാമചന്ദ്രന്റെ വിദ്യ ഫലിച്ചു. ടെലിവിഷന്‍ ചാനലുകളുള്ളതുകൊണ്ട് ഇപ്പോള്‍ എളുപ്പമാണ്. വെറുതെ ഒന്നു വിളിച്ച് ഒരൂഹം പറഞ്ഞാല്‍ മതി. വാര്‍ത്ത വൈകുന്നേരം വരെ ഫ്ലാഷ് ചെയ്തുകൊള്ളും. അങ്ങനെയാണ് ഗുരുതരമാകുമായിരുന്ന പ്രശ്നം മന്ത്രി രാമചന്ദ്രന്‍ എളുപ്പം പരിഹരിച്ചത്. ഒടുവില്‍ എല്ലാം ശുഭം. രാജിവാര്‍ത്ത വെറും മാധ്യമ സൃഷ്ടി. ജനങ്ങള്‍ പലതും പറയുന്നുണ്ട്. പറയട്ടെ, നമുക്ക് ശ്രദ്ധിക്കാനൊന്നും നേരമില്ല. മൂന്നു മാസത്തേക്ക് പിടിപ്പത്‌പണി വേറെയുണ്ട്.
സാമ്രാജ്യത്വ-ആഗോളീകരണ ഭീകരന്‍മാരാണ് എ.ഡി.ബി. എന്നത് സത്യം. യു.ഡി.എഫ്. സര്‍ക്കാര്‍ എ.ഡി.ബി.യുമായി ഇടപാട് നടത്തുന്നതിനെ സി.പി.എം. പല്ലും നഖവും കരിങ്കല്ലും കൊണ്ടെതിര്‍ത്തിട്ടുണ്ടെന്നതും സത്യം. പക്ഷേ, ഇതാ വായ്പ, ഇതാ വായ്പ എന്നു കരഞ്ഞുപറഞ്ഞ് എ.ഡി.ബി. പാവങ്ങള്‍ പിറകെ നടന്നാല്‍ സി.പി.എമ്മിനു വഴങ്ങാതിരിക്കാന്‍ പറ്റില്ല. അത്ര കഠിനഹൃദയക്കാരല്ലല്ലോ നമ്മള്‍. സി.പി.എം. നേതൃത്വത്തില്‍ ഭരണം നടക്കുന്ന കോര്‍പ്പറേഷനുകള്‍ക്ക് ആയിരം കോടി രൂപ എ.ഡി.ബി. നല്‍കും.
യു.ഡി.എഫ്. സര്‍ക്കാറിന്റെ എ.ഡി.ബി. വായ്പയുമായി ഇതിനെ താരതമ്യപ്പെടുത്തുന്നത് ശരിയല്ല കേട്ടോ. യു.ഡി.എഫ്. സര്‍ക്കാറിന് വായ്പ നല്‍കിയതിന്റെ ബലത്തില്‍ എ.ഡി.ബി. സായ്‌പന്‍മാര്‍ സെക്രട്ടേറിയറ്റിലും മറ്റും ഞെളിഞ്ഞുനടക്കുകയായിരുന്നു. അതാണു സഹിക്കാന്‍ പറ്റാത്തത്. ഈ വായ്പ അങ്ങനെയല്ല. വായ്പത്തുക-നെല്ലായിട്ടല്ല, ഡോളറായിട്ടു തന്നെ- അഞ്ചു മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും വാതില്‍ക്കല്‍ വെച്ച് തൊഴുത് സായ്‌പന്‍മാര്‍ ഉടന്‍ സ്ഥലംവിട്ടുകൊള്ളണം. വേണമെങ്കില്‍ ഒന്നോ രണ്ടോ വട്ടം ഇന്‍ക്വിലാബ് വിളിച്ചോട്ടെ. പിന്നെ കോര്‍പ്പറേഷന്റെ അതിര്‍ത്തിയിലെങ്ങും കണ്ടുപോകരുത്. ഇക്കാര്യം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്. സംശയം വേണ്ട.
സംശയം തീരാത്തത് സി.പി.ഐ.ക്കാര്‍ക്കും ജനതാദളുകാര്‍ക്കുമൊക്കെയാണ്. എ.ഡി.ബി. വായ്പയ്ക്കെതിരെ സി.പി.ഐ. യുവാക്കള്‍ ജാഥ നടത്തുന്നു. ജനതാദളുകാര്‍ കൌണ്‍സില്‍ യോഗം ബഹിഷ്കരിക്കുന്നു. ‘കാലത്തിന്റെ മാറ്റം’ എന്ന് സഖാവ് പിണറായി മറ്റൊരു സംഗതിയെക്കുറിച്ച് പറഞ്ഞപ്പോഴും ഇത്ര വരുമതെന്ന് ഓര്‍ത്തിരുന്നില്ല. കേരളത്തെ വ്യവസായവല്‍ക്കരിക്കാന്‍ ജപ്പാനിലേക്ക് നിക്ഷേപം തേടി സി.പി.ഐ. മന്ത്രിയായിരുന്ന ടി.വിഠോമസ് പോയപ്പോള്‍ അതിനെതിരെ അതേ മന്ത്രിസഭയെ നയിച്ചിരുന്ന സി.പി.എം. ഉണ്ടാക്കിയ കോലാഹലം ചെറുതൊന്നുമായിരുന്നില്ല. മൂന്നുനാല് പതിറ്റാണ്ട് മുന്‍പത്തെ സംഗതിയാണ്. സി.പി.എം. പേടിച്ചതുപോലെയൊന്നും സംഭവിച്ചിട്ടില്ല. കേരളം വ്യവസായവല്‍ക്കരിക്കപ്പെട്ടില്ല. അന്നുണ്ടായ വ്യവസായം തന്നെ പിന്നെ കരിക്കപ്പെട്ടതേ ഉള്ളൂ. ചാണ്ടി അയയുമ്പോള്‍ തൊമ്മന്‍ മുറുകുമെന്ന് പറഞ്ഞതുപോലെ, സി.പി.എം. എ.ഡി.ബി. വായ്പയ്ക്ക് അനുകൂലമായപ്പോള്‍ സി.പി.ഐ. എതിരായിരിക്കുന്നു. ഭയപ്പെടാനില്ല. എല്‍.ഡി.എഫ്. ഭരിച്ചാലും യു.ഡി.എഫ്. ഭരിച്ചാലും വായ്പ അതിന്റെ വഴിക്ക് വന്നുകൊള്ളും.
രാഷ്ട്രീയം മാത്രം തലയില്‍ നിറഞ്ഞുനിന്നാല്‍ നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങളൊന്നും കാണുകയില്ല. ഉദാഹരണത്തിന് എഞ്ചിനിയറിങ്ങ് പ്രവേശം സംബന്ധിച്ച ഒരു വ്യവസ്ഥ മാറ്റാനുള്ള തീരുമാനം എത്രപേര്‍ ശ്രദ്ധിച്ചു? ഇപ്പോള്‍ പ്രവേശന പരീക്ഷയെഴുതിയാല്‍പ്പോലും ചിലര്‍ക്ക് എഞ്ചിനിയറിങ്ങ് കോളേജില്‍ പ്രവേശനം കിട്ടാതെ പോകുന്നുണ്ട്. കൈയില്‍ കാശുണ്ടെങ്കില്‍, റാങ്ക് എത്ര പിറകിലായാലും പ്രവേശനം കിട്ടുമെന്നാണ് പൊതുവെ ആളുകളുടെ ധാരണ. അതു ശരിയല്ല. ഹയര്‍ സെക്കന്‍ഡറിക്ക് 50 ശതമാനം മാര്‍ക്കില്ലെങ്കില്‍ ഒന്നും നടക്കില്ലെന്നതാണ് യാഥാര്‍ഥ്യം. 50 ശതമാനം കിട്ടാത്ത പ്രതിഭാശാലികള്‍ എഞ്ചിനിയര്‍മാരാകേണ്ടെന്നോ? എന്തൊരു ക്രൂരവ്യവസ്ഥ.
വ്യവസ്ഥ മാറ്റാന്‍വേണ്ടി സെക്രട്ടേറിയറ്റ് മാര്‍ച്ചോ ലാത്തിച്ചാര്‍ജോ ഒന്നും ഉണ്ടായില്ലെങ്കിലും കാര്യത്തിന്റെ ഗൌരവം അധികൃതര്‍ ഉള്‍ക്കൊള്ളുകയും വ്യവസ്ഥ മാറ്റുകയും ചെയ്തിട്ടുണ്ട്. 50 ശതമാനം വേണം മാര്‍ക്ക് എന്ന് ഇനി ആരും ശഠിക്കില്ല. മാര്‍ക്ക് എത്ര കുറഞ്ഞാലും വിരോധമില്ല. കേഷ് കുറയരുതു കേട്ടോ. എന്ത്? ഹഹ..ഹയര്‍ സെക്കന്‍ഡറി തോറ്റവര്‍ എന്തുചെയ്യുമെന്നോ? നില്‍ക്കട്ടെ ആലോചിച്ചു പറയാം. കുട്ടികളെ കിട്ടുന്നില്ലെന്നതുകൊണ്ട് എഞ്ചി. കോളേജുകള്‍ അടയ്ക്കാനൊന്നും പറ്റില്ലല്ലോ. തോറ്റവര്‍ക്ക് പ്രവേശനം സാധ്യമാക്കാന്‍ ഒരു പഠനക്കമ്മീഷനെ വെക്കട്ടെ ആദ്യം. ഈ നാട്ടില്‍ നടക്കാത്തതായി ഒന്നുമില്ലല്ലോ.