ദൈവമിത് പൊറുക്കുമെന്നു തോന്നുന്നില്ല. ദേവാലയങ്ങളുടെ നടത്തിപ്പിനു ചുമതലപ്പെട്ട ദേവസ്വം ബോര്‍ഡില്‍ അഴിമതി നടക്കുന്നുവത്രെ. വെറുതെ അപഖ്യാതി പറഞ്ഞു നടക്കുകയാണോ അതല്ല സത്യം തന്നെയാണോ എന്നു ദൈവത്തിനു തന്നെയേ അറിയൂ. വിശ്വാസികള്‍ക്ക് ഇത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ദൈവിക കാര്യങ്ങള്‍ക്കു നിയോഗിക്കപ്പെട്ടവര്‍ അഴിമതി നടത്തുമോ? ഉദ്യോഗ നിയമനങ്ങള്‍ക്കു കോഴ വാങ്ങുമോ? ശിവശിവ… കലികാലത്ത് സംഭവിക്കുമെന്നു പ്രവചിക്കപ്പെട്ട കാര്യങ്ങളില്‍, മേല്‍ശാന്തിയാകാന്‍ കൈക്കൂലി കൊടുക്കേണ്ടതായി വരും എന്നതുകൂടി ഉള്‍പ്പെടുന്നുണ്ടോ ആവോ.
“കലിയുഗത്തില്‍ എല്ലാവരും അസത്യവാദികളായിത്തീരും” എന്ന് മാര്‍ക്കണ്ഡേയ മുനി പ്രവചിച്ചിട്ടുണ്ട്. എല്ലാവരുടെയും കൂട്ടത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ദേവസ്വം വകുപ്പ് മന്ത്രി, ബോര്‍ഡ് മെമ്പര്‍മാര്‍, എന്‍.എസ്.എസ്. -എസ്.എന്‍.ഡി.പി. സെക്രട്ടറിമാര്‍ തുടങ്ങിയ മാന്യദേഹങ്ങള്‍ ഉള്‍പ്പെടുമോ എന്നു വ്യക്തമല്ല. ചോദിക്കാനൊട്ട് നിവൃത്തിയുമില്ല. “ഞങ്ങളുടെ കൈകളില്‍ കറയില്ല. എന്നിട്ടും ചിലര്‍ ഞങ്ങളെ ഓടിച്ചിട്ട് തല്ലുകയാണ്” എന്ന് ദേവസ്വം ബോര്‍ഡിന്റെ തലപ്പത്ത് നിയോഗിക്കപ്പെട്ട ദേവതുല്യരും നിഷ്‌കാമ കര്‍മയോഗികളും ആയ മഹാവ്യക്തികള്‍ പ്രസംഗ വേദികളില്‍ വിലപിച്ചതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദൈവത്തെ മാത്രം ഓര്‍ത്ത് സേവനത്തിന് ഇറങ്ങിയ നിസ്വാര്‍ഥന്‍മാരെ ഈവിധം ഓടിച്ചിട്ട് തല്ലുന്നതും ദൈവം പൊറുക്കില്ല. പക്ഷേ, ഒന്നുണ്ട്. ഇതുകേട്ട് ഭയന്ന് ദേവസ്വം ബോര്‍ഡുകാര്‍ രാജിവെച്ച് സന്ന്യാസത്തിനു പോയിക്കളയുമെന്നൊന്നും ആരും പ്രതീക്ഷിക്കേണ്ട. അവര്‍ നിഷ്‌കാമ കര്‍മയോഗം തുടരും. ഫലം ഇച്ഛിക്കുന്നേയില്ല. ഭഗവദ്ഗീതയില്‍ പറഞ്ഞിട്ടുണ്ടല്ലോ ചില സംഗതികള്‍. അതുതന്നെ കാര്യം.
ദേവസ്വം ബോര്‍ഡ് നിയമനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദത്തില്‍ കാര്യമൊന്നുമില്ലെന്നും കൊള്ളമുതല്‍ പങ്കുവെക്കുന്നവര്‍ തമ്മിലുള്ള തര്‍ക്കം മാത്രമാണതെന്നും സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇതില്‍ അപ്രതീക്ഷിതമായി യാതൊന്നുമില്ല. നാസ്തികനാണ് പാര്‍ട്ടി. അമ്പലത്തിനു മുന്നിലെ റോഡിലൂടെ പോലും പോകുകയില്ല. എങ്കിലും വെച്ചടി കയറ്റമാണ്. അതും കലിയുഗഫലം തന്നെ. ദൈവസേവകരായ ദേവസ്വം ബോര്‍ഡിന്റെ പ്രധാന പണി ദൈവികസമ്പത്ത് കൊള്ളയടിക്കലാണ് എന്നല്ലേ വിജയന്‍ പറഞ്ഞതിന്റെ അര്‍ഥം? മഹാപാപം പറഞ്ഞുനടന്നാല്‍ നരകത്തില്‍ പോകേണ്ടിവരും, ഓര്‍ത്തോളൂ. ലക്ഷങ്ങള്‍ വാങ്ങി ദേവസ്വം ബോര്‍ഡ് ഉദ്യോഗങ്ങള്‍ വില്‍ക്കുന്നു എന്നല്ലേ അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്നത്. അവരുടെ പോക്കും നരകത്തിലേക്കായിരിക്കും എന്നുറപ്പാണ്. കലിയുഗത്തില്‍ നാട്ടുകാര്‍ ചോറും ബ്രാഹ്മണര്‍ വേദങ്ങളും വില്‍ക്കും എന്നു പറഞ്ഞിട്ടുണ്ട്. അവിടെയും ദേവസ്വംബോര്‍ഡ് ഉദ്യോഗങ്ങള്‍ വില്‍ക്കുമെന്ന് പറഞ്ഞിട്ടില്ല.
ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ സുതാര്യവും നീതിപൂര്‍വകവും ആയിരിക്കണം എന്ന് എന്‍.എസ്.എസ്. ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലില്ല, അഴിമതിയുണ്ടെന്നൊന്നും പറഞ്ഞിട്ടില്ല. സുതാര്യത, നീതി-ഇതുരണ്ടും വേണം എന്നേ ഉള്ളൂ. എസ്.എന്‍.ഡി.പി.ക്കും ഇക്കാര്യത്തില്‍ എന്‍.എസ്.എസ്. പറഞ്ഞതിനോട് പൂര്‍ണ യോജിപ്പാണ്. ദേവസ്വം ബോര്‍ഡുകള്‍ ഇക്കാര്യത്തില്‍ എന്‍.എസ്.എസ്സില്‍ നിന്നും എസ്.എന്‍.ഡി.പി.യില്‍നിന്നും പലതും മനസ്സിലാക്കേണ്ടതുണ്ട്. സ്വകാര്യകോളേജിലെയും അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ കൊടുക്കും എന്നു തീരുമാനിച്ചശേഷം ഇതിനേക്കാള്‍ ബുദ്ധിപൂര്‍വകമായ ഒരു തീരുമാനം ലോകത്തിലൊരു സര്‍ക്കാറും എടുത്തിട്ടില്ല.
കോളേജില്‍ അധ്യാപക നിയമനം കിട്ടാന്‍ പൂരത്തിനുള്ളത്ര തിരക്കാണ്.എന്നിട്ടും പത്തു മുപ്പത്തഞ്ചു വര്‍ഷമായി ‘സുതാര്യമായും നീതിപൂര്‍വകമായും’ നിയമനങ്ങള്‍ നടത്തിവരികയാണ് എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി.യും. ഏതു വഴിക്ക് പോകണം, ആരെയെല്ലാം കാണണം, പോകുന്നവഴിക്ക് അരയിലെന്തു കരുതണം എന്നെല്ലാം സമസ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും അറിയാം. ഇത്രയും സുതാര്യമായ മറ്റൊരു നിയമന സമ്പ്രദായം ഭൂമിമലയാളത്തിലില്ല. എം.എ. പാസ്സായവര്‍ക്കും വിവരമില്ലാ എന്നതൊരു കലിയുഗ പ്രതിഭാസമായിരിക്കാം. നിവൃത്തിയില്ല. 25 മണിക്കൂര്‍ നടത്തിയാല്‍ തീരാത്ത നിയമന ഇന്റര്‍വ്യൂ 7 മണിക്കൂര്‍കൊണ്ട് തീര്‍ത്ത് മാര്‍ക്കും യോഗ്യതയും ഇല്ലാത്തവരെ ഹയര്‍സെക്കന്‍ഡറി അധ്യാപകരായി എന്‍.എസ്.എസ്. നിയമിച്ചെന്നാണ് ഒരു ഉദ്യോഗാര്‍ത്ഥി ഈയിടെ വാരികയിലെഴുതിയത്. കഷ്ടം. യോഗ്യരെ തിരഞ്ഞുപിടിച്ച് സുതാര്യമായാണ് നിയമിക്കാറുള്ളത്. യോഗ്യതയുടെ മാനദണ്ഡം
ഉദ്യോഗാര്‍ത്ഥികള്‍ ധരിച്ചുവെച്ചതാവില്ല എന്നേ ഉള്ളൂ. ദേവസ്വം നടത്തിപ്പുകാര്‍ക്ക് ക്ലര്‍ക്ക്-മേല്‍ശാന്തി നിയമനങ്ങള്‍ക്ക് ഇതുപോലെ സുതാര്യമായ ഒരു രീതിയും നിരക്കും നിശ്ചയിച്ചുകൂടേ എന്നേ എന്‍.എസ്.എസ്. ചോദിച്ചിട്ടുള്ളൂ. ന്യായമായ ചോദ്യം മാത്രം.
അന്‍പതു കൊല്ലം കൊണ്ട് കേരളം ഈ കോലത്തിലായത് എന്തുകൊണ്ടാണ്? കേരളത്തിന് 50 തികയുമ്പോഴാണ് കെ.കരുണാകരന് അതിനെക്കുറിച്ച് ശരിയായ ഒരു വെളിപാട് ഉണ്ടായത്. “സ്ഥിരതയുള്ള സര്‍ക്കാറിനു മാത്രമേ സംസ്ഥാനത്തിന്റെ പുരോഗതി ഉറപ്പുവരുത്താന്‍ കഴിയൂ” എന്ന്, സി.പി.എം. മുഖപത്രത്തില്‍ ‘ഭരണസ്ഥിരത പരമപ്രധാനം’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. അപ്പോള്‍ പിടികിട്ടിയില്ലേ ഭരണസ്ഥിരതയില്ലാതെ പോയതാണ് നമ്മുടെ പ്രശ്നം. ഭരിച്ച ഇ.എം.എസ്സോ അച്യുതമേനോനോ കെ.കരുണാകരനോ നായനാരോ ആന്റണിയോ ഒന്നും മോശക്കാരായതല്ല പ്രശ്നം. അവര്‍ സ്ഥിരമായി ഭരിച്ചില്ല, അല്ലെങ്കില്‍ ഭരിക്കാന്‍ അനുവദിച്ചില്ല എന്നതാണ് പ്രശ്നം.ഏതാണ്ട് അന്‍പതു വര്‍ഷമായി ഭരിക്കുകയും ഭരിപ്പിക്കുകയും ഭരിപ്പിക്കാതിരിക്കുകയുമെല്ലാം ചെയ്യുന്ന പണിയായിരുന്നല്ലോ ലീഡറുടേത്. 1957-ല്‍ വന്ന ആദ്യമന്ത്രിസഭയുടെ ‘സ്ഥിരത’ ഉറപ്പുവരുത്തുന്നതില്‍ ആകാവുന്നത്ര സഹായം ലീഡര്‍ ചെയ്തിട്ടുണ്ട്. രണ്ടേകാല്‍ കൊല്ലം കൊണ്ട് അതിന്റെ കഥകഴിച്ചു. തുടര്‍ന്ന് വന്ന പട്ടം, ശങ്കര്‍ മന്ത്രിസഭകള്‍ സ്വയംകൃതാനര്‍ത്ഥങ്ങള്‍ കൊണ്ട് കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞതാണ് എന്ന് വിചാരിക്കാം. വീണ്ടും ’67-ല്‍ വന്ന ഇ.എം.എസ്. മന്ത്രിസഭയുടെ സ്ഥിരത ഇല്ലാതാക്കാന്‍ ’57-ലേക്കാള്‍ വലിയ ശ്രമം ലീഡര്‍ നടത്തുകയുണ്ടായി. എന്തുചെയ്യാം, തമ്മില്‍ തല്ലിയേ ചാകൂ എന്നു നിര്‍ബന്ധമായിരുന്നു സപ്തകക്ഷി മുന്നണിക്ക്. അടിയന്തരാവസ്ഥയുടെ ഗുണം കൊണ്ട് മാത്രമാണ് അച്യുതമേനോന് അഞ്ചുവര്‍ഷത്തിലേറെ ഭരിക്കാന്‍ കഴിഞ്ഞത് എന്ന് ലീഡര്‍ ലേഖനത്തില്‍ പറയുന്നുണ്ട്. പിന്നെ മുഖ്യമന്ത്രിയായ ലീഡറെ സ്ഥിരമായി ഭരിക്കാന്‍ അനുവദിച്ചില്ല കോടതിയും……ളും. (ഇവിടെ ‘മാര്‍ക്സിസ്റ്റുകളും’ എന്ന വാക്കാണ് ചേര്‍ക്കേണ്ടത്. പക്ഷേ, അതു സൈലന്റായാണ് ഉച്ചരിക്കേണ്ടത്.) 1980-ല്‍ മുഖ്യമന്ത്രിയായ നായനാരെ വാഴാന്‍ താനും അനുവദിച്ചില്ല എന്നതവിടെ നില്‍ക്കട്ടെ.
അഞ്ചുകൊല്ലം മുടങ്ങാതെ ഭരിക്കാന്‍ അവസരം കിട്ടിയവരാണ് ലീഡറും നായനാരും. അവരുടെ സ്ഥിരത മുടങ്ങിയത് ജനങ്ങള്‍ വോട്ടു ചെയ്ത് തോല്‍പിച്ചതു കൊണ്ടാണ് ജനത്തിനു വിവരമില്ല. ഇതിനെല്ലാം ഒരു പരിഹാരമേയുള്ളൂ. ലീഡറുടെ പാര്‍ട്ടിയും സി.പി.എമ്മും ഒരു മുന്നണിയായി മത്സരിക്കുക. പ്രാദേശിക വര്‍ഗീയ കക്ഷികളെ അവരര്‍ഹിക്കുന്ന സ്ഥാനത്ത് ഒതുക്കിനിര്‍ത്തി മുന്നോട്ടു പോകണം എന്ന് ലീഡര്‍ ലേഖനത്തില്‍ ഉപദേശിക്കുന്നുണ്ട്. 1982-ലും 1991-ലും മുഖ്യമന്ത്രിയായപ്പോള്‍ അവരെ ഇങ്ങനെ ‘ഒതുക്കി’യാണ് ലീഡര്‍ മുന്നോട്ടു പോയത് എന്നറിയാമല്ലോ. ലീഡര്‍- സി.പി.എം. മുന്നണി വന്നാല്‍ ഭരണം സ്ഥിരമാവും. ജനം വിചാരിച്ചാലും തോല്‍പിക്കാന്‍ പറ്റിയെന്നുവരില്ല. 2056 വരെയെങ്കിലും സ്ഥിരഭരണം ഉണ്ടാകണം. എങ്കില്‍ ഇവിടെ തേനും പാലും-വേറെ വല്ലതും വേണമെങ്കില്‍ ഇപ്പോള്‍ പറയണം- ഒഴുക്കും.
കണ്ണൂരില്‍ ഊക്കന്‍ പൌരാവകാശ സമ്മേളനമാണ് യു.ഡി.എഫുകാര്‍ നടത്തിയത്. വമ്പിച്ച ജനരോഷമാണവിടെ ഉയര്‍ന്നത്. ടെലിവിഷന്‍ – പത്രമാധ്യമറിപ്പോര്‍ട്ടര്‍മാരെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നിറക്കുമതി ചെയ്തിരുന്നു. അവര്‍ക്കും നാട്ടുകാര്‍ക്കും ഒരു ചെറുസംശയം തോന്നിയിരിക്കണം. കണ്ണൂര്‍ ജില്ല കേരളത്തിലല്ലേ? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണം മാഹി പാലത്തില്‍ അവസാനിക്കുന്നുവോ? തങ്ങളുടെ ഭരണത്തിന്‍ കീഴില്‍ തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് പൌരാവകാശം ഉറപ്പുവരുത്താന്‍ പോലും തങ്ങള്‍ക്കു കഴിയുന്നില്ലെന്ന് നെഞ്ചിലടിച്ച് കരയുന്നതു കേട്ടാല്‍ ആര്‍ക്കാണ് സങ്കടം തോന്നാതിരിക്കുക? ഇനി ഭരണവും കൂടി ഇല്ലാതാവുകയാണെങ്കില്‍ എന്താവും നില? ആലോചിക്കുമ്പോള്‍ കരച്ചില്‍ വരുന്നു.
അക്രമരാഷ്ട്രീയത്തില്‍ ബലിയാടുകളായ നൂറുകണക്കിനാളുകള്‍ കണ്ണൂര്‍ സമ്മേളനത്തിലെത്തി അവരുടെ യാതനകള്‍ വിവരിക്കുകയുണ്ടായി. ഇതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് രാഷ്ട്രീയ പ്രതിയോഗികള്‍ കാലു തല്ലിയൊടിച്ച ഒരു യുവാവാണ്. താങ്ങിയെടുത്താണ് ഇദ്ദേഹത്തെ വേദിയിലേക്ക് കൊണ്ടുവന്നത്. ആരാണ് ഇദ്ദേഹത്തെ ആക്രമിച്ച് ഈ വിധം അവശനാക്കിയത്? അടികിട്ടിയത് കോണ്‍ഗ്രസ്സുകാരനെങ്കില്‍ അടിച്ചത് സി.പി.എമ്മുകാരായിരിക്കണം എന്നു കരുതി ആരുമൊന്നും
ചോദിച്ചില്ല. ചോദിച്ചാലും ഉത്തരം കിട്ടിയെന്നുവരില്ല. കാലൊടിച്ചത് സി.പി.എമ്മുകാരല്ല, ബി.ജെ.പി.ക്കാരാണ്. പിശാചിനുള്ളത് പിശാചിനു കൊടുക്കണം. ബി.ജെ.പിക്കു കൊടുക്കാനുള്ളത് സി.പി.എമ്മിനു കൊടുക്കരുത്. ഓരോരുത്തരുടെയും അക്കൌണ്ട് വെവ്വേറെ എഴുതി സൂക്ഷിക്കണം. കണ്ണൂര്‍ ജില്ലയില്‍ വോട്ടുകണക്കില്‍ പിന്നിലാണെങ്കിലെന്ത്? വെട്ടിലും കുത്തിലും ഒപ്പത്തിനൊപ്പം ബി.ജെ.പി.യുമുണ്ട്. മുന്നില്‍ കടക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസ്സുകാര്‍ ബി.ജെ.പി.യെ അങ്ങനെ കൊച്ചാക്കരുതേ….
പാര്‍ട്ടികളുടെ അംഗീകാരത്തിനു ചട്ടവും വ്യവസ്ഥയുമുണ്ടാക്കുന്ന തിരഞ്ഞെടുപ്പു കമ്മീഷന്‍ പാര്‍ട്ടികളുടെ പിളര്‍പ്പിനും ഉണ്ടാക്കണം ചില വ്യവസ്ഥയും മര്യാദയുമൊക്കെ. നിയമസഭയില്‍ രണ്ടംഗമെങ്കിലും ഇല്ലാത്ത പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കുന്നത് ഒരു കാരണവശാലും അംഗീകരിച്ചുകൂടാ. വംശനാശം സംഭവിക്കാനിടയുള്ള പക്ഷിമൃഗാദികളെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കപ്പെടേണ്ട പാര്‍ട്ടികള്‍ ചിലതെങ്കിലുമുണ്ടാവും. പി.സി.ജോര്‍ജിന്റെ സെക്കുലര്‍ കേരള കോണ്‍ഗ്രസ്, രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസ്. എന്നിവ ഇത്തരത്തില്‍ പ്പെട്ട രണ്ടു കക്ഷികളാണ്. ഇവയുടെ നിത്യച്ചെലവിനു സബ്‌സിഡി അനുവദിക്കുന്നതിനെക്കുറിച്ച് കേന്ദ്രത്തിന് എന്തുകൊണ്ട് ചിന്തിച്ചുകൂടാ?