ആദര്‍ശ ചൂതാട്ടം

ഇന്ദ്രൻ

ഒടുവിലത്തെ റൗണ്ട്‌ ചൂതാട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ തോല്‍വി സാമാന്യം ദയനീയം തന്നെയായി. കൈവശമുള്ള ഏതാണ്ടെല്ലാം ഒടുവിലത്തെ ഈ കളിയില്‍ നഷ്ടമായിട്ടുണ്ട്‌. ബാക്കിയുള്ളത്‌ സംസ്ഥാന ഭരണം മാത്രം. പഴയ പാണ്ഡവരുടെ അവസ്ഥതന്നെ. സംസ്ഥാനഭരണമെന്ന പാഞ്ചാലിയെ വെച്ചുള്ള കളിയേ ഇനി അവശേഷിക്കുന്നുള്ളൂ. അതിന്റെ ഫലവും അധികം വൈകാതെ അറിയാം.

കളിക്കിടയില്‍ നഷ്ടപ്പെട്ട പ്രധാനപ്പെട്ട ഒരു കരുവിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ അങ്ങേയറ്റം ദുരൂഹമാണെന്നതാണ്‌ ഒടുവില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു കാര്യം. കഴിഞ്ഞ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ വരെ മുന്‍ഗാമി എ.കെ.ആന്റണിയുടെ പ്രധാന നീക്കങ്ങള്‍ ഇതേ കൈയില്‍ വെച്ചുതന്നെയായിരുന്നു. ആന്റണിയുടെ വീഴ്ചയും സാമാന്യം ദയനീയം തന്നെയായിരുന്നു. ഏതാണ്‌ മെച്ചപ്പെട്ട വീഴ്ച എന്നതു സംബന്ധിച്ച്‌ കെ.പി.സി.സി. എക്സിക്യൂട്ടീവില്‍ അഭിപ്രായവ്യത്യാസമുണ്ട്‌. വളരെ മെച്ചപ്പെട്ട നിലയിലാണ്‌ ഇത്തവണ രോഗി മരിച്ചതെന്ന്‌ മുഖ്യഭിഷഗ്വരന്‍ രമേശ്‌ ചെന്നിത്തല അവകാശപ്പെട്ടതിനെക്കുറിച്ച്‌ എക്സിക്യൂട്ടീവ്‌ ചര്‍ച്ച ചെയ്യുകയുണ്ടായി. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിലെ മരണമായിരുന്നു ഇതിനേക്കാള്‍ ഭേദമെന്ന്‌ പറയുന്നത്‌, അന്നത്തെ ഭിഷഗ്വരനായിരുന്ന കരുണാകരന്‌ ക്രഡിറ്റ്‌ കൊടുക്കലാവില്ലേ എന്ന്‌ സംശയമുയര്‍ന്നുവന്നു. എന്തായാലും രണ്ടിന്റെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ശാസ്ത്രീയമായി പഠിച്ചാലേ ഇക്കാര്യത്തിലൊരു തീരുമാനത്തിലെത്താനാവൂ. തല്‍ക്കാലം കക്ഷി ദിവംഗതനായി എന്നുമാത്രം നമ്മള്‍ അംഗീകരിക്കുക.

കരുവിന്റെ കാര്യമാണല്ലോ പറഞ്ഞുവന്നത്‌. പ്രധാന കരുവിനെ അനുയായികളില്‍ ചിലര്‍ ബഹുമാനം കൂടുന്ന സന്ദര്‍ഭങ്ങളില്‍ കരു എന്നുതന്നെയാണ്‌ വിശേഷിപ്പിക്കാറുള്ളതെന്നത്‌ തികച്ചും യാദൃച്ഛികം മാത്രമാണ്‌. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ വേണ്ട. മുന്‍ഗാമി എ.കെ.ആന്റണി ഈ കരുവിനെ വിട്ട്‌ ഒരു കളിയും കളിക്കാന്‍ കൂട്ടാക്കാറില്ല. മുപ്പതു വര്‍ഷത്തോളം നിരന്തരം ദ്രോഹിച്ചുപോന്നതാണെങ്കിലും ഒടുവില്‍ തിരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ അച്ഛനും മോനും മോള്‍ക്കും ചോദിച്ചതെല്ലാം എടുത്തുകൊടുത്ത്‌ സംഗതി സബൂറാക്കുകയായിരുന്നു. ഇടതുമുന്നണിക്കാര്‍ അന്ന്‌ ഈ കരുവിനെ ലക്ഷ്യംവെച്ചാണ്‌ സകല തോക്കുകളും പൊട്ടിച്ചത്‌. എട്ടുനിലയില്‍ പൊട്ടി. അന്നു കളി നിര്‍ത്തി ആന്റണി പോവുകയും ചെയ്തു. ആ കരുവിനെ നീക്കിയാല്‍ അടുത്ത കളി വിജയിക്കാമെന്നാണ്‌ പകരം വന്ന ഉമ്മന്‍ ധരിച്ചത്‌. ഒരു വിധമൊന്നും നീങ്ങുന്ന കരുവല്ലല്ലോ അത്‌. കുറച്ച്‌ ബലം പ്രയോഗിക്കേണ്ടിവന്നു. നീങ്ങിക്കിട്ടിയപ്പോള്‍ പറഞ്ഞത്‌, “സമാധാനമായി. അകത്തുനിന്നു ചെയ്യുന്നതിലും വലിയ ദ്രോഹമൊന്നും പുറത്തുനിന്നു ചെയ്യുകയില്ല” എന്നായിരുന്നു. അകത്തായാലും പുറത്തായാലും ദ്രോഹം ഏതാണ്ട്‌ തുല്യമായി ചെയ്യാന്‍ കഴിയുന്ന ഒരു അപൂര്‍വ വിചിത്ര കരുവാണ്‌ അത്‌ എന്ന്‌ ഇപ്പഴേ മനസ്സിലായുള്ളൂ.

കരുനീക്കങ്ങളെങ്ങനെയാണ്‌ പിഴക്കാറുള്ളത്‌? പിഴക്കുക നമ്മുടെ നീക്കങ്ങളല്ല. എതിരാളിയുടെ നീക്കങ്ങളെ കുറിച്ചുള്ള നമ്മുടെ ധാരണകളാണ്‌ പിഴക്കാറുള്ളത്‌. കോണ്‍ഗ്രസ്സില്‍ നിന്നു കഷ്ടപ്പെട്ട്‌ തള്ളിപ്പുറത്താക്കിയ കരുവിനെയും കൂട്ടരെയും ഇടതുമുന്നണി നാലയലത്ത്‌ ചെല്ലാന്‍ സമ്മതിക്കില്ലെന്നാണ്‌ ഉമ്മനും ചെന്നിത്തലയുമെല്ലാം ധരിച്ചത്‌. ശിശുക്കള്‍. ഇടതുമുന്നണിയില്‍ എതിരാളികളും ശത്രുക്കളുമൊക്കെയാണെങ്കിലും സാമാന്യം തത്ത്വവും ആദര്‍ശവുമൊക്കെയുള്ള കൂട്ടരാണെന്നൊരു തെറ്റിദ്ധാരണ അവര്‍ക്കുണ്ടായിരുന്നു. നാറിയവനെ പേറിയാല്‍ പേറിയവനും നാറും എന്നുണ്ടല്ലോ. പേറില്ല എന്നവര്‍ ഉറപ്പിച്ചു. തിരിഞ്ഞുനോക്കാന്‍ പോലും ആരും ഇല്ലാതെ കരുവും കരുമക്കളും റോഡരുകില്‍ ടവല്‍ വിരിച്ച്‌ ചില്ലിക്കാശിന്‌ കേഴുന്നതു കാണാനാവും എന്നായിരുന്നു ഉമ്മന്‍-ചെന്നി ഗ്രൂപ്പിന്റെ വ്യാമോഹം. അവര്‍ക്ക്‌ ഇ.എം.എസ്‌. മുതല്‍ അച്യുതാനന്ദന്‍ വരെയുള്ള ഗാന്ധിയന്‍ മാര്‍ക്സിസ്റ്റുകാരെയേ അറിയുകയുള്ളു. ആ അറിവുവെച്ചാണ്‌ എല്ലാവരെയും അളക്കുന്നത്‌. അച്യുതാനന്ദനോടെ മാര്‍ക്സിസം അവസാനിച്ച വിവരമൊന്നും അറിഞ്ഞിട്ടില്ല. പിണറായി-കോടിയേരി അംശക്കാരെ അണ്ടല്ലൂര്‍ക്കാവിലെ ഉത്സവത്തിനു കണ്ട്‌ പരിചയവുമില്ല. ആകെ പിശകി. രാഷ്ട്രീയത്തിലേ ആദര്‍ശം വേണ്ടൂ. ചൂതാട്ടത്തില്‍ അതിന്റെ ആവശ്യമില്ല. ഉമ്മന്‍ ഉപേക്ഷിച്ച കരുകൊണ്ട്‌ ഉമ്മനെ വെട്ടാം. വെട്ടി. ശുഭം.

* * * * * * * *

നീക്കുപോക്കിന്റെ സമയം കഴിഞ്ഞു, ഇനി മറ്റേതു തന്നെ തുടങ്ങാം എന്ന്‌ ലീഡര്‍ അക്ഷമനായി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ലീഡറുടെ ധൃതി മറ്റേ കക്ഷിക്കു കാണാനില്ല. ഓരോരുത്തരുടെയും അവസ്ഥ വ്യത്യസ്തമായിരിക്കുമല്ലോ. തിരഞ്ഞെടുപ്പില്‍ സംസ്ഥാനം മുഴുക്കെ കണ്ടത്‌ വെറും നീക്കുപോക്കുമാത്രമായിരുന്നോ എന്നതിനെക്കുറിച്ച്‌ പ്രേക്ഷകര്‍ക്കിടയില്‍ സംശയമുണ്ട്‌. നീക്കുപോക്ക്‌, ധാരണ, സഖ്യം എന്നിവ കൃത്യമായി നിര്‍വചിക്കാഞ്ഞാലുള്ള കുഴപ്പമാണിത്‌. ഇടതുമുന്നണി-ഡി.ഐ.സി. ഇടപാട്‌ നീക്കുപോക്കായാണ്‌ തുടങ്ങിയതെങ്കിലും ആവേശം മൂത്തപ്പോഴത്‌ ധാരണയോ സഖ്യമോ ഒക്കെ ആയിപ്പോയത്രെ. അറിയാതെ സംഭവിച്ചുപോയതാണ്‌. ഇനി അത്‌ അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. അടുത്ത ഘട്ടമായി അധികാരം പങ്കുവെക്കും. പഞ്ചായത്തില്‍ തുടങ്ങുക. ആറുമാസം കഴിഞ്ഞാല്‍ സംസ്ഥാന ഭരണം പങ്കുവെക്കാം.ഒരു ദോഷവും വരാനില്ല. അച്യുതാനന്ദന്‍ പലതും പറയും. കാര്യമാക്കാനില്ല.

യു.ഡി.എഫും. ബി.ജെ.പി.യും തമ്മിലുണ്ടായത്‌ നീക്കുപോക്കോ ധാരണയോ സഖ്യമോ? നിരീക്ഷകന്മാര്‍ മറുപടി പറയേണ്ടതുണ്ട്‌. സി.പി.എം-ഡി.ഐ.സി. ബന്ധത്തെയല്ല ഇതിനെയാണ്‌ നീക്കുപോക്ക്‌ എന്നു വിളിക്കേണ്ടതെന്നാണ്‌ വിദഗ്ദ്ധാഭിപ്രായം. അഡ്ജസ്റ്റ്‌മെന്റ്‌ എന്ന്‌ ആംഗലത്തില്‍ പറയും. ഒന്നിച്ചു വോട്ടുപിടിക്കില്ല. ഒന്നിച്ച്‌ പ്രസംഗിക്കില്ല, ഒന്നിച്ച്‌ ജാഥനടത്തില്ല. ബി.ജെ.പി.ക്ക്‌ രണ്ടു മുന്നണികളുമായും നീക്കുപോക്കുണ്ടായിരുന്നു എന്ന്‌ ബി.ജെ.പി.ക്കാര്‍ പറയുന്നുണ്ട്‌. സ്വഭാവഗുണമുള്ള കക്ഷികളങ്ങനെയാണ്‌. ചില ചാരിത്രവതികള്‍ ആരോടും ‘സാധ്യമല്ല’ എന്നു പറയാത്തതുപോലെ. അതുകൊണ്ട്‌ ഗുണമുണ്ട്‌. എല്ലാ മേഖലയിലും ഇത്തരക്കാരാണ്‌ ഗുണമുണ്ടാക്കുക.

ഡി.ഐ.സി. വലതുകാല്‍ വെച്ച്‌ ഇടതുകൂടാരത്തിലേക്ക്‌ കടന്നുവന്നാല്‍ അന്തഃപുരത്തില്‍ ഇപ്പോഴുള്ള സി.പി.ഐ., എന്‍.സി.പി., ആര്‍.എസ്‌.പി., ജനതാദള്‍ വൃദ്ധനാരികളുടെ ഗതിയെന്താവും എന്ന പ്രശ്നമുണ്ട്‌. സ്വാഭാവികമായും പുത്തനച്ചി പുരപ്പുറം തൂക്കും. അടുത്ത മന്ത്രിസഭയുടെ പകുതിവരെ മധുവിധു നീണ്ടുപോകും. ആന്റണിയും കൂട്ടരും ഇടതുകൂടാരത്തിന്റെ മതിലുചാടാന്‍ എടുത്തതിലും ഒരു ദിവസം പോലും കൂടുതല്‍ ലീഡര്‍ സംഘത്തിനു ആവശ്യമായി വരില്ല. അത്രയും കാലം ക്ഷമിക്കാനുള്ള ബുദ്ധിയെങ്കിലും വേണം. വരുമോരോവഹ, വന്നപോലെ പോം എന്നോ മറ്റോ ആരോ എഴുതിയത്‌ ഇതിനെ കുറിച്ചാവുമോ എന്തോ….

* * * * * * * * *

കരുണാകരന്‍ ഇല്ലാത്ത യു.ഡി.എഫിന്‌ ജയിക്കാന്‍ കഴിയില്ലെന്ന്‌ തെളിഞ്ഞു-ഡി.ഐ.സി. പ്രസിഡന്റ്‌ കെ.മുരളീധരന്റെ മുഖ്യസന്തോഷം ഇതിലാണെന്നു തോന്നി പ്രസ്താവന വായിച്ചപ്പോള്‍. കരുണാകരന്‍ ഉള്ള യു.ഡി.എഫിനു ജയിക്കാന്‍ കഴിയില്ല എന്ന്‌ നേരത്തെ തന്നെ തെളിയിച്ച സ്ഥിതിക്ക്‌ ഇതുകൂടി ആവശ്യമായിരുന്നു.

ആട്ടെ. ആരെയാണ്‌ ഇത്‌ ബോധ്യപ്പെടുത്തേണ്ടത്‌? സോണിയാ മദാമ്മയെയോ? എങ്കില്‍ സംഗതി ബുദ്ധിമുട്ടായിരിക്കും. കരുണാകരന്‍ ഉള്ള യു.ഡി.എഫിന്‌ കഴിഞ്ഞ ലോക്‌സഭയിലേക്ക്‌ എത്ര പേരെയാണ്‌ പറഞ്ഞയക്കാന്‍ കഴിഞ്ഞത്‌? ഇമ്മ്‌ണി വല്യ ഒന്നിനെ. കരുണാകരന്‍ ഇല്ലാതെവന്നാല്‍ ഇത്‌ കുറയുമോ? ഇല്ല. ഇരുപത്‌ മണ്ഡലമാണ്‌ കേരളത്തിലുള്ളത്‌. കരുണാകരനും ആന്റണിയും ഒത്തുപിടിച്ച്‌ തോല്‍പിക്കാന്‍ ശ്രമിച്ച 18 ഉം പിന്നെയൊന്നും മന്‍മോഹന്‍ജിയുടെ ഭരണത്തെ താങ്ങിനിര്‍ത്തുന്നുണ്ട്‌. ജയിപ്പിച്ച ഏക അംഗം കേന്ദ്രത്തില്‍ മന്ത്രിയുമാണ്‌. അടുത്ത തവണയും ലീഡറും പിണറായിയും ചേര്‍ന്ന്‌ ജയിപ്പിക്കുന്നവര്‍ സോണിയാജിക്ക്‌ ഒപ്പമുണ്ടാകും. ഒരുവിധത്തില്‍ നോക്കിയാല്‍ യു.ഡി.എഫുകാരെ ജയിപ്പിക്കുന്നതിലും നല്ലത്‌ ഇടതുപക്ഷക്കാരെ ജയിപ്പിക്കുന്നതാണ്‌. അവര്‍ക്ക്‌ മന്ത്രിസ്ഥാനം കൊടുക്കേണ്ടതില്ലല്ലോ.

* * * * * * * * *

‘അധികാരത്തിന്റെ തണലില്‍ അഭിരമിക്കുന്ന സദാചാരവിരുദ്ധരുടെ തനിരൂപം കാണാന്‍’ നീലന്‍ കേസ്സിലെ വിധി ഉപകരിച്ചെന്നു മുസ്‌ലിംലീഗ്‌ മുഖപത്രം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. “വ്യക്തിശുദ്ധിയും മൂല്യബോധവും കാര്യനിര്‍വഹണ ശേഷിയുമുള്ള നിസ്വാര്‍ഥമതികളുടെ സാന്നിധ്യംകൊണ്ട്‌ പുഷ്കലമായിരുന്ന” കാലം പോയിമറഞ്ഞതിലും മുഖപ്രസംഗം കഠിനദുഃഖം പ്രകടിപ്പിക്കുന്നുണ്ട്‌.

മുസ്‌ലിംലീഗിന്‌ ദുഃഖവും ധാര്‍മിക രോഷവും തിളച്ചുവന്നതില്‍ കുറ്റപ്പെടുത്താന്‍ പറ്റില്ല. മുസ്‌ലിംലീഗിന്റെ നേതാവിനെക്കുറിച്ച്‌ സ്വഭാവഗുണത്തിന്‌ പേരുകേട്ട ഒരു വനിത ലൈംഗികാരോപണമുന്നയിച്ചപ്പോള്‍ കേരളം ഇളകിമറിയുകയായിരുന്നു. മാധ്യമങ്ങള്‍ തിളക്കുകയായിരുന്നു. കാറില്‍ അന്യസ്ത്രീയെ കണ്ടതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച പി.ടി.ചാക്കോവിനെ ഓര്‍മിപ്പിച്ച്‌ ലീഗ്‌ മന്ത്രിയുടെയും രാജി ആവശ്യപ്പെടുകയായിരുന്നു. ഒരു കേസ്സുപോലും ഇല്ലാതെ മന്ത്രിയെ രാജിവെപ്പിക്കുകയും ചെയ്തു.

ഇവിടെയിതാ, രണ്ടു സ്ത്രീപീഡനക്കേസില്‍ കോടതി ശിക്ഷിച്ച എം.എല്‍.എ. സ്ഥാനം രാജിവെക്കണമെന്നു ആരും ആവശ്യപ്പെടുന്നു പോലുമില്ല. ജയപ്രകാശ്‌ നാരായണന്റെ ധാര്‍മിക വിപ്ലവത്തീയില്‍ കുരുത്ത പാര്‍ട്ടിക്കുപോലും ഒന്നും പറയാനില്ല. രണ്ട്‌ സ്ത്രീപീഡനക്കേസ്സില്‍ ശിക്ഷിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ ഓഫീസിലെ ശിപായിക്കുപോലും ജോലിനഷ്ടപ്പെടും. എം.എല്‍.എ.ക്ക്‌ സ്ഥാനം നഷ്ടപ്പെടില്ല. ജനാധിപത്യം മഹത്തരം തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

Go Top