പ. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്‍ജി സിംഗപ്പൂരില്‍ പോയി ചെയ്ത പ്രസംഗം, പ്രസ്താവന, അഭിമുഖ സംഭാഷണം എന്നിവകളെല്ലാം സി.പി.എമ്മിന്റെ നയങ്ങള്‍ക്കും ആശയങ്ങള്‍ക്കും അനുസൃതം തന്നെയാണെന്ന് പൊളിറ്റ്ബ്യൂറോ സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്. ഇനി ഇക്കാര്യത്തില്‍ മറിച്ചൊരു നിലപാട് വരികയേ ഇല്ല എന്നതുകൊണ്ട്, സി.പി.എമ്മിന്റെ നയവും ആശയവും എന്ത് എന്നു കണ്ടെത്തുക എളുപ്പമായി. ഇന്ത്യയിലിരുന്നുകൊണ്ടാണ് പറയുന്നതെങ്കില്‍ പുട്ടിനു നാളികേരമെന്നപോലെ ഇടയിലിടയില്‍ വൈരുധ്യാധിഷ്ഠിതം, ഭൗതിക വാദം, കമ്യൂണിസം, വിപ്ലവം, തൊഴിലാളി വര്‍ഗം തുടങ്ങിയവ ചേര്‍ക്കേണ്ടിവരും. മാത്രമല്ല, ഒന്നും നേര്‍ക്കുനേരെ മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍ പറയാനുമാവില്ല. എന്തെങ്കിലും അതില്‍നിന്ന് മനസ്സിലായെന്നിരിക്കട്ടെ, മാധ്യമ അര്‍ധ നിരക്ഷരര്‍ അതു വളച്ചൊടിക്കുകയും ചെയ്യും. സിംഗപ്പൂരിലാകുമ്പോള്‍ ഈ വക ബുദ്ധിമുട്ടുകളൊന്നുമില്ല. വളച്ചുകെട്ടാതെ കാര്യം പറയാം; വളച്ചൊടിക്കാതെ പത്രത്തില്‍ വരികയും ചെയ്യും. അതുവെച്ച് നയങ്ങള്‍ നമുക്ക് പകല്‍ വെളിച്ചത്തിലെന്നപോലെ മനസ്സിലാക്കുകയും ചെയ്യാം. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍, സുതാര്യമായിക്കോട്ടെ എല്ലാം.
‘ ദ ജക്കാര്‍ത്ത പോസ്റ്റ്’ പത്രമാണ് ഇന്ത്യയിലെ ശാശ്വത കമ്യൂണിസ്റ്റ് സംസ്ഥാനമായ പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്‍ജിയെ സിംഗപ്പൂരില്‍ വെച്ച് ഇന്റര്‍വ്യൂ ചെയ്തത്. ചൈനയും വിയറ്റ്‌നാമും കഴിഞ്ഞാല്‍ പിന്നെ കമ്യൂണിസം അവശേഷിക്കുന്നത് ഈ പ്രദേശത്ത് മാത്രമാണെന്ന് കേട്ടറിഞ്ഞാവണം പത്രാധിപര്‍ ലേഖകനെ അങ്ങോട്ടോടിച്ചത്. മാത്രവുമല്ല, സിംഗപ്പൂരിലെ വലിയ ഒരു ബഹുരാഷ്ട്ര കമ്പനിയായ സലിം ഗ്രൂപ്പിനെ ബംഗാളിലേക്ക് സ്വീകരിച്ചുകൊണ്ടുപോകാനാണ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി നേരില്‍ ഹാജരായതെന്ന് അവര്‍ കേട്ടിട്ടുണ്ടാകണം. ചില്ലറക്കാരൊന്നുമല്ല ഈ സലിം ഗ്രൂപ്പ്. ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവുള്ള ഇന്‍ഡൊനീഷ്യന്‍ കമ്പനിയാണ്. പ. ബംഗാളിലെ ദക്ഷിണ 24 പര്‍ഗാനാസില്‍ അനേകായിരം കോടി രൂപ പ്രത്യേക സാമ്പത്തിക മേഖലയില്‍ മുതല്‍ മുടക്കാന്‍ പോകുന്ന കൂട്ടരാണ്. ഒരു വ്യവസായ പാര്‍ക്ക്, ഒരു ആരോഗ്യനഗരം, ഒരു ഗോള്‍ഫ് നഗരം, ഒരു വിജ്ഞാന നഗരം ഇത്യാദി നഗരങ്ങള്‍ അസ്സല്‍ ഗ്രാമത്തില്‍ വയല്‍ നികത്തി ഉണ്ടാക്കാനാണ് അവര്‍ വരുന്നത്. ‘പ്രത്യേക മേഖല’ ആയതുകൊണ്ട് വേറൊരു വലിയ നേട്ടമുണ്ട്. തൊഴില്‍ നിയമവും ജോലി സമയം, മിനിമം കൂലി, തൊഴില്‍ തര്‍ക്ക നിയമം, സി.ഐ.ടി.യു, അട്ടിമറി, ഇന്‍ക്വിലാബ് തുടങ്ങിയവമൂലമുള്ള യാതൊരുവിധ പ്രയാസവുമുണ്ടാകില്ല. പറയുന്ന സമയത്ത് പണിക്ക് വരിക, പോകാന്‍പറയുമ്പോള്‍ മാത്രം പോകുക, തരുന്നത് മാത്രം വാങ്ങുക തുടങ്ങിയ മനോഹര വ്യവസ്ഥകളാണ് ഇത്തരം മേഖലകളിലുള്ളത്. കമ്യൂണിസ്റ്റ് ചൈനയിലെ വിദേശ നിക്ഷേപവ്യവസായങ്ങളെല്ലാം ഇത്തരം മേഖലകളിലാണുള്ളത്. അവിടെ മുതല്‍ മുടക്കാനാണ് ബഹുരാഷ്ട്ര കുത്തകകള്‍ നാനാഭാഗങ്ങളില്‍നിന്നു പറന്നു ചെല്ലുന്നത്. അതുപയോഗപ്പെടുത്തിയാണ് ചൈന കമ്യൂണിസത്തില്‍നിന്ന് അതിനേക്കാള്‍ മുന്തിയ വ്യവസ്ഥിതിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്.
നമുക്ക് ബുദ്ധനിലേക്ക് മടങ്ങാം. ‘ജക്കാര്‍ത്ത പോസ്റ്റി’ലെ അഭിമുഖം തുടങ്ങുന്നതു തന്നെ കേന്ദ്രവിഷയത്തില്‍ ആണിയടിച്ചുകൊണ്ടാണ്. “ആഗോളീകരണത്തെ താങ്കള്‍ എങ്ങനെ കാണുന്നു?” എന്നതാണ് ആദ്യചോദ്യം. ബുദ്ധദേബ് പറഞ്ഞതു പൂര്‍ണമായും സി.പി.എം. നയം തന്നെ ആണെന്ന് പൊളിറ്റ്ബ്യൂറോ പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് മേല്‍ ചോദ്യം നമുക്ക് ചെറുതായൊന്നു വളച്ചൊടിക്കാം. “ആഗോളീകരണത്തെ സി.പി.എം. എങ്ങനെ കാണുന്നു?” ഇനിയിപ്പോള്‍ മറുപടി സി.പി.എമ്മിന്റേതാണ്, ബുദ്ധദേബിന്റേതല്ല. “ആഗോളീകരണം അനിവാര്യമാണ്. ആര്‍ക്കും അതു തടയാന്‍ പറ്റില്ല. അതുതന്നെ സമ്മതിച്ചേ പറ്റൂ. പക്ഷേ, വികസ്വരരാജ്യങ്ങളുടെ താത്‌പര്യങ്ങള്‍ ഹനിക്കപ്പെടരുത്. കളിയിടം തുല്യനിരപ്പാവണം. മൂന്നാം ലോകത്തിന്റെ ചെലവില്‍ വികസിതര്‍ നേട്ടമുണ്ടാക്കുന്നതാവരുത്. അതു നന്നല്ല. ആഗോളീകരണപ്രക്രിയ നമുക്കൊഴിവാക്കാന്‍ കഴിയില്ല. നാം അതില്‍ പങ്കാളികളാകണം.”
സി.പി.എം. നയത്തെക്കുറിച്ച് ഇനിയും ആര്‍ക്കാണു സംശയമുള്ളതെന്നു മനസ്സിലാകുന്നില്ല. സംശയമുള്ളവര്‍ കൈപൊക്കട്ടെ. അവര്‍ക്ക് അഭിമുഖത്തിന്റെ ബാക്കിഭാഗവും വായിക്കാവുന്നതേ ഉള്ളൂ. ബംഗാളിലെ വിദേശ വ്യവസായസ്ഥാപനത്തില്‍ തൊഴില്‍ തര്‍ക്കം ഉണ്ടായാല്‍ ഇടതുപക്ഷസര്‍ക്കാര്‍ എന്താണ് ചെയ്യുകയെന്ന ചോദ്യം ജക്കാര്‍ത്ത പോസ്റ്റുകാരന്‍ ചോദിക്കുന്നുണ്ട്. വിവരമില്ലാത്ത പത്രക്കാര്‍ ഇന്ത്യയില്‍ മാത്രമല്ലല്ലോ ഉള്ളതെന്ന ചിന്തയോടെയാവണം ബുദ്ധദേബ് മറുപടി പറഞ്ഞിരിക്കുക: “ഞങ്ങള്‍ ട്രേഡ്‌യൂണിയന്‍ രംഗത്തുള്ളവരാണെന്നതാണ് മെച്ചം. ബഹുഭൂരിപക്ഷം തൊഴിലാളികള്‍ ഞങ്ങളുടെ കൂടെയാണ്. ഞങ്ങളവരുടെ ചിന്താഗതി മാറ്റാന്‍ നോക്കുകയാണ്. ഞങ്ങള്‍ അവരോട് പറയും. നോക്കൂ ഇതൊരു പുതിയ അവസ്ഥയാണ്. നമുക്ക് വിദേശമൂലധനം വേണം, മറ്റു സൗകര്യങ്ങള്‍ വേണം. ഉത്‌പാദനവും ക്ഷമതയും മറ്റും തൊഴിലുടമയുടെ മാത്രം തലവേദനയല്ല. നമ്മുടെയും പ്രശ്നമാണ്. വ്യവസായം തകരും, തൊഴിലില്ലാതാവും. തൊഴിലാളികളും മാറുകയാണ്. ബംഗാളിലെ വിവരസാങ്കേതിക വ്യവസായങ്ങളില്‍ ഒരു ദിവസത്തെ പണിപോലും സമരം കൊണ്ട് മുടങ്ങിയിട്ടില്ല.”
കേരളത്തില്‍ ഈ വിവരങ്ങളൊന്നും എത്താഞ്ഞിട്ടാണ്. എത്തേണ്ടിടത്ത് പക്ഷേ, എത്തുന്നുണ്ട്. ജപ്പാനിലെത്തിയ മട്ടുണ്ട്. ജാപ്പനീസ് ബഹുരാഷ്ട്ര കുത്തകകള്‍ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കിയ സംസ്ഥാനം അറുപിന്തിരിപ്പന്‍ ബൂര്‍ഷ്വകള്‍ ഭരിക്കുന്ന ഗുജറാത്തോ രാജസ്ഥാനോ മഹാരാഷ്ട്രയോ അല്ല, പ.ബംഗാളാണ്- ബുദ്ധദേബ് ഭട്ടാചാര്‍ജി ജക്കാര്‍ത്ത പോസ്റ്റുകാരനോടു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും നയം വ്യക്തമാകാത്തവര്‍ ആരെങ്കിലുമുണ്ടോ? ഉണ്ടാകാനിടയില്ല. കേരള സി.പി.എമ്മില്‍നിന്ന് ഈയിടെ പുറത്തായ, ഇപ്പോഴും കേന്ദ്രനേതൃത്വത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന മൗലികവാദികള്‍ക്ക് മനസ്സിലായി എന്നുവരില്ല. സാരമില്ല.
കാര്യമിങ്ങനെയൊക്കെയാണെങ്കിലും, ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിയാത്ത ഒരൊറ്റ കാര്യമുണ്ട്. സംഗതി സീരയസ്സായിട്ട് പറയുകയാണ്. ഡോ. മന്‍മോഹന്‍സിങ് മുതല്‍ താഴോട്ടുള്ള ആഗോളീകരണ വക്താക്കള്‍ ഒരു പ്രകോപനവുമില്ലാതെ ഞങ്ങളെ പ്രശംസിക്കുകയും പുകഴ്ത്തുകയും ചെയ്യരുത്. പ. ബംഗാളിലെ മാര്‍ക്സിസ്റ്റുകാര്‍ യോഗ്യന്മാരായി എന്ന് അവര്‍ പറയുമ്പോഴാണ് അവര്‍ക്ക് വലിയ തെറ്റുപറ്റിയോ എന്ന സംശയം നമുക്കുതന്നെയുണ്ടാകുന്നത്. അതുവേണ്ട. സി.പി.എം. പഴയ ‘ഡോഗ്‌മ’കളില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും നന്നാകുന്ന ലക്ഷണമൊന്നും ഇല്ലെന്നും നിങ്ങള്‍ തുടര്‍ന്നും ആക്ഷേപിച്ചുകൊള്ളുക. അതാണ് ആശ്വാസമേകുക.
ആഗോളീകരണം അനിവാര്യമാണെന്നും അതിനകത്തുകയറി ലാഭമുണ്ടാക്കുകയാണ് നാം ചെയ്യേണ്ടത് എന്നുമുള്ള ബുദ്ധദേവന്റെ മാര്‍ഗം പ. ബംഗാളിലെ മറ്റിടതുപക്ഷക്കാര്‍ക്ക് ഒട്ടും പിടിച്ചിട്ടില്ല. ആഗോളീകരണത്തെയും എതിര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെയെന്തിനെയാണ് എതിര്‍ക്കുക? അമേരിക്ക ഇറാഖ് ആക്രമിച്ചതിനെക്കുറിച്ചും വിയറ്റ്‌നാമില്‍ പണ്ട് ബോംബിട്ടതിനെക്കുറിച്ചുമൊക്കെ ഇനിയും എത്രകാലം പറഞ്ഞുകൊണ്ടിരിക്കാനാവും.
പ. ബംഗാള്‍ സി.പി.ഐ.യും ആര്‍.എസ്.പി.യും വിദേശ മൂലധനത്തിനു തന്നെ എതിരാണത്രെ. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകുകയാണ്. 1967-69 കാലത്ത് ജപ്പാനില്‍ മൂലധനം തേടിപ്പോയവരാണ് സി.പി.ഐ.ക്കാര്‍. അന്ന് അവരെ മാര്‍ക്സിസ്റ്റുകാര്‍ കുറച്ചൊന്നുമല്ലല്ലോ ശകാരിച്ചത്. ലോകത്തില്‍ പാതി സോഷ്യലിസത്തിന്‍ കീഴില്‍ നില്‍ക്കുമ്പോഴാണ് സി.പി.ഐ.ക്കാര്‍ മുതലാളിത്തലോകത്ത് മൂലധനം തേടിപ്പോയത്. അതിനെ എതിര്‍ത്ത സി.പി.എമ്മിനു തിരിച്ചുകൊടുക്കാന്‍ കിട്ടുന്ന അവസാന അവസരം ഇതായിരിക്കും. ഈ ചാന്‍സ് നഷ്ടപ്പെടുത്തരുതല്ലോ.
കെ. കരുണാകരന്റെ പാര്‍ട്ടിയുടെ പേര് ചിലര്‍ക്കു തീരെ പിടിച്ചിട്ടില്ല. ജീവിച്ചിരിക്കുന്നവരുടെ പേര് ചേര്‍ക്കരുതെന്ന ചട്ടം ഭേദഗതിചെയ്താണത്രെ ഇലക്ഷന്‍ കമ്മീഷന്‍ ഇതനുവദിച്ചത്. കമ്മീഷന്‍ എന്താണ് ഇതുകൊണ്ട് ഉദ്ദേശിച്ചതെന്നു മനസ്സിലാകുന്നില്ല.
സ്വന്തം പേര് പാര്‍ട്ടി പേരിനകത്ത് ചേര്‍ത്തതു ലീഡറുടെ മറ്റൊരു സ്വാര്‍ഥതയാണെന്ന് ചിലര്‍ ധരിച്ച മട്ടുണ്ട്. സത്യമല്ല; പേരിടല്‍ കര്‍മത്തിനു ടി.എം. ജേക്കബ്ബിനെ നിയോഗിച്ചു എന്നത് മാത്രമാണ് കരുണാകരനു പറ്റിയ അബദ്ധം. കോണ്‍ഗ്രസ്സിന്റെ രീതികളെക്കുറിച്ച് ജേക്കബ് പഠിച്ചുവരുന്നല്ലേ ഉള്ളൂ. കേരള കോണ്‍ഗ്രസ്സിലെ രീതിയാണ് ജേക്കബ്ബിന് പെട്ടെന്ന് വഴങ്ങുന്നത്. പിളര്‍പ്പ് ഉണ്ടാക്കിയത് ആരാണോ ആ ആളുടെ പേര് ബ്രാക്കറ്റില്‍ ഇടുക എന്നതാണ് അവിടത്തെ രീതി. അങ്ങനെയാണ് ജേക്കബ്ബും ജോസഫും മാണിയും പിള്ളയുമൊക്കെ അനശ്വരരായത്. ലീഡര്‍ക്കും കൊടുക്കേണ്ടേ ഒരവസരം.