താമസമെന്തേ പിളരാന്‍…

ഇന്ദ്രൻ

ഇത്തവണയെങ്കിലും നേരാംവണ്ണമൊരു പിളര്‍പ്പ്‌ കാണാന്‍ യോഗമുണ്ടാകുമെന്ന പ്രതീക്ഷ കേരളീയര്‍ക്കുണ്ടായിരുന്നു. അത്‌ നഷ്ടപ്പെട്ടുവെന്നല്ല പറഞ്ഞുവരുന്നത്‌. എന്നാലും ഒന്നും ഉറപ്പിക്കാന്‍ പറ്റില്ല. മെയ്‌ ഒന്നിലേക്കിനി രണ്ടാഴ്ചയുണ്ട്‌. കപ്പിനും ചുണ്ടിനുമിടയില്‍ എന്തും സംഭവിക്കാം. കോണ്‍ഗ്രസ്സല്ലേ പാര്‍ട്ടി. എങ്കിലും പ്രതീക്ഷ വെടിയേണ്ട.
കഴിഞ്ഞവര്‍ഷം ജനവരി 28ന്‌ പറ്റിയ അമളി ഓര്‍മയുണ്ടെങ്കില്‍ പ്രതീക്ഷിക്കുന്നതിനും അതിരുണ്ട്‌. അന്നാണ്‌ ഞങ്ങളിതാ പൊട്ടിപ്പിളര്‍ന്ന്‌ വേറെ പാര്‍ട്ടി ഉണ്ടാക്കുകയാണ്‌ എന്നു സാക്ഷാല്‍ ലീഡര്‍തന്നെ പ്രഖ്യാപിച്ചത്‌. കെ. മുരളീധരനോ പി.പി. ജോര്‍ജോ പ്രഖ്യാപിക്കുന്നതുപോലെയല്ലല്ലോ ലീഡര്‍ പ്രഖ്യാപിക്കുന്നത്‌. കെ. മുരളീധരന്‍തന്നെ തലേന്ന്‌ എന്താണ്‌ പറഞ്ഞത്‌? നാളെ ഞാന്‍ പാര്‍ട്ടിയിലുണ്ടായേക്കില്ല എന്നാണ്‌ ലീഡര്‍ പുത്രന്‍ പരസ്യമായി പ്രഖ്യാപിച്ചത്‌. എന്നു പറഞ്ഞ മുരളീധരനെ നാട്ടുകാര്‍ പിന്നെ കണ്ടത്‌ വൈദ്യുതിവകുപ്പ്‌ മന്ത്രിയായിട്ടാണ്‌. പിന്നെ ഒരു തിരഞ്ഞെടുപ്പും തോല്‍വിയും രാജിയും മന്ത്രിസഭാ മാറ്റത്തോളം ആഘോഷിക്കപ്പെട്ട മുഖ്യമന്ത്രിമാറ്റവും എല്ലാം കഴിഞ്ഞ്‌ മാസങ്ങള്‍ക്കുശേഷമേ മുരളീധരന്‌ കോണ്‍ഗ്രസ്സില്‍നിന്നു പുറത്തുകടക്കുക എന്ന ആഗ്രഹം നിറവേറ്റാനായുള്ളൂ. സ്വമേധയാ അതു ചെയ്യാന്‍ ദുഷ്ട ഹൈക്കമാന്‍ഡ്‌ അവസരം കൊടുത്തില്ല. ഓര്‍ക്കാപ്പുറത്ത്‌ പിടിച്ചു പുറത്താക്കിക്കളഞ്ഞു. കെ. മുരളീധരന്‍ പുറത്തും ബാക്കിയുള്ളവര്‍ അകത്തും എന്നൊരു അവസ്ഥ ഉണ്ടാവില്ലെന്നു പ്രതീക്ഷിക്കാം. കെ. മുരളീധരന്‍ കോടോത്ത്‌ ഗോവിന്ദന്‍നായരോ കറിയിലെ കറിവേപ്പിലയോ ഒന്നുമല്ലല്ലോ. ആകെയൊരു പ്രതീക്ഷ ഇതേ അവശേഷിക്കുന്നുള്ളൂ.
പിളര്‍പ്പുകള്‍ക്ക്‌ ലോകം അംഗീകരിച്ച ചില നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും പെരുമാറ്റച്ചട്ടങ്ങളുമുണ്ട്‌. ഗ്രൂപ്പിന്റെ തലപ്പത്തിരിക്കുന്ന ആളെ സസ്പെന്‍ഡ്‌ ചെയ്യുകയൊന്നും വേണ്ട. സസ്പെന്‍ഷനുള്ള നോട്ടീസ്‌ ടൈപ്പിസ്റ്റിന്റെ കൈയില്‍ എത്തിയെന്നറിഞ്ഞാല്‍ത്തന്നെ ഉടനെ മറുപക്ഷം യോഗംകൂടി പ്രസിഡന്റിനെ നീക്കം ചെയ്തതായും വേറെ പ്രസിഡന്റിനെ തിരഞ്ഞെടുത്തതായും പ്രഖ്യാപിക്കണമെന്നതാണ്‌ ഒരു ചട്ടം. ഇവിടെ മുരളിയെ സസ്പെന്‍ഡ്‌ ചെയ്യുക മാത്രമല്ല, പുറത്താക്കുകയും പടിയടയ്ക്കുകയും തലയ്ക്ക്‌ ഒരു മേട്ടം കൊടുക്കുകയുംകൂടി ചെയ്തു. ഐ.പക്ഷം പിറ്റേദിവസം അടിയന്തര എ.ഐ.സി.സി. വിളിച്ചുചേര്‍ത്ത്‌ സോണിയാഗാന്ധിയെ പാര്‍ട്ടി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കംചെയ്ത്‌ കെ. കരുണാകര്‍ജിയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയാണ്‌ ചെയ്യേണ്ടിയിരുന്നത്‌. അതുണ്ടായില്ല. സോണിയാജിയെ നീക്കം ചെയ്യലൊക്കെ കുറച്ച്‌ ബുദ്ധിമുട്ടുള്ള പണിയാണെന്നു വേണമെങ്കില്‍ സമ്മതിക്കാം. പോട്ടെ, അതുവേണ്ട. എങ്കില്‍ തെന്നലയെ എങ്കിലും നീക്കം ചെയ്തുകൂടായിരുന്നോ? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞപ്പോള്‍ ആദ്യംചെയ്തത്‌ തെന്നലയെ നീക്കലായിരുന്നല്ലോ. കടുപ്പിച്ചൊന്നു മൂളുകയും തുറിച്ചൊന്നു നോക്കുകയും ചെയ്താല്‍ നീങ്ങിയിരിക്കുന്ന പ്രസിഡന്റാണ്‌ അദ്ദേഹം. ആ സൗകര്യമോര്‍ത്താണ്‌ അദ്ദേഹത്തെ വീണ്ടും വീണ്ടും പ്രസിഡന്റാക്കുന്നത്‌. മുരളിയെ ആറുവര്‍ഷം പുറത്താക്കിയിട്ടും തെന്നലയെപ്പോലും നീക്കംചെയ്തില്ല. ആകെ നീക്കംചെയ്തത്‌ കോഴിക്കോട്ടെ വീരാന്‍കുട്ടിയെ മാത്രം.
സംസ്ഥാനം മുഴുവന്‍ സമാന്തരക്കമ്മിറ്റികളുണ്ടാക്കി ഓഫീസുകള്‍ പിടിച്ചെടുക്കാന്‍വേണ്ടി അടിപിടികൂടുക, പോലീസിനു പണി ഉണ്ടാക്കുക, കോടതിയെക്കൊണ്ട്‌ ഓഫീസ്‌ ഏറ്റെടുപ്പിച്ച്‌ കോണ്‍ഗ്രസ്സുകാരെ വഴിയാധാരമാക്കുക, പ്രകടനം- എതിര്‍പ്രകടനം-ഏറ്റുമുട്ടല്‍ എന്നിവ നടത്തി ആസ്പത്രിയിലാകുക തുടങ്ങിയ കീഴ്‌വഴക്കങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ്‌ ‘ഐ’ ഗ്രൂപ്പ്‌ നേതൃത്വത്തിന്റെ മനോഭാവത്തില്‍ നാം ദുരൂഹത കാണാന്‍ നിര്‍ബന്ധിതരാകുന്നത്‌. കഴിഞ്ഞ തവണ അച്ഛനും മകനും മകള്‍ക്കും ഓരോരോ സ്ഥാനങ്ങള്‍ ലഭിച്ചപ്പോഴാണ്‌ പിളര്‍പ്പ്‌ ഉപേക്ഷിക്കപ്പെട്ടത്‌.ഏക കെ.പി.സി.സി.പ്രസിഡന്റിന്റെ സ്ഥാനം ഉപേക്ഷിച്ചാണ്‌ ഒന്നേകാല്‍ ഡസന്‍ മന്ത്രിമാരില്‍ ഒരാളാകാന്‍ മുരളീധരന്‍ സന്നദ്ധനായത്‌. ത്യാഗിയാണ്‌. ഇത്തവണ ഉപേക്ഷിക്കാന്‍ സ്ഥാനമൊന്നും ഇല്ലാത്തതുകൊണ്ട്‌ അതിലും കുറഞ്ഞ സ്ഥാനങ്ങള്‍ക്ക്‌ വഴങ്ങി പിളര്‍പ്പ്‌ ഉപേക്ഷിച്ചേക്കുമോ എന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്‌.
ആകപ്പാടെ ഒരേയൊരു പ്രതീക്ഷയുള്ളത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ മാത്രമാണ്‌. ‘ഐ’ ഗ്രൂപ്പിന്‌ രണ്ടുകളിയേ അറിയൂ. ഒന്നുകില്‍ ഗുരുക്കളുടെ നെഞ്ചത്ത്‌, അല്ലെങ്കില്‍ കളരിക്കു പുറത്ത്‌. ആന്റണി ഗുരുക്കളായിരുന്നപ്പോള്‍ നെഞ്ചത്തെ കളി രാവും പകലും കളിക്കാമായിരുന്നു. ഒരു മിനിറ്റ്‌ സമാധാനത്തോടെ ഭരിക്കാന്‍ അനുവദിച്ചിട്ടില്ല. കളരിക്കു പുറത്തുപോകേണ്ട ഒരാവശ്യവും അപ്പോള്‍ ‘ഐ’ ഗ്രൂപ്പ ി‍നുണ്ടായിരുന്നില്ല. ഉമ്മന്‍ ഗുരുക്കളിനു സഹിഷ്ണുത ലവലേശമില്ല. ആന്റണിയെപ്പോലെ നെഞ്ചത്ത്‌ കയറിയിരുന്നു കല്ലെടുത്ത്‌ മൂക്കിനിടിച്ചാലും ചുമ്മാ കിടന്നുകൊള്ളണമെന്നൊന്നും പറയുന്നില്ല. എങ്കിലും നെഞ്ചത്തൊന്നു കയറിയിരിക്കാനെങ്കിലും അനുവദിക്കേണ്ടേ? അതുണ്ടാവില്ല. നെഞ്ചത്ത്‌ നിന്ന്‌ ഓരോ ആളെ തള്ളിത്താഴെയിടുകയും ചെയ്യന്നു. ആ നിലയ്ക്ക്‌പിളരുകയല്ലാതെ വേറെ വഴിയൊന്നും കാണുന്നില്ല. കളിയിനി കളരിക്കു പുറത്തേ നടത്താനാവൂ എന്ന്‌ തോന്നുന്നു.
******
കോണ്‍ഗ്രസ്‌ ഇത്ര ഊക്കനൊരു പാര്‍ട്ടിയായിരുന്നു എന്നറിയുന്നത്‌ ഇരുപക്ഷവും വെവ്വേറെ ശക്തിപ്രകടനങ്ങള്‍ നടത്തുമ്പോഴാണ്‌. പതിനായിരങ്ങള്‍ ഒഴുകിയെത്തിയെന്നും പൊതുയോഗം തീരാറായിട്ടും ജാഥ സ്റ്റേഡിയത്തില്‍ എത്തിത്തീര്‍ന്നില്ലെന്നും ഒക്കെയാണ്‌ മാധ്യമങ്ങളില്‍ കാണുന്നത്‌. മുമ്പൊക്കെ പത്രലേഖകന്റെ സാഹിത്യ നിര്‍മാണ ശേഷിയിലാണ്‌ പ്രകടനത്തിന്റെ ഫലം ആശ്രയിച്ചിരുന്നത്‌. ഇന്നങ്ങനെയല്ല. ടെലിവിഷനില്‍ ലൈവായി കാണും. അതിന്‌ ആളെത്തന്നെയിറക്കണം. റാലികള്‍ ഈ നിലയ്ക്കു മുന്നോട്ടുപോയാല്‍ അബ്‌കാരികള്‍ പോലും കുത്തുപാളയെടുക്കുന്ന ലക്ഷണമാണുള്ളത്‌. മുമ്പെല്ലാം ഒരു സൗജന്യ ബസ്‌യാത്ര പ്ലസ്‌ നഗരദര്‍ശനം എന്ന പ്രലോഭനത്തിന്‌ വഴങ്ങാന്‍ മാത്രമുള്ള തൊഴിലില്ലായ്മ കേരളത്തിലുണ്ടായിരുന്നു. ഇപ്പോഴതല്ല സ്ഥിതി. ഒരു ചലച്ചിത്ര കഥാപാത്രം പറഞ്ഞതുപോലെ- ‘നാട്ടിലൊന്നും നില്‍ക്കാന്‍ വയ്യ നിറയെ പണിയാണ്‌.’ പത്തും ഇരുനൂറും രൂപ പ്രതിഫലവും തിന്നാനും കുടിക്കാനും വേറെയും കൊടുത്താലേ പലേടത്തും റാലിക്ക്‌ ആളെ കിട്ടൂ.
നിര്‍മാര്‍ജനം ചെയ്യപ്പെട്ടു എന്ന്‌ കരുതിയിരുന്ന മന്ത്‌, ക്ഷയം, മലമ്പനി പോലുള്ള രോഗങ്ങള്‍ ആരുമറിയാതെ തിരിച്ചുവരുമ്പോലെ ചില രാഷ്ട്രീയ രോഗങ്ങളും റാലികളുടെ തിരക്കിനിടയില്‍ തിരിച്ചുവരുന്നുണ്ട്‌. പ്രകടനം ഒരു പോയന്റ്‌ കടക്കാന്‍ ഇത്ര മിനിറ്റ്‌ എടുത്തു എന്നു കണക്കു കൂട്ടുന്ന മത്സരം ആയിരുന്നു കുറച്ചുകാലം മുമ്പുവരെ മാധ്യമങ്ങളില്‍ നടന്നിരുന്നത്‌. പോയന്റ്‌ കടക്കുന്ന സമയം നീട്ടാന്‍ പലപല വിദ്യകള്‍ ഉണ്ടായിരുന്നു. ജാഥ ഉറുമ്പരിക്കുംപോലെ മന്ദംമന്ദം ചലിക്കുന്നതുതൊട്ട്‌ ജാഥ ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ആളുകള്‍ വീണ്ടും ജാഥയുടെ പിന്നില്‍ പാഞ്ഞുചെന്നു നീളം കൂട്ടുന്നതു വരെ എന്തെല്ലാം വിദ്യകള്‍. ജാഥയുടെ ശീഘ്രസമാപ്തി വേറെ ചില ശീഘ്രരോഗങ്ങള്‍ പോലെ വലിയ നാണക്കേടായിരുന്നു. ഇതാ വീണ്ടും പത്രങ്ങളില്‍ ജാഥ പോയന്റ്‌ കടക്കുന്ന സമയം എഴുതിത്തുടങ്ങിയിരിക്കുന്നു. കേരളം പിന്നോട്ടാണല്ലോ പോയിക്കൊണ്ടിരിക്കുന്നത്‌. പഴയതെന്തെല്ലാം ഇനിയും കാണാനിരിക്കുന്നു.
******
തന്റെ മന്ത്രിസഭ വന്നതിനുശേഷം മന്ത്രിസഭാ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത്‌ വാര്‍ത്തയാക്കുന്ന ഏര്‍പ്പാട്‌ ഒട്ടും ഉണ്ടായിട്ടില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിക്ക്‌ അവകാശപ്പെടാന്‍ ഒരു നേട്ടമെങ്കിലും ഉണ്ടാവുന്നത്‌ എന്തുകൊണ്ടും ആശ്വാസകരമാണ്‌. എ.കെ. ആന്റണിക്ക്‌ ഉമ്മന്‍ചാണ്ടി നല്‍കിയ ഒരു ഇരുട്ടടി ആയിരുന്നു ഇതെന്നു ആന്റണി മന്ത്രിസഭയിലംഗങ്ങളായിരുന്ന ടി.എം.ജേക്കബ്ബിനും ആര്‍. ബാലകൃഷ്ണപ്പിള്ളയ്ക്കും ആക്ഷേപമുണ്ട്‌. വാര്‍ത്ത ചോര്‍ത്താനുള്ള ആന്റണിയുടെ കഴിവിനെക്കുറിച്ച്‌ പത്രലേഖകര്‍ക്ക്‌ വലിയ മതിപ്പൊന്നുമില്ല. ജേക്കബ്ബിന്റെയും ബാലകൃഷ്ണപ്പിള്ളയുടെയും ഈ കഴിവിനെ കുറിച്ച്‌ വലിയ മതിപ്പാണ്‌ താനും.
കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്നവരെ മോശക്കാരാക്കാനാണ്‌ ഉമ്മന്‍ചാണ്ടി ഇങ്ങനെ പറഞ്ഞത്‌ എന്നാരും തെറ്റിദ്ധരിക്കേണ്ട, അങ്ങനെ ഒരു ദുരുദ്ദേശ്യവും ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടിതന്നെ ചില ചോര്‍ത്തല്‍ തടയല്‍ വിദ്യകള്‍ നടപ്പാക്കി എന്നേ ഇതിനര്‍ഥമുള്ളൂ. അജന്‍ഡയിലുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമ്പോള്‍ മാത്രമേ രഹസ്യവും ചോര്‍ത്തലുമൊക്കെ ഉണ്ടാവുന്നുള്ളൂ. ചര്‍ച്ച മന്ത്രിസഭാ യോഗത്തിന്‌ മുമ്പ്‌ മുഖ്യമന്ത്രി-വക്കം- ആര്യാടന്‍- തിരുവഞ്ചൂര്‍ പ്രഭൃതികള്‍ തമ്മില്‍ മതി. തീരുമാനവും അവരെടുക്കും. തീരുമാനമെന്തെന്ന്‌ മന്ത്രിസഭാ യോഗത്തില്‍ പറയുകയേ വേണ്ടൂ. തീരുമാനങ്ങള്‍ പത്രക്കുറിപ്പ്‌ വഴി അല്ലെങ്കിലും പരസ്യപ്പെടുത്തുമല്ലോ. അതില്‍ രഹസ്യമില്ല. ഇങ്ങനെയൊരു പരിഷ്കാരം നടപ്പാക്കിയതുകൊണ്ട്‌ മന്ത്രിമാര്‍ക്ക്‌ ചര്‍ച്ച ചെയ്ത്‌ സമയം പാഴാക്കേണ്ടി വരുന്നില്ല. ആ സമയം അവര്‍ക്ക്‌ വല്ല പെട്ടിക്കടയും ഉദ്ഘാടനം ചെയ്ത്‌ ക്രിയാത്മകമായി ഉപയോഗിക്കാമല്ലോ. മന്ത്രിസഭാ യോഗ രഹസ്യങ്ങള്‍ പുറത്താവുകയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top