നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന ഉറച്ച വിശ്വാസമായിരുന്നു ഉമ്മൻചാണ്ടിക്ക്. നീതി കിട്ടാം, കിട്ടാതിരിക്കാം, ശിക്ഷിക്കാം ശിക്ഷിക്കാതിരിക്കാം. വഴിമധ്യേ കേസിന്റെ കഥ കഴിക്കാമെങ്കിൽ അതുമാകാം. നിയമത്തിന്റെ വഴിയെ പോയവൻ പെരുവഴിയിലായെന്നും വരാം. എങ്കിലും നിയമത്തെ എടുത്തുപന്താടിയ താൻ ഇങ്ങനെ നിയമത്തിന്റെ പെരുവഴിയിലാകുമെന്ന് ഓർത്തതല്ല ഉമ്മൻചാണ്ടി.
തന്റെ ഭാഗം കേൾക്കാതെയാണ് തനിക്കെതിരെ വിധിച്ചതെന്നാണ് ഉമ്മൻചാണ്ടി സങ്കടപ്പെടുന്നത്. തന്റെ ഭാഗം പറയാൻ താൻ അങ്ങോട്ടുപോകേണ്ടതില്ലെന്നും ഭാഗം കേൾക്കാൻ കോടതി പുതുപ്പള്ളിയിലേക്കോ തിരുവന്തോരത്തേക്കോ ടാക്സി പിടിച്ചുവരുമെന്നും ധരിച്ചിരുന്നോ എന്നറിയില്ല. എന്തായാലും വന്നില്ല. ഹാജരാകാഞ്ഞ പ്രതിയെ(അല്ല വെറും എതിർകക്ഷി മാത്രമോ?) പിടികൂടാൻ പോലീസ് വരാഞ്ഞത് കേസ് സിവിലായതുകൊണ്ടാവണം. അപ്പോൾ എന്തുകൊണ്ട് കേസ് സിവിലായി എന്ന ചോദ്യവും ഉദ്ഭവിക്കുന്നുണ്ട്. ചോദിക്കാൻ തുടങ്ങിയാൽ ചോദ്യങ്ങൾ തീരില്ല, അത്രയേറെയുണ്ട്.
ഒരു മുഖ്യമന്ത്രി എതിർകക്ഷിയായുള്ള കേസിൽ കോടതി നോട്ടീസ് പോലും അയയ്ക്കാതെ ഗോപ്യമായി കേസ് നടത്തി അദ്ദേഹത്തെ ശിക്ഷിച്ചുകളഞ്ഞു എന്നാണ് പരിഭവം കേട്ടാൽ തോന്നുക. നോട്ടീസ് കിട്ടിയിരുന്നു, ആരെയോ കേസ് ഏല്പിച്ചിരുന്നു എന്നും കേട്ടു. നോട്ടീസ് അയച്ചിട്ടുണ്ടെങ്കിൽ അതു വാങ്ങിയിരിക്കുക മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാവണം. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേത് കാര്യക്ഷമതയ്ക്ക് ഐക്യരാഷ്ട്രസഭയുടെയോ മറ്റോ അവാർഡ് കിട്ടിയ ഓഫീസ് ആയതുകൊണ്ട്, സോളാർ എന്നു കേട്ടപ്പോൾത്തന്നെ സമൻസ് കീറി ചവറ്റുകൊട്ടയിൽ എറിഞ്ഞു കാണും.
കേരളത്തിലെ ഏതോ വക്കീലിനെയാണ് കേസ് നോക്കാൻ അങ്ങോട്ടുവിട്ടതെന്നു സംശയിക്കണം. െബംഗളൂരുവിൽ കോടതി കണ്ടുപിടിക്കാനാവാതെ വഴിതെറ്റി ഏതെങ്കിലും ബസ് സ്റ്റാൻഡിലെത്തി തിരിച്ചുപോന്നിരിക്കാൻ സാധ്യതയുണ്ട്. കാരണം, ഈ കേസ് നടന്നത് ഹൈക്കോടതിയിലോ ജില്ലാ കോടതിയിലോ ഒന്നുമല്ലല്ലോ. പല ഇനത്തിൽപ്പെട്ട സിറ്റി സിവിൽ കോടതികൾ അഞ്ചുംപത്തുമൊന്നുമല്ല അവിടെയുള്ളത്. നൂറിലേറെയുണ്ടത്രെ ജഡ്ജിമാർ. എങ്ങനെ കണ്ടുപിടിക്കാനാണ്?
ഉമ്മൻചാണ്ടിയെ സോളാർ കേസിൽ ശിക്ഷിച്ചു എന്നുതോന്നും റിപ്പോർട്ടുകൾ വായിച്ചാൽ. എന്നിട്ടും അങ്ങേരിപ്പോഴും കേരളത്തിൽ തെക്കുവടക്കു പാഞ്ഞു നടക്കുന്നതും കാണുന്നുണ്ട്. ഉമ്മൻചാണ്ടിയും കൂട്ടാളികളും കൂടി സോളാർ എന്തോ ആക്കിത്തരാം എന്നുപറഞ്ഞു കാശുവാങ്ങി. പറഞ്ഞതൊന്നും ചെയ്തില്ല. അതുകൊണ്ട് വാങ്ങിയ കാശ് തിരിച്ചുകൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. അത്രയേയുള്ളൂ. കോടതിയിൽ ഹാജരായി വാദിച്ചാലും ഇത്രയൊക്കെയേ സംഭവിക്കൂ. കടം വാങ്ങിയ പണം തിരിച്ചുകൊടുത്തില്ല എന്നു പരാതിപ്പെട്ടാലുള്ള ഗൗരവമേ ഇതിനും ഉണ്ടായൂള്ളൂ. ഇതിനാണ് നിയമം നിയമത്തിന്റെ വഴിക്കു പോകും എന്നുപറയുന്നത്.
മുഖ്യമന്ത്രിസ്ഥാനം വഹിക്കുന്ന ഒരാൾ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്നു പറഞ്ഞ് നൂറുരൂപ വാങ്ങിയാലും അതഴിമതിയല്ലേ യുവർ ഓണർ? െബംഗളൂരുവിൽ അഴിമതി സിവിലാണ്, ക്രിമിനൽക്കുറ്റമല്ലെന്നുവേണം വിചാരിക്കാൻ. ക്രിമിനലായിരുന്നു കേസെങ്കിൽ കോഴ വാങ്ങിയയാൾ മാത്രമല്ല കൊടുത്തവനും ജയിലിലാവുമല്ലോ. പണം വാങ്ങിയെന്ന് കോടതിക്ക് ഉറപ്പാണ്. പക്ഷേ, കേസ് വെറും സിവിൽ.
ചെയ്യാമെന്നു പറഞ്ഞത് ചെയ്യാഞ്ഞതു മാത്രമാണ് തെറ്റ്. സോളാർ പ്ലാന്റിനു വേണ്ട സഹായം ചെയ്തിരുന്നുവെങ്കിൽ കോടതി ഭേഷ് എന്നു ശരി വെച്ചേനെ. ഇങ്ങനെയാണ് നിയമംനിയമത്തിന്റെ വഴിക്കു പോകുന്നതെങ്കിൽ കോഴ വാങ്ങാൻ പേടിക്കേണ്ട കേട്ടോ. ഇതിലൊന്നുമല്ല ഉമ്മൻചാണ്ടിയുടെ മിടുക്ക്. ഏറ്റവും താഴെ കോടതിയിലൊന്നും വക്കീലിനെ വെച്ചില്ല. എക്സ്പാർട്ടി വിധി വന്നശേഷം മേൽക്കോടതിയിൽ മതി വക്കീലൊക്കെ. അത്രയും കാശു ലാഭം.
ഉമ്മൻചാണ്ടിയും കൂട്ടരും പോലീസിനെക്കൊണ്ട് ഇടപെടീച്ച് ജയിലിലിട്ടതാണോ അതോ െെകയിലിരുപ്പുകൊണ്ട് ജയിലിലായതാണോ കുരുവിള എന്നൊന്നും അറിഞ്ഞുകൂടാ. എന്തായാലും െബംഗളൂരുവിലെ റിയൽ എസ്റ്റേറ്റുകാരനായി വിജയിച്ച കുരുവിള ബഹുവിളവുള്ളവനാകും എന്നുറപ്പ്. എന്നിട്ടും ജയിലിലായി. സങ്കടംതന്നെ. ജയിലിലിടീച്ച ആളെ നല്ലൊരു ക്രിമിനൽ കേസിൽപ്പെടുത്തി ജയിലിലിടീക്കുന്നതിനുപകരം സിവിൽകേസും ഫയൽചെയ്തിട്ട് ആയിരംകോടി രൂപ കമ്മിഷൻ ചോദിച്ചു എന്നു പറഞ്ഞുനടന്നാൽ ആരു വിശ്വസിക്കാനാണ്? തമിഴ്‌നാട്ടിലും െബംഗളൂരുവിലുമൊക്കെ അത്ര ഉയരത്തിലാവാം റെയ്റ്റ്. പക്ഷേ, കേരളത്തിൽ കോൺഗ്രസ്സുകാർ പോലും ആ നിലവാരത്തിലെത്തിയതായി തോന്നുന്നില്ല.
****
രാഷ്ട്രീയക്കാർക്കുള്ള പ്രസിദ്ധിഭ്രമം സംസർഗദൂഷ്യം മൂലം ഉദ്യോഗസ്ഥന്മാർക്കും പിടിപെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയനു സംശയമുണ്ട്. ഉദാഹരണങ്ങളൊന്നും ചൂണ്ടിക്കാണിക്കേണ്ടതില്ല, ദിവസവും ചാനലുകൾ നോക്കിയാൽ മതി.
അതല്ല പ്രശ്നം. പ്രമുഖ കുറ്റാന്വേഷകയായ പോലീസ്‌വനിത മുൻ സുപ്രീംകോടതി ജഡ്ജിയായ മാർക്കണ്ഡേയ കട്ജുവിനെ ചെന്നുകണ്ടതിെന്റ വാർത്തയും ഫോട്ടോയുമെല്ലാം പത്രങ്ങളിൽ വന്നു. അസൂയക്കാർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. പോലീസ് ഉദ്യോഗസ്ഥപരിധി ലംഘിച്ചു എന്നവർ മുറവിളി കൂട്ടി. സത്യമാണ്. കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടി കുറ്റപത്രവും മറ്റുംമറ്റും പ്രോസിക്യൂട്ടറെ ഏല്പിച്ചാൽ പിന്നെ ആ വഴിക്ക് കാണരുത് പോലീസിനെ. ജഡ്ജിയെ കാണലും കാണാതിരിക്കലുമെല്ലാം വക്കീലിന്റെ പണിയാണ്. താൻ കട്ജുവിനെക്കണ്ടത് വ്യക്തിപരമാണ് എന്നു . അപ്പോഴാണ് പോലീസ്‌വനിത വിശദീകരിച്ചത്.
മാർക്കണ്ഡേയൻ ആള് ഭയങ്കരനാണ്. സൂര്യനു ചുവടെ മാത്രമല്ല സൂര്യനു മുകളിലുമുള്ള സകലകാര്യങ്ങളും അറിയുന്ന ഇന്ത്യയിലെ ഏക വ്യക്തിയാണ്. സുപ്രീംകോടതി ജഡ്ജിയായിരുന്നപ്പോഴൊന്നും ഈ അസുഖമുണ്ടായിരുന്നില്ല. അതുകഴിഞ്ഞ് അങ്ങേരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനാക്കി. പത്രക്കാരുമായായി പിന്നെ സംസർഗം. അതാവും ഈ വിധം അധഃപതിക്കാൻ കാരണം.
പോലീസ് ഉദ്യോഗസ്ഥ, തന്നെ കാണാൻ വരുന്നു എന്നറിഞ്ഞപ്പോൾത്തന്നെ അദ്ദേഹം പത്രക്കാരെ വിവരമറിയിച്ചിരിക്കണം. വ്യക്തിപരമായി കാണാൻ വരുന്നവർ പത്രക്കാരെ അറിയിക്കില്ലല്ലോ. ഇനി അതല്ല, മാർക്കണ്ഡേയന്റെ മുറിയിൽ സ്ഥിരം ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോ എന്തോ… ഇക്കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല. പ്രസിദ്ധിഭ്രമം പിടിപെട്ടാൽ ഇന്നതേ ചെയ്യൂ എന്നില്ല.
***
വിജിലൻസ് തലവന് ചീഫ് സെക്രട്ടറിയുടെ വീടിന്റെ അളവെടുക്കാൻ ആളെ അയച്ചുകൂടെന്നു പറയുന്നത് അറിയാനുള്ള അവകാശത്തിന്റെ ലംഘനം തന്നെയാണ്. അളവറിയാൻ വീട്ടിൽത്തന്നെ പോകണമോ, അതിന് കോർപ്പറേഷനിലെ പ്ലാൻ നോക്കിയാൽപ്പോരേ എന്നൊന്നും ചോദിക്കരുത്. നേരറിയാൻ നേരിട്ടുചെല്ലണം. മുൻകൂട്ടി അറിയിച്ചുചെന്നാൽ അവർ അളവെല്ലാം മാറ്റിക്കളഞ്ഞാലോ… അതു പാടില്ല.
ഇത് തുടക്കമേ ആയിട്ടുള്ളൂ. ആദ്യ അളവെടുപ്പ് കഴിഞ്ഞപ്പോൾത്തന്നെ അളക്കപ്പെട്ട ഉദ്യോഗസ്ഥൻ ധനവകുപ്പു ചുമതലയിൽനിന്നു മാറ്റാൻ എഴുതിക്കൊടുത്തിട്ടുണ്ട്. അടുത്തഘട്ടം ജനലുകളുടെ അളവെടുപ്പാണ്. പിന്നെ വാതിലുകളുടെ… അങ്ങനെയങ്ങനെ അളവെടുപ്പ് പുരോഗമിക്കുമ്പോൾ ഉദ്യോഗസ്ഥൻ സ്ഥലംവിട്ടുകൊള്ളും. ഇത് ഒരാളിൽ ഒതുങ്ങുന്ന വിഷയമല്ല. സംശയമുള്ള സകല ഉദ്യോഗസ്ഥരുടെയും അളവെടുക്കും. ഇനി ആരെങ്കിലും വീട്ടിന്റെ ചുറ്റുവട്ടത്തെവിടെയെങ്കിലും നിന്ന് അളവെടുക്കുന്നതുകണ്ടാൽ വിജിലൻസുകാരാണ് എന്നു ധരിച്ചാൽമതി. പഴയ വഴിയിലൂടെ പോയിട്ടൊന്നും അഴിമതി അവസാനിപ്പിക്കാനാവില്ല.