എം.സി. ജോസഫ് (1887-1981)

എൻ.പി.രാജേന്ദ്രൻ

യുക്തിവാദം ഒരു പ്രബല ചിന്താപദ്ധതിയല്ല ഇക്കാലത്ത്. സാമൂഹിക നവോത്ഥാനകാലത്ത് ജ്വലിച്ചുയർന്ന ഈ വിപ്ലവാശയത്തിന് എന്തുകൊണ്ട് പിൽക്കാലത്ത് പ്രാമുഖ്യം നഷ്ടപ്പെട്ടെന്ന് ഇവിടെ ചർച്ച ചെയ്യുന്നുമില്ല. കേരളത്തിലെ യുക്തിവാദിപ്രസ്ഥാനം സ്ഥാപിക്കുകയും ഓരോ ഘട്ടത്തിൽ അതിന് നേതൃത്വംനൽകുകയും ചെയ്ത നിരവധി ചിന്തകരും പ്രവർത്തകരും നേതാക്കളുമുണ്ട്. അവരിൽ പ്രബലനാണ് എം.സി. ജോസഫ്. എം.സി.ക്ക് പുറമെ കുറ്റിപ്പുഴ കൃഷ്ണപിള്ളയും എ.ടി.കോവൂരും ഇടമറുകും പവനനുമൊക്കെയാണ് അറുപതുകൾക്കു ശേഷമുള്ള ദശകങ്ങളിൽ യുക്തിവാദത്തിന്റെ പതാകവാഹകർ. യുക്തിവാദിസംഘടനകളുടെ ബൗദ്ധികമായ നേതൃത്വം എം.സി. ജോസഫിനായിരുന്നു എന്നുപറയാം.

1929-ൽ എറണാകുളത്തുനിന്ന് യുക്തിവാദി മാസിക ആരംഭിച്ചപ്പോൾ പത്രാധിപസമിതിയിൽ എം.രാമവർമ്മ തമ്പുരാൻ, സി.കൃഷ്ണൻ, സി.വി.കുഞ്ഞിരാമൻ, സഹോദരൻ അയ്യപ്പൻ എന്നിവർക്കൊപ്പം എം.സി. ജോസഫുമുണ്ടായിരുന്നു. നീണ്ടകാലം ഈ മാസികയിൽ മുഖപ്രസംഗക്കുറിപ്പുകളും അനേകം പ്രസിദ്ധീകരണങ്ങളിൽ യുക്തിവാദം സംബന്ധമായ ലേഖനങ്ങളും എഴുതി. അഗസ്റ്റ് 1931-ൽ എം.സി. ജോസഫ് യുക്തിവാദിയുടെ പത്രാധിപ/പ്രസാധകൻ ആയി, പ്രസാധനം ഇരിങ്ങാലക്കുടയ്ക്ക് മാറ്റി. തുടർന്ന് 45 വർഷം, ജൂൺ 1974 വരെ, അദ്ദേഹം ഈ പ്രസിദ്ധീകരണം തുടർന്നു.

യുക്തിവാദം അദ്ദേഹത്തിന്റെ മുഴുവൻസമയ പ്രവർത്തനമായിരുന്നില്ല. പഠനം പൂർത്തിയായ കാലംമുതൽ പത്രപ്രവർത്തനം അദ്ദേഹത്തെ നിരന്തരം ആകർഷിച്ചുപോന്നിട്ടുണ്ട്. മലബാർ ഹെറാൾഡ്, കൊച്ചിൻ ആർഗസ് എന്നീ പത്രങ്ങളുടെ ലേഖകനായിരുന്നു. ഉപരി വിദ്യാഭ്യാസത്തിന് തൃശ്ശിനാപ്പള്ളി എസ്.പി.ജി. കോളേജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാനായില്ല. തിരിച്ചുവന്ന് തിരുവനന്തപുരത്ത് നിയമം പഠിച്ചു. എം.സി.യുടെ മൂത്ത സഹോദരൻ അന്ന് അവിടെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഉറ്റ സഹപ്രവർത്തകനായിരുന്നു. സ്വദേശാഭിമാനിയുടെ പ്രസ് പോലീസ് കണ്ടുകെട്ടുമ്പോൾ അവിടെ ആശങ്കയോടെ നിലയുറപ്പിച്ച ആൾക്കൂട്ടത്തിൽ എം.സി.യും ഉണ്ടായിരുന്നതായി ഇടമറുക് എഴുതിയ ജീവചരിത്രത്തിൽ പറയുന്നുണ്ട്.

അഭിഭാഷകനായി ആദ്യം പ്രാക്ടീസ് ചെയ്തത് ചേർത്തലയിലായിരുന്നു. പിന്നെ ഇരിങ്ങാലക്കുടയിലേക്ക് മാറി. വിലയ്ക്കുവാങ്ങിയ ഭൂമിയിൽ ഏറ്റവും മോശം സ്ഥലം കണ്ടുപിടിച്ചാണ് വീട് ഉണ്ടാക്കിയത്. നല്ല പ്രാക്ടീസ് നേടാൻ അത് തടസ്സമായില്ല. പ്രശസ്തനായ പനമ്പിള്ളി ഗോവിന്ദമേനോന്റെ കീഴിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുടയിൽ ഈഴവർ ക്ഷേത്രം പണിയുന്നതിനെ സവർണരും ക്രിസ്ത്യാനികളും എതിർത്തപ്പോൾ അവർക്കുവേണ്ടി കേസ് വാദിച്ച എം.സി.ക്ക് സമ്പന്ന സവർണരുടെയും ക്രിസ്ത്യാനികളുടെയും കേസ് നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ദിവാൻ ഇടപെട്ട് പിന്നീട് ക്ഷേത്രനിർമാണം അനുവദിക്കുകയും ചെയ്തത് ചരിത്രം.

ദൈവത്തിലും മതത്തിലും വിശ്വാസമില്ല എന്ന് ഉറക്കെ പറയുകയും അവയ്‌ക്കെതിരെ ജീവിതകാലം മുഴുവൻ പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും എം.സി. പള്ളിയെയോ പട്ടക്കാരെയോ ശത്രുക്കളായി കരുതിയിട്ടില്ല. മൂത്തമകളുടെ വിവാഹം തൃപ്പൂണിത്തുറ പള്ളിയിലാണ് നടത്തിയത്. മക്കളുടെ മാമോദീസ പള്ളിയിൽ മുക്കിയിട്ടുമുണ്ട് (1). സമുദായജീവിയായ മനുഷ്യന് ഇത്തരം ആചാരങ്ങൾ പൂർണമായി ഒഴിവാക്കാനാവില്ല എന്ന് അദ്ദേഹം അനുയായികളെ ഉപദേശിക്കാറുമുണ്ട്. എന്നാൽ, അദ്ദേഹം സ്വയം കുമ്പസാരിക്കുകയോ കുർബാനകൊള്ളുകയോ ചെയ്യാറില്ല. ഇതൊക്കെയാണെങ്കിലും പള്ളിക്കാർ ഒരിക്കലും അദ്ദേഹത്തോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയോ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ഇടമറുക് എഴുതിയിട്ടുണ്ട്.

1887 ജനവരി ആറിന് തൃപ്പൂണിത്തുറ മൂക്കഞ്ചേരിൽ എന്ന സിറിയാനി കുടുംബത്തിൽ ജനിച്ച എം.സി.ജോസഫ് 1981 ഒക്‌ടോബർ ആറിനാണ് അന്തരിച്ചത്.
പ്രബോധനം (1947), യുക്തിപ്രകാശം (1966), ആശയസമരം (1976), തിരഞ്ഞെടുത്ത കുറിപ്പുകൾ (1976), ചിന്താവിപ്‌ളവം (1976), നാസ്തികചിന്ത (1977), സ്വതന്ത്ര ചിന്ത (1978), കുട്ടിച്ചാത്തൻ (1983), എം.സി.യുടെ ലേഖനങ്ങൾ (ഉപന്യാസങ്ങൾ)(1991), എം.സി.യുടെ ദർശനങ്ങൾ (1995), ജ്യോത്സ്യം ഒരു കപട ശാസ്ത്രം (2004), പുനർജന്മ സ്മരണകൾ (2004), കാലത്തിനു മുൻപേ നടന്നവർ (2005) എന്നിവയാണ് അദ്ദേഹത്തിന്റെ രചനകൾ.

(1) എം.സി. എന്ന മനുഷ്യൻ -ഇടമറുക്

യുക്തിവാദി മാസികയിൽ 1956 ഫിബ്രവരി 16ന് എഴുതിയ മുഖക്കുറിപ്പാണ് ഇത്.

ജി. നാസ്തികനല്ലത്രെ

എം.സി.ജോസഫ്

കുറിച്ചിത്താനം ഹൈസ്‌കൂളിന്റെ ഒമ്പതാം വാർഷികാഘോഷം സംബന്ധിച്ച് ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് മഹാകവി ജി.ശങ്കരക്കുറുപ്പ് ചെയ്ത പ്രസംഗത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:
‘ക്ഷേത്രങ്ങളിലെ ഉത്സവങ്ങളേക്കാൾ, വായനശാലകളുടെയും വിദ്യാലയങ്ങളുടെയും ഇത്തരം ഉത്സവങ്ങൾ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു. ക്ഷേത്രങ്ങളുടെ ഉത്സവങ്ങൾക്ക് വിഭാഗീയതയുടെ ഒരു ലക്ഷണമുണ്ട്. ഒരുകാലത്ത് ആ ഉത്സവങ്ങൾക്ക് എന്തുമാത്രം സാമൂഹ്യസ്വഭാവം ഉണ്ടായിരുന്നാലും അതിന് എന്തൊക്കെ മാഹാത്മ്യം നാം അവകാശപ്പെട്ടാലും ഇന്നതിന് ഒരു വിഭാഗീയതയുടെ സ്വഭാവം ഉണ്ടെന്ന് സമ്മതിച്ചേതീരൂ. ഒരു വിഭാഗം ജനങ്ങളെ അത് അകറ്റിനിർത്തുന്നു. ഇവിടത്തെ ഈശ്വരൻ കോപിക്കുകയില്ലെങ്കിൽ ഈ ക്ഷേത്രത്തിന്റെ താഴികക്കുടത്തേക്കാൾ ഈ വിദ്യാലയത്തിന്റെയും വായനശാലയുടെയും താഴികക്കുടങ്ങൾ ഉയർന്നുകാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഓരോ ദൈവവും എല്ലാവരുടേതുമാകണം. എല്ലാവരെയും സ്വയം ആലിംഗനം ചെയ്യത്തക്ക വളർച്ച ഈശ്വരന്റെ കൈകൾക്കുണ്ടാകണം. മനുഷ്യനെ മനുഷ്യനായി കാണണം. ഞാനിത് പറയുമ്പോൾ എന്നെ മനുഷ്യനായി ചിലർ മുദ്രയടിച്ചേക്കാം. എന്നാൽ ഞാൻ നാസ്തികനല്ല. പ്രകൃതിയുടെ ആത്മാവിഷ്‌കാരചൈതന്യത്തിൽ ഞാൻ വിശ്വസിക്കുന്നു. പക്ഷേ, എന്റെ ഈശ്വരന് സ്വർഗനരകങ്ങളില്ല. ഇന്ന് ഈശ്വരന്റെ പേരിൽ അറിയപ്പെടുന്ന ഒന്നും ഈശ്വരനിലില്ല. ഇന്നത്തെ ഈശ്വരഭക്തന്മാരാണ് യഥാർത്ഥത്തിൽ നാസ്തികന്മാർ. പ്രപഞ്ചചൈതന്യത്തിൽ വിശ്വസിക്കുന്ന എന്നെപ്പോലുള്ളവരാണ് യഥാർത്ഥ ആസ്തികന്മാർ. ‘

ആരാണീ നാസ്തികൻ? എല്ലാ മതങ്ങളും നിർവചിക്കുന്ന തരത്തിൽ പ്രാർത്ഥനയും, കീർത്തനവും, നേർച്ചയുംകൊണ്ട് സന്തോഷിച്ച് വരം നൽകുന്ന ദൈവത്തിലും ദൈവം വസിക്കുന്നു എന്ന് പറയുന്ന സ്വർഗ്ഗത്തിലും അതിന്റെ വിപരീതസ്ഥലമായ നരകത്തിലും അവിടെ വാഴുന്നതും കിടക്കുന്നതുമായ പിശാചുക്കളിലും വിശ്വസിക്കാത്ത ആളാണ് നാസ്തികൻ. ജി.അങ്ങനത്തെ ഒരാളാണ് എന്ന് സമ്മതിച്ചിട്ടാണ് ഞാൻ നാസ്തികനല്ല എന്നുവിളിച്ചുപറയുന്നത്. എന്നാൽ സാമാന്യജനങ്ങളുടെ ഇടയിൽ താൻ ഒരു നാസ്തികനാണ് എന്ന് അറിയപ്പെടാൻ ജി ഇഷ്ടപ്പെടുന്നില്ല. അങ്ങനെ അറിയപ്പെട്ടെങ്കിലോ എന്നൊരു ഭയവുമുണ്ട് ജി.ക്ക്. അതുകൊണ്ടാണ് താൻ ഒരു നാസ്തികനല്ല, ആസ്തികനാണെന്ന് അദ്ദേഹം അവകാശപ്പെടുന്നത്. പ്രകൃതിയുടെ ആത്മാവിഷ്‌കാരചൈതന്യത്തിൽ അഥവാ പ്രപഞ്ചചൈതന്യത്തിൽ താൻ വിശ്വസിക്കുന്നു എന്നതാണ് അതിന് പറയുന്ന ന്യായം. പ്രപഞ്ചത്തിലുള്ള യാതൊരു ജീവിക്കും പ്രപഞ്ചചൈതന്യത്തെ നിഷേധിക്കുക സാധ്യമല്ല. പ്രപഞ്ചചൈതന്യത്തിൽ വിശ്വസിക്കാത്തതോ അതിനെ നിഷേധിക്കുന്നതോ ആയ നാസ്തികൻ ഒരിടത്തും ഇല്ലതാനും.
പ്രപഞ്ചത്തിന് ചൈതന്യംനൽകി പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു ദൈവം പ്രപഞ്ചത്തിന് അപ്പുറത്തെവിടെയോ ഇരിപ്പുണ്ടെന്ന വിശ്വാസമാണ് ആസ്തികവിശ്വാസം. ജി.ക്ക് ആ വിശ്വാസമില്ല. എന്നാൽ പ്രപഞ്ചത്തിൽ മാത്രം വിശ്വസിക്കുകയും അതിന് അപ്പുറമുണ്ടെന്ന് പറയുന്ന ദൈവത്തിലും സ്വർഗനരകങ്ങളിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന ജി. താൻ ആസ്തികനാണെന്ന് അവകാശപ്പെടുകയാണ്.
ജി.യുടെ ഈ നിലപാടിനെ ആക്ഷേപിക്കുകയല്ല. ജി.യെപ്പോലെ സുസമ്മതനായ സാഹിത്യകാരനും കോളേജ് പ്രൊഫസറുമായ ഒരാൾ നാസ്തികനാണെന്ന് പരക്കെയും പരസ്യമായും അറിയപ്പെടാൻ ഇടകൊടുക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു ആംശിക ആത്മഹത്യയാവാം. അദ്ദേഹത്തിനുള്ള പൊതുസമ്മതിക്കും അദ്ദേഹത്തെക്കൊണ്ടുള്ള ജനോപകാരസാദ്ധ്യതയ്ക്കും സാരമായ ഉടവുതട്ടാൻ പാടില്ലായ്കയുമില്ല. അത്രമാത്രം മതഭ്രാന്ത് ലോകത്തിൽ ഓളം വെട്ടിക്കൊണ്ടിരിക്കുന്ന കാലമാണിന്ന്. അതുകൊണ്ട് ആവക അനിഷ്ടഫലങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ അദ്ദേഹം ചെയ്യുന്നതുപോലെ ഒരുതരം വിചിത്രമായ യുക്തിവൈഭവം ഉപയോഗിച്ച് ആസ്തികരെന്ന് അവകാശപ്പെട്ടും അഭിമാനിച്ചും കഴിയുന്നവരും കഴിഞ്ഞിട്ടുള്ളവരുമായ മാന്യന്മാരേയും മഹാന്മാരേയും എല്ലാക്കാലത്തും എല്ലായിടത്തും ധാരാളം കാണാൻ കഴിയും. അങ്ങനത്തെ ഒരു ഉജ്ജ്വലദൃഷ്ടാന്തമായിരുന്നു മഹാത്മാഗാന്ധി.
‘എന്റെ ദൈവം മുകളിൽ(സ്വർഗത്തിൽ) വസിക്കുന്നവനല്ല. ഭൂമിയിൽത്തന്നെ വെച്ച് ദൈവത്തെ ഹസ്തഗതമാക്കണം. നിങ്ങളുടെയും എന്റെയും ഉള്ളിൽ ദൈവമുണ്ട്. അദ്ദേഹം സർവശക്തനും സർവവ്യാപിയുമാണ്.’
‘നിങ്ങൾ പരലോകത്തെപ്പറ്റി ചിന്തിക്കുകയേ വേണ്ട. ഭൂമിയിൽ നിങ്ങളുടെ കർത്തവ്യം നിങ്ങൾ നിർവഹിക്കുന്നുണ്ടെങ്കിൽ പരലോകം അതിന്റെ പാട് നോക്കിക്കൊള്ളും’.
ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ 1956 ഫിബ്രുവരി 15-ം 16-ം തിയ്യതി ലക്കങ്ങളിൽ പ്രസിദ്ധം ചെയ്തിട്ടുള്ള ഗാന്ധിസൂക്തങ്ങളാണ് മേലുദ്ധരിച്ചിട്ടുള്ളത്. ഇവ കൂടാതെ ‘നാസ്തികനാണ് വലിയ ആസ്തികൻ’ എന്നുവരെയുള്ള സൂക്തങ്ങളും ഗാന്ധിജി നൽകിയിട്ടുണ്ട്. ഗാന്ധിജി മുതൽ ജി. വരെയുള്ളവർ ഈ നിലപാട് കപടമായി സ്വീകരിച്ചതല്ല. അവരുടെ ആത്മാർത്ഥമായ മാനസിക നിലപാടാണത്. അവർക്കോരോരുത്തർക്കും ആദർശപരമായി എത്തേണ്ട ഓരോ ലക്ഷ്യങ്ങൾ ഉണ്ട്. ദൈവത്തെയും മതത്തെയുംപറ്റി അതിന് സഹായകമായ ചില വ്യാഖ്യാനങ്ങളും നിർവചനങ്ങളും സ്വാഭാവികമായി അവരിൽനിന്ന് ഉതിർന്നുവീണുപോവുകയാണ്. നാസ്തികന്മാരാണെന്ന് സ്വയം അറിയാത്തവരോ പറയാത്തവരോ ആയ നാസ്തികരാണവർ. തങ്ങൾ ആസ്തികന്മാരാണെന്ന് അവർ സ്വയം അവകാശപ്പെടുന്നുണ്ടാകും. അങ്ങനെ അവരുടെ ചിന്തയിലും നിർവചനങ്ങളിലും നാസ്തിക്യം ആസ്തിക്യമായി പരിണമിക്കുകയാണ്.

മനുഷ്യന് സ്വതേ അവന്റെ ഉള്ളിൽത്തന്നെ നാല് ശത്രുക്കൾ ഒളിച്ചിരിപ്പുണ്ട്. ബുദ്ധിയെക്കൊണ്ട് സ്വതന്ത്രമായി ചിന്തിപ്പിക്കുകയോ ആ ചിന്ത വിശൃംഖലമായി മുന്നേറുകയോ ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയാണ് ആ നാല് ശത്രുക്കളുടെയും പ്രധാന ജോലി. ജന്മവാസന, പാരമ്പര്യം, സാഹചര്യം, വൈകാരികപ്രവണത ഇവയാണ് ആ നാല് ശത്രുക്കൾ. ഇവ നാലും നാസ്തിക്യത്തിനെതിരാണ്. ‘വാക്കുകളുടെ മർദ്ദനം’ (ഠ്യൃമിി്യ ീള ംീൃറ)െ എന്നൊരു ഒളിപ്പോരുകാരനുമുണ്ട് മനസ്സിൽ അഞ്ചാമത്തെ ശത്രുവായി. ഈ അഞ്ചാമന്റെ വിക്രിയയാലാണ് ദൈവവും സ്വർഗ്ഗവും ഇല്ലെന്ന് ചിന്തിച്ചെത്തുന്നവരെക്കൊണ്ട് അന്ധവിശ്വാസരഹിതവും നിർദ്ദോഷവുമായ നിർവചനം ദൈവത്തിന് കൊടുപ്പിച്ച് ആടിനെ പട്ടിയാക്കുന്നതുപോലെ നാസ്തികനെ ആസ്തികനാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Go Top