സന്ദേശം ഒന്നുതന്നെ. പക്ഷേ, സന്ദേശം അയക്കുന്ന മാധ്യമം മാറുമ്പോള്‍ സന്ദേശത്തിന്റെ അര്‍ത്ഥം മാറുന്നു. അങ്ങനെ നടപ്പുണ്ടോ ലോകത്തെവിടെയങ്കിലും ? അറിഞ്ഞുകൂടാ. ഒന്നറിയാം. പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റിന്റെ വരവോടെ ഇന്ത്യയില്‍ ഇതാണ് സ്ഥിതി. മാധ്യമം മാറുമ്പോള്‍ അര്‍ത്ഥവും ഗൗരവവും മാറുന്നു. അപകീര്‍ത്തി പത്രത്തിലൂടെ ആണെങ്കില്‍ കാലങ്ങളോളം കേസ് നടത്തിയാലേ തീരുമാനമാകൂ. ഇന്റര്‍നെറ്റിലായാലോ ? നീതിയും ന്യായവും നോക്കാതെ ഉടന്‍ പിടിച്ച് ജയിലിലടക്കാം കുറ്റാരോപിതനെ.
ഭരണഘടന എല്ലാ പൗരനും ഉറപ്പുകൊടുത്ത അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന അന്യായമായ ഈ അമിതാധികാരപ്രയോഗം പലവട്ടം വിവാദമായി. അനീതിയുടെ ഗൗരവം ബോധ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇത് മാധ്യമപ്രവര്‍ത്തകരെ മാത്രം ബാധിക്കുന്നതല്ല. എന്നിട്ടും, പൊതുസമൂഹത്തില്‍ ചര്‍ച്ച പോലും ഉണ്ടാകുന്നില്ല. പഴയ കാലത്തെ പത്രമാരണ നിയമങ്ങളുടെ കൂടുതല്‍ അപകടകരമായ പതിപ്പായി മാറി പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ്.
മുമ്പും ഇന്ത്യയില്‍ പത്രങ്ങളെ, അതുവഴി അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അപ്പോഴെല്ലാം, അത്തരം നിയമങ്ങളെ പത്രമാരണനിയമം എന്ന് മുദ്രകുത്തി പൗരസമൂഹം ചെറുത്തിട്ടുമുണ്ട്. 1989 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവരാന്‍ ശ്രമിച്ച മാനഹാനി നിയമം ഒരു ഉദാഹരണം മാത്രം. അന്ന് രാജ്യത്തുണ്ടായ കോളിളക്കം ചെറുതായിരുന്നില്ല. നാനൂറിലേറെ അംഗങ്ങള്‍ ലോക്സഭയില്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്നിട്ടും ബില്‍ പാസ്സാക്കാന്‍ ആയില്ല. ജനരോഷം കാരണം അത് പിന്‍വലിക്കേണ്ടിവന്നു. എന്നാല്‍, 2012 ല്‍ ഡോ.മന്മോഹന്സിങ്ങ് പ്രധാനമന്ത്രിയായിരിക്കെ, രാജീവ് ഗാന്ധിയുടെ കാലത്ത് കൊണ്ടുവന്നതിനേക്കാള്‍ അപകടകരമായ ഒരു വ്യവസ്ഥ ലോക്സഭയിലൂടെ ഒളിച്ചുകടത്തി. ഒച്ചയും ബഹളവും ഉണ്ടായില്ല. രാജ്യം അറിഞ്ഞുപോലുമില്ല. പുതിയ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ഉപയോഗിക്കാവുന്ന വ്യവസ്ഥ അതിസമര്‍ത്ഥമായി ഐ.ടി. നിയമത്തില്‍ തുന്നിച്ചേര്‍ത്ത് ഒളിച്ചുകടത്തുകയായിരുന്നു. നിയമം ലോക്സഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതുപോലുമില്ല.
രാജീവ് ഗാന്ധിയേക്കാള്‍ ബുദ്ധിമാനാണ് ഐ.ടി വകുപ്പ് കൈകാര്യം ചെയ്ത കേന്ദ്രമന്ത്രി കപില്‍ സിബല്‍ എന്ന് ടെലഗ്രാഫ് പത്രം അന്ന് പരിഹസിക്കുകയുണ്ടായി. കപില്‍ സിബല്‍ നിയമപണ്ഡിതനുമാണല്ലോ. പിന്നീട് പാര്‍ലമെന്റില്‍ വിമര്‍ശനമുണ്ടായപ്പോഴെല്ലാം കപില്‍ സിബല്‍ അതിനെ ന്യായീകരിച്ചു. നിയമമാക്കുമ്പോള്‍ അധികമാര്‍ക്കും അതിന്റെ അപകടം ബോധ്യമായിരുന്നില്ല. എന്നാല്‍, ഇപ്പോഴിതാ നിയമത്തിന്റെ ദുരുപയോഗങ്ങളും അതേച്ചൊല്ലിയുള്ള വിവാദങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു. ആഴ്ചയിലെന്നോണം രാജ്യത്തെവിടെയെങ്കിലും ആരെങ്കിലും പൊതുതാല്പര്യമുള്ള കാര്യത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഈ നിയമംകാരണം ദ്രോഹിക്കപ്പെടുന്നു
ഓണ്‍ ലൈന്‍ മാധ്യമത്തിലെഴുതുന്ന ആരെയും എളുപ്പം ജയിലിലാക്കാം എന്നതാണ് ഈ നിയമം വരുത്തിയ വലിയ മാറ്റം. മാനഹാനിയുണ്ടാക്കുന്ന എന്തെങ്കിലും പത്രത്തില്‍ എഴുതിയാല്‍ ഡിഫെമേഷന്‍ നിയമങ്ങളനുസരിച്ചേ നടപടി എടുക്കാനാവൂ. പരാതിയുടെ ന്യായത്തെ കുറിച്ച് മജിസ്ട്രേറ്റിനെങ്കിലും ബോധ്യമായാലേ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടാവൂ. അതിനും സാവകാശമുണ്ട്. ഐ.ടി. നിയമത്തിലെ 66 എ വ്യവസ്ഥ അനുസരിച്ച് പരാതി കിട്ടിയാല്‍ ഉടന്‍ പോലീസിന് എതിര്‍കക്ഷിയെ അറസ്റ്റ് ചെയ്യാം. എഴുതിയത് വാര്‍ത്ത ആവണമെന്നുമില്ല. ഫെയ്സ്ബുക്കിലെ ഒരു പോസ്റ്റിന് ലൈക് അടിച്ച് ജയിലിലായവര്‍ ചൈനയില്‍ പോലും കാണില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് അങ്ങനെ സംഭവിക്കുകതന്നെ ചെയ്തു.
ഒരു കുറ്റം കൊഗ്നൈസബ്ള്‍ ആണോ നോണ്‍ കോഗ്നൈസബ്ള്‍ ആണോ എന്നത് വക്കീലന്മാരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ഐ.ടി.ആക്റ്റ് 66എ വ്യവസ്ഥയ്ക്ക സമാനമായ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കുറ്റങ്ങളെല്ലാം നോണ്‍ കോഗ്നൈസബ്ള്‍ ആണ്. അതനുസരിച്ച് കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ ഉത്തരവ് വേണം. നിയമവിദഗ്ദ്ധര്‍ ഒരു കാര്യത്തില്‍ യോജിക്കുന്നു. ഇന്റര്‍നെറ്റിലെ അഭിപ്രായസ്വാതന്ത്ര്യദുരുപയോഗങ്ങളെല്ലാം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ കൊണ്ട് കൈകാര്യം ചെയ്യാവുന്നതേ ഉള്ളൂ. പക്ഷേ, ഇവിടെ അധികാരികള്‍ക്ക് വേറെ ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. അമ്പരപ്പിക്കുന്ന വേറെ ഒരു സംഗതിയും ഈ നിയമനിര്‍മാണത്തിന്റെ അണിയറയില്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉദ്യോഗസ്ഥന്മാര് തയ്യാറാക്കുന്ന നിയമത്തില്‍ ജനവിരുദ്ധമായ വ്യവസ്ഥകളുണ്ടോ എന്ന് കൂടി പരിശോധിക്കേണ്ട പാര്‍ലമെന്ററി പ്രവിലേജസ് കമ്മിറ്റിയാണ് നേരത്തെ നോണ്‍ കോഗ്നൈസബ്ള്‍ ആയിരുന്ന നിയമത്തെ കോഗ്നൈസബ്ള്‍ ആക്കിയത്. ഒരു ഭരണകക്ഷിയംഗം നിര്‍ബന്ധം പിടിച്ചാണ് വ്യവസ്ഥ മാറ്റിച്ചത്. പിന്നീട് ഇത് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് അവസരം കൊടുക്കാതെ പാസ്സാക്കിയെടുത്തതില്‍ നിന്ന് ഉദ്ദേശശുദ്ധി – അതിന്റെ ഇല്ലായ്മ വ്യക്തമായി.
ഐ.ടി.നിയമമല്ലേ, പരമ്പരാഗത മാധ്യമങ്ങളെ ഇത് ബാധിക്കില്ലല്ലോ എന്ന് ആശ്വസിക്കേണ്ട. പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ആരെങ്കിലും ഫെയ്സ്ബുക്കിലിട്ടാല്‍ പോലും പത്രപ്രവര്ത്തകന് കുടുങ്ങാം. ഇന്റര്‍നെറ്റ് എഡിഷനില്ലാത്ത പത്രമില്ല ഇക്കാലത്ത്. ഇന്റര്‍നെറ്റ് എഡിഷനുകള്‍ ഐ.ടി.യുടെ പരിധിയില്‍ വരുന്നു. വ്യക്തികള്‍ പരസ്പരം മൊബൈല്‍ ഫോണിലയക്കുന്ന സന്ദേശങ്ങളിലെ അശ്ലീലത്തിനും അധിക്ഷേപത്തിനും തുല്യമാണ് പൊതുകാര്യത്തെ കുറിച്ചുള്ള മാധ്യമവാര്‍ത്തയും എന്ന അപകടകരമായ കാഴ്ചപ്പാട് തിരുത്തേണ്ടതുണ്ട് എന്ന് ജനാധിപത്യസ്വാതന്ത്ര്യത്തിന് വില കല്പ്പിക്കുന്നവര് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്. പുതിയ സര്‍ക്കാര്‍ വ്ന്നിട്ടും നിയമങ്ങളിലൊന്നും മാറ്റമുണ്ടായിട്ടില്ല. നിയമം പുന:പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന സര്‍ക്കാര്‍ വിശദീകരണം കോടതിയെ തൃപ്തിപ്പെടുത്തുകയുണ്ടായില്ല. ഒരു കാര്‍ട്ടൂണിസ്റ്റോ പത്രപ്രവര്‍ത്തകനോ കോളമിസ്റ്റോ സോഷ്യല്‍ മീഡിയയില്‍ എഴുതുന്ന ആളോ ഇന്ത്യയിലെവിടെയും എപ്പോഴും അറസ്റ്റ് ചെയ്യപ്പെടാം എന്ന അവസ്ഥ ഇപ്പോഴും നില നില്ക്കുന്നു.
ഒരാള്‍ക്ക് അലോസരമോ അസൗകര്യമോ ഉണ്ടാക്കുന്ന എന്ത് ‘ഒഫന്‍സീവ്’ പരാമര്‍ശവും ഈ നിയമപ്രകാരം ‘കൊഗ്നൈസബ്ള്‍ ഒഫന്‍സ് ‘ ആണ്. മൂന്നുവര്‍ഷംവരെ തടവ് ലഭിക്കാം. വളരെ അവ്യക്തവും എങ്ങനെയും ദുര്‍വ്യാഖ്യാനിക്കാവുന്നതുമാണ് ഈ വ്യവസ്ഥയെന്ന് വ്യക്തമാക്കുന്നു നിയമപണ്ഡിതര്‍. അതേസമയം, ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ഗുരുതരമായ അപവാദപ്രചരണങ്ങളും വ്യക്തിത്വവധങ്ങളും സാമൂഹ്യവിരുദ്ധമായ മറ്റ് കുറ്റകൃത്യങ്ങളും നടക്കുന്നുണ്ട് എന്നതും സത്യമാണ്. ഇവ നേരിടുന്നതിന് ഫലപ്രദവും എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യം നശിപ്പിക്കാത്തതുമായ നിയമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. വികസിത ജനാധിപത്യരാജ്യങ്ങള്‍ എങ്ങനെയാണ് ഈ പുതിയ കാല പ്രശ്നത്തെ കൈകാര്യം ചെയ്യുന്നത് എന്നും പഠിക്കേണ്ടതുണ്ട്