കേരളത്തിന്റെ പുരോഗതികളും അധോഗതികളും

എൻ.പി.രാജേന്ദ്രൻ

ഏറെ പുകഴ്ത്തപ്പെട്ട സാമ്പത്തിക വികാസക്രമം മിഥ്യയായിരുന്നുവോ എന്നതാണ് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയെ സംബന്ധിച്ച പ്രധാനചോദ്യം. നിരവധി മേഖലകളില്‍ കേരളം യൂറോപ്യന്‍ നിലവാരത്തിലോളം ഉയര്‍ന്നിട്ടുണ്ട്. ഭരണപരമെന്നതിലേറെ രാഷ്ട്രീയവും സാമൂഹികവും കുറെയെല്ലേം മതപരവുമായ കാരണങ്ങളാണ് ഈ വളര്‍ച്ചയിലേക്ക് നയിച്ചത്. രാജ്യം സാമ്പത്തികാസൂത്രണത്തിലേക്ക് കടക്കുംമുമ്പുതന്നെ അസാധാരണമായ മുന്നേറ്റം വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും വനിതാവികാസത്തിന്റെയും മേഖലകളില്‍ കേരളം നേടുകയുണ്ടായി. കേരളാമോഡല്‍ പുകഴ്ത്തപ്പെടുമ്പോള്‍തന്നെ കേരളം എല്ലാം നേടിയെന്നൊന്നും ആരും അവകാശപ്പെട്ടിരുന്നില്ല. കേരളാമോഡല്‍ രൂപപ്പെട്ടത് നമ്മളറിയാതെയാണ്. അതുകൊണ്ടുതന്നെ, ചില മേഖലകള്‍ മുന്നോട്ട് പോയപ്പോള്‍ പല മേഖലകളിലും സംസ്ഥാനം പിറകിലായി. വിദ്യാഭ്യാസം, വ്യവസായം, കൃഷി, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ പല അവികസിത സംസ്ഥാനങ്ങളേക്കാള്‍ പിന്നിലാണ് ഇന്ന് കേരളം.

കേരളം ചലനമറ്റ് നിന്നുപോയത് കേരളാ മോഡല്‍ പൊങ്ങച്ചത്തില്‍ മയങ്ങിപ്പോയതുകൊണ്ടാണോ എന്നറിയില്ല. വിദേശമലയാളികളില്‍ നിന്നുള്ള വരുമാനം മൂലധനമാക്കി രൂപാന്തരപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായില്ല. കേരളീയര്‍ വീടുണ്ടാക്കാന്‍ ചെലവഴിക്കുന്ന വന്‍തുക ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട നൂറുകണക്കിന് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായ സ്ഥാപനങ്ങളെ നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നു. ചില ഉല്പന്നങ്ങള്‍ ഏറ്റവും അധികം വില്ക്കപ്പെടുന്നത് കേരളത്തിലാണ്. എന്നിട്ടും ഇവയുടെ ഒരു ഉദ്പാദകയൂണിറ്റ് കേരളത്തില്‍ തുടങ്ങുന്നില്ല. പുരോഗമനാത്മകമെന്ന് കരുതിപ്പോന്ന ആശയങ്ങള്‍ സൃഷ്ടിച്ച ചില മനോഭാവങ്ങള്‍ വ്യവസായവല്‍ക്കരണത്തിന് തടസ്സമായിട്ടുണ്ട്. മൂലധനം സ്വരൂപിച്ച് നിക്ഷേപിക്കുന്നതും അതില്‍ നിന്ന് ലാഭമുണ്ടാക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമാണ് എന്ന് ശരാശരി കേരളീയര്‍ ഇപ്പോഴും കരുതുന്നില്ല എന്നാണ് തോന്നുന്നത്. തൊഴിലുടമ ലാഭമുണ്ടാക്കുന്നത് തൊഴിലാളിയെ ചൂഷണം ചെയ്യുന്നതുകൊണ്ടുമാത്രമാണ് എന്ന് കേരളത്തില്‍ കമ്യൂണിസ്റ്റുകാരല്ലാത്തവരും വിശ്വസിക്കുന്നതായി തോന്നാറുണ്ട്. അരനൂറ്റാണ്ടുമുമ്പ് ബിര്‍ലയെ വിളിച്ചുകൊണ്ടുവന്ന് വ്യവസായം തുടങ്ങിക്കാനുള്ള ചങ്കൂറ്റം കമ്യൂണിസ്റ്റുകാര്‍ കാട്ടിയെങ്കിലും അതൊരു മനോഭാവത്തിന്റെ മാറ്റമായി അനുഭവപ്പെട്ടില്ല, ബിര്‍ലയോടുള്ള ഒരൗദാര്യമായി മാത്രം നിലനിന്നു. 1967 ല്‍ വ്യവസായികളെ ക്ഷണിക്കാന്‍ സി.പി.ഐ.യുടെ വ്യവസായമന്ത്രി ജപ്പാനിലേക്ക് ആളെ അയച്ചപ്പോള്‍ അതിനെതിരെ വാളെടുത്തത് സി.പി.എം. ആയിരുന്നു. പ്രത്യയശാസ്ത്രപരമായ ദൃഡതയും മുതലാളിത്തപാതയിലുള്ള വികസനവും ഒരേ സമയം കൊണ്ടുനടക്കുക പ്രയാസമുള്ള കാര്യം തന്നെ.

എങ്കില്‍ എന്തുകൊണ്ടാണ് കാര്‍ഷികമേഖലയും തകര്‍ന്നത് ? വിദേശ മലയാളികളുടെ പണമാണ് കേരളത്തെ നിലനിര്‍ത്തുന്നത്. എന്നാല്‍ കൃഷിയുടെ തകര്‍ച്ചക്ക് പരോക്ഷമായി ഇതും കാരണമായി എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സാമ്പത്തികവളര്‍ച്ചയോ വിദ്യാഭ്യാസമോ നേടിയവര്‍ കൃഷിപ്പണിയില്‍ നിന്ന് ക്രമേണ അകന്നു. മൂലം കൂലി വര്‍ദ്ധിച്ചിട്ടും കൃഷിപ്പണിക്ക് വേണ്ടത്ര ആളെക്കിട്ടാതായി. വലിയ കൂലിനിരക്കിനെ ന്യായീകരിക്കാവുന്ന വിധത്തില്‍ നെല്ല്, പച്ചക്കറികൃഷിയില്‍ ലാഭവര്‍ദ്ധന ഉണ്ടായതുമില്ല. സുഗന്ധ-നാണയവിളകള്‍ നിലനിന്നപ്പോള്‍ ഭക്ഷ്യവിളകള്‍ പിറകോട്ടുപോയി. വിദേശമലയാളികളുടെ പണം ഭൂമിയിടപാടുകളിലേക്ക് ഒഴുകി. നാണയവിളമേഖലയുടെ വികാസവും ഭൂമിവില ഉയര്‍ത്തുന്നതിന് കാരണമായി. ഏത് ഉല്പ്പാദനോപകരണവും കൂടുതല്‍ ലാഭം കിട്ടുന്ന മേഖലയിലേക്ക് മാറുന്നത് സ്വാഭാവികം മാത്രമാണ്. നിസ്സാരലാഭത്തിന് കൃഷി ചെയ്യുന്നതിലും ഭേദം ആ ഭൂമിവിറ്റ് പണം ബാങ്കിലിടുകയാണെന്ന് കൃഷിക്കാര്‍ക്കും മനസ്സിലായി. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ കുതിച്ചുകയറ്റത്തോടെ ഇനി കേരളത്തില്‍ കൃഷിയും സാധ്യമല്ല, വ്യവസായവും സാധ്യമല്ല, റോഡ് നിര്‍മാണംപോലും സാധ്യമല്ല എന്ന നിലയെത്തിയിട്ടുണ്ട്. ലാന്‍ഡ് അക്വിസിഷനില്‍ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില കിട്ടിയാല്‍പോലും ആളുകള്‍ തൃപ്തരല്ല. അഞ്ചുവര്‍ഷം കഴിഞ്ഞ് ഭൂമിവില പത്തിരിട്ടിയാകുമ്പോള്‍ കിട്ടുന്ന ലാഭത്തിലാണ് എല്ലാവരുടെയും കണ്ണ്. ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല.

ഭൂനിയമപരിഷ്കരണം എന്തുകൊണ്ട് പറമ്പുകളിലും നെല്‍പ്പാടങ്ങളിലും ഒതുങ്ങി ? കൃഷിഭൂമിയുടെ തുണ്ടുതുണ്ടാകല്‍ കാര്‍ഷികമേഖലയെ തകര്‍ക്കുമെന്നറിഞ്ഞുകൊണ്ടുതന്നെയല്ലേ അത് നടപ്പാക്കിയത് ? റബ്ബര്‍ എസ്റ്റേറ്റുകളെയോ ഏലത്തോട്ടങ്ങളെയോ അത് ബാധിച്ചില്ല. കൃഷിഭൂമി കൈവശംകിട്ടിയ എത്രപേര്‍ കാര്‍ഷികരംഗത്ത് നിലനിന്നു ? കാര്‍ഷികമേഖലയില്‍നിന്നുള്ള പലായനമാണ് പുരോഗതിയുടെ ലക്ഷണമെന്ന ധാരണ പോലും വ്യാപകമായി. കര്‍ഷകരുടെ മക്കള്‍പോലും നിവൃത്തിയുണ്ടെങ്കില്‍ കാര്‍ഷികരംഗത്ത് നില്‍ക്കുകയില്ല. ഇനി കാര്‍ഷികമേഖല രക്ഷപ്പെടണമെങ്കില്‍ ഭക്ഷ്യോത്പ്പന്നങ്ങളുടെ വില അത്രയും വര്‍ദ്ധിക്കണം. കൃഷിയും വ്യവസായാടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കണം. നമ്മുടെ ഇപ്പോഴത്തെ നിലപാടുകളും സമീപനങ്ങളും ഇത് സാധ്യമാക്കുന്ന തരത്തിലല്ല.

വലിയതോതില്‍ ഭൂമിയെടുപ്പോ കുടിയിറക്കലോ സാധ്യമല്ലാത്ത സംസ്ഥാനമാണ് കേരളം. എക്‌സ്പ്രസ് ഹൈവേകാര്യത്തില്‍ ഉണ്ടായതിനേക്കാള്‍ വലിയ കോളിളക്കം യഥാര്‍ഥത്തില്‍ നാഷനല്‍ ഹൈവേ വികസനകാര്യത്തില്‍ ഉണ്ടാകേണ്ടതായിരുന്നു. ലക്ഷക്കണക്കിന് വീടുകളും കടകളും ഇടിച്ചുനിരത്തി എന്തെങ്കിലും വികസിപ്പിക്കാന്‍ ഇനി കേരളത്തില്‍ കഴിയില്ല. ഇത്രയും കൂടിയ ജനസാന്ദ്രത ഇന്ത്യയില്‍ മറ്റെവിടെയാണുള്ളത് ? ഹൈവെവികസനം പരിമിതപ്പെടുത്താന്‍ നാം തീരുമാനിച്ചുകഴിഞ്ഞു. റോഡ് വികസിപ്പിക്കാനും വയ്യ, വാഹനപ്പെരുപ്പം തടയാനും വയ്യ എന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. ജനസാന്ദ്രതയിലെന്ന പോലെ കേരളംതന്നെയാണ് വാഹനസാന്ദ്രതയിലും മുന്നില്‍. വാഹനങ്ങള്‍ നന്നെ കുറഞ്ഞ ആന്ധ്രയിലോ കര്‍ണാടകത്തിലോ ഉണ്ടാവുക 60 മീറ്റര്‍ ഹൈവേ ആണ്, വാഹനങ്ങള്‍ കൂടുതലുള്ള കേരളത്തില്‍ മുപ്പത് മീറ്ററും. ഇത് തെരുവിലെ മാത്രം കുപ്പിക്കഴുത്തല്ല, വികസനത്തിലെത്തന്നെ ഊരാക്കുടുക്കായി മാറുകയാണ്.

ഭൂമി, വ്യവസായം, ഇന്‍ഫ്രാസ്ട്രക്ചര്‍, കൃഷി തുടങ്ങിയ മേഖലകളില്‍ തൊഴില്‍ലഭ്യതയും വളര്‍ച്ചയും ഉറപ്പുവരുത്തുന്ന നില നില്‍ക്കുന്ന വികസനത്തിന്റെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ കേരളം പരാജയപ്പെട്ടു എന്നുപൊതുവായി പറയാം. ഇടതുപക്ഷത്തിന്റെ മാത്രം പരാജയം എന്ന് കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ഭരിക്കുന്നവരെ തളര്‍ത്താന്‍ എന്ത് അടവും പ്രയോഗിക്കുക എന്ന മിനിമം പരിപാടിയില്‍ ഇടതുവലതുപാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ല. തങ്ങള്‍ ഭരണത്തിലുള്ളപ്പോള്‍ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരാന്‍ പിന്നീട് വരുന്ന ഭരണകക്ഷിയെ അനുവദിക്കാറില്ല ഈ മുന്നണികള്‍ രണ്ടും. സാമ്പത്തിക വികസന സംബന്ധമായ പഠനഗവേഷണങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ടവര്‍ക്കോ മാധ്യമങ്ങള്‍ക്കോ ഒന്നും ഇക്കാര്യത്തില്‍ ഫലദായകമായ സംവാദം തുടങ്ങിവെക്കാനായിട്ടില്ലെന്നതാണ് സങ്കടം.

മറ്റേത് സംസ്ഥാനത്തേക്കാള്‍ എക്കാലവും മുന്നില്‍ നിന്നത് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍പ്പോലും കേരളത്തിലെ പിന്നാക്കവിഭാഗത്തില്‍പെട്ടവര്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍പോയി പഠിച്ചിട്ടുണ്ട്. കെ.ആര്‍.നാരായണനും ഡോ.കെ.എന്‍.രാജും എടുത്തുപറയാവുന്ന ഉദാഹരണങ്ങളാണ്. ഇന്ന് അങ്ങനെ പേരെടുത്തുപറയാവുന്ന ഒരു മുന്നാക്കക്കാരന്‍ പോലും ഇല്ലാതായതെന്തുകൊണ്ടാണ് ? ഇത് പുറത്തുപോകുന്ന കാര്യം. കേന്ദ്രം സ്ഥാപിച്ച എന്‍.ഐ.ടി.യിലോ ഐ.ഐ.എമ്മിലോ അല്ലാതെ, ഏതെങ്കിലും കേരളീയ വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നോ കര്‍ണാടകത്തില്‍നിന്നോ ആരെങ്കിലും കേരളത്തില്‍ വരുന്നതായി ചൂണ്ടിക്കാട്ടാന്‍ കഴിയിമോ ? എന്‍ജിനീയറിങ്ങും നെഴ്‌സിങ്ങും മെഡിസിനും കമ്പ്യൂട്ടറും പഠിക്കാന്‍ കുട്ടികള്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും വണ്ടികയറേണ്ടിവരുന്നതിന് ഇവിടത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അവരോട് എന്ത് സമാധാനമാണ് പറയുക ? ഇങ്ങനെ അന്യസംസ്ഥാനങ്ങളില്‍പോയി നെഴ്‌സിങ്ങും കമ്പ്യൂട്ടറും പഠിച്ചവര്‍ വിദേശത്ത് പണിയെടുത്ത് അയക്കുന്ന പണമാണ് കേരളത്തെ മുന്നോട്ടുനയിക്കുന്നതെന്ന സത്യം നമ്മുടെ നേതൃത്വങ്ങളെ ലജ്ജിപ്പിക്കുമോ എന്തോ.

എന്‍ജിനീയറിങ്ങിന്റെയും മെഡിസിന്റെയും കാര്യമവിടെ നില്‍ക്കട്ടെ. കേരളത്തില്‍ നേരാംവണ്ണം ഇക്കണോമിക്‌സ് പഠിപ്പിക്കുന്നതെവിടെയാണ് ? ഇക്കണോമിക്‌സ് അധ്യാപകര്‍ തന്നെ മക്കളെ ഇക്കണോമിക്‌സ് പഠിപ്പിക്കാന്‍ ചെന്നൈയിലേക്കാണ് അയക്കാറുള്ളത്. മുപ്പതുകൊല്ലം മുമ്പത്തെ സിലബസ്സും പാഠ്യരീതിയുമാണ് ഇവിടെ തുടരുന്നതെന്നും ഒന്നും മാറ്റാന്‍ നമ്മുടെ അധ്യാപകര്‍ സമ്മതിക്കുന്നില്ലെന്നും ഒരു അധ്യാപകന്‍ ഒരിക്കല്‍ ഈ ലേഖകനോട് പറഞ്ഞു. 1957 ലെ സര്‍ക്കാര്‍ തുടങ്ങിവെച്ച വിദ്യാഭ്യാസനയത്തില്‍ നിന്ന് വളരെയൊന്നും വ്യതിചലിച്ചിട്ടില്ല കേരളത്തിലെ വലതുപക്ഷമുന്നണി പോലും. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുഖജാനയില്‍നിന്ന് ശമ്പളം കൊടുക്കുന്ന ‘പുരോഗമനം’ മറ്റേതെങ്കിലും രാജ്യത്തുണ്ടാകുമെന്ന് തോന്നുന്നില്ല. അവരെ നിയമിക്കുന്നത് സര്‍ക്കാറല്ല. അതുംപോകട്ടെ, നിയമനത്തിന് സ്വകാര്യമാനേജ്‌മെന്റ് കോഴ വാങ്ങുന്നത് തടയാന്‍പോലും സര്‍ക്കാറിന് അധികാരമില്ല. ഇവിടത്തെ നിസ്സാരന്മാരായ വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിയാത്തവരാണ് ആഗോളവല്‍ക്കരണത്തിനും ആഗോളഭീമന്‍മാര്‍ക്കുമെതിരെ പ്രസംഗിക്കുന്നത്. ലജ്ജിക്കാന്‍ പോലും നാം മറന്നുപോകുന്നു.

സയന്‍സാകട്ടെ, ഹ്യൂമാനിറ്റീസ് ആകട്ടെ, സാമാന്യംനിലവാരമുള്ള കുട്ടികളുടെ എണ്ണം കോളേജുകളില്‍ കുറഞ്ഞുവരികയാണ്. മാര്‍ക്കിന്റെയോ സാമ്പത്തികശേഷിയുടെയോ കുറവുകൊണ്ട് മറ്റൊന്നിനും പോകാന്‍ കഴിവില്ലാത്തവരാണ് കോളേജുകളില്‍ എത്തുന്നത്. ഇത് ഭാവിയില്‍ കേരളത്തിലെ ശാസ്ത്ര-മാനവിക-കലാ വിഷയങ്ങളുടെ പഠനത്തെയും അധ്യയനത്തെയും ഗവേഷണത്തെയുമെല്ലാം എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കാന്‍ ആര്‍ക്കെങ്കിലും ഇവിടെ നേരമുണ്ടോ ? ശാസ്ത്രപഠനത്തിന്റെയും ഗവേഷണത്തിന്റെയും മേഖലയില്‍ കേരളത്തിന്റെ സംഭാവനയെന്താണ് ? യൂണിയനുകളുടെ രാഷ്ട്രീയക്കളിക്ക് വേണ്ടിമാത്രം ഉഴിഞ്ഞുവെച്ച കളരികളായി മാറിയ സര്‍വകലാശാലകളില്‍ നിന്ന് ഇനി എന്തെങ്കിലും പ്രതീക്ഷിക്കുന്നവര്‍ മണ്ടന്മാരാണെന്നേ പറയാനാവൂ.

ആദിവാസികള്‍, ദലിതര്‍ എന്നീ പിന്നാക്കജനവിഭാഗങ്ങളില്‍ വലിയതോതില്‍ മാറ്റമുണ്ടാക്കാന്‍ അരനൂറ്റാണ്ടുകൊണ്ട് കഴിഞ്ഞില്ല എന്നത് ദു:ഖകരമാണ്. ഊര്‍ജിതമായ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലൂടെ ഇവരെ മുന്നോട്ടുകൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയില്ല. അവര്‍ക്ക് ഭൂമിയോ തൊഴിലോ വിദ്യാഭ്യാസമോ നല്‍കിയില്ല. ആദിവാസികള്‍ക്ക് വേണ്ടി ചെലവഴിച്ചതായി പറയുന്ന പൊതുധനം അവര്‍ക്ക് ഓഹരിവെച്ചുകൊടുത്തിരുന്നെങ്കില്‍ അവരെല്ലാം സമ്പന്നരായി മാറുമായിരുന്നു എന്ന് തോന്നിപ്പോകുന്നു. അവര്‍ക്കുള്ളില്‍ നിന്ന് സംഘടിതമായ വിദ്യാഭ്യാസ-ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുക സാധ്യമായിരുന്നില്ല. പിന്നാക്കം നിന്ന ഈഴവ-മുസ്ലിം വിഭാഗങ്ങള്‍ മുന്നോട്ടുവന്നത് സര്‍ക്കാറിന്റെ സഹായമോ സംവരണമോ കൊണ്ടല്ല. അവരുടെ അകത്തുനിന്നുതന്നെയുള്ള നിരന്തരശ്രമങ്ങളുടെ ഫലമായാണ്. സര്‍ക്കാര്‍ സര്‍വീസില്‍ മാത്രമല്ല, മറ്റ് ഒട്ടനവധി സര്‍വീസ് തുറകളില്‍ മുസ്ലിം പ്രാതിനിധ്യം കുറവാണ്. മുസ്ലിങ്ങള്‍ക്ക് ജോലി നിഷേധിക്കപ്പെട്ടതല്ല കാരണം. അപേക്ഷകരേ ഉണ്ടാകാറില്ല പലേടത്തും. ഈ പിന്നാക്കാവസ്ഥ സാമൂഹികമെന്നതിലേറെ മതപരമായിരുന്നു. ഈ നില മാറിക്കഴിഞ്ഞു. പിന്നാക്കാവസ്ഥ ഏറെ പിന്നിട്ട ഈ വിഭാഗത്തിനുള്ള സംവരണം നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും ഇല്ലാത്ത മേഖലകളില്‍ പുതുതായി ഏര്‍പ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ, ആദിവാസി-ദലിത് വിഭാഗങ്ങളെക്കുറിച്ച് ചര്‍ച്ചപോലുമില്ല. അവര്‍ക്ക് വോട്ടിങ് ശക്തിയില്ല എന്നതുതന്നെ കാരണം.

മദ്യാസക്തി, ആത്മഹത്യ-വാഹനാപകടമരണനിരക്ക്, സ്ത്രീപീഡനം തുടങ്ങിയവ വര്‍ദ്ധിക്കുന്നതിന്റെ സാമൂഹികമായ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. സാമൂഹിക ശാസ്ത്രജ്ഞരും വിദ്യാഭ്യാസപ്രവര്‍ത്തകരും മന:ശാസ്ത്രജ്ഞരും പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളുമെല്ലാം ഒത്തുശ്രമിച്ചാ്ല്‍ ഇവയ്‌ക്കോരോന്നിനും പരിഹാരം കാണാനാകും. സ്ഥിതിവിവരക്കണക്കുകള്‍ വായിച്ച് അമ്പരക്കുന്നത് കൊണ്ടുമാത്രമായില്ല. ജനങ്ങളുടെ മനോഭാവം മാറ്റാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നതേ ഇല്ല. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ നടത്തുന്ന അത്രയെങ്കിലും പ്രചാരണം മദ്യാസക്തി കുറയ്ക്കാന്‍ സര്‍ക്കാറുകള്‍ നടത്താന്‍ തയ്യാറുണ്ടോ ? ചാനലുകളിലെ പരസ്യംകണ്ട് ഒരു കുടിയനും മദ്യപാനം നിര്‍ത്തില്ല എന്ന് വാദിക്കാന്‍ ആളുണ്ടാകും. എന്നാല്‍ മദ്യത്തോടുള്ള പുതുതലമുറയുടെ മനോഭാവം സംസ്കാരസമ്പന്നമാക്കാന്‍ ബോധവല്‍ക്കരണത്തിലൂടെ കഴിയും. ഏത് കടയിലും മദ്യം വില്‍ക്കുകയും ഏത് വീട്ടിലും ഫ്രിഡ്ജില്‍ മദ്യം സൂക്ഷിക്കുകയും ചെയ്യുന്നവരാണ് പാശ്ചാത്യര്‍. കേരളത്തിലാവട്ടെ ഒരു കുപ്പികിട്ടാന്‍ സ്റ്റാളിന് മുന്നില്‍ നാണംകെട്ട് ക്യൂ നില്‍ക്കണം. എന്നിട്ടും പാശ്ചാത്യനാടുകളിലേക്കാള്‍ മദ്യാസക്തിയും മദ്യോപയോഗവും കേരളത്തിലാണ്. എന്താണ് ഇതിന് കാരണം ?

എങ്ങും ഇരുളേ ഉള്ളൂ എന്നല്ല ഇതിനെല്ലാം അര്‍ഥം. നേട്ടങ്ങളെക്കുറിച്ച് മേനി പറഞ്ഞതുകൊണ്ട് കാര്യമില്ല. കോട്ടങ്ങള്‍തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. അനേകം തലമുറകളായി അടിമത്തം മാത്രം അനുഭവിച്ചുപോന്ന സ്ത്രീകള്‍ വളരെ മുന്നോട്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങളില്‍ വരുന്ന സ്ത്രീ പീഡന വാര്‍ത്തകള്‍ മാത്രം കണക്കാക്കിയാല്‍പോര. മധ്യവര്‍ഗത്തിലും ഉയര്‍ന്ന വര്‍ഗത്തിലുമുള്ള സ്ത്രീയുടെ നിലയിലുണ്ടായ പുരോഗതി പാവപ്പെട്ടവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന് സമ്മതിക്കാം. സ്വന്തം കാലില്‍ തലയുയര്‍ത്തിനില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നതുകൊണ്ടുതന്നെ മുമ്പൊന്നും കിട്ടാത്ത പരിഗണന അവര്‍ക്കിന്ന് സഹപ്രവര്‍ത്തകരില്‍ നിന്നും സഹോദരങ്ങളില്‍നിന്നും ഭര്‍ത്താക്കന്മാരില്‍നിന്നും കിട്ടുന്നുണ്ട്. സമത്വത്തിലേക്കുള്ള പാതയില്‍ വലിയ ദൂരം അവര്‍ പിന്നിട്ടുകഴിഞ്ഞു. വിദ്യാഭ്യാസം സാര്‍വത്രികമായി ഉള്ളതുകൊണ്ട് ഇത് പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലേക്കും വ്യാപിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പെണ്ണുങ്ങള്‍ ശരിക്ക് വസ്ത്രം ധരിക്കാത്തതുകൊണ്ടുള്ള ദൈവകോപമാണ് ഭൂകമ്പത്തിന് കാരണമെന്ന് പറഞ്ഞ ഇറാന്‍ മതാധ്യക്ഷന്റെ ഇന്ത്യന്‍ പതിപ്പുകള്‍ ഇവിടെ എല്ലാ മതങ്ങളിലുമുണ്ട്. എത്ര ശ്രമിച്ചാലും കാലത്തിന്റെ പ്രയാണത്തെ തടയാന്‍ ഇവര്‍ക്ക് കഴിയില്ല.

ഈയിടെ ആരോ എഴുതി, കേരളത്തില്‍ കാണുന്ന ഭിക്ഷക്കാരൊന്നും മലയാളികളല്ല എന്ന്. പൂര്‍ണമായി സത്യമായിരിക്കില്ല. എന്നാലും അന്യനാട്ടുകാരാണ് ഏറെ എന്ന് തോന്നുന്നു. ആരും സര്‍വെയൊന്നും നടത്തിയതായി അറിയില്ല. ഇവിടെ നാനൂറുരൂപ കൂലി കിട്ടുമെന്നായിട്ടും എന്തേ കൂലിപ്പണിക്ക് ആളെക്കിട്ടുന്നില്ല ? ഉയര്‍ന്ന കൂലി നല്‍കാന്‍ കഴിയുന്ന റബ്ബര്‍വെട്ട് മേഖലയില്‍ പോലും തൊഴിലാളികളെ കിട്ടുന്നില്ല. മുപ്പത് വര്‍ഷമായി കമ്യൂണിസ്റ്റ് പാര്‍ട്ടി സാമ്പത്തികാസൂത്രണത്തിലൂടെ കാര്‍ഷികപരിഷ്കരണവും വ്യവസായ വികസനവും നടത്തിവരുന്ന പ.ബംഗാളില്‍ നിന്നെന്തുകൊണ്ടാണ് പാവങ്ങള്‍ കേരളത്തില്‍ കൂലിപ്പണിക്ക് വരുന്നത് ? എന്തുകൊണ്ടാണ് അവിടെ പാവങ്ങള്‍ മാവോയിസ്റ്റ് അണികളിലേക്ക് കൂടുമാറുന്നത് ? കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും വരുത്താന്‍ കഴിഞ്ഞ മാറ്റം പ.ബംഗാളില്‍ വരുത്താന്‍ അവിടത്തെ പാര്‍ട്ടികള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കഴിഞ്ഞില്ലെന്നത് ചെറിയ കാര്യമല്ല.

ഈ ലേഖകന് ദൈവത്തോടോ ആള്‍ദൈവത്തോടോ വിരോധമില്ല. ദൈവസങ്കല്പം ശരിയും ആള്‍ദൈവസങ്കല്പം മോശവും എന്ന നിലപാടുമില്ല. അപായങ്ങളും അനിശ്ചിതത്വവും അരക്ഷിതത്വവും നിറഞ്ഞ ജീവിതത്തില്‍ മനുഷ്യന്‍ ആശ്രയങ്ങളും ഊന്നുവടികളും തേടുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ മനുഷ്യന്റെ ഈ ദൗര്‍ബല്യത്തെ സാമ്പത്തികമായും രാഷ്ട്രീയമായും ചൂഷണം ചെയ്ത് പണവും അധികാരവും നേടാനുള്ള ഗൂഡശ്രമങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അമ്പരപ്പിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളോ മാധ്യമങ്ങളോ സാംസ്കാരികപ്രവര്‍ത്തകരോ ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നില്ല. ഓരോ നിക്ഷിപ്തതാല്പര്യവും ഓരോ വോട്ട് ബാങ്കാണ്, ഓരോ സര്‍ക്കുലേഷന്‍ ബാങ്കുമാണ്. പാര്‍ട്ടികളുടെ വോട്ട് ബാങ്ക് പോലെയാണ് മാധ്യമങ്ങളുടെ സര്‍ക്കുലേഷന്‍ ബാങ്കുകള്‍. രണ്ടുകൂട്ടരും ഇവരെ ചോദ്യംചെയ്യില്ല. അഭിപ്രായ സ്വാതന്ത്ര്യം പോലും മതാധിപന്മാര്‍ക്ക് അടിയറ വെക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ നടത്തുന്ന എന്ത് അസംബന്ധത്തെ ചോദ്യം ചെയ്യുന്നതും മതവികാരം വൃണപ്പെടുത്തലായി വ്യാഖ്യാനിക്കപ്പെടുന്നു. നാട്ടില്‍ കലാപമുണ്ടാക്കുന്നു. ലവലേശം പരസ്പരബഹുമാനം ഇല്ലാത്ത മതങ്ങളും ഇക്കാര്യത്തില്‍ ഒരു കൂട്ടുമുന്നണിയായി നില്‍ക്കുകയും സ്വതന്ത്രചിന്തയെ പരമാവധി അടിച്ചമര്‍ത്തുകയും ചെയ്യുന്നു. പര്‍ദ്ദയെകുറിച്ച് കര്‍ണാടകപത്രത്തില്‍ വന്ന ലേഖനത്തില്‍ പ്രവാചകനെയോ മതത്തെയോ അവഹേളിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും കലാപങ്ങളും വെടിവെപ്പുമുണ്ടായി. സ്വതന്ത്രബുദ്ധിജീവികള്‍പോലും അന്ന് കുറ്റപ്പെടുത്തിയത് കലാപം കുത്തിപ്പൊക്കിയ വര്‍ഗീയകോമരങ്ങളെയല്ല, ലേഖനം പ്രസിദ്ധപ്പെടുത്തിയ പത്രത്തെയാണ്. മനുഷ്യന്റെ അഭിപ്രായസ്വാതന്ത്ര്യം മതഭ്രാന്തന്മാര്‍ക്ക് അടിയറ വെക്കണമോ ?

ഇത്തരമൊരു പ്രാകൃതാവസ്ഥ കേരളത്തിലില്ലെന്നത് ശരിയാണ്. പക്ഷേ, അത് മതപ്രസ്ഥാനങ്ങളുടെ കേരളീയമായ ഒരു ഔദാര്യം മാത്രമാണ്. കാര്യങ്ങള്‍ അങ്ങോട്ടുനീങ്ങിയാലും ചോദ്യം ചെയ്യപ്പെടുകയില്ല എന്നതിന് വ്യക്തമായ സൂചനകളുണ്ട്്. മത-ജാതി തീവ്രവാദികളെ ശരിവെക്കുന്ന നവസിദ്ധാന്തങ്ങളുമായി ഇറങ്ങുന്നവര്‍ ജനതയെ മതേതരമായ കൂട്ടായ്മയിലേക്കല്ല, ശത്രുതയുള്ള മത ചേരികളിലേക്കാണ് നയിക്കുന്നത്. നമ്മുടെ ബഹുമത, ബഹുവര്‍ഗ, ബഹുസംസ്കാര സമൂഹത്തെ ഇതെങ്ങോട്ട് നയിക്കുകയെന്ന് ചിന്തിക്കാന്‍ സമയമായി.

(സമകാലിക മലയാളം വാരിക 2010 ജൂണ്‍ ലക്കത്തില്‍ നിന്ന് )

Leave a Reply

Your email address will not be published. Required fields are marked *

Go Top