സമ്മതിദാനത്തിന്റെ ധര്‍മസങ്കടങ്ങള്‍

എൻ.പി.രാജേന്ദ്രൻ

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഒരു ദേശീയപ്രശ്‌നവുമുണ്ടായിരുന്നില്ലെന്ന്‌ ചില നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന്റെ ഭരണാധികാരികളെ തിരഞ്ഞെടുക്കുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്‌ രാജ്യത്തെ ആകെ ബാധിക്കുന്ന പ്രശ്‌നങ്ങളാണെന്ന മുന്‍ധാരണ ഈ അഭിപ്രായത്തിന്‌ പിറകിലുണ്ട്‌. ദേശീയതലത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാഞ്ഞിട്ടാണോ ചര്‍ച്ച ചെയ്യപ്പെടാതിരുന്നത്‌ ? അതല്ല ദേശീയപ്രശ്‌നങ്ങള്‍ എന്നുവിളിക്കപ്പെടുന്ന പ്രശ്‌നങ്ങളേക്കാള്‍ പ്രധാനമെന്ന്‌ ജനങ്ങള്‍ക്കും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും തോന്നിയത്‌ പ്രദേശികപ്രശ്‌നങ്ങളായതുകൊണ്ടോ ? തമിഴ്‌നാട്ടിലെ മുഖ്യചര്‍ച്ചാവിഷയം ശ്രീലങ്കാ പ്രശ്‌നമായിരുന്നു. അതൊരു പ്രാദേശികപ്രശ്‌നമാണോ ദേശീയപ്രശ്‌നമോ ? ശ്രീലങ്കാ പ്രശ്‌നത്തിനുള്ളതിലേറെ ദേശീയപ്രാധാന്യം വരുണ്‍ ഗാന്ധിയുടെ വായ്‌ത്താരികള്‍ക്കുണ്ടോ ?

ദേശീയ വികാരത്തിന്റെ ജലനിരപ്പ്‌ താഴുമ്പോള്‍ സ്വാഭാവികമായും ഉപദേശീയ വികാരങ്ങളുടെ കുന്നിന്‍തലപ്പുകള്‍ ദൃഷ്ടിപഥത്തിലെത്തും. ദേശീയപ്രശ്‌നങ്ങളെന്ന്‌ വിളിക്കപ്പെടുന്ന പലതും താഴേക്ക്‌ പോവുകയും ഉപദേശീയ പ്രശ്‌നങ്ങള്‍ കൂടൂതല്‍ സജീവമായി ഉന്നയിക്കപ്പെടുകയും ചെയ്യുന്നുവെന്നത്‌ ജനാധിപത്യത്തില്‍ ദോഷമായി പരിഗണിക്കേണ്ട കാര്യമല്ല. കുറച്ചുകാലമായി ഇത്‌ പ്രകടമാണ്‌. തീര്‍ച്ചയായും നമ്മുടെ രാഷ്‌ട്രീയത്തിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചന കൂടിയാണിത്‌. ചര്‍ച്ച ചെയ്യാന്‍ ദേശീയപ്രശ്‌നങ്ങളില്ല എന്ന വിഷമം 2004 ലെ തിരഞ്ഞെടുപ്പുകാലത്തും ഉന്നയിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ്‌‌ വിരുദ്ധമുന്നണി രാഷ്‌ട്രീയത്തിന്‌ തുടക്കമിട്ട 1967 ലോ ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാവോ ചര്‍ച്ച ചെയ്യപ്പെട്ട 1971 ലോ അടിയന്തരാവസ്ഥ ഏക ചര്‍ച്ചാവിഷയമായ 1977 ലോ മണ്ഡല്‍ റിപ്പോര്‍ട്ടോ, ബോഫോഴ്‌സ്‌ കോഴയോ ബാബ്‌റി മസ്‌ജിദോ ചര്‍ച്ചാവിഷയമായ പില്‍ക്കാല തിരഞ്ഞെടുപ്പുകളിലോ പ്രാദേശികപ്രശ്‌നങ്ങള്‍ കാര്യമായി ഉന്നയിക്കപ്പെടുകയുണ്ടായില്ലന്നത്‌ ശരിയാണ്‌. ദേശീയ തലത്തില്‍ എല്ലാവര്‍ക്കും ഉയര്‍ത്തിപ്പിടിക്കാന്‍ പൊതുവായ മുദ്രാവാക്യങ്ങളുണ്ടായിരുന്നു, അജന്‍ഡകള്‍ ഉണ്ടായിരുന്നു. ഇന്നതില്ല. അന്ന്‌ മിക്കവാറും സംസ്ഥാനങ്ങളിലും മത്സരം ദേശീയ രാഷ്‌ട്രീയപാര്‍ട്ടികള്‍ തമ്മിലായിരുന്നു. ഇന്ന്‌ യു.പി.എ – എന്‍.ഡി.എ മുന്നണികളിലെ മുഖ്യപാര്‍ട്ടികള്‍ വളരെക്കുറച്ച്‌ സംസ്ഥാനങ്ങളിലേ നേരിട്ട്‌ ഏറ്റുമുട്ടുന്നുള്ളൂ. പ്രദേശികകക്ഷികളാണ്‌ ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ മുഖ്യകക്ഷികളെ എതിരിട്ടത്‌. ദേശീയ കക്ഷികളായ കോണ്‍ഗ്രസ്സും ബി.ജെ.പി.യും ഏറ്റുമുട്ടിയത്‌ ഗുജറാത്തും രാജസ്ഥാനും മധ്യപ്രദേശും കര്‍ണാടകയും പോലെ കുറച്ചു സംസ്ഥാനങ്ങളില്‍ മാത്രമാണ്‌. പ്രാദേശികപാര്‍ട്ടികള്‍ ഉന്നയിക്കുന്നത്‌ മിക്കവാറും പ്രദേശികപ്രശ്‌നങ്ങളാവും. കൂടുതല്‍ അപ്പീല്‍ പ്രാദേശികപ്രശ്‌നങ്ങള്‍ക്കാണ്‌. അതുകൊണ്ടുതന്നെ ദേശീയപാര്‍ട്ടികള്‍ക്കും ദേശീയ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച്‌ പ്രദേശികപ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടി വരുന്നു. തീര്‍ച്ചയായും ദേശീയ രാഷ്‌ട്രീയത്തിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടാകും.

1977 വരെ തനിച്ചുമത്സരിക്കുകയും തനിച്ചുഭരിക്കുകയും പലപ്പോഴും മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം നേടുകയും ചെയ്‌തിട്ടുള്ള കോണ്‍ഗ്രസ്സ്‌ ഇത്തവണ പാതി സീറ്റുകളില്‍പോലും തനിച്ചല്ല മത്സരിച്ചത്‌. പരമാവധി സീറ്റുകളില്‍ കൂട്ടുകെട്ടുകളുണ്ടാക്കാന്‍ ശ്രമിച്ചു. യു.പി.എ ഘടകകക്ഷികള്‍ തഴഞ്ഞതുകൊണ്ടാണ്‌ ബിഹാറിലും യു.പി.യിലും പാര്‍ട്ടി കൂറെയേറെ സീറ്റുകളില്‍ മത്സരിക്കാന്‍ നിര്‍ബന്ധിതമായത്‌. അല്ലെങ്കില്‍ മൂന്നില്‍ രണ്ടുഭാഗത്തില്‍ കുറവ്‌ സീറ്റുകളിലേ പാര്‍ട്ടി മത്സരിക്കുമായിരുന്നുള്ളൂ. മൂന്നൂറ്ററുപത്തഞ്ചു സീറ്റുകളിലേക്കേ ബി.ജെ.പി മത്സരിച്ചുള്ളൂ. മൂന്നാം മുന്നണിയുടെ നേതാക്കളായി നടിക്കുന്ന സി.പി.എം മത്സരിച്ചത്‌ എഴുപതുസീറ്റുകളില്‍ മാത്രം. അതിലാകട്ടെ നാല്‌പതും കേരളം, പ.ബംഗാള്‍ സംസ്ഥാനങ്ങളില്‍. ദേശീയപാര്‍ട്ടികളുടെ സ്ഥിതിയാണ്‌ ഇത്‌.

ആദ്യ നിയമസഭാതിരഞ്ഞെടുപ്പില്‍തന്നെ കോണ്‍ഗ്രസ്‌ തോറ്റ സംസ്ഥാനമാണ്‌ കേരളം. അന്ന്‌ തനിച്ച്‌ ഭൂരിപക്ഷം നേടിയ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കും പിന്നീടൊരിക്കലും ഒറ്റയ്‌ക്ക്‌ ജയിക്കാനായില്ല. പക്ഷേ, ദ്വികക്ഷി വ്യവസ്ഥയുമായി തുലനപ്പെടുത്താവുന്ന തരം ദ്വിമുന്നണി വ്യവസ്ഥ കേരളത്തില്‍ രൂപപ്പെടുത്താന്‍ ഇരുകക്ഷികള്‍ക്കും കഴിഞ്ഞു. വല്ലപ്പോഴും മറുകണ്ടം ചാടുന്ന കക്ഷികളുണ്ടെങ്കിലും ഇരുമുന്നണികളും ഏതാണ്ട്‌ ആശയപരമായി സമാനമനസ്‌കരുടെ കൂട്ടായ്‌മകളാണ്‌. കേരളത്തിലെന്ന പോലെ മുന്നണിഭരണം കേന്ദ്രത്തിലും സാധാരണസംഭവമായെങ്കിലും ആശയൈക്യമുള്ള കക്ഷികളുടെ മുന്നണി എന്ന രീതി കേന്ദ്രത്തില്‍ രൂപപ്പെടുന്നേ ഇല്ല. ഇരുപതിലേറെ കക്ഷികളുടെ മുന്നണികളായാണ്‌ യു.പി.എ.യും എന്‍.ഡി.എ.യും ഭരണം നടത്തിയതെങ്കിലും ഇന്ന്‌ ഈ മുന്നണികളില്‍ ഉറച്ചുനില്‍ക്കുന്ന കക്ഷികള്‍ എത്രയുണ്ടെന്ന്‌ ആര്‍ക്കും പറയാനാകില്ല. അടുത്ത ഒരാഴ്‌ച്ചക്കകം ഏത്‌ കക്ഷി ഏത്‌ മുന്നണിയില്‍ ചേരുമെന്ന്‌ ആര്‍ക്ക്‌ പ്രവചിക്കാനാകും ? കേന്ദ്രമന്ത്രിസഭയില്‍ അംഗമായ ചില ഘടകകക്ഷി നേതാക്കള്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിനെതിരെ മുന്നണികളെ നയിക്കുക പോലും ചെയ്‌തു.

കരുത്തരായ പ്രധാനമന്ത്രിസ്ഥാനാര്‍ഥികളെ ജനങ്ങള്‍ക്ക്‌ മുന്നില്‍ ഉയര്‍ത്തിക്കാട്ടിയാണ്‌ മുന്‍കാലങ്ങളിലെല്ലാം കോണ്‍ഗ്രസ്‌ സമ്മതിദായകരെ സമീപിച്ചിരുന്നത്‌. ഏറ്റവും ഒടുവില്‍ 2004ല്‍ പോലും സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ വേണ്ടിയാണ്‌ കോണ്‍ഗ്രസ്‌ വോട്ട്‌ ചോദിച്ചത്‌. സോണിയ പ്രധാനമന്ത്രിയായില്ലെന്നത്‌ വേറെ പ്രശ്‌നം. എന്നാല്‍ കോണ്‍ഗ്രസ്സിന്‌ ഇത്തവണ ആര്‌ പ്രധാനമന്ത്രിയാകും എന്ന്‌ തിരഞ്ഞെടുപ്പുകാലത്ത്‌ ഉറപ്പിച്ചുപറയാനായില്ല. മന്‍മോഹന്‍ സിങ്ങ്‌ തന്നെയാണ്‌ പ്രധാനമന്ത്രിയാകുക എന്ന്‌ കോണ്‍ഗ്രസ്‌ പറഞ്ഞിരുന്നെങ്കിലും അതിനൊട്ടും ശക്തിയുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാല്‍ വേറെ പ്രധാനമന്ത്രി വരും എന്ന്‌ ആരും പറയാതെതന്നെ എല്ലാവര്‍ക്കും തോന്നിയിരുന്നു. ഒരിക്കലും ജനനേതാവായിരുന്നിട്ടില്ലാത്ത മന്‍മോഹന്‍ സിങ്ങിന്‌ അഞ്ചുവര്‍ഷം പ്രധാനമന്ത്രിയായിരുന്നിട്ടുപോലും ജനനേതാവായി വളരാന്‍ കഴിഞ്ഞില്ല. ജീവിതകാലംമുഴുവന്‍ രാഷ്‌ട്രീയപ്രവര്‍ത്തകനായിരുന്ന പി.വി.നരസിംഹറാവു അഞ്ചുവര്‍ഷത്തെ രാജ്യഭരണത്തിന്‌ ശേഷം എത്തിപ്പെട്ടത്‌ ഇതിനേക്കാള്‍ ദയനീയമായ നിലയിലായിരുന്നു. മന്‍മോഹന്‍ സിങ്ങിന്‌ അത്രത്തോളമൊന്നും പോകേണ്ടിവന്നില്ലല്ലോ എന്ന്‌ വേണമെങ്കില്‍ ആശ്വസിക്കാം. മന്‍മോഹന്‍ സിങ്ങിന്‌ ശേഷമുള്ള പ്രധാനമന്ത്രിയെ പ്രചാരണരംഗത്ത്‌ കോണ്‍ഗ്രസ്‌ പരോക്ഷമായി ഉയര്‍ത്തിക്കാട്ടിയെന്നതാണ്‌ സത്യം.

ബി.ജെ.പി.യും ഇതുചെയ്‌തു. ബി.ജെ.പി. ഉറച്ച ഭാഷയില്‍ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും എണ്‍പതുപിന്നിട്ട അദ്വാനിയെക്കുറിച്ച്‌ വോട്ടര്‍മാര്‍ക്ക്‌ ആശങ്കയുണ്ടെന്ന ആത്മവിശ്വാസക്കുറവ്‌ അവരില്‍ പ്രകടമായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ അദ്വാനിക്ക്‌ ശേഷം നരേന്ദ്രമോഡി എന്ന ചര്‍ച്ച ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്നത്‌. അത്‌ ഗുണമാണോ ദോഷമാണോ ചെയ്‌തതെന്നത്‌ വേറെകാര്യം. ഒരു പക്ഷേ ഇതാദ്യമായാവണം മുഖ്യമുന്നണികള്‍ പ്രധാനമന്ത്രി പദവിക്കുള്ള ക്യൂവില്‍ ഡമ്മിയായി മറ്റൊരു സ്ഥാനാര്‍ഥിയെക്കൂടി നിര്‍ത്തിയത്‌.

മുന്നണികളെല്ലാം ദ്രവാവസ്ഥയിലായതുകൊണ്ട്‌ മൂന്നാം മുന്നണിയുടെ സാധ്യതകളും വോട്ടെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോഴെങ്കിലും ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. മൂന്നാം മുന്നണിയിലാരെല്ലാമുണ്ടെന്ന്‌ ഇപ്പോഴും ആര്‍ക്കുമറിയില്ല. ഇടതുപക്ഷകക്ഷികളുടെ കാര്യത്തില്‍ മാത്രമേ ഉറപ്പുണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസ്സിനെയും ബി.ജെ.പി.യെയും മാത്രമേ മൂന്നാംമുന്നണിയ്‌ക്ക്‌ പുറത്തുനിര്‍ത്താന്‍ ഉദ്ദേശ്യമുള്ളൂ. കോണ്‍ഗ്രസ്സില്‍ ആരോപിക്കപ്പെടുന്ന എല്ലാ ദൂഷ്യങ്ങളും അതിലേറെയുള്ളവയാണ്‌ മിക്ക മൂന്നാം മുന്നണി കക്ഷികളും. പതിനാലുവര്‍ഷമായി ബി.ജെ.പി.യോടൊപ്പം കഴിഞ്ഞുകൂടിയ ബിജു ജനതാദളിനെയോ ആഗോളീകരണത്തിന്റെ അപ്പോസ്‌തലന്മാരായ തെലുഗുദേശത്തെയോ ബി.ജെ.പി.യേക്കാള്‍ വലിയ ഹിന്ദുത്വരാഷ്‌ട്രീയം കൊണ്ടുനടന്ന ജയലളിതയെയോ തള്ളിപ്പറയാന്‍ ഇടതുപക്ഷം തയ്യാറായില്ല. അഴിമതിയെന്നത്‌ കൃത്യമായ രാഷ്‌ട്രീയനിലപാട്‌ ആവശ്യമായ ഒരു വിഷയമായി സി.പി.എം പോലൊരു കക്ഷി കാണുന്നേയില്ലെന്നത്‌ ശ്രദ്ധിക്കപ്പെട്ടു. ഘടകകക്ഷിനേതാക്കളുടെ അഴിമതിയെക്കുറിച്ചെല്ലാം അന്വേഷിക്കാന്‍ പുറപ്പെട്ടാല്‍ മുന്നണിയുണ്ടാക്കാനൊന്നും പറ്റില്ലെന്ന്‌്‌ സി.പി.എം സിക്രട്ടറി പ്രകാശ്‌ കാരാട്ട്‌ തുറന്നുപറയുകതന്നെ ചെയ്‌തു. നയങ്ങളുടെയോ പരിപാടികളുടെയോ രാഷ്‌ട്രീയസദാചാരത്തിന്റെയോ കാര്യത്തില്‍ മൂന്നാം മുന്നണിയിലെ ഏത്‌ കക്ഷിയാണ്‌ കോണ്‍ഗ്രസ്സിനേക്കാള്‍ ഭേദപ്പെട്ടത്‌ എന്ന ചോദ്യം ഉയര്‍ന്നാല്‍ മറുപടി പറയുക പ്രയാസമായിരിക്കും. ആഗോളീകരണമായാലും ആണവക്കരാര്‍ ആയാലും കോണ്‍ഗ്രസ്‌ നിലപാടിനോടാണ്‌ ഈ കക്ഷികള്‍ക്കേറെയും അടുപ്പം. ഒരു പക്ഷേ ഒരു കോണ്‍ഗ്രസ്‌ മന്ത്രിസഭയെ പിന്‍സീറ്റിലിരുന്ന്‌ നിയന്ത്രിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ദുര്‍ബലകക്ഷികളുടെ കൂട്ടുകെട്ടിനെ നിയന്ത്രിക്കാം എന്നു ഇടതുകക്ഷികള്‍ കരുതുന്നുണ്ടാവാം.

തത്ത്വരഹിതമായ നിലപാടുമാറ്റങ്ങള്‍ ഇടതുപക്ഷകക്ഷികളുടെ ഭാഗത്തുനിന്നാവുമ്പോള്‍ കൂടതല്‍ ആശങ്ക ഉണ്ടാക്കുന്നു. കഴിഞ്ഞ ഇരുപതുവര്‍ഷത്തിനിടയില്‍ ഇടതുകക്ഷികള്‍ മൂന്നുമുഖ്യ രാഷ്‌ട്രീയസഖ്യങ്ങള്‍ക്കൊപ്പവും മാറിമാറി നിലയുറപ്പിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്താന്‍ മൂന്നാം മുന്നണി- ബി.ജെ.പി കൂട്ടുകെട്ടിനൊപ്പവും ബി.ജെ.പി.യെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ്‌ കൂട്ടുകെട്ടിലും ചെന്നുനിന്നു. ഇപ്പോഴിതാ രണ്ടിനെയും ഒഴിവാക്കാന്‍ മൂന്നാമതൊന്നിന്‌ സാധിക്കുമെന്ന്‌ വ്യാമോഹിക്കുന്നു. ഇന്ത്യ പോലൊരു വിശാല രാജ്യത്ത്‌്‌ രണ്ടുസംസ്ഥാനത്ത്‌ ഒതുങ്ങിനില്‍ക്കേണ്ടിവരുന്നതിന്റെ പരിഭവവും നിസ്സഹായതയും മനസ്സിലാക്കാനാവും. ഒന്നോ രണ്ടോ ദശാബ്ദം മുമ്പുമാത്രം ജന്മംകൊണ്ട പാര്‍ട്ടികള്‍ യു.പി.യും ബിഹാറും പോലുള്ള വന്‍ സംസ്ഥാനങ്ങളിലെ ഭരണം പിടിക്കുമ്പോഴാണ്‌ ഇടതുപക്ഷകക്ഷികള്‍ ഇന്നും രണ്ടുസംസ്ഥാനത്തിലൊതുങ്ങിനില്‍ക്കുന്നതെന്നോര്‍ക്കണം. ദലിതര്‍, ആദിവാസികള്‍, പിന്നോക്ക ജാതികള്‍, അസംഘടിതതൊഴിലാളികള്‍, നഗരചേരികളിലെ ദരിദ്രര്‍, വനിതകള്‍ തുടങ്ങി ഏറ്റവും പിന്നില്‍നില്‍ക്കുന്ന ജനവിഭാഗങ്ങളില്‍ കയറിച്ചെല്ലാന്‍ കഴിയാതെ പാര്‍ലമെന്ററി കമ്യൂണിസ്റ്റ്‌കക്ഷികള്‍ ബോണ്‍സായ്‌ വൃക്ഷം പോലാകുന്നതെന്തുകൊണ്ട്‌ എന്ന ചോദ്യം അവര്‍ സ്വയംചോദിക്കുന്നുപോലുമില്ല. എന്നിട്ട്‌, കോണ്‍ഗ്രസ്സിന്റെ ശക്തി ക്ഷയിക്കുന്നതുകൊണ്ടാണ്‌ ഹിന്ദുവര്‍ഗീയവാദികള്‍ ശക്തിപ്പെടുന്നതെന്ന്‌ കുറ്റപ്പെടുത്തുകയും ചെയ്യും. തങ്ങളുടെ ശക്തിയില്ലായ്‌മ തീര്‍ത്തും സാധാരണമായ ഒരു കാര്യമാണെന്ന്‌ പറയാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌.

ഒരു ലോക്‌സഭാ മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരുടെ സംഖ്യയോളമാണ്‌ സി.പി.എമ്മിന്റെ ഇന്ത്യയിലാകെയുള്ള അംഗബലം. (കൊയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിലവതരിപ്പിച്ച റിപ്പോര്‍ട്‌ അനുസരിച്ച്‌ മൊത്തം അംഗസംഖ്യ 9,82,155. അതില്‍ എഴുപതുശതമാനം രണ്ടു സംസ്ഥാനങ്ങളില്‍) ഏറ്റവും വലിയ സംസ്ഥാനമായ ഉത്തരപ്രദേശിലുള്ളത്‌ 6175 അംഗങ്ങള്‍. നൂറുകോടിയിലേറെ ജനങ്ങളുള്ള രാജ്യം ആരു ഭരിക്കണമെന്ന്‌ നിര്‍ണയിക്കാന്‍ കരുത്തുള്ള കിങ്‌ മെയ്‌ക്കര്‍മാരായി നടിക്കുന്നവരുടെ അവസ്ഥയാണ്‌ ഇതെന്ന്‌ര്‍ക്കുക. ഒപ്പം ഒന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്‌- രണ്ടു പാര്‍മെന്ററി കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കുമാത്രമാണ്‌ ഈ ശക്തിക്ഷയം. കമ്യൂണിസ്‌റ്റ്‌ തീവ്രവാദികളായ മാവോയിസ്റ്റുകള്‍ എങ്ങും ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. തിരഞ്ഞെടുപ്പുതന്നെ അലങ്കോലപ്പെടുത്താന്‍ കഴിയുംവിധം ഭീകരപ്രവര്‍ത്തനം വ്യാപകമായിട്ടുണ്ട്‌. ആയുധമെടുക്കുന്നതുകൊണ്ടുമാത്രമാണോ മാവോയിസ്റ്റുകള്‍ ശക്തരാകുന്നത്‌ ? ചൈനയില്‍പോലും മാവോയിസത്തിന്‌ അര്‍ഥം നഷ്ടപ്പെടുമ്പോള്‍ എന്തുകൊണ്ടാണ്‌ നമ്മുടെ ഗ്രാമങ്ങളില്‍ മാവോയിസത്തിന്‌ സ്വാധീനമേറുന്നതെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നേയില്ല. ക്രമസമാധാനപ്രശ്‌നമെന്നതിനപ്പുറം, തിരഞ്ഞെടുപ്പില്‍പ്പോലും അതൊട്ടും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല.

സ്ഥാനമാനങ്ങളും ഭരണത്തിന്റെ അനന്തസാധ്യതകളുമല്ലാതെ എന്തെങ്കിലും രാഷ്‌ട്രീയ ലക്ഷ്യം മൂന്നാം മുന്നണിയിലെ കമ്യൂണിസ്‌റ്റ്‌ ഇതര കക്ഷികളെ നയിക്കുന്നതായി അറിയില്ല. ജനപിന്തുണയേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം അവര്‍ ലോക്‌സഭയില്‍ നേടുക ഈ തത്ത്വരഹിത കൂട്ടുകെട്ടുകളുടെ സഹായത്തോടെയാണ്‌. ലോക്‌സഭയിലെ അംഗബലവുമായി ഒരു അനുപാതവുമില്ലാത്ത പദവികള്‍ അവര്‍ കേന്ദ്രമന്ത്രിസഭയില്‍ നേടാറുമുണ്ട്‌. മന്‍മോഹന്‍സിങ്ങിന്റെ മന്ത്രിസഭയില്‍തന്നെ ഡി.എം.കെ. ഉള്‍പ്പെടെ നിരവധി കക്ഷികള്‍ അങ്ങനെ നേടിയ മന്ത്രിസ്ഥാനങ്ങള്‍ രാജ്യനന്മക്ക്‌ വേണ്ടിയാണ്‌ ഉപയോഗപ്പെടുത്തിയതെന്ന്‌ ആര്‍ക്കും വാദിക്കാനാവില്ല. മുന്നണി നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയാണ്‌ ഈ കക്ഷികള്‍ അനര്‍ഹമായതെല്ലാം തട്ടിയെടുക്കുന്നത്‌. ഭരണത്തിലും വികസനത്തിലും ശ്രദ്ധിക്കേണ്ട ഭരണനേതൃത്വത്തിന്റെ സമയം മുഴുവന്‍ മുന്നണിഘടകകക്ഷികളെ പ്രീണിപ്പിച്ചുനിര്‍ത്താന്‍ ചെലവഴിക്കേണ്ടിവരുന്നു. അടുത്ത അഞ്ചുവര്‍ഷവും ഇക്കാര്യത്തില്‍ വലിയ മാറ്റമൊന്നുമുണ്ടാകുകയില്ല.

സമ്പന്നവര്‍ഗത്തിന്റെ തിരഞ്ഞെടുപ്പുരംഗത്തേക്കുള്ള കടന്നുകയറ്റവും ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ക്രിമിനലുകളുടെ ആധിക്യമാണോ സമ്പന്നരുടെ ആധിക്യമാണോ കൂടുതല്‍ അപകടമാവുകയെന്ന ചര്‍ച്ച പോലുമുണ്ടായി. വ്യക്തികളെന്ന നിലയില്‍ സമ്പന്നര്‍ കുഴപ്പക്കാരാവണമെന്നില്ല. എന്നാല്‍ നിയമനിര്‍മാണത്തിലും ഭരണനയങ്ങളുടെ രൂപവല്‍ക്കണത്തിലും നിര്‍ണായക സ്വാധീനം ചെലുത്താന്‍ ജയിച്ചുവരുന്ന കോടിപതി സ്ഥാനാര്‍ഥികള്‍ക്കുകഴിഞ്ഞേക്കാം. ആദ്യഘട്ടവോട്ടെടുപ്പില്‍ സ്ഥാനാര്‍ഥികളായിരുന്നര്‍ക്കിടയില്‍ നാഷനല്‍ ഇലക്ഷന്‍വാച്ച്‌ നടത്തിയ പഠനം വെളിവാക്കിയത്‌ 1440 സ്ഥാനാര്‍ഥികളില്‍ 193 പേര്‍ കോടിപതികളാണെന്നതാണ്‌. ഇവരുടെ എണ്ണം മുന്‍ കാലത്തേക്കാള്‍ വളരെ കൂടുതലുമാണ്‌.

വരുമാന നികുതിയടവുകാര്‍ക്ക്‌ നിര്‍ബന്ധമായ പാന്‍ നമ്പര്‍ പോലും ഇല്ലാത്തവരാണ്‌ പത്തും നൂറും കോടിയുടെ സ്വത്തുകാരായിരിക്കുന്നതെന്ന വസ്‌തുതയും ശ്രദ്ധിക്കേണ്ടതാണ്‌. അസമത്വവും ദാരിദ്ര്യവും ചൂഷണവും അനീതിയും ഇല്ലാത്ത സമൂഹത്തിന്റെ സൃഷ്ടിയെ സഹായിക്കുന്നതാണോ ഈ പുതിയ രാഷ്ട്രീയപ്രവണതയെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനായ മുകള്‍ ശര്‍മ ചോദിക്കുകയുണ്ടായി (ഇന്‍ഫോ ചെയ്ഞ്ച് ഫീച്ചേഴ്‌സ്- ഏപ്രില്‍ 2009)ലോകത്താകമാനം ചര്‍ച്ചാവിഷയമായ സാമ്പത്തികമാന്ദ്യം ഈ തിരഞ്ഞെടുപ്പുകാലത്ത് എത്രമാത്രം ചര്‍ച്ചാവിഷയമായി എന്നതും പഠിക്കേണ്ട കാര്യമാണ്. ആഗോളീകരണത്തിന്റെ ദുരന്തഫലങ്ങളില്‍ ഒന്നായി ഇടതുപക്ഷം അവതരിപ്പിക്കുന്നുണ്ടെന്നല്ലാതെ, ദേശീയകക്ഷികളൊന്നും മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തുന്നതിന്റെ മാര്‍ഗങ്ങളെക്കുറിച്ച്, മാനിഫെസ്റ്റോകളിലെ പരിഹാര വാഗ്ദാനങ്ങള്‍ക്ക് അപ്പുറം കാര്യമായ ചര്‍ച്ചയുണ്ടായില്ല.

ആഗോളീകരണത്തില്‍ വലിയ ആവേശമൊന്നും പാര്‍ട്ടികള്‍ക്കിപ്പോഴില്ലെന്നതാണ് മാനിഫെസ്റ്റോകള്‍ നല്‍കുന്ന സൂചന. മാത്രവുമല്ല പാവങ്ങള്‍ക്ക് വേണ്ടി നികുതിപ്പണം ചെലവഴിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നുമുണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍. സൗജന്യനിരക്കില്‍ ഭക്ഷ്യധാന്യം നല്‍കാമെന്ന വാഗ്ദാനം മിക്ക പാര്‍ട്ടികളുടെ മാനിഫെസ്റ്റാകളിലുമുണ്ട്. രാജ്യത്തെ ഫലപ്രദമായ ഭക്ഷ്യപൊതുവിതരണസമ്പ്രദായം പൊളിച്ചെറിയുന്നതില്‍ കുറ്റകരമായ പങ്കുവഹിച്ച പാര്‍ട്ടികള്‍ തന്നെയാണ് ഈ സൗജന്യ ധാന്യവിതരണവ്യവസ്ഥയുമായി മുന്നോട്ടുവന്നിരിക്കുന്നതെന്നും ഓര്‍ക്കണം. ലോക്‌സഭയില്‍ കൂടുതല്‍ കൂടുതല്‍ കക്ഷികള്‍ പ്രാതിനിധ്യം നേടുന്നുണ്ട്. ആനുപാതിക പ്രാതിനിധ്യസമ്പ്രദായമാണ് വ്യത്യസ്തവിഭാഗം ജനതാല്പര്യങ്ങളെ പ്രതിനിധീകരിക്കാന്‍ നല്ലത്. ഇന്ത്യയിലേത് ആനുപാതിക പ്രാതിനിധ്യവ്യവസ്ഥയല്ല. എന്നിട്ടും വ്യത്യസ്തതാല്പര്യക്കാരുടെ മുന്നണികള്‍ വഴി ആനുപാതിക പ്രാതിനിധ്യവ്യവസ്ഥയുടെ ഗുണം നമ്മുടെ വ്യവസ്ഥയ്ക്കും ലഭിക്കുന്നുണ്ട്. എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികള്‍ പാര്‍ലമെന്റിലെത്തുന്നു. ആശാസ്യമാണ് ഇതെങ്കിലും അനാശാസ്യമായ ചില പ്രവണതകള്‍ ഇതോടൊപ്പം ചേര്‍ന്നുവരുന്നു. മൊത്തം രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ താല്പര്യങ്ങള്‍ പരിഗണിക്കാതെ തീര്‍ത്തും വിഭാഗീയങ്ങളായ, പലപ്പോഴും അന്യായങ്ങളായ നിലപാടുകളുടെ വിജയമായി ഇതുമാറുന്നുണ്ടെന്ന് കാണാതിരുന്നുകൂടാ. സമൂഹത്തിലെ വ്യത്യസ്തവിഭാഗങ്ങളുടെ താല്പര്യങ്ങളെയും രാജ്യതാല്പര്യങ്ങളെയും ഒരു പോലെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്ന രാഷ്ട്രീയ ശക്തി വളര്‍ന്നുവരുന്നതുവരെ ഇന്നത്തെ നില തുടരുകയേ നിവൃത്തിയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Go Top