രാഷ്ട്രീയത്തിന്റെ കേരള മോഡല്‍

എൻ.പി.രാജേന്ദ്രൻ

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞയാഴ്ച കേരളത്തില്‍ ഹര്‍ത്താലായിരുന്നു. ഹര്‍ത്താല്‍ എന്നുപറഞ്ഞാല്‍ ബന്ദ്‌ ആണെന്നും അന്നു കടകമ്പോളങ്ങളൊന്നും തുറക്കില്ലെന്നും വാഹനങ്ങളൊന്നും ഓടുകയില്ലെന്നും ആര്‍ക്കാണറിയാത്തത്‌? മലയാളികള്‍ക്കെല്ലാം അറിയാം.

എന്നാല്‍, മലയാളികള്‍ അറിയാത്ത ഒരു കാര്യമുണ്ട്‌. അത്‌ കേരളീയര്‍ വലിയ ബഹുമതിയായി കരുതേണ്ട കാര്യമാണ്‌! ലോകത്തുതന്നെ പെട്രോളിയം വിലപ്രശ്നത്തില്‍ എല്ലാം അടച്ചുപൂട്ടിയുള്ള സമരം നടക്കുന്ന ലോകത്തിലെ ഏക സ്ഥലം കേരളമാണ്‌.

പെട്രോള്‍, നാളികേരം പോലെയോ, റബര്‍ പോലെയോ ഇവിടെ ഉത്പാദിപ്പിക്കുന്ന സാധനമല്ല. ആയിരുന്നെങ്കില്‍ വില ഉയര്‍ന്നാലല്ല, കുറഞ്ഞാലാണു നാം സമരം ചെയ്യുക. പെട്രൊള്‍ ഒരു ഇറക്കുമതി ഉത്പന്നമാണ്‌. ആവശ്യമുള്ളതിന്റെ വളരെ കുറഞ്ഞ ഒരു പങ്കുമാത്രമാണ്‌ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്‌. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച്‌ ഇവിടെ വില കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്തേ പറ്റൂ. എന്തുകൊണ്ടാണ്‌ അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നത്‌? അത്‌ ആര്‍ക്കെങ്കിലും കൃത്യമായി അറിയുമോ എന്നു നിശ്ചയമില്ല. ഇറാക്ക്‌ യുദ്ധകാലത്ത്‌ കേട്ടിരുന്നത്‌, യുദ്ധം തീര്‍ന്നാല്‍ വില കുറയുമെന്നാണ്‌. അതെന്തോ ആവട്ടെ, വില ഉയരുന്നതില്‍ എണ്ണയുത്പാദക രാജ്യങ്ങള്‍ക്കുപോലും ആശങ്കയുണ്ട്‌. വില കുറയ്ക്കാന്‍ അവര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നുണ്ട്‌. എങ്കിലും വില ഉയരുകതന്നെയാണ്‌. ആഗോളവത്കരണത്തിന്റെ അടിസ്ഥാന തത്ത്വശാസ്ത്രമായ ‘വിപണി ഭരണം’ ഇനിയും നടപ്പില്‍ വന്നിട്ടില്ലാത്ത മേഖലയാണ്‌ ഊര്‍ജരംഗം എന്ന്‌ ഇടയ്ക്കൊന്നു പറഞ്ഞോട്ടെ. എല്ലാ രംഗങ്ങളിലും ഡിമാന്‍ഡും സപ്ലൈയും ചേര്‍ന്ന്‌ വില നിശ്ചയിക്കും എന്നാണ്‌ പറയാറുള്ളത്‌. ഉത്പാദകര്‍ ഒത്തുചേര്‍ന്ന്‌ ഉത്പാദനത്തിന്‌ അളവു നിശ്ചയിക്കുന്നത്‌ ഡിമാന്‍ഡ്‌ – സപ്ലൈ തത്ത്വത്തിനു എതിരാണ്‌. വിപണിയില്‍ കുത്തക പാടില്ല എന്നാണല്ലോ സങ്കല്‍പ്പം. എണ്ണയുത്പാദകര്‍ക്ക്‌ പക്ഷേ, ഇതു ബാധകമല്ല. ലോക എണ്ണവില നിശ്ചയിക്കുന്നത്‌ എണ്ണയുത്പാദകര്‍ തന്നെയാണ്‌. ഉത്പാദനം എത്രവേണമെന്ന്‌ അവര്‍ നിശ്ചയിക്കും. ഉത്പാദകര്‍ തമ്മില്‍ മത്സരമേയില്ല. എന്നിട്ടും വില അവരറിയാതെ ഏറുന്നു. ആര്‍ക്കും ഒരു നിയന്ത്രണവും ഇല്ലാതെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തിനെതിരെ സമരം ചെയ്തിട്ടെന്തു കാര്യം. ലോകത്തിലൊരിടത്തും ഇല്ലാത്ത സമരം കേരളത്തില്‍ മാത്രമെന്തിനു നടത്തുന്നു, അതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ എന്ന ചോദ്യം കേരളത്തിലുയര്‍ന്നുവരാറില്ല. സുനാമിയോ, കൊടുങ്കാറ്റോ, ഭൂമികുലുക്കമോ പോലെ, ഇന്ത്യയിലാരുടെയും വരുതിയില്‍ നില്‍ക്കാത്ത ഒരു പ്രതിഭാസത്തിനെതിരെയാണ്‌ ഇന്ത്യയിലെ ഒരു മൂലയിലുള്ള കൊച്ചുസംസ്ഥാനത്ത്‌ സമരം നടന്നത്‌.

കഴിഞ്ഞവര്‍ഷാദ്യം വീപ്പയ്ക്ക്‌ മുപ്പത്‌ ഡോളറുണ്ടായിരുന്ന എണ്ണവില അറുപതു ഡോളറായി ഉയര്‍ന്നത്‌ ലോകസമ്പദ്‌വ്യവസ്ഥയ്ക്ക്‌ ഉണ്ടാക്കിയ ആഘാതത്തിന്റെ ഗൌരവം കുറച്ചുകാണുകയല്ല. എല്ലാ മേഖലയിലും ആശങ്കയുണ്ട്‌. സര്‍ക്കാരുകളും ലോകനേതാക്കളുമെല്ലാം ഇടപെട്ട്‌ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന ആവശ്യവും ന്യായയുക്തം തന്നെയാണ്‌. അതിനുള്ള മാര്‍ഗമെന്ത്‌ എന്നതാണ്‌ പ്രശ്നം.

എണ്ണവിലവര്‍ധനയല്ല നമ്മുടെ വിഷയം. കേരളത്തിലെ സമരാന്തരീക്ഷമാണ്‌. ഇന്റര്‍നെറ്റില്‍ കേരള പത്രങ്ങള്‍ വായിക്കുന്ന പ്രവാസി മലയാളികളുടെ മനസില്‍ ഈ ചിത്രം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന്‌ അവരില്‍നിന്ന്‌ ലഭിക്കുന്ന സന്ദേശങ്ങള്‍ സൂചന നല്‍കുന്നു. മിക്ക ദിവസത്തേയും കേരള പത്രങ്ങളിലെ മുഖ്യവാര്‍ത്ത സമരങ്ങളെ സംബന്ധിച്ചുള്ളതാണ്‌. ലാത്തിച്ചാര്‍ജ്‌, അക്രമം, കല്ലേറ്‌, തീവയ്പ്‌, ഹര്‍ത്താല്‍… ഇതും കേരളത്തിലെ മാതം പ്രതിഭാസമാണെന്നു ലോകപത്രങ്ങള്‍ എടുത്തുനോക്കിയാല്‍ അറിയാനാവും. സമരങ്ങള്‍ മറ്റെങ്ങുമില്ലെന്നല്ല. വലിയ പ്രശ്നം ഉയര്‍ന്നുവരുമ്പോള്‍ കൊടുങ്കാറ്റുപോലൊരു ബഹുജനസമരം ഉയര്‍ന്നുവന്നെന്നിരിക്കും. അമേരിക്കയിലും ഇംഗ്ലണ്ടിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജപ്പാനിലും കൊറിയയിലുമെല്ലാം ഇത്തരം സമരങ്ങളുടെ വേലിയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അതുകഴിഞ്ഞാല്‍ അവര്‍ ജീവിതത്തിലേക്കു മടങ്ങിപ്പോകും. പണിയെടുക്കും, ഉത്പാദിപ്പിക്കും. എപ്പോഴും സമരവും എപ്പോഴും പണിമുടക്കും എപ്പോഴും ഹര്‍ത്താലുകളും നടത്തുന്നവര്‍ കേരളീയര്‍ മാത്രമാണ്‌. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും അവരുടെ യുവജന വിദ്യാര്‍ഥിസംഘടനകളുമാണ്‌ ഈ പ്രവണതയെ ഇത്രമേല്‍ ശക്തിപ്പെടുത്തി നിത്യസംഭവമാക്കിയതെന്ന്‌ പറയാതെ തരമില്ല. ലോകരാജ്യങ്ങളിലെല്ലാം തൊഴിലാളിസമരവും വിദ്യാര്‍ഥിസമരവും നടക്കുമ്പോള്‍ അതൊട്ടും ഇല്ലാതിരുന്നത്‌ കമ്യൂണിസ്റ്റ്‌ രാജ്യങ്ങളില്‍ മാത്രമാണ്‌. ഞങ്ങളെല്ലാം അന്നു ധരിച്ചിരുന്നത്‌ പ്രശ്നങ്ങളൊന്നും ആര്‍ക്കും ഇല്ലാത്തതുകൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ രാജ്യങ്ങളില്‍ സമരമൊന്നും ഇല്ലാത്തതെന്നാണ്‌. 1ന്നന്ന0 ആകേണ്ടിവന്നു, ഈ ധാരണ മാറാന്‍. സമരം ചെയ്യാന്‍ അവര്‍ ആരെയും അനുവദിക്കാതിരുന്നതുകൊണ്ടാണ്‌ അങ്ങനെ സംഭവിച്ചിരുന്നത്‌. അഠധികാരത്തിനു പുറത്തുനില്‍ക്കുമ്പോള്‍ എല്ലായ്പോഴും സമരം ചെയ്തുകൊണ്ടിരിക്കുകയും അധികാരം സ്ഥാപിച്ചുകഴിഞ്ഞാല്‍ ആരെയും സമരം ചെയ്യാന്‍ അനുവദിക്കാതിരിക്കുകയുമാണ്‌ കമ്യൂണിസ്റ്റ്‌ രീതി.

ഇടതു വിദ്യാര്‍ഥി യുവജന സംഘടനകള്‍ കേരളത്തില്‍ ഇപ്പോള്‍ നടത്തുന്ന മറ്റൊരു സമരം പത്രങ്ങളില്‍ തലക്കെട്ട്‌ സൃഷ്ടിക്കുന്നുണ്ട്‌. മെഡിക്കല്‍ കോളജുപ്രവേശനം തടയുന്നതിനുവേണ്ടിയുള്ള സമരമാണ്‌ അക്രമാസക്തമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. ആശങ്കയാല്‍ രക്തസമ്മര്‍ദമേറി രക്ഷിതാക്കളും സമരക്കാരെ ഭയന്ന്‌ വിദ്യാര്‍ഥികളും കൌണ്‍സിലിംഗ്‌ സെന്ററുകളിലെത്തുന്നത്‌ പോലീസ്‌ സംരക്ഷണത്തോടെയാണ്‌. ഈ വിദ്യാര്‍ഥികളെന്തോ വലിയ പാതകം ചെയ്തു എന്നാണ്‌ തോന്നിപ്പോകുക. സമരക്കാര്‍ പറയുന്നത്‌ വിദ്യാര്‍ഥികള്‍ക്ക്‌ വേണ്ടിയാണ്‌ തങ്ങള്‍ സമരം ചെയ്യുന്നത്‌ എന്നാണ്‌. വിചിത്രമാണ്‌ ഈ അവസ്ഥ.

സ്വകാര്യ – സ്വാശ്രയ കോളജുകളില്‍ ഫീസ്‌ കുറയ്ക്കണമെന്നാവശ്യപ്പെട്ട്‌ നടത്തുന്ന ഈ സമരവും പെട്രോള്‍ വിലസമരംപോലെ കേരളത്തില്‍ മാത്രമുള്ളതാണ്‌. ലോകത്തെങ്ങും വിദ്യാഭ്യാസം സ്വകാര്യമേഖലയിലാണ്‌ നടക്കുന്നത്‌. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ ഉയര്‍ത്തുകമാത്രമാണ്‌ സര്‍ക്കാരുകളുടെ ധര്‍മം. ഫീസും മറ്റും നിശ്ചയിക്കുന്നത്‌ മാനേജ്മെന്റുകളാണ്‌. പാവപ്പെട്ടവര്‍ക്ക്‌ പഠിക്കേണ്ടേ എന്ന ചോദ്യമുണ്ട്‌. പാവപ്പെട്ടവര്‍ക്ക്‌ പഠിക്കാന്‍ പൊതുമേഖലയില്‍ സ്ഥാപനം തുടങ്ങാന്‍ സര്‍ക്കാരിനു സ്വാതന്ത്യ്രമുണ്ട്‌. അതല്ലെങ്കില്‍, പാവങ്ങള്‍ക്ക്‌ സ്കോളര്‍ഷിപ്പോ, മറ്റു സഹായങ്ങളോ ഏര്‍പ്പെടുത്താനുള്ള ബാധ്യത സമൂഹം ഏറ്റെടുക്കുകയാണ്‌ വേണ്ടത്‌. ലോകത്തെങ്ങും പാവപ്പെട്ടവര്‍ കഴിവുപ്രകടിപ്പിച്ചാല്‍ ഉയരങ്ങളിലേക്ക്‌ അവരെ കൈപിടിച്ചുയര്‍ത്തുന്ന സ്ഥാപനങ്ങളുണ്ട്‌. ദളിതനായ കെ.ആര്‍ണാരായണന്‍ അരനൂറ്റാണ്ടുമുമ്പ്‌ ഇംഗ്ലണ്ടില്‍ പഠിക്കാന്‍ പോയത്‌ വീട്ടിലെ സമ്പാദ്യമുപയോഗിച്ചിട്ടല്ല. നിരവധി പ്രതിഭാശാലികള്‍ ഈവിധ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വളര്‍ന്നിട്ടുണ്ട്‌. അതേര്‍പ്പെടുത്തേണ്ട ബാധ്യത സമൂഹത്തിന്റേതാണ്‌.

അഞ്ചുകൊല്ലം കൂടുമ്പോഴെല്ലാം അധികാരത്തിലെത്തുന്ന രാഷ്ട്രീയപാര്‍ട്ടികളാണ്‌ കേരളത്തിലെത്തുന്നത്‌ – കേരളത്തിലല്ലെങ്കില്‍ കേന്ദ്രത്തില്‍. ജനജീവിതം താറുമാറാക്കുന്ന സമരങ്ങള്‍ നടത്തേണ്ട കാര്യമൊന്നും ഇല്ല. ഇന്നത്തെ ഏത്‌ പ്രശ്നവും അടുത്ത തവണ അധികാരത്തില്‍ വരുമ്പോള്‍ അവര്‍ക്ക്‌ തീര്‍ക്കാവുന്നതേ ഉള്ളു.

പക്ഷേ, അധികാരത്തില്‍ വരുമ്പോള്‍, അതുവരെ പറഞ്ഞതെല്ലാം മറന്നുപോവുകയും അധികാരത്തിലിരുന്നു ചെയ്യുന്നതെല്ലാം പുറത്തിറങ്ങുമ്പോള്‍ മറന്നുപോവുകയും ചെയ്യുന്ന പ്രത്യേക സ്വഭാവമാണ്‌ കേരളത്തിലെല്ലാ പാര്‍ട്ടികള്‍ക്കും ഉള്ളത്‌. ഇതു കേരളത്തിന്റെ പ്രത്യേകതയാണ്‌. അങ്ങനെ എത്രയെത്ര പ്രത്യേകതകള്‍. ഇത്രയും കാലം വികസനത്തിന്റെ കേരള മോഡലിനെ കുറിച്ചേ കേട്ടിരുന്നുള്ളൂ. ഇതാ രാഷ്ട്രീയത്തിന്റെ കേരള മോഡല്‍!

Leave a Reply

Your email address will not be published. Required fields are marked *

Go Top