ഭരണകൂടങ്ങളില്‍ നിന്നാണ് മാധ്യമ സാതന്ത്ര്യത്തിനെതിരെയായ ഭീഷണി സാധാരണയായി ഉയര്‍ന്നുവരാറുള്ളത്. വ്യക്തികളുടെ പൗരാവകാശം ഉയര്‍ത്തിപ്പിടിക്കുകയും അവന്റെ അറിയാനുള്ള അവകാശത്തിനു വേണ്ടി പൊരുതുകയും ചെയ്‌തു പോന്ന മാധ്യമങ്ങള്‍ക്ക് നേരെ ലോകമെങ്ങും പുതിയ വെല്ലുവിളി ഉയരുന്നത് പൗരാവകാശത്തിന്റെ പേരിലാണെന്നത് കൗതുകവും ഒപ്പം ആശങ്കയും ഉണര്‍ത്തുന്നു.
സ്വകാര്യതയ്‌ക്കുള്ള വ്യക്തിയുടെ അവകാശം പൗരാവകാശത്തില്‍പ്പെടുന്നതാണെന്നും പത്രസ്വാതന്ത്ര്യം ഈ അവകാശത്തെ ഹനിക്കുന്നു എന്നുമുള്ള ചിന്താഗതി ലേകത്തിലെ വികസിത ജനാധിപത്യരാജ്യങ്ങളില്‍ അടുത്തകാലത്ത് ശക്തിപ്രാപിച്ചുവരുന്നുണ്ട്. പലയിടത്തും ഇതിന് ഏറ്റുമുട്ടലിന്റെ സ്വഭാവം വരെ ഉണ്ടായിക്കഴിഞ്ഞു.
വ്യക്തിയുടെ അന്തസ്സിനും സ്വകാര്യതക്കും അഭിമാനത്തിനും പത്രങ്ങള്‍ ആഘാതമുണ്ടാക്കുന്നു എന്ന ആക്ഷേപം പത്രങ്ങള്‍ ഉണ്ടായകാലം മുതല്‍ നിലനില്‍ക്കുന്നതാണ്. മാധ്യമങ്ങളില്‍ നിന്ന് വ്യക്തിയെ രക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ ധാരാളമുണ്ട്. സാധാരണനിയമങ്ങളിലെ വ്യവസ്ഥകളെല്ലാം മാധ്യമങ്ങള്‍ക്കും ബാധകമായതുകൊണ്ട് മാനനഷ്‌ടമുള്‍പ്പെടെയുള്ള ഒട്ടനവധി കാര്യങ്ങളില്‍ പൗരന്‍മാര്‍ക്ക് സംരക്ഷണം ലഭിക്കുന്നു. പൊതുസ്ഥലത്ത് നിന്നുകൊണ്ട് ആര്‍ക്കെങ്കിലുമെതിരെ അധിക്ഷേപകരമായ പ്രസ്‌താവന നടത്തുന്ന ആള്‍ക്ക് ലഭിക്കുന്ന അതേ പരിഗണനയാണ് രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള പത്രത്തിന്റെ പത്രാധിപകര്‍ക്ക് മാനനഷ്‌ട നിയമത്തില്‍ ലഭിക്കുന്ന സംരക്ഷണം. മാനനഷ്‌ടക്കേസ് ഉണ്ടായാല്‍ തെരുവില്‍ തെറിവിളിച്ച ആളും പൊതുയോഗപ്രസംഗം റിപ്പോര്‍ട്ട് ചെയ്‌ത പത്രാധിപരും തമ്മില്‍ വ്യത്യാസമില്ല. പലരാജ്യങ്ങളിലും പത്രങ്ങളുടെ മേലാണ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിയമനിര്‍മ്മാണങ്ങളിലൂടെ പത്രങ്ങളുടെ മേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് താല്‍പര്യമുള്ളവര്‍ സ്വകാര്യതക്കുള്ള വ്യക്തിയുടെ അവകാശത്തെ ഇതിനായി പരമാവധി ഉപയോഗപ്പെടുത്തുകയാണ്.
അമേരിക്കന്‍ ഭരണഘടനയില്‍ വരുത്തിയ ആദ്യ ഭേദഗതി (ഫസ്റ്റ് അമന്‍ഡ്‌മെന്റ്) പത്രസ്വാതന്ത്ര്യത്തെ ബലമായി ഉറപ്പിക്കുന്നുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തെ, പത്രസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നിയമം കോണ്‍ഗ്രസ്സ് നിര്‍മ്മിക്കുകയില്ല എന്ന അസന്നിഗ്‌ധമായ പ്രസ്‌താവനയാണ് ഫസ്റ്റ് അമന്‍ഡ്‌മെന്റ്‌്. ഈ പ്രഖ്യാപനത്തെ മറികടക്കാന്‍ സ്വകാര്യതയുടെ സംരക്ഷകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
മിക്ക രാജ്യങ്ങളുടെ ഭരണഘടനകളും വ്യക്തിയുടെ സ്വകാര്യതയെക്കുറിച്ചൊന്നും പറയുന്നില്ല. പൗരസ്വാതന്ത്ര്യത്തിന്റെ വികസനമാണ് സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചത്. അറിയാനുള്ള അവകാശമെന്നപോലെ ഭരണഘടനാവ്യവസ്ഥകളില്‍ അന്തര്‍ലീനമാണു സ്വകാര്യതയ്‌ക്കുള്ള അവകാശവും. സംസ്‌കാരം വളരുന്നതിനൊപ്പം വളരുന്നതാണ് വ്യക്തിയുടെ അന്തസ്സിനെക്കുറിച്ചുള്ള ബോധം. സ്വകാര്യതയ്‌ക്കുള്ള ബോധവും ഇതോടൊപ്പം വളരുന്നു.
പൗരസ്വാതന്ത്ര്യം അതിരുകടക്കുന്നു എന്ന് പലപ്പോഴും മുറവിളി ഉയരാറുണ്ട്. പത്രപ്രവര്‍ത്തകര്‍ ആവട്ടെ, സമീപകാലത്ത് സ്വകാര്യതാ വാദം അതിരുകടക്കുന്നു എന്നാണ് ആക്ഷേപിക്കുന്നത്. വ്യക്തികളുടെ കുടുംബകാര്യങ്ങള്‍ മാത്രമാണ് കുറച്ചുകാലം മുമ്പുവരെ സ്വകാര്യം എന്ന വകുപ്പില്‍ പെടുത്തിയിരുന്നത്. പിന്നീടത് കുറേക്കൂടി വികസിച്ചു. വ്യക്തികളുടെ ബാങ്ക് നിക്ഷേപവും ആദായ നികുതികാര്യങ്ങളും സംബന്ധിക്കുന്ന വിവരങ്ങള്‍ ഇന്ത്യയില്‍ മറ്റാരും അറിയേണ്ടാത്ത സ്വകാര്യങ്ങളാണ്. മിക്കരാജ്യങ്ങളില്‍ അതാണ് വ്യവസ്ഥ. കോടതികള്‍ കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നു മറച്ചുപിടിക്കാന്‍ കല്‌പന നല്‍കുന്നു. ഇതെല്ലാം ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന നിലയിലുള്ള മാധ്യമച്ചുമതല നിര്‍വ്വഹിക്കുന്നതിന് തടസ്സമാവുന്നു എന്ന വാദം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സര്‍ക്കാര്‍ ഫയലുകളിലെ വിവരങ്ങള്‍ ലഭിക്കാന്‍ പൗരന് അവകാശം നല്‍കുന്ന റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ നിയമം നടപ്പായ രാജ്യങ്ങളിലാണ് പ്രശ്‌നം ഗൗരവമുള്ളതാവുന്നത്. സര്‍ക്കാര്‍ഫയലുകളിലെ വിവരങ്ങള്‍ എല്ലാം തരാന്‍ സര്‍ക്കാര്‍ തയ്യാറല്ല. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിടാന്‍ പറ്റില്ലെന്ന വാദം എല്ലായിടത്തുമുയരാറുണ്ട്. വ്യക്തികളുടെ ബാങ്ക് നിക്ഷേപ-ആദായനികുതിക്കണക്കുകള്‍ സ്വകാര്യമാണ്. പൊതുപ്രവര്‍ത്തകന്റെ സാമ്പത്തികക്രമക്കേടിനെതിരായ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്ന പത്രപ്രവര്‍ത്തകന് ആ വ്യക്തിയുടെ ബാങ്ക് നിക്ഷേപവും ആദായികുതിയും സംബന്ധിച്ച വിവരങ്ങള്‍ പ്രധാനംതന്നെയാണ്. നിയമം അനുവദിച്ചാലും ഇല്ലെങ്കിലും പത്രപ്രവര്‍ത്തകന് അതന്വേഷിക്കേണ്ടിവരും.
സ്വകാര്യസ്ഥലത്ത് അനുമതിയില്ലാതെ കടന്നുചെല്ലന്നത് സ്വകാര്യതാലംഘനമാണ്. വാര്‍ത്ത ശേഖരിക്കുന്നതിന് വേണ്ടിയാണ് പോയതെന്ന വാദം ന്യായീകരണമേ ആകുന്നില്ല. സാമാന്യ മര്യാദയുടെ പ്രശ്‌നം മാത്രമല്ല ഇത്. വാര്‍ത്താശേഖരണത്തിനുള്ള ഭരണഘടനാ സ്വാതന്ത്ര്യമോ പൗരന്റെ അറിയാനുള്ള അവകാശമോ ഒന്നും വ്യക്തിയുടെ ഈ സ്വതന്ത്ര്യത്തെ മറികടക്കാന്‍ പര്യാപ്‌തമല്ല. പൊതുതാല്‌പര്യം പോലും വ്യക്തിയുടെ സ്വകാര്യത ലംഘിക്കാന്‍ മതിയായ കാരണമാവുന്നില്ല. അഴിമതി നടത്തിയ പണം കൊണ്ടുണ്ടാക്കിയ വീടാണു എന്ന് സ്ഥാപിച്ചാല്‍പോലും മന്ത്രിയുടെയോ പൊതുപ്രവര്‍ത്തകന്റെയോ വീടിനകത്ത് കടന്നുചെന്ന് അവിടെയുള്ള സ്വകാര്യങ്ങളും സമ്പന്നതയും വീഡിയോവില്‍ ചിത്രീകരിക്കുന്നത് ന്യായീകരിക്കപ്പെടില്ല.
പൊതുസ്ഥലത്ത് നടക്കുന്ന കാര്യങ്ങള്‍ ചിത്രീകരീക്കാനും അനിയന്ത്രിതസ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്കില്ല എന്ന വിലയിരുത്തലാണ് മിക്ക രാജ്യങ്ങളിലും ഉണ്ടായിട്ടുള്ളത്. ഒരപകടത്തില്‍പെട്ട സ്‌ത്രീയെ രക്ഷിച്ച് ഹെലികോപ്‌ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ ഒപ്പം കയറിയ സംഭവം കാലിഫോര്‍ണിയയില്‍ ഉണ്ടായി. ആശുപത്രിയിലേക്കുള്ള യാത്രയും വഴിയില്‍ നല്‍കിയ വൈദ്യശുശ്രൂഷയും ചിത്രീകരിച്ചതിനെതിരെ സ്‌തീ പിന്നീട് കേസ്സ് കൊടുത്തു. അതിക്രമിച്ച് കയറി സ്വകാര്യത ലംഘിച്ചുവെന്ന പരാതി കോടതി ശരിവയ്‌ക്കുകയാണ് ചെയ്‌തത്. ഹെലികോപ്‌ടറിന്റെ വാതില്‍ അടച്ചാല്‍ പിന്നെ അതിന്നകത്തുള്ളയാള്‍ക്ക് സ്വകാര്യത ഉണ്ടെന്നും അവരുടെ അനുമതിയോടെയല്ലാതെ അതുലംഘിച്ചുകൂടെന്നുമായിരുന്നു വിധി.
വാര്‍ത്താ ശേഖരണത്തിനുവേണ്ടി ടെലിഫോണ്‍ സംഭാഷണമോ സാധാരണ സംഭാഷണം തന്നെയോ റിക്കാര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന കോടതി വിധികള്‍ ഉണ്ടായിട്ടുണ്ട്. അമേരിക്കയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ഒ. ജെ.സിംപ്‌സണ്‍ പ്രതിയായുള്ള കൊലക്കേസ്സിന്റെ വിചാരണ. മുന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന ഈ കേസ് വമ്പിച്ച പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കാതിരുന്ന ഒരു കേസ് ഇതിന്റെ ഭാഗമായി നടന്നത് മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് വളരെയേറെ ശ്രദ്ധ അര്‍ഹിക്കുന്നതായിരുന്നു. ഒ.ജെ. സിംപ്‌സണ്‍ ഭാര്യയുടെ മരണത്തിന് ശേഷം സഞ്ചരിച്ച വിമാനത്തിലെ ജീവനക്കാരിയെ ചെന്നു കണ്ട പത്രലേഖകന്‍, അവരുമായുള്ള സംഭാഷണം അനുമതിയില്ലാതെ റിക്കാര്‍ഡുചെയ്‌തു എന്ന കേസ്സാണത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായിരുന്നു കോടതി വിധി. പത്രപ്രവര്‍ത്തകനോടാണ് സംസാരിക്കുന്നത് എന്ന് അറിയുമെങ്കില്‍ പറയുന്ന കാര്യം റിക്കോര്‍ഡ് ചെയ്യപ്പെട്ടേക്കാം എന്നും അറിയേണ്ടതായിരുന്നു- കോടതി വ്യക്തമാക്കി. സ്വകാര്യതയുടെ നിയമപ്രശ്‌നങ്ങളെക്കാളേറെ മാധ്യമമര്യാദയുടെ പ്രശ്‌നമായിരുന്നു ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്.
ഡയാനാ രാജകുമാരിയുടെ മരണം, പാശ്ചാത്യലോകത്തെങ്കിലും സ്വകാര്യതയുടെ സംരക്ഷണം നിയമ നടപടികളിലൂടെ ബലപ്പെടുത്താനുള്ള കാരണമായിതീര്‍ന്നിട്ടുണ്ട്. ഫോട്ടോ എടുക്കാന്‍ വ്യക്തികളെ പിന്തുടരുന്നത് ശിക്ഷാര്‍ഹമാക്കുന്നതിനുള്ള ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുകയുണ്ടായി. ഇതുപാസ്സായില്ലെങ്കിലും ഫോട്ടോഗ്രാഫര്‍മാരെ നിയന്ത്രിക്കുന്നതിനും അകറ്റിനിര്‍ത്തുന്നതിനുമുള്ള നിരവധി ചട്ടങ്ങള്‍ ഇതിനു ശേഷം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
ഇന്റര്‍നെറ്റിന്റെ വരവ് പ്രശ്‌നം രൂക്ഷമാക്കിയിട്ടേയുള്ളൂ. സര്‍ക്കാര്‍ മുന്‍കാലത്തേക്കാള്‍ വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അവയെല്ലാം കമ്പ്യൂട്ടറുകളില്‍ സൂക്ഷിക്കുന്നുമുണ്ട്. അനേകം ഫയലുകള്‍ തപ്പിയാല്‍ മാത്രം കിട്ടുമായിരുന്ന വസ്‌തുതകള്‍ ഇപ്പോള്‍ ഔദ്യോഗിക സ്രോതസ്സില്‍നിന്ന് അനായാസം ലഭിക്കും. ഇന്റര്‍നെറ്റിലൂടെ കാര്യങ്ങള്‍ ലോകം മുഴുവന്‍ എത്തിക്കാനും കഴിയും. ഇതെല്ലാം കൊണ്ട് വ്യക്തികള്‍ക്ക് സ്വകാര്യതയുടെ കാര്യത്തില്‍ കൂടുതല്‍ സംരക്ഷണം വേണമെന്ന വാദത്തിന് ശക്തികൂടുകയാണ്.
പൊതുതാല്‍പര്യവും സ്വകാര്യതാല്‌പര്യവും തമ്മിലുള്ള ഏറ്റുമുട്ടലായി മാധ്യമാന്വേഷണങ്ങള്‍ മാറുന്ന ഘട്ടത്തില്‍ ഇവ തമ്മിലുള്ള ഒരു ഒത്തുതീര്‍പ്പ് ആവശ്യമായി വരുന്നു. അറിയാനുള്ള ആവകാശം പോലെ തന്നെ പ്രധാനമാണ് അറിയിക്കാതിരിക്കാനുള്ള അവകാശമെന്നും തിരിച്ചറിയേണ്ടതായിട്ടുണ്ട്. അറിയാനുള്ള അവകാശം പാശ്ചാത്യനാടുകളില്‍ നിരവധി പതിറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ നിയമമായികഴിഞ്ഞതാണ്. അവിടെയെല്ലാം ഭേദഗതികളിലൂടെ രണ്ടും തമ്മില്‍പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.
അറിയാനുള്ള അവകാശത്തെക്കാള്‍ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശത്തിനാണ്‌് ലോകമെങ്ങും ഇപ്പോള്‍ പ്രാധാന്യം കല്‌പിക്കുന്നതായി കാണുന്നത്. സ്വകാര്യതയ്‌ക്കുള്ള മനുഷ്യവകാശം സംരക്ഷിക്കേണ്ടതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പ്രശസ്‌തരാണെങ്കില്‍പിന്നെ ഒട്ടും സ്വകാര്യതാവകാശം ഇല്ലെന്ന അവസ്ഥയും ഉണ്ടാകരുതല്ലോ. പൊതുതാല്‌പര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കുന്ന വിധത്തില്‍ നിയമം നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
(March 2004)