നന്ദി ഗവര്‍ണര്‍ സാബ് നന്ദി…

എൻ.പി.രാജേന്ദ്രൻ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് കേരളീയര്‍ക്കുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. എന്തിന് ഏതിന് എന്നെല്ലാം ഓരോന്നായി പറയാം. ഏറ്റവും പ്രധാനമായ സംഗതി കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തോട് അദ്ദേഹം പ്രകടിപ്പിച്ച അപ്രിയമാണ്. ഇത്രയും അര്‍ത്ഥപൂര്‍ണമായ ഒരു അപ്രിയപ്രകടനം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല, കേട്ടിട്ടുമില്ല.ആകാശത്തിനു കീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചും പ്രമേയം പാസ്സാക്കാന്‍ നിയമസഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്. കീഴിലല്ല, വേണമെങ്കില്‍ മീതെയുള്ള വിഷയത്തിലും കൈവെക്കാം. നിയമസഭയ്ക്കു മാത്രമല്ല പഞ്ചായത്തിനു പോലും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ആഗോളവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് നഗരസഭ യോഗങ്ങളിലെ നല്ലൊരു ഓഹരി സമയം ചെലവഴിക്കുന്നത് എന്ന് ആര്‍ക്കാണ് അറിയാത്തത്. അതു മൂലം നഗരസഭാംഗങ്ങളുടെ ജനറല്‍ നോളജ് നിലവാരം വളരെ ഉയര്‍ന്നിട്ടുണ്ടല്ലോ. സുലൈമാനിയെ അമേരിക്ക കൊന്നതിന് എതിരെയും പ്രമേയം പാസ്സാക്കാം, പഞ്ചായത്തിലും പാസ്സാക്കാം,നിയമസഭയിലും പാസ്സാക്കാം. ആവശ്യവും അനാവശ്യവും തീരുമാനിക്കുന്നത് ഗവര്‍ണറല്ല. പാസ്സാക്കുന്ന ജനപ്രതിനിധികളാണ്. സഭയുടെ അവകാശങ്ങളില്‍ കോടതി പോലും കൈവെക്കാറില്ല.  ഗവര്‍ണര്‍ക്ക് അതില്‍ ഒരു കാര്യവുമില്ല. ഇന്നയിന്ന വിഷയങ്ങളെക്കുറിച്ചേ നിയമസഭ പ്രമേയം പാസ്സാക്കാവൂ എന്ന് ഭരണഘടനയിലില്ല. ഒരു പ്രശ്‌നത്തില്‍ വേറെ യാതൊന്നും ചെയ്യാനാവില്ല എന്ന് ഉറപ്പായാല്‍ ചെയ്യാവുന്ന കാര്യം ഒരു പ്രമേയം പാസ്സാക്കുക എന്നതാണ്.

ഇവിടെ എന്താണ് ഗവര്‍ണറോട് നന്ദി പറയാനുള്ളത് എന്ന് ചോദ്യം ഉയര്‍ന്നേക്കും. ഉണ്ട്. സാധാരണഗതിയില്‍ നിയമസഭ ഇങ്ങനെ ഒരു പ്രമേയം പാസ്സാക്കിയാല്‍ ആരും ഒട്ടും ഗൗനിക്കാറില്ല. അതു ആരിലും ഒരു പ്രതികരണവും ഉണ്ടാക്കാറില്ല, ആരും ചര്‍ച്ച ചെയ്യാറുമില്ല. ഗവര്‍ണര്‍ ഇടപെട്ടതുകൊണ്ടുണ്ടായ ഏറ്റവും വലിയ പ്രയോജനം നാട്ടുകാര്‍ അതു ശ്രദ്ധിച്ചു എന്നതാണ്. മാധ്യമങ്ങളും ജനങ്ങളും അതു ചര്‍ച്ച ചെയ്തു. ലക്ഷങ്ങള്‍ ചെലവാക്കി പരസ്യം ചെയ്താല്‍ കിട്ടാത്ത പ്രചാരമാണ് കാല്‍കാശ് ചെലവില്ലാതെ പൗരത്വവിഷയത്തിനു കിട്ടിയത്.  നന്ദി ഗവര്‍ണര്‍ സാബ് നന്ദി…

അനാവശ്യകാര്യങ്ങള്‍ക്ക് നിയമസഭയുടെ സമയം പാഴാക്കി എന്നതാണ് ഗവര്‍ണരുടെ പരിഭവവും പരാതിയും. അതു ഗൗരവമുള്ള വിഷയംതന്നെ. എന്തെല്ലാമാണ് ആവശ്യം, എന്തെല്ലാം അനാവശ്യം എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച തുടങ്ങി വെക്കാന്‍ ഗവര്‍ണര്‍ സന്നദ്ധനെങ്കില്‍ നമുക്ക് ഉടനെ തുടങ്ങാം ഒരു ചര്‍ച്ച. വേണമെങ്കില്‍ നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനംതന്നെ വിളിച്ചുകൂട്ടാന്‍ പറയാം. ചര്‍ച്ച ചെയ്യാവുന്ന ഒന്നു രണ്ടു വിഷയങ്ങള്‍ ഈ എളിയ ലേഖകന് വിനയപൂര്‍വം നിര്‍ദ്ദേശിക്കാനുണ്ട്. കേള്‍ക്കണം നമ്പര്‍ വണ്‍- ഗവര്‍ണര്‍ എന്നൊരു പദവി കൊണ്ട് എന്തെങ്കിലും പ്രയോജനം ഭൂലോകത്താര്‍ക്കെങ്കിലുമുണ്ടോ? (ഗവര്‍ണര്‍ക്കല്ലാതെ) നമ്പര്‍ ടു – നിയമസഭയില്‍ ഇനി നടക്കുന്ന ഏറ്റവും അര്‍ത്ഥശൂന്യമായ പ്രസംഗം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതായിരിക്കും. അദ്ദേഹം ഇതുവരെ പറഞ്ഞതും ഇനി പറയാന്‍ പോകുന്നതുമായ എല്ലാ കാര്യങ്ങളും അപ്പടി നിഷേധിക്കുന്ന ഒരു പ്രസംഗമായിരിക്കും അത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ തയ്യാറാക്കുന്ന, പിണറായി സര്‍ക്കാറിനെ പ്രശംസകള്‍ കൊണ്ടു മൂടൂന്ന പ്രസംഗം ആരിഫ് മുഹമ്മദ് ഖാന്‍ ലവലേശം ക്ലേശം കൂടാതെ വായിക്കും. തീര്‍ന്നില്ല. ഈ പ്രസംഗത്തിന് നന്ദി പ്രകടിപ്പിക്കുന്ന ഒരു പ്രമേയം സഭയില്‍ പിന്നീട്  അവതരിപ്പിക്കും, അതിനെക്കുറിച്ച് വിസ്തരിച്ച് ചര്‍ച്ച ചെയ്യം. ഇത്രയും അനാവശ്യമായ ഒരു പ്രവര്‍ത്തി ഭൂലോകത്ത് വേറെ കാണില്ല. ആരിഫ് മുഹമ്മദ് ഖാന്‍ ഈ അനാവശ്യത്തെക്കുറിച്ച് പൊട്ടിത്തെറിക്കും എന്നു നമുക്ക് ഉറപ്പാണ്. മുന്‍കരുതല്‍ എടുക്കേണ്ടവര്‍ അത് ചെയ്യേണ്ടതാണ്. ക്കാം.

ഗവര്‍ണര്‍ പദവി എന്തോ വലിയ ആനമുട്ട ആണ് എന്നായിരുന്നു ഗവര്‍ണര്‍മാരായ പലരുടെയും ധാരണ. രാഷ്ട്രീയത്തില്‍ തേരാപാര നടന്ന് ഏതാണ്ട് അവശനിലയിലെത്തിനില്‍ക്കുമ്പോഴാണ് അവര്‍ക്ക് ആ പദവി വീണുകിട്ടാറുള്ളത്. കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവരുടെ ഭാവവും ഭാഷയും മാറുകയായി. ഒരു മിനി രാഷ്ട്രപതിയുടെ മട്ടില്‍ രാഷ്ട്രീയസദാചാരം, ഭരണഘടനാമഹത്വം, ജനാധിപത്യമേന്മ, പ്രതിപക്ഷബഹുമാനം തുടങ്ങിയ നാനാവിധം സല്‍ഗുണങ്ങളെക്കുറിച്ചാണ് അവര്‍ പ്രസംഗിക്കാറുള്ളത്. പൂര്‍വകാലത്തിന്റെ ദുഷ്പ്രവണതകളില്‍ കാല്‍തെറ്റി വീഴാതിരിക്കാന്‍ വേണ്ടി ചില മുന്‍കരുതലെടുക്കും. പ്രസംഗിക്കാറില്ല, എഴുതിത്തയ്യാറാക്കിയ പ്രസംഗം വായിക്കുകയേ ഉള്ളൂ.(എഴുതുന്നത് അവരല്ല, അതിനു വേറെ ഉദ്യോഗസ്ഥരെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ട്. അതു ആവശ്യമോ അനാവശ്യമോ എന്നതിനെക്കുറിച്ച് ചര്‍ച്ച അനുവദിക്കുന്നതല്ല). എഴുതിക്കൊടുത്ത പ്രസംഗം മാറ്റിവച്ച് ചരിത്രകോണ്‍ഗ്രസ്സില്‍ രോഷപ്രസംഗം നടത്തിയതോടെ തനിസ്വരൂപം വെളിവായി.

ഗവര്‍ണറും ഒരു സാദാ രാഷ്ട്രീയക്കാരന്‍ മാത്രമാണ് എന്ന യാഥാര്‍ത്ഥ്യമാണ് ആരിഫ് മുഹമ്മദ്  ഖാന്‍ സാഹിബ് പറയാതെ പറഞ്ഞിരിക്കുന്നത്. ഖാന്‍ സാഹിബിന്റെ പ്രസംഗം കേട്ട് തൊണ്ണൂറ്റെട്ടുകാരന്‍ പ്രഫസര്‍ ഇര്‍ഫാന്‍ ഹബീബ് ചരിത്രകോണ്‍ഗ്രസ്സില്‍ എഴുന്നേറ്റ് ഒച്ചയിട്ടു. കോളേജ് പഠനകാലത്ത് തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ആളെന്ന വൈരാഗ്യം മനസ്സിലുള്ളതുകൊണ്ടാവാം ഗവര്‍ണറാണ് താനെന്ന കാര്യം ഖാന്‍സാഹിബ് പെട്ടന്നങ്ങു മറന്നു. എഴുതിയ പ്രസംഗവും പദവിയുടെ അന്തസ്സും ഖാന്‍ സാഹിബ് കണ്ണൂര്‍-തലശ്ശേരി  റോഡോരത്തെ ഏതോ കണ്ടല്‍കാട്ടില്‍ വലിച്ചെറിഞ്ഞു. വാടാ പോടാ എന്നു വിളിച്ചില്ലെന്നേ ഉള്ളൂ. ബാക്കിയൊക്കെ പറഞ്ഞു. ജനത്തിനു മനസ്സിലായി-ഗവര്‍ണര്‍ എ്ന്നത് ‘അത്യുന്നത’ പദവിയാണ് എന്ന്.

ഗവര്‍ണര്‍ വേറെയൊരു തെറ്റിദ്ധാരണയും വലിച്ചുകീറിയിട്ടുണ്ട്. ഗവര്‍ണര്‍ക്ക് രാഷ്ട്രീയമില്ല എന്ന തെറ്റിദ്ധാരണ. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സേവകനായിരുന്നു എന്നതാണ് പാതി ഗവര്‍ണര്‍മാരുടെയും മുഖ്യയോഗ്യതയെങ്കിലും ആ കസേരയിലിരുന്നാല്‍ അവരതു മറക്കും. കക്ഷിരഹിത നിഷ്പക്ഷനാണെന്നു നടിച്ചുകളയും. നാട്യം മാത്രമായിരുന്നുവെങ്കില്‍ സഹിക്കാമായിരുന്നു. ചിലര്‍ ശരിക്കും നിഷ്പക്ഷനായിക്കളയും. ഭരണഘടനയും നിയമവും നോക്കി ശരിതെറ്റ് മാത്രം പരിഗണിച്ച് തീരുമാനമെടുത്തുകളയും. പോറ്റിയ പാര്‍ട്ടിക്കെതിരെയും വിധി പറഞ്ഞുകളയും. ഇപ്പോള്‍ അത്തരം നാട്യങ്ങളൊന്നുമില്ല. പാര്‍ട്ടി താല്പര്യം വിട്ടൊരു കളിയുമില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താന്‍ കാലതാമസം നേരിടുന്നുവെങ്കില്‍ അധികചുമതല സംസ്ഥാന ഗവര്‍ണരെ ഏല്‍പ്പിക്കാവുന്ന വിധത്തില്‍ കാര്യങ്ങളെത്തിയിട്ടുണ്ട്. ഇതിനൊന്നും ഭരണഘടന ഭേദഗതി ചെയ്യേണ്ട കാര്യമേയില്ല. ഇങ്ങനെ എന്തെല്ലാം ഈ രാജ്യം പഠിക്കാന്‍ ബാക്കിനില്‍ക്കുന്നു.

മുനയമ്പ്
പെരിയ കൊലയാളികളെ രക്ഷിക്കാന്‍ 42 ലക്ഷം കൂടി. സി.ബി.ഐ യെ തടയാന്‍ ആദ്യം 21 ലക്ഷം. പിന്നെ 25 ലക്ഷം..
ഇത്തരം അവശ്യച്ചെലവുകള്‍ നടത്താന്‍ എങ്ങനെ ഭരണച്ചെലവ് കുറയ്ക്കാമെന്ന് ആലോചിക്കുന്നുണ്ട്. ബജറ്റില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top