എന്നാലും സഖാവേ, ഇത്രത്തോളം നമ്മുടെ പാര്‍ട്ടി പുരോഗമിക്കുമെന്ന് ആരും ഒരു ദുസ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. കോഴിക്കോട്ടെ രണ്ടു പാര്‍ട്ടി യുവാക്കളെക്കുറിച്ച്, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെക്കുറിച്ച് പാര്‍ട്ടിക്കുള്ളതിനേക്കാള്‍ കൃത്യമായ അറിവ് കേരളാപോലീസിന് ഉണ്ട് എന്നു പറയുന്നതിന്റെ ക്രഡിറ്റ് ഡി.ജി.പിക്ക് കിട്ടുമായിരിക്കും. പക്ഷേ, ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സ്ഥിതി ഒന്നാലോചിച്ചുനോക്കിയേ. യുപിഎപിയില്‍ പെട്ട് ജയിലില്‍കിടക്കുന്ന രണ്ടുപേരും പാര്‍ട്ടി സഖാക്കളാണ് എന്നു മുഖ്യമന്ത്രി പറയുമ്പോള്‍, അല്ല സര്‍ അവര്‍ മാവോയിസ്റ്റുകളാണ് എന്നു ബഹ്‌റസാര്‍ തര്‍ക്കുത്തരം പറയുന്ന രംഗമൊന്ന് സങ്കല്‍പ്പിച്ചു നോക്കൂ. ഒടുവില്‍, പാര്‍ട്ടിയെക്കുറിച്ച് പാര്‍ട്ടി ജില്ലാ സിക്രട്ടറി പറഞ്ഞതല്ല, സ്‌പെഷല്‍ ബ്രാഞ്ച് കോണ്‍സ്റ്റബ്ള്‍ പറഞ്ഞതാണ് ശരി എന്നു വന്നപ്പോഴത്തെ ഞെട്ടല്‍ മാറണമെങ്കില്‍ കാലം കുറച്ചെടുക്കും.
സി.പി.എമ്മില്‍ അംഗമാകുക അത്ര എളുപ്പമല്ല എന്ന് അറിയാത്തവരില്ലല്ലോ. പല പല നിരീക്ഷണപരീക്ഷണങ്ങളിലൂടെ കടന്നു പോയിട്ടല്ലേ ഒരാള്‍ പാര്‍ട്ടിയംഗം ആകുന്നത്. പാര്‍ട്ടി ഓഫീസില്‍ പാഞ്ഞു ചെല്ലുമ്പോഴേക്കും അംഗത്വപുസ്തകം എടുത്തു നീട്ടുന്ന പാര്‍ട്ടിയല്ല ഇത്. മിസ്ഡ് കോള്‍ അടിച്ചാല്‍ മെമ്പര്‍ഷിപ്പ് കിട്ടുന്ന ഒരു ദേശീയപാര്‍ട്ടിയുണ്ട്. ആ വഴിക്ക് അതില്‍ കള്ളനോട്ട് അടിക്കുന്നവരും അംഗങ്ങളായിട്ടുണ്ട്. ആ പാര്‍ട്ടിക്ക് അത് അഭിമാനമാണ്. പല സംസ്ഥാനത്തിലെയും പാര്‍ട്ടി എം.എല്‍.എമാരില്‍ പാതിയിലേറെ ക്രിമിനില്‍ കേസ് പ്രതികളാകുന്നതിലും ആ പാര്‍ട്ടിക്ക് ഒട്ടുമില്ല ചമ്മല്‍. അതല്ലല്ലോ വിപ്ലവപാര്‍ട്ടിയുടെ അവസ്ഥ.
പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഏര്‍പ്പാട് ഇത്രയും സീരിയസ് ആയി എടുത്തിട്ടുള്ള വേറെ ഏതെങ്കിലും പാര്‍ട്ടി ഉണ്ടെങ്കില്‍ അത് മാവോയിസ്റ്റ് പാര്‍ട്ടി ആകാനേ തരമുള്ളൂ. അതിനെക്കുറിച്ച് നമുക്കൊന്നും കൂടുതല്‍ അറിയില്ല. സി.പി.എം ഭരണഘടനയില്‍ തുടക്കത്തില്‍തന്നെ അക്കമിട്ട് കൊടുത്തിട്ടുണ്ട്, മെമ്പറാകാന്‍ വേണ്ട യോഗ്യതകളുടെയും വിജയിക്കേണ്ട പരീക്ഷണങ്ങളുടെയും നീണ്ട പട്ടിക. അംഗമാകാന്‍ ആദ്യം അപേക്ഷ എഴുതിക്കൊടുക്കണം. രണ്ട് അംഗങ്ങള്‍ ആളെക്കുറിച്ച് അന്വേഷണം നടത്തി റിക്കമെന്റ് ചെയ്യണം. ആദ്യം കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പേ തരൂ. ഏതെങ്കിലും ജോലിയില്‍ സ്ഥിരപ്പെടും മുന്‍പ് തരണം ചെയ്യേണ്ട ട്രെയിനി, അപ്രന്റീസ്, ഇന്റേണീ തുടങ്ങിയ പലവിധ പരീക്ഷണഘട്ടങ്ങള്‍ പോലെ ഒന്നാണ് ഈ കാന്‍ഡിഡേറ്റ് മെമ്പര്‍ പരീക്ഷണം. ഇതു വിജയകരമായ പൂര്‍ത്തിയാക്കി, ആ പ്രവര്‍ത്തനം കമ്മിറ്റി വിലയിരുത്തി, മേല്‍ക്കമ്മിറ്റി അംഗീകരിച്ചാലേ മേമ്പ്ര് ആകാന്‍ പറ്റൂ. ഒരു വട്ടം ആയാല്‍ ജീവിതകാലം മുഴുവന്‍ അങ്ങ് തുടരാമെന്നൊന്നും കരുതേണ്ട. അതു സര്‍ക്കാര്‍ ഉദ്യോഗത്തിലേ നടക്കൂ, റിട്ടയര്‍മെന്റ് വരെയെങ്കിലും. ഇവിടെ നൂറു ചട്ടവട്ടങ്ങള്‍ പാലിച്ചാലേ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ പറ്റൂ. അതെല്ലാം വിവരിക്കാന്‍ ഈ പേജില്‍ സ്ഥലംപോര.
ഇങ്ങനെയെല്ലാം മുന്‍കരുതല്‍ എടുത്തിട്ടും മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറി. മിസ്ഡ് കോള്‍ അടിച്ചവരെ എല്ലാമങ്ങ് മെമ്പറാക്കുകയാണ് ഇതിലും ഭേദം എന്നു തോന്നുന്നു. അംഗത്വ വര്‍ദ്ധനയെക്കുറിച്ച് ഇടക്കിടെ വീമ്പടിക്കുകയെങ്കിലും ചെയ്യാമല്ലോ. കമ്യൂണിസ്റ്റ് ചരിത്രത്തില്‍ നുഴഞ്ഞുകയറ്റം വണ്‍വെ ട്രാഫിക്കായേ നടക്കാറുള്ളൂ. പാര്‍ട്ടി പ്രവര്‍ത്തകര്‍ പലേടത്തും നുഴഞ്ഞുകയറും. ഇങ്ങോട്ട് നുഴഞ്ഞുകയറാന്‍ ഒരു പുഴുവിനെപ്പോലും അനുവദിക്കില്ല. എതിര്‍പാര്‍ട്ടിയിലും സര്‍ക്കാറിലും മാത്രമല്ല, രഹസ്യപ്പോലീസിലും പട്ടാളത്തിലും എല്ലാം നുഴഞ്ഞു കയറും. രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മാത്രമല്ല, എതിര്‍പാര്‍ട്ടികളെ താത്വികമായി സ്വാധീനിക്കാനും ആശയക്കുഴപ്പമുണ്ടാക്കി അടിപിടിയുണ്ടാക്കാനും എല്ലാം പല ട്രിക്കുകളും പ്രയോഗിക്കാം. ചാരന്മാര്‍ ഇങ്ങോട്ടു കടക്കില്ല എന്നുറപ്പു വരുത്തണം, അത്രയേ വേണ്ടൂ.
എന്നാല്‍, കേട്ടാല്‍ അമ്പരപ്പിക്കുന്ന ഒരു കാര്യമുണ്ട്. ലോകം മുഴുവന്‍ കമ്യൂണിസത്തെ ലിക്വിഡേറ്റ് ചെയ്തു എന്നു പറഞ്ഞ് കൈകൊട്ടിപ്പാടുന്ന യു.എസ് മുതലാളിത്തത്തിന് ഇപ്പോഴും കമ്യൂണിസത്തോടുള്ള വിറളി മാറിയിട്ടില്ല. അമേരിക്കയില്‍ കമ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റ പരിഭ്രാന്തി ഇപ്പോഴുമുണ്ടത്രെ. വെറുതെ പറയുന്നതല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ സ്ഥാനാര്‍ത്ഥി ബര്‍ണി സാന്‍ഡേഴ്‌സ് താന്‍ സോഷ്യലിസ്റ്റ് ആണ് എന്നു പറഞ്ഞതു കേട്ട് വലതന്മാര്‍ ഭയങ്കരമായി ഞെട്ടിയത്രെ. ഇയാള്‍ ഇനി നാളെ, താന്‍ കമ്യൂണിസ്റ്റാണ് എന്നു പറയുമോ എന്ന ഭയം പലരും പ്രകടിപ്പിക്കുന്നു. തീര്‍ന്നില്ല. അമേരിക്കന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് നുഴഞ്ഞു കയറാനും പാര്‍ട്ടി പിടിക്കാനും കമ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതിനെതിരെ വലിയ കോലാഹലം ഇളക്കിവിടുന്നുണ്ട് ചില ഗ്രൂപ്പുകാര്‍. പശു ചത്തെന്നോ മോരിലെ പുളി മാറിയെന്നോ അവരിപ്പോഴും വിശ്വസിക്കുന്നില്ല. കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന സ്ഥലങ്ങളിലാണ് കമ്യൂണിസത്തെക്കുറിച്ച് ഇപ്പോള്‍ ആര്‍ക്കും പേടിയില്ലാത്തത്.
ചീഫ് സിക്രട്ടറിയുടെ നയപ്രഖ്യാപനം
അതിര്‍ത്തിയില്‍ ശത്രുരാജ്യത്തിന്റെ പട്ടാളക്കാരെ നമ്മുടെ സൈനികര്‍ കൊല്ലുന്നതു പോലെ, പൊലീസുകാര്‍ മാവോയിസ്റ്റുകളെ കൊല്ലുന്നതും തുല്യആദരവ് അര്‍ഹിക്കുന്ന പ്രവര്‍ത്തിയാണെന്നു പത്രത്തില്‍ ലേഖനം എഴുതിയത് ഗവ. ചീഫ് സിക്രട്ടറിയാണ്. ഇങ്ങനെ ലേഖനം എഴുതാന്‍ ചീഫ് സിക്രട്ടറിക്ക് മുഖ്യമന്ത്രി അനുമതി കൊടുത്തിട്ടുമില്ല, അങ്ങനെ അനുവാദമില്ലാതെ ചീഫ് സിക്രട്ടറി എഴുതിയ ലേഖനം മുഖ്യമന്ത്രി വായിച്ചിട്ടുമില്ല.ഭേഷ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ലേഖനം എഴുതുമ്പോള്‍ വായനക്കാരന്റെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ചെയ്യാറുള്ള ഒരു കാര്യമുണ്ട്. ലേഖനത്തിന് അടിയില്‍ വ്യക്തമായി കൊടുക്കും-ഇതു വ്യക്തിപരമായ അഭിപ്രായമാണ് എന്ന്. അങ്ങനെ എഴുതിയിട്ടില്ലെങ്കില്‍ അതിന് അര്‍ത്ഥം ഒന്നേ ഉള്ളൂ. ഇതു വ്യക്തിപരമല്ല, സര്‍ക്കാറിന്റെ നിലപാടാണ് എന്നു തന്നെ.
എന്നോടു ചോദിക്കാതെ എന്തിനു ലേഖനം എഴുതി എന്നു മുഖ്യമന്ത്രി ചീഫ് സിക്രട്ടറിയോട് ചോദിച്ചുവോ, മറുപടി വല്ലതും കിട്ടിയോ എന്നാരും ഇതുവരെ മുഖ്യമന്ത്രിയോട് ചോദിച്ചിട്ടില്ല. അല്ല, അങ്ങനെയൊരു അനുവാദം വാങ്ങണം എന്നു വല്ല ചട്ടവും അനുശാസിക്കുന്നുണ്ടോ എന്തോ. ചട്ടമൊന്നും ഇല്ലെന്നു മട്ടിലാണ് ചീഫ് സിക്രട്ടറിയുടെ എഴുത്ത്. ഞാനൊന്നുമറിയില്ല രാമനാരായണ എന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ നില്‍പ്പ്.
ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരും കേന്ദ്രനയത്തിന് വഴങ്ങിവേണം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എന്നു രഹസ്യഉത്തരവ് വല്ലതും ഇറങ്ങിയോ എന്നറിയില്ല. ഇറങ്ങിയ മട്ടുണ്ട്. ജമ്മു കശ്മീരില്‍ ചെയ്തതു പോലെ, സംസ്ഥാന പൊലീസിന്റെ ചുമതല കേന്ദ്ര സര്‍ക്കാറിനാണ് എന്നൊരു ഉത്തരവ് ഇറക്കാന്‍ എന്താണ് പ്രയാസം? ബി.ജെ.പിയുടെ കയ്യടി പാര്‍ട്ടിപത്രം വഴി ലഭിച്ചിട്ടുമുണ്ട്്. ചുമ്മാതല്ല മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. നാടോടുമ്പോള്‍ നടുവെ തന്നെയങ്ങ് ഓടിയേക്കാം. അല്ല പിന്നെ….
മുനയമ്പ്
ജനാധിപത്യത്തിന്റെ നെടുംതൂണ്, ഫോര്‍ത്ത് പില്ലര്‍, സ്വതന്ത്രമാധ്യമപ്രവര്‍ത്തനം എന്നിവയൊക്കെ അസംബന്ധമാണ്. അങ്ങനെയൊരു സംഭവം ലോകത്തെങ്ങുമില്ല-ജോണ്‍ ബ്രിട്ടാസ്
*ജോണ്‍ ബ്രിട്ടാസിനേക്കാള്‍ മെച്ചപ്പെട്ട ഒരു മാധ്യമ ഉപദേഷ്ടാവിനെ മുഖ്യമന്ത്രിക്ക് ലോകത്തെങ്ങും കിട്ടില്ല, ഉറപ്പ്
(Published in suprabhaatham daily on 13.11.2019)