കുമ്മനം ശ്രീധരന്‍പിള്ള!

എൻ.പി.രാജേന്ദ്രൻ

പി.എസ് ശ്രീധരന്‍പിള്ളയും കുമ്മനം രാജശേഖരനായി എന്ന് ചുരുക്കത്തില്‍ പറയാം. ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വന്ന ഉടന്‍ വരമ്പത്ത് കൂലി കൊടുത്തു. അകത്തുള്ളവര്‍ക്കായാലും പുറത്തുള്ളവര്‍ക്കായാലും വരമ്പത്ത് കൂലി കൊടുക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ചീത്തപ്പേരൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി പ്രവര്‍ത്തിച്ചു പോന്നിരുന്ന കുമ്മനത്തെ പിടിച്ച് സംസ്്ഥാന ബി.ജെ.പി അദ്ധ്യക്ഷനാക്കിയത് എന്തിന് എന്ന് കുമ്മനത്തിനും തിരിഞ്ഞിട്ടില്ല, ശേഷം ബി.ജെ.പി ക്കാര്‍ക്കും തിരിഞ്ഞിട്ടില്ല. ബി.ജെ.പിയിലും സി.പി.എമ്മിലും ഇക്കാര്യത്തില്‍ എതിരു പറയാന്‍ പറ്റില്ല. മേലോട്ടു അടിച്ചു കയറ്റിയാലും ശരി, താഴോട്ട് ചവിട്ടിയിട്ടാലും ശരി വിഡ്ഢിച്ചിരി ചിരിച്ച്്്് പൊടി തട്ടി എഴുന്നേറ്റു പോകാനേ പാടുള്ളൂ. കുമ്മനം അങ്ങനെ മേലോട്ടുള്ള അടിയും വാങ്ങിയിട്ടുണ്ട്, താഴേക്കുള്ള തൊഴിയും വാങ്ങിയിട്ടുണ്ട്. രണ്ടായാലും നമുക്കൊന്നുതന്നെ എന്നു ഭാവിക്കുകയാണ് ഭംഗി. ശ്രീധരന്‍പിള്ള മേലോട്ടുള്ള അടി കിട്ടിയ ഹരത്തിലാണ് ഇപ്പോ്ള്‍.

പലരും വിചാരിക്കുന്നതു പോലെ കണ്ണില്‍ച്ചോരയില്ലാത്ത പാര്‍ട്ടിയല്ല ബി.ജെ.പി. ഗവര്‍ണര്‍ സ്ഥാനമാണ് ശിക്ഷയനുഭവിക്കുന്നവര്‍ പേറേണ്ടത്. ശമ്പളവും മുടിഞ്ഞ ആനുകൂല്യങ്ങളും കിട്ടും. കോണ്‍ഗ്രസ്സുകാരുടെ ഭരണകാലത്ത്, ഗവര്‍ണര്‍ സ്ഥാനത്തിന്റെ സ്ഥിതി എത്ര ദയനീയമായിരുന്നു എന്നൊന്ന് ഓര്‍ത്തുനോക്കൂ. പ്രായാധിക്യം കാരണം വിരമിക്കുന്ന  കുറെ നേതാക്കന്മാരെയാണ് പ്രത്യേക ആംബുലന്‍സില്‍ അങ്ങോട്ടു കയറ്റിയയച്ചിരുന്നത്. വൃദ്ധസദനമായിരുന്ന ഗവര്‍ണര്‍ ഭവനുകളില്‍ സുഖചികിത്സയും മറ്റു സൗകര്യങ്ങളും ഏര്‍പ്പാട് ചെയ്തിരുന്നു. എല്ലാവരുടെ അങ്ങനെ ആയിരുന്നു എന്നല്ല….ഭൂരിപക്ഷവും അങ്ങനെ ആയിരുന്നു എന്നാണ് കവി ഉദ്ദേശിച്ചത്. കെ.ശങ്കരനാരായണനൊക്കെ രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെട്ടവരാണ്. ഇനിയും ഒരു റൗണ്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ആകണമെങ്കിലും റെഡി.

ആ അവസ്ഥ മോദിയുഗത്തില്‍ മാറിയിരിക്കുന്നു. കുമ്മനത്തെയും ശ്രീധരന്‍പിള്ളയെയും പോലുള്ള ഇരുമ്പന്‍ സ്വയംസേവകരെയാണ് അയക്കുന്നത്. ശിഷ്ടകാലം മുഴുവന്‍ അവിടെപ്പോയി സുഖിച്ചു കളയാമെന്ന വ്യാമോഹമൊന്നും ബി.ജെ.പിയില്‍  ആര്‍ക്കും ഇല്ല. കുമ്മനത്തിന് അതൊട്ടുമുണ്ടായിരുന്നില്ല. ഓരോരുത്തരുടെയും സുഖം ഓരോന്നാണ്. കുമ്മനത്തിന് മിസോറംവാസം കഠിനശിക്ഷയായിരുന്നു. ത്രിപുരയില്‍ അധികാരം പിടിച്ചതുപോലെ കുമ്മനം കേരളത്തില്‍ അധികാരം പിടിക്കണമെന്നാവും അമിത് ഷാ ആഗ്രഹിച്ചിരിക്കുക. അതൊന്നും നടന്നില്ല. അതിനാണ് ശിക്ഷ. ആ നിലയ്ക്കാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ സമ്പൂര്‍ണപരാജയം അറിഞ്ഞ ഉടനെ പി.എസ് ശ്രീധരന്‍പിള്ളയെ ഗവര്‍ണര്‍ ആക്കേണ്ടതായിരുന്നു. കൂടുതല്‍ നല്ല പെര്‍ഫോമന്‍സ് സംസ്ഥാന നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലാവും എന്നൊരു പ്രതീക്ഷ ബി.ജെ.പി ഹൈക്കമാന്‍ഡിന് ഉണ്ടായിരുന്നോ എന്തോ..ഉണ്ടാകാനിടയുണ്ട്. കേരളമെന്ത് എന്ന് അമിത് ഷാ പ്രഭുതികള്‍ക്ക് ഒരു പിടിയുമില്ല. ഈ തോതില്‍ പോയാല്‍ തുടര്‍ച്ചയായി നാലഞ്ച് സംസ്ഥാന പ്രസിഡന്റു സ്ഥാനക്കാര്‍ക്ക് ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ യോഗമുണ്ടാകും. അതുകൊണ്ടാണോ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തിക്കും തിരക്കും കൂടുന്നത് എന്നും അറിഞ്ഞുകൂടാ.

സംസ്ഥാന പ്രസിഡന്റുമാര്‍ വിചാരിച്ചാല്‍ സംസ്ഥാനഭരണം പിടിച്ചെടുത്ത്് പോക്കറ്റിലിട്ടുതരാന്‍ കഴിയുമെന്ന വിശ്വാസം എങ്ങനെയാണ് ആ പാര്‍ട്ടിയെ മാറാരോഗമായി പിടികൂടിയതെന്ന് ആര്‍ക്കറിയാം. പാര്‍ട്ടി തോറ്റാല്‍ പി.സി.സി പ്രസിഡന്റിനെ ഗവര്‍ണരാക്കുന്ന കീഴ് വഴക്കം കോണ്‍ഗ്രസ്സിലുണ്ടായിരുന്നില്ല. അവിടെ പക്ഷേ, ജയിക്കണമെന്നു വലിയ നിര്‍ബന്ധവും ഉണ്ടായിരുന്നില്ലല്ലോ. ചിലര്‍ സ്വമേധയാ രാജിവെക്കുന്ന സമ്പ്രദായം കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടി പറയാനൊന്നും മാന്യനേതാക്കന്മാര്‍ ആരും കാത്തുനില്‍ക്കാറില്ല. രാജ്യത്തെമ്പാടും പാര്‍ട്ടി തോറ്റ് നാനാവശേഷമായപ്പോള്‍ എ.ഐ.സി.സി പ്രസിഡന്റ് ആരോടും ചോദിക്കാതെ രാജിവെച്ച് തടി ‘കയിച്ചിലാക്കിയ’ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പിന്നെ, പഴയ പ്രസിഡന്റായി പുതിയ പ്രസിഡന്റ്. ഇപ്പോള്‍ രാജിവെച്ച പ്രസിഡന്റ് നേടിക്കൊടുത്തതിനേക്കാല്‍ കുറഞ്ഞ സീറ്റ് നേടിക്കൊടുത്ത പ്രസിഡന്റാണ് മുട്ടുശാന്തിയായി വന്നതെങ്കിലും അണികളുടെ ആവേശം മൂര്‍ദ്ധന്യത്തില്‍ എത്തിയിട്ടുണ്ടത്രെ.

തോറ്റ ബി.ജെ.പി പ്രസിഡന്റുമാരെ തുടര്‍ച്ചയായി സഹിക്കാന്‍ മിസോറാം സംസ്ഥാനം ഇതിനു മാത്രം എന്തു പാപമാണ് ചെയ്തത് എന്നു ചോദിക്കുന്നവരുണ്ട്. കുമ്മനത്തിന് കൊടുത്തതിനേക്കാള്‍ കൂടുതല്‍ സുഖവാസശിക്ഷ ശ്രീധരന്‍പിള്ളയ്ക്ക്ു വിധിച്ചിട്ടുണ്ടോ എന്നറിയില്ല. കുമ്മനത്തേക്കാള്‍ തിളങ്ങാനുള്ള ഉരുപ്പടികള്‍ വക്കീലിന്റെ കൈവശമുണ്ട്.  അതു കൊണ്ട് കുറച്ചേറെ അവിടെ നില്‍ക്കേണ്ടി വന്നേക്കാം. ആകെയൊരു അപകടസാധ്യത ഉള്ളത് അദ്ദേഹം വല്ലാതെ പുസ്തകമെഴുതിക്കളയും എന്നുള്ളതാണ്. അതു മിസോറാംകാര്‍ സഹിക്കേണ്ടതില്ല, കേരളീയരാണ് സഹിക്കേണ്ടത്. അനുഭവിക്കട്ടെ….

ഉപാദ്ധ്യക്ഷക്  അബ്ദുള്ളക്കുട്ടി
സി.പി.എം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ സുഖവാസത്തിനു ശേഷം എത്തിയ എ.പി.അബ്ദുള്ളക്കുട്ടി എന്ന മുന്‍ എം.പിയെ ബി.ജെ.പി അതിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷ സ്ഥാനത്ത് പ്രതിഷ്ഠിച്ച വാര്‍ത്ത ചിലരെയൊക്കെ ഞെട്ടിച്ചതായി കാണുന്നുണ്ട്. ഞെട്ടേണ്ട കാര്യമില്ല. കഴിഞ്ഞ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ആരെയൊക്കെ സ്ഥാനാര്‍ത്ഥികളാക്കി എന്നു നോക്കിയാല്‍ ആരും ഞെട്ടില്ല. അബ്ദുള്ളക്കുട്ടി ഗവര്‍ണര്‍ ആകാനും അദ്ദേഹം സന്നദ്ധനായിരുന്നു. ആള്‍ മഹാത്യാഗിയാണല്ലോ. തത്കാലം ഉപാദ്ധ്യക്ഷയ് മഹോദയ് ആയാല്‍ മതി എന്നാണ് മുകളിലുള്ളവര്‍ കല്‍പ്പിച്ചത്.

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന്റെയും ഫലം അറിയുന്നതിന്റെയും ഇടയിലെ ഗ്യാപ്പാണ് ആ മഹാസംഭവം പ്രഖ്യാപിക്കാന്‍ നേതാക്കള്‍ തിരഞ്ഞെടുത്തത്. ഇതിനു പ്രത്യേക പ്രാധാന്യമുള്ളതായി കരുതുന്നവരുണ്ട്്്. വോട്ടെടുപ്പിനു മുമ്പ് ഈ വിവരം നാട്ടുകാര്‍ അറിഞ്ഞാല്‍ ബി.ജെ.പിക്കു കിട്ടുന്ന വോട്ടുകൂടി ഇല്ലാതാകുമോ എന്ന ഭയമാണ് ഒരു കാരണമായി പറയപ്പെടുന്നത്. തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനിന്നാലോ? പ്രസിഡന്റ് തന്നെ ഇല്ലാതാവുന്ന ഘട്ടത്തില്‍ എങ്ങനെ പുതിയ വൈസ് പ്രസിഡന്റിനെ നിയമിക്കും?  എന്തായാലും നല്ല മുഹൂര്‍ത്തത്തില്‍ സംഭവം നടന്നു.

തുടര്‍ന്ന് സാമൂഹ്യമാധ്യമത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വിലാപ-പ്രതിഷേധ പ്രകടനങ്ങള്‍ സാമാന്യം വ്യാപകമായി നടന്നു. പതിറ്റാണ്ടുകളായി രാവും പകലും പാര്‍ട്ടി്ക്കു വേണ്ടി പാഞ്ഞുനടക്കുകയും ഇഷ്്ടംപോലെ അടിയും കുത്തും ഏറ്റുവാങ്ങുകയും ചെയ്തുവരുന്നവരെ അവഗണിച്ചാണ്, വിശ്വസിക്കാന്‍ കൊള്ളാത്ത ഈ കക്ഷിയെ വൈസ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. എത്ര കാലം പാര്‍ട്ടിയിലുണ്ടാകുമെന്ന് വല്ല ഉറപ്പുമുണ്ടോ..ഇങ്ങനെ പോയി സങ്കടപരിവാറുകാരുടെ പരിദേവനകള്‍.

ഗവര്‍ണര്‍ നിയമനം പോലൊരു ഹൈക്കമാന്‍ഡ് അഭ്യാസമാണ് ഈ നിയമനവും എന്ന്് അവര്‍ക്കറിയാം. സ്ഥിതിവിവരക്കണക്ക് അനുസരിച്ച്്, കേരളത്തില്‍ ബി.ജെ.പിക്കു നാലു സീറ്റുകിട്ടാന്‍തന്നെ പ്രയാസമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഹിന്ദു വോട്ടിന്റെ ഏതാണ്ട് മുപ്പതു ശതമാനം കിട്ടിയാല്‍ ഭൂരിപക്ഷം സീറ്റ് കൈയ്യിലാക്കാം. ഇവിടെ അതു നടക്കില്ല. കാരണം, ഹിന്ദുവോട്ടുതന്നെ പാതിയില്‍ കുറച്ചേറെയേ ഉള്ളൂ. അതുകൊണ്ട് ക്രിസ്ത്യന്‍, മുസ്ലിം വോട്ട് വേണം. പരീക്ഷിച്ചിടത്തോളം പ്രയോജനമൊന്നും കാണാനില്ല. അമിത് ഷാജിമാര്‍ക്ക് അറിയാത്ത മറ്റൊരു കണക്കാണ് ഇത്. കാലേ അരക്കാല്‍ മുസ്ലിം വോട്ടേ ബി.ജെ.പി പെട്ടിയില്‍ വീഴാറുള്ളൂ. ചിലരെ പാര്‍ട്ടിയിലെടുത്താല്‍ അതും കിട്ടാതാവുമോ എന്തോ. കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top