ശരിദൂരം ശരികേടുദൂരം

എൻ.പി.രാജേന്ദ്രൻ

ജി.സുകുമാരന്‍ നായരുടെ കൈവശം വോട്ട് എത്രയുണ്ടെന്നു ആര്‍ക്കുമറിയില്ല. ഇമ്മിണി ഉണ്ടെന്നാണ് എല്ലാവരുടെയും വിശ്വാസം. വിശ്വാസത്തിനു തെളിവു ചോദിക്കരുത്. എന്‍.എസ്.എസ്്, എസ്.എന്‍.ഡി.പി വോട്ടിന്റെ സാന്നിദ്ധ്യം കണ്ടെത്താനുളള ഉപകരണങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇവര്‍ രണ്ടു കൂട്ടരും പണ്ടെന്നോ പാര്‍ട്ടികള്‍ ഉണ്ടാക്കിയെന്നും കെട്ടിവച്ചത് തിരിച്ചുകിട്ടാന്‍ മാത്രം വോട്ടില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് ധീരമായി പിന്‍വാങ്ങിയെന്നും ചരിത്രത്തിലുണ്ട്. അതെന്തായാലും ശരി, ഇത്തവണയും പോളിങ്ങിനു മുന്‍പ് വാര്‍ത്തകളില്‍ സുകുമാരന്‍ നായരാണ് നിറഞ്ഞുനിന്നത്. വെള്ളാപ്പള്ളിയേക്കാള്‍ തിളങ്ങി.എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇടയില്‍ സ്‌കെയില്‍ വച്ചളന്ന് കൃത്യ അകലത്തില്‍ പോസ്റ്റ് നാട്ടിയായിരുന്നു കുറെക്കാലമായി പാര്‍പ്പ്. എങ്കിലും, പെരുന്നയില്‍ വന്ന് യഥാവിധി കാണുന്നവര്‍ക്ക് കൈയ്യിലുള്ളത് കൊടുക്കാറുണ്ട്. ഇരുപക്ഷക്കാരും പോകും. ആര്‍ക്ക് കൊടുത്തു, എത്ര കൊടുത്തു എന്നു സുകുമാരന്‍നായര്‍ക്കു പോലും പറയാന്‍ പറ്റില്ല. അങ്ങനെ സമദൂരം സുകുമാരന്‍നായര്‍ക്കു മാത്രം ഗുണമേകി  തുടരുമ്പോഴാണ് ശബരിമലയില്‍ അരുതാത്തതു സംഭവിച്ചത്.

സ്ത്രീപ്രവേശനത്തിനെതിരെ ആദ്യം ഇറങ്ങിയ എന്‍.എസ്.എസ്സാണ് എന്നു രേഖകൡ കാണുന്നുണ്ട്. പെട്ടന്നു പ്ലേറ്റ് മാറ്റി സംഘപരിവാറും ചാടി വീണ് പരമാവധി കോപ്രായം കാട്ടിയത് നായര്‍ക്ക് ഒട്ടും പിടിച്ചിട്ടില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി അതാണോ ചെയ്യേണ്ടത്? കേരളം പരമാവധി കുട്ടിച്ചോറാക്കാനാണ് അവര്‍ നോക്കിയത്. അമിത് ഷാജി അറുത്ത കൈക്കു ഉപ്പുതേക്കില്ല. ശബരിമല പ്രശ്‌നത്തോടെ സുകുമാരന്‍ നായര്‍ എന്തായാലും ഇങ്ങോട്ടുതിരിയും എന്നാണ് ദല്‍ഹി രാജാക്കന്മാര്‍ ധരിച്ചത്. സുകുമാരന്‍ നായരെ അവര്‍ക്ക് മനസ്സിലായിട്ടില്ല. എല്ലാവരെയും ഡല്‍ഹിക്കു വിളിക്കുന്ന പതിവേ ഉള്ളൂ അമിത് ഷാജിക്ക്. ഡല്‍ഹിക്കാരെ ഇങ്ങോട്ടു വിളിക്കാറേ ഉള്ളൂ സുകുമാരന്‍ നായര്‍. കോണ്‍ഗ്രസ്സുകാര്‍തന്നെ ഭേദം. മണ്ണും ചാരി നിന്നല്ലാതെ വേറെ ശരികേടൊന്നും ചെയ്തില്ലല്ലോ.

ജി.സുകുമാരന്‍ നായര്‍ പണ്ടേ യു.ഡി.എഫ് ആണ് എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ചില മുന്തിരങ്ങ പുളിക്കും. രമേശ് ചെന്നിത്തല എന്‍.എസ്.എസ്സിന്റെ അദൃശ്യ അസി.സിക്രട്ടറിയാണ് എന്നൊരു കരവര്‍ത്തമാനവും നിലവിലുണ്ട്. ആയതിനാല്‍, ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ട് യു.ഡി.എഫിനാണ് കൊടുത്തത്. യു.ഡി.എഫ് ജയിച്ചാല്‍ അതു സുകുമാരന്‍ നായരുടെ ശക്തി, തോറ്റാല്‍ ചെന്നിത്തലയുടെ ശക്തിക്കുറവ്. വരുന്നേടത്തു വച്ചു കാണാം.

സി.പി.എം നൂറു നോട്ടൗട്ട്
നൂറിന്റെ നിറവില്‍ എന്നാണ് പത്രഭാഷ. സി.പി.എം ആ അവസ്ഥയിലാണ്. രണ്ടു ജന്മവാര്‍ഷികം ആഘോഷിക്കാന്‍ ഭാഗ്യമുള്ള പാര്‍ട്ടിയാണ് ഇത്. മനുഷ്യരെപ്പോലെയല്ല, പാര്‍ട്ടികള്‍ക്ക്് പലവട്ടം ജനിക്കാനാവും. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഡസന്‍വട്ടം ജനിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ എം.പി വീരേന്ദ്രകുമാര്‍ കൈവശം കാണും.

1964 ഒക്‌റ്റോ.-നവംബര്‍ സമ്മേളനത്തിലാണ് സി.പി.എം ജനിച്ചതെന്ന് പാര്‍ട്ടി ജാതകത്തിലുണ്ട്. അമ്പതാം വയസ്സ് 2014-ഒക്‌റ്റോബറില്‍ ആഘോഷിച്ചതിന്റെ വിവരങ്ങള്‍ പാര്‍ട്ടി വെബ്‌സൈറ്റില്‍ കാണാം. ഇപ്പോഴിതാ പാര്‍ട്ടി ജനിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു!  പാര്‍ട്ടി മുഖപത്രം രണ്ടു ഫുള്‍പേജുകളില്‍ അതിന്റെ ഓര്‍മ പുതുക്കുന്നുണ്ട്. 2014-ല്‍ അമ്പതു വയസ്സായ പാര്‍ട്ടിയ്ക്ക് എങ്ങനെ 2019-ല്‍ നൂറുവയസ്സാവും എന്നാരും ചോദിക്കരുത്.

സി.പി.ഐ എന്ന ഒറിജിനല്‍ പാര്‍ട്ടിയില്‍ നിന്നു പിളര്‍ന്നു പിരിഞ്ഞാണ് സി.പി.എം ഉണ്ടായതെന്ന കാര്യം ആ ഇരട്ടപ്പേജ് ലേഖനങ്ങളിലൊരിടത്തും ഭൂതകണ്ണാടി വച്ച് നോക്കിയവര്‍ക്കും കാണാനായില്ല. 2014-ല്‍ അമ്പതാം വാര്‍ഷികത്തിന് പീപ്പ്ള്‍സ് ഡമോക്രസിയില്‍ എഴുതിയ ലേഖനത്തില്‍ പ്രകാശ് കാരാട്ട് പണ്ട് പാര്‍ട്ടി വിട്ടതിന്റെ കഥയൊക്കെ വിവരിച്ചിട്ടുണ്ട്. യച്ചൂരി അതൊന്നു മിണ്ടുന്നില്ല.

എന്തേ സി.പി.ഐ ജന്മശതാബ്ദി  ആഘോഷിക്കുന്നില്ല? ഒരു ചുക്കും അറിയാത്ത ചിലര്‍ ചോദിക്കുന്നുണ്ട്. പാര്‍ട്ടി എന്നു ജനിച്ചു എന്ന കാര്യത്തില്‍പ്പോലും ഭിന്നിപ്പുള്ള വേറെ പാര്‍ട്ടി ലോകത്തില്ല 1920-ല്‍ താഷ്‌കെന്റില്‍ ഗ്രൂപ്പ് യോഗം നടത്തിയ തിയ്യതിയാണ് സി.പി.എം കണക്കാക്കുന്നത്. 1925 ഡിസംബര്‍ 26 ന് കാണ്‍പൂരിലാണ് ജനിച്ചതെന്ന് സി.പി.ഐയും കണക്കാക്കുന്നു. സി.പി.ഐക്ക് നൂറു തികയാന്‍ ഇനിയും വര്‍ഷം അഞ്ചു കഴിയണമെന്നര്‍ത്ഥം. ജനനം മുതലുള്ള ഭിന്നതകള്‍ തീരാതെങ്ങനെയാണു ഈ പാര്‍ട്ടികള്‍ തമ്മില്‍ ലയിച്ചൊന്നാകുക?  എന്തായാലും ഇരുനൂറാം വാര്‍ഷികത്തിനു മുന്‍പെങ്കിലും ഈ ഭിന്നതകളെല്ലാം പരിഹരിക്കുമായിരിക്കും. ധൃതിയില്ലല്ലോ.

നില വിടുന്ന ഡോവല്‍
അജിത് കുമാര്‍ ഡോവലിനെ കശ്മീരുകാര്‍ മാത്രമല്ല, നമ്മളും പേടിക്കണം എന്ന നില വന്നിട്ടുണ്ട്. അമിത് ഷാജി ഇന്ത്യാചരിത്രം തിരുത്തുന്ന തിരക്കിലാണ്. ഡോവലാണ് ശരി ആഭ്യന്തരമന്ത്രി. പാകിസ്താനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌​ട്രൈക്ക്‌ മാത്രമല്ല, കശ്മീരിലെ രണ്ടു മാസം കഴിഞ്ഞിട്ടും തീരാത്ത സര്‍ജിക്കല്‍ സ്‌​ട്രൈക്കും അജിത് ഡോവലിന്റെ ഐഡിയ ആണത്രെ.

ജഡ്ജിമാര്‍ എങ്ങനെ കേസ് കൈകാര്യം ചെയ്യണം, പത്രങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം തുടങ്ങിയ കാര്യങ്ങളിലാണ്  ഡോവല്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചില ഉപദേശങ്ങള്‍ അദ്ദേഹം രണ്ടു കൂട്ടര്‍ക്കും നല്‍കുന്നുണ്ട്. തലസ്ഥാനത്ത് വലിയൊരു സുരക്ഷാസമ്മേളനത്തില്‍ പ്രസംഗിച്ചപ്പോള്‍ ഡോവലിന്റെ ജുഡീഷ്യല്‍, ഫോര്‍ത്ത് എസ്റ്റേറ്റ് ചിന്തകള്‍ ചിറകു വിടര്‍ത്തി.

മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതു കൊണ്ടാണ് ഭീകരര്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതെന്നും മാധ്യമങ്ങള്‍ ബ്ലാക്കൗട് ചെയ്താല്‍ പിന്നെ അവര്‍ ആ പണി ചെയ്യില്ല എന്നുമാണ് ഡോവലിന്റെ വിദഗ്ദ്ധാഭിപ്രായം. അതുകൊണ്ട്, മേലില്‍ മാധ്യമങ്ങള്‍ സ്വയംസെന്‍സര്‍ഷിപ്പ് നടപ്പാക്കണമെന്നൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല കേട്ടോ. അദ്ദേഹത്തിന്റെ ഈ ഉപദേശമാകാം ജമ്മു കശ്മീരിലെ മീഡിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് കാരണമെന്ന് നമ്മളെപ്പോലുള്ള വിവരദോഷികള്‍ ധരിച്ചാല്‍ കുറ്റപ്പെടുത്തരുത്.

ജുഡീഷ്യറിയുടെ കാര്യമാണ് ഇതിലേറെ കഷ്ടം. ഒരുത്തന്‍ ഭീകരനാണ്, ബോംബ് വച്ച് പത്തുപേരെ കൊന്നു എന്നു പൊലീസ് പറഞ്ഞാലൊന്നും ജഡ്ജിമാര്‍ വിശ്വസിക്കില്ല. എവിടെ സാക്ഷി, എവിടെ തെളിവ് എന്നെല്ലാം ചോദിക്കും. ഭീകരര്‍ക്കെതിരെ തെളിവ് നല്‍കാനുണ്ടോ ആരെങ്കിലും വരുന്നു! ആരും വരില്ല. ഭീകരര്‍ക്കെതിരായ കേസ്സും സിംപ്ള്‍ ക്രിമിനലുകള്‍ക്കെതിലായ കേസ്സും ജുഡീഷ്യറി വേറിട്ടുകാണണം. തെങ്ങു കയറാനും കവുങ്ങ് കയറാനും ഒരേ സൂത്രം പോര.

എന്തു ചെയ്യാം. ഈ ഭരണഘടനയും നിയമവുമൊക്കെ എഴുതിപ്പിടിച്ചതു ഭീകരന്മാരെ കണ്ടിട്ടുപോലുമില്ലാത്തവരാണ്. വിചാരണ കൂടാതെ ശിക്ഷിക്കരുത്, നിയമം അനുസരിച്ചേ എന്തും ചെയ്യാവൂ, പൊലീസ് അല്ല ജുഡീഷ്യറിയാണ് വിചാരണ നടത്തേണ്ടത് തുടങ്ങിയ പാശ്ചാത്യ ആശയങ്ങള്‍ നെഹ്‌റുവും അംബേദ്കറും മറ്റുംചേര്‍ന്ന് എഴുതിച്ചേര്‍ത്തതാണ്. ഒന്നു നോക്കിയാല്‍ ഈ ജനാധിപത്യം തന്നെ ഒരു മണ്ടന്‍ പാശ്ചാത്യ ആശയമാണ്. ഇതിനെല്ലാമുള്ള ഭാരതീയപരിഹാരം ഇന്ത്യാചരിത്രത്തില്‍ കണ്ടെത്താന്‍ ആളെ വിട്ടിട്ടുണ്ട്.  ഡോവല്‍ജി അതിന്റെ റിപ്പോര്‍ട്ടുമായി ഉടനെ വരുന്നതായിരിക്കും.

മുനയമ്പ്
മുന്‍പ്‌ യു.ഡി.എഫുകാരനായിരുന്നതിന്റെ ചില ദൂഷ്യങ്ങള്‍ തന്നിലവേഷിക്കുന്നുണ്ടാവാം എന്നു മന്ത്രി കെ.ടി. ജലീല്‍.
* ബൂര്‍ഷ്വാ ദൂഷ്യങ്ങള്‍ക്ക് എക്‌സ്‌പൈറി ഡേറ്റ് ഇല്ല. ആജീവനാന്തം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Go Top