പ്രിയ മോദിജിക്ക് രാജ്യദ്രോഹപൂര്‍വം

എൻ.പി.രാജേന്ദ്രൻ
narendra modi

വിമര്‍ശനം ആര്‍ക്കെതിരെ നടത്തുന്നതും രാജ്യദ്രോഹമാകുന്നില്ല എന്നു സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്്. ഇതു പറഞ്ഞതിനു ശേഷവും അയ്യോ രാജ്യദ്രോഹം എന്നു അലറിവിളിച്ച്, പലര്‍ക്കുമെതിരെ കേസ്സെടുപ്പിക്കുന്നുണ്ടെന്ന് സുപ്രിം കോടതിയോട് പറഞ്ഞത് പ്രമുഖ രാജ്യദ്രോഹി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ്. കോടതിവിധിയൊന്നും കോണ്‍സ്റ്റബ്ള്‍മാര്‍ക്ക് മനസ്സിലാകില്ല, അവര്‍ക്ക് ഐ.പി.സിയേ അറിയൂ, അതുകൊണ്ട് അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ നിയമം പുതുക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നാണ് ഈ വക്കീല്‍ കോടതിയോട്് ആവശ്യപ്പെട്ടിരുന്നത്. പൊലീസുകാരല്ല, മജിസ്‌റ്റ്രേറ് ആണ് കേസ്സിന്റെ വകുപ്പും വിധിയുമെല്ലാം നോക്കേണ്ടത്, അവര്‍ക്ക് വിധിയൊക്കെ അറിയാം എന്നാണു ഭൂഷണ് സുപ്രിം കോടതി ജസ്റ്റിസ് നല്‍കിയ മറുപടി. ബിഹാറിലെ കോടതിയില്‍നിന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. പൊലീസുകാരേക്കാള്‍ മോശമാണ് ചില മജിസ്‌ട്രേറ്റുമാരുടെ ബുദ്ധിസ്ഥിതി.   കണ്ടില്ലേ പ്രധാനമന്ത്രിക്കു കത്തെഴുതിയ 49 പേര്‍ക്ക് കിട്ടിയ പണി.

എന്തു പൊതുതാല്പര്യ ഹര്‍ജിയാണ് ഇന്നു ഫയല്‍ ചെയ്യേണ്ടത് എന്നു കണ്ടെത്താന്‍ മാത്രമായി രാവിലെ പത്രം വായിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ കുറവാണ്. ബിഹാര്‍ മഹാരാജ്യത്ത് സ്ഥിതി അത്ര സുഖകരമല്ല. അവിടെ സുധീര്‍ കുമാര്‍ ഓഝ എന്നൊരു വക്കീലാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായ രാജ്യദ്രോഹക്കേസ്സിന്റെ ഉപജ്ഞാതാവ്. ഈ വക്കീല്‍ സുപ്രിം കോടതി വിധി വായിച്ചിട്ടില്ല. വായിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി എന്നു പറഞ്ഞ് വക്കീല്‍ കേസ് ഫയല്‍ ചെയ്യുമായിരുന്നില്ല, കേസ്സെടുക്കാന്‍ ഉത്തരവിട്ട സ്ഥലം മയിസ്രേട്ടും വായിച്ചിട്ടില്ല സുപ്രിംകോടതി വിധി. ഈ കേസ്സില്ലാ വക്കീലിനെ മുന്നില്‍ നിറുത്തി കളിക്കുന്നവര്‍ ആരെന്നറിയാന്‍ ദിവ്യജ്ഞാനമൊന്നും വേണ്ട താനും.

സ്വന്തം മിടുക്കു കണ്ട് ആളുകള്‍ ഏല്പിക്കുന്ന കേസ്സുവാദിച്ചു ജീവിക്കുന്ന ആളല്ല ഈ സുധീര്‍ കുമാര്‍ ഓഝ. സാദാ വക്കീലല്ല എന്നു ചുരുക്കം. കേസ്സെല്ലാം പുള്ളിക്കാരന്‍ സ്വയം കണ്ടെത്തി ഫയല്‍ ചെയ്യും. പൊതുതാല്പര്യ ഹരജിയിലാണ് സദാ കണ്ണ്. സ്റ്റാമ്പൊട്ടിക്കണമെന്നില്ല, വെള്ളക്കടലാസ്സില്‍ എഴുതിക്കൊടുത്താലും മതിയല്ലോ.  അമ്പതാം വയസ്സിനിടയില്‍ ഈ ടൈപ്പ് 745 കേസ്സുകളാണത്രെ പുള്ളിക്കാരന്‍ ഫയല്‍ ചെയ്തിട്ടുള്ളത്. ഈ മാതിരി കേസ്സ് നടത്താന്‍ പ്രത്യേകിച്ച് ചെലവൊന്നുമില്ല കേട്ടോ. ഏതാണ്ട് എല്ലാ കേസ്സുകളും തള്ളപ്പെടാറാണ് പതിവ്. അല്ലെങ്കില്‍, തള്ളുന്ന ഘട്ടം എത്തുംമുമ്പ് സംഗതി ഒത്തുതീര്‍പ്പാക്കുന്നുണ്ടാവാം. നാടു നന്നാക്കലാണ് ഒറ്റ ഉദ്ദേശ്യമെന്നാണ് ആ വിനീതന്റെ അവകാശവാദം. രാജ്യസ്‌നേഹത്തിന്റെ ആധിക്യം മൂലം ചെയ്തു പോകുന്നതാണ്. കുറച്ച് പബ്‌ളിസിറ്റിയും കുറച്ചല്ലാതെ  കോടതിച്ചെലവും കിട്ടിയാല്‍ സംഗതി ഒത്തുതീര്‍ക്കാവുന്നതല്ലേ ഉള്ളൂ.

ഇതു വരെ അദ്ദേഹം ഫയല്‍ ചെയ്ത കേസ്സുകളില്‍ വച്ചേറ്റവും കിടിലന്‍ കേസ്സ് പ്രധാനമന്ത്രിക്കു കത്തെഴുതിയ 49 മാന്യന്മാര്‍ക്കെതിരായ കേസ്സാണെന്ന് അദ്ദേഹത്തിനു ഇക്കഴിഞ്ഞ ദിവസമേ മനസ്സിലായുള്ളൂ. രാജ്യത്തെ മുഴുവന്‍ പത്രങ്ങളിലും ഈ കേസ്സ് എട്ടുകോളം  വാര്‍ത്തയാണ്. എത്ര വക്കീലന്മാര്‍ കോട്ടിട്ട് തെക്കുവടക്കു നടക്കുന്നു, വേറെ ആര്‍ക്കെങ്കിലും ഈ ബുദ്ധി തോന്നിയോ. ഈ അഛാ ആദ്മി പത്രക്കാരോട് പറഞ്ഞത് എന്തെന്നോ? ‘പ്രധാനമന്ത്രിക്കു ആരു കത്തെഴുതുന്നതിനും ഞാന്‍ എതിരല്ല. പക്ഷേ, അതു മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി അവര്‍ ബോധപൂര്‍വം രാജ്യത്തിന്റെയും പ്രധാനമന്ത്രിയുടെയും പ്രതിച്ഛായ കേടുവരുത്തുന്നു. അതാണ് പ്രശ്‌നം’. സംഗതി മനസ്സിലായല്ലോ. അതാണ് പ്രശനം. രഹസ്യമായി വേണം കത്തെഴുതാന്‍. പരസ്യപ്പെടുത്തി പ്രധാനമന്ത്രിക്കു മാനഹാനി ഉണ്ടാക്കരുത്, രാജ്യത്തിനു അഭിമാനക്ഷതം ഉണ്ടാക്കരുത്. ഇതുരണ്ടും ഉണ്ടായിരിക്കുന്നു. ഓഝയ്ക്കു സഹിക്കുന്നില്ല.

ചില അസ്സല്‍ രാജ്യസ്‌നേഹികളും ഈ കേസ്സില്‍ പ്രതിക്കൂട്ടിലാവാന്‍ സാധ്യതയുണ്ട് എന്നാണ് ഇതെഴുതുന്ന നിയമ അജ്ഞന് തോന്നുന്നത്.  ഒന്ന്. കുപ്രസിദ്ധരായ 49 രാജ്യദ്രോഹികള്‍ ചേര്‍ന്നു രാജ്യദ്രോഹപൂര്‍വം കത്തയച്ചത് പത്രം ഓഫീസിലേക്കല്ല പ്രധാനമന്ത്രിക്കാണ്. ഇത്രയും രാജ്യദ്രോഹപരമായ ഒരു കത്തു കിട്ടിയിട്ട് മാസം മൂന്നായിട്ടും ഈ ഗുരുതരമായ കുറ്റം പൊലീസ്സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രധാനമന്ത്രിയോ  രാജാവിനേക്കാള്‍ രാജഭക്തിയുള്ള പി.എം.ഒ ഉദ്യോഗസ്ഥരോ തയ്യാറായില്ല. പ്രധാനമന്ത്രിയേക്കാള്‍ പ്രധാനിയായ മന്ത്രി  അമിത് ഷാജിക്കെങ്കിലും ഈ ബുദ്ധി തോന്നേണ്ടതായിരുന്നില്ലേ?  ബി.ജെ.പി കേന്ദ്രനേതാക്കളെരാള്‍ പോലും കേസ്സെടുക്കാന്‍ ആവശ്യപ്പെട്ടില്ല. ഇനിയിപ്പോള്‍ ഈ കേസ്സിനെക്കുറിച്ച് ഉത്തരം പറയാന്‍ പ്രധാനമന്ത്രിയെക്കൂടി കോടതിയിലേക്കു വിളിക്കണമെന്ന ആവശ്യവും ഉയര്‍ന്നേക്കാം. വേറൊന്ന്…  രാജ്യദ്രോഹികള്‍ പരസ്യപ്പെടുത്തിയ കത്തുമൂലം പ്രധാനമന്ത്രിയുടെ യശസ്സിനു കേടുപാട് സംഭവിച്ചു എന്നതാണല്ലോ പ്രശ്‌നം. . യശസ്സിനു സംഭവിച്ച ഡാമേജിന്റെ തോതു പ്രധാനമന്ത്രി തന്നെ പറഞ്ഞാലല്ലേ അറിയാന്‍ പറ്റൂ. വന്നുനില്‍ക്കട്ടെ അദ്ദേഹവും സാക്ഷിക്കൂട്ടില്‍. ആകെമൊത്തം നോക്കുമ്പോള്‍ കേസ്സില്‍ വാദിഭാഗമാണോ പ്രതിക്കൂട്ടിലെത്തുക എന്നൊരു ആശങ്ക ഇല്ലാതില്ല.

രാജ്യദ്രോഹക്കേസ് ഒരു പക്ഷേ, അധികം താമസിയാതെ ഹൈക്കോടതിയോ സുപ്രിം കോടതിയോ എടുത്ത് ചവറ്റുകൊട്ടയിലിട്ടേക്കാം. അങ്ങനെ ചെയ്താലും അര്‍ബണ്‍ റൂറല്‍ രാജ്യദ്രോഹികള്‍ക്കുള്ള ഒരു സന്ദേശം ഇതിലുണ്ട്. അടങ്ങിയൊതുങ്ങി ജീവിച്ചില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും രാജ്യദ്രോഹത്തിനു ജയിലാകാം. ജാമ്യമില്ലാത്ത കുറ്റമാണ് രാജ്യദ്രോഹം.  ആര്‍ക്കെല്ലാം എതിരെ  ഈ ടൈപ്പ് കേസ്സുകള്‍ വരും എന്നു പറയാണ്‍ ജോത്സര്‍ക്കേ പറ്റ. ഇതൊരു സാമ്പില്‍ ഡോസ്സാണ്. പ്രധാനമന്ത്രിക്ക് അയച്ച കത്തുതന്നെ ലക്ഷക്കണക്കിനാളുകള്‍ ഒപ്പിട്ട് പരസ്യപ്പെടുത്തുന്നുണ്ട്. തുല്യചെയ്തിക്കു തുല്യകേസ് എന്ന ന്യായപ്രകാരം ഇവരെയും രാജ്യദ്രോഹക്കേസ്സില്‍ പ്രതികളാക്കാം. ഇതൊന്നുമില്ലാതെതന്നെ, രാഹുല്‍ ഗാന്ധിയടക്കം ഡസന്‍കണക്കിന് രാജ്യദ്രോഹികളെ കേസ്സില്‍ കുടുക്കിക്കഴിഞ്ഞു.

നിലവിലുള്ള പൗരത്വപ്രശ്‌നത്തിലെ ഒരു പ്രധാനവ്യവസ്ഥ രാജ്യദ്രോഹപ്രശ്‌നത്തനും ബാധകമാക്കാവുന്നതാണ്. അസ്സമില്‍ ജീവിക്കുന്ന ഓരോ ആളും സ്വയം തെളിയിക്കണം താന്‍ ഇന്ത്യക്കാരനാണ് എന്ന്. അസ്സമില്‍ മാത്രമല്ല, ഘട്ടം ഘട്ടമായി ഇത് രാജ്യമാസകലം നടപ്പാക്കാനും അമിത് ഷാജി ആലോചിക്കുന്നുണ്ട്. മിസ്റ്റര്‍ എക്‌സ്, ഓര്‍ വൈ ഇന്ത്യന്‍ പൗരനാണ്എ ന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം മിസ്റ്റര്‍ എക്‌സ്, ഓര്‍ വൈക്കു തന്നെയാണ്. അല്ലാതെ സര്‍ക്കാറിന്റെ പണിയല്ല അത്്. രാജ്യദ്രോഹിയല്ല എന്നു ഒരോ ആളും സ്വയം തെളിയിക്കണം എന്നൊരു വ്യവസ്ഥ ഉണ്ടാക്കുന്നത് നന്നാവും. കാണാലോ ഓരോരുത്തനും കിടന്നു ചക്രശ്വാസം വലിക്കുന്നത്. രാജ്യദ്രോഹിയല്ലെന്നു സ്വയം തെളിയിക്കാത്തവര്‍ക്കൊക്കെ ജീവപര്യന്തം തടവു കൊടുക്കാം. പാശ്ചാത്യ സാമ്രാജ്യത്വവാദികളുടെ വഴിയെ നാം പോയിക്കൂട. അമേരിക്കയിലും ബ്രിട്ടനിലുമൊന്നും ഇപ്പോള്‍ എഴുത്തിനും പ്രസംഗത്തിനുമൊന്നും രാജ്യദ്രോഹം എന്നൊരു വകുപ്പുതന്നെ ഇല്ലത്രെ. അതൊന്നും നമുക്കു പറ്റില്ല. നമ്മളല്ലാത്ത എല്ലാവരെയും രാജ്യദ്രോഹികളാക്കിയിട്ടു വേണം നമുക്കു കഴിഞ്ഞുകൂടാന്‍….

മുനയമ്പ്
പൂതനപ്രയോഗം  പ്രത്യേകം വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നു മന്ത്രി ജി.സുധാകരന്‍
* സ്ത്രീ സമൂഹത്തെ പൊതുവില്‍ ഉദ്ദേശിച്ചാവണം.

Leave a Reply

Your email address will not be published. Required fields are marked *

Go Top