തുടക്കത്തിലേ ചില്ലറ സ്‌പെല്ലിങ് മിസ്റ്റേക്കുകള്‍ ഉണ്ട് ഈ സ്പ്രിന്‍ക്ലര്‍ ഏര്‍പ്പാടില്‍ എന്നു തന്നെ കരുതണം. തോട്ടത്തില്‍ വെള്ളം ചീറ്റാന്‍ ഉപയോഗിക്കുന്ന സ്പ്രന്‍ക്ലറുകളെക്കുറിച്ചേ നമ്മള്‍ സാധാരണക്കാര്‍ക്ക് കേട്ടറിവ് കാണൂ. ഇത് അതല്ല. ഒരു അക്ഷരത്തിന്റെ-E -യുടെ കുറവുണ്ട് മലയാളി സ്റ്റാര്‍ട്ടപ്പ് മിടുക്കന്‍ റജി തോമസ് നടത്തുന്ന സോഫ്‌റ്റ്വേര്‍ കമ്പനിയുടെ പേരിന്. -SPRINKLR. ഇങ്ങനെയൊരു വാക്ക് ഇംഗ്ലീഷില്‍ ഇല്ലെങ്കിലും ഇതൊരു മിസ്‌റ്റേക് അല്ലേയല്ല. പേരിന് അർത്ഥമുണ്ടാകണമെന്നു നിയമമില്ല. ഇവരുമായി ബന്ധപ്പെടുത്തിയുള്ള കേരള കൊറോണ സോഫ്‌റ്റ്വേര്‍ ഇടപാടില്‍ സ്‌പെല്ലിങ്ങ് മിസ്റ്റേക്ക് ഉണ്ടോ എന്നതാണ് ചോദ്യം. അതൊരു ഭരണനിര്‍വഹണ പ്രശ്‌നമാണ്, രാഷ്ട്രീയപ്രശ്‌നവുമാണ്.
ഇത്തരം മിക്ക വിവാദങ്ങളുടെയും കാര്യത്തിലെന്ന പോലെ, ഇവിടെയും, എല്ലാം അറിയേണ്ട പൗരന് ഇക്കാര്യത്തില്‍ വലിയ പിടിപാടൊന്നും കാണില്ല. രണ്ടു പക്ഷത്തും നിന്നുകൊണ്ട് കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വേര്‍ വിദഗ്ദ്ധരെയും മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ടുകളെയും വെല്ലുന്നു വാദങ്ങള്‍ നേതാക്കളും മാധ്യമങ്ങളും അടിച്ചുവീശും. ജനത്തിന്റെ കണ്‍ഫ്യൂഷന്‍ കൂടുകയേ ഉള്ളൂ. രണ്ടു പക്ഷക്കാര്‍ക്കും ശരിയും തെറ്റും നോക്കേണ്ട പണിയില്ല. പക്ഷം ഇല്ലാത്തവനേ ശരിയും തെറ്റും സ്വയം കണ്ടുപിടിക്കേണ്ടൂ. പാര്‍ട്ടി അനുഭാവികള്‍ എന്തു വാദിക്കണമെന്ന് പാര്‍ട്ടി പറയും, ലഘുലേഖയാക്കി പത്രത്തിലും വാട്‌സാപ്പിലുമെല്ലാം എങ്ങുമെത്തിക്കും.
കോഴ അല്ലെങ്കില്‍ കൈക്കൂലി വാങ്ങുക എന്ന ഒറ്റയിനം അഴിമതിയെക്കുറിച്ചു മാത്രം കേട്ടറിവുള്ളവരാണ് മിക്കവരും. പുത്തന്‍ കാലത്ത് പുത്തന്‍ അഴിമതികള്‍ ഉണ്ട്. ഒരു വിദേശമലയാളി ഒരു സൗജന്യസേവനം കേരളത്തിനു തരാന്‍ തയ്യാറായാല്‍പ്പിന്നെ അതിലപ്പുറം എന്തിന് നോക്കണം എന്നാവും സന്മനസ്സുള്ള ഉദ്യോഗസ്ഥ-രാഷ്ട്രീയ മേധാവികള്‍ വരെ ചിന്തിക്കുന്നത്. സൗജന്യം എന്നതു തന്നെ ഒരു തട്ടിപ്പാവാം. സൗജന്യ ഉച്ചയൂണ് എന്നൊരു ഏര്‍പ്പാടേ ഈ ആഗോളത്തട്ടിപ്പ് മുതലാളിത്തത്തിന്റെ കാലത്ത് ഇല്ല എന്നാണ് ഇന്നു തട്ടിപ്പുകാര്‍ വരെ പറയുന്നത്. നൂറു നൂലാമാലകളാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത വിവരശേഖരണ-വിശകലന രംഗത്തുള്ളത്. ഡേറ്റ എന്നൊരു ചരക്ക് വില്ക്കുകയും വാങ്ങുകയും ചെയ്താണ് ലോകത്തെ എമ്പാടും കമ്പനികള്‍ കോടികള്‍ സമ്പാദിക്കുന്നതെന്ന് നാട്ടില്‍പ്പാട്ടായത് അടുത്ത കാലത്താണ്. കമ്പനികള്‍ക്ക് അവരുടെ ഉല്പന്നം വിറ്റഴിക്കാന്‍ ഡേറ്റ വേണം. കേരളത്തില്‍ എത്ര പേര്‍ക്ക് മനോരോഗമുണ്ട്, എത്ര പേര്‍ മദ്യപാനികളാണ്, എത്രപേര്‍ ഭാര്യയെ തല്ലുന്നവരാണ് എന്നു തുടങ്ങി സര്‍വ വിവരവും വിവരക്കേടും കച്ചവടത്തിന് ആവശ്യമുള്ള ഡേറ്റ ആണ്. അതുകൊണ്ടാണ് ഇടപാടുകളെല്ലാം പലതരം ഭൂതക്കണ്ണാടികള്‍ വെച്ചു നോക്കിയേ അംഗീകരിക്കാവൂ എന്നു അറിവുള്ളവര്‍ പറയുന്നത്.
അതിനിടെയാണ് അത്യന്തം നിഷ്‌കളങ്കനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍, അതും വിവരസാങ്കേതിക വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍, ഇടപാടില്‍ നിയമപ്രശ്‌നമൊന്നുമില്ലെന്നുള്ളതു കൊണ്ടാണ് സ്പ്രിന്‍ക്ലര്‍ ഇടപാട് നിയമവകുപ്പിന്റെ പരിശോധനയ്ക്ക് വിടാതിരുന്നത് എന്നൊരു മഹദ്വചനം ഉരിയാടിയത്. നിയമമറിയുന്നവര്‍ നോക്കാതെ എങ്ങനെയാണ് സാര്‍ അതില്‍ നിയമപ്രശ്മുണ്ടോ എന്നറിയുക? മറ്റെല്ലാം പോകട്ടെ, സ്പ്രിന്‍ക്ലര്‍ സ്ഥാപനം നല്‍കുന്ന സേവനം സംബന്ധിച്ച് എന്ത് നിയമപ്രശ്‌നമുണ്ടായാലും അത് അമേരിക്കയിലെ കോടതിലേ കേസ്സാക്കാനാവൂ എന്ന വ്യവസ്ഥയെങ്കിലും നിയമവകുപ്പ് അറിയേണ്ടിയിരുന്നില്ലേ സാര്‍? കേരളത്തിലെ കൊറോണ സംബന്ധിച്ച ഡേറ്റ അതിവിപുലമാണ് എന്നാണ് വകുപ്പ് സിക്രട്ടറി പത്രത്തിലെഴുതിയ കുറിപ്പില്‍പറയുന്നത്. അപ്പോള്‍ അതിന്റെ മൂല്യവും അത്രക്കു വിപുലമായിരിക്കില്ലേ?
കരാര്‍ നടപ്പാക്കാന്‍ കാട്ടിയ ബദ്ധപ്പാട് കുറച്ചേറിപ്പോയി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ധൃതിപിടിച്ച് ചെയ്യുന്ന എന്തിലും പിഴവുകള്‍ ഏറും. പിഴവുകള്‍ ചോദ്യം ചെയ്യപ്പെടും. സത്യസന്ധത സംശയിക്കപ്പെടും. ആകെ മൊത്തം അലമ്പാവും. പ്രതിപക്ഷത്തെ ശമ്പളം കൊടുത്തും, മാധ്യമങ്ങളെ ശമ്പളം കൊടുക്കാതെയും നിര്‍ത്തിയിരിക്കുന്നത് ഈ പിഴവുകള്‍ കണ്ടെത്തുന്നതിനും ചോദ്യം ചെയ്യുന്നതിനുംതന്നെയാണ്. രാജ്യം ഒരു യുദ്ധത്തില്‍ ചെന്നുപെട്ടാല്‍ പ്രതിപക്ഷത്തിന്റെ നില പരുങ്ങലിലാവുക പതിവാണ്. കൊറോണയാവട്ടെ ആഗോള യുദ്ധമാണ്. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്തതുകൊണ്ട് ഇരിക്കാനും നില്‍ക്കാനും നടക്കാനുമൊന്നും വയ്യാത്ത വെപ്രാളത്തിലാണല്ലോ കോണ്‍ഗ്രസ്സും കൂട്ടാളികളും. അവര്‍ക്ക് ജീവന്‍വെച്ചത് സ്പ്രിന്‍ക്ലര്‍ വന്നപ്പോഴാണ്. തല കറങ്ങി വീണവന്റെ മുഖത്ത് ജീവജലം കുടയുന്ന സ്പ്രിന്‍ക്ലര്‍. സംസ്ഥാനസര്‍ക്കാറിന് അവരുടെ നന്ദി പാര്‍സലായി എത്തും.
ഉദാരമായ കോഴ
കൊറോണക്കാലത്ത് വീട്ടിലിരിക്കുന്നവര്‍ക്ക് നേരമ്പോക്കിനു വേണ്ടി നമ്മുടെ നേതാക്കള്‍ പലതരം വിനോദങ്ങളാണ് പടച്ചുവിടുന്നത്. ഒന്നിന്റെയും സത്യാസത്യം സാധാരണക്കാരന് മനസ്സിലാവുകയേ ഇല്ല. പുതിയ കെ.എം.ഷാജി വിവാദം ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കാന്‍ കോഴ വാങ്ങിയതിനെക്കുറിച്ചാണ്. എം.എല്‍.എ.യുടെ കാര്യം അവിടെ നില്‍ക്കട്ടെ. കോഴയുടെ റെയ്റ്റ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലേ? എത്ര ഉദാരം, വെറും കാല്‍ക്കോടി രൂപ! കോഴ്‌സിന് എത്ര അധ്യാപകരെ നിയമിച്ചാലും ശരി ഒരു അധ്യാപകനെ നിയമിക്കുന്നതിന് വാങ്ങുന്ന കോഴ മാത്രമേ പാര്‍ട്ടിക്കു വേണ്ടൂ. ബാക്കി മുഴുവന്‍ മാനേജ്‌മെന്റ്ിന്്. ഇരുകൂട്ടരും അത്യുദാര മഹാത്മാക്കളത്രെ. 2014-ല്‍ അനുവദിച്ചുകിട്ടിയ കോഴ്‌സാണ്. മറ്റേതെങ്കിലും പാര്‍ട്ടിയാണെങ്കില്‍ കാശ് കിട്ടിയ ശേഷമേ കോഴ്‌സ് അനുവദിക്കു. ഇവിടെ ലീഗായതുകൊണ്ട് പ്രശ്‌നമില്ല. തീരുമാനത്തിനു ശേഷം കോഴ, അതിനു ശേഷം വിവാദം.
ആരാണ് കോഴ വാങ്ങേണ്ടത് എന്ന കാര്യവും വളരെ ഉദാരമാണ്. മറ്റു പാര്‍ട്ടികളില്‍ ഇതു വിദ്യാഭ്യാസമന്ത്രിയോ മന്ത്രി നിയോഗിക്കുന്ന ശിങ്കിടിയോ വേണം വാങ്ങാന്‍. വിവാദകേസ്സില്‍ ഏതോ വാര്‍ഡ് കമ്മിറ്റി ഭാരവാഹിയോ മറ്റോ പോയി കാശ് ചോദിച്ചെന്നാണ് പറയുന്നത്. ലീഗല്ലേ, അതും നടക്കും. ഒടുവില്‍ എം.എല്‍.എ പോയി വാങ്ങിയത്രെ. ഇത്തരം കാശൊന്നും, ലീഗിലായാലും ഒരു എം.എല്‍.എക്കും പോക്കറ്റിലിടാന്‍ പറ്റില്ല. അത്തരം കോഴകള്‍ വേറെ ഉണ്ട്. അത് ചെല്ലേണ്ടിടത്ത് ചെല്ലും. നിയമസഭാതിരഞ്ഞെടുപ്പു കാലത്തു കാലുമാറി എം.വി. നികേഷ്‌കുമാറിന്റെ പക്ഷം ചേര്‍ന്ന ഒരു പ്രാദേശികനേതാവിനെ പുറത്താക്കിയതാണ് ഇപ്പോഴത്തെ ആരോപണത്തിനും വിവാദത്തിനും കാരണമായതെന്നാണ് ഷാജി പറയുന്നത്. എന്നിട്ടും കൊല്ലം കുറെയായല്ലോ സഖാവേ…
കോഴത്തരത്തിന്റെയും കള്ളത്തരത്തിന്റെയും കൂത്തരങ്ങാണ് സ്വകാര്യകോളേജ് അധ്യാപകനിയമനരംഗം എന്നറിയാത്ത ഒരു വിഡ്്ഢിയാനും കേരളത്തിലില്ല. സര്‍ക്കാര്‍ നിശ്ചയിച്ച നല്ല ശമ്പളവും വിരമിച്ച ശേഷം നല്ല പെന്‍ഷനും സര്‍ക്കാര്‍തന്നെ നല്‍കുന്ന ഉദ്യോഗമാണിത്. ഈ നിയമനം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ വാങ്ങുന്നത് വന്‍കോഴയാണ്. അതില്‍ ആര്‍ക്കുമില്ല ആക്ഷേപം. കേരളത്തിലല്ലാതെ മറ്റെങ്ങുണ്ട് ഇത്രയും ഉദാരമായ അഴിമതിവ്യവസ്ഥ? കോഴ കൊടുത്തെന്നോ വാങ്ങിയെന്നോ ഒരു മാനേജ്‌മെന്റും സമ്മതിക്കില്ല, ഒരു പാര്‍ട്ടിക്കാരും മിണ്ടില്ല. ഒരു കേസ്സും നിലനില്‍ക്കില്ല. കൊറോണയുടെ അതിവിരസ കാലത്ത് ചില്ലറ വിനോദത്തിനുതകും ഈ കോഴവിവാദം. കെ.എം ഷാജി കുറച്ചുകാലം കേസ്സില്‍ കുരുങ്ങി നടക്കട്ടെ…. പിണറായി വിജയനോടാണോ കളി?
മുനയമ്പ്
തനിക്കെതിരായ വിജിലന്‍സ് കേസ്സിനു പിന്നില്‍ മുഖ്യമന്ത്രിതന്നെ എന്നു കെ.എം.ഷാജി-
കേസ് വരുന്നെന്ന് അറിഞ്ഞ് ഷാജിയാണ് ആദ്യം വെടിപൊട്ടിച്ചതെന്നും കേള്‍ക്കുന്നുണ്ട്. ആവോ..