കള്ളം പറയുക അത്ര എളുപ്പമല്ല. പറയാം, പക്ഷേ ആരും വിശ്വസിക്കില്ല എന്നേ ഉള്ളൂ. പിടിച്ചുനില്‍ക്കാന്‍ നല്ല ബുദ്ധിയും ഓര്‍മശക്തിയും വേണം. അതില്ലാത്തവര്‍ പറഞ്ഞാല്‍ പെട്ടെന്നു കള്ളി വെളിച്ചത്താവും.
ഏഷ്യാനെറ്റ്, മീഡിയ വണ്‍ വാര്‍ത്താനിരോധനം പിന്‍വലിച്ചത് അവര്‍ മാപ്പ് പറഞ്ഞതുകൊണ്ടാണ് എന്നൊരു കേരളകേന്ദ്രന്‍ മന്ത്രി തട്ടിവിട്ടത് തന്റെ ഗമയൊന്ന് നാട്ടാര്‍ അറിയട്ടെ എന്നു വിചാരിച്ചാവണം. ചാനലിനെ വിലക്കിയതും താനറിയും അതു നീക്കിയതും താനറിയും അതിന്റെ കാരണവും താനറിയും എന്നു ജനങ്ങള്‍ ധരിക്കണമല്ലോ. ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞ വിവരം പക്ഷേ ഏഷ്യനെറ്റ് അറിഞ്ഞില്ല. മീഡിയവണ്‍ മാപ്പ് പറഞ്ഞതായി അവകാശവാദവുമില്ല. അതു സാരമില്ല. പക്ഷേ, ചാനല്‍ മാപ്പു പറഞ്ഞ മഹാസംഭവം വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകറും അറിഞ്ഞില്ല. അദ്ദേഹം ഒരു സത്യവും അതിന്റെ ആഘാതം കുറക്കാന്‍ ഒരു അര്‍ദ്ധസത്യവും പറഞ്ഞു. ഏഷ്യാനെറ്റ് ഉടമ തന്നെ വിളിച്ചിരുന്നു എന്നത് സത്യം, പ്രധാനമന്ത്രിക്ക് ചാനല്‍ വിലക്കില്‍ അപ്രിയമുണ്ടെന്നത് അര്‍ദ്ധസത്യം.
ഇവിടെയാണ് സത്യത്തിന്റെ കിടപ്പ്. ഏഷ്യാനെറ്റ് ഉടമ വെറും ഒരു ഉടമയല്ലെന്നും ബി.ജെ.പിയുടെ എം.പി ആണെന്നും മന്ത്രി പറയാതെ നമുക്കെല്ലാം അറിയാം. ബി.ജെ.പി എം.പിയുടെ ചാനലിനെ വര്‍ഗ്ഗീയ വിഷയത്തില്‍ ശിക്ഷിക്കുന്നത് ചില്ലറ മണ്ടത്തമൊന്നുമല്ലല്ലോ. പാര്‍ട്ടി എം.പി.യുടെ ചാനലിനെ ശിക്ഷിച്ചതില്‍പ്രധാനമന്ത്രി തീര്‍ച്ചയായും അപ്രിയം പ്രകടിപ്പിക്കും-. ബി.ജെ.പി എം.പിയുടെ ചാനലിനൊപ്പം കൂട്ടിക്കെട്ടിയത് ജമാ അത്തെ ഇസ്ലാമിയുടെ ചാനലിനെ ആയിരുന്നു എന്നറിഞ്ഞാല്‍ പുറംലോകം ഞെട്ടും. സംഘപരിവാറിന് ഇതില്‍പ്പരം നാണക്കേട് വേറെയില്ല. മാപ്പ് പറഞ്ഞതോ പ്രധാനമന്ത്രി വിഷമിച്ചതോ അല്ല കാരണം. എം.പി വിളിച്ച് പറയാനുള്ളത് പറഞ്ഞതാണ്-അതിപ്പം ക്ലീനായി നാട്ടുകാര്‍ക്കറിയും.
ഈ പ്രശ്‌നത്തിനിടയില്‍ കേന്ദ്രമന്ത്രി മുരളീധരന്റെ ഹാസ്യബോധം എല്ലാവര്‍ക്കും ആസ്വദിച്ചു. ഏഷ്യാനെറ്റ് ക്ഷമ ചോദിച്ചതു കൊണ്ട് അവരെ കുറ്റവിമുക്തരാക്കി. അപ്പോള്‍ പിന്നെ മീഡിയവണിനെയോ? അത് അത് അത്…ഒരു കുറ്റത്തിന് രണ്ടാള്‍ക്ക് രണ്ട് ശിക്ഷ പാടില്ലല്ലോ. അതായത്, ഒരേ കുറ്റത്തിന് രണ്ടാള്‍ക്ക് പിഴ വിളിച്ചാല്‍ ഒരാള്‍ പിഴയടച്ചാല്‍മതി….മറ്റെയാളും പിഴയടച്ചതായി കണക്കാക്കും, ഏത്? നീതിന്യായരംഗത്ത് എന്തെല്ലാം വിപ്ലവങ്ങളാണ് നമ്മളറിയതെ നടക്കുന്നത് പടച്ചോനേ…
എന്തൊക്കെ ആയാലും കടുപ്പമായിരുന്നു ഈ ചാനലുകളുടെ റിപ്പോര്‍ട്ടിങ്ങ് എന്നു പറയാതെ വയ്യ കേട്ടോ. കലാപത്തില്‍ ആര്‍.എസ്.എസ്സിന് പങ്കുണ്ടെന്നു ബി.ജെ.പി എം.പിയുടെ ചാനലും മറ്റേ ചാനലും ഒരു പോലെ പറഞ്ഞുകളഞ്ഞു. അങ്ങനെ പറഞ്ഞാല്‍ ആര്‍.എസ്.എസ്സിന്റെ യശസ്സിന് ഹാനി സംഭവിക്കില്ലേ? അതുപാടില്ല. പോരാത്തതിന് ഡല്‍ഹി പൊലീസ് നിഷ്‌ക്രിയമായിരുന്നു എന്നും റിപ്പോര്‍ട്ട് ചെയ്തു. അതു ഡല്‍ഹി പൊലീസിന്റെ ഖ്യാതിക്ക് ഹാനി ഉണ്ടാക്കി. രാജ്യസ്‌നേഹമുള്ളവര്‍ ഇങ്ങനെ ചെയ്യാമോ?
റിപ്പോര്‍ട്ടിങ്ങില്‍ ചാനലുകള്‍ രണ്ടും പക്ഷം ചേര്‍ന്നു എന്നൊരു ഗുരുതരമായ കുറ്റവും ഉണ്ട്. വര്‍ഗീയാക്രമണം ആരാണ് നടത്തിയതെന്നും ആരാണ് ഇരകളായതെന്നും വിളിച്ചുപറഞ്ഞു. പോരാത്തതിന് വീഡിയോകളും കാണിച്ചു. സത്യം പറയരുത്്. വസ്തുതകള്‍ പരമാവധി മറച്ചുവെക്കണം. ആരെല്ലാമോ ആരെയൊക്കെയോ ആക്രമിച്ചു, കട കത്തിച്ചു, വെട്ടിക്കൊന്നു….. എന്നൊക്കെയേ പറയാവൂ. ആക്രമിക്കപ്പെട്ടവരുടെ വീഡിയോകള്‍ ചാനലില്‍ കാണിക്കുമ്പോള്‍ ആരാണ് ആക്രമിക്കപ്പെട്ടതെന്നു മനസ്സിലാകും. പ്രധാനമന്ത്രി നേരത്തെ പറഞ്ഞത് ഓര്‍ക്കേണ്ടതായിരുന്നു. പൗരത്വപ്രശ്‌നത്തില്‍ സമരം ചെയ്യുന്നത് ഏതു വിഭാഗമാണ് എന്നു വേഷം കണ്ടാല്‍ അറിയാം എന്നാണല്ലോ അദ്ദേഹം കണ്ടെത്തിയത്. അക്രമികള്‍ കൂട്ടക്കൊല നടത്തിയത് ആരെയാണ് എന്നും ചാനലില്‍ വസ്ത്രം കണ്ടാല്‍ തിരിച്ചറിഞ്ഞേക്കും. പാടില്ല….
വിലക്കുവാര്‍ത്ത കേട്ട് ആളുകള്‍ പല വിചിത്ര ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. ഡല്‍ഹി ആക്രമണങ്ങളില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് മലയാളം ചാനലുകള്‍ മാത്രമായിപ്പോയത് എന്തേ? കേരളത്തില്‍ തന്നെ വേറെയും എണ്ണമറ്റ ‘സെക്കുലര്‍ രാജ്യദ്രോഹ’ ചാനലുകള്‍ ഇല്ലേ? മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇത്തരം ചാനലുകളും വിലക്കപ്പെട്ട സത്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നില്ലേ? എന്തേ അവര്‍ക്കൊന്നും ഒരു വിലക്കും ശാസനയുമില്ലാത്തത്. കേരളത്തിന്റെ തനിസ്വഭാവം ലോകം അറിയട്ടെ എന്നാവണം ഉദ്ദേശ്യം.
ഡല്‍ഹിയിലെ ചില ബി.ജെ.പി നേതാക്കള്‍ കൊടിയ മതവിദ്വേഷം പ്രചരിപ്പിക്കുന്നതാണ് വര്‍ഗീയാക്രമണങ്ങള്‍ക്കു കാരണമെന്നു കുറെ സെക്കുലര്‍ രാജ്യദ്രോഹികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലടക്കാത്തത് കലാപത്തിന്റെ വീര്യം കൂടുമെന്നു ഭയന്നാവണം. മാത്രവുമല്ല, വര്‍ഗീയവിദേഷം ഡോസ് ഡോസായി കുത്തിവച്ചാല്‍ ആളുകള്‍ക്ക് അതിനോടുള്ള പ്രതിരോധശേഷി വര്‍ദ്ധിക്കും. പിന്നെ എന്തും സഹിച്ചോളുമായിരിക്കും.
വെള്ളിയാഴ്ച രാത്രി മുതല്‍ ചാനല്‍വിലക്ക് നടപ്പാക്കാന്‍ തീരുമാനിച്ചവരുടെ ബുദ്ധി വളരെ പ്രശംസാര്‍ഹമാണ്. കോടതിയില്‍ പോയി സ്റ്റേ വാങ്ങാനൊന്നും അവസരം കൊടുക്കരുതല്ലോ. എന്തായാലും അതെല്ലാം പാളിപ്പോയി. സാരമില്ല. ഇതൊരു സാമ്പിള്‍ ഡോസ് മാത്രമായിരുന്നു. തെറ്റുകള്‍ തിരുത്തി ഒറിജിനല്‍ സാധനം വരുന്നുണ്ട്. പിന്നെ ഒരു മാധ്യമവും ഒരു പരാതിയും പറയില്ല.
നല്ല പുരോഗതി
കേരളത്തിലെ രണ്ടു ചാനലുകള്‍ക്കു നേരെ കടുത്ത നടപടി ഉണ്ടായിട്ടും മാധ്യമങ്ങള്‍ ഒറ്റകെട്ടായി നിന്ന് അതിനെ പ്രതിരോധിച്ചില്ലെന്ന ആക്ഷേപമുണ്ട്. അങ്ങനെ പ്രതിരോധിക്കേണ്ട കാര്യമൊന്നുമില്ല. രണ്ടു ചാനലുകളെ മാത്രമല്ലേ വിലക്കിയിട്ടുള്ളൂ. അവരെ വിലക്കുമ്പോള്‍ മറ്റു ചാനലുകള്‍ക്കെല്ലാം സംപ്രേഷണം തുടരാമല്ലോ. അപ്പോള്‍ അവരുടെ റെയ്റ്റിങ്ങ് വര്‍ദ്ധിക്കുമല്ലോ. അത്രയും സമയത്തെ പരസ്യം നമുക്കു കിട്ടുകയും ചെയ്യും. പ്രതിഷേധസൂചകമായ മറ്റുള്ളവരും ചാനലുകള്‍ പൂട്ടിയിട്ടാല്‍ വന്‍നഷ്ടമല്ലേ ഉണ്ടാവുക. അതു പാടില്ല.
മുന്‍പെല്ലാം പല റിപ്പോര്‍ട്ടുകളിലും മറ്റൊരു ചാനല്‍, മറ്റൊരു പത്രം എന്നല്ലേ കൊടുക്കാറുള്ളൂ. ഇത്തവണ അതുണ്ടായില്ല. രണ്ടു ചാനലുകളുടെയും പേരുകൊടുത്തു. ശ്ലാഘനീയം!
മുനയമ്പ്
ഒരു വര്‍ഷം നീണ്ട പ്രക്രിയകളുടെ അവസാനമായാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.-വാര്‍ത്ത
അതാവശ്യമാണ്. ഇനി ഇരുപത്തഞ്ച് കൊല്ലം കഴിഞ്ഞല്ലേ തിരഞ്ഞെടുപ്പുണ്ടാകൂ…