സന്തോഷം കൊണ്ട് കരയാനും വയ്യ, സങ്കടം കൊണ്ട് ചിരിക്കാനും വയ്യ എന്ന അവസ്ഥയിലാണ് രാജ്യത്തെ പ്രതിപക്ഷം. ദല്‍ഹി തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചാണ് പറയുന്നത്. കെജ്‌റിവാളിന്റെ വാളേറ്റ് വീഴാത്ത ഒരു കക്ഷിയുമില്ല. ഏതാണ്ട് എല്ലാവരും പോര്‍ക്കളത്തില്‍ കിടപ്പാണ്. ചിലതിന് തലയില്ല, ചിലതിന് കാലില്ല, ചിലതിന് വാലില്ല, ചിലതിന് ജീവന്‍ തന്നെയില്ല.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റു വാരിയ ബി.ജെ.പിയുടെ ആറാം ഇന്ദ്രിയം പറഞ്ഞത് കെജ്‌റിവാളിനെ വീഴ്ത്തി ബി.ജെ.പി ഇക്കുറി ദല്‍ഹി ഭരിക്കും എന്നു തന്നെയായിരുന്നു. പക്ഷേ, വോട്ടെണ്ണിയപ്പോള്‍ രണ്ടക്കം തികഞ്ഞില്ല സീറ്റുനില. ആകെ ഒരു ആശ്വാസമേയുണ്ടായുള്ളൂ. കോണ്‍ഗ്രസ്സിനേക്കാള്‍ പല മടങ്ങു ഭേദമാണ് നില എന്നതു മാത്രം. . ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് നിന്ന കോണ്‍ഗ്രസ്സിന് മിക്കയിടത്തും കെട്ടിവച്ചത് കിട്ടിയില്ല.
മൊത്തം 5.44 ശതമാനമാണ് കോണ്‍ഗ്രസ്സിനു കിട്ടിയത്. അയ്യോ പാവം. എന്തൊരു പ്രതീക്ഷയായിരുന്നു! ആപ്പ് പാര്‍ട്ടിയെ മടുത്ത ജനം തങ്ങളെ ഭരണമേല്‍പ്പിക്കുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്, അല്ല മോഹിച്ചത്. വലിയ തിക്കും തിരക്കും ആയിരുന്നു ടിക്കറ്റ് കൗണ്ടറില്‍. നേതാക്കന്മാരുടെ ഭാര്യമാരും മക്കളുമൊക്കെ ആയിരുന്നു സ്ഥാന ആര്‍ത്തികളില്‍ അധികവും. വോട്ടെണ്ണിയ ശേഷം ആരെയും കണ്ടിട്ടില്ല.
പക്ഷേ, മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ്സിനോട് അസൂയയാണ്. അവര്‍ക്ക് നാലര ശതമാനത്തോളം വോട്ടുകിട്ടിയല്ലോ. ഒരു ശതമാനത്തില്‍ താഴെയാണ് ബി.എസ്.പി, ലോക്ശക്തി, ജനശക്തി,ആര്‍.ജെ.ഡി ആദിയായ പാര്‍ട്ടികളുടെ ജനശക്തി. ആഗോള രാഷ്ട്രീയത്തിലും പ്രബലശക്തിയിരുന്ന സി.പി.ഐ, സി.പി.എം പാര്‍ട്ടികളുടെ കണക്ക് വിക്കിപീഡിയ കണക്കിലെടുത്തേ ഇല്ല. നോട്ടയിലും താഴെ ആയതുകൊണ്ട് അവഗണിച്ചതാവും. അവര്‍ എടുത്തു ചേര്‍ത്തതില്‍ ഏറ്റവും കുറവ് എല്‍.ജെ.ഡി യുടെ വോട്ടാണ്. അത് 0.04ശതമാനമാണ്. ഇതിലും താഴെയുള്ള ശതമാനം കൂട്ടാന്‍ കമ്പ്യൂട്ടറില്‍ സംവിധാനം ഇല്ലായിരിക്കാം.
കെജ്‌റിവാളിന്റെ അതിബുദ്ധിയാണോ അതോ കുരുട്ടുബുദ്ധിയാണോ വിജയിച്ചത് എന്ന കാര്യത്തില്‍ മതനിരപേക്ഷ ബുദ്ധിജീവികള്‍ക്കിടയില്‍ തര്‍ക്കമുണ്ട്. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന പൗരത്വവിഷയത്തെക്കുറിച്ച് ആപ്പ് ഒരക്ഷരം മിണ്ടിയില്ല. മിണ്ടിക്കാന്‍ വേണ്ടി പഠിച്ച പണി പലതും നോക്കി സര്‍വ പാര്‍ട്ടികളും. സമരക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത് ആപ്പ് പാര്‍ട്ടിക്കാരനാണ് എന്ന് ആക്ഷേപിക്കുക പോലും ചെയ്തു ബി.ജെ.പി. എങ്കില്‍ അവനെ രണ്ടു വട്ടം ശിക്ഷിച്ചോളൂ എന്നായി കെജ്‌രിവാള്‍. അവസാനം വരെ അങ്ങേര് പൗരത്വപ്രശ്‌നം മിണ്ടിയില്ല.
പൗരത്വ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിനെ അനൂകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്നു രാജ്യത്തെ രണ്ടായി വിഭജിക്കുക എന്നതു തന്നെയാണല്ലോ ബി.ജെ.പിയുടെ പ്ലാന്‍. ഭൂരിപക്ഷാധിപത്യ രാഷ്ട്രീയത്തിന്റെ തന്ത്രവും ഇതുതന്നെയാണ്. മാസങ്ങള്‍ക്ക് മുമ്പ് മോദിക്കും കോണ്‍ഗ്രസ്സിനും വോട്ടു ചെയ്തവരുടെ വോട്ടു പിടിക്കുക മാത്രമാണ് ജയത്തിനുള്ള ഏക വഴിയെന്ന്് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ എങ്ങനെയാണ് തിരഞ്ഞെടുപ്പ് ജയിക്കുക. പൗരത്വപ്രശ്‌നത്തിലേക്ക് ശ്രദ്ധ മാറ്റിയാല്‍ ഡല്‍ഹിയിലെ കെജ്‌റിവാള്‍ ഭരണം തിരഞ്ഞെ
ടുപ്പില്‍ വിഷയമല്ലാതാവും. അതാണ് ബി.ജെ.പി ആഗ്രഹിച്ചത്. പകരം തലസ്ഥാനവാസികളുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ ഊന്നി ആപ്പ്. വെളളവും വെളിച്ചവും ചികിത്സയും റോഡും മക്കളുടെ പഠിപ്പും കഴിഞ്ഞേ മറ്റേത് പ്രശ്‌നവും ഉള്ളൂ എന്നറിയുന്നത് വലിയ ബുദ്ധിയാണോ?
2024-ല്‍ കെജ്‌റിവാള്‍ മത്സരിക്കുക ഡല്‍ഹി മുഖ്യമന്ത്രിയാകാനാവില്ല. ബി.ജെ.പി പക്ഷത്ത് വിരല്‍ ഊന്നാനുള്ള ഇടം കെജ്‌റിവാളിന് കിട്ടില്ല. തങ്ങള്‍ക്കിടയില്‍ കെജ്‌റിവാളിന് ഏത് ഇടം കൊടുക്കണം എന്നു തീരുമാനിക്കട്ടെ ദേശീയപ്രതിപക്ഷx. അതിന് സമയം വൈകിയിട്ടില്ലല്ലോ.
അങ്ങനെ സുരേന്ദ്രന്‍
രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഒരു കൊച്ചു സംസ്ഥാനത്തിലെ പ്രസിഡന്റിനെ കണ്ടെത്താന്‍ എത്ര സമയമെടുക്കുന്നു എന്നത് ആ പാര്‍ട്ടിയിലെ ജനാധിപത്യത്തിന്റെ തനി സ്വരീപം വെളിവാക്കും. കോണ്‍ഗ്രസ് മുന്തിയ മാതൃകയാണ്. കേരളത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍് ആയത് 2018 സെപ്്തംബറിലാണ്. പ്രസിഡന്റ് വി.എം. സുധീരന്‍ രാജിവെച്ച് പതിനെട്ടുമാസം പിന്നിട്ടിട്ടാണ് മുല്ലപ്പള്ളി വരുന്നത്. പക്ഷേ, അവര്‍ക്ക് ഇതിനിടയില്‍ ഇഞ്ചാര്‍ജ് പ്രസിഡന്റ് ഉണ്ടായിരുന്നു. അതു കൊണ്ട് ധൃതി ഉണ്ടായിരുന്നില്ല. തീരുമാനം ഉടനൊന്നും ഉണ്ടാവില്ല എന്നറിയുന്നതുകൊണ്ടാണല്ലോ ഇഞ്ചാര്‍ജിനെ നിയോഗിക്കുന്നത്. ബി.ജെ.പി.ക്ക് ഒരു കാരണവും പറയാതെ ഇടക്കിടെ പ്രസിഡന്റിനെ മാറ്റണം. പുതിയതിനെ നിയമിക്കാന്‍ എമ്പാടും സമയവും വേണം.
പി.എസ് ശ്രീധരന്‍പിള്ളയെ മിസോറം ഗവര്‍ണര്‍ ആക്കിയ ശേഷം മാത്രമാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരച്ചില്‍ സംഘത്തെ നിയോഗിച്ചത്. സംശയമില്ല, മിസോറം വളരെ പ്രധാനപ്പെട്ട സംസ്ഥാനമാണ്. കേരളത്തില്‍ ബി.ജെ.പിക്കു കിട്ടുന്ന വോട്ടിന്റെ പാതി പോലും വരില്ല മിസോറാമിലെ ജനസംഖ്യയെങ്കിലും അതല്ലല്ലോ മാനദണ്ഡം. ഗവര്‍ണറാണ് ബി.ജെ.പി ഭരണത്തിലെ പ്രധാനതാരം എന്നു മനസ്സിലായി വരുന്നുണ്ട്.
കോണ്‍ഗ്രസ്സിലെന്ന പോലെ ഇവിടെയും സംസ്ഥാനത്തെ പാര്‍ട്ടി ഘടകത്തിന് വലിയ പങ്കാളിത്തമൊന്നുമില്ല ഇത്തരം തീരുമാനങ്ങളില്‍. ചര്‍ച്ചയും ആലോചനയുമെല്ലാം ഹൈക്കമാന്‍ഡ് നടത്തും. എന്തായാലും ഇവിടെ പ്രസിഡന്റിനെ കണ്ടെത്തുക ദുഷ്‌കരമായി മാറിയിരുന്നെങ്കില്‍ അഡ്വ. ശ്രീധരന്‍പിള്ള തിരിച്ചുവരട്ടെ എന്നു തീരുമാനിച്ചുകളയുമായിരുന്നു ഹൈക്കമാന്‍ഡ്. ശ്രീധരന്‍പിള്ളയുടെ ഭാഗ്യം-അതു സംഭവിച്ചില്ല. സുരേന്ദ്രന് ഒരു അഞ്ചാറുമാസമെങ്കിലും കിട്ടട്ടെ എന്ന് ആശിക്കുന്നു, പ്രസിഡന്റായി ഇരിക്കാനല്ല-ഗവര്‍ണര്‍ ആകാന്‍!
പൊലീസ് ഭരണം
ഒരാളുടെ പാര്‍ട്ടിയേത് എന്നു തീരുമാനിക്കുന്നത് ആ ആളാണ്. ചോദിച്ചാല്‍ മിക്കവരും അതൊളിച്ചുവെക്കാറുമില്ല. യു.എ.പി.എ കേസ്സില്‍ അകപ്പെട്ട രണ്ട് യുവാക്കളോട്്് ആരും ഈ ചോദ്യം ഇതുവരെ ചോദിച്ചിട്ടില്ല. അവര്‍ മാവോയിസ്റ്റുകളാണ് എന്ന് ആദ്യം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. പാര്‍ട്ടിയംഗമായിരുന്ന ആള്‍ മാവോയിസ്റ്റായി എന്നു പാര്‍ട്ടി പ്രഖ്യാപിക്കുംമുമ്പാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതിന്റെ തെളിവൊന്നും മുഖ്യമന്ത്രിയോ പൊലീസോ വെളിപ്പെടുത്തിയിട്ടില്ല. തീര്‍ച്ചയായും മു്ഖ്യമന്ത്രിക്കു പാര്‍ട്ടിയിലല്ല പൊലീസിലാണ് കൂടുതല്‍ വിശ്വാസം. പൊലീസ് പറയുന്നത് മുഖ്യമന്ത്രി പാര്‍ട്ടിയോടു പറയും, പാര്‍ട്ടി വിശ്വസിക്കും. പാര്‍ട്ടി പറയുന്നത് പൊതുജനവും വിശ്വസിക്കണം.
ചോദ്യമോ ഇത്തരമോ ഇല്ലാതെയാണ് പാര്‍ട്ടി അലനെയും താഹയെയും പുറത്താക്കിയത്. പോട്ടെ, അതു പാര്‍ട്ടിക്കാര്യം. പക്ഷേ, മാവോയിസ്റ്റ് ലഘുലേഖ വായിച്ചതിന് ഒരാളെ യു.എ.പി.എ ചുമത്തി തടവിലിട്ടത് ശരിയല്ല എന്നു പുറത്തിറങ്ങി ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ആ പാര്‍ട്ടിയില്‍ എന്തേ ആരുമില്ലാതായത്?
മുനയമ്പ്
പൊലീസിന്റെ തോക്കും വെടിയുണ്ടയും കാണാതായതിനെക്കുറിച്ച് കേന്ദ്ര അന്വേഷണം വേണ്ടെന്നു സി.പി.എം സിക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
മാവോയിസ്റ്റ് ലഘുലേഖ വായിക്കുംപോലൊരു ഗുരുതര കുറ്റമൊന്നുമല്ലായിരിക്കും.