വിമര്‍ശകര്‍, വിദൂഷകര്‍.. പ്രകാശനം ചെയ്തു

എൻ.പി.രാജേന്ദ്രൻ

കോഴിക്കോട്:  മലയാള വാര്‍ത്താമാധ്യമങ്ങളുടെ ഉള്ളടക്കത്തിലെ സുപ്രധാനമായ നിരവധി മേഖലകളുടെ ആരംഭവും വികാസവും ഗവേഷണം ചെയ്യപ്പെടേണ്ടതായി ഇനിയും ബാക്കിയുണ്ടെന്ന് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു. എന്‍.പി.രാജേന്ദ്രന്റെ ഗവേഷണഗ്രന്ഥം മാധ്യമചരിത്രത്തിലെ വലിയ വിടവാണ് നികത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിസി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ വിമര്‍ശകര്‍ വിദൂഷകര്‍ വിപ്ലവകാരികള്‍  എന്ന കൃതിയുടെ പ്രകാശനം കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി പത്രാധിപര്‍ എം.കേശവമേനോനാണ് പുസ്തകം ഏറ്റുവാങ്ങിയത്.

തികച്ചും ശുഷ്‌കമായ മാധ്യമചരിത്രശാഖയ്ക്ക്ു വീണുകിട്ടിയ കനപ്പെട്ട സംഭാവനയാണ് ഈ വലിയ ഗ്രന്ഥമെന്ന് പുസ്തകം പരിചയപ്പെടുത്തിയ പ്രമുഖ ഗ്രന്ഥകാരനായ ഡോ.കെ.ശ്രീകുമാര്‍ പറഞ്ഞു.

മണ്‍മറഞ്ഞ 56 കോളമിസ്റ്റുകളെ പരിചയപ്പെടുത്തുകയാണ് ഈ കൃതിയില്‍. അവരെല്ലാം അറിയപ്പെടുന്ന പത്രപ്രവര്‍ത്തകരോ  സാഹിത്യകാരന്മാരോ ആണ്. എല്ലാവരുടെയും ഓരോ ലേഖനവും ലഘു ജീവചരിത്രത്തിനൊപ്പമുണ്ട്്.  ഒന്നേകാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തുടങ്ങിയിട്ടുണ്ട് ഇംഗ്ലണ്ടിലെന്ന പോലെ മലയാളത്തിലും കോളമെഴുത്ത്. കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരില്‍ തുടങ്ങി മൂര്‍ക്കോത്ത് കുമാരനിലൂടെയെയും സഞ്ജയനിലൂടെയും ഇ.വി.കൃഷ്ണപിള്ളയിലൂടെയും ഡി.സി.കിഴക്കെമുറിയിലൂടെയും വളര്‍ന്ന പംക്തിരചന ഇന്ന് വലിയ വായനാസമൂഹമുള്ള ഒരു മേഖലയായിട്ടുണ്ട്.

കവിയും പ്രഭാഷകനുമായ കല്പറ്റ നാരായണന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സിക്രട്ടറി എന്‍.രാജേഷ് എന്നിവരും സംസാരിച്ചു.

432 പേജുള്ള പുസ്തകത്തിന്  375 രൂപ വിലയാണ് വില.

ഡോ.പി.കെ.രാജശേഖരനാണ് അവതാരിക എഴുതിയിട്ടുള്ളത്.  പത്രപംക്തി സാഹിത്യത്തെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ അവതാരിക.

Leave a Reply

Your email address will not be published. Required fields are marked *

Go Top