ലെവ്‌സണ്‍ റിപ്പോര്‍ട്ട് നമുക്കും ബാധകമല്ലേ ?

എൻ.പി.രാജേന്ദ്രൻ

ന്യൂസ് ഓഫ് ദ വേള്‍ഡ് ഫോണ്‍ ചോര്‍ത്തല്‍ അപവാദത്തെ തുടര്‍ന്ന് തിളച്ച ജനരോഷത്തിന്റെ ആഴം തിരിച്ചറിഞ്ഞാണ് ബ്രിട്ടീഷ് ഗവണ്മെന്റ്  ലോഡ് ജസ്റ്റിസ് ലെവ്‌സണ്‍ അധ്യക്ഷനായ ഒരു കമ്മീഷനെ നിയമിച്ചത്. രാജ്യത്തെ മാധ്യമങ്ങള്‍ പിന്തുടരുന്ന സംസ്‌കാരം, പ്രവര്‍ത്തന രീതി, ധാര്‍മികത എന്നിവയെ കുറിച്ച് ആഴത്തില്‍ പഠിക്കാനും ജനവിരുദ്ധമായ പ്രവണതകള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാനുമായിരുന്നു കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നത്. മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രത്തിന് എതിരെ മാത്രമല്ല,  ഈ കാലത്തെ മാധ്യമരീതികള്‍ക്കെതിരെ മൊത്തത്തില്‍തന്നെ രൂക്ഷമായ ജനരോഷം ഉയരുന്നുണ്ട്  എന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കിയത്. അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതുടര്‍ന്ന് ബ്രിട്ടനില്‍ ഉയര്‍ന്ന പുതിയ വിവാദവും ഇത് ആവര്‍ത്തിച്ച് വെളിവാക്കുന്നുണ്ട്.

2000 പേജ് വരുന്ന റിപ്പോര്‍ട്ടാണ്  ലോഡ് ജസ്റ്റിസ് ലെവ്‌സണ്‍ 2012 നവമ്പറില്‍ സമര്‍പ്പിച്ചത്. ചില ശുപാര്‍ശകള്‍ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. അതിലേറ്റവും പ്രധാനമായത്, ബ്രിട്ടനില്‍ നിലവിലുള്ള പ്രസ് കംപ്ലെയ്ന്റ്‌സ് കമ്മീഷന് പകരം മറ്റൊരു സ്വതന്ത്ര സംവിധാനം ഉണ്ടാക്കണമെന്നുള്ളതാണ്. നമ്മു
ടെ പ്രസ് കൗണ്‍സിലിന് സമാനമാണ് ബ്രിട്ടനിലെ പ്രസ് കംപ്ലെയ്ന്റ്‌സ് കമ്മീഷന്‍. പരാതികള്‍ പരിഗണിക്കാനല്ലാതെ കുറ്റക്കാരെ ശിക്ഷിക്കാനൊന്നും രണ്ട് കമ്മീഷനും അധികാരമില്ല. ജസ്റ്റിസ് ലെവ്‌സന്റെ റിപ്പോര്‍ട്ടിലെ കാതലായ ഒരുകാര്യമിതാണ്. പല്ലില്ലാപ്പുലിയായി ഒരു കമ്മീഷന്‍ മാധ്യമരംഗത്ത് ഉണ്ടായതുകൊണ്ട് ഒരു കാര്യവുമില്ല. നിയന്ത്രണാധികാരമുള്ള കമ്മീഷന്‍ വേണം.

സ്വാഭാവികമായും ഈ ശിപാര്‍ശ നീണ്ടുനിന്ന വിവാദങ്ങള്‍ക്ക് തിരികൊളുത്തി. അതിപ്പോഴും കെട്ടടങ്ങിയിട്ടില്ല. പെട്ടന്നൊന്നും കെട്ടടങ്ങുകയുമില്ല.ഇപ്പോഴത്തെ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ്  മാര്‍ക്കണ്ഡേയ കട്ജുവും മുന്‍ ചെയര്‍മാന്‍മാരും ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്, പ്രസ് കൗണ്‍സില്‍ വെറുമൊരു മാര്‍ഗോപദേശക സംവിധാനമായിരുന്നാല്‍ പോര എന്ന്. ഈ അഭിപ്രായപ്രകടനം തന്നെ നീണ്ട ചര്‍ച്ചകളിലേക്ക് നയിക്കാറുണ്ട്. പ്രസ് കൗണ്‍സിലിന് കൂടുതല്‍ അധികാരം എന്ന ആശയത്തോട് വലിയ എതിര്‍പ്പില്ലാത്തവര്‍ പോലും പ്രസ് കൗണ്‍സിലിന് ശിക്ഷാധികാരം കിട്ടണം എന്ന അഭിപ്രായത്തോട്് യോജിക്കാറില്ല. ഈ പൊതുവികാരം മാറുന്നു എന്നതിന്റെ സൂചനകളാണ് ബ്രിട്ടനില്‍ നിന്ന് നമുക്ക് ലഭിക്കുന്നത്.

മാധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന് ഇന്ത്യയില്‍ സര്‍ക്കാര്‍ കമ്മീഷനുകളോ കോടതികളോ ഇതുവരെ നിര്‍ദ്ദേശിച്ചതായി അറിയില്ല. നിയന്ത്രണം വേണം എന്ന് ആവശ്യപ്പെടുന്നത് പത്രസ്വാതന്ത്ര്യത്തിനെതിരായ നീക്കമായേ പത്രങ്ങളും ഒരു പരിധിയോളം ജനങ്ങളും കരുതാറുള്ളൂ. ഒരു പാട് കുറ്റങ്ങളും കുറവുകളും അപാകങ്ങളും മാധ്യമപ്രവര്‍ത്തനത്തിലുണ്ട് എന്ന കാര്യത്തില്‍ മാധ്യമരംഗത്തുള്ളവര്‍ക്കുപോലും അഭിപ്രായ വ്യത്യാസമുണ്ടാകില്ല. എന്നാല്‍ മാധ്യമനിയന്ത്രണം മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കും എന്ന കാര്യത്തില്‍ പൊതുവെ അഭിപ്രായ സമന്വയമുണ്ട്. നിയന്ത്രണം വേണം, പക്ഷേ അത് മാധ്യമങ്ങള്‍ സ്വയമേര്‍പ്പെടുത്തുകയാണ് വേണ്ടത് എന്നാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ അഭിപ്രായ നിര്‍മാതാക്കളും പറയാറുള്ളത്. റഗുലേഷനോ സെല്‍ഫ് റഗുലേഷനോ എന്ന ചോദ്യത്തിന് ഇവിടെ എപ്പോഴും സെല്‍ഫ് റഗുലേഷന്‍ എന്ന ഉത്തരത്തിലേ എത്താറുള്ളൂ. പൊതുസമൂഹം ഇതിലൊന്നും വലുതായി ഇടപെടാറില്ലെങ്കിലും സമൂഹം തങ്ങള്‍ക്കൊപ്പമുണ്ട്് എന്ന വിശ്വസത്തിലും നാട്യത്തിലുമാണ് മാധ്യമസമൂഹം എന്നും പെരുമാറാറുള്ളത്.

എന്തെല്ലാം റഗുലേറ്ററി സംവിധാനം ഉണ്ടായാലും അതൊന്നും മാധ്യമങ്ങളിലുള്ളവരെ ശിക്ഷിക്കുന്നതിലേക്ക് എത്തിക്കൂടാ എന്ന കാര്യത്തില്‍ മാധ്യമപ്രവര്‍ത്തന രംഗത്തുള്ളവര്‍ ഏകാഭിപ്രായക്കാരാണ്്.  ഉപദേശവും വിമര്‍ശനവും ക്ഷമിക്കാം, ശിക്ഷ വേണ്ട എന്നതാണ് നിലപാട്. പത്രത്തിനെതിരെ പ്രസ് കൗണ്‍സില്‍ വിധി പറഞ്ഞാല്‍ ആ വിധി പ്രസിദ്ധപ്പെടുത്താനുള്ള മര്യാദ പോലും പല പത്രങ്ങളും കാണിക്കാറില്ല. പ്രസിദ്ധപ്പെടുത്തണമെന്ന് നിര്‍ബന്ധിക്കാനുള്ള അധികാരം പോലും പ്രസ് കൗണ്‍സിലിനില്ല എന്നതാണ് ദയനീയമായ സത്യം. ഇതൊന്നും പൊതുസമൂഹം അറിയാറില്ല. പത്രസ്വാതന്ത്ര്യം സുപ്രധാനമാണ്. സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി മാധ്യമങ്ങള്‍ സമൂഹത്തിന് വിലപ്പെട്ട സേവനങ്ങള്‍ ഏറെ നല്‍കിയിട്ടുണ്ട്, നാളെ നല്‍കുകയും ചെയ്യും. പക്ഷേ, ധാരാളം ശരി ചെയ്യുന്നു എന്നത്  എല്ലാ തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും പൊതുമാപ്പ് കിട്ടാനുള്ള കാരണമാകേണ്ടതുണ്ടോ എന്ന് ജസ്റ്റിസ് ലെവ്‌സണ്‍ തന്റെ റിപ്പോര്‍ട്ടില്‍ ചോദിക്കുന്നുണ്ട്. വേറെ ഒരു രംഗത്തും ഈ അവസ്ഥയില്ല. ആയിരം ശരി ചെയ്താലും ചെയ്യുന്ന ഒരു തെറ്റിന്റെ ശിക്ഷ അനുഭവിച്ചേ തീരൂ. ഭൂരിപക്ഷം നല്ലവരാണ് എന്നത് ന്യൂനപക്ഷമായ തെറ്റുകാര്‍ക്ക് രക്ഷപ്പെടാനുള്ള ന്യായീകരണമാവുന്നില്ല. മാധ്യമസ്വാതന്ത്ര്യത്തിന് സാധാരണ മനുഷ്യര്‍ ശിക്ഷയനുഭവിക്കേണ്ട കാര്യമേയില്ല-ജസ്റ്റിസ് ലെവ്‌സണ്‍ ചൂണ്ടിക്കാട്ടുന്നു.

ശിക്ഷിക്കപ്പെട്ട, ഇരയാക്കപ്പെട്ട വലിയൊരു വിഭാഗം സാധാരണ ജനങ്ങള്‍ ബ്രിട്ടനിലുണ്ട്് എന്ന് ഈ അന്വേഷണം വെളിവാക്കി.  മാധ്യമങ്ങളാല്‍ പീഡിപ്പിക്കപ്പെട്ട അനേകമാളുകള്‍ ലെവ്‌സണ്‍ കമ്മീഷന്‍ മുമ്പാകെ തെളിവുനല്‍കാന്‍ എത്തി. സ്വന്തം ധാര്‍മിക സംഹിതകള്‍ക്കു പോലും വില കല്‍പ്പിക്കാതെയാണ് മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ സംരക്ഷിച്ചതെന്ന് പല വട്ടം വാദിക്കപ്പെട്ടു. ഏറെ നിരപരാധികളുടെ ജീവിതംതന്നെ തകര്‍ക്കപ്പെട്ടതിന്റെ ഞെട്ടിക്കുന്ന കഥകള്‍ വെളിപ്പെട്ടു. വാര്‍ത്ത കിട്ടാന്‍ വേണ്ടി ചെയ്ത കുറ്റകൃത്യങ്ങളേറെ. സാധാരണ മനുഷ്യരുടെ സ്വകാര്യതകള്‍ക്കുപോലും പുല്ലുവില. തങ്ങളോട് ചോദിക്കാനും പറയാനും ആരുമില്ല എന്ന അഹംഭാവം പല മാധ്യമക്കാരെയും നയിച്ചു. പോലീസും ഭരണാധികാരികളും അവരുടെ പല ദുര്‍ന്നടപടികള്‍ക്കും കൂട്ടുനിന്നു. ഇതെല്ലാം അക്കമിട്ട് വിവരിച്ചുകൊണ്ടാണ് ജസ്റ്റിസ് ലെവ്‌സണ്‍ തന്റെ വിവാദമായ ശുപാര്‍ശകള്‍ മുന്നോട്ടുവെച്ചത്.

മാധ്യമങ്ങള്‍ക്കെതിരായ പരാതി പരിശോധിക്കാനും ധാര്‍മിക മര്യാദകളും വ്യവസ്ഥകളും നിയമവും ലംഘിക്കുമ്പോള്‍ ശിക്ഷിക്കാനുമുള്ള ഒരു  സ്വതന്ത്ര സംവിധാനത്തിന് രൂപം നല്‍കാന്നതിലേക്ക് നയിക്കുമായിരുന്ന റിപ്പോര്‍ട്ടാണ് ജസ്റ്റിസ് ലെവ്‌സണ്‍ സമര്‍പ്പിച്ചത്. പ്രധാനമന്ത്രി കാമറൂണ്‍, ഇത്തരമൊരു കര്‍ശന മാധ്യമനിയന്ത്രണം സാധ്യമല്ല എന്ന നിലപാടെടുത്തത് പൊതുസമൂഹത്തില്‍ രോഷമാണ് ഉണ്ടാക്കിയത്. ഒരു പാട് മാധ്യമപ്രവര്‍ത്തകരും പത്രാധിപന്മാരും റിപ്പോര്‍ട്ടിന് അനുകൂലമായി രംഗത്തുവന്നു. ബ്രിട്ടനില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല.

ജസ്റ്റിസ് ലെവ്‌സണ്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ തല്‍ക്കാലം ഗവണ്മെന്റ് സ്വീകരിച്ചിട്ടില്ലായിരിക്കാം. പക്ഷേ, ശുപാര്‍ശകള്‍ക്ക് ഒപ്പമാണ് പൊതുസമൂഹമെന്ന വ്യക്തമായ സൂചന വന്നുകഴിഞ്ഞു.  മാധ്യമരംഗത്ത് സ്വയം നിയന്ത്രണമേ പാടുള്ളൂ, ഒരു തരത്തിലുമുള്ള ശിക്ഷാവ്യവസ്ഥകളും പാടില്ല എന്നീ രണ്ട് പഴക്കമേറിയ തത്ത്വങ്ങള്‍ ദുര്‍ബലമാകുന്നു എന്നാണ് ബ്രിട്ടീഷ് അനുഭവം വിളിച്ചുപറയുന്നത്. മാധ്യമങ്ങള്‍ക്ക് മുമ്പ് കല്‍പ്പിച്ച വിലയോ ആദരവോ വിശ്വാസ്യതയോ സമൂഹം ഇപ്പോള്‍ കല്പ്പിക്കുന്നില്ല. ജനാധിപത്യലോകത്തെമ്പാടും ഈ പ്രവണത ശക്തി പ്രാപിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താത്തതിന്റെയോ ദുരുപയോഗം ചെയ്തതിന്റെയോ ഫലമാണ് ഇത്. ബ്രിട്ടനില്‍ മാത്രം സംഭവിച്ചതല്ല, ഇന്ത്യയില്‍ സംഭവിക്കാനിരിക്കുന്നതുമാണ് ഇത്. ഒരു പാട് നല്ല കാര്യങ്ങള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ മാധ്യമങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ, പൊതുസമൂഹത്തെ അസ്വസ്ഥമാക്കുന്ന അധാര്‍മികതകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ഇത് മാധ്യമങ്ങളെ അപകടത്തിലെത്തിക്കും എന്നതുതന്നെതാണ് നാം ഉള്‍ക്കൊള്ളേണ്ട പാഠം.

Leave a Reply

Your email address will not be published. Required fields are marked *

Go Top