ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ടായ ഗുരുതരമായ ധാർമികത്തകർച്ച ഇപ്പോൾ വെളിച്ചത്തിലേക്കു വന്നുകൊണ്ടിരിക്കുന്നു. മന്ത്രിസഭയും നിയമസഭയും ഭരണമുന്നണി ഏകോപന സമിതിയും സെക്രട്ടേറിയറ്റും ചേർന്ന് സംസ്ഥാനം ഭരിക്കുന്ന ചിത്രമാണ് നമ്മുടെ മനസ്സിൽ പണ്ടേ ഉള്ളത്. കരുത്തന്മാരും പരിചയ സമ്പന്നരുമായ നേതാക്കന്മാർ പല തലത്തിൽ ഉള്ളുതുറന്നു ചർച്ച ചെയ്തേ തീരുമാനങ്ങൾ എടുക്കാറുള്ളൂ. എന്നാൽ, ഇപ്പോൾ എല്ലാറ്റിനും പകരമായി പുതിയ ഭരണകേന്ദ്രം ഉയർന്നുവന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് പുതിയ അധികാരകേന്ദ്രം
കോവിഡ് വ്യാപനം നേരിടുന്നതിലുള്ള പ്രശംസാർഹമായ പ്രകടനത്തിന് സ്വയം അഭിനന്ദിച്ച് കേരള ഭരണാധികാരികൾ പുഞ്ചിരി തൂകിയിരിപ്പായിരുന്നു. അഭിനന്ദനങ്ങൾ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നു. തീർച്ചയായും കേരളീയരും സന്തുഷ്ടരായിരുന്നു. അഭിമാനിക്കാൻ ജനങ്ങൾക്കും അവകാശമുണ്ടല്ലോ. കോവിഡ് കാര്യത്തിലായാലും ഭരണനിപുണതയുടെ കാര്യത്തിലായാലും തുടർന്നുണ്ടായ പതനം അപ്രതീക്ഷിതവും ആശങ്ക ഉണ്ടാക്കുന്നതുമാണ്. രാഷ്ട്രീയശത്രുക്കൾക്കുപോലും ആഹ്ലാദിക്കാൻ പറ്റാത്ത പതനം. കടുത്ത ജനരോഷം ഉയരാൻ മാത്രം പ്രകോപനപരമായിരുന്നു പുറത്തുവന്ന വിവരങ്ങൾ. പക്ഷേ, ഈ ഘട്ടത്തിൽത്തന്നെ രോഗബാധ മൂർദ്ധന്യത്തിലേക്കു കുതിച്ചു. ഗൗരവമുള്ള രാഷ്ട്രീയചർച്ച പോലും അസ്ഥാനത്താകുന്ന, അനവസരത്തിലാകുന്ന അവസ്ഥയാണ് അത്. പക്ഷേ, കുറച്ച് രാഷ്ട്രീയം പറയാതെ വയ്യ. ഏത് അപവാദം പൊട്ടിപ്പുറപ്പെടുമ്പോഴും നമ്മുടെ ആദ്യചിന്ത എതിർപാർട്ടി ഭരിക്കുമ്പോൾ എന്തായിരുന്നു സ്ഥിതി എന്ന് അന്വേഷിക്കലാണ്. അന്ന് സ്ഥിതി ഇതിനേക്കാൾ മോശമായിരുന്നു എന്ന് തെളിയിക്കാനുള്ള വിവരശേഖരണത്തിൽ വ്യാപൃതരായിരിക്കും അപ്പോഴത്തെ ഭരണകക്ഷി. ഇത് പതിറ്റാണ്ടുകളായി ആവർത്തിച്ചുകൊണ്ടേ ഇരിക്കുന്നതിനാൽ മുന്നണികൾ തമ്മിൽ ഇക്കാര്യത്തിൽ ഒരുതരം സമീകരണം ഉണ്ടായിട്ടുണ്ട്. ഭരണം ഭേദപ്പെടുത്തുന്നതിലല്ല കാര്യം കിടക്കുന്നത്.
കടുത്ത ജനരോഷം ഉയരാൻ മാത്രം പ്രകോപനപരമായിരുന്നു പുറത്തുവന്ന വിവരങ്ങൾ. ഈ ഘട്ടത്തിൽത്തന്നെ രോഗബാധ മൂർദ്ധന്യത്തിലേക്കു കുതിച്ചു. ഗൗരവമുള്ള രാഷ്ട്രീയചർച്ച പോലും അസ്ഥാനത്താകുന്ന, അനവസരത്തിലാകുന്ന അവസ്ഥയാണിത്. പക്ഷേ, കുറച്ച് രാഷ്ട്രീയം പറയാതെ വയ്യ
തങ്ങളുടെ ഭരണം ഭേദമാണ് എന്ന് വോട്ടർമാരെ ധരിപ്പിക്കലാണ് പ്രധാനം. മികച്ച രീതിയിലുള്ള പ്രചാരണമാണ് വേണ്ടത്. അതിന് സർക്കാർ സംവിധാനം തന്നെ ഉപയോഗപ്പെടുത്താം. ഉള്ളതു കണ്ടെത്തിയും ഇല്ലാത്തത് ഉണ്ടാക്കിയും ജനങ്ങളെ ധരിപ്പിക്കണം. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ എത്രപേരെ സർക്കാർ ശമ്പളം കൊടുത്ത് നിയോഗിക്കണം എന്നത് പ്രധാനമായി വരുന്നു. ചാനൽ ചർച്ചയിലെ പെർഫോമൻസ് അതിലേറെ പ്രധാനമാകുന്നു. എല്ലാ മന്ത്രിമാരുടെയും ഓഫീസുകളിൽ മുൻപത്രപ്രവർത്തകരെ നിയമിച്ച് പ്രചാരണായുധങ്ങൾക്ക മൂർച്ച കൂട്ടുന്ന ചുമതല ഏൽപ്പിക്കുന്നതിലും കേട്ടാൽ തൊഴിലാളിവർഗ്ഗം ഞെട്ടുന്നത്ര ഉയർന്ന ശമ്പളം കൊടുക്കുന്നതും അതിപ്രധാനമായിരിക്കുന്നു.
ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ടായ ധാർമികത്തകർച്ച
ഒരു യാഥാർത്ഥ്യം മറച്ചുവെക്കാനാവില്ല. ഭരണതലപ്പത്ത് ഇപ്പോഴുണ്ടായ അപവാദത്തിന് കേരളത്തിൽ സമാനതകളില്ല. ഭരണആസ്ഥാനത്തുണ്ടായ ധാർമികത്തകർച്ച ഇടതുപക്ഷ രാഷ്ട്രീയത്തോട് തെല്ലെങ്കിലും അനുഭാവം പുലർത്തുന്നവരെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യും. ഒരു സ്ത്രീ ആരെയെങ്കിലും വഞ്ചിച്ചതോ അതിലേറെപ്പേർ അവരെ വഞ്ചിച്ചതോ പോലുള്ള ക്രിമിനൽകുറ്റമല്ല ഇപ്പോഴുണ്ടായിരിക്കുന്നത്. സ്ത്രീ സാന്നിദ്ധ്യം ഇല്ലായിരുന്നുവെങ്കിൽ ആ തട്ടിപ്പ് വലിയ വാർത്തയൊന്നുമാകാതെ ഒടുങ്ങിപ്പോകുമായിരുന്നു. ഇന്നത്തെ വിവാദത്തിൽ സ്ത്രീ സാന്നിദ്ധ്യം അത്ര പ്രധാനമല്ല. വാർത്തയ്ക്ക് പൊലിമ കൂട്ടുന്നുണ്ടാവാം. അതിഗുരുതരമായ ആരോപണങ്ങളും കണ്ടെത്തലുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വർണ്ണക്കടത്തും വിദേശബന്ധവും രാജ്യദ്രോഹക്കുറ്റവും ഇവയോടെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന് ഉണ്ടെന്നു പറയുന്ന ബന്ധവും എല്ലാം കൂടിച്ചേരുന്ന ഈ അപഖ്യാതിക്കു സമാനമായ മറ്റൊന്ന് ഓർമയിലൊന്നുമില്ല. കോവിഡ് പെട്ടന്ന് അതിരൂക്ഷതയിലേക്കു കടന്നതു കൊണ്ടാണ് സർക്കാർ തൽക്കാലമൊന്ന് തടിയൂരി നിൽക്കുന്നതുതന്നെ.
മുഖ്യമന്ത്രിയും ശിവശങ്കരനും
ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ടായ ഗുരുതരമായ ധാർമികത്തകർച്ച ഇപ്പോൾ വെളിച്ചത്തിലേക്കു വന്നുകൊണ്ടിരിക്കുന്നു. മന്ത്രിസഭയും നിയമസഭയും ഭരണമുന്നണി ഏകോപന സമിതിയും സെക്രട്ടേറിയറ്റും ചേർന്ന് സംസ്ഥാനം ഭരിക്കുന്ന ചിത്രമാണ് നമ്മുടെ മനസ്സിൽ പണ്ടേ ഉള്ളത്. രാഷ്ട്രീയതലത്തിലാണ് എല്ലാ നയതീരുമാനങ്ങളും ഉണ്ടായിരുന്നത്. നിയമനങ്ങൾക്ക് കൃത്യമായ വ്യവസ്ഥകൾ നിയമങ്ങളായിത്തന്നെയുണ്ട്. അതിന് പി.എസ്.സി എന്ന വലിയൊരു സ്ഥാപനമുണ്ട്. രണ്ടോ മൂന്നോ മന്ത്രിസഭകൾക്ക് മുമ്പുപോലും ഈ സംവിധാനത്തിന് വലിയ കോട്ടമൊന്നും സംഭവിച്ചിരുന്നില്ല. കരുത്തന്മാരും പരിചയ സമ്പന്നരുമായ നേതാക്കന്മാർ പല തലത്തിൽ ഉള്ളുതുറന്നു ചർച്ച ചെയ്തേ തീരുമാനങ്ങൾ എടുക്കാറുള്ളൂ. ആരുടെ മുഖത്തു നോക്കിയും അഭിപ്രായങ്ങൾ തുറന്നടിച്ചു പറയാൻ ധൈര്യമുള്ള നേതാക്കളായിരുന്നു അവർ. അതുകൊണ്ടുതന്നെ തെറ്റുകളും കുറ്റങ്ങളും കുറവുതന്നെയായിരുന്നു.
പാർട്ടിയുടെ ഭരണകാര്യസമിതികളോ മറ്റു കൂടിയാലോചനാ സമിതികളോ ഒന്നും ജാഗ്രതയോടെ പ്രവർത്തിക്കുന്നില്ല. എല്ലാറ്റിനും പകരമായി ഒരു പുതിയ ഭരണകേന്ദ്രം ഉയർന്നുവന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് പുതിയ അധികാരകേന്ദ്രം. എല്ലാം തീരുമാനിക്കുന്നത് അവിടെയാണ്
മന്ത്രിസഭ എന്നു പറയുന്നത് ഏതാണ്ട് തുല്യരായ, യോഗ്യരായ വ്യക്തിത്വങ്ങളുടെ കൂട്ടായ്മകൾ ആയിരുന്നു. തുല്യരിൽ ഒന്നാമൻ മാത്രമായിരുന്നു മുഖ്യമന്ത്രി. 1967-ലെ ഇ.എം.എസ് മന്ത്രിസഭ എടുത്തുനോക്കൂ- ഇ.എം.എസ് അതികേമനായിരുന്നു. സമ്മതിച്ചു. പക്ഷേ, മന്ത്രിസഭയിൽ ആരായിരുന്നു കേമൻ/ കേമി അല്ലാതിരുന്നത്? ഗൗരിയമ്മയോ ഇമ്പിച്ചിബാവയോ എം.എൻ. ഗോവിന്ദൻനായരോ പി.ആർ. കുറുപ്പോ ടി.വി. തോമസോ മത്തായി മാഞ്ഞൂരാനോ സി.എച്ച്. മുഹമ്മദ്‌കോയയോ ടി.കെ. ദിവാകരനോ…….? പതിമൂന്നു പേരുകളിൽ ഒന്നു പോലും പതിരായിരുന്നില്ല. 1977-ലെ എ.കെ.ആന്റണി മന്ത്രിസഭ എടുത്തുനോക്കൂ. ആന്റണിയേക്കാൾ പരിചയസമ്പന്നരും യോഗ്യരും ആയിരുന്നു എല്ലാവരും…ജോൺ ജേക്കബ്, പി.കെ. വാസുദേവൻനായർ, ബേബി ജോൺ, കെ.എം. മാണി, കെ.ശങ്കരനാരായണൻ…അങ്ങനെ പോകുന്നു പട്ടിക.
എപ്പോഴാണ് ഇതുമാറിയത് എന്നു പറയാനാവില്ല. ക്രമാനുഗതമായ മാറ്റമായിരുന്നു. രണ്ടു മുന്നണികൾക്കും ഇതിൽ പങ്കുണ്ട്. വ്യക്തിപരമായി കഴിവുള്ളവരല്ല ഇന്നത്തെ മുഖ്യമന്ത്രി ഒഴികെയുള്ള മറ്റു മന്ത്രിമാരെല്ലാം എന്നല്ല പറയുന്നത്. മുഖ്യമന്ത്രി മാത്രമാണ് എല്ലാം അറിയുന്നതും ചെയ്യുന്നതും. പാർട്ടിയുടെ ഭരണകാര്യസമിതികളോ മറ്റു കൂടിയാലോചനാ സമിതികളോ ഒന്നും ജാഗ്രതയോടെ പ്രവർത്തിക്കുന്നില്ല. എല്ലാറ്റിനും പകരമായി ഒരു പുതിയ ഭരണകേന്ദ്രം ഉയർന്നുവന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് പുതിയ അധികാരകേന്ദ്രം. എല്ലാം തീരുമാനിക്കുന്നത് അവിടെയാണ്. അവർ മുഖ്യമന്ത്രിയോടു മാത്രമാണ് സമാധാനം പറയേണ്ടത്. ആരാണ് തീരുമാനമെടുക്കുന്നത് എന്നോ ആരാണ് ഉത്തരവുകൾ നൽകുന്നതോ എന്നു പോലും പലർക്കും അറിയില്ല. മുഖ്യമന്ത്രി അറിഞ്ഞാണ് ചെയ്യുന്നത് എന്നു വിശ്വസിക്കപ്പെട്ട കാര്യങ്ങൾക്കും മുഖ്യമന്ത്രിയുടെ തലകുലുക്കൽപോലും ഉണ്ടായിരുന്നില്ല എന്നാണിപ്പോൾ പുറത്തുവരുന്നത്. ഇങ്ങനെ അതിശക്തമായി നിന്ന, ഭരണഘടനാതീത അധികാരകേന്ദ്രത്തിന്റെ പ്രധാന നടത്തിപ്പുകാരൻ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. വീണിട്ടും വീണില്ലെന്ന മട്ടിൽ പിടഞ്ഞെഴുന്നേറ്റ ഈ സീനിയർ ഉദ്യോഗസ്ഥനാണ് ഇപ്പോൾ വിവാദമായ പദ്ധതികളുടെയും നിയമനങ്ങളുടെയും എല്ലാം ചരട് വലിച്ച ആൾ. ചില നിയമനങ്ങൾ താൻ അറിഞ്ഞിട്ടേ ഇല്ലെന്നുതന്ന മുഖ്യമന്ത്രി പറഞ്ഞല്ലോ. നിയമിതരിൽ ചിലർ കള്ളക്കടത്തുകാരായിരുന്നു എന്നത് നിയമിച്ച ഉദ്യോഗസ്ഥൻ അറിഞ്ഞിരുന്നോ എന്നു പറയാനാവില്ല.
മുന്നണി സംവിധാനത്തിന്റെ തകർച്ച
പാർട്ടിക്കകത്തോ മുന്നണികൾക്കകത്തോ വേണ്ടത്ര ചർച്ച നടത്തിയാണ് കാര്യങ്ങൾ ചെയ്തിരുന്നതെങ്കിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല എന്നു തോന്നുന്നു. ദുരൂഹപശ്ചാത്തലമുള്ള വ്യക്തികൾ മർമ്മസ്ഥാനങ്ങളിൽ കയറിപ്പറ്റുമായിരുന്നില്ല. കൺസൾട്ടൻസി സ്ഥാപനങ്ങൾ എല്ലാ തട്ടിപ്പുകൾക്കുമുള്ള മുഖംമൂടിയാകുമായിരുന്നില്ല.
മുഖ്യമന്ത്രി അറിഞ്ഞാണ് ചെയ്യുന്നത് എന്നു വിശ്വസിക്കപ്പെട്ട കാര്യങ്ങൾക്കും മുഖ്യമന്ത്രിയുടെ തലകുലുക്കൽപോലും ഉണ്ടായിരുന്നില്ല എന്നാണിപ്പോൾ പുറത്തുവരുന്നത്
ഭരണമുന്നണിയിലെ ഘടകകക്ഷികൾ ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടിൽ മൗനം ദീക്ഷിക്കുമായിരുന്നില്ല. മുന്നണി സംവിധാനത്തിന്റെ തകർച്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അധികാരം പിടിച്ചെടുത്തിരിക്കുന്നു. ഉമ്മൻചാണ്ടിയുടെ കാലത്തും ഇത് പ്രബല സംവിധാനമായി ഉയർന്നുവന്നിരുന്നെങ്കിലും ഇത്ര മോശമായിരുന്നില്ല എന്നാണ് തലസ്ഥാനഭരണവുമായി ബന്ധമുള്ളവർ പറയുന്നത്. സി.പി.എമ്മിൽ വിഭാഗീയപ്പോരിൽ ഒരു പക്ഷം സമ്പൂർണ്ണ വിജയം നേടിയ ശേഷമാണ് ഇതു സംഭവിച്ചത്. ആ വിജയിയാണ് ഇന്ന് ഭരണത്തിന്റെ എല്ലാ ചുക്കാനും പിടിക്കുന്നത്. ഇദ്ദേഹം ആഗ്രഹിക്കുന്നവരേ മർമ്മസ്ഥാനങ്ങളിൽ എത്തൂ. ഇദ്ദേഹം ആഗ്രഹിക്കുന്ന അഭിപ്രായങ്ങളേ അവർ പറയൂ. മുന്നണി യോഗങ്ങൾ പോലും നടക്കാതായിരിക്കുന്നു. ഇപ്പോൾ കോവിഡ് കൂടി വന്നതോടെ ഇതിന് വേറെ കാരണങ്ങൾ തിരയേണ്ടല്ലോ.
അധികാരത്തിന്റെ എന്തെല്ലാം നക്കാപ്പിച്ചകൾ വീണുകിട്ടുമോ എന്ന് അന്വേഷിച്ച് നടക്കുന്നവരുടെ എണ്ണം ഒരോ ഭരണം മാറിവരുമ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇടതുപക്ഷ പാർട്ടികളിൽ അത്തരക്കാർ കുറവായിരിക്കും എന്നൊരു പൊതുബോധം നിലവിലുണ്ടായിരുന്നു. അതെല്ലാം എന്നോ അപ്രത്യക്ഷമായി. എന്തെങ്കിലും അധികാരസ്ഥാനങ്ങളിലോ കമ്മിറ്റികളോ അംഗമായിട്ടുള്ള എത്രപേർ ഓരോ പാർട്ടിയിലുമുണ്ട് എന്നത് പഠിക്കേണ്ട വിഷയമാണ്. പാർട്ടി ഭാരവാഹിത്വം കൈയ്യിലെടുത്ത് ഉദ്യോഗസ്ഥരെ വിരട്ടി കാര്യം നേടുക ഇന്നൊരു സാധാരണ കാര്യമാണ്. തിരിച്ചൊന്ന് പറയാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിയില്ല. അനുസരിച്ചില്ലെങ്കിൽ “റോഡിൽ കെട്ടിയിട്ടു തല്ലി’യെന്നു വരും. അതല്ല, ഒരു സ്ഥലംമാറ്റമോ വിജിലൻസ് എൻക്വയറിയോ മതി ഉദ്യോഗസ്ഥൻ പാഠം പഠിക്കാൻ. ഇക്കാര്യത്തിൽ യു.ഡി.എഫ്-എൽ.ഡി.എഫ് ഭരണങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് ആരെങ്കിലും പറയുമോ?
സ്പ്രിങ്ളർ വിവാദത്തെത്തുടർന്ന് മുഖ്യമന്ത്രിക്ക് നിലപാട് തിരുത്തേണ്ടി വന്നപ്പോഴെങ്കിലും പാർട്ടി-മുന്നണി നേതാക്കൾ ഉണർന്നെഴുന്നേറ്റ് ആത്മപരിശോധന നടത്തിയിരുന്നുവെങ്കിൽ കാര്യങ്ങൾ ഇത്ര മോശമാകുമായിരുന്നില്ല.
സി.പി.എമ്മിൽ വിഭാഗീയപ്പോരിൽ ഒരു പക്ഷം സമ്പൂർണ്ണ വിജയം നേടിയ ശേഷമാണ് ഇതു സംഭവിച്ചത്. ആ വിജയിയാണ് ഇന്ന് ഭരണത്തിന്റെ എല്ലാ ചുക്കാനും പിടിക്കുന്നത്. ഇദ്ദേഹം ആഗ്രഹിക്കുന്നവരേ മർമ്മസ്ഥാനങ്ങളിൽ എത്തൂ. ഇദ്ദേഹം ആഗ്രഹിക്കുന്ന അഭിപ്രായങ്ങളേ അവർ പറയൂ
കേരള പൊലീസിന് ഇന്റലിജൻസ് സംവിധാനമൊന്നുമില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസിനെ നയിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ താമസസ്ഥലത്ത് നടക്കുന്ന ദുരൂഹകൂട്ടായ്മകളെക്കുറിച്ചോ നടത്തുന്ന ഇടപാടുകളെക്കുറിച്ചോ അവർ മുഖ്യമന്ത്രിയ്ക്കു സൂചനകൾ പോലും നൽകിയില്ലേ? പോട്ടെ, തലങ്ങും വിലങ്ങും സ്റ്റേറ്റ് കാറിലും അല്ലാതെയും പറക്കുന്ന പാർട്ടി നേതാക്കൾക്ക് ഇതിനെക്കുറിച്ചൊന്നും അണികളിൽനിന്നുപോലും ഒരു വിവരവും ലഭിച്ചില്ലേ? അധോലോകശക്തികൾ ഭരണത്തെ കയ്യിലിട്ട് അമ്മാനമാടുന്നത് ഇവരാരും കണ്ടില്ലേ?
കേരള പൊലീസിനു മാത്രമല്ല, ഇപ്പോൾ വലിയ വീമ്പ് പറഞ്ഞു നടക്കുന്ന കേന്ദ്രഭരണ വക്താക്കൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. നയതന്ത്രസ്ഥാപനങ്ങളെ ദേശവിരുദ്ധ കുറ്റകൃത്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയ സംഭവങ്ങൾ മുൻകാലത്തില്ല. ഒരു എംബസിയിലെയോ കോൺസുലേറ്റിലെയോ ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഇത്ര അനായാസം ഡിപ്ലോമാറ്റിക് ബഗേജ് ദുരുപയോഗപ്പെടുത്താമെന്ന് ഇപ്പോൾ മാത്രമാണോ വ്യക്തമാകുന്നത്? ഇത് ആദ്യം നടക്കുന്ന സംഭവമാകുമോ? കേന്ദ്ര സുരക്ഷാവകുപ്പിനോ രഹസ്യപൊലീസ് വിഭാഗങ്ങൾക്കോ ഇത് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളൊന്നുമില്ലേ? കേരള മുഖ്യമന്ത്രിയെ വിമർശിക്കാൻ മാത്രമായാണ് തനിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതെന്ന മട്ടിൽ കേരളത്തിൽ വന്നുപോകുന്ന മലയാളിയായ കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹവും ഇതിനെക്കുറിച്ചൊന്നും പറഞ്ഞുകേട്ടില്ല.
കേന്ദ്രം എന്തു ചെയ്യുന്നു?
സ്വർണ്ണക്കടത്തു കേസ്സിൽ അന്വേഷണം തുടങ്ങുക പോലും ചെയ്യുംമുൻപാണ് അതിൽ തീവ്രവാദി ബന്ധമുണ്ടെന്ന നിഗമനം കേന്ദ്ര ഭരണാധികാരികൾ പ്രഖ്യാപിച്ചതും എൻ.ഐ.എയെ (National Investigation Agency)അന്വേഷണച്ചുമതല ഏൽപ്പിച്ചതും. എൻ.ഐ.എ ക്ക് ആദ്യമായി ഒരു കള്ളക്കടത്ത് അന്വേഷിക്കാൻ അവസരം കൊടുത്തതിൽ ഒട്ടും വിരോധമില്ല. പക്ഷേ, ഇതിനകത്ത് ബി.ജെ.പി രാഷ്ട്രീയത്തിന്റെ ചില ദുരുദ്ദേശ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടോ എന്നു സംശയിക്കേണ്ടതുണ്ട്. തീവ്രവാദികൾക്ക് പണം കടത്താൻ ആദ്യം സ്വർണ്ണം കടത്തുക, പിന്നെ അതു വിറ്റു കാശാക്കുക തുടങ്ങിയ വളഞ്ഞ വഴികൾ ആർക്കെങ്കിലും ആവശ്യമുണ്ടായിരുന്നോ? സംശയമുണ്ട്. എൻ.ഐ.എ അന്വേഷണത്തെ എതിർക്കാനാകട്ടെ കേരള സർക്കാറിനോ പാർട്ടികൾക്കോ ധൈര്യമുണ്ടാവില്ല താനും. സംസ്ഥാന സർക്കാറിനെയും അതിലെ പ്രമുഖരെയും പ്രതിക്കൂട്ടിൽ കയറ്റാൻ വല്ല വഴിയുമുണ്ടോ എന്നു നോക്കുകയാവാം അവർ. നോക്കട്ടെ.
എൻ.ഐ.എ ക്ക് ആദ്യമായി ഒരു കള്ളക്കടത്ത് അന്വേഷിക്കാൻ അവസരം കൊടുത്തതിൽ ഒട്ടും വിരോധമില്ല. പക്ഷേ, ഇതിനകത്ത് ബി.ജെ.പി രാഷ്ട്രീയത്തിന്റെ ചില ദുരുദ്ദേശ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടോ എന്നു സംശയിക്കേണ്ടതുണ്ട്
കോവിഡ് മൂർദ്ധന്യത്തിലേക്കു കുതിക്കുന്നതു കൊണ്ട് ഇനിയുള്ള ചോദ്യങ്ങൾക്ക് ഭരണാധികാരികളിൽനിന്നു മറുപടി ലഭിക്കില്ലെന്നറിയാം. തൽക്കാലം സ്‌കോർ നേടാൻ വേണ്ടി എന്തും പറയാവുന്ന ഒരു വാക്പോര് ആവരുത് ഇത്തരം വിവാദങ്ങൾ. പൊതുസമൂഹവും മാധ്യമങ്ങളും ചർച്ച ചെയ്യേണ്ടത് നമ്മുടെ ഭരണസംവിധാനം ഇത്തരം ഘട്ടങ്ങളിൽ എത്രത്തോളം ദുർബലമാക്കപ്പെടുന്നു എന്നതാണ്. ഒരു മുന്നണി ഭരണം നിർത്തിയേടത്തു നിന്നാണ് അടുത്ത ഭരണം തുടങ്ങുന്നത്. തെറ്റുകൾ തിരുത്തുകയല്ല, മുൻഗാമികൾ ചെയ്തതിന്റെ അപ്പുറം പോകുകയാണ് ഓരോ ഭരണവും ചെയ്യുന്നത്. എല്ലാ തെറ്റുകളും കൂടുതൽ മോശമായ രീതിയിൽ ആവർത്തിക്കപ്പെടുന്നു. അതാണ് ഇവിടെ വരെ എത്തിച്ചത്. കൂടുതൽ മോശമാകാതിരിക്കാനെങ്കിലും പൊതുസമൂഹം പരിശ്രമിക്കേണ്ടതുണ്ട്.