യു.എസ് ന്യൂസ് റൂമുകളിലും കറുത്തവര്‍ ഉണരുന്നു

എൻ.പി.രാജേന്ദ്രൻ

മെയ് അവസാനം ഒരു കറുത്ത വര്‍ഗക്കാരനെ വെളുത്ത പൊലീസുകാരന്‍ തെരുവില്‍  കാല്‍കൊണ്ടു കഴുത്തു ഞെരിച്ചു കൊന്നതിനെത്തുടര്‍ന്ന് യു.എസ്സില്‍ ആളിക്കത്തിയ ജനരോഷം ജുലൈ അവസാനമായിട്ടും കെട്ടടങ്ങിയിട്ടില്ല. മാധ്യമങ്ങളുടെ ഉള്ളടക്കം നിര്‍ണ്ണയിക്കുന്ന ന്യൂസ് റൂമുകളില്‍ ഇത് പുതിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുന്നു. വിഷയം പഴയതുതന്നെ-ന്യൂസ്റൂമുകളില്‍ കറുത്തവര്‍ക്കു മതിയായ പ്രാതിനിധ്യമുണ്ടോ?

ഇന്ത്യയിലെ ‘കറുത്ത’വരുടെ ന്യൂസ്റൂം പ്രാതിനിധ്യത്തെക്കുറിച്ച് ആരും അധികം ചര്‍ച്ച ചെയ്യാറില്ല. അപൂര്‍വമായി ചിലപ്പോഴൊക്കെ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നു മാത്രം. പക്ഷേ, അമേരിക്കയില്‍ അങ്ങനെയല്ല. വെളുത്തവര്‍ നടത്തുന്നതാണ് മിക്കവാറും എല്ലാ വന്‍മാധ്യമങ്ങളും. ഈ മാധ്യമങ്ങളിലും, വേണ്ടത്ര കറുത്തവര്‍ ഉണ്ടോ എന്നു മാനേജ്മെന്റുകള്‍തന്നെ അന്വേഷിക്കാറുണ്ട്, വിലയിരുത്താറുമുണ്ട്. മുന്‍പ് എ.എസ്.എന്‍.ഇ (അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ്് എഡിറ്റേഴ്സ്) ന്യൂസ്റൂം ഡൈവേഴ്സിറ്റി സര്‍വെ എന്ന പേരില്‍ ആയിരുന്നു ന്യൂസ് റൂമുകളിലെ വെള്ളക്കാരല്ലാത്തവരുടെ പ്രാതിനിധ്യത്തെക്കുറിച്ച് സര്‍വെ നടത്താറുള്ളത്. ഏറ്റവുമൊടുവില്‍ 2019-ല്‍ നടന്ന സര്‍വെയില്‍ 429 സ്ഥാപനങ്ങളിലാണ് അന്വേഷണം നടന്നത്. കറുത്ത വിഭാഗത്തില്‍ പെട്ടവര്‍് 21.9 ശതമാനം ന്യൂസ് റൂം തസ്തികകളില്‍ ഉണ്ടെന്നാണ് സര്‍വ കണ്ടെത്തിയത്.  ഇതു കറുത്തവരെക്കുറിച്ച് മാത്രമുള്ള സര്‍വെ അല്ല. വനിതാപ്രാതിനിധ്യവും പരിശോധിക്കും. അച്ചടി, ദൃശ്യ, നവമാധ്യമങ്ങളുടെ ന്യൂസ് റൂമുകളില്‍ 41.6 ശതമാനം വനിതകളാണ് ഉള്ളത്. ദലിത് പ്രാതിനിധ്യമോ, വനിതാപ്രാതിനിധ്യം പോലുമോ ഇന്ത്യയില്‍, കേരളത്തില്‍പ്പോലും ഇതു വരെ ഈ രീതിയില്‍ പരിശോധിക്കപ്പെട്ടിട്ടില്ല

ന്യൂനപക്ഷമായ കറുത്ത വിഭാഗത്തില്‍പ്പെട്ടവരുടെ വികാരം മാധ്യമങ്ങളില്‍ വേണ്ട രീതിയില്‍ പ്രതിഫലിക്കപ്പെടുന്നുണ്ടോ, അവര്‍ക്ക് ദോഷം ചെയ്യുന്ന, അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ വാര്‍ത്തകളിലും ലേഖനങ്ങളിലും പരസ്യങ്ങളിലും ഉണ്ടാകാറുണ്ടോ എന്നെല്ലാമുള്ള പരിഗണനകളാണ് ഇത്തരം സര്‍വെകളുടെയും ബോധവല്‍ക്കരണത്തിന്റെയും മുഖ്യോദ്ദേശ്യം. പക്ഷേ, ഇപ്പോഴത്തെ സംഘര്‍ഷത്തിനിടയിലും വാര്‍ത്താമാധ്യമത്തില്‍ കറുത്തവരെ നോവിക്കുന്ന പരാമര്‍ശങ്ങളും പ്രയോഗങ്ങളുമുണ്ടായത് വര്‍ണ്ണവിവേചനസംസ്‌കാരത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഒരു ചിത്രം നല്‍കുന്നു. കറുത്തവര്‍ക്കിടയിലെ അസ്വാസ്ഥ്യങ്ങള്‍ കാരണം പലേടത്തും കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നതിനെക്കുറിച്ചൊരു വാര്‍ത്തയ്ക്ക്  ഫിലഡെല്‍ഫിയ ഇന്‍ക്വയറര്‍ കൊടുത്ത തലക്കെട്ട് ഇങ്ങനെ-‘പ്രധാനമാണ്,  കെട്ടിടം പണിയും’. രാജ്യം മുഴുവന്‍ ഇരമ്പുന്ന ‘പ്രധാനമാണ്, കറുത്തവന്റെ ജീവനും’ എന്ന മുദ്രാവാക്യത്തിന്റെ ഒരു പരിഹാസരൂപമായാണ് സ്വാഭാവികമായും ഇത് വായനക്കാര്‍, പ്രത്യേകിച്ച് കറുത്തവര്‍, കണ്ടത്. സ്ഥാപനത്തിലെ എക്സിക്യട്ടീവ് എഡിറ്റര്‍ സ്റ്റാന്‍ വിസ്‌ക്നോവ്സ്‌കി ഉള്‍പ്പെടെ അമ്പതോളം സ്റ്റാഫ് അംഗങ്ങള്‍ ജോലി ഉപേക്ഷിച്ചാണ് ഇതില്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.

വാര്‍ത്തയിലെ വര്‍ണ്ണ വര്‍ഗീയത

പെന്‍സില്‍വനിയയിലെ പിറ്റ്സ്ബര്‍ഗ് പോസ്റ്റ് ഗസറ്റ് പത്രത്തില്‍ കറുത്ത വര്‍ഗ്ഗക്കാരനായ അലക്സിസ് ജോണ്‍സണെ കറുത്തവരുടെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു വിലക്കി. ഇതിനെത്തുടര്‍ന്ന് അദ്ദേഹവും ഒരു സഹപ്രവര്‍ത്തകനും രാജിവെച്ചിറങ്ങിപ്പോയി. മറ്റു പല പ്രമുഖ പത്രങ്ങളിലും കറുത്ത പത്രപ്രവര്‍ത്തകരെ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ന്യൂയോര്‍ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ലോസ് ആഞ്ജലസ് ടൈസ്് തുടങ്ങിയ പ്രമുഖ പത്രങ്ങളിലും കറുത്ത പത്രപ്രവര്‍ത്തകര്‍ നേരിടുന്ന അവഗണനയെക്കുറിച്ചും വിവേചനത്തെക്കുറിച്ചും പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്.

വനിതാ റിപ്പോര്‍ട്ടര്‍മാരെ വനിതകളുടെ സംഘടനാവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രം നിയോഗിക്കുന്നതു പോലൊരു വിവേചനം കറുത്ത വര്‍ഗക്കാരായ റിപ്പോര്‍ട്ടര്‍മാരും അനുഭവിക്കേണ്ടി വരുന്നുണ്ട്. അവരെ കറുത്തവരുടെ സംഘടനകളുടെയോ സമരങ്ങളുടെയോ വാര്‍ത്തകള്‍ മാത്രം എഴുതാന്‍ നിയോഗിക്കുന്നതാണ് ഈ വിവേചനം. വര്‍ണ്ണവിവേചനവും ഒരു തരം അവഹേളനവും ആണ് ഇതെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. ഏതു ഗൗരവമുള്ള വിഷയവും കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള കറുത്ത റിപ്പോര്‍ട്ടറെയും ഈ വിധം അവഗണനയ്ക്കും അവഹേളനത്തിനും വിധേയമാക്കുന്ന സ്ഥാപനങ്ങളും അതില്‍ പ്രതിഷേധിച്ച് ജോലി ഉപേക്ഷിക്കുക പോലും ചെയ്ത റിപ്പോര്‍ട്ടര്‍മാരും ഉണ്ട്. തൊഴില്‍വിവേചനം ഉണ്ടാക്കിയ വ്യഥയുടെ ഫലമായി മാനസിക സംഘര്‍ഷം സഹിക്കാതെ ആത്മഹത്യ ചെയ്ത പുതിയ തലമുറക്കാര്‍ പോലുമുണ്ട്.

ലോസ് ആഞ്ചല്‍സ് ടൈംസിലും കറുത്തവരുടെ വികാരം അടുത്ത കാലത്ത് പ്രകടിതമായി. സ്റ്റാഫ് അംഗങ്ങളിലെ പ്രാതിനിധ്യക്കുറവ് മാത്രമായിരുന്നില്ല അവരെ ക്ഷോഭിപ്പിച്ചത്. വാര്‍ത്തകളുടെ കവറേജിലും അവര്‍ക്കു നല്‍കുന്ന വേതനത്തിലുമെല്ലാം വിവേചനമുണ്ടെന്നു ചൂണ്ടിക്കാട്ടി എക്സി. എഡിറ്ററുടെ നേതൃത്വത്തില്‍ കറുത്ത വിഭാഗക്കാരായ ജേണലിസ്റ്റുകള്‍ പത്രം ഉടമയ്ക്കു തുറന്ന കത്തെഴുതി. അവരുടെ പ്രതിഷേധത്തിന് മറ്റൊരു തലമുണ്ട്. 2018-ല്‍ ലോസ് ആഞ്ജലസ് ടൈംസ് പത്രം വിലയ്ക്കു വാങ്ങിയത് പ്രശസ്ത ഭിഷഗ്വരനും വൈദ്യശാസ്ത്ര ഗവേഷകനും ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ദ്ധനുമായ പാട്രിക് സൂണ്‍-ഷിയോങ് എന്ന അതിസമ്പന്നന്‍ ആണ്. ഇദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ നിന്നു വന്ന ചൈനീസ് വംശജനനാണ്. സമ്പാദ്യത്തിന്റെ പകുതി മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ചിട്ടുള്ള മഹാനുമാണ്. എങ്കിലും, ഇദ്ദേഹം വാങ്ങിയതിനു ശേഷവും പത്രം കറുത്തവരോട് നീതി കാട്ടുന്നില്ല. ലോസ് ആഞ്ജലസ്് കൗണ്‍ടിയില്‍ വെള്ളക്കാര്‍ 26 ശതമാനം മാത്രമാണെങ്കിലും പത്രത്തില്‍ വെള്ളക്കാര്‍ 61  ശതമാനമാണ്.

ന്യൂസ് റൂം വൈവിദ്ധ്യം എന്നത് അമേരിക്കന്‍ മാധ്യമങ്ങള്‍ക്കകത്ത് എപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ചില മാനേജ്മെന്റുകള്‍ അതു പാലിക്കുന്നു എന്നുറപ്പു വരുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നു. ചിലര്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. കച്ചവടപരമായ കാഴ്ചപ്പാടില്‍ പോലും പരിഗണിക്കപ്പെടേണ്ട വിഷയമാണ് വാര്‍ത്താമുറിയിലെ വൈവിദ്ധ്യം. വലിയൊരു വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാനും അവരുടെ കാഴ്ചപ്പാടും വികാരങ്ങളും ഉള്ളടക്കത്തില്‍ പ്രതിഫലിക്കാനും ഇതാവശ്യമാണ്.

കറുപ്പും വെളുപ്പും മാത്രമല്ല

വൈവിദ്ധ്യം എന്നത് കറുപ്പും വെളുപ്പും മാത്രമല്ല. ലിംഗവ്യത്യാസം സാമൂഹിക-സാമ്പത്തിക അന്തരം, മതം, ഇന്ത്യയിലാണെങ്കില്‍ ജാതി, ഭാഷ, സംസ്ഥാനം…ഇവയെല്ലാം വൈവിദ്ധ്യത്തില്‍ പെടുന്നു. ഇവിടം കൊണ്ടും നില്‍ക്കുന്നില്ല. 2020-ല്‍ ന്യൂസ് ലീഡേഴ്സ് അസോസിയേഷന്‍ ന്യൂയോര്‍ക്കില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വൈവിദ്ധ്യപഠനം കുറെക്കൂടി വിപുലമാണ്. ആണും പെണ്ണും മാത്രമല്ല, ട്രാന്‍ജെന്‍ഡര്‍മാര്‍, സ്വവര്‍ഗപ്രേമികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ അനുപാതവും പരിശോധിക്കപ്പെടും.

വൈവിദ്ധ്യത്തെ ഗൗരവത്തിലെടുക്കണമെന്ന ബോധം ശക്തിപ്പെടുത്താന്‍ പ്രേരകമായി സമീപകാല സംഭവങ്ങള്‍ എന്നു വ്യക്തമാണ്. വാഷിങ്ടണ്‍ പോസ്റ്റ് ഈയിടെ പ്രസിദ്ധീകരിച്ച  തൊഴില്‍പരസ്യം ഒരു ഉദാഹരണമാണ്. പത്രപ്രവര്‍ത്തകര്‍ക്കിടയിലെ വൈവിദ്ധ്യം ഉറപ്പുവരുത്താന്‍ ചുമതലപ്പെട്ട ഒരു മാനേജിങ് എഡിറ്ററെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ന്യൂനപക്ഷപ്രശ്നങ്ങളെക്കുറിച്ചു മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ലേഖകരെ വരെ നിയമിക്കാന്‍ അപേക്ഷ ക്ഷണിക്കുന്നതായിരുന്നു ആ പരസ്യം.

അടിസ്ഥാനപരമായി ഇതു മനുഷ്യാവകാശത്തിന്റെയും തുല്യതയുടെയും വ്യക്തികളുടെ അന്തസ്സിന്റെയും ജനാധിപത്യത്തിന്റെ തന്നെയും പ്രശ്നമാണ്. ഒപ്പം, വിപണനത്തിന്റെയും പ്രശ്നമാണ്. കറുത്തവരുടെ കൂടി വികാരം ഉള്‍ക്കൊള്ളുക എന്നത് വായനക്കാരുടെ തൃപ്തിയുടെ പ്രശ്നമാണ്. വിപണിയെ തൃപ്തിപ്പെടുത്താതെ മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ല.

വസ്തുനിഷ്ഠ റിപ്പോര്‍ട്ടിങ്ങ് കാലഹരണപ്പെട്ടോ?

കറുത്തവരുടെ പ്രക്ഷോഭം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. വിഷയം ദൈനംദിന റിപ്പോര്‍ട്ടിങ്ങിന്റെ ചില രീതികളെക്കുറിച്ചുള്ള ഒരു പുനര്‍വിചാരം കൂടിയാണ്. റിപ്പോര്‍ട്ടിങ്ങില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് വസ്തുനിഷ്ഠതയ്ക്ക് ആണോ? ജോര്‍ജ്് ഫ്ളോയ്ഡിന്റെ അസാധാരണമായ കൊലപാതകം ഉയര്‍ത്തിവിട്ട പ്രക്ഷോഭത്തിന്റെ റിപ്പോര്‍ട്ടുകള്‍ വസ്തുനിഷ്ഠമായാല്‍ മാത്രം മതിയോ? പ്രക്ഷോഭത്തോടുള്ള സമീപനം, അതിന്റെ ഗുണദോഷങ്ങള്‍, കാരണങ്ങള്‍ എന്നിവ സംബന്ധിച്ച നിലപാടുകളെല്ലാം മറച്ചുവെച്ച് വെറുതെ നടന്ന സംഭവങ്ങള്‍ മാത്രം നിര്‍വികാരമായി എഴുതി അയക്കലാണോ കാലം ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടിങ്ങ?് നൂറ്റാണ്ടുകളായി അടിമത്തത്തിന്റെ പല പല ഹീനതകളിലൂടെ കടന്നു പോന്ന, ഇപ്പോഴും രണ്ടാംതരം പൗരന്മാരായി ജീവിക്കുന്ന, ഒരുവിധം അതിജീവിക്കുന്ന കറുത്തവന്റെ ഹൃദയവികാരം പ്രതിഫലിപ്പിക്കാത്ത റിപ്പോര്‍ട്ടിങ് എന്തുതരം റിപ്പോര്‍ട്ടിങ്ങാണ്? അതാണോ സാമാന്യജനം ആഗ്രഹിക്കുന്നത്?

പല രാജ്യങ്ങളിലും പല ഘട്ടങ്ങളില്‍ ഈ ചോദ്യം ഉയരാറുണ്ട്്. എല്ലായ്പ്പോഴും വെള്ളക്കാരായ മാധ്യമ ഉടമകളോ അവരുടെ വഴിക്കു ചിന്തിക്കുന്ന പത്രാധിപന്മാരോ വരയ്ക്കുന്ന അതിര്‍വരമ്പുകള്‍ക്കകത്തു നില്‍ക്കുക എന്നതു മാത്രമാവും  വസ്തുനിഷ്ഠതയുടെ പ്രായോഗികരൂപം. വസ്തുനിഷ്ഠം എന്ത് എന്നു തീരുമാനിക്കുന്നത് വെള്ളക്കാരാണ്. അതിനു വഴങ്ങാത്തവര്‍ക്ക് വേറെ വഴി നോക്കാം. ഇവിടെ പക്ഷേ, രാജ്യത്തെ നിര്‍ണ്ണായക സ്വാധീനമുള്ള ഒരു ജനവിഭാഗത്തിന്റെ പ്രശ്നമെന്ന നിലയില്‍ ഇതിന് പ്രത്യേകപ്രാധാന്യം കല്പിക്കാതെ നിവൃത്തിയില്ലാതായിരിക്കുന്നു. വെള്ളക്കാരല്ലാത്തവര്‍ ഇപ്പോള്‍ ജനസംഖ്യയുടെ നാലില്‍ഒന്നില്‍  കൂടുതലുണ്ട്. ശുദ്ധവെള്ളക്കാര്‍ 73 ശതമാനമേ വരൂ. കാല്‍ഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയത്തെ ഭരണാധികാരികള്‍ക്കോ പാര്‍ട്ടികള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഇനിയും അവഗണിക്കാനാവില്ലതന്നെ.

വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ആയിരുന്ന വെസ്ലി ലോവ്റി ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനമാണ് അക്കദമിക് മേഖലയില്‍ ആദ്യം ചര്‍ച്ചാവിഷയമായത്. ‘ നമ്മള്‍ വസ്തുനിഷ്ഠം എന്നു വിളിക്കുന്ന പത്രപ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ ആത്മനിഷ്ഠമായ ഒരുപാട് പ്രൊഫഷണല്‍ തീരുമാനങ്ങളുടെ പിരമിഡിനു മേലുള്ള ഒരു നിര്‍മിതിയാണ്’

എന്ന അദ്ദേഹത്തിന്റെ നിര്‍വചനം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെട്ടു. ജേണലിസം ക്ലാസ്സുകളില്‍ വസ്തുനിഷ്ഠ റിപ്പോര്‍ട്ടിങ്ങ് പഠിപ്പിക്കുന്നവരും ഈ വിഷയത്തെക്കുറിച്ച് പുനരാലോചിക്കാന്‍ ഈ ചര്‍ച്ച ഇടയാക്കി. വസ്തുനിഷ്ഠതയൊന്നും വേണ്ട, ഇനിയങ്ങോട്ട് പത്രപ്രവര്‍ത്തനം പൂര്‍ണ്ണമായി ആത്മനിഷ്ഠമാവാം എന്നാണോ ഇതിനര്‍ത്ഥം? പത്രപ്രവര്‍ത്തകരും അക്കഡമിക് പണ്ഡിതന്മാരും പല തട്ടുകളിലാണ്.

വസ്തുനിഷ്ഠതയെ നിഷ്പക്ഷതയുമായി കൂട്ടിക്കലര്‍ത്തരുത് എന്നാണ് പലരും മുന്നറിയിപ്പ് നല്‍കിയത്. സത്യവും അസത്യവും തമ്മിലോ നീതിയും അനീതിയും തമ്മിലോ ശരിയും തെറ്റും തമ്മിലോ ഏറ്റുമുട്ടുമ്പോള്‍ മാധ്യമപ്രവര്‍ത്തകയ്ക്കല്ല ആര്‍ക്കുംതന്നെ നിഷ്പക്ഷത പുലര്‍ത്താനാവില്ല. അവള്‍ ശരിയുടെ പക്ഷത്തു നില്‍ക്കും. ഇതും ശരി അതും ശരി എന്നൊരു അഴകൊഴമ്പന്‍ നിഷ്പക്ഷതയല്ല മാധ്യമപ്രവര്‍ത്തനം. ശരിയേത് എന്ന് ഉച്ചത്തില്‍ വിളിച്ചുപറയലാണ്. തീര്‍ച്ചയായും അതിന് അതിന്റേതായ രീതികളുണ്ട്്. കള്ളം പറയാതിരിക്കുമ്പോഴും, വസ്തുതകളെ ഒരു പ്രത്യേകചട്ടക്കൂടിനുള്ളിനാക്കി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തരം വസ്തുനിഷ്ഠതയുണ്ട്്. ഇതാണ് ഭൂരിപക്ഷം മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടു.

പൊലീസിന് ഒരു തടസ്സവുമില്ലാതെ കറുത്ത വര്‍ഗ്ഗക്കാരെ എപ്പോഴും കൊല്ലാം എന്ന അവസ്ഥ രാജ്യത്തുണ്ട്. അത് തുറന്നുകാട്ടുകയാണ് വേണ്ടത്. നിഷ്പക്ഷതയുടെയും വസ്തുനിഷ്ഠതയുടെയും മറവില്‍, പ്രക്ഷോഭത്തിലെ അനുദിനസംഭവങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യലാവരുത് പത്രധര്‍മം. പക്ഷംപിടിക്കുമ്പോഴും വസ്തുതകളും സത്യവും മറച്ചുവെച്ചുകൂടാ എന്നും മാധ്യമ നിരീക്ഷകര്‍ക്ക് അഭിപ്രായമുണ്ട്്.

കൊറോണയുടെ ഇരകള്‍ അജ്ഞാതരാവരുത്

അമേരിക്കന്‍ മാധ്യമങ്ങളൊന്നും കൊറോണ കൊന്നൊടുക്കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ വാര്‍ത്തയായി പ്രസിദ്ധപ്പെടുത്താറില്ല. ആഗ്രഹിച്ചാലും അത് എളുപ്പമല്ല. ആയിരക്കണക്കിനാളുകളാണ് മരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് മരിച്ചവരുടെ പേരുകള്‍ ഒന്നാം പേജ് മുഴുവന്‍ ഒന്നിച്ചു കൊടുത്തത് മാത്രമാണ് ഇക്കാര്യത്തിലെ ഒരു അപൂര്‍വത. മരണം അതിനുശേഷവും തുടരുന്നു. ഇവിടെയും വര്‍ണ്ണത്തിന്റെ പ്രശ്നം പ്രകടമാണ്. മരിക്കുന്നതില്‍ നല്ലൊരു പങ്ക് കറുത്തവരാണ്. വെള്ളക്കാരുടെ 2.4 ഇരട്ടി കറുത്തവര്‍ ന്യൂയോര്‍ക്കില്‍ മാത്രം മരിച്ചിട്ടുണ്ട്. ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ വംശജരുടെ കാര്യത്തില്‍പ്പോലും ഈ അന്തരം പ്രകടമാണ്. 2.2 ഇരട്ടിയാണ് കറുത്തവരുടെ മരണനിരക്ക്. വെളുത്തവരുടെ അതേ നിരക്കിലായിരുന്നു കറുത്തവരുടെയും മരണനിരക്ക് എങ്കില്‍ 20,000- ല്‍ ഏറെ കറുത്തവര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവുമായിരുന്നു എന്നാരോ കണക്കുകൂട്ടി പറഞ്ഞത്രെ.

2020-ല്‍ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവര്‍ ആരെല്ലാം ആയിരുന്നു എന്ന് ഭാവിയില്‍ ആരെങ്കിലും അന്വേഷിച്ചാല്‍ ഉത്തരം കണ്ടെത്താന്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിപുലമായ ഗവേഷണംതന്നെ നടത്തേണ്ടിവരും. മരണവിവരങ്ങള്‍ മറ്റൊരിടത്തും കാര്യമായി പ്രസിദ്ധപ്പെടുത്തുന്നേയില്ല. ലക്ഷങ്ങളുടെ കൂട്ടമരണം വെറും സ്ഥിതിവിവരക്കണക്ക് മാത്രം. ഈ വലിയ പിഴവ് മരിച്ചവരോടു മാത്രമല്ല, ഭാവിതലമുറകളോടും ചെയ്യുന്ന അപരാധമാവും എന്നു ബോധ്യമുള്ളവര്‍ അതു  പരിഹരിക്കാന്‍ ഇതാ ഒരു മാധ്യമസംരംഭത്തിനു തുടക്കം കുറിച്ചിരിക്കുന്നു.

ന്യൂയോര്‍ക്കിലെ ദ് സിറ്റി എന്ന പ്രസിദ്ധീകരണം ഏതാനും ജേണലിസം വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് ഇതിനു തുടക്കം കുറിച്ചത്. കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍ അയച്ചുതരാനുള്ള അവരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് മരണവാര്‍ത്തകളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ന്യൂയോര്‍ക്കിലേത് മാത്രമാണ് ശേഖരിക്കുന്നത്. മറ്റു നഗരങ്ങളിലും സമാന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. മരണം പല ലക്ഷങ്ങള്‍ കവിഞ്ഞാല്‍ ഇത് അനേകം പേരുടെ പങ്കാളിത്തം ആവശ്യമുള്ള വലിയ പരിശ്രമമായി മാറും. ഒറ്റ വെബ്സൈറ്റില്‍ എല്ലാവരെയും കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമം. തീര്‍ച്ചയായും, മറ്റു രാജ്യങ്ങള്‍ക്കും അനുകരിക്കാവുന്ന കാര്യംതന്നെ.

(മീഡിയ ബൈറ്റ്സ്  in മീഡിയ  മാഗസീന്‍ ആഗസ്റ്റ് 2020)

Leave a Reply

Your email address will not be published. Required fields are marked *

Go Top