ഇതൊരു നിരൂപണ ലേഖനമല്ല. ഈ മുന്‍കൂര്‍ ജാമ്യം ആവശ്യമാണ് എന്നു തോന്നുന്നു. ശ്രദ്ധയില്‍പ്പെട്ട ഒരു ഏറെ ശ്രദ്ധേയമായ ഒരു പുസ്തകത്തെപ്പറ്റി നാലുവാക്ക് പറയാതിരിക്കുന്നത് ശരിയല്ല എന്ന തോന്നലാണ് ഇതെഴുതാന്‍ കാരണം. ന്യൂഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായ അമൃത്‌ലാല്‍ പാഠഭേദം മാസികയില്‍ 2019 ജൂണ്‍ മുതല്‍ എഴുതിവരുന്ന പംക്തി ഞാന്‍ അപ്പോള്‍ വായിച്ചിരുന്നതാണ്. ആ ലേഖനങ്ങള്‍ ഇതാ പുസ്തകമായി ഇറങ്ങിയിട്ട് അധികമായില്ല-റിപ്പബ്ലിക് 2021 എന്ന പേരിലുള്ള പുസ്‌കതകം. പാഠഭേദം തന്നെയാണ് പ്രസാധനം നിര്‍വഹിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അതിന്റെ പ്രകാശനം നടന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് സമീപകാലത്ത് വായിച്ചതില്‍ വെച്ചേറ്റവും ആഴമുള്ള ഉള്‍ക്കാഴ്ച്ചയും ആധികാരികതയും ഉള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഇത്. ആ ബോധ്യമാണ് എന്നെ ചിലത് എഴുതാന്‍ പ്രേരിപ്പിച്ചത്. രാജ്യം എങ്ങോട്ടു പോകുന്നു എന്ന് ശരിക്കും അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നു നടിക്കാന്‍ രാഷ്ട്രീയനിരീക്ഷകനായ ഒരു ജേണലിസ്റ്റിന് എങ്ങനെ കഴിയും? ആ ചുമതലയാണ് അമൃത്‌ലാല്‍ നിര്‍വഹിച്ചത്.
അമൃത്‌ലാല്‍ ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററാണ്. തിരുവനന്തപുരത്തുകാരനാണ്. അമ്പതോടടുക്കുന്ന പ്രായം, 1994-മുതല്‍ പത്രപ്രവര്‍ത്തകന്‍. പാഠഭേദം അതിന്റെ ആദ്യ ജന്മത്തിലേ കണ്ടു പരിചയപ്പെട്ടിട്ടുണ്ടെങ്കിലും സിവിക് ചന്ദ്രന്റെ പ്രേരണയ്ക്കു വഴങ്ങിയാണ് ഈ പംക്തി എഴുതിതുന്നത്. സിവിക്കിന് തെറ്റിയിട്ടില്ല എന്ന് അമൃത് ലാലിന്റെ ഒരു ലേഖനമെങ്കിലും വായിച്ചവര്‍ സമ്മതിക്കും. ഏതെങ്കിലും മലയാള മുഖ്യധാര മാധ്യമത്തില്‍ ഇത്രയും കനമുള്ള ലേഖനങ്ങള്‍ കാണില്ല എന്ന ബോധ്യം സിവിക്കിനുമുണ്ടായിരുന്നു. ചിലപ്പോഴൊക്കെ എന്താണ് പാഠഭേദം വൈകുന്നത് എന്ന ചോദ്യത്തിന് – അയ്യോ അമൃത് ലാലിന്റെ പംക്തി കിട്ടിയിയില്ല. പുള്ളി എന്തോ തിരക്കിലാണ്. നാളെ കിട്ടും- എന്ന ആശ്വാസമറുപടി ഞാന്‍ കേട്ടിട്ടുണ്ട്.
ഞാന്‍ അമൃത്‌ലാലിനെ പരിചയപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് എന്തെങ്കിലും രാഷ്ട്രീയ ഭൂതകാലം ഉണ്ടോ എന്നു ഞാന്‍ അന്വേഷിച്ചിട്ടുമില്ല. എന്തായാലും, നല്ല രാഷ്ട്രീയധാരണ അദ്ദേഹത്തിന്റെ ഓരോ ലേഖനത്തിലും പ്രകടമാണ്. -‘വളരെ പ്രക്ഷുബ്ധമായ കാലഘട്ടമാണ് ഈ ലേഖനങ്ങളുടെ പശ്ചാത്തലം. പ്രസാദാത്മകമായ കാര്യങ്ങളെക്കുറിച്ച് എഴുതണമെന്നു വിചാരിക്കാറുണ്ട്. എന്തുകൊണ്ടോ സാധിക്കാറില്ല’-എന്നു അമൃത്‌ലാല്‍ എഴുതുമ്പോള്‍ അതില്‍നിന്ന് നമുക്ക് ചിലതെല്ലാം വായിച്ചെടുക്കാനാവുന്നുണ്ട്.
മോദിയുടെ രണ്ടാം വരവിന്റെ കാര്യകാരണ വിശകലനത്തില്‍ തുടങ്ങുന്നു റിപ്പബ്ലിക് 2021. ഫെഡറിലസത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉളവാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ രണ്ടാംവരവില്‍ ശക്തി പ്രാപിക്കുകയാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആകര്‍ഷക മുദ്രാവാക്യത്തിന് പിന്നില്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അപ്രസക്തമാക്കാനും എല്ലാം കേന്ദ്രത്തിന്റെ കൈയിലാക്കാനുമുള്ള ഗൂഢലക്ഷ്യമാണ് ഉളളത് എന്ന് ‘ഫെഡറിലസത്തിന്റെ ഭാവി’ എന്ന ലേഖനം തുറന്നു കാട്ടുന്നു. പുസ്തകത്തിലെ പന്ത്രണ്ട് ലേഖനങ്ങളിലും ഇങ്ങനെ ദേശീയ രാഷ്ട്രീയത്തിലെ ഓരോ പുതിയ അജന്‍ഡകള്‍ മറനീക്കിക്കാട്ടുന്നുണ്ട്.
പ്രമുഖ രാഷ്ട്രീയനിരീക്ഷകനും ചിന്തകനുമായ ജെ.എസ് അടൂര്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഈ പുസ്തകത്തിന്റെ പ്രസക്തിയും പ്രാധാന്യവും വിശദീകരിച്ചിരുന്നു. ആദ്യലേഖനത്തിലെ അമൃത്‌ലാലിന്റെ അതിപ്രധാനമായ നിരീക്ഷണത്തിലേക്ക് ജെ.എസ് അടൂര്‍ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. -ദേശീയ രാഷ്ട്രീയത്തില്‍ ഗാന്ധിയും ലോഹ്യയും അംബേദ്ക്കറും പെരിയാറും കന്‍ഷിറാമും പരസ്പരം സംവേദിക്കേണ്ടിവരും- ഇതിന് വ്യാഖ്യാനമോ വിശദീകരണമോ ആവശ്യമില്ല. ഈ ബോധം ഗാന്ധിയുടെയും ലോഹ്യയുടെയും അംബേദ്ക്കറുടെയും പെരിയാറുടെയും കന്‍ഷിറാമിന്റെയും പാത പിന്തുടരുന്നു എന്ന് അവകാശപ്പെടുന്നവര്‍ക്കില്ല എന്നതാണ് നമ്മുടെ ദുരന്തം.
ഇത് അമൃത്‌ലാലിന്റെ ആദ്യപുസ്തകമാണ്.
പുസ്തകത്തിന് ഫോണ്‍: 77368 84100