വാര്‍ത്താമരുഭൂമികളില്‍ ഉണങ്ങി വീഴുന്ന ജനാധിപത്യം

എൻ.പി.രാജേന്ദ്രൻ

വെള്ളപ്പൊക്കം ഒരു നാള്‍ ഓര്‍ക്കാപ്പുറത്ത് ഉണ്ടാവുകയും നാളുകള്‍ക്കകം ഇല്ലാതാവുകയും ചെയ്യുന്ന പ്രതിഭാസമാണ്. കുറെ നാശനഷ്ടങ്ങളും കഷ്ടതകളും അത് അവശേഷിപ്പിക്കുകമെങ്കിലും അവയെ മറികടക്കാന്‍ മനുഷ്യര്‍ക്കു കഴിയും. എന്നാല്‍, അതിനെ അതിജീവിക്കാന്‍ കഴിയും. എന്നാല്‍, പ്രകൃതിയിലായാലും ജീവിതത്തിലായാലും ക്രമാനുഗതമായി ഉയരുന്ന പല പ്രതിഭാസങ്ങളും നാം അറിയാതെ നമ്മെ പാടെ ഗ്രസിക്കുകയും നിലവിലുള്ള സാമ്പത്തിക-സാമൂഹിക വ്യവസ്ഥകളെ തകര്‍ത്തെറിയുകയും ചെയ്യും.

നന്മയിലേക്കും സന്തോഷത്തിലേക്കും സമത്വത്തിലേക്കും ഐക്യത്തിലേക്കും അടിവച്ച് മുന്നേറുന്ന ഒരു ജീവിയാണ് മനുഷ്യന്‍ എന്നതിന് എന്തെങ്കിലും തെളിവുണ്ടോ? മഹത്തരം എന്നു കരുതപ്പെടുന്ന മതം ഉള്‍പ്പെടെയുള്ള മനുഷ്യനിര്‍മ്മിതികള്‍തന്നെ മനുഷ്യരാശിയെ സമ്പൂര്‍ണ നാശത്തിലേക്കു നയിക്കില്ല എന്നും ഉറപ്പിച്ചു പറയാനാവില്ല. അപ്പോള്‍പ്പിന്നെ, ജനാധിപത്യമോ ജനാധിപത്യത്തിന്റെ നെടുംതൂണുകളെന്നു പറയപ്പെടുന്ന ജുഡീഷ്യറിയോ ഫോര്‍ത്ത് എസ്റ്റേറ്റോ എല്ലാ മാറ്റങ്ങളെയും അതിജീവിച്ച് എക്കാലവും നിലനില്‍ക്കുമെന്ന് എന്താണ് ഉറപ്പ്? അല്ലെങ്കില്‍, എന്തിനു വേണ്ടി അവ നിലനില്‍ക്കണം?വാര്‍ത്താമരുഭൂമി എന്നൊരു പ്രയോഗം അടുത്ത കാലത്ത് കേട്ടുതുടങ്ങിയിട്ടുണ്ട്. മരുഭൂമിയില്‍ വെള്ളം ഇല്ലാത്തതു പോലെ ഈ മരുഭൂമിയില്‍ വാര്‍ത്തകള്‍ ഉണ്ടാകുന്നില്ല. അവിടെ എന്തു നടന്നാലും അതു വാര്‍ത്തയാകുന്നില്ല. അവിടെ പത്രങ്ങളില്ല, ലേഖകന്മാരില്ല, വാര്‍ത്താ ചാനലുകളുമില്ല. ഇത് ഏതെങ്കിലും ആഫ്രിക്കന്‍ വനപ്രദേശങ്ങളില്ല സംഭവിക്കുന്നത്. വികസനത്തിന്റെയും പുരോഗതിയുടെയും ശാസ്ത്രവളര്‍ച്ചയുടെയുമെല്ലാം അവസാനവാക്ക് എന്നു കരുതുന്ന അമേരിക്കയിലാണ് ഇതു സംഭവിക്കുന്നത്.
അമേരിക്കയില്‍ 1300 പ്രദേശങ്ങള്‍ ഇത്തരം വാര്‍ത്താമരുഭൂമികളായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്ന് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കരോലിനയുടെ സ്‌കൂള്‍ ഓഫ് മീഡിയ ആന്റ് ജേണലിസം നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെക്കുറിച്ച് ലോകപ്രസിദ്ധമായ പോയ്ന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വെബ് മാഗസിന്‍ എഴുതുന്നു.

അമേരിക്കയിലെ മെട്രോ-ഗ്രാമീണ പത്രങ്ങളില്‍ 20 ശതമാനം-1800 എണ്ണം- 1984നു ശേഷം ഇല്ലാതായിട്ടുണ്ട്. വേറെ നൂറുകണക്കിന് പത്രങ്ങള്‍ ഫലത്തില്‍ ഇല്ലാതാവുകയും അവയുടെ പ്രേതങ്ങള്‍ എന്ന പോലെ ദുര്‍ബല എഡിഷനുകള്‍ പരിമിതയായ നിലയില്‍ പ്രസിദ്ധപ്പെടുത്തുകയുംചെയ്യുന്നു. പകരം, ഓണ്‍ലൈന്‍-ദൃശ്യമാദ്ധ്യമങ്ങള്‍ രംഗത്തുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവ പച്ച പല മേഖലകളിലും പച്ച പിടിക്കുന്നില്ല. ഇതിന്റെയെല്ലാം ഫലമായാണ് 1300 പ്രദേശങ്ങളില്‍ വാര്‍ത്താമാദ്ധ്യമങ്ങള്‍തന്നെ ഇല്ല എന്ന നില ഉണ്ടായത്.

പത്രം വായിക്കാതെ ഒരു ദിവസം തുടങ്ങാന്‍ കഴിയാത്ത കേരളീയര്‍ക്ക്, ലോകത്തെല്ലാവരും ഇങ്ങനെത്തന്നെയാണ് ജീവിക്കുന്നത് എന്ന തോന്നല്‍ ഉണ്ടായേക്കാം. പക്ഷേ, അതല്ല അവസ്ഥ. വാര്‍ത്താമരുഭൂമികള്‍ മനുഷ്യമനസ്സുകളിലും ഉണ്ടാകുന്നുണ്ട്. എന്തിനു വാര്‍ത്തകള്‍ അറിയണം എന്ന് ചോദിക്കുന്ന ധാരാളമാളുകള്‍ അഭ്യസ്തവിദ്യര്‍ക്കിടയിലുമുണ്ട് എന്നറിയുക.

നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ കാര്യങ്ങളില്‍ എല്ലാവര്‍ക്കും താല്പര്യമുണ്ടെന്നും കാര്യങ്ങള്‍ മനസ്സിലാക്കി വോട്ടവകാശം വിനിയോഗിക്കുക എന്നത് പൗരധര്‍മ്മമാണെന്നും പത്രവായനയിലൂടെ മാത്രമേ അഭിപ്രായങ്ങള്‍ ഉണ്ടാകൂ എന്നും ഈ അഭിപ്രായരൂപവല്‍ക്കരണമാണ് പൗരത്വത്തിന്റെ അടിസ്ഥാനമെന്നുമുള്ളതാണു ജനാധിപത്യത്തെ നിലനിര്‍ത്തുന്ന തത്ത്വം. ഒരു കാലത്ത് പൗരന് ലോകകാര്യങ്ങളെക്കുറിച്ച് വലിയ അറിവോ അഭിപ്രായമോ ഉണ്ടായിരുന്നില്ല. നാട്ടിലെ മുഖ്യസ്ഥന്മാരും വിദ്യാഭ്യാസമുള്ളവരും ജന്മിമാരുമൊക്കെ പറയുന്നതു തന്നെയായിരുന്നു സാധാരണക്കാരന്റെയും അഭിപ്രായം. വായിച്ചുമനസ്സിലാക്കാന്‍ വഴിയുണ്ടായിരുന്നില്ല.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉണ്ടാകുന്നതിന് ഒരു വർഷം മുമ്പ്‌, 1884-ല്‍ ജനിച്ച മലയാളപത്രമായ കേരളപത്രികയുടെ സ്ഥാപകന്‍ ചെങ്കളത്ത് കുഞ്ഞിരാമമേനോന്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പത്രപ്രവര്‍ത്തനത്തെക്കുറിച്ചെഴുതിയ പുസ്തകത്തിന് എഴുതിയ അവതാരികയില്‍ പറയുന്നത്, തന്റെ ഏറ്റവും  വലിയ സംഭാവന, പത്രത്തിലൂടെ താന്‍  ജനങ്ങള്‍ക്ക് അഭിപ്രായമുണ്ടാക്കി എന്നതാണ്. ഇതിന്റെ അര്‍ത്ഥം ഒരുപക്ഷേ അന്നുള്ളവര്‍ മനസ്സിലാക്കിക്കാണില്ല.

അഭിപ്രായത്തിന്റെയും വോട്ടവകാശത്തിന്റെ തന്നെയും പ്രയോജനം എന്ത് എന്ന ചിന്ത ഇന്നു വികസിതലോകത്തുണ്ട്. വോട്ടുചെയ്യുന്നവരുടെ എണ്ണം വികസിതരാജ്യത്തു വര്‍ദ്ധിക്കുകയല്ല കുറയുകയാണ് എന്നു ഇക്കാര്യം പഠിച്ചവര്‍ പറയുന്നുണ്ട്. ജനങ്ങള്‍ എത്രത്തോളം സംതൃപ്തരായി ജീവിക്കുന്നുവോ അത്രത്തോളം അവരുടെ രാഷ്ട്രീയ താല്പര്യം മങ്ങിപ്പോവുകയാണ്. ലോകത്തിലെ ഏറ്റവും ശാന്തമായ ജനസമൂഹങ്ങളുള്ള സ്വിറ്റ്‌സര്‍ലാണ്ട്, ജപ്പാന്‍, ഐസ്‌ലാന്‍ഡ്, ലക്‌സംബര്‍ഗ്,യുനൈറ്റഡ് സ്റ്റേറ്റ്‌സ്, അയര്‍ലന്‍ഡ് തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളില്‍ വോട്ടു ചെയ്യുന്നവരുടെ ശതമാനം കുറയുകയാണ്. ഇത്തരം പല രാജ്യങ്ങളിലും വോട്ടിങ്ങ് നിര്‍ബന്ധമാക്കാന്‍ നിയമം ഉണ്ടാക്കേണ്ടിവന്നിട്ടുണ്ട്.

വളര്‍ന്നു വരുന്ന ഈ രാഷ്ട്രീയ നിസ്സംഗതയോടു ചേര്‍ന്നു വേണം സമൂഹമാദ്ധ്യമ പ്രതിഭാസം പൊതുസമൂഹത്തില്‍ വരുത്തിയ വരുത്തിയ മാറ്റത്തെക്കുറിച്ചു ചിന്തിക്കാന്‍. സ്ഥിതിവിവരക്കണക്കുകളൊന്നും പരിശോധിക്കാതെ അറിയാവുന്ന ഒരു കാര്യം ലോകത്തെമ്പാടും അച്ചടി മാദ്ധ്യമങ്ങള്‍ പിറകോട്ടു പോകുന്നു എന്നാണ്. വന്‍കിട സ്ഥാപനങ്ങള്‍ പോലും നില നില്‍ക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്നു. സൗജന്യമായി ലഭിക്കുന്ന ഇ പേപ്പറുകള്‍, മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന സാമൂഹ്യമാദ്ധ്യമ പോസ്റ്റുകള്‍, വാര്‍ത്താക്കുറിപ്പുകള്‍ എന്നിവയെല്ലാം മത്സരിക്കുന്നത് അച്ചടിപത്രങ്ങളോടാണ്. ഇന്ത്യ മാത്രമാണ് പത്രപ്രചാരം വര്‍ദ്ധിക്കുന്ന ഏക രാജ്യം എന്ന് വികസിതലോകം അത്ഭുതത്തോടെ നോക്കിക്കാണുന്നുണ്ട്. അമേരിക്കയില്‍ എണ്‍പതോളം പത്രങ്ങള്‍ അടച്ചിടേണ്ടി വന്ന 2013-2017 കാലത്ത് ഇന്ത്യയിലെ പത്രങ്ങളുടെ എണ്ണം കൂടുകയായിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദിനപത്രങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഇതു പോലും വളരെ ശോഭനമായ ഒരു നീണ്ട ഭാവിയുടെ സൂചനയല്ല നല്‍കുന്നത്.

ഈയിടെ തത്സമയം പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു അഭിമുഖത്തില്‍ കാരവന്‍ പത്രാധിപര്‍ വിനോദ് കെ ജോസ് ഒരു യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടി. ‘ പല ഇംഗ്ലീഷ് പത്രങ്ങളുടെയും കോപ്പികള്‍ ഓരോ വര്‍ഷവും ഗണ്യമായ തോതില്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇതു തുറന്നുപറയാന്‍ ആരും തയ്യാറല്ല. തുറന്നു പറഞ്ഞാല്‍ പരസ്യം നഷ്ടപ്പെടും. ഇപ്പോള്‍ തന്നെ പരസ്യങ്ങള്‍ വലിയ അളവില്‍ ഇന്റര്‍നെറ്റിലേക്കു വഴിമാറിയിരിക്കുന്നു. ഡല്‍ഹിയില്‍ ഞാന്‍ താമസിക്കുന്ന ഫ്ളാറ്റില്‍ ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയുടെ വരിക്കാരായി 20, 25 പേരാണുള്ളത്. കഴിഞ്ഞ വര്‍ഷം 35 ഓളം പേരുണ്ടായിരുന്നു. അതിനു മുന്നത്തെ വര്‍ഷം 40 നും മുകളിലായിരുന്നു. ഈ രഹസ്യം ഇന്നോ നാളെയോ പൊട്ടിത്തെറിക്കും’ പ്രത്യക്ഷത്തില്‍ ലോകവ്യാപക പ്രവണതയെ വെല്ലുന്നു ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ എന്ന് അവകാശപ്പെടുമ്പോഴും തകര്‍ച്ചയുടെ ആദ്യസൂചനകള്‍ ഇന്ത്യയിലും കാണപ്പെടുന്നു എന്ന നിരീക്ഷണം ഇംഗ്ലീഷ് മാദ്ധ്യമരംഗത്തുപോലും നാം കേള്‍ക്കുകയാണ്. ഈ വീഴ്ച്ചയെ മറികടക്കാന്‍ പല വിദ്യകളും മാദ്ധ്യമനടത്തിപ്പുകാര്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും ഒന്നും പ്രതീക്ഷ നല്‍കുന്നില്ല.

പരസ്യവരുമാനത്തിലൂടെ സബ്‌സിഡൈസ് ചെയ്യപ്പെടുന്ന സ്ഥാപനങ്ങളാണ് പത്രങ്ങള്‍. സര്‍ക്കാര്‍ പരസ്യം ഇല്ലാതായാല്‍ത്തന്നെ പത്രം അടച്ചുപൂട്ടപ്പെടുന്ന അവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനത്ത് എന്ത് സ്വതന്ത്രപത്രപ്രവര്‍ത്തനമാണു സാദ്ധ്യമാവുക? എന്തു വിട്ടുവീഴ്ച്ച ചെയ്തും പരസ്യം നേടുക എന്നത് പത്രങ്ങളുടെ പ്രഖ്യാപിത നയം തന്നെയാണ. ഇതു മാദ്ധ്യമവിശ്വാസ്യതയെ തകര്‍ക്കുന്നുണ്ട്. വ്യാവസായ സംരംഭങ്ങള്‍ക്ക് ഇന്നു പരസ്യം ചെയ്യാന്‍ പത്രം തന്നെ വേണമെന്നില്ല. നൂറുനൂറു പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ മികച്ച പരസ്യമാദ്ധ്യമമാണ് എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. പുതിയവ അനുദിനം കണ്ടുപിടിക്കപ്പെടുന്നു. പത്രങ്ങള്‍ക്ക് പഴയ വരുമാനമാര്‍ഗ്ഗങ്ങള്‍ പലതും നഷ്ടപ്പെട്ടിരിക്കുന്നു.

മാദ്ധ്യമ വിശ്വാസ്യതയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തകര്‍ച്ചയെയും നാം ഇതോടു ചേര്‍ത്തുവേണം കാണാന്‍. വിശ്വാസ്യത നശിപ്പിക്കുന്ന ഉള്ളടക്കം വര്‍ദ്ധിക്കുകയാണ്. വരുമാനം കൂട്ടാന്‍ മോശമായ ഉള്ളടക്കത്തോടു വിട്ടുവീഴ്ച്ച ചെയ്യുന്നുണ്ട് പത്രങ്ങള്‍. ഒരു ഉപജീവനമാര്‍ഗ്ഗം എന്ന നിലയിലോ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന ഒരു പ്രൊഫഷന്‍ എന്ന  നിലയിലോ പത്രപ്രവര്‍ത്തനം ഇന്നു ആകര്‍ഷകമോ, ആദരവു നല്‍കുന്ന ഒരു തൊഴില്‍ അല്ലാതായിട്ടുണ്ട് പത്രപ്രവര്‍ത്തനം. സേവന വേതന കാര്യങ്ങളില്‍, കാല്‍ നൂറ്റാണ്ടിനിടയില്‍ ഈ രംഗം അഗാധ ഗര്‍ത്തത്തിലേക്കു വീണുകഴിഞ്ഞു.

മാദ്ധ്യമപ്രവര്‍ത്തനം കാലത്തിന്റെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുമോ എന്നതാണ് ചോദ്യം. എന്തെല്ലാം പ്രതീക്ഷകള്‍ പുലര്‍ത്തിയാലും, പല കാരണങ്ങളാല്‍ ഇന്ത്യയില്‍ മാത്രമായി ഒരു വ്യവസായത്തിനു നിലനില്‍ക്കുക അസാദ്ധ്യം തന്നെയാണ്. പത്രങ്ങള്‍ക്കു ബദലല്ലേ നവമാദ്ധ്യമങ്ങള്‍ എന്നു പ്രതീക്ഷാപൂര്‍വ്വം ചോദിക്കുന്നവരുണ്ട്. ഭാവിയുടെ മാദ്ധ്യമം ഓണ്‍ലൈന്‍ ആണ് എന്നു കരുതുന്നുണ്ട് പലരും. പക്ഷേ, അതിന്റെയും അതിജീവനം ഇനിയും വിജയിച്ചിട്ടില്ലാത്ത വാണിജ്യമോഡലിനെ ആശ്രയിച്ചാണിരിക്കുന്നത്. സ്വന്തം ശേഷിയില്‍ നിലനില്‍ക്കുന്ന ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ അത്യപൂര്‍വ്വമാണ് ലോകത്തെവിടെയും. അമേരിക്കയില്‍നിന്നു ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് സാമൂഹ്യമാദ്ധ്യമത്തിന്റെയും സ്വാധീനം കുറഞ്ഞു വരുന്നു എന്നാണ്. അപ്രവചനീയമാണ് ഭാവി.

(കോഴിക്കോട് കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തിയ സോവനീറിനു വേണ്ടി എഴുതിയത്. തലക്കെട്ട് മാറ്റിയിട്ടുണ്ട്.)

Leave a Reply

Your email address will not be published. Required fields are marked *

Go Top