കഴിഞ്ഞകാല പത്രാധിപന്മാരെക്കുറിച്ച് എന്തു ചിന്തിക്കുമ്പോഴും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1875-1916)യെയും കേസരി ബാലകൃഷ്ണപിള്ള(1989-1960)യെയും ആരും ആദ്യം ഓര്‍ക്കും. ഐക്യകേരളത്തെക്കുറിച്ചു പറയുമ്പോഴും ഇതുതന്നെയാണ് സ്ഥിതി. രണ്ടുപേര്‍ക്കും ഐക്യകേരളനിര്‍മിതിയില്‍ എന്തെങ്കിലും പങ്കുണ്ടായിരുന്നതായി പെട്ടന്നു ഓര്‍ക്കില്ല. ഗാന്ധിജി മഹാത്മാവുന്നതിനു മുമ്പു മോഹന്‍ദാസ് കര്‍മചന്ദ്ര ഗാന്ധിയെക്കുറിച്ചും കമ്യൂണിസം കേരളത്തിലേക്കു കടക്കുംമുമ്പ് കാള്‍ മാര്‍ക്‌സിനെക്കുറിച്ചും മലയാളത്തില്‍ പുസ്തകങ്ങള്‍ എഴുതിയ ദീര്‍ഘദര്‍ശിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ഭാവിയെക്കുറിച്ച് നിരന്തരം ചിന്തിച്ച് അവയുടെ വഴികള്‍ പ്രവചിച്ച ചിന്തകനാണ് കേസരി ബാലകൃഷ്ണപിള്ള. രണ്ടുപേരും തമ്മില്‍ പല വൈജാത്യങ്ങള്‍ കണ്ടേക്കാം. പക്ഷേ, തിരുവിതാംകൂറിന്റെ തലസ്ഥാനത്ത് അതിന്റെ പ്രഭാവകാലത്തു ജീവിച്ച രണ്ടുപേരും സ്വപ്‌നം കണ്ടിരുന്നത് മലബാറും കൊച്ചിയും തിരുവിതാംകൂറും ചേര്‍ന്നുള്ള ഐക്യകേരളം ഉണ്ടാകുന്നതാണ്. അതു ഭരിക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണകൂടം വൈകാതെ ഉണ്ടാകുമെന്നും അവര്‍ കേരളമുണ്ടാകുന്നതിനും മൂന്നു-നാലു പതിറ്റാണ്ടു മുമ്പ് പ്രവചിച്ചിരുന്നു.
1910ല്‍ രാജഭരണം നാടുകടത്തിയ രാമകൃഷ്ണപിള്ളയ്‌ക്കോ രാജഭരണത്തിന്റെ പീഡനംമൂലം 1935ല്‍ പത്രപ്രവര്‍ത്തനം ഉപേക്ഷിക്കേണ്ടിവന്ന ബാലകൃഷ്്ണപിള്ളയ്‌ക്കോ ഐക്യകേരളം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ലെന്നത് സത്യം. കേരള രൂപീകരണശേഷവും നാലു വര്‍ഷം ജീവിച്ചിരുന്നുവെങ്കിലും മറ്റു ഗവേഷണങ്ങളിലും ബൗദ്ധികപ്രവര്‍ത്തനങ്ങളിലുമാണ് ബാലകൃഷ്ണപിള്ള ഏര്‍പ്പെട്ടിരുന്നത്. 71 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 13 വര്‍ഷം മാത്രമേ അദ്ദേഹത്തിനു പത്രപ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഈ രണ്ടു മഹാരഥന്മാരെ വണങ്ങാതെ ഐക്യകേരളത്തിലെ മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് ഓര്‍ക്കാനേ പറ്റില്ല.
കെ.പി.കേശവമേനോന്‍
ഐക്യകേരളമുണ്ടാകാന്‍ വേണ്ടി ഏറെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞവരില്‍ എന്തുകൊണ്ടും ആദ്യം സ്്മരിക്കേണ്ട പേര്്് കെ.പി.കേശവമേനോന്റതാണ്. പത്രത്തിന്റെ ലക്ഷ്യം സ്വതന്ത്രഭാരതം മാത്രമല്ല, ഐക്യകേരളം കൂടിയാണെന്ന പ്രഖ്യാപനം 1923ല്‍ മാതൃഭൂമി പത്രത്തിന്റെ ആദ്യലക്കത്തില്‍തന്നെ മുഖപ്രസംഗത്തില്‍ നടത്തി പത്രാധിപര്‍ കെ.പി.കേശവമേനോന്‍(1886-1978). പില്‍ക്കാലത്തുണ്ടായ വലിയ പ്രതിസന്ധികള്‍ക്കിടയിലും അതദ്ദേഹം മറന്നില്ല. രണ്ടാം ലോകയുദ്ധത്തിലേക്കു പ്രവേശിച്ച നിര്‍ണായകനാളുകളിലും മലയയില്‍നിന്ന് മാതൃഭൂമിക്കയച്ച ലേഖനങ്ങളില്‍ അദ്ദേഹം ഐക്യകേരളത്തെക്കുറിച്ച് ആവര്‍ത്തിച്ചു. അദ്ദേഹം തനിച്ചായിരുന്നില്ല. ഐക്യകേരളസംഘം എന്നൊരു സംഘടന പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. കെ.കേളപ്പന്‍, കെ.എ.ദാമോദരമേനോന്‍ എന്നിവര്‍ ഈ രംഗത്തു സജീവമായുണ്ടായിരുന്നു. ദാമോദരമേനോന്‍ ഐക്യകേരള പ്രസ്ഥാനം എന്നൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
ഐക്യകേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിന് കേശവമേനോന്റെ വലംകൈ ആയിരുന്നത് എന്‍.വി.കൃഷ്്ണവാരിയ(1916-1989)രായിരുന്നു. 1951 മുതല്‍ കൃഷ്ണവാരിയര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിപ്പുകാരനായിരുന്നു. മാതൃഭൂമി പത്രത്തില്‍ അന്നു ഐക്യകേരളത്തിനു വേണ്ടി എഴുതപ്പെട്ട മുഖപ്രസംഗങ്ങളേറെയും എന്‍.വി.യുടെ സൃഷ്ടികളായിരുന്നു.
ഐക്യകേരള രൂപവല്‍ക്കരണത്തിനു തൊട്ടുമുമ്പ് തുടങ്ങി എണ്‍പതുകളുടെ ഒടുവില്‍ വരെ പത്രപ്രവര്‍ത്തനം മുഖ്യപ്രവര്‍ത്തനമായി നടത്തിയ എന്‍.വി.കൃഷ്ണവാരിയര്‍ പക്ഷേ, പത്രപ്രവര്‍ത്തകന്‍ എന്നതിലപ്പുറം കവിയും നിരൂപകനും ഗവേഷകനും ലോകനിരീക്ഷകനും ശാസ്ത്രകാര്യലേഖകനും അതിനെല്ലാമപ്പുറും ബഹുഭാഷാപണ്ഡിതനുമായിരുന്നു. ശാസ്ത്രബോധവും ശാസ്ത്രജ്ഞാനവും പുതുതലമുറയിലുണ്ടാക്കാന്‍ വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചുപോന്ന എന്‍.വി. കവിതയും നാടകവും യാത്രാവിവരണവും വിവര്‍ത്തനവും മറ്റും മറ്റുമായി അമ്പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററായിരുന്നു അദ്ദേഹം.
സ്വതന്ത്ര തിരുവിതാംകൂര്‍!
ഐക്യകേരളം എല്ലാവരുടെയും ആഗ്രഹവും സങ്കല്പവും ആയിരിക്കെ എന്തായിരുന്നു അതിനു തടസ്സം? തടസ്സങ്ങളുണ്ടായിരുന്നു. തിരുവിതാംകൂര്‍ ഭരണാധികാരികള്‍ക്ക് ഐക്യകേരളത്തില്‍ ചേരുന്നതിനെന്നല്ല, ഇന്ത്യയില്‍ ചേരുന്നതിനോടുപോലും താല്പര്യമുണ്ടായിരുന്നില്ല എന്ന് ഓര്‍ക്കാന്‍ ഇന്നു പലരും ഇഷ്ടപ്പെടുകയില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതോടെ നാട്ടുരാജ്യങ്ങള്‍ക്ക് സ്വന്തം കാര്യം തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും അതുകൊണ്ട് 1947 ആഗസ്ത് പതിനഞ്ചിന് തിരുവിതാംകൂര്‍ ഒരു സ്വതന്ത്ര രാജ്യമാകുമെന്നും ഭാവിയില്‍ അതു സ്വിറ്റ്‌സര്‍ലാണ്ട് പോലെ സമ്പല്‍സമൃദ്ധമാകുമെന്നും പ്രഖ്യാപിച്ചത്് തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യറാ(1879-1966)ണ്.
പല പൗരപ്രമുഖരും സര്‍ സി.പി.യെ പിന്താങ്ങാന്‍ രംഗത്തുണ്ടായിരുന്നു. സി.പി. സ്വതന്ത്രതിരുവിതാംകൂര്‍ നടപ്പാക്കിക്കളയും എന്നു പോലും പലരും ഭയന്നിരുന്നു. സ്വതന്ത്രരാജ്യമാകാന്‍ പോകുന്ന പാകിസ്ഥാനിലേക്ക് വാണിജ്യപ്രതിനിധിയെ നിയോഗിക്കുക പോലും ചെയ്തു സര്‍ സി.പി. തിരുവിതാംകൂര്‍ ജനത ഇതിനെ ശക്തിയുക്തം എതിര്‍ത്തു. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് ഇക്കാര്യത്തിന്‍ ഉറച്ച നിലപാടെടുത്തു. പത്രങ്ങളൊന്നും സ്വതന്ത്രതിരുവിതാംകൂറിനെ അനുകൂലിച്ചില്ല. ജയിലിലായിരുന്ന മനോരമ പത്രാധിപര്‍ മാമ്മന്‍ മാപ്പിളയോട് സ്വതന്ത്രതിരുവിതാംകൂറിനെ അനുകൂലിക്കാമെങ്കില്‍ ലൈസന്‍സ് തിരിച്ചുനല്‍കാമെന്നു സര്‍ സി.പി. വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം വഴങ്ങിയില്ല..
കെ.സി.എസ് മണി പത്രപ്രവര്‍ത്തകനായി
ഇതുകൊണ്ടുമല്ല സ്വതന്ത്ര തിരുവിതാംകൂര്‍ സ്വപ്‌നം പൊളിഞ്ഞുപോയത്. സര്‍ സി.പി. ഉള്ള കാലത്തോളം ഐക്യകേരളം സാധ്യമാവില്ല എന്നു ബോധ്യപ്പെട്ട ദേശീയവാദികളില്‍ ഒരു വിഭാഗം, സ്വതന്ത്ര തിരുവിതാംകൂര്‍പ്രഖ്യാപനം പ്രാബല്യത്തില്‍വരുംമുമ്പ് സര്‍സി.പി. വധിക്കുവാന്‍ തീരുമാനിക്കുകയാണുണ്ടായത്. അതിനു സന്നദ്ധനായത് കെ.സി.എസ്.മണി (1922-1987) എന്ന കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും. കൊടുവാള്‍ കൊണ്ട് സര്‍ സി.പി.യെ വെട്ടാനേ മണിക്കു കഴിഞ്ഞുള്ളൂ എന്നതും കാര്യങ്ങളുടെ പോക്ക് മനസ്സിലായ സര്‍ സി.പി. തിരുവിതാംകൂര്‍ വിട്ടുപോയി എന്നതും ചരിത്രം.
സംഭവം നടക്കുമ്പോള്‍ കെ.സി.എസ് മണി രാജ്യസ്‌നേഹിയായ ചെറുപ്പക്കാരന്‍ മാത്രമായിരുന്നു. എന്നാല്‍, കുറ്റം നിഷേധിക്കുകയും കോടതി വെറുതെ വിടുകയും ചെയ്ത ശേഷം മണിയുടെ ജീവിതം സന്തോഷപ്രദമായിരുന്നില്ല. ഇംഗഌഷും മലയാളവും നന്നായി അറിയുമായിരുന്ന മണി അല്പമെങ്കിലും ആശ്വാസം നേടിയത് പത്രപ്രവര്‍ത്തനത്തിലാണ്. തിരുവനനന്തപുരത്ത് കെ.ബാലകൃഷ്ണന്‍ നടത്തിപ്പോന്ന കൗമുദി പത്രത്തിലും പിന്നെ മലയാളി, ദേശബന്ധു പത്രങ്ങളിലുമായ പതിനഞ്ചു വര്‍ഷം അദ്ദേഹം പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.
പത്രാധിപര്‍
രാജഭരണത്തില്‍ നിന്ന് ഐക്യകേരളത്തിന്റെ ജനാധിപത്യസംവിധാനത്തിലേക്കുള്ള മാറ്റത്തിനും പിന്നെ നീണ്ടകാലം തലസ്ഥാനത്തു നടന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കുമെല്ലാം സാക്ഷിയായിരുന്ന നിരവധി പത്രപ്രവര്‍ത്തകരുണ്ട്. അവരില്‍ പ്രധാനി ഒരു പക്ഷേ, കേരള കൗമുദി പത്രാധിപര്‍ കെ.സുകുമാര(1903-1981)നായിരിക്കും. പത്രാധിപര്‍ എന്നു പറഞ്ഞാല്‍ത്തന്നെ അര്‍ത്ഥം കെ.സുകുമാരന്‍ എന്നായിരുന്നു അക്കാലത്ത്. 1911 ല്‍ കേരള കൗമുദി പത്രം സ്ഥാപിച്ച സുകുമാരന്‍ എസ്.എന്‍.ഡി.പി.യോഗം പ്രസിഡന്റുമായിരുന്നു. പിന്നാക്കജാതിക്കാരുടെ ഉയര്‍ച്ചക്കു വേണ്ടി വലിയ സംഭാവനകള്‍ ചെയ്ത പത്രപ്രവര്‍ത്തകനാണ് സുകുമാരന്‍.
പല പ്രസിദ്ധീകരണങ്ങളിലും കോളമിസ്റ്റായിരുന്ന കേരള കൗമുദി അസോസിയേറ്റ് എഡിറ്റര്‍ എന്‍.രാമചന്ദ്രന്‍(1928-1014), കേരള കൗമുദിയിലും പില്‍്ക്കാലത്തു മാതൃഭൂമിയിലും പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകയൂണിയന്‍ നേതാവുമായിരുന്ന ജി.വേണുഗോപാല്‍(1927-2004), എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന പി.കെ.ബാലകൃഷ്ണന്‍ തുടങ്ങിയവരും അക്കാലത്ത് കേരള രൂപവല്‍ക്കരണകാലത്തെ പുരോഗമന പ്രസ്ഥാനങ്ങളിലും സജീവമായി ഉണ്ടായിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെ പ്രശസ്തിക്കോ ഗ്ലാമറിനോ ഒന്നും കാത്തുനില്‍ക്കാതെ തൊഴിലില്‍ അസാധാരണമായ കമ്പം പുലര്‍ത്തി രാവും പകലും വാര്‍ത്തയെ പിന്തുടര്‍ന്ന കെ.വിജയരാഘവനെയും അമ്പതുകളിലെ തലസ്ഥാനം അറിയുന്നവര്‍ ഓര്‍ക്കും.
കെ.ബാലകൃഷ്ണന്‍
രാജഭരണകാലത്തു സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെയും പിന്നീട് കെ.എസ്.പി., ആര്‍.എസ്.പി. എന്നീ പാര്‍ട്ടികളുടെയും ഭാഗമായി തീവ്രതയോടെ പ്രവര്‍ത്തിച്ചവരില്‍ ചിലരെല്ലാം മികച്ച പത്രപ്രവര്‍ത്തകരുമായിരുന്നു. സര്‍ സി.പി.യെ വെട്ടിയ കെ.സി.എസ് മണിക്കു തൊഴില്‍പരമായി അഭയം നല്‍കിയ കെ.ബാലകൃഷ്ണന്‍(1924-1984)ആണ് അതിലേറ്റവും ശ്രദ്ധിക്കപ്പെട്ട പത്രപ്രവര്‍ത്തകന്‍. തിരുവിതാംകൂര്‍ മുഖ്യമന്ത്രിയായ സി.കേശവന്റെ മകന്‍ ആയ ബാലകൃഷ്ണന്‍ അച്ഛനെതിരെയും രൂക്ഷമായ കടന്നാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. കേരള മാധ്യമചരിത്രത്തില്‍ ഒരു സംഭവം തന്നെയായിരുന്നു അദ്ദേഹം പത്രാധിപത്യം വഹിച്ച കൗമുദി ആഴ്ചപ്പതിപ്പ്. ആര്‍ജവമുള്ള അഭിപ്രായപ്രകടനങ്ങളും മൗലികത നിറഞ്ഞ ആശയങ്ങളുമായിരുന്ന അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനത്തിന്റെ മുഖമുദ്ര.
സിനിമ, സാഹിത്യം കല, രാഷ്ട്രീയം എന്നീ വിഷയങ്ങളിലെല്ലാം അസാധാരണമായ ഉള്‍ക്കാഴ്ച പ്രദര്‍ശിപ്പിച്ചു. വാരികയില്‍ അദ്ദേഹം എഴുതിയ പ്രത്രാധിപകുറിപ്പുകള്‍ വലിയ ചര്‍ച്ചാവിഷയങ്ങളായി മാറുമായിരുന്നു. സംസ്ഥാനത്തിന്റെ ആദ്യത്തെ ബജറ്റ് നിയമസഭയില്‍ അവതരിക്കും മുമ്പ് അപ്പടി ചോര്‍ത്തി പ്രസിദ്ധീകരിച്ചത് വലിയ വിവാദത്തിനും അറസ്്റ്റിനും പോലീസ് കേസ്സിനുമെല്ലാം കാരണമായി. കെ.ബാലകൃഷ്ണന്റെ ചോദ്യോത്തരപംക്തി മലയാളത്തില്‍ ഏറ്റവുമധികം വായനക്കാരുണ്ടായ പംക്തികളില്‍ ഒന്നായിരുന്നു. കേരളം കണ്ട ഉജ്വലപ്രാസംഗികരില്‍ ഒരാളായ ബാലകൃഷ്ണന്‍ 1971-77 കാലത്തു ആര്‍.എസ്.പി.പ്രതിനിധിയായി ലോക്‌സഭാംഗമായിരുന്നിട്ടുണ്ട്.
കൗമുദിയിലൂടെ പ്രശസ്തരായ നിരവധി എഴുത്തുകാരും പത്രപ്രവര്‍ത്തകരുമുണ്ട്. അവരില്‍ പ്രധാനിയാണ് പ്രമുഖ ആക്ഷേപഹാസ്യപംക്തി രചയിതാവ് കെ.കാര്‍ത്തികേയന്‍(1904-1966). നീണ്ടകാലം കിറുക്കുകള്‍ എന്ന പേരില്‍ അദ്ദേഹം കൗമുദിയില്‍ പംക്തി രചിച്ചിരുന്നു. കേരള കൗമുദിയില്‍നിന്നു വിരമിച്ച ശേഷം സ്വന്തമായി പൊതുജനം എന്ന പേരില്‍ പത്രം നടത്തി.
ആദ്യകാലത്ത് ദിനമണിയുടെയും തുടര്‍ന്നു പ്രഭാതത്തിന്റെയും ലേഖകനായിരുന്ന വി.പി.മാധവന്‍നായര്‍ പിന്നീട് പത്രമൊന്നുമില്ലാതെ പത്രപ്രവര്‍ത്തനം നടത്തി തിരുവനന്തപുരം മാധ്യമലോകത്തു നിറഞ്ഞുനിന്ന ആളാണ്. ഭരണവൃത്തങ്ങളുമായുള്ള അടുത്ത ബന്ധം കാരണം ഓരോ ചലനവും അദ്ദേഹം അപ്പപ്പോള്‍ അറിയുകയും മറ്റു പത്രപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തുപോന്നു. രാജ്യമില്ലാത്ത രാജ്യഭരണം എന്നാണ് ഇതിനെ എസ്.ജയചന്ദ്രന്‍ നായര്‍ വിശേഷിപ്പിച്ചിരുന്നത്.
പവനന്‍
ആദ്യ കേരള മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞ ചെയ്യാന്‍ പുറപ്പെടുമ്പോള്‍ സ്വന്തം വാച്ച് കേടായതുകൊണ്ട് ഒരു പത്രപവര്‍ത്തകന്റെ വാച്ച് ധരിച്ചാണ് പോയതെന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പവനന്‍(1928-2006) ആണ് ആ പത്രപ്രവര്‍ത്തകന്‍. അന്നു ദേശാഭിമാനിയുടെ തിരുവനന്തപുരം ലേഖകനായിരുന്നു പവനന്‍. തലശ്ശേരിക്കാരനായ പവനന്‍ കേരളത്തിന് അകത്തും പുറത്തും നിരവധി പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ രചിച്ച, നിരവധി ബഹുമതികള്‍ നേടിയ കര്‍മോത്സുകനായ പത്രപ്രവര്‍ത്തകനാണ്. നിരൂപകനും യുക്തിവാദിനേതാവുമായിരുന്നു.
മുംബൈ ഇംഗഌഷ് പത്രങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കേരളസംസ്ഥാനം രൂപവല്‍ക്കരിക്കുന്നതിനു തൊട്ടുമുമ്പ് തിരുവനന്തപുരത്ത് ടൈംസ് ഓഫ് ഇന്ത്യ ലേഖകനായി ചേര്‍ന്ന കെ.സി.ജോണ്‍(1924-2006) തലസ്ഥാനത്തിന്റെ എല്ലാ നാഡിഞെരമ്പുകളും തൊട്ടറിഞ്ഞ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരില്‍ പ്രധാനിയാണ്. കേരള രാഷ്ട്രീയത്തെക്കുറിച്ച് മൂന്നു പുസ്തകങ്ങളും അദ്ദേഹത്തിന്‍േതായുണ്ട്.
പി.ഗോവിന്ദപ്പിള്ള
ചിന്തകനും പണ്ഡിതനും പ്രമുഖ ഗ്രന്ഥകാരനും രാഷ്ട്രീയനേതാവുമെല്ലാമായ പി.ഗോവിന്ദപ്പിള്ള(1926-2012) ദീര്‍ഘകാലം ദേശാഭിമാനി പത്രാധിപരുമായിരുന്നു. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍ എപ്പോഴും രാഷ്്ട്രീയപ്രശ്‌നങ്ങളെക്കുറിച്ചും വിദേശകാര്യങ്ങളെക്കുറിച്ചും എഴുതാറുള്ള പിജി കേരളത്തില്‍ ഏറ്റവും ആദരിക്കപ്പെട്ട പൊതു പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. മാധ്യമഭാഷയുടെ ഏകീകരണത്തിനും ശുദ്ധീകരണത്തിനും വേണ്ടി അദ്ദേഹം എപ്പോഴും പരിശ്രമിച്ചുപോന്നിട്ടുണ്ട്. നിയമസഭാംഗമായും കേരള മീഡിയ അക്കാഡമി, കെ.എസ്.എഫ്.ഡി.സി. തുടങ്ങിയവയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാമൂഹിക നവോത്ഥാനത്തില്‍ നല്ല പങ്കുവഹിച്ച സഹോദരപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു സഹോദരന്‍ അയ്യപ്പന്‍ എന്നു വിളിക്കപ്പെട്ട കെ.അയ്യപ്പന്‍മാസ്റ്റര്‍(1989-1968). അദ്ദേഹം യുക്തിവാദപ്രചാരണത്തിനായി സ്ഥാപിച്ച സഹോദരന്‍ മാസിക അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അനീതിയെയും എതിര്‍ക്കാനുള്ള പടവാളായിരുന്നു. വേലക്കാരന്‍ എന്ന പേരില്‍ തൊഴിലാളികള്‍ക്കായും സ്ത്രീ എന്ന പേരില്‍ സ്ത്രീകള്‍ക്കായും അദ്ദേഹം പ്രസിദ്ധീകരണങ്ങള്‍ നടത്തിയിരുന്നു. രണ്ടുതവണ കൊച്ചി പ്രജാസഭാംഗവും ഒരുതവണ മന്ത്രിയും ആയിരുന്നിട്ടുണ്ട് അയ്യപ്പന്‍. മിശ്രഭോജനവും മിശ്രവിവാഹവും സഹോദരന്‍ പ്രസ്ഥാനം പ്രോത്സാഹിപ്പിച്ചുപോന്നു. സഹോദരന്‍ പ്രസിദ്ധീകരണത്തിലാരംഭിച്ച ആഴ്ചക്കുറിപ്പുകള്‍ അദ്ദേഹം ജീവിതാന്ത്യം വരെ കേരള കൗമുദിയില്‍ തുടര്‍ന്നു.
കെ.എം. മാത്യു
സംസ്ഥാനരൂപവല്‍ക്കരണത്തിന് ഒന്നര വര്‍ഷം മാത്രം മുമ്പാണ് കെ.എം. മാത്യു(2017-2010) മലയാള മനോരമയില്‍ മാനേജിങ്ങ് എഡിറ്ററായി ചേരുന്നത്. പിന്നെ അരനൂറ്റാണ്ടിലേറെക്കാലം ആ പദവിയിലിരുന്ന് അദ്ദേഹം മലയാള മാധ്യമലോകത്തിലും കേരളസമൂഹത്തിനും ചെയ്ത സേവനം അവര്‍ണനീയമാണ്. മനോരമയിലെ ഏറ്റവും പ്രചാരമുള്ള മലയാള പത്രമാക്കി ഉയര്‍ത്തിയെന്നു മാത്രമല്ല പത്മഭൂഷണ്‍ ഉള്‍പ്പെടെയുള്ള നിരവധി ബഹുമതികള്‍ക്ക് അര്‍ഹനാക്കുംവിധമുള്ള രാഷ്ട്രസേവനം നിര്‍വഹിക്കുകയും ചെയ്തു. മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ആത്മകഥകളില്‍ ഒന്നാണ് അദ്ദേഹത്തിന്റെ എട്ടാമത്തെ മോതിരം.
പി.സി.സുകുമാരന്‍ നായര്‍
45 വര്‍ഷം എല്ലാ ദിവസവും നിയമസഭയില്‍ ഹാജരായി റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വം റിപ്പോര്‍ട്ടര്‍മാരിലൊരാളാണ് പി.സി.സുകുമാരന്‍ നായര്‍(1931-2004). ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍തന്നെ പത്രപ്രവര്‍ത്തനത്തിനു തുടക്കംകുറിച്ച പി.സി. പിന്നീട് കേരളകൗമുദി ലേഖകനായി. 1960 മുതല്‍ 1985 വരെ മാതൃഭൂമി ലേഖകനായിരുന്നു. പിന്നെ വീണ്ടും കേരളകൗമുദിയില്‍. നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍ പി.സി.ക്കു സ്വന്തമായ ഒരു ശൈലിയുണ്ടായിരുന്നു. നിയമസഭാറിപ്പോര്‍ട്ടുകള്‍ സമാഹരിച്ച് ‘ പ്രസ് ഗാലറിയില്‍ ‘ നിന്ന് എന്ന പുസ്തകവും സഭയിലെ സംഭവങ്ങള്‍ വിവരിക്കുന്ന അധികാരത്തിന്റെ അകത്തളങ്ങളില്‍ എന്ന ലേഖനസമാഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഇ.എം.എസ്
ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിനെ(1909-1998) ഒരു മാധ്യമപ്രവര്‍ത്തകനായി ചുരുക്കിക്കാണിക്കാനാവില്ലെങ്കിലും അദ്ദേഹം കൈകാര്യം ചെയ്്ത അനന്തവിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തനത്തിന് പ്രമുഖസ്ഥാനം ഉണ്ടായിരുന്നു.പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമ്പോഴും രാഷ്ട്രീയത്തിനുപരി മലയാളഭാഷയെയും മാധ്യമപ്രവര്‍ത്തനത്തെയും കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ മുഖ്യരചനകള്‍ പ്രത്യക്ഷപ്പെട്ടിരുന്നതും മുഖ്യധാരാപ്രസിദ്ധീകരണങ്ങളിലാണ്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ ദശകങ്ങളോളം എഴുതിപ്പോന്ന പംക്തികള്‍ വേറെയാണ്. പാണ്ഡിത്യപ്രകടനത്തിന് ഒരിക്കലും മുതിരാതെ ഏതൊരാള്‍ക്കു വായിച്ചാല്‍ മനസ്സിലാവുന്ന ശൈലിയിലാണ് അദ്ദേഹം എഴുതിപ്പോന്നത്. മലയാളത്തില്‍ എണ്‍പതും ഇംഗഌഷില്‍ ഇരുപതും പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. പത്തോളം ഭാഷകളില്‍ അദ്ദേഹത്തിന്റെ രചനകള്‍ തര്‍ജമ ചെയ്യപ്പെട്ടിട്ടുമുണ്ട്. കേരളസംസ്ഥാനത്തുനിന്ന് ബൗദ്ധികതലത്തില്‍ ഇത്രത്തോളം ഉയരത്തില്‍ പറന്ന മറ്റൊരു മാധ്യമപ്രവര്‍ത്തകനെ കാണുക സാധ്യമല്ല. രണ്ടുവട്ടം മുഖ്യമന്ത്രിയായിരുന്നു എന്നതുപോലും ഇതിനേക്കാള്‍ പ്രധാനമല്ലെന്നു വരുന്നു.
സുകുമാര്‍ അഴീക്കോട്
ഇ.എം.എസ്സിനെപ്പോലെ സുകുമാര്‍ അഴീക്കോടും(1926-2012) ം മാധ്യമപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല. അഴീക്കോട് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. അല്ലാത്തപ്പോഴെല്ലാം മാധ്യമവിമര്‍ശനം നടത്തിപ്പോന്നിട്ടുമുണ്ട്്. കൊച്ചി ദീനബന്ധുവിലും കണ്ണൂര്‍ ദേശമിത്രത്തിലും നവയുഗത്തിലും പ്രവര്‍ത്തിച്ച അഴീക്കോട് ദിനപ്രഭയിലാണ് ആദ്യമായി പത്രാധിപത്യം വഹിക്കുന്നത്്. പത്രാധിപത്യവും സാഹിത്യനിരൂപണവുമെല്ലാം കൊണ്ടുനടക്കുമ്പോഴും വ്യത്യസ്ത പത്രങ്ങൡ ഒരേ സമയം പംക്തികള്‍ എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു. ഏതാണ്ട് ജീവിതാവസാനം വരെ സാഹിത്യനിരൂപണത്തിനും ഗ്രന്ഥരചനയ്ക്കും പ്രഭാഷണപരമ്പരകള്‍ക്കും ഇടയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തനവും തുടരുകയുണ്ടായി.
ജനയുഗം
ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തില്‍ പൊതുസ്വീകാര്യത നേടിയെടുത്ത പസിദ്ധീകരണങ്ങളിലൊന്നായിരുന്നു ജനയുഗം വാരിക. കൊല്ലം കേന്ദ്രമാക്കി പ്രസിദ്ധപ്പെടുത്തിയിരുന്ന ജനയുഗത്തെ വിജയത്തിനു പിന്നില്‍ പല ഘട്ടങ്ങളിയായി വലിയ സംഭാവനകള്‍ ചെയ്ത നിരവധി പേരുണ്ട്. വൈക്കം ചന്ദ്രശേഖരന്‍നായരും(1920-2015)കാമ്പിശ്ശേരി കരുണാകരനും(1922-1977) കെ.എസ്. ചന്ദ്രനും(1930-2005) ഇവരില്‍ പ്രധാനികളാണ്.
ജനയുഗം വാരിക ആരംഭിക്കുന്നതു വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പത്രാധിപത്യത്തിലാണ്. അന്നദ്ദേഹത്തിന് മുപ്പതു വയസ്. പത്രപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല അദ്ദേഹം. നടന്‍, നാടകകൃത്ത്, ഗായകന്‍, കവി, ഗാനരചയിതാവ്, പ്രസംഗകന്‍, ചിത്രകാരന്‍… എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ സിദ്ധികള്‍. മലയാള മനോരമയില്‍ തുടങ്ങിയ വൈക്കം പിന്നീട് കൊല്ലത്ത് കേരളത്തിലേക്കു മാറി. തുടര്‍ന്നാണ് ജനയുഗത്തിലേക്കു മാറുന്നത്. കൗമുദി, പ്രഭാതം, കേരളപ്രഭ, കേരളഭൂഷണം, യുവകേരളം, പൗരപ്രഭ, കേരളശബ്ദം, ചിത്രകാര്‍ത്തിക, കുങ്കുമം, കുമാരി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും വൈക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്്. എല്ലാറ്റിലും അദ്ദേഹം തുടര്‍ലേഖനങ്ങളും പംക്തികളും നോവലുകളും ചരിത്രകൃതികളും മുതല്‍ ഡിറ്റക്റ്റീവ് നോവലുകള്‍ വരെ എഴുതി. ഇരുപത്തൊന്നു സാമൂഹ്യ/ ചരിത്ര നോവലുകള്‍, ഇരുപത്തഞ്ചിലേറെ തിരക്കഥകള്‍, അര ഡസന്‍ പംക്തികള്‍, പതിനാറു കഥാസമാഹാരങ്ങള്‍, ഏഴുനാടകങ്ങള്‍, എട്ടു പഠനകൃതികള്‍, ഒരു ജീവചരിത്രനോവല്‍…എന്നിങ്ങനെ പോകുന്നു വൈക്കത്തി്‌ന്റെ രചനകള്‍.
നീണ്ട കാലം പത്രാധിപരായിരുന്നു കാമ്പിശ്ശേരി കരുണാകര. ഏഴു പത്രങ്ങളില്‍ വ്യത്യസ്ത ചുമതലകള്‍ നിര്‍വഹിച്ചു. 1958 മുതല്‍ 1977 വരെയാണു ജനയുഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. പുത്തന്‍ ആശയങ്ങളുടെ ഖനിയായുന്നു അദ്ദേഹത്തി്‌ന്റെ മനസ്സ്. അദ്ദേഹം തുടങ്ങി വെച്ച പംക്തികള്‍ പലതും പിന്നീട് മുഖ്യധാരാമാധ്യമങ്ങള്‍പോലും അനുകരിച്ചിട്ടുണ്ട്. അദ്ദേഹം പല പേരുകളില്‍ എഴുതിയ പംക്തികളും നിരവധി. നടനും പ്രാസംഗികനും തിരുകൊച്ചി നിയമസഭയില്‍ അംഗവുമായിരുന്ന കാമ്പിശ്ശേരിക്ക് രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളുണ്ടായിരുന്നെങ്കിലും അദ്ദേഹം മാധ്യമരംഗത്ത് ഉറച്ചുനില്‍ക്കുകയാണ് ചെയതത്.
1957 മുതല്‍ ജനയുഗത്തില്‍ പ്രവര്‍ത്തിച്ചുപോന്നു കെ.എസ്.ചന്ദ്രന്‍. പിന്നീട് കേരളശബ്ദത്തിലേക്കു മാറി. കുങ്കുമം വാരികയുടെയും വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ചന്ദ്രന്റെ പത്രാധിപത്യകാലത്താണ് ശ്രദ്ധേയരായ ഒട്ടനവധി നോവലിസ്റ്റുകള്‍ രംഗപ്രവേശം ചെയ്യുന്നത്. ശ്രദ്ധേയമായ ഒട്ടനവധി ആത്മകഥകള്‍ വെളിച്ചം കാണാനും ചന്ദ്രന്‍ കാരണമായി. കുങ്കുമത്തിലും കേരളശബ്ദത്തിലും അദ്ദേഹം സ്വന്തമായി പംക്തികള്‍ എഴുതിപ്പോന്നു, നഗരത്തിന്റെ മാറിലും മറവിലും, അരൂപിയുടെ അരുളപ്പാടുകള്‍, പത്രാധിപരുടെ ഡയറി എന്നിവ അദ്ദേഹം എഴുതിയ പംക്തികളാണ്. നാടകനിരൂപകനും നോവലിസ്റ്റുംപ്രസംഗകനുമായിരുന്നു.
ജോസഫ് മുണ്ടശ്ശേരി
കേരളത്തിന്റെ ആദ്യമന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി എന്ന സ്ഥാനം ജോസഫ് മുണ്ടശ്ശേരി (1903-1977)ക്കു ശാശ്വത പ്രസിദ്ധി നേടിക്കൊടുക്കാന്‍ പര്യാപ്തമാണെങ്കിലും മുണ്ടശ്ശേരി മറ്റു പലതുമായിരുന്നു. കോളേജ് അധ്യാപകനും സാഹിത്യനിരൂപകനും കോളമിസ്റ്റും പത്രാധിപരും പ്രഭാഷകനും ആയിരുന്നു മുണ്ടശ്ശേരി. 1953 ല്‍ തൃശ്ശൂരില്‍ നവജീവന്‍ ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലാണ്. അതിനുമുമ്പു പ്രേഷിതന്‍ എന്ന പ്രസിദ്ധീകരണത്തിലാണ് മുണ്ടശ്ശേരി എഴുത്തിനു തുടക്കമിടുന്നത്. കേരളം, കൈരളി, മംഗളോദയം, പ്രജാമിത്രം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം പങ്കാളിത്തം വഹിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിലും ധാരാളമായി എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങളും വാരാന്തക്കുറിപ്പുകളും ഉജ്വലങ്ങളായിരുന്നു.
തൃശ്ശൂര്‍ കണ്ടശ്ശാംകടവ് സ്വദേശിയായ മുണ്ടശ്ശേരി ഉജ്വലപ്രഭാഷകനും ശ്രഷ്ഠനായ അധ്യാപകനുമായിരുന്നു. കേരള സാഹിത്യ പരിഷത്ത്, കേന്ദ്ര-കേരള സാഹിത്യ അക്കാദമികള്‍, സ്റ്റേറ്റ് പ്ലാനിങ്ങ് ബോര്‍ഡ് എന്നിവകളില്‍ അംഗമായിരുന്നിട്ടുണ്ട്. 1972 ല്‍ കൊച്ചി സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായി. നിരവധി നിരൂപണ കൃതികളും മൂന്നുനോവലുകളും കഥാസമാഹാരങ്ങള്‍, യാത്രാവിവരണങ്ങള്‍, ആത്മകഥ എന്നിവയും മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ മാധ്യമങ്ങളില്‍നിന്നു മുഖ്യധാരാമാധ്യമങ്ങളിലേക്കു കടന്നുവന്ന് പ്രശസ്തരായവരില്‍ പ്രമുഖരാണ് കെ.ആര്‍.ചുമ്മാറും വി.കെ.ഭാര്‍ഗവന്‍നായരും ടി.കെ.ജി.നായരും. മൂന്നുപേരും മനോരമയിലാണ് ഒടുവില്‍ പ്രവര്‍ത്തിച്ചിരുന്നത്. കഴിവുള്ള റിപ്പോര്‍ട്ടറും എഡിറ്ററും രാഷ്ട്രീയനിരീക്ഷകനും കോളമിസ്റ്റുമായിരുന്നു കെ.ആര്‍.ചുമ്മാര്‍ (1929-1990). തൃശ്ശൂരുകാരനായിരുന്ന ചുമ്മാര്‍. ആദ്യകാലത്തു കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തീപ്പൊരി പ്രസംഗകനായിരുന്നു. സോഷ്യലിസ്റ്റ് വാരികകളിലും തൃശ്ശൂര്‍ ഗോമതി പത്രത്തിലും എക്‌സ്പ്രസ് പത്രത്തിലും പ്രവര്‍ത്തിച്ച ശേഷമാണ് മനോരമയിലെത്തുന്നത്. 32 വര്‍ഷം മനോരമയില്‍ ജോലി ചെയ്തിരുന്നു.അദ്ദേഹത്തിന്റെ ആഴ്ചക്കുറിപ്പുകള്‍ പംക്തിയെക്കുറിച്ച് പഴയ വായനക്കാര്‍ ഇന്നും ഓര്‍ത്തുപറയാറുണ്ട്.
വി.കെ.ബി. എന്ന പേരിലാണ് വി.കെ.ഭാര്‍ഗവന്‍ നായര്‍(1930-1995) എഴുതിയിരുന്നത്. മനോരമയില്‍ വരുന്നതിനുമുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗമായിരുന്നു. ആനുകാലികസംഭവങ്ങളെക്കുറിച്ചുള്ള അവലോകനങ്ങളും ശക്തമായ വിമര്‍ശനവും അദ്ദേഹത്തെ ശ്രദ്ധേയനാക്കിയിരുന്നു. മനോരമയുടെ ന്യൂസ് എഡിറ്ററായും ദ വീക് ഇംഗ്ലീഷ് വാരികയുടെ എഡിറ്ററും ആയിരുന്നു.
തൃശ്ശൂര്‍ സ്വദേശിയായ ടി.കെ.ജി.നായര്‍ എന്ന ടി.കെ.ഗോവിന്ദന്‍കുട്ടിനായര്‍(1928-1992) കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിദ്ധീകരണമായ നവജീവനില്‍ നിന്നാണ് മലയാള മനോരമയിലെത്തുന്നത്. അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങള്‍ ശ്രദ്ധേയമായിരുന്നു. തോംസണ്‍ ഫൗണ്ടേഷനില്‍ പത്രപ്രവര്‍ത്തന പരിശീലനം നേടിയ അദ്ദേഹം ഇപ്പാള്‍ കേരള മീഡിയ അക്കാഡമിയായ, കേരള പ്രസ് അക്കാഡമിയുടെ അദ്ധ്യക്ഷനായിരുന്നു രണ്ടുവട്ടം. കേരള പത്രപ്രവര്‍ത്തകയൂണിയന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന ടി.കെ.ജി. മൂന്നുതവണ സംഘടനയുടെ പ്രസിഡന്റായിരുന്നിട്ടുണ്ട്.
പെരുന്ന കെഎന്‍ നായര്‍
സ്വാതന്ത്ര്യസമരരംഗത്തും ട്രേഡ് യൂണിയന്‍ രംഗത്തും സാഹിത്യരംഗത്തും പ്രവര്‍ത്തനപാരമ്പര്യമുള്ള പെരുന്ന കെ.എന്‍.നായര്‍(1923-2008) പത്രപ്രവര്‍ത്തനരംഗത്തു ചെയ്ത സംഭാവനകളും സ്മരണീയമാണ്. കേരള കൗമുദി, എക്‌സ്പ്രസ്, പ്രഭാതം, ദീനബന്ധു, ഭാരതകേസരി, ജന്മഭൂമി എന്നിവിടങ്ങളില്‍ എഡിറ്റോറിയല്‍ വിഭാഗത്തിലും ഡക്കാന്‍ ഹെറാള്‍ഡ്, യു.എന്‍.ഐ. ലേഖകനായും പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തകസംഘടനയുടെ ദേശീയനേതാവും ആയിരുന്നു. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തില്‍നിന്നു പത്രപ്രവര്‍ത്തനത്തിലേക്കു വരുന്നവര്‍ ധാരാളമുണ്ടെങ്കിലും പത്രപ്രവര്‍ത്തനത്തില്‍നിന്നു രാഷ്ട്രീയപദവികളിലേക്കു കടന്നവരും കുറവല്ല.ദീപിക ലേഖകനായിരുന്ന കെ.സി.സബാസ്റ്റ്യന്‍((1929-1986) പത്രത്തില്‍നിന്നു പറന്നതു പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്കാണ്. അമ്പതുകളിലാണ് സബാസ്റ്റ്യന്‍ ദീപികയുടെ തിരുവനന്തപുരം ലേഖകനാകുന്നത്. മൂന്നു പതിറ്റാണ്ടിലേറെ തലസ്ഥാനത്തു ലേഖകനായിരുന്നു. അദ്ദേഹം. കേരള കോണ്‍ഗ്രസ്സിന്റെ ഒരു രാഷ്ട്രീയോപദേശകന്‍ കൂടിയായിരുന്നു. അങ്ങനെയാണ് 1979 ല്‍ രാജ്യസഭയില്‍ സീറ്റ് ഒഴിവു വന്നപ്പോള്‍ പരിഗണിക്കപ്പെട്ടത്. പാലായ്ക്കടുത്ത് കരൂര്‍ സ്വദേശിയാണ് സബാസ്റ്റ്യന്‍.
സി.പി.ശ്രീധരന്‍
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലായിരുന്നു സി.പി.ശ്രീധര(1932-1996) ന്റെ ജനനം. കോഴിക്കോട് നിന്നു പ്രസിദ്ധീകരിച്ചിരുന്ന നവകേരളത്തിന്റെ ലേഖകനായും പിന്നീട് മനോരമയുടെ സബ് എഡിറ്ററായും ഒടുവില്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്ററുമായിരുന്നു. പക്ഷേ, സി.പി.ശ്രീധരന്റെ പ്രധാനപ്രവര്‍ത്തനരംഗ സാഹിത്യമായിരുന്നു.സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ പബ്‌ളിക്കേഷന്‍സ് ഡയറക്ടറും പിന്നീട് വൈസ് പ്രസിഡന്റും പ്രസിഡന്റുമായി. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ശ്രീധരന്‍
അപൂര്‍വം വനിതകള്‍
ഇത്രയും പേരുകള്‍ ഓര്‍ത്തിട്ടും അതിലൊരു വനിത പോലും ഉണ്ടായില്ലല്ലോ എന്ന് അദ്ഭുതം തോന്നാം. ഇല്ല. എണ്‍പതുകള്‍ക്കു മുമ്പ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇല്ലെന്നുതന്നെ പറയാം. വളരെ അപൂര്‍വമായി ചില ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ പത്രാധിപത്യം വഹിച്ചവര്‍ ഇല്ലെന്നല്ല. പക്ഷേ, ചുരുങ്ങിയ ആയുസ് മാത്രമുണ്ടായ, ചുരുക്കം ആളുകള്‍ മാത്രം കണ്ടിരുന്ന പ്രസിദ്ധീകരണങ്ങളായിരുന്നു അവ.
ദിനപത്രങ്ങളില്‍ പത്രപ്രവര്‍ത്തകയായി ആദ്യം നിയമനം ലഭിച്ച വനിത മാതൃഭൂമിയില്‍ സബ് എഡിറ്ററായി 1952 ല്‍ ചേര്‍ന്ന തങ്കം മേനോന്‍ ആയിരുന്നു എന്നാണ് മാധ്യമചരിത്രകാരന്മാര്‍ കരുതുന്നത്്. കോഴിക്കോട് ബിലാത്തിക്കുളത്തെ കോലിയത്തു വീട്ടില്‍ നിന്നുള്ള തങ്കം പത്രത്തില്‍ അസി.എഡിറ്റര്‍സ്ഥാനംവരെയെത്തി. ആ നിലയിലേക്ക് ഉയര്‍ന്ന ആദ്യത്തെ വനിതയും അവര്‍തന്നെയാണ്. കെ.പി.കേശവമേനോന്റെ ഗ്രന്ഥരചനയില്‍ പ്രധാനസഹായി ആയിരുന്നു അവര്‍. മാതൃഭൂമിയില്‍ ജോലിയിലിരിക്കെ 1983 ല്‍ ആണ് അവര്‍ അന്തരിച്ചത്.
മാതൃഭൂമി എഡിറ്റോറിയില്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വി.പാറുക്കുട്ടിയമ്മ(1923-2012)യെയും ഓര്‍ക്കേണ്ടതായിട്ടുണ്ട്. 23 വര്‍ഷം അധ്യാപികയായിരുന്ന ശേഷമാണ് അവര്‍ മാധ്യമരംഗത്തേക്കു വരുന്നത്. ധാരാളം ലേഖനങ്ങളും എഡിറ്റോറിയലുകളും അവര്‍ മാതൃഭൂമിയില്‍ എഴുതിയിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തനവും നടത്തിപ്പോന്നു. കെ.പി.സി.സി. അംഗവുമായിരുന്നു.
കായികരംഗം
സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിങ്ങ് ഒരു പ്രധാന മേഖലയായി വളര്‍ന്നത് അറുപതുകള്‍ക്കു ശേഷമാണ്. മിക്ക പത്രങ്ങള്‍ക്കും സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ക്കു പ്രത്യേക പേജുകള്‍ ഉണ്ടായതും ആ കാലത്താണ്. മാതൃഭൂമി കോളമിസ്റ്റും ന്യൂസ് എഡിറ്ററുമായിരുന്ന വിംസി എന്ന വി.എം.ബാലചന്ദ്രന്‍ ചെയ്ത സംഭാവനകള്‍ ചെറുതല്ല. മുഷ്താഖ് എന്ന പേരില്‍ എഴുതിയിരുന്ന പി.എ.മുഹമ്മദ്‌കോയ, പ്രാഞ്ചി എന്ന പേരില്‍ എഴുതിയിരുന്ന ഫ്രാന്‍സിസ്, കണ്ണൂരുകാരായ കെ.കോയയും കെ.പി.ആര്‍.കൃഷ്ണനും, തിരുവനന്തപുരം കൗമുദിയില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ഡി.അരവിന്ദന്‍ എന്നിവരും ഓര്‍മിക്കപ്പെടേണ്ടവരാണ്. ഒളിമ്പിക്‌സും ഏഷ്യാഡുമടക്കമുള്ള ആഗോള മത്സരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ വിദേശരാജ്യങ്ങളിലേക്ക് അക്രഡിറ്റേഷന്‍ കിട്ടിത്തുടങ്ങിയ പുതിയ തലമുറയില്‍ ഇതിനു തുടക്കമിട്ടത് മാതൃഭൂമി ഡപ്യൂട്ടി എഡിറ്ററായിരുന്ന വി.രാജഗോപാല്‍(1950-2015) ആണ്. നീണ്ട കാലം അദ്ദേഹം ഒളിമ്പ്യന്‍ എന്ന പേരില്‍ സ്‌പോര്‍ട്‌സ് പംക്തി എഴുതിയിട്ടുണ്ട്.
ദേശീയ തലസ്ഥാനത്ത്
ന്യൂഡല്‍ഹിയില്‍നിന്ന് മലയാളികളായ മാധ്യമപ്രവര്‍ത്തകര്‍ ദിവസവും എഴുതിപ്പോന്ന വാര്‍ത്തകളാണ് നമുക്കു ദേശീയരാഷ്ട്രീയവും രാജ്യഭരണവും സംബന്ധിച്ച സൃഷ്ടിച്ചുപോന്നിരുന്നത്. മാതൃഭൂമിയുടെ ലേഖകനായിരുന്ന വി.കെ. മാധവന്‍കുട്ടി(1934-2005)യാണ് അതില്‍ പ്രമുഖന്‍. പത്രപ്രവര്‍ത്തനത്തിനപ്പുറം ഡല്‍ഹിയില്‍ കേരളത്തിന്റെ അംബാസഡറായാണ് മാധവന്‍കുട്ടി പ്രവര്‍ത്തിച്ചിരുന്നത് എന്നു പലരും പറയാറുണ്ട്. വ്യക്തികളുടെ കാര്യങ്ങള്‍ക്കുവേണ്ടി മാത്രമല്ല, ചിലപ്പോഴെല്ലാം സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്കുവേണ്ടിപ്പോലും അദ്ദേഹം അധികാരകേന്ദ്രങ്ങളില്‍ ഇടപെടാറുണ്ട്. ദീര്‍ഘകാലം ലേഖകനായിരുന്ന ശേഷം 1987-1990 കാലത്തു മാതൃഭൂമി പത്രാധിപരായി കോഴിക്കോട്ട് സേവനമനുഷ്ടിച്ചിരുന്നു.
എ.കെ.ജി.യുടെ സിക്രട്ടറിയായി ഡല്‍ഹിയിലെത്തിയ നരിക്കുട്ടി മോഹനന്‍ പിന്നീട് ദീര്‍ഘകാലം അവിടെ ദേശാഭിമാനിയുടെ ലേഖകനായിരുന്നു. പിന്നീട് കോഴിക്കോട് മെയിന്‍ ഡെസ്‌കിലാണ് പ്രവര്‍ത്തിച്ചത്. കേരള കൗമുദിയുടെ ഡല്‍ഹി പ്രതിനിധിയായിരുന്ന നരേന്ദ്രനും യഥാര്‍ത്ഥത്തില്‍ തലസ്ഥാനത്തെ കേരളത്തിന്റെതന്നെ പ്രതിനിധിയായിരുന്നു വി.എന്‍. നായര്‍ എന്ന പേരിലായിരുന്നു ആദ്യകാലത്ത്് അറിയപ്പെട്ടിരുന്നത്. മുംബൈ ഫ്രീ പ്രസ് ജേണലില്‍ നിന്നാണ് അദ്ദേഹം ഡല്‍ഹിയിലെ കേരള കൗമുദി ബ്യൂറോവിലെത്തിയത്. ഞെട്ടിക്കുന്ന ഏറെ സ്‌കൂപ്പുകളുടെ ഉടമയായിരുന്നു നരേന്ദ്രന്‍.
മലയാളത്തിന്റെ അഭിമാനങ്ങള്‍
മലയാളപത്രങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന സേവനം ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും നിര്‍വഹിച്ചവരെ വിസമരിച്ചുകൂടാ. ആദ്യം ഓര്‍ക്കേണ്ട പേര് പോത്തന്‍ ജോസഫി(1892-1972)ന്റേതാണ്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമായി 40 വര്‍ഷം പത്രപ്രവര്‍ത്തനം നടത്തിയ പോത്തന്‍ ജോസഫ് 26 പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്്. ഒരു ഡസനോളം പത്രങ്ങളുടെ സ്ഥാപകപത്രാധിപര്‍തന്നെയായിരുന്നു. ഓരോന്നില്‍നിന്നു മറ്റൊന്നിലേക്ക് അദ്ദേഹം മാറിയിരുന്നത് കൂടുതല്‍ ശമ്പളം ഓഫര്‍ ചെയ്തതുകൊണ്ടല്ല, പത്രധര്‍മപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചക്ക് സന്നദ്ധനല്ലാതിരുന്നതുകൊണ്ടാണ്. പോത്തന്‍ജോസഫിന്റെ അത്യപൂര്‍വത ഇതിലൊന്നുമല്ല. അദ്ദേഹം നാല്പതുവര്‍ഷക്കാലം ഓവര്‍ എ കപ്പ് ഓഫ് ടീ എന്ന കോളം ദിവസവും എഴുതുന്നുണ്ടായിരുന്നു. ചെങ്ങന്നൂരാണ് അദ്ദേഹത്തിന്റെ ജന്മദേശം.
ദല്‍ഹി പത്രപ്രവര്‍ത്തന-രാഷ്ട്രീയവൃത്തങ്ങളില്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച സി.പി.രാമചന്ദ്രന്‍(1923-1997) തന്റെ അന്ത്യനാളുകള്‍ ജന്മനാടായ പാലക്കാട്ടെ പറളിയിലാണ് ചെലവിട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പാര്‍ട്ടി പത്രമായ ക്രോസ്‌റോഡ്‌സ് ല്‍ ആണ് പത്രപ്രവര്‍ത്തനം തുടങ്ങുന്നത്. ശങ്കേഴ്‌സ് വീക്‌ലിയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ച ശേഷം ഹിന്ദുസ്ഥാന്‍ ടൈംസിലെത്തി. ലാസ്റ്റ് വീക് ഇന്‍ പാര്‍ലമെന്റ് എന്ന അദ്ദേഹത്തിന്റെ പംക്തി പ്രധാനമന്ത്രിപോലും സൂക്ഷ്മമായി വായിച്ചുപോന്നു. പോരാട്ടംനിറഞ്ഞ ഒരു ജീവിതമായിരുന്നു അത്.
തലശ്ശേരിക്കാരനായ എടത്തട്ട നാരായണന്‍(1907-1978) മഹാത്മാഗാന്ധിയുടെ യങ്ങ് ഇന്ത്യ പത്രത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പോത്തന്‍ ജോസഫിനൊപ്പം അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് പയനിയര്‍ പത്രത്തില്‍ ചേര്‍ന്നു. ക്വിറ്റ് ഇന്ത്യാസമരകാലത്ത് ജയിലിലായി. പ്രധാനമന്ത്രി നെഹ്‌റു ആദരവോടെ ശ്രദ്ധിച്ചിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു നാരായണന്‍. ന്യൂഏജ്, ലിങ്ക് പത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയനേതാക്കളുമായെല്ലാം ഉറ്റ സൗഹൃദം പുലര്‍ത്തിപ്പോന്നു.
എം.ശിവറാം, ബി.ജി.വര്‍ഗീസ്, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തുടങ്ങിയ നിരവധി പ്രതിഭകള്‍ കേരളത്തിനു പുറത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെങ്കിലും കേരളം അവരുടെയെല്ലാം പ്രവര്‍ത്തനങ്ങളുമായി പല രീതിയില്‍ ബന്ധപ്പെടുന്നുണ്ട്. കേരളത്തിലെ പഴയ തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകളുടെയെല്ലാം ഗുരുവായിരുന്നു ശങ്കര്‍(1902-1989). ശങ്കറിനെ വിളിച്ചുകൊണ്ടുവന്ന് കാര്‍ട്ടൂണിസ്റ്റ് ആക്കുന്നതു പോത്തന്‍ജോസഫ് ആണ്. 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുവരെ വളരെ ശ്രദ്ധയാകര്‍ഷിച്ച കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണമായിരുന്നു ശങ്കേഴ്‌സ് വീക്‌ലി. എന്നെയും വെറുതെ വിടേണ്ട എന്നു പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു ശങ്കറിനോട് പറഞ്ഞത് ഭരണാധിപന്മാര്‍ മറന്നാലും പത്രപ്രവര്‍ത്തകര്‍ക്കു മറക്കാനാവില്ല. കായംകുളത്തുകാരനാണ് ശങ്കര്‍.
എം.ശിവറാം(1907-1972) ആകട്ടെ, ബര്‍മയില്‍ പട്ടാളവിപ്ലവം നടക്കുന്നതും മന്ത്രിമാരെ കൊന്നൊടുക്കുന്നതും നേരില്‍ക്കണ്ട് റിപ്പോര്‍ട്ട് ചെയ്ത് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ ആലപ്പുഴ തോട്ടപ്പള്ളിക്കാരനാണ്. സുഭാഷ് ചന്ദ്രബോസിനൊപ്പം മലയയിലും തായ്‌ലണ്ടിലും രണ്ടാം ലോകയുദ്ധകാലത്ത് ഐ.എന്‍.എ.യില്‍ പ്രവര്‍ത്തിച്ചതിന്റെ ഖ്യാതിയുമായാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. അവസാനകാലത്ത് അദ്ദേഹം തിരുവനന്തപുരത്താണ് ചെലവഴിച്ചത്.
ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ് പത്രങ്ങളുടെ പത്രാധിപരായിരിക്കുകയും ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നു പിരിച്ചുവിട്ടപ്പോള്‍ അതൊരു ദേശീയവാര്‍ത്തയും കോടതിക്കേസ്സുമൊക്കെ ആയി. ബി.ജി. വര്‍ഗീസ്് (1927-2014) അങ്ങേയറ്റം മാന്യനും സത്യസന്ധനുമായ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. പത്രസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിനടന്ന പോരാട്ടങ്ങളിലും അദ്ദേഹം പങ്കുവഹിച്ചു. അടിയന്തരാവസ്ഥക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാവേലിക്കരയില്‍ അദ്ദേഹം പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായെങ്കിലും ജയിച്ചില്ല.
സായാഹ്നപത്രങ്ങള്‍
വടക്കന്‍ കേരളത്തില്‍ മാതൃഭൂമിക്കു പുറമെ സ്വാതന്ത്ര്യസമരകാലത്തുതന്നെ രൂപം കൊണ്ട പത്രങ്ങള്‍ വേറെയുമുണ്ടായിരുന്നു. 1934 ല്‍ ആരംഭിച്ചതാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ്. 1939 ല്‍ പത്രം തുടങ്ങി. 1942 ലാണ് കോഴിക്കോട് ദേശാഭിമാനി തുടങ്ങുന്നത്. പില്‍ക്കാലത്തു മുഖ്യമന്ത്രിപദവി വരെ ഉയര്‍ന്ന സി.എച്ച്.മുഹമ്മദ് കോയ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ആദ്യകാലത്തു ചന്ദ്രികയില്‍ പത്രപ്രവര്‍ത്തകരായിരുന്നു. കോളമിസ്റ്റ് വി.സി.അബൂബക്കറെപ്പോലെ എഴുത്തില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചവരും ധാരാളമുണ്ട്. വി.ടി.ഇന്ദുചൂഡനെയും മലപ്പുറംപി.മൂസ്സയെയും പോലുള്ള ഓര്‍ക്കപ്പെടുന്ന പത്രപ്രവര്‍ത്തകര്‍ ദേശാഭിമാനിയിലുണ്ടായിരുന്നു. 1964ല്‍ പത്രം സി.പി.എം ഉടമസ്ഥതയിലേക്കു മാറുമ്പോള്‍ ഇന്ദുചൂഡന്‍ ആയിരുന്നു പത്രാധിപര്‍. കേരളത്തിലെ പത്രപ്രവര്‍ത്തകസംഘടനയുടെ തലയെടുപ്പുള്ള നേതാവായിരുന്നു ദീര്‍ഘകാലം സംസ്ഥാനപ്രസിഡന്റായിരുന്ന മലപ്പുറം പി. മൂസ്സ.
പത്രപ്രവര്‍ത്തകയൂണിയന്‍ നേതൃത്വ ചുമതലകളും പത്രപ്രവര്‍ത്തനവും ഒരേ ഗൗരവത്തില്‍ കൊണ്ടുനടന്ന് രണ്ടു രംഗത്തും പ്രാഗത്ഭ്യം നേടിയ നിരവധി പേരെ ചൂണ്ടിക്കാട്ടാന്‍ പറ്റും. പത്രപ്രവര്‍ത്തകയൂണിയന്‍ ദേശീയനേതൃത്വത്തില്‍ പോലുമെത്തിയ എന്‍.എന്‍.സത്യവ്രതന്‍ മാതൃഭൂമി ന്യൂസ് കോര്‍ഡിനേറ്ററായും മാതൃഭൂമി വിട്ട ശേഷം കേരള കൗമുദിയിലും പിന്നേയും കുറെക്കാലം കേരള മീഡിയ അക്കാദമിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്റ്ററായുമിരുന്നിട്ടുണ്ട്. മാധ്യമവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രിയങ്കരമാണ് അദ്ദേഹത്തിന്റെ വാര്‍ത്തയുടെ ശില്പശാല എന്ന കൃതി. ടി. വേണുഗോപാല്‍ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്. അദ്ദേഹവും മൂന്നുവട്ടം യൂണിയന്‍ ജന.സിക്രട്ടറിയായിരുന്നിട്ടുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ ജീവചരിത്രം- സ്വദേശാഭിമാനി രാജദ്രോഹിയായ രാജ്യസ്‌നേഹി- വേണുഗോപാലിന് സാഹിത്യഅക്കാദമി ബഹുമതി നേടിക്കൊടുത്തതാണ്.
കോഴിക്കോട്ടും തൃശ്ശൂരും തലശ്ശരിയിലും കാസര്‍ഗോട്ടുമൊക്കെ ജനശ്രദ്ധ പിടിച്ചുപറ്റിയ സായാഹ്നപത്രങ്ങള്‍ ദീര്‍ഘകാലം നടത്തിയ നടത്തിയ പത്രപ്രവര്‍ത്തകര്‍ ഉണ്ടായിട്ടുണ്ട്. തെരുവത്ത് രാമന്‍ (പ്രദീപം) മൊയ്തു മൗലവി(അല്‍ അമീന്‍ )തുടങ്ങിയവരെ ത്തുടര്‍ന്നു നിയമിക്കപ്പെട്ട ആളാണ് 1963 മുതല്‍ ദീര്‍ഘകാലം മാതൃഭൂമി ലേഖകനായിരുന്ന കെ.എം.അഹ്മദ്(1948-2008), കാസര്‍ഗോഡും പിന്നീട് ചെന്നൈയിലും മനോരമ ലേഖകനായിരുന്ന എഴുത്തുകാരന്‍ കൂടിയായ ബാലകൃഷ്ണന്‍ മാങ്ങാട് എന്നിവരെ കാസര്‍ഗോഡുകാര്‍ ഒരിക്കലും മറക്കുകയില്ല.
വയനാട് ജില്ല രൂപവല്‍ക്കരിക്കപ്പെട്ട കാലത്ത് അവിടെ ലേഖകനായി എത്തുകയും നിരന്തരം ആദിവാസിപ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയും ചെയ്ത കെ.ജയചന്ദ്രന്‍(1951-1998) മലയാളമാധ്യമരംഗത്തെ ഒരു അപൂര്‍വ സാന്നിദ്ധ്യമായിരുന്നു. മാതൃഭൂമിയില്‍ നിന്ന് രാജിവെച്ച് അദ്ദേഹം ദീര്‍ഘകാലം ഏഷ്യാനെറ്റില്‍ പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ സമൂഹത്തിന്റെ അരികുകളില്‍ കഴിയുന്ന ചൂഷിതരുടെ പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു.
.
വജ്ര ജൂബിലി പിന്നിടുമ്പോള്‍ ദഃഖത്തോടെ ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്. അത് ഫോട്ടോഗ്രാഫര്‍ വിക്റ്റര്‍ ജോര്‍ജിന്റെ മരണമാണ്. ഫോട്ടോഗ്രാഫിയെ സ്‌നേഹിച്ച, മഴയെ സ്‌നേഹിച്ച, പ്രകൃതിയെ സ്‌നേഹിച്ച, പത്രപ്രവര്‍ത്തനത്തെ സ്‌നേഹിച്ച്് ഒരു പാട് ദേശീയ അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ വാങ്ങിയ വിക്റ്ററിനെ(1955-2001) യുവത്വം പിന്നിടും മുമ്പെ, മഴയോടുള്ള കമ്പം മരണത്തിലേക്കു തട്ടിയെടുത്തു. മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്റ്റര്‍ ഇടുക്കി വെള്ളയാനി മലയില്‍ ഉരുള്‍പൊട്ടല്‍ ചിത്രീകരിക്കവെ ആണ് 2001 ജുലൈ ഒമ്പതിന് മരണമടഞ്ഞത്.
(Published in Media magazine special issue 2016 December)