66എ.യില്‍ തീരുന്നില്ല വെല്ലുവിളികള്‍

എൻ.പി.രാജേന്ദ്രൻ

ലോകത്തെങ്ങും ജനാധിപത്യം ഏറ്റവും സ്വീകാര്യമായ ഭരണരീതിയായി അംഗീകരിക്കപ്പെടുന്ന ഈ കാലത്തുതന്നെയാണ് മനുഷ്യാവകാശങ്ങള്‍ ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെടുന്നതും. എങ്ങും ജനാധിപത്യം തഴച്ചുവളരുന്നു, പക്ഷേ, സ്വാതന്ത്ര്യം വളരുന്നില്ല എന്ന് ചിന്തകനായ ഫരീദ് സഖറിയ എഴുതിയതിനെ ശരിവെക്കുന്ന രീതിയിലാണ്,  ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ പ്രതിനിധികള്‍ നിര്‍മിക്കുന്ന നിയമങ്ങളുടെയും അവസ്ഥ. സുപ്രിം കോടതി റദ്ദാക്കിയ ഐ.ടി. ആക്റ്റ് 66 എ വകുപ്പ് ഇത്തരം ഒടുവിലത്തെ അനുഭവമാണ്, പക്ഷേ  ഇത് അവസാനത്തേതാവില്ല തീര്‍ച്ച.ഐ.ടി.നിയമത്തില്‍ എങ്ങനെ ഈ വകുപ്പ് കയറിപ്പറ്റി എന്ന് മീഡിയ മാസിക 2012 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയ മുഖപ്രസംഗത്തില്‍ വെളിപ്പെടുത്തിയതാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അവസാനവാക്കായി പോലീസ് പ്രച്ഛന്നവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നുപറയാം. പാര്‍ലമെന്റ് അംഗമായ മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്് കോഗ്നൈസബ്ള്‍ കുറ്റമായി 66A യുടെ ലംഘനം മാറ്റണമെന്ന് നിര്‍ദ്ദേശിച്ചതും മറ്റംഗങ്ങള്‍ അതിന്റെ ഗൗരവമൊന്നും മനസ്സിലാക്കാതെ അംഗീകരിച്ചതും. നിയമം ലോകസഭയില്‍ വന്നപ്പോഴും ചര്‍ച്ച നടന്നില്ല. എന്തോ ബഹളത്തിനിടയില്‍ സഭ അംഗീകരിച്ചതായി രേഖയായി. നമ്മുടെ നിയമനിര്‍മാണരീതിയും  ജനപ്രതിനിധിസഭയെ രാഷ്ട്രീയപാര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാം സംബന്ധിച്ച് ആത്മപരിശോധന ആവശ്യപ്പെടുന്ന സംഭവമാണ് യഥാര്‍ത്ഥത്തില്‍ 66എ.യുടെ സൃഷ്ടിയും ഒടുവില്‍ സുപ്രിം കോടതി അതിന് നല്‍കിയ വധശിക്ഷയും. നിര്‍ഭാഗ്യവശാല്‍ അതുസംഭന്ധിച്ചൊന്നും ഒരു ചര്‍ച്ചയും നടന്നില്ല. ഇതെല്ലാം എത്ര സാധാരണം എന്ന മട്ടായിരുന്നു എല്ലാവരുടെയും മുഖത്ത്.

നിയമത്തിലെ വിവാദമായ വകുപ്പ് കോടതി റദ്ദാക്കിയതിലേക്ക് വരാം നമുക്ക്. ആള്‍ട്ടര്‍നേറ്റീവ് ലോ ഫാറം ഗവേഷകന്‍ ലോറന്‍സ് ലിയാങ്ങ് വിവാദവകുപ്പ് റദ്ദാക്കിയത് സംബന്ധിച്ച് ദ ഹിന്ദുവില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്, അടുത്ത  കാലത്തൊന്നും ഇതുപോലെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മഹത്വവും പ്രാധാന്യവും ഇത്ര സമഗ്രമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വിധി ഇന്ത്യയിലെ ഒരു കോടതിയില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നാണ്. അത് അനിവാര്യമായി മാറിയ ഒരു ഘട്ടത്തിലാണ് ഉണ്ടായതും. ഇന്റര്‍നെറ്റ് മാധ്യമത്തിന്റെ വരവ് ലോകത്തെങ്ങും അഭിപ്രായപ്രകടനത്തിന്റെ രീതിയെയും സാധ്യതയെയും മുമ്പൊന്നും സങ്കല്‍പ്പിച്ചിട്ടില്ലാത്ത തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു, അല്ലെങ്കില്‍ താഴ്ത്തിയിരുന്നു. ഇത്, അതിന്റെ എല്ലാ ഗുണദോഷങ്ങളും ഉള്‍ക്കൊള്ളിച്ച് തന്നെ പറയട്ടെ, അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു. നമ്മുടെ ഭരണഘടനാനിര്‍മാതാക്കളുടെ ദീര്‍ഘദൃഷ്ടികൊണ്ട് സംഭവിച്ചതാണ് എന്ന് വിശ്വസിക്കാന്‍ ഞാന്‍ തയ്യാറാണ്, അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യം നിലയുറപ്പിച്ചിട്ടുള്ളത് അതിന് വേണ്ടി  പ്രത്യേകം എഴുതിച്ചേര്‍ത്ത ഒരു വകുപ്പിലല്ല, അഭിപ്രായസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ ഉറച്ച തറയിലാണ്. പത്രസ്വാതന്ത്ര്യത്തിന് തനതായ ഒരു ഉറപ്പ് വേണ്ടേ എന്ന് സംശയിച്ചവരുണ്ട്. അമേരിക്കയിലെ ഫസ്റ്റ് അമെന്‍ഡ്‌മെന്റ് പോലെ ഒരു വകുപ്പ് വേണമെന്ന്, മുമ്പ് എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിയമിച്ച് ഭരണഘടനാ അവലോകന കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്തായാലും, ഭരണഘടനാനിര്‍മാതാക്കള്‍ക്ക് നന്ദി, നമ്മുടേത് ഉറച്ച തറ തന്നെയാണ്. മാറിമാറി വരുന്ന ഭരണാധികാരികള്‍ക്ക് തട്ടിക്കളിക്കാവുന്ന ഒരു പന്ത് അല്ല അഭിപ്രായസ്വാതന്ത്ര്യം എന്ന് സുപ്രിം കോടതി വിധി ഒരിക്കല്‍ കൂടി തെളിയിച്ചു.

പൗരന് അപ്രമാദിത്തം കല്‍പ്പിച്ചാലാണ് ജനാധിപത്യം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാവുക എന്ന് ഒട്ടും ദുരുദ്ദേശ്യമില്ലാതെ വിശ്വസിച്ചവരുണ്ട്. ജനങ്ങള്‍ക്കാണ് പരമാധികാരം, ജുഡീഷ്യറിക്കല്ല എന്ന ശക്തമായ വാദം പലപ്പോഴും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ എന്ന് പറഞ്ഞാല്‍ ജനപ്രതിനിധികള്‍.  അപ്പോള്‍ പരമാധികാരം ജനപ്രതിനിധികള്‍ക്കാവും. ജനപ്രതിനിധികള്‍ എന്ന് പറഞ്ഞാല്‍ ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടി എന്നര്‍ത്ഥം. അവര്‍ക്ക് നിയമം പാസ്സാക്കാന്‍ ആരുടെയും സഹായം വേണ്ട, ഭൂരിപക്ഷമുണ്ടെങ്കില്‍. പല പാര്‍ട്ടികളും വ്യക്തികള്‍ പോക്കറ്റില്‍ ഇട്ടുനടക്കുന്ന സാധനമാണ്. അനിഷ്യേധ്യനായ നേതാവ് ആഗ്രഹിക്കുന്ന ഏത് നിയമവും ഉണ്ടാകും. ഫലത്തില്‍ ജനങ്ങള്‍ ആണ് പരമാധികാരി എന്ന് പറയുന്ന സംവിധാനത്തില്‍ സംഭവിക്കുന്നത് ഭരിക്കുന്ന വ്യക്തിയാണ് പരമാധികാരി എന്നാണ്. പക്ഷേ, 66എ വീണ്ടും തെളിയിച്ചിരിക്കുന്നു- ഭരണഘടന വിഭാവന ചെയ്ത അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തകര്‍ക്കപ്പെടില്ല എന്ന് ഉറപ്പാക്കാന്‍ ജനപ്രതിനിധികളേക്കാള്‍ നമുക്ക് ഇപ്പോഴും ആശ്രയിക്കാവുന്നത് ജുഡീഷ്യറിയെ ആണ് എന്ന്.

ഒരു ചര്‍ച്ചയും ആലോചനയും ഇല്ലാതെ പാസ്സാക്കിയ നിയമത്തിന്റെ വകുപ്പ് റദ്ദാക്കുമ്പോള്‍ ജസ്റ്റിസുമാര്‍ അതിന്റെ നാനാവശങ്ങളെ കുറിച്ച് ആഴത്തിലുള്ള പര്യോലോചനയാണ് നടത്തിയത്. അഭിപ്രായപ്രകടനം എന്നതിന് മൂന്ന് ഘടകങ്ങളായി കോടതി വിഭജിച്ച് വിലയിരുത്തി. ചര്‍ച്ച, പ്രചാരണം, പ്രേരണ അല്ലെങ്കില്‍ പ്രകോപനം( Discussion, Advocacy, Incitement)എന്തുഅഭിപ്രായത്തിന്റെയും പ്രകടനം ഒരു ചര്‍ച്ചയിലാവുമ്പോള്‍ അനുവദനീയമാണ്, അതാണ് ഭരണഘടന ഉദ്ദേശിച്ചിട്ടുള്ളത്. എത്ര അരുചികരമാണെങ്കിലും ഒരു കാര്യത്തിന് വേണ്ടി വാദിക്കുന്നതും( Advocacy ) അനുവദനീയമായ സ്വാതന്ത്ര്യം തന്നെയാണ്. അത് പ്രകോപനമോ അക്രമത്തിനുള്ള പ്രേരണയോ ആകുമ്പോഴാണ് യുക്തിപൂര്‍വമായ നിയന്ത്രണത്തിനുള്ള (Reasonable restraint) ഭരണഘടനയിലെ 19(2) വകുപ്പ് പുറത്തെടുക്കേണ്ടതുള്ളൂ. അവ്യക്തവും കാടടക്കിവെടിവെക്കുന്നതുമായ 66എ വകുപ്പിനെ എത്ര വ്യക്തതയോടെ, കൃത്യതയോടെയാണ് കോടതി  വിലയിരുത്തിയത് എന്ന് നോക്കൂ.

കക്ഷികള്‍ മാറിയാലും ഭരണം മാറില്ല എന്ന് പറയാറുണ്ട്. പലപ്പോഴും അതാണ് സംഭവിക്കാറുള്ളത്. യു.പി.എ കാലത്താണ് ഈ നിയമം വന്നത്. നിയമം നടപ്പായ ശേഷം അതിന്റെ അപകടം ബോധ്യപ്പെട്ട പൊതുപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും പൗരാവകാശപ്രവര്‍ത്തകരും നിയമഭേദഗതിക്ക് വേണ്ടി ശ്രമിക്കുകയുണ്ടായി. ഒരു പത്രാധിപര്‍ കൂടിയായിരുന്ന നമ്മുടെ യുവ പാര്‍ലമെന്റേറിയന്‍ പി.രാജീവ് ഐ.ടി.ആക്റ്റിന്റെ ഭേദഗതിക്ക് വേണ്ടിയുള്ള ശ്രമം രാജ്യസഭയില്‍ നടത്തിയതാണ്. വിജയിച്ചില്ല. അന്ന് രാജീവിന് ഏറ്റുമുട്ടേണ്ടി വന്നത് നിയമവകുപ്പ് കൈയ്യാളുന്ന നിയമവിദഗഗ്ദ്ധന്‍  കപില്‍ സിബലുമായാണ്. 66എയില്‍ ഒരു പിശകുമില്ലെന്ന് തര്‍ക്കിച്ച് സ്ഥാപിക്കാനാണ് കപില്‍ സിബല്‍ ശ്രമിച്ചത്. അന്നും ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷവും നിയമത്തെകുറിച്ച് കുറെ ആശങ്കകള്‍ പല വേദികളിലും ബി.ജെ.പി.നേതാക്കള്‍ പങ്കുവെച്ചിരുന്നുവെങ്കിലും കോടതിയില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായവര്‍ നിയമത്തെയും വിവാദവകുപ്പിനെയും അടിമുടി ന്യായീകരിക്കുകയാണ് ചെയ്തത്. ഭാഗ്യവശാല്‍ അത് വിലപ്പോയില്ല.

66എ ഉപവകുപ്പിലൂടെ തടയാന്‍ ശ്രമിച്ചതുപോലുള്ള പ്രവണതകള്‍ ഇന്റര്‍നെറ്റിലല്ല അച്ചടി മാധ്യമത്തിലാണ് ഉണ്ടാവുന്നത് എങ്കില്‍ എന്താണ് സര്‍ക്കാര്‍ ചെയ്യുക,  ഇത്രയും കാലം ചെയ്തുകൊണ്ടിരുന്നത് എന്ന ചോദ്യമുണ്ട്. അപകീര്‍ത്തിയുമായും ജനവിഭാഗങ്ങള്‍തമ്മില്‍ വൈരം ഉണ്ടാക്കുന്നതുമായും മറ്റും ബന്ധപ്പെട്ട വകുപ്പുകള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലുണ്ട്. നവമാധ്യമത്തിലും അതുപോരേ എന്ന സംശയം ന്യായമായും ഉയരുകയുണ്ടായി. ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. പത്രങ്ങള്‍ പോലെ ഉത്തരവാദിത്തത്തോടെ പ്രസിദ്ധീകരിക്കപ്പെടുന്നതല്ല ഇന്റര്‍നെറ്റിലെ പല വേദികളിലുമുള്ള അഭിപ്രായങ്ങളെന്നത് ശരിയാണ്. ആര്‍ക്കും എന്തും എഴുതാം, എന്ത് ഫോട്ടോയും വീഡിയോയും പരസ്യപ്പെടുത്താം. ഇത് സംഘര്‍ഷം, കലാപം, കൂട്ടക്കൊല എന്നിവയിലേക്കെല്ലാം നയിച്ചേക്കാം. ആരെങ്കിലും പരാതി നല്‍കിയാല്‍ എന്നെങ്കിലും വിചാരണ നടത്തി എന്നെങ്കിലും വിധി പറയുന്ന വകുപ്പുകള്‍ മതിയോ ഇന്റര്‍നെറ്റിലും ടി.വി.യിലും എന്ന ചോദ്യം പ്രസക്തമാണ്. 66 എ റദ്ദാക്കപ്പെട്ടതിന് ശേഷമുള്ള അവസ്ഥ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്. ഇതൊരു പോലീസ് പ്രശ്‌നമല്ല എന്ന തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.  നിര്‍ഭാഗ്യവശാല്‍ കേന്ദ്രസര്‍ക്കാറിന് ഈ വശം ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല. അവര്‍ ദേശീയ സുരക്ഷിതത്ത്വം എന്ന കണ്ണിലൂടെയേ എല്ലാം കാണുന്നുള്ളൂ. ദേശീയ സുരക്ഷിതത്ത്വം സുപ്രധാനംതന്നെ. സംശയം തോന്നിയാല്‍ ആരെയും ജയിലിലടക്കം എന്നതാവും ഒരുപക്ഷേ ഏറ്റവും എളുപ്പം. പക്ഷേ, സംസ്‌കാരമുള്ള ഒരു ഭരണകൂടവും അങ്ങനെ ചെയ്യാറില്ല. അനിഷ്ടകരമായ എല്ലാ അഭിപ്രായപ്രകടനങ്ങള്‍ക്കും ഉടന്‍ ജെയില്‍ എന്നത് ഇതേ പോലെ അങ്ങേയറ്റം സംസ്‌കാരവിരുദ്ധമാണ്. വകുപ്പ് റദ്ദാക്കപ്പെട്ടതിന് ശേഷം ഇതിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്ത് ശുപാര്‍ശകള്‍ നല്‍കാന്‍  ആഭ്യന്തരവകുപ്പ് നിയോഗിച്ച കമ്മിറ്റിയില്‍ ഇന്റലിജന്‍സ്  ബ്യൂറോവിന്റെയും ഡല്‍ഹി പോലീസിന്റെയും എന്‍.ഐ.എ.യുടെയും പ്രതിനിധികളേ ഉള്ളൂ. വിഷയത്തിന്റെ പൗരാവകാശ വശവും പൗരസുരക്ഷാവശവും എല്ലാം വിലയിരുത്തുന്ന ഉന്നതാധികാര സമിതി രൂപവല്‍ക്കരിക്കണമെന്ന് സര്‍ക്കാറിന്  ഇപ്പോഴും തോന്നിയിട്ടില്ല.

അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഓഫീസില്‍ ജോലിക്കാരിയായിരുന്ന മോണിക്ക ലെവിന്‍സ്‌കി ലോകംമുഴുവന്‍ ശ്രദ്ധിച്ച ലൈംഗിക  വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി തന്റെ അനുഭവങ്ങള്‍ ഒരു പ്രഭാഷണത്തില്‍ വിവരിക്കുകയുണ്ടായി. TED എന്ന പ്രശസ്തമായ വെബ് സൈറ്റില്‍ അത് ലഭ്യമാണ്. മോണിക്കയുടെ അനുഭവങ്ങളും പ്രതികരണങ്ങളും ഏറെ ശ്രദ്ധേയമാണങ്കിലും അതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. അത് നമ്മുടെ ചര്‍ച്ചയെ ബാധിക്കുന്നവയല്ല. പക്ഷേ,  മാധ്യമങ്ങളില്‍ വെച്ചേറ്റവും അപകടകാരിയാണ് സൈബര്‍ മാധ്യമങ്ങളെന്നും അവരാണ് തന്റെ ജീവിതം തകര്‍ത്തെറിഞ്ഞതെന്നും അവര്‍ കണ്ണീരോടെ വിവരിക്കുന്നുണ്ട്.

‘ ഡിജിറ്റല്‍ കാലഘട്ടത്തിലാണ് ഞാനുമായി ബന്ധപ്പെട്ട വിവാദം, അപവാദം പൊട്ടിപ്പുറപ്പെട്ടത്. അതിന് മുമ്പ് പത്രങ്ങളും റേഡിയോവും ടി.വി.യും അല്ലേ ഉണ്ടായിരുന്നുള്ളൂ. 1998 ല്‍ അതായിരുന്നില്ല സ്ഥിതി. ആര്‍ക്കും എന്ത് വാര്‍ത്തയും എപ്പോഴും എവിടെയിരുന്നും കിട്ടുന്ന അവസ്ഥ. ഒരു ബട്ടണ്‍ ക്ലിക്കില്‍ ലോകം പ്രതിധ്വനിക്കുന്ന അവസ്ഥ. ഒരു സ്വകാര്യവ്യക്തിയായിരുന്ന ഞാന്‍ ഒരു രാത്രികൊണ്ട് ലോകം മുഴുവന്‍ അപഹസിക്കുന്ന, കല്ലെറിയുന്ന ആളായി മാറി.എന്റെ  സ്വകാര്യത പൂജ്യമായി. ആളുകള്‍ ഒറ്റയടിക്ക് നിഗമനങ്ങളിലെത്തുകയായി, എന്നെ കുറ്റവാളിയായി മുദ്രയടിച്ചു. ഇ മെയിലിലുടെ ക്രൂരമായ തമാശകള്‍ പ്രചരിപ്പിക്കപ്പെട്ടു. എന്റെ ഫോട്ടോ ലോകം മുഴുവനെത്തി. എന്നെ അപരാധിനിയായും വേശ്യയായും ദുഷ്ടയായും മറ്റ് പലതുമായും മുദ്രയടിച്ചു.  അവരെല്ലാം ഒന്ന് മറന്നു…..ആര്‍ക്കും പറ്റാവുന്ന ചെറിയ  തെറ്റുകള്‍ മാത്രം പറ്റിപ്പോയ, ആത്മാവുള്ള, മാതാപിതാക്കളും കുടുംബവുമുള്ള  ഒരു  മനുഷ്യസ്ത്രീ ആണ് ഞാനെന്നത് മാത്രം……അതെന്നെ നിശ്ശേഷം തകര്‍ത്തുകളഞ്ഞു…..’

ഒരുപാടൊരുപാട് ആണിനും പെണ്ണിനും ലോകത്തെങ്ങും സംഭവിക്കുന്നതാണ് മോണിക്കക്കും സംഭവിച്ചത്. കണ്ണില്‍ച്ചോരയില്ലാത്ത, മനുഷ്യത്വമില്ലാത്ത മാധ്യമമാണ് നവമാധ്യമം. അതിനെ ആരും വല്ലാതെ മഹത്വവല്‍ക്കരിക്കേണ്ട. പക്ഷേ, അതിനെ ഇല്ലാതാക്കാനാവില്ല, അതിന്റെ മറവില്‍ മനുഷ്യാവകാശം ഇല്ലാതാക്കാനും അനുവദിച്ചുകൂടാ.

(Media Magazine April 2015)

Leave a Reply

Your email address will not be published. Required fields are marked *

Go Top