പരസ്യപ്പണം കിട്ടാന്‍ മാധ്യമങ്ങള്‍ ഇനി എന്തെല്ലാം വില്‍ക്കണം ?

എൻ.പി.രാജേന്ദ്രൻ

വരുമാനം കൂട്ടാന്‍ തത്ത്വങ്ങളും നിലപാടുകളും ആത്മാഭിമാനവും ബലികഴിക്കുകയാണ് മാധ്യമങ്ങള്‍. നിലനില്‍ക്കാന്‍ ഇനിയുമെന്തെല്ലാം വില്‍ക്കേണ്ടിവരും എന്ന് അവര്‍ക്കറിയില്ല.

ഈയിടെ അന്തരിച്ച പ്രശസ്ത എഡിറ്ററും ഗ്രന്ഥകാരനുമായ വിനോദ് മേത്തയുടെ ഒടുവിലത്തെ പുസ്തകത്തില്‍ – എഡിറ്റര്‍ അണ്‍പ്രഗ്ഗ്ഡ്- ഒരുപാട് കാര്യങ്ങള്‍ തുറന്നെഴുതിയിട്ടുണ്ട്. അതിലൊരു കാര്യം അദ്ദേഹം സ്ഥാപക എഡിറ്ററായിരുന്ന ‘ഔട്ട്‌ലുക്കു’മായി ബന്ധപ്പെട്ടതാണ്. നീണ്ട കാലം സ്ഥാപന ഉടമസ്ഥരുമായി നല്ല സൗഹൃദത്തില്‍ പ്രവര്‍ത്തിച്ചുപോന്നു വിനോദ് മേത്ത. മേത്ത തന്റെ ആദ്യപുസ്തകമായ ലഖ്‌നൗ ബോയി’യില്‍ രഹേജയെ വിശേഷിപ്പിക്കുന്നത്  ‘ ഉടമസ്ഥന്മാര്‍ക്കിടയിലെ രാജകുമാരന്‍ ‘ എന്നായിരുന്നു. ഈ രാജകുമാരനും ഒടുവിലായപ്പോള്‍ അദ്ദേഹത്തെ എഡിറ്റര്‍ ചുമതലകളില്‍ നിന്ന് മാറ്റി, എഡിറ്റോറിയല്‍ ചെയര്‍മാന്‍ എന്ന വിചിത്ര പദവിയിലേക്ക് തേട്ടണ്ടിവന്നു. ഉടമസ്ഥര്‍ വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ വിനോദ് മേത്ത സ്ഥാപനത്തിന് പുറത്താകുമായിരുന്നു ! കാരണം, അത്ര വലിയ ‘ക്രൂരത’യാണ് അദ്ദേഹം ആ സ്ഥാപനത്തോട് ചെയ്തത്.കോടാനുകോടിയുടെ പരസ്യനഷ്ടം. ഏത് മാനേജ്‌മെന്റ് സഹിക്കുമത് ?

ഇന്ത്യന്‍ രാഷ്ട്രീയത്തെയും മാധ്യമലോകത്തെയും കോര്‍പ്പറേറ്റ് ലോകത്തെയുമെല്ലാം പിടിച്ചുകുലുക്കിയ സ്‌ഫോടനാത്മകമായ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ധൈര്യപ്പെട്ടതിനാണ് വിനോദ് മേത്ത എന്ന വലിയ എഡിറ്റര്‍ക്ക് ഇങ്ങനെ സംഭവിച്ചതെന്ന് ഇന്ന് നമുക്കറിയാം. നീര റാഡിയ ടേപ്പുകള്‍ എന്ന വാര്‍ത്താപരമ്പരയിലൂടെ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും മാത്രമല്ല ദൃശ്യമാധ്യരരംഗത്തെ പല ഗ്ലാമര്‍ താരങ്ങളുടെയും തനിരൂപം പുറത്തുവന്നു. നീര റാഡിയ എന്ന കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് എങ്ങനെയാണ് ദേശീയ നയങ്ങളെപ്പോലും സ്വാധീനിച്ചുപോന്നതെന്നും ചാനലുകളില്‍ ധാര്‍മികതയുടെ തീപ്പൊരി ചിതറിക്കാറുള്ള വ്യക്തികള്‍ എങ്ങനെയെല്ലാമാണ് അവര്‍ക്ക്, സഹായികളായതെന്നും വെളിവാക്കുന്ന ടേപ്പുകള്‍ വിനോദ് മേത്ത എന്ന എഡിറ്റര്‍  പ്രസിദ്ധപ്പെടുത്തുന്നത് അത് വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നറിഞ്ഞുകൊണ്ടുതന്നെയാവണം.

പക്ഷേ, തുറന്നുകാട്ടപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യയിലെ വലിയ കോര്‍പ്പറേറ്റുകളില്‍ ഒന്നായ ടാറ്റ ആയിരുന്നു. ബര്‍ക്ക ദത്തിന്റെയും മറ്റും പേരുകളാണ് മാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ സ്റ്റിങ്ങ് ഓപറേഷനില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടായിരുന്നത് രതന്‍ ടാറ്റ ആയിരുന്നു. നീര റാഡിയ  ടേപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ കോടതിയില്‍ പോയത് ടാറ്റയാണ്. അത്രക്കുണ്ടായിരുന്നു അവര്‍ക്ക് അതില്‍ താല്പര്യം. നീര റാഡിയ ആണ് രതന്‍ ടാറ്റ ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍സ് ചുമതലകള്‍ വഹിച്ചിരുന്നത്. അനുമോദിക്കപ്പെടേണ്ടതല്ല, ശിക്ഷിക്കപ്പെടേണ്ടതാണ് വിനോദ് മേത്തയുടെ ധീര പത്രപ്രവര്‍ത്തനം എന്ന് ടാറ്റയ്ക്ക ഉറപ്പുണ്ടായിരുന്നു. അവര്‍ തിരുത്തുകൊടുപ്പിക്കാനോ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുവാനോ ഒന്നും മുതിര്‍ന്നില്ല. ഔട്ട്‌ലുക്ക് മാധ്യമവുമായുള്ള എല്ലാ ബന്ധവും അവര്‍ ഉപേക്ഷിച്ചു. പത്രസ്വാതന്ത്ര്യം തകര്‍ത്തു എന്നൊന്നും അവരെകുറിച്ച് പറയാന്‍ പറ്റില്ലല്ലോ. എന്ത് വാര്‍ത്ത കൊടുക്കണം എന്ന് തീരുമാനിക്കാന്‍ പത്രാധിപര്‍ക്ക് സ്വാതന്ത്ര്യം ഉള്ളതുപോലെ ആര്‍ക്ക് പരസ്യം കൊടുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം കോര്‍പ്പറേറ്റ് ഉടമകള്‍ക്കും ഉണ്ടല്ലോ. ഔട്ട്‌ലുക്കിന്റെ പരസ്യനഷ്ടം വര്‍ഷംതോറും അഞ്ചുകോടിയിലേറെ ആണ്. അത് തുടരുകയാണ്.

മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ അടുത്ത കാലത്ത് എഴുതിയ ഒരു പുസ്തകത്തിലൂടെ കൂടി ഒന്ന് കണ്ണോടിക്കാം. രജ്ദീപ്  സര്‍ദേശായിയുടെ  ‘2014 ദ ഇലക്ഷന്‍ ദാറ്റ് ചെയ്ഞ്ച്ഡ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ അദ്ദേഹം സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലിന്റെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്ന സാഹചര്യത്തിന്റെ പശ്ചാത്തലം വിവരിച്ചിട്ടുണ്ട്. ഇതില്‍ പരസ്യവരുമാനമല്ല പ്രശ്‌നം. ഇന്ത്യാ സര്‍ക്കാര്‍ ഗ്യാസ് വില വര്‍ദ്ധിപ്പിച്ചതുവഴി റിലയന്‍സ് കമ്പനിക്ക് 54000 കോടി രൂപ ലാഭമുണ്ടായെന്നും ഇത് ജനങ്ങള്‍ക്കുണ്ടായ നഷ്ടമാണെന്നുമുള്ള കെജ്‌റിവാളിന്റെ നിലപാട് അദ്ദേഹത്തെ റിലയന്‍സ് കമ്പനിയുടെ ഒന്നാം നമ്പര്‍ ശത്രുവാക്കിയിരുന്നു. കെജ്‌റിവാളുമായി അഭിമുഖം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് രജ്ദീപിനെ പിന്തിരിപ്പിക്കാന്‍ റിലയന്‍സ് ആകാവുന്നതെല്ലാം ചെയ്തതാണ്. സി.എന്‍.എന്‍.-ഐ.ബി.എന്‍ ഉടമസ്ഥതയില്‍ അപ്പോള്‍ തന്നെ റിലയന്‍സിന് ഓഹരി ഉണ്ടായിരുന്നു. വാര്‍ത്ത നിയന്ത്രിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ രജ്ദീപ് അവരുടെ ഹിറ്റ്‌ലിസ്റ്റിലായി. അധികം കഴിയുന്നതിന് മുമ്പ് രജ്ദീപിന്റെ ചാനല്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ മാതൃസ്ഥാപനമായ നെറ്റ്‌വര്‍ക്ക് 18 ന്റെ ഭൂരിപക്ഷം ഓഹരികള്‍ റിലയന്‍സ് വിലയ്ക്ക് വാങ്ങി. 4000 കോടി രൂപയാണ് റിലയന്‍സ് ഇതിന് മുടക്കിയത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഇത് സംഭവിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനം റിലയന്‍സിന്റെ നിയന്ത്രണത്തിലായി. ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനിയേക്കാള്‍, റുപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പിനേക്കാള്‍ വലിയ  മാധ്യമ സ്ഥാപനം. രജ്ദീപും ഭാര്യയും വൈകാതെ ചാനല്‍ വിട്ടുപോയി.

ലോകത്തെമ്പാടും വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പ്രതിഭാശാലികളായ എഡിറ്റര്‍മാരും ഇന്ന് ഏതാണ്ട് ഒരേ പക്ഷത്താണ്, ഒരേ ആശയങ്ങളുടെയും താത്പര്യങ്ങളുടെയും സംരക്ഷകരാണ്. ആഗോളീകരണ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകര്‍ കൂടിയായ പ്രമുഖ ബുദ്ധിജീവികളും എഡിറ്റര്‍മാരും കോളമിസ്റ്റുകളും തങ്ങളുടെ സേവനത്തിന് വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍, ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫെയര്‍നസ് ആന്റ് ആക്കുറസി ഇന്‍ റിപ്പോര്‍ട്ടിങ്ങ് ഇന്‍കോര്‍പ്പറേറ്റഡ് ‘ (ഫെയര്‍)  എന്ന  മാധ്യമനിരീക്ഷണ സ്ഥാപനം ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. പ്രശസ്ത സാമ്പത്തിക കാര്യ വിദഗ്ദ്ധനും ഗ്രന്ഥകാരനുമായ തോമസ് ഫ്രീഡ്മാന്‍, എന്‍.ബി.സി.യുടെ മീറ്റ് ദ പ്രസ് പ്രോഗ്രാം അവതരിപ്പിക്കുന്ന ഡേവിഡ് ഗ്രഗോറി, ടൈമിന്റെയും വാഷിങ്ടണ്‍ പോസ്റ്റിന്റെയും കോളമിസ്റ്റ് കൂടിയായ പ്രശസ്ത ചിന്തകന്‍ ഫരീദ് സഖറിയ തുടങ്ങിയ നിരവധി പേരുടെ വരുമാനക്കണക്കുകള്‍ അവര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 99 ശതമാനം ജനം നേടുന്നതിലേറെ വരുമാനം കൈയടക്കുന്ന ഒരു ശതമാനത്തില്‍ ഈ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു എന്നതുകൊണ്ടുതന്നെയാണ് അമേരിക്കയിലെ 99 ശതമാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നടന്ന സ്ട്രീറ്റ് പ്രക്ഷോഭത്തെ ഈ എഡിറ്റര്‍മാരും ടെലിവിഷന്‍ ബുദ്ധിജീവികളും പുച്ഛിച്ചുതള്ളിയത്. പത്തുകോടി രൂപ വാര്‍ഷികശമ്പളം പറ്റുന്ന എഡിറ്റര്‍മാര്‍ ഇന്ത്യയിലുണ്ട് എന്ന വെളിപ്പെടുത്തലും ഈയിടെയുണ്ടായി. ഇതിന്റെയൊന്നും അര്‍ത്ഥമന്വേഷിച്ച് നാമെങ്ങും പോകേണ്ടതില്ല.

അഴിമതിക്കാരായ കോര്‍പ്പറേറ്റുകളെയും രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും തുറന്നുകാട്ടാന്‍ മാധ്യമപ്രവര്‍ത്തകരാണ് സാധാരണ സ്റ്റിങ്ങ് ഓപ്പറേഷനുകള്‍ സംഘടിപ്പിക്കാറുള്ളത്. ആദ്യമായി മാധ്യമപ്രവര്‍ത്തകരെ തുറന്നുകാട്ടാന്‍ കോര്‍പ്പറേറ്റുകള്‍ സ്റ്റിങ്ങ് നടത്തുന്നതും നാം കണ്ടു. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡിന്റെ ഉടമ നവീന്‍ ജിന്‍ഡാള്‍ ആണ് സ്റ്റിങ്ങ് നടത്തിയത്. സ്വന്തം ചാനലിന് പരസ്യം കിട്ടാന്‍വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ കോര്‍പ്പറേറ്റ് തലവനെ ബ്ലാക്ക് മെയ്ല്‍ ചെയ്യുന്നതാണ് രഹസ്യക്യാമറയില്‍ ചിത്രീകരിച്ചത്. പരസ്യം കിട്ടാന്‍വേണ്ടി എന്തും ചെയ്യും എന്നതാണ് ഇപ്പോഴത്തെ ചാനല്‍ അവസ്ഥ. ബ്ലാക്ക് മെയിലിങ്ങിനേക്കാള്‍ എത്ര മാന്യമാണ് കോര്‍പ്പറേറ്റുകള്‍ പറയുന്നത് അതേപടി റിപ്പോര്‍ട്ട്  ചെയ്ത് പ്രതിഫലം വാങ്ങുന്നത് !

മാധ്യമങ്ങളും വന്‍വ്യവസായങ്ങള്‍തന്നെയാണ് എന്ന യാഥാര്‍ത്ഥ്യം നമുക്ക് മുന്നില്‍ തെളിഞ്ഞുവരികയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതിയും നിയമലംഘനവും പുറത്തുകൊണ്ടുവരാന്‍ ശൗര്യം കാട്ടുന്ന മാധ്യമങ്ങളൊന്നും സ്വകാര്യമേഖലയിലെ അഴിമതിക്കെതിരെ ചെറുവിരല്‍ അനക്കുകയില്ല. മാധ്യമങ്ങളും അതുപോലൊരു സ്വകാര്യവ്യവസായം മാത്രമാണല്ലോ. മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനത്തിലെ ധനകാര്യവിഭാഗവും രണ്ട് ‘ ഇരുമ്പറ’കളില്‍ പരസ്പരം ബന്ധപ്പെടാതെ പ്രവര്‍ത്തിക്കണമെന്നതാണ് പഴയ പത്രപ്രവര്‍ത്തക തത്ത്വം. ഈ തത്ത്വം കാലഹരണപ്പെട്ടു എന്ന സൂചന പല ഭാഗങ്ങളില്‍നിന്നും വരുന്നു. പത്രാധിപരുടെയും പത്രപ്രവര്‍ത്തകരുടെയും പ്രൊഫഷനല്‍ ചുമതലകളില്‍ ഉടമസ്ഥര്‍ ഇടപെടാന്‍ പാടില്ലെന്നത് സ്വതന്ത്ര പത്രപ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ അംഗീകരിക്കപ്പെട്ട സുപ്രധാന തത്ത്വമാണ്. ഉടമസ്ഥര്‍ പത്രാധിപത്യം വഹിച്ചാലും പരസ്യംകിട്ടാനോ മറ്റേതെങ്കിലും തരത്തില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാനോ വാര്‍ത്തയില്‍ മാറ്റം വരുത്തുക അചിന്ത്യമായിരുന്നു ജനാധിപത്യ ലോകത്ത്. ബ്രിട്ടീഷ് പത്രങ്ങളും എഡിറ്റര്‍മാരുമാണ് ഇതേറെ വാശിയോടെ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. പത്രത്തിന്റെ വിശ്വസ്യത ഉയര്‍ത്തിപ്പിടിക്കുന്നതിന് ഈ ‘ചാരിത്ര്യശുദ്ധി ‘ നിര്‍ബന്ധവുമായിരുന്നു. അടുത്തായി ബ്രിട്ടനില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ ഈ ധാരണകളെ തകര്‍ക്കുന്നു. ഡെയ്‌ലി ടെലഗ്രാഫ് പത്രത്തിലെ പ്രമുഖനായ ജേണലിസ്റ്റ് പീറ്റര്‍ ഓബോണ്‍ രാജിവച്ചതിനെ കുറിച്ച് മാധ്യമം ദിനപത്രത്തില്‍ ( ‘ടെലഗ്രാഫില്‍ സംഭവിച്ചത്…മാര്‍ച്ച് 10) വിവരിച്ചതാണ്. ഇന്ത്യ ചില കാര്യങ്ങളില്‍ ബ്രിട്ടനേക്കാള്‍ മുന്നോട്ട് പോയിട്ടുണ്ട്. സ്വതന്ത്ര പത്രപ്രവര്‍ത്തനം പരിപോഷിപ്പിക്കുന്നതിനുള്ള നിയമനിര്‍മാണങ്ങള്‍ ചിലതെല്ലാം ഇന്ത്യയില്‍ നടന്നിട്ടുണ്ട്. 1955 ലെ വര്‍ക്കിങ്ങ് ജേണലിസ്റ്റ്‌സ് ആന്റ് അതര്‍ ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ആക്റ്റും 1867 ലെ ദ് പ്രസ് ആന്റ് റജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് ആക്റ്റില്‍ വരുത്തിയ മാറ്റങ്ങളും പഴയകാല മാധ്യമപ്രവര്‍ത്തത്തിന്റെ ചില മൂല്യങ്ങള്‍ നില നിര്‍ത്താന്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. ഡെയ്‌ലി ടെലഗ്രാഫില്‍ ചെയ്തതുപോലെ എഡിറ്റര്‍ എന്ന പോസ്റ്റ് ഇല്ലാതാക്കി ഹെഡ് ഓഫ് കണ്ടന്റ് തസ്തികയില്‍ ആളെ നിയമിക്കാന്‍ ഇന്ത്യയില്‍ പറ്റില്ല. തത്ത്വത്തില്‍ മാത്രമല്ല, നിയമപരമായും ഉള്ളടക്കം തീരുമാനിക്കുന്നതിനുള്ള അധികാരം എഡിറ്റര്‍ക്കാണ്. പക്ഷേ, ചില പത്രങ്ങളെങ്കിലും ചെയ്ത് തെളിയിച്ചിട്ടുള്ളതുപോലെ പരസ്യം മാനേജറെ എഡിറ്റര്‍ തസ്തികയില്‍ നിയമിക്കാം. പത്രപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ അറിയാത്ത ആള്‍ക്കും എഡിറ്ററായി അഭിനയിക്കാം. സ്ഥാപനം വളരുന്നതിന്റെ അനുപാതത്തിലാണ് മാധ്യമധാര്‍മികതയില്‍ വെള്ളം ചേര്‍ക്കപ്പെടുക എന്ന് കരുതുന്നവരുണ്ട്. നേരെ മറിച്ചാണ് സംഭവിക്കുന്നത് എന്ന് കരുതുന്നവരുമുണ്ട് – മാധ്യമധാര്‍മികതയില്‍ വെള്ളം ചേര്‍ക്കുന്നതിന്റെ അനുപാതത്തിലാണ് ലാഭം വര്‍ദ്ധിക്കുന്നതും മൂലധനം കുന്നുകൂടുന്നതും !

രണ്ടുവര്‍ഷം മുമ്പ് മാത്രമാണ് ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള  ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ തലവന്‍ സമീര്‍ ജയിന്‍ മാധ്യമസ്ഥാപനം നടത്തുന്നത് സംബന്ധിച്ച തന്റെ ഫിലോസഫി പരസ്യപ്പെടുത്തിയത്. ന്യൂയോര്‍ക്കര്‍ മാഗസീന്റെ ലേഖകനും മാധ്യമ ചിന്തകനുമായ കെന്‍ ഓലറ്റയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞു- ഞങ്ങള്‍ വാര്‍ത്താവ്യവസായത്തിലല്ല, പരസ്യവ്യവസായത്തിലാണ് എന്ന്. ശ്രദ്ധേയമായ  ഒരു പ്രഖ്യാപനമായിരുന്നു അത്. സ്ഥാപനത്തിന്റെ മുഖ്യവരുമാനം പരസ്യത്തിലൂടെ ആവുമ്പോള്‍ എന്തിന് വാര്‍ത്തയ്ക്കു വേണ്ടി വെറുതെ തല പുകയ്ക്കണം ? രാജ്യം നന്നാക്കലും ഫോര്‍ത്ത് എസ്റ്റേറ്റുമൊന്നും തങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല. ഇന്നലെ നടന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുക, രസകരമായ വായനക്ക് അവസരം ഒരുക്കുക പോലുള്ള കാര്യങ്ങളേ പത്രത്തിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

വരുമാനം കൂട്ടാന്‍ തത്ത്വങ്ങളും നിലപാടുകളും ആത്മാഭിമാനവും ബലികഴിക്കുകയാണ് മാധ്യമങ്ങള്‍. നിലനില്‍ക്കാന്‍ ഇനിയുമെന്തെല്ലാം വില്‍ക്കേണ്ടിവരും എന്ന് അവര്‍ക്കറിയില്ല. വാര്‍ത്താമാധ്യമ വ്യവസായത്തിന്റെ വരുമാനത്തില്‍ മൂന്നില്‍ രണ്ട് പരസ്യത്തില്‍നിന്നാണ് ആഗോളാടിസ്ഥാനത്തില്‍. അതാവട്ടെ, മിക്കവാറും പരമ്പരാഗത മാധ്യമങ്ങള്‍ക്കാണ് കിട്ടിപ്പോന്നിരുന്നത്. ദൃശ്യമാധ്യമങ്ങളുടെ വരുമാനം ക്രമാനുഗതമായി ഉയര്‍ന്നുവരുമ്പോള്‍ അച്ചടി മാധ്യമത്തിന്റെത് 2003 ന് ശേഷം പകുതിയായി കുറഞ്ഞു. പരസ്യത്തിന് വേണ്ടിയുള്ള മത്സരം അനുദിനം കഴുത്തറപ്പനായി മാറുന്നു. ഈ അവസ്ഥയില്‍ നിന്ന് പെയ്ഡ്‌ന്യൂസ് പോലുള്ള പ്രവണതകളിലേക്ക് അധികം അകലമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സര്‍ക്കുലേഷനും പരസ്യവരുമാനവും വര്‍ദ്ധിപ്പിക്കുന്നതില്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, ജേണലിസ്റ്റുകള്‍ക്കും പത്രാധിപര്‍ക്കും ഉത്തരവാദിത്തമുണ്ട് എന്ന തത്ത്വം പത്രങ്ങളില്‍ പ്രായോഗികമാക്കിക്കൊണ്ടിരിക്കുകയാണ്. സമീര്‍ ജെയിന്‍ പറഞ്ഞതുപോലെ, വെറുതെ ആവശ്യമില്ലാത്ത തത്ത്വങ്ങള്‍ എന്തിന് തലയിലെടുത്തുവെക്കണം ?  എല്ലാവരുടെയും അഴിമതിയും നിയമലംഘനവുമെല്ലാം നമ്മളെന്തിന് റിപ്പോര്‍ട്ട് ചെയ്യണം, ഇതെല്ലം ആര് വായിക്കാനാണ് ? എന്ന് തുടങ്ങുന്ന ബ്രെയ്ന്‍ വാഷിങ്ങ്, അതുമിതും എഴുതി പരസ്യവരുമാനം ഇല്ലാതാക്കേണ്ട എന്ന സ്വയംതീരുമാനത്തില്‍ പത്രാധിപന്മാരെയും പത്രപ്രവര്‍ത്തകരെയും എത്തിക്കുമെന്ന് തീര്‍ച്ച. പരസ്യവരുമാനം കിട്ടിയിട്ട് വേണ്ടേ നിങ്ങള്‍ക്കും വേജ് ബോര്‍ഡ് നിരക്കില്‍ ശമ്പളം തരാന്‍ എന്ന ചോദ്യവും പ്രസക്തം തന്നെയാണ്. ഇത് സൃഷ്ടിക്കുന്നത് ഒരു തരം സെല്‍ഫ് സെന്‍സറിങ്ങ് ആണ്. പരസ്യം കിട്ടാതെപോവാന്‍ വിദൂര സാധ്യതയെങ്കിലുമുള്ള വാര്‍ത്തകള്‍ ആരും പറയാതെതന്നെ ഉപേക്ഷിക്കുന്നുണ്ട് ഇന്ന് മാധ്യമപ്രവര്‍ത്തകര്‍.

പ്രബുദ്ധരായ വായനക്കാരുണ്ടെന്ന് പറയുന്ന കേരളത്തില്‍ പോലും സമീപകാലത്ത് വന്‍കിടക്കാരുടെ പല സ്ഥാപനങ്ങളിലും നടന്നുവന്ന സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കല്യാണ്‍ വസ്ത്രവ്യാപാരസ്ഥാപനത്തില്‍ ജോലിക്കിടയില്‍ ഇരിക്കാനുള്ള അവകാശത്തിന് വേണ്ടി വനിതാജീവനക്കാര്‍ നടത്തിയ സമരം ഏതാനും ബ്ലോഗുകളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമേ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ളൂ. ചേളാരിയില്‍ വന്‍കിട സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനം സ്ഥാപിക്കുന്നതിനെതിരെ നടന്ന സമരത്തിന്റെ സ്ഥിതിയും അതുതന്നെ. ചില വന്‍കിട ആസ്പത്രികളില്‍ നടന്ന നെഴ്‌സ് സമരങ്ങളുടെ വാര്‍ത്തകളും കത്രികയാല്‍ ‘കൊല്ല’പ്പെട്ടു. റിപ്പോര്‍ട്ടര്‍മാര്‍ക്ക് മാസം തോറും പരസ്യം പിടിക്കാന്‍ ക്വാട്ട നിശ്ചയിക്കുന്ന പത്രങ്ങളില്‍നിന്ന് ഇത് പ്രതീക്ഷിക്കാവുന്നതേ ഉള്ളൂ. പക്ഷേ, ഇവരില്‍നിന്ന് മാത്രമല്ല ഈ സമീപനം ഉണ്ടാകുന്നത്.

അച്ചടിയായായും ദൃശ്യമായാലും മാധ്യമങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മാധ്യമസെമിനാറുകളില്‍ മാത്രമല്ല, അഞ്ചുപേര്‍ കൂടുമ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലും ഇത് പ്രകടിപ്പിക്കപ്പെടുന്നു. തീര്‍ച്ചയായും, ഇതിലേറെയും മാധ്യമരീതികളെ കുറിച്ചുള്ള ധാരണയില്ലായ്മയില്‍ നിന്നും ചില തത്പരകക്ഷികള്‍  നടത്തുന്ന പ്രചാരണത്തിന്റെ ഫലയായും ഉയര്‍ന്നുവരുന്നവയാണ്. പക്ഷേ, ലോകത്തെമ്പാടും മാധ്യമവിശ്വാസ്യതയില്‍ ഉണ്ടായിട്ടുള്ള തകര്‍ച്ചയുടെ അതേ തോതില്‍തന്നെയാണ് ഇവിടെയും അതുണ്ടാകുന്നത്. ഇപ്പോള്‍തന്നെ പുതിയ തലമുറ ദിനപത്രങ്ങള്‍ വായിക്കാതായിട്ടുണ്ട്. പത്രങ്ങളില്‍നിന്ന്  കിട്ടുന്നതിനേക്കാള്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ഫെയ്‌സ്ബുക്കില്‍നിന്ന് കിട്ടുന്നുണ്ട് എന്ന് അവകാശപ്പെടുന്ന വീട്ടമ്മമാരുണ്ട്. മാധ്യമവിദ്യാര്‍ത്ഥികളുമായി ഇന്ററാക്ഷന് വന്ന ഒരു ഉയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍, താന്‍ വാര്‍ത്തകള്‍ വായിക്കുകയോ കാണുകയോ ചെയ്യാറില്ല എന്ന് ഗൗരവത്തില്‍തന്നെ പറഞ്ഞത് കേട്ട് ഞെട്ടേണ്ടിവന്നിട്ടുണ്ട്. പ്രചാരവും പരസ്യവും വരുമാനവും കൂട്ടാനും വേണ്ടി സ്വീകരിക്കുന്ന നടപടികള്‍ തുടക്കത്തില്‍ ഫലം കണ്ടെന്ന് വരും. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്, ഉള്ള വിശ്വാസ്യത കൂടി തകര്‍ത്ത് മാധ്യമമാധ്യമവ്യവസായത്തിനുതന്നെ ഹാനികരമാവും. പാശ്ചാത്യലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ചയെ നമ്മുടെ നടുമുറ്റത്തെത്തിക്കലാവും ഇത്. നാളെ വരാനിരിക്കുന്ന ചെകുത്താനെ ഇന്നുതന്നെ കൂട്ടിക്കൊണ്ടുവരണമോ ?

പരസ്യക്കാര്‍ വാര്‍ത്തയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനെ കുറിച്ച് ഏതാനും വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന ഒരു ലോക മാധ്യമ സമ്മേളനത്തില്‍ ചര്‍ച്ച ഉയര്‍ന്നത് ഓര്‍മ വരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ബിസിനസ് തലവന്‍ അന്ന് പറഞ്ഞ മറുപടി, പരസ്യക്കാരെ നിലയ്ക്ക് നിറുത്തേണ്ട ഉത്തരവാദിത്തം എഡിറ്റര്‍മാരുടേതാണ് എന്നായിരുന്നു. ഇല്ല, പരസ്യംകിട്ടാന്‍ മാധ്യമങ്ങള്‍ പരസ്യക്കാരുടെ കാല് പിടിക്കേണ്ടിവരുന്ന കാലത്ത ് എഡിറ്റര്‍മാര്‍ വിചാരിച്ചാല്‍ അത് നടക്കില്ല. വന്‍കിട പരസ്യദാതാക്കള്‍ക്ക് സംഘടിതമായിത്തന്നെ മാധ്യമങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും വില പേശാനും കഴിയും. ഉപഭോക്താക്കളിലേക്ക് എത്തി ഉല്പ്പന്നം വില്‍ക്കാനാണ് അവര്‍ പരസ്യം ചെയ്യുന്നതെങ്കിലും മാധ്യമങ്ങളെ സഹായിക്കാനാണ് തങ്ങള്‍ പരസ്യം ചെയ്യുന്നത് എന്ന മട്ടിലാണ് അവര്‍ പെരുമാറുന്നത്. എഡിറ്റര്‍മാര്‍ക്കോ മാധ്യമ ഉടമസ്ഥ സംഘടനകള്‍ക്കോ പോലും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

പക്ഷേ, മാധ്യമങ്ങള്‍ നിലനില്‍ക്കാന്‍ പരസ്യപ്പണം മാത്രം പോര. വിശ്വാസ്യതയും വേണം. ഇത് മാധ്യമങ്ങള്‍ക്കും പരസ്യക്കാര്‍ക്കും ഇപ്പോഴും ബോധ്യമായിട്ടില്ല. വൈകാതെ മനസ്സിലാവും, അപ്പോഴേക്ക് സമയം വളരെ വൈകിയിരിക്കുമെന്ന് മാത്രം.

(മാധ്യമം ആഴ്ചപ്പതിപ്പ് -പത്രം പ്രത്യേക പതിപ്പ് 11.05.2015)

2 thoughts on “പരസ്യപ്പണം കിട്ടാന്‍ മാധ്യമങ്ങള്‍ ഇനി എന്തെല്ലാം വില്‍ക്കണം ?

  1. നല്ല ലേഖനം എന്‍.പി.ആര്‍. പക്ഷേ ഉദാഹരണങ്ങള്‍ക്കിടെ പ്രസക്തമായ ചിലത് വിട്ടുപോയോ എന്നൊരും സംശയം. സ്വര്‍ണ്ണക്കട മുതലാളിയുടെ പുതിയ വിമാനത്തെക്കുറിച്ച് വാതോരാതെ ഒന്നാംപേജില്‍ വെച്ച് ഓള്‍ എഡിഷന്‍ വെച്ച് കാച്ചുകയും അവരുടെ കുടുംബമഹിമ എഴുതി സ്വയം രോമാഞ്ചം കൊള്ളുകയും ചെയ്യുന്ന വാര്‍ത്താശൈലിയിലൂടെയാണ് ഓരോ ദിവസത്തേയും നമ്മുടെ പത്രജീവിതം കടന്നുപോകുന്നത്. അതുകൂടി ചേര്‍ന്നിരുന്നെങ്കില്‍ എന്ന് ആലോചിച്ചുപോയി. അതില്ലെങ്കിലും പറഞ്ഞ കാര്യങ്ങളിലെ വസ്തുതയും സത്യവും പ്രസക്തം തന്നെ. നന്ദി.

  2. ഭരണകൂടത്തിന്റെ സാമ്രാജ്യത്ത ഫാഷിസ്റ്റ് നയങ്ങളെ എതിര്‍ക്കുന്നതു മൂലം സര്‍ക്കാര്‍ പരസ്യം നിഷേധിക്കപ്പെട്ട ഒരു പത്രം കേരളത്തിലുണ്ട്- തേജസ്. അതു കൂടി ഇതില്‍ പരാമര്‍ശിക്കാമായിരുന്നു. അതിലെ ജീവനക്കാര്‍ എന്തു തെറ്റാണ് ചെയ്തത്?

Leave a Reply

Go Top