ബ്രിട്ടനിലെ സാമാന്യം ആദരിക്കപ്പെടുന്ന പത്രമായ ദി ടെലഗ്രാഫ് വലിയൊരു വിവാദത്തില്‍ ചെന്നുപെട്ടു. ഉയര്‍ന്ന പദവി വഹിക്കുന്ന ജേണലിസ്റ്റ് പീറ്റര്‍ ഓബോണ്‍ രാജിവെച്ചതാണ് വിഷയം. ചീഫ് പൊളിറ്റിക്കല്‍ കമന്റേറ്റര്‍ എന്ന ചുമതല നിര്‍വഹിച്ചിരുന്ന ആളാണ് അദ്ദേഹം. പത്രങ്ങളില്‍ നിന്ന് ആരെല്ലാം രാജിവെക്കുന്നു, അതിലെന്ത് വിവാദം എന്ന് ചോദിക്കാം. രാജിയല്ല പ്രശ്‌നം. രാജിവെച്ച ഓബോണ്‍ പത്രത്തിന്റെ എഡിറ്റോറില്‍ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. അദ്ദേഹം ഓപണ്‍ഡെമോക്രസി.നെറ്റ് എന്ന സ്വതന്ത്ര വെബ്‌സൈറ്റില്‍ എഴുതിയതുപോലൊരു ലേഖനം നമ്മുടെ നാട്ടിലാണ് എഴുതുന്നതെങ്കില്‍ അതൊരു പക്ഷേ, ചര്‍ച്ച ചെയ്യപ്പെടുക പോലുമില്ല. പക്ഷേ, അവിടെ വന്‍കിട പത്രങ്ങളില്‍ അത് ചര്‍ച്ചാവിഷയമായി. പത്രങ്ങള്‍ തമ്മില്‍ അതിന്റെ പംക്തികളില്‍ രൂക്ഷമായ വിമര്‍ശനവും ഏറ്റുമുട്ടലും നടന്നു.ബ്രിട്ടനിലെ യാഥാസ്ഥിതിക പക്ഷത്തോട് അനുഭാവമുള്ള, വിശ്വാസ്യതയുള്ള പത്രമാണ് ടെലഗ്രാഫ്. 2009 ല്‍ പീറ്റര്‍ ഓബോണ്‍ പത്രത്തില്‍ ചേരുമ്പോള്‍, ഒരു വലിയ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ട് ഉയര്‍ത്തിയ കൊടുങ്കാറ്റിന്റെ നടുവില്‍ നില്‍ക്കുകയായിരുന്നു ടെലഗ്രാഫ് പത്രം. ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങള്‍ കുറച്ച് കാലത്തിനിടയില്‍ ഗവണ്മെന്റില്‍ നിന്ന് വാങ്ങിയ വ്യാജ ചെലവിനങ്ങളെ കുറിച്ചുള്ളതായിരുന്നു റിപ്പോര്‍ട്ട്. വ്യാജ അവകാശവാദങ്ങളും ബില്ലുകളും പണംവാങ്ങാന്‍ ഉപയോഗിച്ചുവെന്ന് തെളിയിച്ച അന്വേഷാത്മക റിപ്പോര്‍ട്ട് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. നിരവധി പ്രമുഖര്‍ക്ക് ഈ വിവാദത്തില്‍ കുടുങ്ങി സ്ഥാനം നഷ്ടപ്പെട്ടു. പൊതുജീവിതം ശുദ്ധീകരിക്കുന്നതില്‍ വലിയ സംഭാവന ചെയ്തതിന്റെ ഗഌമറില്‍ നില്‍ക്കുന്ന ‘ടെലഗ്രാഫി’ന് നേരെ പീറ്റര്‍ ഓബോണ്‍ എയ്ത അമ്പ് ആ സ്ഥാപനത്തെ ഉലച്ചു. അത്യസാധാരണമായ എന്തെങ്കിലുമാണ് ടെലഗ്രാഫ് പത്രത്തില്‍ നടന്നത് എന്നും പറയാനാവില്ല- നമ്മുടെ നാട്ടിലെ മാധ്യമ ധാര്‍മികതയുടെ അവസ്ഥയനുസരിച്ച്.
ലോകത്തിലെ രണ്ടാമത്തെ വലിയ ബാങ്കിങ്ങ് ധനകാര്യ സ്ഥാപനമായ എച്ച്.എസ്.ബി.സി യുമായി ബന്ധപ്പെട്ട ആരോപണങ്ങളും വാര്‍ത്തകളും ദി ടെലഗ്രാഫ് പത്രം പ്രസിദ്ധപ്പെടുത്തുന്നില്ല- പ്രസിദ്ധപ്പെടുത്താതിരിക്കുന്നത് അവരില്‍ നിന്നുള്ള പരസ്യവരുമാനം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയണ് എന്നാണ് പീറ്റര്‍ ഓബോണ്‍ ഉന്നയിച്ച ആരോപണത്തിന്റെ കാതലായ ഭാഗം. സ്വന്തം സ്ഥാപനത്തിന്റെ അധാര്‍മികമായ എഡിറ്റോറിയല്‍ നയത്തില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത് എന്ന് അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. ‘രാജ്യത്തിന്റെ നന്മയിലും ഉയര്‍ച്ചയിലും തല്‍പ്പരരായ മാന്യന്മാരുടെ പത്രം’ അടുത്ത കാലത്തായി സ്വീകരിച്ചുവരുന്ന നടപടികള്‍ പത്രത്തെ മാത്രമല്ല, രാജ്യത്തെതന്നെ ബാധിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് പീറ്റര്‍ ഓബോണ്‍ രാജിവെച്ചതും തന്റെ ആശങ്കകള്‍ ലേഖനത്തിലൂടെ പൊതുസമൂഹവുമായി പങ്കുവെച്ചതും. പീറ്റര്‍ ഓബോണ്‍ ഉയര്‍ത്തിയ ആശങ്കകള്‍ ടെലഗ്രാഫ് പത്രത്തെയോ ബ്രിട്ടിഷ് മാധ്യമങ്ങളെയോ മാത്രം ബാധിക്കുന്ന കാര്യമല്ല. ആഗോളതലത്തില്‍ മാധ്യമങ്ങള്‍ ഏത് വഴിയിലൂടെയാണ് നീങ്ങുന്നത് എന്ന് ചൂണ്ടിക്കാട്ടുന്നതാണ് ടെലഗ്രാഫ് സംഭവം.
അച്ചടി മാധ്യമങ്ങളുടെ സര്‍ക്കുലേഷന്‍ കുറഞ്ഞുതുടങ്ങിയതിന്റെ വെപ്രാളത്തില്‍ നില്‍ക്കുകയായിരുന്നു മറ്റ് യൂറോപ്യന്‍ പത്രങ്ങളെപ്പോലെ ടെലഗ്രാഫും. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മാത്രമാണ് ഭാവി എന്ന ആശങ്കയുടെ ഫലയായി പത്രത്തെ സ്വയം തകര്‍ക്കുന്ന നടപടികളായിരുന്നു മാധ്യമസ്ഥാപനങ്ങള്‍ അന്ന് സ്വീകരിച്ചുപോന്നിരുന്നത് എന്ന് ഓബോണ്‍ പറയുന്നു. ചെലവ് ചുരുക്കാന്‍ വേണ്ടി പത്രത്തിന്റെ പ്രധാന, ആകര്‍ഷക സെക്ഷനുകള്‍ വെട്ടിക്കുറക്കുക, പരമാവധി ജേണലിസ്റ്റുകളെ പിരിച്ചുവിടുക, കമ്പനിയുടെ മൂലധനം മാധ്യമേതര സംരംഭങ്ങളിലേക്ക് തിരിച്ചുവിടുക, പരസ്യവരുമാനം കൂട്ടുന്നതിന് അധാര്‍മികമായ ഒത്തുതീര്‍പ്പുകള്‍ക്ക് പത്രാധിപരേയും പത്രപ്രവര്‍ത്തകരേയും സമ്മര്‍ദ്ദത്തിലാക്കുക തുടങ്ങിയ നയങ്ങളാണ് നടപ്പാക്കിയിരുന്നത്.
കഴിഞ്ഞ വര്‍ഷം ജനവരിയില്‍ പത്രാധിപരെതന്നെ ടെലഗ്രാഫ് മാനേജ്‌മെന്റ് പിരിച്ചുവിട്ടു. പകരം നിയമിച്ചത് പത്രാധിപരെയല്ല, ഹെഡ് ഓഫ് കണ്ടന്റ് എന്ന തസ്തികയിലുള്ള ഒരാളെയാണ്. 1923 മുതല്‍ 81 വര്‍ഷം ഈ പത്രത്തിന് ആറ് പത്രാധിപന്മാരേ ഉണ്ടായിരുന്നുള്ളൂ. അതിന് ശേഷം പതിനൊന്ന് വര്‍ഷം കൊണ്ട് ആറ് പത്രാധിപന്മാര്‍ ഉണ്ടായി. ഇനി ആ പ്രശ്‌നമേയില്ല. പത്രത്തിന് പത്രാധിപര്‍തന്നെ ഇല്ലാതിയിരിക്കുന്നു! ഹെഡ് ഓഫ് കണ്ടന്റ് വാര്‍ത്തയുടെയും പരസ്യത്തിന്റെയും ചുമതല ഒരേ സമയം വഹിക്കുന്നു. വെറുതെയല്ല, 2014 വര്‍ഷം മാത്രം തസ്തികയില്‍ മൂന്നുപേര്‍ വന്നു, പോയി. !
പത്രത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന അസ്വാസ്ഥ്യം സൃഷ്ടിക്കുന്ന ഒട്ടനവധി നടപടികള്‍ ഓബോണ്‍ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. അവയ്‌ക്കെല്ലാം ഒരേ സ്വഭാവമാണ്. പൊതുതാല്‍പര്യവും പരസ്യതാല്‍പ്പര്യവുംതമ്മില്‍ ഏറ്റുമുട്ടിയാല്‍ പരസ്യതാല്‍പര്യത്തിനാണ് മുന്‍ഗണന. പരസ്യം കിട്ടാന്‍ വേണ്ടി ഏത് വിശ്വാസ്യതയില്ലാത്ത വാര്‍ത്തയും പ്രസിദ്ധപ്പെടുത്താം, ഏത് സുപ്രധാന വാര്‍ത്തയും കൊന്നുകളയുകയും ചെയ്യാം. നിരവധി ബ്രിട്ടീഷ് മുസ്ലിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഒരു കാരണവും പറയാതെ എച്ച്.എസ്.ബി.സി പത്രം ക്ലോസ് ചെയ്തത് സംബന്ധിച്ച് ഓബോണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പത്രം പ്രസിദ്ധപ്പെുടുത്താതിരുന്നത് ആ ബാങ്കിന്റെ പരസ്യം നിര്‍ത്തിക്കളയുമെന്ന ഭീഷണിയെതുടര്‍ന്നാണ് എന്നദ്ദേഹം വിവരിക്കുന്നുണ്ട്. രാജ്യഭരണത്തിലെ ചര്‍ച്ച്-സ്റ്റേറ്റ് അധികാരവിഭജനം പോലെ മാധ്യമങ്ങളില്‍ നിലനിന്ന എഡിറ്റോറിയല്‍-മാര്‍ക്കറ്റിങ്ങ് വിഭജനം തകര്‍ക്കപ്പെടുന്നു, ഓണ്‍ലൈനിന് പ്രാധാന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ കൂടുതല്‍ ക്ലിക്ക് കിട്ടുന്ന എന്ത് അസംബന്ധവും പ്രസിദ്ധീകരിക്കലാണ് മാധ്യമധര്‍മം എന്നുവന്നിരിക്കുന്നു. അങ്ങനെ അനേകം അസംതൃപ്തികള്‍ പരമ്പരയായി ഉണ്ടായപ്പോഴാണ് പീറ്റര്‍ ഓബോണ്‍ പത്രവുമായുള്ള ബന്ധം അവസാനിപ്പിച്ച് പുറത്തുകടന്നത്. ഒടുവില്‍ രാജിക്കത്തുമായി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവിനെ സമീപിച്ച് രാജിക്കുള്ള കാരണങ്ങള്‍ നിരത്തിയപ്പോള്‍, പരസ്യതാല്പര്യം വാര്‍ത്തയെ ബാധിക്കുന്നുണ്ട് എന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ, അത് പറഞ്ഞുകേള്‍ക്കുന്ന അത്രയൊന്നും ഇല്ലാ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ടെലഗ്രാഫ് സംഭവം ബ്രിട്ടീഷ് പത്രലോകത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പല പ്രസിദ്ധീകരണങ്ങളും അനുവര്‍ത്തിച്ചുവരുന്ന പുതിയ പരസ്യതന്ത്രങ്ങള്‍ ഈ വിവാദത്തിനിടെ വെളിച്ചത്തുവന്നു. ‘പെയ്ഡ് ന്യൂസി’നോട് അടുത്തുനില്‍ക്കുന്ന പുതിയ പ്രവണതകള്‍ സ്‌പോണ്‍സേഡ് കണ്ടന്റ്, സപ്ലിമെന്റ്, അഡ്വര്‍ട്ടോറിയല്‍ തുടങ്ങിയ പുതുലേബലുകളില്‍ വ്യാപകമായിരിക്കുന്നു. ആത്യന്തികമായ ഫലം എന്താണ് ? വിപണിയില്‍ നിന്നുപിഴക്കാന്‍ ചെയ്യേണ്ടിവരുന്നവ എന്ന് ന്യായീകരിക്കപ്പെടുന്ന ഈ സ്വയംരക്ഷാ നടപടികള്‍ യഥാര്‍ത്ഥത്തില്‍ അച്ചടി മാധ്യമങ്ങളുടെ ആയുസ് ദീര്‍ഘിപ്പിക്കുകയല്ല ചെയ്യുന്നത്. ഇപ്പോള്‍ ഉള്ള വിശ്വാസ്യത കൂടി നശിപ്പിച്ച് അച്ചടിമാധ്യമത്തിന്റെ മരണം അത്യാസന്നമാക്കുകയാണ് ചെയ്യുന്നത് എന്ന് പല മാധ്യമനിരീക്ഷകരും മുന്നറിയിപ്പ് നല്‍കുന്നു.
ഇപ്പോഴും വളര്‍ച്ചയുടെ പാതയില്‍തന്നെ നില്‍ക്കുന്നു എന്ന ധൈര്യത്തില്‍ കഴിയുന്ന നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ക്കും ഇതില്‍നിന്ന് പാഠങ്ങള്‍ പഠിക്കാനില്ലേ ?
(മാധ്യമം ദിനപത്രം 10.3.2015)