മാധ്യമങ്ങള്‍ പരസ്പരം പൊരുതിയ കാലം

എൻ.പി.രാജേന്ദ്രൻ

അമേരിക്കയിലെ ഇരട്ട ഗോപുരം ഭീകരര്‍ വിമാനം കൊണ്ടിടിച്ച് തകര്‍ത്തത് ഒരു ചരിത്രസംഭവമായിരുന്നല്ലോ. ലോകമെങ്ങുമുള്ള പത്രാധിപന്മാര്‍ ഈ വാര്‍ത്ത എങ്ങനെ, എന്ത് വാക്കുകള്‍ ഉപയോഗിച്ച്, ഏതു ചിത്രം ചേര്‍ത്ത് ഒന്നാം പേജില്‍ അവതരിപ്പിക്കണമെന്നു തീരുമാനിക്കാനാവാതെ അന്തംവിട്ടിരുന്നിട്ടുണ്ട്. വാക്കുകള്‍ അല്ല ദൃശ്യമാണ് പ്രധാനം എന്നു കരുതിയവര്‍ ഒരു കൂറ്റന്‍ വര്‍ണചിത്രത്തില്‍ ഒതുക്കി ഒന്നാം പേജ്. ചിത്രങ്ങളെല്ലാം ജനങ്ങള്‍ ആവര്‍ത്തിച്ചു കണ്ടതല്ലേ എന്നു സ്വയം ചോദിച്ച് ചില പത്രാധിപന്മാര്‍ ഒന്നാം പേജ് നിറയെ ആ സംഭവത്തിന്റെ വാര്‍ത്തകള്‍ മാത്രം കൂറ്റന്‍ തലക്കെട്ടുകളോടെ നിരത്തി.

വാക്കുകള്‍ക്കു മാത്രമല്ല ദൃശ്യങ്ങള്‍ക്കും പ്രസക്തിയില്ലാതാകുന്ന അവസ്ഥ പത്രങ്ങള്‍ക്ക് അനുഭവപ്പെടുന്നതിന്റെ തുടക്കം അതായിരുന്നു എന്നു പറയാം. ടെലിവിഷനോട് പൊരുതാന്‍ കഴിയാതെ വന്നപ്പോള്‍ അതിശയോക്തികളുടെയും അതു നിരത്താനുള്ള തടിയന്‍ ഫോണ്ടുകളുടെയും ഉപയോഗത്തില്‍ ആശ്വാസം കണ്ടെത്തുകയായിരുന്നു ലോകമെമ്പാടുമുള്ള പത്രങ്ങള്‍. 98 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു രാജ്യത്ത് രണ്ട് കെട്ടിടം മാത്രമാണ് തകര്‍ന്നുവീണതെങ്കിലും അതിനു ചരിത്രപ്രാധാന്യമുണ്ട്. അന്ന് നാം കൊടുത്തത് ‘അമേരിക്ക കത്തുന്നു’ എന്ന അത്യതിശയോക്തി നിറഞ്ഞ കൂറ്റന്‍ തലക്കെട്ടായിരുന്നു. സംഭവങ്ങളും വാര്‍ത്തകളും അവ അര്‍ഹിക്കാത്ത വലുപ്പത്തില്‍ പൊലിപ്പിക്കുക എന്നതു അതോടെ സര്‍വസാധാരണമാവുകയായിരുന്നു. അതു ടെലിവിഷനെ തോല്‍പ്പിക്കാനുള്ള ഒരു വിഫല മത്സരമായിരുന്നു.

വാര്‍ത്താവിനിമയത്തിന്റെ ചരിത്രത്തില്‍ ഒടുവിലത്തെ അയ്യായിരം വര്‍ഷങ്ങളില്‍ സംഭവിച്ചതിനേക്കാള്‍ വലിയ വിപ്ലവമാണ് ഒടുവിലത്തെ 5000 ദിവസങ്ങളില്‍ സംഭവിച്ചതെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. മുമ്പ് ഒരു തലമുറയും കണ്ടിട്ടില്ലാത്ത മാറ്റം കണ്ടവരാണ് നമ്മള്‍. ഇനി വരുന്ന എല്ലാ തലമുറകള്‍ക്കും ഇതവകാശപ്പെടാനാവും വിധം കമ്യൂണിക്കേഷന്‍ വിപ്ലവം മിന്നല്‍ വേഗത കൈവരിച്ചിട്ടുണ്ട്്. അച്ചടിച്ച പത്രം എന്ന അക്കാല അത്ഭുതത്തിന് കേരളത്തില്‍ 174 വയസ്സാവുന്നേ ഉള്ളൂ. അച്ചടിക്ക്് അടുത്ത വര്‍ഷം ഇരൂനൂറു തികയാന്‍ പോകുന്നു. ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ കൊണ്ട് മലയാള മാധ്യമവും അപ്പടി മാറിയെങ്കില്‍ അതുമുഴുവന്‍ സാങ്കേതികവിദ്യ വരുത്തിയ മാറ്റങ്ങളായിരുന്നു. ഓരോ മാധ്യമവും നിലനില്‍പ്പിനു വേണ്ടി നടത്തിപ്പോരുന്ന യുദ്ധങ്ങളാണ് ഇതിന്റെ അടിസ്ഥാനം. പത്രങ്ങളുടെ മത്സരം പത്രങ്ങളുമായി എന്നതിലേറെ ചാനലുകളുമായും സാമൂഹ്യമാധ്യമവുമായും ഓണ്‍ലൈന്‍ മാധ്യമങ്ങളുമായുമെല്ലാം ആയിരുന്നു.

ടെലിവിഷന്റെ ആരംഭകാലം

രണ്ടായിരാമാണ്ടിലേക്കു കടക്കുമ്പോള്‍ കേരളം ടെലിവിഷന്റെ പുതുമയിലും നേരമ്പോക്കിലും  അഭിരമിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴും ഓര്‍ക്കുന്നു-1993-ല്‍ കണ്ണൂരില്‍ മാതൃഭൂമിയുടെ പുതിയ യൂണിറ്റ് തുടങ്ങിയപ്പോള്‍ പത്രം നടത്തിയ ക്യാമ്പെയുകളില്‍ ഒന്ന് ദൂരദര്‍ശന്റെ ഒരു സംപ്രേഷണ ടവര്‍ കണ്ണൂര്‍ ജില്ലയ്ക്കു അനുവദിക്കണം എന്നതായിരുന്നു. ദൂരദര്‍ശനായിരുന്നു ആ കാലത്തെ താരം. അപൂര്‍വം വീടുകളില്‍ മാത്രമുണ്ടായിരുന്ന ടെലിവിഷനുകള്‍ക്ക് മുന്നില്‍ അയല്‍പക്കക്കാര്‍ കുട്ടംകൂടിയിരുന്ന കാലം-ദൂരദര്‍ശനിലെ രാമായണവും ആഴ്ചയിലൊരിക്കലോ മറ്റോ വരുന്ന പഴയ മലയാള സിനിമയോ കാണാന്‍! 2000 ജനവരി ഒന്നിനേ ദൂരദര്‍ശന് 24 മണിക്കൂര്‍ സംപ്രേഷണസൗകര്യം കേരളത്തില്‍ സാധ്യമായുള്ളൂ. 1985 ജനവരി ഒന്നിനാണ് തിരുവനന്തപുരം കടപ്പനക്കുന്നില്‍നിന്ന്് ദൂരദര്‍ശന്‍ സംപ്രേഷണം ആരംഭിക്കുന്നത്. പതിനഞ്ച് വര്‍ഷമെടുത്തു സ്വകാര്യ ടെലിവിഷന്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍നിന്ന് ഉപഗ്രഹത്തിലേക്ക് സിഗ്നല്‍ അയക്കാന്‍ അനുമതി ലഭിക്കാന്‍.

സാങ്കേതികവിദ്യ നടത്തിയ കുതിച്ചുചാട്ടങ്ങളുടെ പ്രയോജനങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ക്കും ലഭിക്കുന്നുണ്ടല്ലോ. 1982-ല്‍ ഡല്‍ഹിയില്‍ ഏഷ്യാഡ് നടക്കുമ്പോള്‍ ഫോട്ടോകള്‍ പിറ്റേ ദിവസത്തെ പത്രത്തിലടിക്കാന്‍ കഴിഞ്ഞ  മലയാളപത്രങ്ങള്‍ കുറവായിരുന്നു. ഈ പ്രശ്‌നം ഇന്നില്ല. അത് സാങ്കേതികവിദ്യ ഉണ്ടാക്കിയ വാര്‍ത്താവിനിമയ വിപ്ലവത്തിന്റെ ഫലമാണ്. സംഭവം നടക്കുന്നതിനു മുമ്പേ ചിത്രമെടുക്കാന്‍ കഴിയില്ല എന്ന പരിമിതിയേ ഇപ്പോഴുള്ളൂ! പക്ഷേ, ഒരു പ്രശ്‌നം നിലനില്‍ക്കുന്നു, എന്നും നിലനില്‍ക്കുകയും ചെയ്യും. തലേന്നു രാത്രി എല്ലാ വാര്‍ത്തകളും സ്‌ക്രീനില്‍ വിശദമായി കണ്ട്, അതിന്റെ ചര്‍ച്ചയും കേട്ട്് കിടന്നുറങ്ങുന്ന ആളുകള്‍ക്ക് പിറ്റേന്നു രാവിലെ എന്താണ് പത്രങ്ങള്‍ക്കു കൂടുതല്‍ കൊടുക്കാനാവുക? വലിയ അതിജീവന പ്രതിസന്ധിയാണ് ഇത്. ഇതു പക്ഷേ, ഈ രണ്ടു ദശകളിലും പത്രങ്ങളുടെ സ്വീകാര്യതയെ ബാധിച്ചില്ല. ടെലിവിഷനില്‍ കണ്ടതു കേട്ടതും സ്ഥിരീകരിക്കാന്‍ പത്രം തന്നെ വേണം എന്ന വിശ്വാസ്യത പത്രങ്ങള്‍ പൊതുവെ നിലനിര്‍ത്തിയിരുന്നു. ടെലിവിഷന്റെ കുതിച്ചുചാട്ടത്തിനൊപ്പം പത്രപ്രചാരവും മുന്നോട്ടുതന്നെ പോയി. ഇനി?

പത്രങ്ങളെ വലുതായി സഹായിച്ച ഇന്റര്‍നെറ്റ് തന്നെ ഇന്ന് പത്രങ്ങള്‍ക്ക് വെല്ലുവിളിയാണ്്്്. പത്രങ്ങള്‍ 2043-ല്‍ ഇല്ലാതാവുമെന്ന് ഒരു വിദഗ്ദ്ധന്‍ പ്രവചിച്ചു. ഓ..അത്രയൊന്നും വൈകില്ല എന്ന ചിലര്‍ ആശ്വാസം കൊള്ളുകയും ചെയ്തു!  ഇതൊരു വികസിതലോക പ്രതിഭാസമാണെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോകത്ത് പത്രങ്ങള്‍ വളരുക തന്നെയാണ് ചെയ്യുന്നതെന്നും അഞ്ചു വര്‍ഷംമുമ്പു വരെ ആശ്വസിച്ചിരുന്നു. ഏഷ്യന്‍ രാജ്യങ്ങളും ഈ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഏറ്റവും ഒടുവില്‍ കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി വേറെ. മഹാമാരിയൊക്കെ വരുന്നതിനു മുമ്പുതന്നെ മലയാളത്തില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ അതിന്റെ  നല്ല കാലം പിന്നിട്ടിരുന്നു. പത്തോ പതിനഞ്ചോ വര്‍ഷംമുന്‍പു വരെ ലക്ഷക്കണക്കിനു കോപ്പികള്‍ അച്ചടിച്ചിരുന്ന വാരികകള്‍ താഴേക്കു പോയതായി കാണാം. വാരികകളുടെ ജനപ്രിയസ്ഥാനം ഡിജിറ്റല്‍ പ്രസിദ്ധീകരണങ്ങള്‍ കൈവശപ്പെടുത്തി. രാവും പകലും വായിച്ചാലും കണ്ടാലും തീരാത്തത്ര, ഏതാണ്ട് സൗജന്യമായ സാമൂഹ്യമാധ്യമ/ യുട്യൂബ് ഉള്ളടക്കം ആസ്വദിക്കാന്‍ പോക്കറ്റിലെ മൊബൈല്‍ ഫോണ്‍ മതിയാകുന്ന കാലത്ത് ആനുകാലികങ്ങളുടെ നിലനില്പ് ചോദ്യം ചെയ്യപ്പെടുന്നു.

വാര്‍ത്താചാനലുകളുടെ പെടാപ്പാട്

ഒരു ഡസനിലേറെ മലയാള വാര്‍ത്താചാനലുകള്‍ 24 മണിക്കൂറും മനുഷ്യരെ പിടിച്ചിരുത്താനുള്ള കഠിനശ്രമത്തിലാണ്. ഒരു ദിവസം ഒരു മെയിന്‍ വാര്‍ത്ത കണ്ടെത്താന്‍ പോലും പത്രങ്ങള്‍ പാടുപെടുമ്പോഴാണു ഈ കൊച്ചുസംസ്ഥാനത്ത് ഇവര്‍ രാവുംപകലും ബ്രെയ്ക്കിങ്ങ് ന്യൂസുകള്‍ സൃഷ്ടിക്കുന്നത്. ശാന്തവും പരിപക്വവുമായ ബി.ബി.സി സ്റ്റൈല്‍ വാര്‍ത്താവതരണം ആര്‍ക്കും വേണ്ട. ചാനല്‍ചര്‍ച്ചകള്‍ ആരു ജയിച്ച് ആരു തോറ്റു എന്നു ചിന്തിപ്പിക്കുന്ന സ്റ്റണ്ടുകളായി, വിനോദപരിപാടികളായി രൂപാന്തരപ്പെട്ടിട്ട് അധികം കാലമായിട്ടില്ല. കണ്ണുകള്‍ ഇങ്ങോട്ട് ആകര്‍ഷിപ്പിക്കാനുള്ള അവതാരക ശ്രമങ്ങള്‍ കുറച്ചുപേരുടെ നെറ്റിചുളിയിപ്പിക്കുന്നുണ്ടെങ്കില്‍ പരിഭ്രമിക്കേണ്ട, ഭൂരിപക്ഷത്തിന് ഇത് ഇഷ്ടമാണ്, ഇതും നിലനില്‍പ്പിനുള്ള പോരാട്ടമാണ്. പത്തുകൊല്ലം മുമ്പുവരെ കലക്റ്ററേറ്റുകള്‍ക്കും സെക്രട്ടേറിയറ്റുകള്‍ക്കും മുന്നില്‍ നടന്നിരുന്ന സമരങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ മാത്രം ആയിരുന്നുവെങ്കില്‍ ഇന്നത് ക്യാമറ കാണാനുള്ളതാണ്. പൊലീസുമായുള്ള ഏറ്റുമുട്ടല്‍ അഭിനയം ഇല്ലാതെ ഒരു ചെറുസത്യാഗ്രഹം പോലും ഇല്ലാതായി. ഇതെല്ലാം വാര്‍ത്താമാധ്യമങ്ങളുടെ വിശ്വാസ്യതയെയും ബാധിക്കുന്നുണ്ട്. പബ്ലിസിറ്റിക്കു വേണ്ടി മാധ്യമങ്ങളെ പ്രീണിപ്പിക്കുന്നവര്‍തന്നെയാണ് മാധ്യമശത്രുക്കളും വിമര്‍ശകരും ആയി മാറുന്നത്. പാര്‍ട്ടി മാധ്യമങ്ങള്‍ എന്തെഴുതിയാലും വലിയ പ്രശ്‌നമല്ല. കക്ഷിരഹിത-മതരഹിത മാധ്യമങ്ങള്‍ എന്തെഴുതിയാലും പ്രശ്‌നമാണ്. സ്വതന്ത്ര മാധ്യമങ്ങളെ ആര്‍ക്കും വേണ്ട. സംഘടിതവിഭാഗങ്ങളെ പ്രീണിപ്പിക്കാതെയും ചാനലുകള്‍ക്ക് മുന്നോട്ടുപോകും. അച്ചടിമാധ്യമങ്ങളുടെ സ്ഥിതി അതല്ല.

ജനങ്ങള്‍ മാധ്യമങ്ങളെ വിശുദ്ധപശുക്കളായി കണ്ടിരുന്ന കാലം പോയിരിക്കുന്നു. മാധ്യമങ്ങളെ തങ്ങളുടെ വഴിക്കു കൊണ്ടുവരാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത സംഘങ്ങളായിട്ടുണ്ട് മിക്ക സംഘടിത വിഭാഗക്കാരും. മതങ്ങളെയും സംഘടിതശക്തികളെയും മാധ്യമങ്ങള്‍ അങ്ങോട്ടു പ്രീണിപ്പിച്ചാലും പോര, അവയെ ഭയന്നേ നിലനില്‍ക്കാന്‍ കഴിയൂ എന്ന നിലയും ഉണ്ടാകുന്നു. ഇഷ്ടമില്ലാത്തത് എഴുതുകയോ വരയ്ക്കുകയോ ചെയ്യുന്നവരെ ‘ടെലിഫോണ്‍’ ആക്രമണത്തിലൂടെ ഭയപ്പെടുത്തി വരുതിയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളെ നേരിടുക എളുപ്പമല്ല. ആള്‍ക്കൂട്ട ഫാസിസമാണ് നടമാടുന്നത്. ഇത്തരക്കാര്‍ക്കെതിരെ പോലും ശക്തമായ നിലപാടല്ല സ്വീകരിക്കാന്‍ പത്രങ്ങള്‍ക്കു കഴിയുന്നില്ല. ദേശീയ ഇംഗ്ലീഷ് ചാനലുകള്‍ സ്വീകരിച്ചുവരുന്ന തീര്‍ത്തും ഭൂരിപക്ഷാധിപത്യപരമായ മതഭ്രാന്തന്‍ ടെലിവിഷന്‍ സംസ്‌കാരം ഇപ്പോഴും  കേരളത്തിലില്ല എന്നു ആശ്വസിക്കാമെങ്കിലും എന്നു വേണമെങ്കിലും സ്ഥിതി മാറിയേക്കാമെന്നതും മറന്നുകൂടാ. ചാനലുകള്‍ സംഘടിതശക്തികളെ വലുതായൊന്നും ഭയപ്പെടേണ്ടതില്ല. എന്നാല്‍, പത്രങ്ങളുടെ പ്രചാരത്തിലും വരുമാനത്തിലും കൈവെക്കാന്‍ ശേഷിയുള്ള സംഘടിത വിഭാഗങ്ങളെ പ്രീതിപ്പെടുത്തി അതിജീവിച്ചുപോകാന്‍ അച്ചടി മാധ്യമങ്ങള്‍ നിര്‍ബന്ധിതരാവുന്നു.

സാങ്കേതികവിദ്യ മാത്രമാണ് ഇന്നത്തെ സാമൂഹ്യമാധ്യമം. ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും ട്വിറ്ററും ഒരു വാര്‍ത്തയും ലേഖനവും എഴുതുന്നില്ല. ഒരു രാജ്യത്തിലും അവര്‍ മാധ്യമങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുമില്ല. എന്നാല്‍, അവരാണ് ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങള്‍. അവര്‍ ഇപ്പോള്‍ സുപ്പര്‍ ഗവണ്മെന്റുകളും ആണ്. ആര്‍ക്കും എന്തും ചെയ്യാനുള്ള അരാജക പ്ലാറ്റ്‌ഫോം ആണ് അവരുടേത്. സത്യാസത്യവിവേചനം ആവശ്യമില്ല. സാമൂഹ്യമാധ്യമം പൗരന് അഭിപ്രായസ്വാതന്ത്ര്യവും തുറന്ന വേദിയും നല്‍കുന്നുണ്ട്. നല്ല കാര്യങ്ങളും ആ പ്ലാറ്റ്‌ഫോമില്‍ ഉണ്ടാകുന്നുണ്ട് എന്നതു ശരിയാണ്. അതോടൊപ്പം സാങ്കേതികവിദ്യ സൃഷ്ടിച്ച ഏറ്റവും വലിയ അനിയന്ത്രിത അരാജക മാധ്യമ സാങ്കേതികവിദ്യ കൂടിയാണ് ഇത്. ജനാധിപത്യത്തിന്റെയും മനുഷ്യവംശത്തിന്റെ തന്നെയും നിലനില്പ് അപകടത്തിലാക്കുന്ന ഈ സാങ്കേതികവിദ്യയെ തുടക്കത്തില്‍ ആരോ മോഡേണ്‍ മാഡ്‌നസ് എന്നു വിശേഷിപ്പിച്ചത് ശരിയാണ് എന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു. സത്യമെന്ത് എന്നു തിരിച്ചറിയാന്‍ പോലും കഴിയാത്ത കാലമാണല്ലോ സത്യനന്തരകാലം. ആ അവസ്ഥ സൃഷ്ടിച്ചത് സാമൂഹ്യമാധ്യമ സാങ്കേതികവിദ്യയാണ്്.

വൈകാതെ ഓരോ മനുഷ്യനും ഓരോ വെബ്‌സൈറ്റും ഓരോ യുട്യൂബ് ചാനലും ഉണ്ടായാലും അത്ഭുതമില്ല. ഒന്നും ശാശ്വതമല്ല. ഏത് എത്ര കാലം നിലനില്‍ക്കും എന്നൊരു ഉറപ്പുമില്ല. ഇന്ന് ഉയര്‍ന്നു പറക്കുന്ന വിദ്യകള്‍ പലതും തകര്‍ന്നുവീഴാം, പുതിയവ ഉയരാം. പലതും അങ്ങനെ വരികയും പോവുകയും ചെയ്തിട്ടുണ്ട്. ഈ സാങ്കേതിക കുതിച്ചുചാട്ടങ്ങള്‍ അടിസ്ഥാനപരമായി മനുഷ്യന്റെ നന്മയെയും സ്വാതന്ത്ര്യത്തെയും മൂല്യങ്ങളെയും സമത്വത്തെയും സൗഹൃദത്തെയും ആണോ, അതല്ല അതിന്റെ എതിര്‍ പ്രവണതകളെയാണോ വളര്‍ത്തിയെടുക്കുന്നത്? ഇതിനും  കാലം മറുപടി കണ്ടെത്തുമായിരിക്കും.

(മാതൃഭൂമി ദിനപത്രത്തില്‍ 2020 നവംബര്‍ ഒമ്പതിന് പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിന്റെ പൂര്‍ണരൂപം)

Leave a Reply

Your email address will not be published. Required fields are marked *

Go Top