ഇന്നത്തെ പത്രം, നാളത്തെ മാധ്യമം

എൻ.പി.രാജേന്ദ്രൻ

കഴിഞ്ഞ ഡിസംബറിലെ യു.എസ്.യാത്രക്കിടയില്‍ ഒക്കലഹോമ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ഒക്കലഹോമ ഘടകത്തിലെ യോഗത്തിന് പോകും മുമ്പ് അവിടത്തെ ഒക്കലഹോമന്‍ ഡെയ്‌ലിയില്‍ പോകാന്‍ അവസരമൊരുക്കിയത് ആ പത്രത്തിലെ ഉദ്യോഗസ്ഥനും മാതൃഭൂമിയിലെ എന്റെ പഴയ സഹപ്രവര്‍ത്തകനുമായിരുന്ന ജോര്‍ജ് ചെറായിലായിരുന്നു. സന്ദര്‍ശനത്തിനിടെ പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ ജോ ഹൈറ്റുമായി സംസാരിച്ചപ്പോള്‍ ഞാന്‍ കാര്യമായി ഉന്നയിച്ച ചോദ്യം വികസിത ലോകത്ത് അച്ചടിപ്പത്രം നേരിടുന്ന പ്രതിസന്ധിയെ കുറിച്ചായിരുന്നു.

വാര്‍ത്താവിനിമയ സങ്കേതിക വിദ്യയിലുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവത്തിന് സാക്ഷികളാകാന്‍ അവസരം ലഭിച്ച തലമുറയില്‍ പെട്ട ആളുകളാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍. മുപ്പത് വര്‍ഷംകൊണ്ടുണ്ടായ മാറ്റത്തെ വിപ്ലവം എന്നുപറഞ്ഞാലും പോര. കേരളത്തിന്റെ തലസ്ഥാനത്ത് ഒരു സുപ്രധാന സംഭവം നടന്നാല്‍ അതിന്റെ ചിത്രം പിറ്റേ ദിവസത്തെ പത്രത്തില്‍ വരണമെങ്കില്‍ മോട്ടോര്‍ സൈക്കിളില്‍ ഫോട്ടോഗ്രാഫര്‍ കേരളത്തിന്റെ തെക്കെ അറ്റത്ത് നിന്ന് കുതിച്ച് രാത്രി വൈകും മുമ്പെ കോഴിക്കോട്ടെത്തണമായിരുന്നു. ഇന്ന് സംഭവങ്ങള്‍ നടക്കുന്നതിന് മുമ്പ് പത്രത്തില്‍ വരുന്നില്ലെന്നേയുള്ളൂ! ബാക്കിയെല്ലാം സാധ്യമാണ്.

ഈ വിപ്ലവം പത്രങ്ങളെ കുറച്ചൊന്നുമല്ല സഹായിച്ചത്. പക്ഷേ എല്ലാ വിപ്ലവങ്ങളും അതിന്റെ മക്കളെ തിന്നുതുടങ്ങുമെന്ന് പറഞ്ഞതുപോലെ സാങ്കേതികവിപ്ലവം പത്രങ്ങളെ തിന്നുതുടങ്ങിയിരിക്കുന്നു. അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചാണ് ഞാന്‍ ഒക്കലഹോമ ഡെയ്‌ലിയുടെ മാനേജിങ് എഡിറ്ററുടെ അഭിപ്രായം ചോദിച്ചത്. നിരാശയും ആശങ്കയും നിറഞ്ഞ പ്രതികരണമായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അതല്ല ഉണ്ടായത്. ജോ ഹൈറ്റിന്റെ വാക്കുകളിലെ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും എന്നെ അത്ഭുതപ്പെടുത്തി. തീര്‍ച്ചയായും പ്രചാരം കുറയുന്നുണ്ട്. പക്ഷേ പത്രത്തിന്റെ റീച്ച് പണ്ടത്തേക്കാള്‍ പല മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. റീച്ചിന്റെ അര്‍ഥം എനിക്ക് ചോദിക്കേണ്ടിവന്നില്ല. ഓണ്‍ലൈന്‍ ആയി പത്രം കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കുന്ന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് റീച്ച് എന്റെയും പ്രിയ പദമമാണല്ലോ.

ഇത് രണ്ട് അറ്റങ്ങളാണ്. ഒരറ്റത്ത് പത്രം ഇല്ലാതാകും എന്ന ശാസ്ത്രീയ പ്രവചനം. അപ്രത്യക്ഷമാകുന്ന പത്രം ( ദ വാനിഷിങ് ന്യൂസ്‌പേപ്പര്‍ ) എന്ന പുസ്തകത്തില്‍ ഫിലിപ്പ് മെയര്‍ എഴുതിയത് 2040 ആവുമ്പോഴേക്ക് പത്രത്തിന്റെ അച്ചടി പൂര്‍ണമായി ഇല്ലാതാവുമെന്നാണ്. പ്രവചനങ്ങള്‍ ഒരു പാടുണ്ട്. ശാസ്ത്രീയ മേഖലയിലാണ് വസ്തുനിഷ്ഠപഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നതെങ്കിലും ആ മേഖലയിലാണ് പ്രവചനം ഏറ്റവും അസാധ്യമായിട്ടുള്ളത്. ജ്യോത്സ്യരുടെ പ്രവചനം തെറ്റുന്നതിലേറെ ശാസ്ത്രീയ പ്രവചനങ്ങള്‍ തെറ്റാറുണ്ട്. ഇനി പുതുതായി കണ്ടുപിടുത്തങ്ങള്‍ അധികം ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ പാറ്റന്റ് ഓഫീസ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു ശാസ്ത്രജ്ഞന്‍ ശുപാര്‍ശ ചെയ്തതായി വായിക്കുകയുണ്ടായി. അതുതന്നെയാണ് പത്രത്തിന്റെ കഥയും. പത്രം ഉടനെ ഇല്ലാതാകും എന്ന പ്രവചനത്തിന്റെ മറ്റേ അറ്റത്ത് പത്രം പുതിയ സാങ്കേതികവിദ്യയിലൂടെ മുമ്പൊന്നുമില്ലാത്ത വിധം തഴച്ചുവളരുമെന്ന പ്രവചനവുമുണ്ട്.

യു.എസ്സിലെ ലാസ് വെഗാസ്സില്‍ ജനവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് പ്രദര്‍ശത്തിലെ ഏറ്റവും വലിയ താരം ടാബ്ലറ്റ് കമ്പ്യൂട്ടറുകളായിരുന്നു. മൊബൈല്‍ ഫോണിനും ലാപ് ടോപ്പിനും ഇടയില്‍ വരുന്ന ഒരു സൃഷ്ടി. അരകിലോവിന് അടുത്ത് തൂക്കവും നോട് ബുക്കിനോളം വലുപ്പവുമുള്ള ആ ഉപകരണത്തില്‍ പത്രവും പുസ്തകവും സംഗീതവും സിനിമയുമെല്ലാം കൊണ്ടുനടക്കാം. ഐപാഡില്‍  തുടങ്ങിയ വിപ്ലവം വളരെ മുമ്പോട്ടുപോയിരിക്കുന്നു. ഇനിയുള്ള നാളുകളില്‍ നാം ഒരു പക്ഷേ ഏറ്റവും കൂടുതല്‍ കേള്‍ക്കുക ഈ വിദ്യയെകുറിച്ചായിരിക്കാം. അച്ചടിച്ച പത്രങ്ങള്‍ ഇല്ലെങ്കിലും ടാബ്ലറ്റുകളില്‍ രൂപത്തിലും ഉള്ളടക്കത്തിലും അപ്പപ്പോള്‍ മാറ്റങ്ങള്‍ വരുത്തി പത്രം വന്നുകൊണ്ടിരിക്കാം. രാവും പകലും പത്രനിര്‍മാണം നടന്നുകൊണ്ടേ ഇരിക്കാം. അച്ചടിവിഭാഗം ഒഴികെയുള്ള പത്രത്തിലെ വിഭാഗങ്ങളെല്ലാം ഇന്നത്തെപ്പോലെ നില നിന്നേക്കാം. ഓണ്‍ലൈനായി വരിക്കാര്‍ക്ക്  പണമടക്കുകയും പത്രം വായിക്കുകയുമെല്ലാം ചെയ്യാം. ന്യൂസ് പ്രിന്റുണ്ടാക്കാന്‍ മരം മുറിക്കേണ്ടി വരില്ലല്ലോ എന്ന സന്തോഷത്തിലാണ് പരിസ്ഥിതി ബോധമുള്ള ആളുകള്‍.

വാസ്തവത്തില്‍ നിലനില്‍പ്പിനുള്ള വെല്ലുവിളി നേരിടുന്നത് പത്രങ്ങളാണോ അതല്ല പത്രപ്രവര്‍ത്തകരാണോ എന്ന കാര്യമാണ് പരിശോധിക്കേണ്ടത് എന്നുതോന്നാറുണ്ട്. ജനങ്ങളുടെ കണ്ണ് പത്രപ്രവര്‍ത്തകന്‍ മാത്രമായിരുന്ന കാലം അസ്തമിച്ചിരിക്കുന്നു. ആര്‍ എന്ത് എഴുതിയാലും ഏതെങ്കിലും ഒരു പത്രാധിപരുടെ പച്ചക്കൊടിയുണ്ടായാലേ വായനക്കാരനിലേക്ക് എത്തുമായിരുന്നുള്ളൂ. പത്രാധിപരാണ് എല്ലാറ്റിന്റെയും അവസാന വാക്ക്. പത്രാധിപരാണ് എല്ലാവരെയും ഉപദേശിക്കുകയും ഉദ്േബാധിപ്പിക്കുകയും ചെയ്തിരുന്നത്. ആ കാലം മാറിയില്ലേ. സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നത് പത്രറിപ്പോര്‍ട്ടറാണ്. ഫോട്ടോ എടുക്കാന്‍ പത്രഫോട്ടോഗ്രാഫര്‍ക്കേ അനുമതിയുള്ളൂ, അല്ലെങ്കില്‍ അവനേ അതിന്റെ സാങ്കേതിക വിദ്യ കൈവശമുള്ളൂ. ഉന്നതര്‍ സംസാരിക്കുന്നത് അവനോടാണ്. മുഴുവന്‍ ജനങ്ങളിലേക്കും ഒരു സന്ദേശമെത്തിക്കാന്‍ രാജ്യം ഭരിക്കുന്ന നേതാക്കള്‍ക്ക് പോലും സ്വകാര്യ പത്രമാധ്യമങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്നു. രേഖകളും തെളിവുകളും വിവരങ്ങളും പത്രലേഖകനേ ലഭിക്കുമായിരുന്നുള്ളൂ. ലോകമെമ്പാടും ഇതും മാറിയിരിക്കുന്നു. പത്രപ്രവര്‍ത്തകന്‍ ചെയ്തുപോന്ന ഏതാണ്ട് എല്ലാ സംഗതിയും ഏത് പൗരനും ചെയ്യാം എന്ന നില ഇന്ന് സംജാതമായിട്ടുണ്ട്. ബ്ലോഗുകളിലും ഇന്റര്‍നെറ്റ് ഗ്രൂപ്പുകളിലും ആര്‍ക്കും എന്തും എഴുതി പ്രസിദ്ധീകരിക്കാം. കേരളത്തിലെ ഒരു നേതാവിന്റെ പ്രസംഗഭാഗമോ എന്തെങ്കിലും അനാശാസ്യ നടപടിയോ  വീഡിയോ ആയി യുട്യൂബില്‍ ഇട്ടാല്‍ ലോകം മുഴുവന്‍ കാണും. വെറും ഇ മെയില്‍ പോലും പത്രങ്ങളേക്കാള്‍ വലിയ മാധ്യമമായിരിക്കുന്നു. പത്രങ്ങളിലോ ചാനലുകളിലോ കാണാത്ത എന്തെല്ലാം സംഗതികളാണ് ഇന്ന് യൂട്യൂബിലൂടെയും ഫേസ് ബുക്കിലൂടെയും മെയിലിലൂടെയും ജനങ്ങളിലെത്തുന്നത്. പരമ്പരാഗതമാധ്യമങ്ങളെയോ മാധ്യമപ്രവര്‍ത്തകനെയോ ആശ്രയിക്കാതെ വാര്‍ത്തകളും വിശേഷങ്ങളും ജനങ്ങളിലെത്തിക്കാന്‍ കഴിയുന്നു. അപ്പോള്‍ മാധ്യമങ്ങളാണ് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന സങ്കല്‍പ്പത്തിന് എന്ത് പ്രസക്തിയാണ് അവശേഷിക്കുക എന്ന സുപ്രധാനമായ ചോദ്യം ഉയരുന്നു. ഇപ്പോഴതിന്റെ തുടക്കം മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ. അത് ഒരു വിസ്‌ഫോടനമായി മാറുന്നതിന്റെ ലക്ഷണങ്ങള്‍ പല രാജ്യങ്ങളിലും കണ്ടുതുടങ്ങിയിട്ടുണ്ട്.

എന്തെങ്കിലും നിയമനിര്‍മാണത്തിലൂടെയോ ആരുടെയെങ്കിലും ബോധപൂര്‍വമായ ശ്രമത്തിലൂടെയോ അല്ല ഇതൊന്നും നടക്കുന്നത് എന്നതുകൊണ്ട് ഇതിന്റെ മേലൊന്നും സമൂഹത്തിനോ അതിന്റെ ഭരണാധികാരികള്‍ക്കോ ഒരു നിയന്ത്രണവുമില്ലെന്നതാണ് സത്യം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിലെ ജന പങ്കാളിത്തത്തിന്റെയും വിപ്ലവകരമായ മുന്നേറ്റമായി ഇതിനെ കാണുന്നതില്‍ തെറ്റില്ല. മധ്യേഷ്യയിലെ ഏകാധിപത്യരാജ്യങ്ങളില്‍ വമ്പിച്ച തോതില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ സമരങ്ങളില്‍ പുതിയ സാമൂഹ്യ മാധ്യമങ്ങള്‍ വഹിച്ച വലിയ പങ്കിനെ സര്‍വരും പ്രകീര്‍ത്തിക്കുകയുണ്ടായി. ഇപ്പോഴിതാ ഇന്ത്യയില്‍ അണ്ണാ ഹസാരെയുടെ സമരത്തിനും നവമാധ്യമങ്ങളാണ് ഊര്‍ജം പകര്‍ന്നതെന്ന വസ്തുതയും കാണേണ്ടതുണ്ട്.

മുതലാളിമാരുടെയും അവരുടെ ശമ്പളക്കാര്‍ മാത്രമായ പത്രപ്രവര്‍ത്തകരുടെയും പിടിയില്‍ നിന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെയും ആശയ പ്രചരണത്തെയും ജനാഭിപ്രായ രൂപവല്‍ക്കരണത്തെയും മോചിപ്പിക്കുന്നത് തീര്‍ത്തും ജനാധിപത്യപരമായ മാറ്റമാണ് എന്നേ മിക്ക നിരീക്ഷകരും കരുതുന്നുള്ളൂ. അതിലവരെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ പുതിയ മാറ്റം മാധ്യമ ലോകത്തെയും ഒരു തരം മോബോക്രസിയിലാക്കുകയാണ് ചെയ്യുന്നതെന്ന അപകട സാധ്യത ചിലരെങ്കിലും എടുത്തുകാട്ടുന്നുണ്ട്. പരമ്പരാഗത മാധ്യമങ്ങള്‍ക്കില്ലാത്ത പല ഗുണങ്ങളും നവമാധ്യമങ്ങള്‍ക്കുള്ളതുപോലെ, പല ദൂഷ്യങ്ങളും അവയ്ക്കുണ്ട് എന്നുകാണാതിരുന്നുകൂടാ.

ശരി തെറ്റ്, സത്യം അസത്യം, ന്യായം അന്യായം, മൂല്യം മൂല്യരഹിതം, ഗുണമുള്ളത് ദോഷമുള്ളത്, നല്ലത് ചീത്ത തുടങ്ങിയ അനേകമനേകം വിരുദ്ധ ദ്വന്ദങ്ങളില്‍ തീരുമാനമെടുത്തിരുന്ന ഇടനിലക്കാരനെയാണ് നവമാധ്യമം ഇല്ലാതാക്കുന്നത്. പൊതുനിരത്തില്‍ ട്രാഫിക് പോലീസുകാരനില്ലാതാകുന്നത് എത്രത്തോളം സ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കുമോ അത്രത്തോളമാണ് മാധ്യമങ്ങളിലെ അനിയന്ത്രിതാവസ്ഥ അഭിപ്രായ സ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കുന്നത്. എന്താണ് നവമാധ്യമങ്ങളിലൂടെ ആളുകളിലെത്തുന്നത് , അതിന്റെ ശരിതെറ്റുകളും സത്യാസത്യങ്ങളും ആരാണ് പരിശോധിക്കുന്നത് ? അതിന്റെ ഇരയായി മാറേണ്ടി വരുന്ന ഒരാളുടെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മാര്‍ഗം എന്താണ്, മാധ്യമം ഏതാണ് ? ഒരു പാട് പുതിയ ചോദ്യങ്ങളും പുതിയ വെല്ലുവിളികളുമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

പത്രങ്ങളില്‍ മറുപടിക്കുള്ള അവകാശം ഏതൊരാള്‍ക്കും തത്ത്വപ്രകാരമെങ്കിലും ഉണ്ട്. ഒരു പത്രത്തില്‍ നിങ്ങളെ കുറിച്ച് വരുന്ന അപകീര്‍ത്തികരമായ വാര്‍ത്തയ്ക്ക് മറുപടി പറയാന്‍ നിങ്ങള്‍ക്ക് കഴിയും. മറുപടി പ്രസിദ്ധപ്പെടുത്തുന്നില്ലെങ്കില്‍ അപകീര്‍ത്തിക്കേസ് ഫയല്‍ചെയ്യാം. പണവും സമയവും ചെലവാക്കേണ്ടി വരുമെങ്കിലും പരിഹാരം സാധ്യം തന്നെയാണ്. പക്ഷേ, നവമാധ്യമത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ക്ക് ഒരു മറുപടി പോലും പറയാന്‍ അതിന്റെ ഇരകള്‍ക്ക് കഴിയാതെ പോകുന്നു. പലപ്പോഴും അവര്‍ അത് അറിയാറുപോലുമില്ല. രണ്ട് സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാം. ഒന്ന്, കേരളത്തിലെ സി.പി.എം. സംസ്ഥാന സിക്രട്ടറി പിണറായി വിജയനെ കുറിച്ച് നടന്ന ഒരു വ്യാജ പ്രചാരണമാണ്. അദ്ദേഹത്തിന്റേത് എന്ന കുറിപ്പോടെ ഒരു കൊട്ടാരത്തിന്റെ ഫോട്ടോ ഇന്റര്‍നെറ്റില്‍ പരന്നു. ചുരുങ്ങിയത് അര ഡസനാളുകളെങ്കിലും അതെനിക്ക് അയച്ചുതന്നിരുന്നു. അയച്ചവരോടെല്ലാം അത് വ്യാജമാണെന്ന് അറിയിക്കാന്‍ എനിക്ക് കഴിഞ്ഞു. കാരണം പിണറായിയില്‍ അങ്ങനെ ഒരു വീടില്ല എന്ന് സമീപദേശക്കാരനായ എനിക്കറിയാം. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ പ്രചരിച്ച ഒരു മെയിലില്‍ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയാണ് എഴുതിയിരുന്നത്. എല്ലാവരും അഞ്ചാം ക്ലാസ്സും ആറാം ക്ലാസ്സുമൊക്കെയേ പഠിച്ചിട്ടുളളൂ. പത്രം കണ്ടിട്ടുള്ളവര്‍ക്കെങ്കിലും അറിയാം അതുമുഴുവന്‍ കള്ളമാണെന്ന്. എന്നിട്ടും ആ അപവാദം പ്രചരിപ്പിക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ പ്രചരിച്ച ഒരു അപവാദം രാജീവ് ഗാന്ധിയെ കുറിച്ചുള്ളതാണ്. അദ്ദേഹത്തിന് സ്വിസ് ബാങ്കില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപ നിക്ഷേപമുണ്ടെന്ന് വിക്കി ലീക്‌സ് വെളിപ്പെടുത്തി എന്നാണ് പ്രചാരണം. സത്യമാണെങ്കില്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ അത് കോളിളക്കം സൃഷ്ടിക്കുമായിരുന്നു എന്ന അറിവുപോലുമില്ലാതെ ആ മെയിലും നിരന്തരം പ്രചരിപ്പിക്കപ്പെടുകയാണ്.

ഒരു കൂട്ടമാളുകള്‍ക്ക് എന്തു പച്ചക്കള്ളവും ലക്ഷക്കണക്കിനാളുകളിലേക്ക് എത്തിക്കാനാവും എന്നര്‍ത്ഥം. ഇതിന്റെ ജനാധിപത്യവിരുദ്ധതയെ എങ്ങിനെ നേരിടാനാവുമെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ആര്‍ക്കും അഭിപ്രായം അറിയിക്കാം എന്ന വമ്പിച്ച സാധ്യതയെ കുറിച്ചും പുനര്‍ വിചിന്തനങ്ങള്‍ ആവശ്യമാണ്. ഒരുപാട് പേര്‍ ലേഖനങ്ങളെ കുറിച്ചും വാര്‍ത്തയെ കുറിച്ചും അഭിപ്രായമെഴുതുന്നുണ്ട്. ചില ചര്‍ച്ചാവേദികളില്‍ ആയിരക്കണക്കിനാളുകളാണ് അഭിപ്രായം എഴുതുന്നത്. ഇത് പ്രയോജനപ്രദമാണോ? എഴുതിയ ആള്‍ക്ക് തന്റെ അഭിപ്രായവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് എന്ന സന്തോഷം നല്‍കുമായിരിക്കും. അതെല്ലാവരും വായിക്കുമെന്ന് അയാള്‍ക്ക് അഭിമാനിക്കുകയുമാവാം. പക്ഷേ സത്യത്തില്‍ തന്റെ അഭിപ്രായം താന്‍ വായിക്കും എന്നല്ലാതെ വേറെ എത്രപേര്‍ വായിക്കുന്നുണ്ടാവുമെന്ന് ആര്‍ക്കറിയാം. അര്‍ത്ഥശൂന്യവും അസംബന്ധവുമായ ആയിരം അഭിപ്രായങ്ങള്‍ക്കിടയില്‍ നല്ല മുത്തുക്കള്‍ മറച്ചവെക്കപ്പെടുകയില്ലേ ? ഒരു പത്രാധിപര്‍ കൊളേളണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്താലല്ലേ നല്ലതിന് പരിഗണന ലഭിക്കൂ ? നല്ലതും ചീത്തയും ശരിയും തെറ്റും ഒരു പോലെ പരിഗണിക്കപ്പെടുന്നത് മാധ്യമ-അഭിപ്രായ സ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കുകയാണോ തകര്‍ക്കുകയാണോ ചെയ്യുക ? ആയിരം പേര്‍ കൂവിക്കൊണ്ടിരിക്കുന്നതിനിടയില്‍ ആര്‍ക്കെങ്കിലും പക്വമായ അഭിപ്രായം പറയാനൊക്കുമോ ? പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കുമോ ?

ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ.

(For publication in the India Press club New York souvenir June 2011)

Leave a Reply

Your email address will not be published. Required fields are marked *

Go Top