മാധ്യമങ്ങളും ആ മുന്നണിയുടെ ഭാഗം

എൻ.പി.രാജേന്ദ്രൻ

ഇനിയുമേറെ കാലം മാധ്യമങ്ങള്‍ക്ക്‌ ‘ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌’ എന്ന അവകാശവാദാം ഉയര്‍ത്തുവാനാകുമോ എന്ന ചോദ്യം ഗൌരവപൂര്‍വ്വം ചര്‍ച്ചചെയ്യപ്പെട്ടുവരുന്നുണ്ട്‌ ലോകമാസകലം. ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ റോളിനെ സംശയപൂര്‍വ്വം വീക്ഷിച്ചവര്‍ മുമ്പേ ധാരാളമുണ്ടായിരുന്നല്ലോ. സ്വകാര്യമൂലധനത്തിന്റെ താല്‍പര്യങ്ങള്‍ക്ക്‌ എതിരാകാത്ത കാലത്തോളമേ മാധ്യമങ്ങള്‍ സ്വതന്ത്രപത്രപ്രവര്‍ത്തനത്തിന്റെ മുഖംമൂടിയിടൂ എന്ന വീക്ഷണം സ്വതന്ത്ര മാധ്യമങ്ങളുടെ ആവിര്‍ഭാവകാലത്തേ ഉയര്‍ന്നുവരികയുണ്ടായി. പത്രവ്യവസായം എന്ന പദപ്രയോഗത്തിനു വലിയ പഴക്കമൊന്നും ഇല്ല എന്നു പറയാമെങ്കിലും സ്വകാര്യമൂലധനമിറക്കി ലാഭത്തിനുവേണ്ടി നടത്തിയിരുന്ന വ്യവസായം തന്നെയായിരുന്നു അത്‌ പണ്ടും. മുതലാളിത്താശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മുതലാളിമാര്‍ നടത്തുന്നതാണു വന്‍കിടപത്രങ്ങള്‍ എന്ന്‌ പറയുമ്പോള്‍ തന്നെ പത്രസ്വാതന്ത്യ്രം ഒരു അനാവശ്യകാര്യമാണെന്ന അഭിപ്രായം ആര്‍ക്കും ഉണ്ടായിരുന്നില്ല. ഭരണകൂടത്തിനും ജനങ്ങള്‍ക്കും ഇടയില്‍ മാധ്യമങ്ങള്‍ അവയുടേതായ ഒരു പങ്കു കണ്ടെത്തിയതാണു ‘ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌’ സങ്കല്‍പം. ഭരണകൂടത്തെ തകര്‍ക്കലോ വിപ്ലവം നടത്തലോ ഒന്നും ഒരു രാജ്യത്തും മാധ്യമസമൂഹത്തിന്റെ പണിയായിരുന്നിട്ടില്ല. നിലവിലുള്ള വ്യവസ്ഥയെ നിലനിറുത്തുക തന്നെയായിരുന്നു എങ്ങും ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ ചെയ്തുകൊണ്ടിരുന്നത്‌. അതു നിര്‍വഹിക്കുമ്പോള്‍ തന്നെ ആ വ്യവസ്ഥയുടെ ന്യൂനതകള്‍ പരിഹരിക്കാന്‍ വേണ്ടി ശബ്ദമുയര്‍ത്തുക എന്നത്‌ മാധ്യമങ്ങള്‍ എല്ലാ വ്യവസ്ഥകളിലും ഏറ്റെടുത്ത ചുമതലയാണ്‌. ജനാധിപത്യരാഷ്ട്രീയവ്യവസ്ഥകളില്‍ കൂടിയും കുറഞ്ഞുമുള്ള അളവില്‍ മാധ്യമങ്ങള്‍ ഈ പങ്ക്‌ വഹിച്ചുപോരുന്നുണ്ട്‌. രാഷ്ട്രീയമാനവിക മൂല്യങ്ങളുടെ സംരക്ഷണവും പൌരാവകാശത്തിനുവേണ്ടിയുളള പോരാട്ടങ്ങളും ഇതില്‍ പെടുന്നു. വിയറ്റ്നാമില്‍ കമ്മ്യൂണിസത്തിനെതിരെയുള്ള യുദ്ധത്തില്‍നിന്ന്‌ അമേരിക്കന്‍ ഭരണകൂടത്തെ പിന്തിരിപ്പിക്കാന്‍ അമേരിക്കന്‍ മാധ്യമസമൂഹത്തിനു കഴിഞ്ഞിരുന്നു. രാഷ്ട്രീയമായി മാധ്യമങ്ങള്‍ക്ക്‌ എന്തു ചെയ്യാന്‍ കഴിയും എന്നതിന്‌ ഇതിനെക്കാള്‍ മികച്ച ഉദാഹരണമില്ല. മാധ്യമങ്ങളുടെ പ്രവര്‍ത്തനം എങ്ങനെയെല്ലാം മാറിയിട്ടുണ്ട്‌ എന്നു വിലയിരുത്തുന്നതിന്‌ ഈ അനുഭവം അളവുകോലായി ഉപയോഗിക്കാവുന്നതുമാണ്‌.

രാവിലെ വീട്ടിലെത്തുന്ന പത്രം തൊട്ട്‌ സദാസമയത്തും വീട്ടിലെ ടെലിവിഷനില്‍ ലഭ്യമായ എണ്ണമറ്റ ചാനലുകളും കമ്പ്യൂട്ടറിലെത്തുന്ന ലക്ഷക്കണക്കിന്‌ സൈറ്റുകളും വരെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ്‌ മാധ്യമം. പതിനഞ്ചുവര്‍ഷം മുമ്പുവരെയുള്ള സങ്കല്‍പമനുസരിച്ച്‌ പത്രങ്ങള്‍ തന്നെയായിരുന്നു മുഖ്യമാധ്യമം. റേഡിയോവും ടെലിവിഷനും ഇല്ല എന്നല്ല. പരിമിതമായിരുന്ന അവയുടെ സ്വാധീനം. വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ സഹായിച്ചു എന്നതിനപ്പുറം അവയെല്ലാം വാര്‍ത്താ മാധ്യമങ്ങള്‍ എന്നതിനേക്കാള്‍ വിനോദമാധ്യമങ്ങളായിരുന്നു. ഇന്ന്‌ സ്വകാര്യചാനലുകള്‍ പത്രങ്ങളെ ഈ രംഗത്ത്‌ പിന്നിലാക്കിക്കഴിഞ്ഞു. ചാനലുകളാണ്‌ മുഖ്യവാര്‍ത്താമാധ്യമങ്ങള്‍. കേരളത്തിലോ ഇന്ത്യയിലോ പത്രവായനക്കാരുടെ എണ്ണം കുറയുന്നില്ലെന്നു ഇപ്പോള്‍ ആശ്വസിക്കാന്‍ കഴിയുന്നുണ്ട്‌. എന്നാല്‍ ലോകത്തിന്റെ സ്ഥിതിയതല്ല. ജനാധിപത്യത്തിന്റെ നിലനില്‍പ്‌ പൌരന്‍ എടുക്കുന്ന ‘ഇന്‍ഫോംഡ്‌ ഡിസിഷനെ’ കാര്യവിവരത്തിന്റെ പിന്‍ബലമുള്ള തീരുമാനം – ആശ്രയിച്ചാണ്‌. തീരുമാനമെടുക്കാനുള്ള കാര്യവിവരം നല്‍കുന്നത്‌ വാര്‍ത്താമാധ്യമങ്ങളാണ്‌. മുമ്പ്‌ ഒന്നോ രണ്ടോ പത്രങ്ങളില്‍നിന്നും അവയുടെ രാഷ്ട്രീയപക്ഷപാതങ്ങള്‍ക്ക്‌ വിധേയമായി മാത്രം ജനങ്ങള്‍ക്ക്‌ ലഭിച്ചിരുന്ന വിവരങ്ങളാണു അവരുടെ രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്ക്‌ അടിസ്ഥാനമായിരുന്നത്‌. ഇന്ന്‌ എണ്ണമറ്റ പത്രങ്ങള്‍, ചാനലുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെ വിവരങ്ങളുടെ മഹാപ്രവാഹമാണു ജനങ്ങളിലേക്ക്‌ വരുന്നത്‌. വിവരസ്രോതസ്സുകളുടെ എണ്ണത്തിലും വൈവിധ്യത്തിലുമുണ്ടായ ഈ മഹാവിപ്ലവം യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിനു പുതിയ കരുത്തും പുതിയ അര്‍ത്ഥവുമല്ലേ നല്‍കുന്നത്‌ ? ആഗോളീകരണവും സാങ്കേതികരംഗത്തെ വിപ്ലവവും ചേര്‍ന്ന്‌ പൌരന്റെ സ്വയംനിര്‍ണയാവകാശത്തെ വിപുലപ്പെടുത്തുകയല്ലേ ചെയ്തത്‌ ?

ആഗോളീകരണത്തെയും നിയോലിബറല്‍ തത്ത്വശാസ്ത്രത്തെയും അനുകൂലിക്കുന്നവരില്‍നിന്നും ഈ ന്യായീകരണം ശക്തമായി ഉയരുന്നുണ്ട്‌.
ഇതില്‍ ശരിയുടെ അംശങ്ങള്‍ ഏറെയുണ്ടുതാനും. സോവിയറ്റ്‌ യൂണിയന്‍ എന്ന മഹാസാമ്രാജ്യത്തിന്റെ ഒരറ്റംമുതല്‍ മറ്റെ അറ്റംവരെ പത്രം എത്തിക്കാന്‍ ‘പ്രവ്ദ’യുടെ പ്രസ്സുകള്‍ നിര്‍ത്താതെ 24 മണിക്കൂറും അച്ചടിച്ചുകൊണ്ടേ ഇരിക്കാറുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്‌. വിവരം നല്‍കുന്നത്‌ ‘പ്രവ്ദ’ മാത്രം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ‘ദൂരദര്‍ശന്‍ എന്ന ദൃശ്യമാധ്യമം മാത്രം കാണാന്‍ വിധിക്കപ്പെട്ടവരായിരുന്നു ഇന്ത്യക്കാര്‍ ഒന്നോ ഒന്നരയോ ദശകം മുമ്പുപോലും. ബഹുസ്വരത ആഗോളീകരണ-ഉദാരീകരണങ്ങളുടെ ഭാഗമായി ഉണ്ടായിട്ടുണ്ട്‌. തീര്‍ച്ചയായും ഇത്‌ പഴയ ഏകസ്വരതയുടെ തിന്‍മയേക്കാള്‍ ആയിരം മടങ്ങ്‌ സ്വീകാര്യതയുള്ള നന്‍മയാണ്‌. എന്നാല്‍ ഇത്‌ മുഴുവന്‍ സത്യവുമല്ല. എണ്ണം കൂടിയതുകൊണ്ടുമാത്രം വൈവിദ്ധ്യം കൂടുന്നില്ലെന്നും ജനാധിപത്യം കൂടുന്നില്ലെന്നും പുതിയ കാലം നമ്മെ പഠിപ്പിക്കുന്നുണ്ട്‌.

മൂലധനത്തിന്റെ അനിയന്ത്രിതമായ കേന്ദ്രീകരണം ലോകത്താകെ സംഭവിക്കുന്നുണ്ട്‌. മത്സരമാണു സ്വതന്ത്ര സമ്പദ്‌വ്യവസ്ഥയുടെ ജീവന്‍ എന്ന്‌ അവകാശപ്പെടാറുണ്ടെങ്കിലും വ്യാപാരമത്സരത്തെ കോംപറ്റീഷനെ പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന തോതിലുള്ള ഉടമസ്ഥതാകേന്ദ്രീകരണം പല രംഗത്തും നടന്നുകൊണ്ടിരിക്കുകയാണ്‌. ഒരു ബഹുരാഷ്ട്രകമ്പനി തനിച്ചോ ഏതാനു ബഹുരാഷ്ട്രക്കമ്പനികള്‍ യോജിച്ചോ വിപണി പിടിച്ചടക്കി അവരുടെ ഇച്ഛ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്‌ കൂടുതല്‍ കൂടുതല്‍ മേഖലകളില്‍ കണ്ടുവരികയാണ്‌. മാധ്യമമേഖലയിലും ഇത്‌ ഗുരുതരമായ നിലയില്‍ സംഭവിക്കുന്നു.

ആഗോളീകരണത്തിന്റെ തലസ്ഥാനമായ അമേരിക്കയില്‍ മാധ്യമങ്ങള്‍ക്ക്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച്‌ ഏറെ പുസ്തകങ്ങളും പഠനഗവേഷണ റിപ്പോര്‍ട്ടുകളും പുറത്തുവന്നുകഴിഞ്ഞു. ഫ്രീ പ്രസ്‌ മൂവ്മെന്റ്‌ പോലെ പ്രസ്ഥാനങ്ങളും രൂപം കൊണ്ടിട്ടുണ്ട്‌. മാധ്യമസ്ഥാപനങ്ങള്‍ പരസ്പരം ലയിച്ചും വിഴുങ്ങിയും എണ്ണം കുറഞ്ഞുവരുന്ന പ്രവണതയുടെ അപകടസാധ്യതയിലേക്കാണു ഇവയെല്ലാം വിരല്‍ചൂണ്ടുന്നത്‌. റോബര്‍ട്ട്‌ മെക്ചെസ്നി, ബെന്‍ ബാഗ്ഡികിയാന്‍, ജോ നിക്കോള്‍സ്‌ തുടങ്ങിയവര്‍ ഈ പ്രവണത ജനാധിപത്യത്തിലെ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ സങ്കല്‍പത്തെ എങ്ങനെ തകര്‍ക്കുന്നു എന്ന്‌ വിശദീകരിച്ചിട്ടുണ്ട്‌. മാധ്യമസ്വാതന്ത്യ്രം എന്നത്‌ ജനങ്ങളുടെ സ്വാതന്ത്യ്രം അല്ലാതാവുന്നു. ബഹുരാഷ്ട്രക്കമ്പനികളിലിരിക്കുന്ന ഏതാനും വ്യക്തികളുടെ നിയന്ത്രണത്തിലാണ്‌ മാധ്യമങ്ങളെല്ലാം എന്ന അവസ്ഥയാണു അതിവേഗം രൂപപ്പെട്ടുവരുന്നത്‌. ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളെ ലക്ഷ്യം വക്കുകയാണ്‌ ഈ ബഹുരാഷ്ടക്കുത്തകകള്‍. എല്ലാ ചെറുത്തുനില്‍പ്പുകളെയും മറികടന്നുകൊണ്ട്‌ കേന്ദ്രസര്‍ക്കാര്‍ ഈ കുത്തകകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുകയും ഘട്ടംഘട്ടമായി വിദേശമാധ്യമങ്ങളുടെ കടന്നുവരവിന്‌ വഴിയൊരുക്കുകയുമാണ്‌. കാലുകുത്താന്‍ അവസരം കിട്ടിയാല്‍ നാടന്‍ കുത്തകകളെ തകര്‍ക്കാനുള്ള തന്ത്രങ്ങള്‍ ഓരോന്നായി അവര്‍ പുറത്തെടുക്കും. പരിമിതവിഭവങ്ങളുള്ള ഇവയ്ക്ക്‌ പിടിച്ചുനില്‍ക്കാനാവില്ല. പരസ്യവരുമാനംകൊണ്ടുമാത്രം പിടിച്ചുനില്‍ക്കാനും പത്രം വേണമെങ്കില്‍ സൌജന്യമായി നല്‍കാനും കഴിയുന്ന ഈ കുത്തകകള്‍ക്ക്‌ ഫോര്‍ത്ത്‌ എസ്റ്റേറ്റിനെ പോക്കറ്റിലാക്കാന്‍ എളുപ്പം കഴിയും. ഏറ്റവും മാതൃകാപരമായ മാധ്യമസംസ്കാരം നിലനില്‍ക്കുന്ന അത്യപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ്‌ കേരളം. ഇവിടത്തെ മാധ്യമമേഖലയെപ്പോലും കൈവശപ്പെടുത്താന്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക്‌ അധികം സമയം വേണ്ട.

ഉടമസ്ഥതയുടെയും നിയന്ത്രണത്തിന്റെയും തലത്തില്‍മാത്രമല്ല ആഗോളീകരണത്തിന്റെ കടന്നാക്രമണം. മാധ്യമങ്ങളെ സംബന്ധിച്ച ആശയങ്ങളെ അത്‌ കീഴ്മേല്‍ മറിച്ചിട്ടുണ്ട്‌. പ്രൊഫഷണല്‍ പത്രപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളെ കച്ചടവടത്തിന്റെയും ലാഭത്തിന്റെയും ആവശ്യങ്ങള്‍ ശോഷിപ്പിക്കുകയാണ്‌. പത്രപ്രവര്‍ത്തനത്തിന്റെ പൊതുസേവനമൂല്യത്തിന്‌ പ്രാധാന്യം കുറയുകയും വില്‍പനമൂല്യത്തിനുമാത്രം പ്രാധാന്യം കല്‍പിക്കപ്പെടുകയും ചെയ്യുന്നു. വാര്‍ത്തയും വിപണിയില്‍ വിറ്റ്‌ ലാഭമുണ്ടാക്കേണ്ട ഉല്‍പന്നം മാത്രമാണെന്ന ആശയം ശക്തിപ്പെടുകയാണ്‌. പത്രാധിപന്‍മാര്‍ക്ക്‌ വാര്‍ത്തയുടെ തിരഞ്ഞെടുപ്പില്‍പോലും അധികാരമില്ലാതാവുന്നുവെന്നും മാര്‍ക്കറ്റിങ്ങ്‌ മാനേജര്‍മാരാണ്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമുള്ള അവസ്ഥ പൊതു തത്ത്വമായി മാറിയിട്ടുണ്ട്‌.

ആഗോളല്‍കൃത മൂലധനത്തിന്റെ അവിഭാജ്യഘടകമാണു ആഗോളവല്‍കൃതമാധ്യമം. ആശയപരമായി ഈ ധര്‍മ്മം നിര്‍വഹിക്കുന്നവയാണു മിക്ക ഇംഗ്ലീഷ്‌ ഭാഷാമാധ്യമങ്ങളും. അറിയിക്കുകയും മുന്നറിയിപ്പ്‌ നല്‍കുകയും വഴികാട്ടുകയും ചെയ്യുക എന്നതല്ല മാധ്യമധര്‍മം ഇപ്പോള്‍. പരസ്യം നല്‍കുന്നവര്‍ക്കുള്ള ഉപഭോക്താക്കള്‍ മാത്രമാവുന്നു വായനക്കാരന്‍. പരസ്യം മാത്രം കൊടുത്താല്‍ വില്‍പന മോശമാകുമെന്നതുകൊണ്ട്‌ വാര്‍ത്തയും കൊടുക്കുന്നവ്ന്ന ഉള്ളൂ എന്നു തുറന്നുപറയുന്ന മാധ്യമഉടമകള്‍ പോലും നമ്മുടെ രാജ്യത്തുണ്ട്‌.

മാധ്യമങ്ങളുടെ വികാസം എങ്ങനെ ജനാധിപത്യത്തിന്റെ വികാസമാവുന്നില്ല എന്ന്‌ ‘റിച്ച്‌ മീഡിയ, പുവര്‍ ഡമോക്രസി’ എന്ന കൃതിയില്‍ ബോബ്‌ മെക്ചെസ്നി വരച്ചുകാട്ടിയിട്ടുണ്ട്‌. ഇന്ത്യന്‍ അവസ്ഥയെ കുറിച്ച്‌ പി. സായ്നാഥും വിവരിച്ചിട്ടുണ്ട്‌. രാഷ്ട്രീയമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ധാരണകള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളുടെ അനുപാതം മാധ്യമങ്ങളില്‍ കുറയുകയും മനോരമ്യ വാര്‍ത്തകളുടെ അനുപാതം കൂടുകയുമാണ്‌. കോടിക്കണക്കിന്‌ ജനങ്ങള്‍ വരള്‍ച്ചയിലും പട്ടിണിയിലും എരിപൊരി കൊള്ളുകയും അനേകമാളുകള്‍ മരിച്ചുവീഴുകയും ചെയ്ത ഘട്ടത്തില്‍പോലും ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക്‌ ഒരു പത്രപ്രവര്‍ത്തകനെപ്പോലും മാധ്യമസ്ഥാപനങ്ങള്‍ നിയോഗിക്കാതിരിക്കുകയും ലോകസുന്ദരിയുടെ തിരഞ്ഞെടുപ്പോ വിമാനസര്‍വ്വീസിന്റെ ഉദ്ഘാടനമോ കവര്‍ചെയ്യാന്‍ ഡസന്‍കണക്കിന്‌ ലേഖകര്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുടെ അര്‍ത്ഥവും ഇതുതന്നെയാണ്‌.

പത്രഉടമസ്ഥന്റെ സാമ്പത്തിക-രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക്‌ ഒരു പരിധിക്കപ്പുറം
വഴങ്ങാതിരിക്കാനും പ്രൊഫഷണല്‍ ധര്‍മം ഉയര്‍ത്തിപ്പിടിക്കാനും പത്രപ്രവര്‍ത്തകര്‍ക്ക്‌ കഴിയുന്ന അവസ്ഥ ഇന്ത്യയില്‍ സമീപകാലം വരെ ഉണ്ടായിരുന്നു. സാമാന്യം ഭേദപ്പെട്ട തൊഴില്‍ നിയമങ്ങളുടെ സംരക്ഷണവും അതുണ്ടാക്കുന്ന തൊഴില്‍ സുരക്ഷിതത്വവും വേജ്ബോര്‍ഡിന്റെ ശുപാര്‍ശപ്രകാരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശമ്പളവ്യവസ്ഥയുമെല്ലാമായിരുന്നു ഈ സ്വാതന്ത്യ്രത്തിന്റെ അടിസ്ഥാനം. പുതിയ സാമ്പത്തിക തത്ത്വശാസ്ത്രത്തിന്റെ ഭാഗമായി വ്യാപകമായിക്കൊണ്ടിരിക്കുന്ന കോട്രാക്ട്‌ സമ്പ്രദായം പത്രപ്രവര്‍ത്തകനെ മാധ്യമക്കമ്പനിയുടെ കൂലി അടിമകളാക്കിക്കൊണ്ടിരിക്കുകയാണ്‌. ജനങ്ങളുടെ താല്‍പര്യങ്ങളെയും അഭിപ്രായ സ്വാതന്ത്യ്രത്തെയും ജനാധിപത്യത്തെ തന്നെയും ബാധിക്കുന്ന കാര്യമാണിതെന്നു പൊതുസമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.

രാഷ്ട്രീയ വാര്‍ത്തകള്‍ കുറഞ്ഞുവരന്ന ദേശീമാധ്യമങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി, രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ്‌ കേരളീയ മാധ്യമങ്ങിലെന്ന പരാതിയാണു നാം കേള്‍ക്കുന്നത്‌. മറ്റൊരിടത്തും കാണാത്ത തരത്തില്‍ ചാനലുകളില്‍ മുഴുവന്‍ സമയം വാര്‍ത്തകള്‍ കൊടുക്കുന്നുമുണ്ട്‌. പക്ഷേ, പരമ്പാരാഗതമായി കേരളീയ സമൂഹത്തില്‍ ഉള്ള രാഷ്ട്രീയ ഉദ്ബുദ്ധതയെ പരിപോഷിപ്പിക്കുന്നതല്ല മാധ്യമങ്ങള്‍-പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍-രാഷ്ട്രീയവാര്‍ത്ത കൈകാര്യം ചെയ്യുന്ന രീതി. കാതലായ ജനകീയ പ്രശ്നങ്ങളോ, അടിസ്ഥാന രാഷ്ട്രീയ പ്രമേയങ്ങളോ, സാമ്പത്തിക-രാഷ്ട്രീയനയങ്ങളോ, നിലനിര്‍ത്തേണ്ട രാഷ്ട്രീയമൂല്യങ്ങളോ, അഴിമതിക്കെതിരായ പോരാട്ടമോ, കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ പാപ്പരാകുന്നതിനെതിരായ മുന്നറിയിപ്പോ, രാഷ്ട്രീയത്തെ കീഴടക്കിക്കഴിഞ്ഞ മാഫിയാസംസ്കാരമോ ചര്‍ച്ചക്ക്‌ വരുി‍ന്ന ഇല്ല. വികസനനയത്തെ സംബന്ധിച്ചിടത്തോളം ഇടതു-വലതുമുന്നണികള്‍ ഒറ്റ മുന്നണിയായാണു പ്രവര്‍ത്തിക്കുന്നത്‌. ഇവരില്‍ നിന്നു വ്യത്യസ്തമായ ഒരു അജന്‍ഡ മാധ്യമങ്ങള്‍ക്കും ഇല്ല. രാഷ്ട്രീയറിപ്പോര്‍ട്ടിങ്ങ്‌ ചില ഗ്രൂപ്പുകളും മുന്നണികളും തമ്മിലുള്ള കൌതുകമുള്ള മത്സരവും വിനോദവും മാത്രമായി മാറുകയാണ്‌. സെക്യുലാര്‍ പുരോഗമന ആശയങ്ങളുടെ രംഗത്ത്‌ മാധ്യമങ്ങള്‍ പ്രീണിപ്പിക്കലിന്റേതായ കാര്യപരിപാടിയായാണ്‌ അംഗീകരിച്ചിട്ടുള്ളത്‌ എന്നു കാണാം. മത-ജാതി വിഭാഗങ്ങളെ രാഷ്ട്രീയ കക്ഷികള്‍ എങ്ങനെ വോട്ടിന്‌ വേണ്ടി പ്രീണിപ്പിക്കുന്നുവോ അങ്ങനെ മാധ്യമങ്ങള്‍ വില്‍പനക്ക്‌ വേണ്ടി പ്രീണിപ്പിക്കുകയാണ്‌. സംഘടിത മത-ജാതി ഗ്രൂപ്പുകള്‍ മാധ്യമസ്ഥാപനങ്ങള്‍ക്കുമേല്‍ തങ്ങളുടെ ഇച്ഛയും അടിച്ചേല്‍പ്പിക്കുന്നത്‌ അവരുടെ കച്ചവടതാല്‍പര്യങ്ങള്‍ക്കുമേല്‍ കൈവച്ചുകൊണ്ടാണ്‌. കേരളത്തിലെ മതവും ജാതിയും രാഷ്ട്രീയവും കച്ചവടവുമെല്ലാം ഒരേ മാഫിയക്ക്‌ കീഴിലാവുകയാണ്‌. വലിയ ഒരു ഐക്യമുന്നണിയാണിത്‌. വികസനവും ഭരണവും മാധ്യമവും എല്ലാം ഈ മുന്നണി നിശ്ചയിക്കുന്നതുപോലെയാണ്‌ നീങ്ങുക. ഇതിനപ്പുറമൊരു പ്രത്യയശാസ്ത്രമോ വര്‍ഗരാഷ്ട്രീയമോ ഒന്നും ഇപ്പോഴിവിടെയില്ല.

ഒരു സെമിനാറിലെ പല വിഷയങ്ങളില്‍ ഒന്ന്‌ മാത്രമായി ചര്‍ച്ച ചെയ്ത്‌ അവസാനിപ്പിക്കേണ്ട ഒന്നല്ല ഈ പ്രശ്നം എന്നു തോന്നുന്നു. രാഷ്ട്രീയ-സാംസ്കാരിക-മാധ്യമരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതിന്റെ നാനാവശങ്ങള്‍ ചര്‍ച്ച ചെയ്ത്‌ ചില ധാരണകളില്‍ എത്തുകയും പരിഹാരപ്രവര്‍ത്തനമാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്‌. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, മാധ്യമങ്ങള്‍ ഏതാണ്ട്‌ മുഴുവന്‍ ജനങ്ങളിലേക്കും എത്തുന്ന സംസ്ഥാനമാണ്‌ കേരളം. ഇവിടെ ഉണ്ടാകുന്ന ചലനങ്ങള്‍, മറ്റു പല കാര്യങ്ങളിലും മുമ്പുണ്ടായതുപോലെ, ഇന്ത്യയിലാകെ പടരും എന്നുള്ളതുകൊണ്ട്‌ ഇതിന്‌ പ്രാധാന്യം ഏറെയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top